2024, സെപ്റ്റംബർ 28, ശനിയാഴ്‌ച

അൻവർ-സി.പി.എം യുദ്ധം തെരുവിലേക്ക്



 ഗിരീഷ് കെ നായർ


തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി അൻവർ സി.പി.എമ്മുമായി ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെ യുദ്ധം തെരുവിലേക്ക്.

എ.ഡി.ജി.പി അജിത്കുമാറിനെ ഉൾപ്പെടെ കൊടും ക്രിമിനലെന്ന് വിശേഷിപ്പിച്ച എം.എൽ.എ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ കാട്ടുകള്ളനെന്നും പിണറായിയുടെ ചിരിയും പാർട്ടി സെക്രട്ടറിയുടെ പെരുമാറ്റവും പോലും അനുകരിച്ച് കളിയാക്കിയിരുന്നു. അൻവറിനെ പുറത്താക്കാൻ ഭയപ്പെട്ട സി.പി.എം നേതൃത്വം അൻവർ സ്വയമേവ ഒഴിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് രംഗത്തെത്തിയത് അത്ഭുതപ്പെടുത്തുന്നതായി. എന്നാൽ, ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അൻവറിനെതിരേ രംഗത്തിറങ്ങാനും അൻവർ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തപ്പോൾ അത് അണികൾക്ക് സൂചന നൽകുകയാണെന്ന് വ്യക്തമായിരുന്നു. അതിന്റെ ഫലമാണ് മലപ്പുറത്തെ തെരുവുകളിൽ തൊട്ടുപിന്നാലെ കണ്ടത്. നിലമ്പൂരിലുൾപ്പെടെ അൻവറിനെതിരേ കൊലവിളിയും കോലം കത്തിക്കലുമായി സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങി. എം.എൽ.എയുടെ കൈയും കാലും വെട്ടി ചാലിയാറിലൊഴുക്കുമെന്നു വരെ മുദ്രാവാക്യമുണ്ടായി. അൻവറിനെതിരേ എങ്ങനെ പ്രതികരിക്കുമെന്നറിയാത്ത അണികൾക്ക് നേതൃത്വം വടി ഇട്ടുകൊടുത്തുവെന്നുവേണം കരുതേണ്ടത്.

ആരോപണങ്ങളിൽ നിന്നു പിൻമാറാത്ത അൻവറാകട്ടെ ഇന്ന് നിലമ്പൂരിൽ പൊതുസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചത് ഭയന്ന് പിന്നോട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവാണ്. സി.പി.എമ്മുമായി തെരുവിൽ ഏറ്റുമുട്ടലുണ്ടാകാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

മലപ്പുറം സി.പി.എം ജില്ലാ സെക്രട്ടറി ആർ.എസ്.എസ് അനുഭാവിയാണെന്ന് അൻവർ തുറന്നടിച്ചതോടെ അതിനെതിരേ സെക്രട്ടറിക്ക് വിശദീകരണം നൽകേണ്ടിവന്നു.

പാർട്ടിക്കും നേതാക്കൾക്കുമെതിരേ അതിശക്ത പദങ്ങൾ പ്രയോഗിക്കുന്നതിൽ അൻവറിനെതിരേ സി.പി.എം അണികൾക്ക് ക്രോധമുണ്ടെന്ന് വ്യക്തമാണ്. അതുകാരണം അൻവറിന്റെ പൊതുസമ്മേളന വേദിയിലേക്ക് സി.പി.എം മാർച്ചുനടക്കാനുള്ള സാധ്യതയും പൊലിസ് പരിശോധിക്കുന്നുണ്ട്.


2024, സെപ്റ്റംബർ 1, ഞായറാഴ്‌ച

'പാപി'യുടെ കൂടെ കൂടിയ ശിവനായിരുന്നോ ഇ.പി? പിണറായി അന്ന് പറഞ്ഞു, ഇന്ന് നീക്കി

 

നടപടിക്കാധാരം ബി.ജെ.പി ബാന്ധവ വിവാദം, വൈദേകം
നീക്കിയത് പാർട്ടി സമ്മേളനം പടിവാതിൽക്കൽ നിൽക്കേ
പാർട്ടിയിലെ രണ്ടാമന്റെ രാഷ്ട്രീയ ഭാവി അസ്തമന വഴിയിൽ


ഗിരീഷ് കെ നായർ

തിരുവനന്തപുരം: 'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും'. ഇ.പി ജയരാജൻ ബി.ജെ.പിയുമായി ബന്ധപ്പെട്ടെന്ന ആരോപണം മാധ്യമങ്ങൾ ഉന്നയിച്ചപ്പോൾ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമിതായിരുന്നു ഇത്. അന്ന്, ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കത്തിനിന്ന ഈ ചൊല്ല്, ഇന്ന് ഇ.പിയെ കൺവീനർ സ്ഥാനത്തുനീന്ന് നീക്കുന്നതിലെത്തിനിൽക്കുന്നു. സി.പി.എമ്മിലെ സമീപ കാലത്തെ ഏറ്റവും വലിയ നടപടിയാണിത്.
ഒരിക്കൽ മന്ത്രിസഭയിൽ രണ്ടാമനായിരുന്ന ഇ.പി ഇപ്പോൾ പാർട്ടിയിൽ രണ്ടാമനായിരിക്കേയാണ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിനിർത്തപ്പെടുന്നത്. ഇതോടെ പാർട്ടിയുടെ ഏറ്റവും തലപ്പൊക്കമുള്ള നേതാവായി അംഗീകരിക്കപ്പെട്ടിരുന്ന ഇ.പിയുടെ രാഷ്ട്രീയ ഭാവി തന്നെ അസ്തമനവഴിയിലെത്തിയിരിക്കുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കർ ഇ.പിയെ വസതിയിൽ സന്ദർശിച്ച സംഭവമാണ് നടപടിക്കു പിന്നിലെ പ്രധാന കാരണം. ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറുമൊക്കെ ചേർന്ന് സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ ഭൂകമ്പമായിരുന്നു ഈ വിവരം. മൂന്നുവട്ടം ഇ.പിയും ജാവ്‌ദേക്കറും കൂടിക്കാഴ്ച നടത്തിയെന്നും ബി.ജെ.പിയിൽ ചേരുന്നതുമായി ബന്ധപ്പെട്ടതായിരുന്നു കൂടിക്കാഴ്ചയെന്നും ശോഭ പറഞ്ഞതോടെ പാർട്ടി വെട്ടിലായി. ഇക്കാര്യം ഇ.പി കൊള്ളുകയോ തള്ളുകയോ വേണമെന്ന് പാർട്ടി നിലപാടെടുത്തു. തിരുവനന്തപുരത്ത് ആക്കുളത്തെ മകന്റെ വീട്ടിൽ വച്ചുനടന്ന കൂടിക്കാഴ്ച സ്ഥിരീകരിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അന്ന് ഏപ്രിൽ 26നു രാവിലെ ഇ.പി പ്രസ്താവന നടത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് കാരണം ഇതാണെന്ന് പാർട്ടി വിലയിരുത്തലുപോലുമുണ്ടായി. അന്നേ ഇ.പിക്കെതിരേ നടപടി പ്രതീക്ഷിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അത് വച്ചുതാമസിപ്പിച്ചുവെന്നുവേണം കരുതാൻ.
തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഈ ആരോപണം ഇ.പിയുടെ വിശദീകരണത്തോടെ അവസാനിച്ചതായും ഇ.പിയുടെ നടപടി നിഷ്‌കളങ്കമായിരുന്നെന്ന് സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ വിശദീകരിക്കുകയും പിന്നീട് ചർച്ച ചെയ്യാനായി മാറ്റുകയും ചെയ്തിരുന്നു. എന്നാൽ അന്ന് എരിഞ്ഞുതുടങ്ങിയതായിരുന്നു ആ നെരിപ്പോട്.
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തുതന്നെ ബി.ജെ.പി സ്ഥാനാർഥികളെല്ലാം നല്ല കഴിവുള്ളവരാണണെന്ന ഇ.പിയുടെ പ്രസംഗവും അന്ന് വിവാദമുണ്ടാക്കിയിരുന്നു. മത്സരം ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണെന്നും കോൺഗ്രസുമായല്ലെന്നും ഇ.പി നടത്തിയ പ്രസ്താവനയും സി.പി.എം കേന്ദ്രങ്ങളിൽ അമ്പരപ്പുണ്ടാക്കി.
കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദവും ഇ.പി.യെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇ.പിയുടെ ഭാര്യ പി.കെ ഇന്ദിരയ്ക്കും ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ നിരാമയ റിട്രീറ്റും തമ്മിലുള്ള ബിസിനസ്  പങ്കാളിത്തമുള്ളതാണിതെന്ന ആരോപണവും വിവാദമായി. പാർട്ടിയുടെ ഫണ്ട് കലക്ടറെന്നറിയപ്പെടുന്ന ഇ.പി പരിപ്പുവടയുടെയു കാപ്പിയുടെയും കാലത്തുനിന്ന് ഏറെ മുന്നോട്ടുപോയിരുന്നു.
മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് കയ്യേറ്റം ചെയ്‌തെന്ന കേസിൽ ഇ.പിക്ക് ഇൻഡിഗോ വിമാനം യാത്രാവിലക്കേർപ്പെടുത്തിയയും വിവാദ വിഷയമായിരുന്നു.
ഒന്നാം പിണറായി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്നപ്പോഴും ഇ.പിയെ വിവാദം പിടികൂടിയിരുന്നു. ഭാര്യാ സഹോദരിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ എം.ഡിയായി നിയമിച്ച വിവാദത്തിനു പിന്നാലെ മുഖ്യമന്ത്രി ഇടപെട്ട് അത് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയുംവന്നിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിനുപിന്നാലെ മുതിർന്ന നേതാവായ ഇ.പി പാർട്ടി സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ സെക്രട്ടറിയാക്കിയത് ഇ.പിക്ക് കനത്ത ആഘാതമായിരുന്നു.
കമ്യൂണിസ്റ്റ് ജീവിത രീതി പിന്തുടരാത്ത ഇ.പി പാർട്ടിയുടെ നെടുംതൂണായിരുന്നു. അദ്ദേഹത്തെ നീക്കുന്നതോടെ ഉണ്ടാകുന്ന തിരയിളക്കം എവിടെ വരെയെത്തും എന്നത് പാർട്ടി പ്രവർത്തകരെ അങ്കലാപ്പിലാക്കുന്നു. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത ദിവസം ആരംഭിക്കാനിരിക്കുകയും പാർട്ടി കോൺഗ്രസ് പടിവാതിൽക്കൽ നിൽക്കുന്നതിനുമിടയിലുണ്ടായ നടപടി വി.എസിനെതിരേയുണ്ടായ നടപടികളുമായാണ് രാഷ്ട്രീയ രംഗം തുലനം ചെയ്യുന്നത്.



2024, ജൂൺ 25, ചൊവ്വാഴ്ച

കാലിത്തീറ്റ ഉത്പാദനം കുറവ്, ചോളം കിട്ടാനില്ല, വില കൂടിയേക്കും

ഗിരീഷ് കെ നായർ


തിരുവനന്തപുരം: നിർമാണത്തിനാവശ്യമായ വസ്തുക്കളുടെ കുറവുമൂലം സംസ്ഥാനത്ത് കാലിത്തീറ്റ ഉത്പാദനത്തിൽ കുറവ്. സർക്കാർ കാലിത്തീറ്റ നിർമാതാക്കളായ മിൽമയ്ക്കും കേരള ഫീഡ്‌സിനും പ്രധാന വസ്തുവായ ചോളം വേണ്ട രീതിയിൽ ലഭിക്കുന്നില്ല. ഇതോടെ കാലിത്തീറ്റയ്ക്ക് സംസ്ഥാനത്ത് വില വർധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.

കാലിത്തീറ്റ ഉത്പാദിപ്പിക്കാനാവശ്യമായ 90 ശതമാനം വസ്തുക്കൾക്കും കേരളം അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.

പ്രധാന ഘടകമായ ചോളം കേരളത്തിന് നൽകില്ലെന്ന് അടുത്തിടെ കർണാടകം തീരുമാനമെടുത്തത് വലിയ വാർത്തയായിരുന്നു. വരൾച്ചാ ബാധിത പ്രദേശങ്ങളിൽ നിന്ന് ജൈവ കാലിത്തീറ്റയായ ചോളം ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ് കർണാടക ദുരന്തനിവാരണ അതോറിറ്റി വിലക്കിയിരിക്കുന്നത്. അവിടെ കന്നുകാലികൾക്ക് കാലാവസ്ഥ വ്യതിയാനം മൂലം തീറ്റ കുറയുന്നതിനാലാണ് തീരുമാനമെന്നാണ് വിശദീകരണം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലും ഇതേ സ്ഥിതിതന്നെയാണ്. ഇത് കേരളത്തിന് ചോളം ലഭിക്കുന്നതിൽ തടസത്തിനു കാരണമാകും. കഴിഞ്ഞ 5 വർഷമായി ചോളം ഉത്പാദനം വർധിച്ചിട്ടും വിപണിയിൽ എത്തുന്നില്ലെന്നതും പ്രശ്‌നമാണ്. എത്തനോൾ നിർമിക്കാനായാണ് ഇതിന്റെ ഭൂരിഭാഗവും മാറ്റിവയ്ക്കപ്പെടുന്നത്.

മാത്രമല്ല, 30 രൂപ നിരക്കാണ് ചോളത്തിന്റെ വില. 28 രൂപയ്ക്ക് സർക്കാർ സംഭരിച്ചുവരികയാണ്. ചോളം കൂടാതെ, അരിച്ചോളം, അരി, ഗോതമ്പ്, ഓട്‌സ്, ബാർളി, പഞ്ഞിപ്പുല്ല്, ചാമ, തിന, വരക്, കമ്പു തുടങ്ങിയ ധാന്യങ്ങളും വിവിധ ധാന്യങ്ങളുടെ തവിടുമാണ് കാലിത്തീറ്റയ്ക്ക് ഉപയോഗിക്കുന്നത്.

മിൽമയ്ക്കും കേരള ഫീഡ്‌സിനും സംസ്ഥാനത്ത് ആവശ്യമായത്ര കാലിത്തീറ്റ വിതരണം ചെയ്യാനുള്ള സംവിധാനമില്ല. സ്വകാര്യ കമ്പനികളും കൂടി ചേർന്നാണ് ഇവിടുത്തെ വിൽപന നടത്തുന്നത്. സംസ്ഥാനത്ത് ആവശ്യമുള്ള കന്നുകാലിത്തീറ്റയുടെ 50 ശതമാനം നൽകാനാവുന്നുണ്ടെന്ന് വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നതുമാണ്. പുതിയ കാലിത്തീറ്റ കമ്പനി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. എന്നാൽ, കാലിത്തീറ്റയ്ക്കുവേണ്ട വസ്തുക്കൾ കിട്ടിയില്ലെങ്കിൽ എങ്ങനെ ഇത് സാധ്യമാകുമെന്ന ചോദ്യമുണ്ട്.

അതിനിടെ, സംസ്ഥാനത്തെ സ്വകാര്യ കാലിത്തീറ്റ നിർമാതാക്കളുടെ കാലിത്തീറ്റയ്ക്കു പകരം സർക്കാർ കാലിത്തീറ്റ മാത്രം ഉപയോഗിക്കുക എന്ന ഒരു നയത്തിലേക്ക് സർക്കാർ കടക്കുന്നതായ വാർത്തകളുണ്ടായിരുന്നു. ഗുണമേന്മയില്ലാത്ത കാലിത്തീറ്റി കഴിച്ച് ഒരു പശു ചാകാനിടയായ സാഹചര്യവും പൊറോട്ട, മരച്ചീനി ഇല, ചക്ക, ചക്കക്കുരു തുടങ്ങിയവ കഴിച്ച് പശുക്കൾ ചാകാനിടയായതും നീക്കത്തിന്റെ പിന്നിലുണ്ടെന്നാണ് സൂചന.



2024, ജൂൺ 22, ശനിയാഴ്‌ച

വേനൽചൂടിൽ നഷ്ടമായത് 450 പശുക്കൾ, ചർമ മുഴ വന്ന് ചത്തത് 800


ഗിരീഷ് കെ നായർ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളിലുണ്ടായ കടുത്ത വേനൽചൂടിൽ 450 പശുക്കളെ നഷ്ടപ്പെട്ടതായി മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. പശുവളർത്തൽ ജീവിത മാർഗമായി കണ്ടെത്തിയവർക്ക് ഇത് തിരിച്ചടിയായതായും റിപ്പോർട്ടിലുണ്ട്. ഈ കർഷകരെ ക്ഷീര വികസന വകുപ്പ് സാമ്പത്തികമായി സഹായിക്കാനും തീരുമാനമുണ്ട്. ഇതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വേനൽക്കാലത്ത് പശുക്കൾ ചത്തുപോകാൻ കാരണമായി വകുപ്പ് കണ്ടെത്തിയത് സംരക്ഷണത്തിൽ ഉണ്ടായ പാളിച്ചയാണെന്നാണ്. പെട്ടെന്നുണ്ടായ അത്യുഷ്ണ സാഹചര്യം നേരിടാൻ മനുഷ്യന് കഴിയാൻ ബുദ്ധിമുട്ടായതുപോലെ മൃഗങ്ങളെ സംരക്ഷിക്കുന്നതിലും പാളിച്ചയുണ്ടായി. അതുകൊണ്ടുതന്നെ വരും വർഷങ്ങളിൽ ഈ അപകടമുണ്ടാകാതിരിക്കാൻ കർഷകരെ
ബോധവൽക്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കൊവിഡിനു പിന്നാലെ പശുക്കളിൽ പടർന്നു തുടങ്ങിയ ചർമ മുഴ രോഗം കാരണം 800 പശുക്കളെ കർഷകർക്ക് നഷ്ടമായെന്നും കണക്കുകളിൽ പറയുന്നു. ഇത് കർഷകരെ കടക്കെണിയിലും സാമ്പത്തിക നഷ്ടത്തിലും ആക്കിയിട്ടുണ്ടെന്നും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കും സാമ്പത്തികമായി സഹായം നൽകാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് വകുപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

കറവപ്പശുക്കൾക്ക് മുപ്പതിനായിരം, കിടാരികൾക്ക് പതിനാറായിരം, ആറുമാസത്തിൽ താഴെപ്രായമുള്ള പശുക്കുട്ടിക്ക് അയ്യായിരം എന്നീ ക്രമത്തിലാകും നഷ്ടപരിഹാരത്തുകയെന്നാണറിയുന്നത്.

2019ന്റെ അവസാനം കണ്ടെത്തിയ ചർമ മുഴ രോഗം കിടരികളെയും പ്രായം ചെന്ന പശുക്കളെയും ഒരുപോലെ ബാധിക്കുന്നു. പശുക്കളുടെ പ്രത്യുത്പാദനത്തെയും പാലുൽപാദനത്തെയുമെല്ലാ ഇത് ബാധിക്കുമെന്നതിനാൽ ക്ഷീര കർഷകർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിലവിൽ ഈ രോഗത്തിന്റെ മൂന്നാം തരംഗമാണ് സംസ്ഥാനത്തുള്ളതെന്നാണ് മൃഗസംരക്ഷണവകുപ്പ് വിലയിരുത്തുന്നത്.

ചർമ മുഴ രോഗമുള്ള പശുക്കളുടെ പാൽ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും കിടാരികൾ കുടിച്ചാൽ രോഗം പകരും.

ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി ഏഴ് സംസ്ഥാനങ്ങളിൽ ചർമ മുഴ ഭീഷണിയുണ്ട്. രാജ്യമാകെ എൺപതിനായിരം പശുക്കൾ നഷ്ടപ്പെട്ടതായാണ് കണക്കുകൾ.


2024, ജൂൺ 21, വെള്ളിയാഴ്‌ച

വിഴിഞ്ഞം തുറമുഖം രണ്ടും മൂന്നും ഘട്ടം: പബ്ലിക് ഹിയറിങ് കഴിഞ്ഞു, തുരങ്ക റെയിൽപാതയില്ലാത്തത് തടസമാകില്ല



ഗിരീഷ് കെ നായർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം ഏതാണ്ട് പൂർത്തിയായതോടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണത്തിലേക്ക് കടന്ന് സർക്കാരും അദാനി ഗ്രൂപ്പും. രണ്ടും മൂന്നും ഘട്ടങ്ങളാണ് പൂർത്തിയാകാനുള്ളത്. ഇതിന്റെ ആദ്യഘട്ടമായ പബ്ലിക് ഹിയറിംഗ് ഇന്നലെ പൂർത്തിയായി. പാരിസ്ഥിതികാനുമതി ലഭ്യമാക്കാനുള്ള നടപടികളാണ് ഇനിയുള്ളത്. വിഴിഞ്ഞം, കോട്ടുകാൽ പ്രദേശത്താണ് പോർട്ട് മാസ്റ്റർ പ്ലാനിലുള്ളത്.

ആദ്യഘട്ടത്തേതിൽ നിന്നു വിഭിന്നമായി രണ്ടും മൂന്നും ഘട്ടം നിർമാണം വിഴിഞ്ഞം മുതൽ പൊഴിയൂർ വരെ തീരദേശത്ത് പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്ന ആശങ്ക പബ്ലിക് ഹിയറിംഗിൽ ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പോർട്ട് പദവി കിട്ടിയതോടെ വിഴിഞ്ഞം തുറമുഖത്ത് ഇനി കയറ്റിറക്കുമതി നടത്താനാവും. 

അടുത്ത
മാസത്തോടെ ട്രയൽ റണ്ണും ഓണക്കാലത്ത് ഉദ്ഘാടനവും നടത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

അതേസമയം പോർട്ടിലെത്തുന്ന കണ്ടെയ്‌നറുകൾ ദേശീയ പാതയിലേക്ക് എത്തിച്ച് കൊണ്ടുപോകണമെങ്കിൽ അവിടേക്കുള്ള റോഡ് പണി പൂർത്തിയാകേണ്ട

തുണ്ട്. ഇതിൽ ഇപ്പോഴും കാര്യമായ പുരോഗതിയില്ല. 

അതിനിടെ തുരങ്ക റെയിൽ പാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നു. ഇതിന്റെ നിർമാണവും എന്നു തുടങ്ങാനാവുമെന്ന പ്രശ്‌നവും നിലനിൽക്കുന്നുണ്ട്.

എന്നാൽ റെയിൽ-റോഡ് മാർഗം കണ്ടെയ്‌നർ കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടാവില്ലെന്ന് പോർട്ട് അധികൃതർ പറയുന്നു.

കപ്പലുകളിൽ എത്തുന്ന കണ്ടെയ്‌നറുകൾ മറ്റൊരു കപ്പലിലേക്ക് മാറ്റുന്നതിലൂടെ കടൽമാർഗം ചരക്ക് കടത്താനാകുമെന്നുമാണ് വിശദീകരണം.

കണ്ടെയിനറുകൾ കരയിലേക്ക് മാറ്റിയശേഷം മറ്റൊരു കപ്പലിലേക്ക് മാറ്റി കൊണ്ടുപോകുന്നത് റോഡിലൂടെയും റെയിൽവേയിലൂടെയും കൊണ്ടുപോകുന്നതിലെ വൻ ചെലവും കുറയ്ക്കാൻ സാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നാവിക സേനയുടെ ഹൈഡ്രോഗ്രാഫിക് സർവേ നടത്തുന്ന കപ്പൽ ഇവിടെയെത്തിയിരുന്നു. ഇതോടെ തന്ത്രപ്രധാനമായ തുറമുഖമായി വിഴിഞ്ഞം മാറുന്നതോടെ വലിയ യുദ്ധക്കപ്പലുകൾക്കും സർവേ കപ്പലിന്റെ നിർദേശങ്ങളനുസരിച്ച് തുറമുഖത്ത് അടുക്കാനാകും.



2024, ജൂൺ 20, വ്യാഴാഴ്‌ച

ജെ.ഡി.എസിന്റെ പുതിയ പാർട്ടി നീക്കം ഇടത്-വലത് സമ്മർദം കടുത്തതോടെ

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ജെ.ഡി.എസ് ദേശീയ പാർട്ടിയാണ്. കേന്ദ്ര നേതൃത്വം ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ ഭാഗമാകാൻ തീരുമാനിച്ചത് രാഷ്ട്രീയ നേട്ടം മുന്നിൽക്കണ്ടാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരള ഘടകത്തിന് അത് ഇടിവെട്ടായി മാറി. ഇടതുമുന്നണിയിലെ വല്യേട്ടനും കൊച്ചേട്ടനും ഇളയ സഹോദര പാർട്ടികളും വർഗീയ പാർട്ടികളോടുള്ള കൂട്ട്‌കെട്ട് അവസാനിപ്പിക്കണമെന്ന് കടുത്തതല്ലെങ്കിലും നിർദേശം മുന്നോട്ടുവച്ചു. ഗൗരവമായി കണക്കാക്കാതെ മുന്നോട്ടുപോകാനായിരുന്നു ജെ.ഡി.എസിന്റെ തീരുമാനമെങ്കിലും കോൺഗ്രസും യു.ഡി.എഫിലെ കക്ഷികളുമെല്ലാം ജെ.ഡി.എസിനെ വിമർശിക്കുന്നതിനു പകരം സി.പി.എമ്മിനെതിരേ അമ്പുതൊടുത്തു. വർഗീയ കക്ഷികളോട് കൂട്ടുകൂടിയ ജെ.ഡി.എസിനെ മുന്നണിയിൽ നിന്നൊഴിവാക്കണമെന്ന് അവർ ആവശ്യമുന്നയിച്ചു. കരുതലോടെ പ്രതികരിച്ച സി.പി.എമ്മാകട്ടെ ഇടതുമുന്നണിക്കെതിരേ ജെ.ഡി.എസിന്റെ എൻ.ഡി.എ ബന്ധം കാരണം ഉയരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടി നടപടിയെടുക്കണമെന്ന സൂചന നൽകിയിരുന്നു. 

ഇടതുനിന്നും വലതുനിന്നും സമ്മർദം ശക്തമായതോടെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രശ്‌നമാകുമെന്ന സ്ഥിതിവന്നു. ഇതിനിടെ ജെ.ഡി.എസിനെ പുറത്താക്കണമെന്ന് സി.പി.എമ്മിൽ ആവശ്യമുയർന്നു. എൻ.ഡി.എ ബന്ധമുള്ള ജെ.ഡി.എസ് കൂടെനിൽക്കുന്നത് ഇടതുമുന്നണിക്കാതെ പ്രതിസന്ധിയാകുമെന്ന വാദമുയർന്നു. സംഭവം ഗുരുതരമാകുമെന്ന് ബോധ്യമായതോടെ ദേശീയ നേതൃത്വത്തിന്റെ നിലപാടല്ല തങ്ങൾ പിന്തുടരുന്നതെന്നും കേരളത്തിൽ സ്വന്തം അഭിപ്രായത്തിൽ മുന്നണി സ്വീകരിക്കാൻ തങ്ങൾക്ക് ദേശീയ നേതൃത്വം അനുമതി നൽകിയിട്ടുണ്ടെന്ന മുട്ടുവാദമിറക്കിയെങ്കിലും പിടിച്ചുനിൽക്കാനാവില്ലെന്ന് ജെ.ഡി.എസ് നേതാക്കൾക്ക് ബോധ്യമായി. ഇതോടെയാണ് ഇപ്പോൾ ജെ.ഡി.എസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ നേതൃത്വം തന്നെ പുതിയ പാർട്ടി രൂപീകരിക്കുന്നതിൽ പൊരുത്തക്കേട് ഉള്ളതിനാൽ നേതൃത്വത്തിലെ ആരെക്കൊണ്ടെങ്കിലും പാർട്ടി രൂപീകരിച്ച് എല്ലാവരും കൂടി ജെ.ഡി.എസ് വിട്ട് ആ പാർട്ടിയിലേക്ക് പോകാനാണ് ശ്രമം. എന്നാൽ ദേശീയ തലത്തിൽ എൻ.ഡി.എ വിട്ട് ജെ.ഡി.എസ് പുറത്തുവന്നാൽ വീണ്ടും അതിന്റെ ഭാഗമാകാനും അഭിപ്രായമുണ്ട്. എന്നാൽ ജെ.ഡി.എസ് നേതൃത്വത്തിന്റെ നിലവിലെ നിലപാടിനോട് യോജിക്കുന്നവരും പാർട്ടിയിലുണ്ട്. ഇവരുടെ നിലപാട് ജെ.ഡി.എസ് എന്ന പാർട്ടി നിലനിൽക്കുന്നതിനു കാരണമാകുമെന്ന പ്രത്യേകതയുണ്ട്. അപ്പോൾ ജെ.ഡി.എസിനെ മുന്നണിയിൽ നിന്നു പുറത്താക്കേണ്ടതായി വരും. അവർ മറ്റൊരു മുന്നണിയുടെ ഭാഗമാകാനും സാധ്യത നിലനിൽക്കുകയും ചെയ്യും.


2024, ജൂൺ 15, ശനിയാഴ്‌ച

കുടുംബത്തോടൊപ്പം പ്രവാസികളായത് 20 ലക്ഷം

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ലോക കേരള സഭയിൽ ഇന്റർനാഷനൽ ഇൻസ്റ്റിയൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെന്റ് (ഐ.ഐ.എം.എ.ഡി) തയാറാക്കിയ കേരള മൈഗ്രേഷൻ റിപ്പോർട്ട് (കെ.എം.എസ്) ഇന്നലെ പ്രകാശനം ചെയ്തു.

മലയാളികളായ 20 ലക്ഷം കുടുംബങ്ങൾ പ്രവാസികളായെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

1998ൽ 16 ലക്ഷമായിരുന്നു പ്രവാസികളെങ്കിൽ 2013ൽ 24 ലക്ഷവും 2018ൽ 21 ലക്ഷവുമായിരുന്നു. കൊവിഡിനുശേഷം 65 ശതമാനം ഇടിവുണ്ടായെങ്കിലും ഇപ്പോൾ 22 ലക്ഷം പ്രവാസികളാണുള്ളത്.

പ്രവാസ സമൂഹത്തിൽ നിന്നുള്ള വരവും കൂടിയിട്ടുണ്ട്. 2018ൽ 8,292 കോടിയായിരുന്നു വരുമാനമെങ്കിൽ 2023ൽ അത് 16,893 കോടിയായി ഉയർന്നു. അഞ്ചുവർഷത്തിനിടെ 155 ശതമാനത്തിന്റെ വർധനയാണുണ്ടായത്.

കൊവിഡിനുശേഷം മലയാളികൾ ഗൾഫിലേക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളിലേക്കും പറന്നതായി മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ എണ്ണത്തിൽ 2018ൽ 1,29,763ലുണ്ടായിരുന്നതിനേക്കാൾ വർധനവുണ്ടായി. 2023ൽ അത് ഇരട്ടിയായെന്നാണ് കണക്ക്. ഇതുകാരണം പ്രവാസികളിൽ 11.30 ശതമാനവും വിദ്യാർത്ഥികളാണ്.

സ്ത്രീകളുടെ കുടിയേറ്റം 2018ൽ 15.8 ശതമാനമായിരുന്നത് 2023ൽ 19.1 ആയി. എന്നാൽ ജി.സി.സി രാജ്യങ്ങളിൽ നിന്ന് സ്ത്രീകൾ യൂറോപ്പിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും കുടിയേറുന്നതായും ഇത് 40.5 ശതമാനമായി വർധിച്ചെന്നും പറയുന്നു.

കേരളത്തിലേക്കുള്ള പണമയക്കലിലും വൻവർധനവുണ്ടായിട്ടുണ്ടെന്ന് സർവേ പറയുന്നു.

2018ൽ 85,092 കോടിയായിരുന്നത് 2023ൽ 2,16,893 കോടിയായി വർധിച്ചു. എന്നാൽ അത് നാട്ടിൽ സ്വീകരിക്കുന്ന കുടുംബങ്ങളുടെ എണ്ണം 16 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

മുസ്‌ളിം കുടുംബങ്ങൾക്ക് 40.1 ശതമാനം വിഹിതവും ഹിന്ദു കുടുംബങ്ങൾക്ക് 39.1 ശതമാനവും ക്രിസ്ത്യൻ കുടുംബങ്ങൾക്ക് 20.8 ശതമാനവും ലഭിച്ചു. ഈ വർഷം മലപ്പുറം ജില്ലയ്ക്ക് 16.2 ശതമാനം വരുമാനം ലഭിച്ചപ്പോൾ കൊല്ലത്തിന് 17.8 ശതമാനം ലഭിച്ചു.

കേരളത്തിൽ അഞ്ച് വീടുകളെടുത്താൽ അതിൽ രണ്ടെണ്ണത്തിലും പ്രവാസികളുണ്ടെന്ന് സർവെ പറയുന്നു.

സർവേ റിപ്പോർട്ട് ലോക കേരള സഭ വേദിയിൽ ചെയർമാൻ ഡോ. എസ്. ഇരുദയ രാജനാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.



2024, ജൂൺ 14, വെള്ളിയാഴ്‌ച

കഴിഞ്ഞ തവണ 67 നിർദേശങ്ങൾ; നടപ്പായത് മൂന്നെണ്ണം മാത്രം

 

ലോക കേരളസഭ


ഗിരീഷ് കെ നായർ


തിരുവനന്തപുരം: പ്രവാസികളുടെ കാതലായ വിഷയങ്ങളിൽ പ്രധാന നടപടികളൊന്നും കൈക്കൊള്ളാൻ ആയിട്ടില്ലെന്ന വിമർശനത്തിനിടെ നാലാം ലോക കേരള സഭയ്ക്ക് ഇന്ന് ആരംഭമാകും. ഇന്നും നാളെയുമായി രണ്ടുദിവസമാണ് സമ്മേളനങ്ങൾ നടക്കുക. ഇതിനുശേഷം വിദേശത്ത് രണ്ട് മേഖലാ സമ്മേളനങ്ങളും നടക്കും. ഇതിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.

ഇതുവരെ മൂന്ന് ലോക കേരള സഭകൾ സംഘടിപ്പിക്കപ്പെട്ടെങ്കിലും ഗൾഫിലേക്കും മറ്റും പോകുന്ന കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകളൊന്നുമുണ്ടായിട്ടില്ലെന്ന വിമർശനവുമുണ്ട്.

മൂന്നു കോടി രൂപ മുടക്കിയും കഴിഞ്ഞ തവണ ഉൾപ്പെടുത്തിയ ഒരു തൊഴിലാളി വനിതയും ഇത്തവണ ഉൾപ്പെടുത്തിയ ഒരു പ്രവാസി ഡ്രൈവറും ഉൾപ്പെടെ 351 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അതിബൃഹത്തായ പ്രവാസി സംഗമാണിത്തവണ നടത്തുന്നത്. നൂറ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കേരള നിയമസഭാംഗങ്ങൾ, കേരളത്തിലെ പാർലമെന്റംഗങ്ങൾ, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, ഇന്ത്യക്ക് പുറത്തുള്ളവർ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ, തിരികെയെത്തിയ പ്രവാസികൾ, അതത്  മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികൾ, ഒ.സി.ഐ കാർഡ് ഉടമകൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. സഭാംഗത്വത്തിന് താൽപര്യമുളള പ്രവാസി കേരളീയർക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു.

പ്രവാസി നിക്ഷേപം ആകർഷിക്കും, പ്രവാസി ക്ഷേമത്തിന് മുൻഗണന നൽകും, പുതിയ സംരംഭങ്ങൾക്ക് സബ്‌സിഡിയുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നുമാണ് കഴിഞ്ഞ മൂന്ന് ലോക കേരളസഭകളിലും തുടർച്ചയായി ഉണ്ടായ പ്രഖ്യാപനം. പ്രവാസി സഹകരണ സംഘം, നിക്ഷേപ കമ്പനി, വനിതാ സെൽ, വിദേശഭാഷാ പഠനം എന്നിങ്ങനെ നേട്ടമായി ഉയർത്തിക്കാട്ടപ്പെടുന്നുണ്ടെങ്കിലും പ്രവാസികൾക്കുള്ള പദ്ധതികളും ഗുണങ്ങളും ഒരുക്കങ്ങളുമെന്തെന്ന ചോദ്യത്തിന് വ്യക്തതയില്ല.

നിക്ഷേപക്കാര്യത്തിൽ ഇതുവരെ പ്രവാസി സമൂഹം ഇതിനോട് ആശാവഹമായി പ്രതികരിച്ചിട്ടില്ല. പ്രവാസി പുനരധിവാസവും കേന്ദ്ര-സംസ്ഥാന ഓഹരി കൺസോർഷ്യം, ദേശീയ കുടിയേറ്റ നയം, ലോകകേരള സഭയ്ക്ക് നിയമപരമായ ഉറപ്പിന് നിയമനിർമാണം തുടങ്ങിയ പ്രഖ്യാപനങ്ങളൊന്നും വെളിച്ചം കണ്ടിട്ടില്ല.

കഴിഞ്ഞ ലോകകേരള സഭയിൽ 67 നിർദേശങ്ങൾ ഉയർന്നെങ്കിലും ഇതിൽ പ്രവാസി മിത്രം, സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി, കേരള മൈഗ്രേഷൻ സർവേ എന്നിവ മാത്രമാണ് നടപ്പാക്കാനായത്. ബാക്കിയുള്ളവയിൽ 11 എണ്ണം കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ തീരുമാനിച്ചിരുന്നു. ബാക്കി 53 പദ്ധതികൾ പ്രാരംഭഘട്ടത്തിലാണെന്ന് വിശദീകരിക്കുന്നതല്ലാതെ കൃത്യമായ നടപടി ക്രമങ്ങളോ കാലക്രമമോ നിശ്ചയിക്കപ്പെട്ടിട്ടില്ലെന്ന വിമർശനം രൂക്ഷമാണ്.

അതേസമയം, മുൻ ലോകകേരളസഭകളിൽ ഉയർന്ന നിർദേശങ്ങളിൽ ചിലത് നടപ്പിലാക്കാനായിട്ടുണ്ട്. ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് കമ്പനി, വെർച്വൽ പ്രവാസി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങിയ നിർദേശങ്ങളാണ് നടപ്പിലാക്കിയത്.

2019 ഫെബ്രുവരിയിൽ ദുബൈയിലും 2022 ഒക്ടോബറിൽ ലണ്ടനിലും കഴിഞ്ഞ വർഷം ജൂണിൽ ന്യൂയോർക്കിലുമാണ് ലോകകേരള സഭ സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നുള്ള മേഖലാ സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു.

ഇന്ന്, വൈകുന്നേരം ഗൾഫ് രാജ്യങ്ങൾ, ഏഷ്യ-പസഫിക്, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യൻ സംസ്ഥാനങ്ങൾ,തിരികെയെത്തിയ പ്രവാസികൾ എന്നീ ഏഴ് മേഖലകൾ തിരിച്ച് ചർച്ചകൾ പ്ലാൻ ചെയ്തിട്ടുണ്ട്.


2024, ജൂൺ 13, വ്യാഴാഴ്‌ച

മാവേലി സ്റ്റോറുകൾക്ക് അപ്രഖ്യാപിത പൂട്ട്


ഗിരീഷ് കെ നായർ

തിരുവന്തപുരം: സംസ്ഥാനത്ത് മാവേലി സ്റ്റോറുകൾക്ക് അപ്രഖ്യാപിത പൂട്ട് വീഴുന്നു. സപ്ലൈകോ നടത്തുന്ന മാവേലി സ്‌റ്റോറുകൾക്ക് ജനങ്ങൾക്ക് വിലക്കുറവിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനമാണെന്നിരിക്കേ അത് പൂട്ടാൻ സർക്കാർ തീരുമാനമില്ലെന്നിരിക്കേയാണ് അപ്രഖ്യാപിത പൂട്ട് വീഴുന്നതായ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കേ സപ്ലൈകോയ്ക്ക് മൊത്ത വിതരണക്കാരിൽ നിന്ന് പലവ്യഞ്ജനങ്ങളും മറ്റും ശേഖരിക്കാൻ കഴിയാത്ത അവസ്ഥ മാസങ്ങളായി നിലനിൽക്കുന്നു. ഇതുകാരണം മിക്ക സപ്ലൈകോ സ്ഥാപനങ്ങളിലും പ്രത്യേകിച്ച് മാവേലി സ്റ്റോറുകളിൽ അലമാരകൾ കാലിയായിരിക്കുകയാണ്. സർക്കാർ സാമ്പത്തിക സഹായം ലഭിക്കാത്തതിനാൽ ജീവനക്കാർക്കും വാടകയും കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ് പലേടത്തുമുള്ളത്. 

എറണാകുളം ജില്ലയിലെ ഇലഞ്ഞി മുത്തോലപുരത്തെ മാവേലി സ്റ്റോർ അടച്ചുപൂട്ടിയതിനെതിരേ അനൂപ് ജേക്കബ് എം.എൽ.എ ഭക്ഷ്യമന്ത്രിയോട് നിയമസഭയിൽ ഉന്നയിച്ച ചോദ്യം അടച്ചുപൂട്ടാൻ തീരുമാനമുണ്ടോയെന്നായിരുന്നു. ഇല്ലെന്ന് ആവർത്തിച്ച മന്ത്രി വിറ്റുവരവ് കുറഞ്ഞതാണ് അടച്ചുപൂട്ടുന്നതെന്ന വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

സപ്ലൈകോ സ്ഥാപനങ്ങളിൽ സാധനങ്ങളുടെ ദൗർലഭ്യം പരിഹരിക്കാനായിട്ടില്ല. കരാറുകാരുടെ നിസ്സഹകരണം സംഭരണത്തെ സാരമായി ബാധിക്കുന്നുണ്ട്.

കരാറുകാരുമായി സർക്കാർ ഉണ്ടാക്കിയിരുന്ന വ്യവസ്ഥ വർഷാവർഷം സംഭരണ തുക വിതരണം ചെയ്യാമെന്നായിരുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. എന്നാൽ, വ്യവസ്ഥകൾക്കുവിരുദ്ധമായി മാസം തോറും തുക ലഭ്യമാക്കണമെന്ന് കരാറുകാർ വാശിപിടിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുകാരണം.

എന്നാൽ, അനാവശ്യ ചെലവുകൾ നടക്കുന്നതിനിടെ ജനങ്ങൾക്ക് സഹായകരമായ മാവേലിസ്റ്റോറുകളുടെ പ്രവർത്തനത്തിന് പൂട്ടുവീഴുന്നതിനെതിരേ പലേടത്തും പ്രതിഷേധമുയർന്നിട്ടുണ്ട്.

നിലവിൽ സംസ്ഥാനത്ത് 815 മാവേലി സ്റ്റോറുകളാണ് പ്രവർത്തിക്കുന്നത്. 535 മാവേലി സൂപ്പർമാർക്കറ്റുകളും 106 മാവേലി സൂപ്പർ സ്റ്റോറുകളും ആറ് ഹൈപ്പർമാർക്കറ്റുകളും 40 പീപ്പിൾ ബസാറുകളും  21 മൊബൈൽ മാവേലി സ്റ്റോറുകളും ഒരു അപ്‌നാബസാറും ഉൾപ്പെടെ സപ്ലൈകോയുടെ 1700 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.

മാവേലി ഹൈപ്പർ മാർക്കറ്റുകളും പൂട്ടലിന്റെ വക്കിലാണ്. എറണാകുളം കടവന്ത്രയിലെ സപ്ലൈകോ ഹൈപ്പർ മാർക്കറ്റിന്റെ മുകൾ നില അടച്ചുപൂട്ടിയിരുന്നു.

സാധനങ്ങളുടെ ദൗർലഭ്യത്തിനു സമാന്തരമായി തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നില്ലെന്ന പരാതികളുമുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാർ ഇതിനുപോലും പണം അനുവദിക്കാനാകാത്ത സ്ഥിതിയിലാണുള്ളത്്. എന്നാൽ തൊഴിലാളികൾക്ക് വേതനം ഈയാഴ്ച വിതരണം ചെയ്യുമെന്നാണ് മന്ത്രി നൽകുന്ന വിവരം.

വേതനപ്രശ്‌നവും സാധനങ്ങളില്ലാത്ത അവസ്ഥയും വാടക നൽകാൻ കഴിയാത്ത പ്രശ്‌നവും എല്ലാം കൂടി വരിഞ്ഞുമുറുക്കുന്നതിനിടെയാണ് മാവേലി സ്റ്റോറുകൾക്ക് അപ്രഖ്യാപിത പൂട്ട് വീഴാൻ കാരണമെന്നാണ് സൂചന. സർക്കാർ സഹായിക്കാത്തിടത്തോളം കാലം മാവേലി സ്‌റ്റോറുകൾ പഴയ രീതിയിൽ നടത്തിക്കൊണ്ടുപോകാൻ കഴിയില്ല. സാമ്പത്തിക ബാധ്യതയാണ് മാവേലി സ്റ്റോറുകൾ നടത്തിക്കൊണ്ടുപോകുന്നതിലെ പ്രയാസമെന്ന് മന്ത്രിതന്നെ സമ്മതിക്കുന്നുമുണ്ട്. എന്നാൽ പൂട്ടാൻ തീരുമാനമില്ലെന്ന് തുടർച്ചയായി വിശദീകരിക്കുന്നതിനിടെയാണ് പലേടത്തും പൂട്ട് വീഴുന്നതെന്നത് കാണാതിരിക്കാനാവില്ല.

വളപട്ടണം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കാലപ്പഴക്കത്താൽ തകരുമെന്നു കണ്ടാണ് അവിടെ പ്രവർത്തിച്ചിരുന്ന മാവേലി സ്റ്റോർ പൂട്ടിയതെന്നാണ് വിശദീകരണമെങ്കിലും കട മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമമുണ്ടായില്ല. 

മട്ടാഞ്ചേരിയിലെ മാവേലി സ്റ്റോറിന്റെ വാടക കുടിശ്ശികയാകുന്നത് കട നടത്തിക്കൊണ്ടുപോകുന്നതിൽ പ്രതിസന്ധിയാകുന്നുണ്ട്. അവശ്യസാധനങ്ങൾ ലഭ്യമല്ലാത്ത ഇവിടെ കട നടത്തിക്കൊണ്ടുപോകാൻ ആകാത്ത സ്ഥിതിയാണ്.


2024, ജൂൺ 8, ശനിയാഴ്‌ച

കെ.പി.സി.സി നേതൃയോഗം ഉടൻ; മാണിഗ്രൂപ്പും, മുരളീധരനും വിഷയമാകും

 

യു.ഡി.എഫ് നേതൃയോഗം 12ന് ചേരും; ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളും ചർച്ചയാകും, വയനാടും ചർച്ച ചെയ്യും


ഗിരീഷ് കെ നായർ


തിരുവനന്തപുരം: കെ.പി.സി.സി സംസ്ഥാന നേതൃയോഗം അടുത്തയാഴ്ച ചേരാൻ ആലോചന. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കരസ്ഥമാക്കിയതോടെ ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകൾക്ക് സംഘടനയെ ഒരുക്കുക എന്നതാണ് അജണ്ട. വയനാട് രാഹുൽ ഒഴിഞ്ഞാൽ അവിടേക്കുള്ള സ്ഥാനാർത്ഥിത്വം സംബന്ധിച്ചും ചർച്ചയുണ്ടാകും.

എന്നാൽ, തൃശൂരിൽ തന്നെ ബലി കൊടുത്തെന്ന് ആരോപിച്ച് രാഷ്ട്രീയ വനവാസത്തിനു മുതിർന്ന കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള മാർഗങ്ങളും എൽ.ഡി.എഫിൽ അസ്വസ്ഥരായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ യു.ഡി.എഫിൽ എത്തിക്കുന്നത് സംബന്ധിച്ച കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായവും യോഗം ചർച്ച ചെയ്യുമെന്നാണറിയുന്നത്.

തൃശൂരിൽ മുരളീധരനെ കൊണ്ടുവന്നതിലുണ്ടായ കാലതാമസവും ഒരുമയില്ലാത്ത പ്രവർത്തനവും പരാജയ കാരണമായെന്ന ആരോപണം നിലനിൽക്കേ ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നേരത്തെ തീരുമാനിച്ചുറപ്പിക്കാൻ നീക്കമുണ്ട്. പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തുടക്കത്തിൽ മുന്നിലെത്താനായ മാതൃക പിന്തുടരാനാണ് ശ്രമം. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥി ചർച്ചകൾ ഇപ്പോൾത്തന്നെ തുടങ്ങണമെന്ന അഭിപ്രായം നേതാക്കൾക്കിടയിലുണ്ടെന്നാണ് വിവരം.

നിലവിൽ പാലക്കാട്ടേയ്ക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. പ്രതിപക്ഷ നേതാവിനും നിലവിൽ എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിലിനും രാഹുലിനോടാണ് മമത. കെ.പി.സി.സി വൈസ് പ്രസിഡന്റായ വി.ടി ബൽറാമിന്റെ പേരും ഉയർന്നിട്ടുണ്ട്.

സി.പി.എം സീറ്റായ ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ചുതോറ്റ രമ്യ ഹരിദാസിനെ പരിഗണിച്ചേക്കും. 2019ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ചുതോറ്റ ഷാനിമോൾ ഉസ്മാനെ അരൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ജയിപ്പിച്ചിരുന്നു. ഇത് മുന്നിൽക്കണ്ടാണ് സംവരണ സീറ്റിൽ രമ്യ ഹരിദാസിനെ പരിഗണിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെയായതിനാൽ പ്രചാരണത്തിലും ഏറെ വിയർക്കേണ്ടിയും വരില്ലെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

വയനാട്ടിൽ രാഹുലിന്റെ മനസിലിരുപ്പ് വെളിവായിട്ടില്ലെങ്കിലും ഉപേക്ഷിക്കുന്ന പക്ഷം അവിടേയ്ക്ക് സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതുണ്ട്. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കുകയും കേന്ദ്ര ഭരണം ഇന്ത്യ മുന്നണിക്ക് ലഭിക്കാതെ വരികയും ചെയ്തതോടെ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടിവരും. പ്രിയങ്ക ഗാന്ധിയെ എത്തിച്ച് രാഹുൽ കേരളത്തിലുണ്ടാക്കിയ ഓളം വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മുതൽക്കൂട്ടാക്കാനുള്ള ആലോചനയും പാർട്ടി വൃത്തങ്ങളിലുണ്ട്. സംസ്ഥാന നേതൃത്വം ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് ഉന്നയിക്കാനും സാധ്യതയുണ്ട്.

2024, ജൂൺ 7, വെള്ളിയാഴ്‌ച

മാണി ഗ്രൂപ്പിന് പാലമിട്ട് സുധാകരൻ, മുളയിലേ നുള്ളി സതീശൻ

 ഇടതുമുന്നണിയിൽ രാജ്യസഭ സീറ്റ് തർക്കം:


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ഇടതുമുന്നണിയിൽ രാജ്യസഭ സീറ്റ് തർക്കം മൂർഛിക്കുമ്പോൾ അസംതൃപ്തരായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ തിരികെ യു.ഡി.എഫ് പാളയത്തിലെത്തിക്കാൻ ശ്രമം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മാണി ഗ്രൂപ്പിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായം പറഞ്ഞതിനു പിന്നാലെ എതിർപ്പ് പരസ്യമാക്കി അത്തരത്തിലൊരു തീരുമാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുറന്നടിച്ചു. ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ലെന്നും ഹൈക്കമാൻഡ് അനുമതിയും യു.ഡി.എഫ് അനുമതിയുമില്ലാതെ ഇക്കാര്യത്തിൽ തീരുമാനമില്ലെന്നുമാണ് സതീശൻ വിശദീകരിച്ചത്.

പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും തമ്മിലുള്ള ശീതയുദ്ധം തുടരുന്നുവെന്നു വ്യക്തമാക്കുന്നതാണീ സംഭവം.

കോട്ടയത്ത് പ്രതീക്ഷിച്ച സീറ്റിൽ കേരള കോൺഗ്രസിന്റെ ചാഴികാടൻ പരാജയപ്പെട്ടതോടെ കേരള കോൺഗ്രസിന് പാർലമെന്റ് പദവി ഇല്ലെന്നുറപ്പായി. നിലവിലെ രാജ്യസഭാംഗമായിരുന്നു കേരള കോൺഗ്രസ് ചെയർമാൻ കൂടിയായ ജോസ് കെ മാണി. അദ്ദേഹത്തിന്റെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെയും സി.പി.എമ്മിന്റെ എളമരം കരീമിന്റെയും രാജ്യസഭാ കാലാവധിയും കഴിഞ്ഞു. കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിൽ ഒന്ന് സി.പി.എമ്മിനാണ്. രണ്ടാമത്തെ സീറ്റ് സി.പി.ഐക്ക് കൊടുക്കാനാണ് നീക്കമെന്നിരിക്കേയാണ് അവകാശവുമായി കേരള കോൺഗ്രസ് എമ്മും ആർ.ജെ.ഡിയും എൻ.സി.പിയും രംഗത്തെത്തിയത്. 

കോട്ടയത്ത് നിന്ന് പാർലമെന്റ് പ്രാതിനിധ്യമുണ്ടായിരുന്ന മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് പോയതോടെയാണ് അത് നഷ്ടമായത്. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നൽകുന്നതിനുപകരം ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ, കേരള ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ പോലുള്ള കാബിനറ്റ് പദവികളിലേക്ക് പരിഗണിക്കുന്നതായ വാർത്ത കേരള കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു. 

ഈ അസംതൃപ്തി മുതലെടുത്ത് അവരെ യു.ഡി.എഫ് പാളയത്തിൽ തിരികെയെത്തിക്കാനാണ് കെ. സുധാകരൻ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. എന്നാൽ അതിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തരത്തിലുള്ള സതീശന്റെ പ്രതികരണം കേരള കോൺഗ്രസ് വൃത്തങ്ങളിൽപോലും അനുരണനങ്ങളുണ്ടാക്കും. ജോസ് കെ മാണിയുമായി മാനസികാടുപ്പം ഇല്ലാത്ത ജോസഫ് ഗ്രൂപ്പ് ഇപ്പോൾത്തന്നെ യു.ഡി.എഫിന്റെ കൂടെയുണ്ട്. ജോസ് കെ മാണിക്ക് ജോസഫ് പക്ഷത്തോട് ചേർന്നുപോകാനാകാത്ത സ്ഥിതി വന്നാൽ തമ്മിൽതർക്കം തലവേദനയായേക്കുമെന്ന ചിന്തയാകും സതീശനുണ്ടായതെന്ന വിശദീകരണങ്ങളും പുറത്തുവരുന്നുണ്ട്.



2024, മേയ് 28, ചൊവ്വാഴ്ച

സുധാകരനും സതീശനും തമ്മിലുള്ള ശീതയുദ്ധം മറനീക്കി പുറത്തേക്ക്


ഗിരീഷ് കെ നായർ


തിരുവനന്തപുരം: കോൺഗ്രസിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരാൻ നിമിത്തമായി തിരുവനന്തപുരത്ത് മെയ് 26ന് നടന്ന കെ.എസ്.യു പഠന ക്യാംപിലെ കൂട്ടത്തല്ല്. നെയ്യാറ്റിൻകരയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ കൂട്ടത്തല്ലിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കടുത്ത നടപടി ആവശ്യപ്പെട്ടപ്പോൾ മറ്റൊരു വിഭാഗം അത് കുട്ടിക്കളിയായി ഒതുക്കാൻ ശ്രമിച്ചതാണ് നേതൃനിരയിലെ തുടരുന്ന ചേർച്ചക്കുറവ് വ്യക്തമാക്കിയത്.

കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ പടലപ്പിണക്കം മാധ്യമങ്ങളിലൂടെ ലോകം കണ്ടതും അറിഞ്ഞതുമാണ്. ഇതിൽ ഏറ്റവും ഒടുവിലത്തെതാണ് നേതാക്കളുടെ പ്രതികരണത്തിലൂടെ ഇന്നലെ കണ്ടത്. കെ. സുധാകരന്റെയും വി.ഡി സതീശന്റെയും ശരീര ഭാഷയിൽപോലും ഇരുവരും തമ്മിൽ മാനസികാടുപ്പമില്ലെന്ന് വ്യക്തമാക്കിയ പല സംഭവങ്ങളും ഉണ്ടായിട്ടുമുണ്ട്.

കെ.എസ്.യു തെക്കൻ മേഖല പഠന ക്യാംപ് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല സംഘടിപ്പിച്ചതെന്ന ഗുരുതര ആരോപണം ഇന്നലെത്തന്നെ ഉയർന്നിരുന്നു. കൂട്ടത്തല്ലിനു പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്. കെ.പി.സി.സി പ്രസിഡന്റിനെ പഠന ക്യാംപിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ അറിയിച്ചത് വളരെ വൈകിയാണെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്തുണ്ടായിട്ടും അദ്ദേഹം പരിപാടിയിൽ നിന്നു വിട്ടുനിന്നതോടെ മൂപ്പിളമ തർക്കം കൂടി. സതീശൻ ഉദ്ഘാടകനായി എത്തിയതോടെ പടലപ്പിണക്കം വെളിവായി.

തനിക്ക് അനിഷ്ടമായ ക്യാംപിൽ കൂട്ടത്തല്ലുണ്ടായെന്ന വിവരം പുറത്തുവന്നതിനുപിന്നാലെ ക്യാംപ് നിർത്തിവയ്ക്കാൻ നിർദേശിച്ച കെ.പി.സി.സി പ്രസിഡന്റ്, അന്വേഷണ കമ്മിഷനെ നിയമിക്കുകയും കടുത്ത നടപടി സ്വീകരിക്കുമെന്ന് ഇന്നലെത്തന്നെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുതൊട്ടുപിന്നാലെ പ്രതികരിച്ച സതീശനാകട്ടെ കെ.എസ്.യു തർക്കത്തിൽ കെ.പി.സി.സി ഇടപെടേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത് പ്രസിഡന്റുമായുള്ള നീരസത്തിന്റെ തുടർച്ചയായി. എൻ.എസ്.യു നാലുപേർക്കെതിരേ നടപടിയെടുത്തതോടെ കെ.പി.സി.സിയുടെ അച്ചടക്ക നടപടിക്ക് സാധ്യതയും ഇല്ലാതാക്കി. മാത്രമല്ല, സുധാകരൻ പക്ഷക്കാരായ സംസ്ഥാന-ജില്ലാ നേതാക്കളായ രണ്ടുപേരെ പുറത്താക്കിയതും ക്ഷീണമായി.

അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിൽ ക്യാംപ് നടക്കുന്ന വിവരം കെ.പി.സി.സിയെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ക്യാംപ് ഡയറക്ടറെ തീരുമാനിക്കാതെ പരിപാടി നടത്തിയത് കെ.എസ്.യു സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയായി കെ.പി.സി.സി നേതൃത്വം ചിത്രീകരിക്കുന്നു. 

കെ.എസ്.യു ഭാരവാഹി തെരഞ്ഞെടുപ്പിൽ സുധാകരന് അതൃപ്തി ഉണ്ടായിരുന്നു. അക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കെ.എസ്.യുവിന്റെ പ്രഥമ ഭാരവാഹി യോഗം തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് നടത്താൻ അനുവദിക്കാതിരുന്നത് ഇതിന്റെ തുടർച്ചയായിരുന്നു. കെ.എസ്.യു പരിപാടി കൊച്ചിയിൽ നടത്തുകയും ഇപ്പോൾ നടന്ന പരിപാടിയിൽ കെ.പി.സി.സി പ്രസിഡന്റിനെ തഴയുകയും ചെയ്തത് ഇതിന്റെ തുടർച്ചയായി. 


2024, മേയ് 25, ശനിയാഴ്‌ച

സ്വകാര്യ സർവകലാശാല ബിൽ ഇത്തവണ അവതരിപ്പിക്കും

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ജൂണിൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന ബിൽ അവതരിപ്പിക്കാൻ സർക്കാർ. ജൂലൈയിൽ ആരംഭിക്കുന്ന നാലു വർഷ ബിരുദമുൾപ്പെടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്വകാര്യ സർവകാലാശാല ബില്ലും അവതരിപ്പിക്കാനാണ് നീക്കം.

ഇത്തവണത്തെ ബജറ്റിൽ സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ നടപടിയുണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടി തലത്തിലും മറ്റും സ്വകാര്യ വൽക്കരണത്തിനെതിരേ പ്രതികരണങ്ങൾ ഉണ്ടായെങ്കിലും സ്വകാര്യ, വിദേശ സർവകലാശാലകൾ സംബന്ധിച്ച ബജറ്റ് നിർദേശത്തിൽ മാറ്റമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.

ഇതിനു പിന്നാലെ വിഷയത്തിൽ വിശദ പഠനത്തിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. കൗൺസിൽ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ ബില്ല് തയാറാക്കി. നിയമവകുപ്പിന്റെ ശുപാർശകളും ഉൾപ്പെടുത്തി പരിഷ്‌കരിച്ച ബില്ലാണ് അവതരിപ്പിക്കുക.

കൽപിത സർവകലാശാലകൾക്ക് അനുമതി നൽകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും അതിന്റെ നിയന്ത്രണം സർക്കാരിനല്ലെന്നു യു.ജി.സിക്കാണെന്നും വ്യക്തമായതോടെ ഇതിൽ നിന്നു പിന്മാറി. നിയമ നിർമാണത്തിലൂടെ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാമെന്ന നിലപാടിലെത്തിയത് പിന്നീടാണ്.

സർക്കാർ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ  പറഞ്ഞു. പ്രവേശനം നൽകുന്ന വിദ്യാർഥികളിൽ 25 ശതമാനം കേരളത്തിൽ നിന്നുള്ളവരായിരിക്കണം എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. സ്‌കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നതുപോലെ മാനേജ്‌മെന്റുൾക്ക് യൂനിവേഴ്‌സിറ്റികളിൽ അധ്യാപക നിയമനം അനുവദിക്കില്ല. പകരം ഗവ. സംവിധാനങ്ങൾ നിർദേശിക്കുന്ന യോഗ്യരായ അധ്യാപകരെ മാത്രമേ സ്വകാര്യ യൂനിവേഴ്‌സിറ്റികളിൽ നിയമിക്കാൻ അനുവദിക്കൂ. 

അതേസമയം സ്വകാര്യ യൂനിവേഴ്‌സിറ്റികളിൽ സംവരണം എങ്ങനെയാണ് നടപ്പാക്കേണ്ടത് എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ബിൽ അവതരിപ്പിക്കുമ്പോഴോ മന്ത്രിസഭാ യോഗത്തിലോ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.

കോർപറേഷൻ പരിധിയിൽ 20 ഏക്കറോ, മുനിസിപ്പാലിറ്റിയിൽ 30 ഏക്കറോ, പഞ്ചായത്തിൽ 40 ഏക്കറോ ക്യാംപസ് സൗകര്യമുള്ള സ്ഥാപനങ്ങൾക്ക് യൂനിവേഴ്‌സിറ്റി ആരംഭിക്കാൻ അനുമതി ലഭിക്കും. യൂനിവേഴ്‌സിറ്റി ആസ്ഥാനം 10 ഏക്കറിൽ തുടങ്ങാൻ അനുവാദം ലഭിക്കുമെങ്കിലും വിപുലമായ ക്യാംപസ് പുറത്തുവേണമെന്ന് നിബന്ധനയുണ്ട്. 

ബിൽ അവതരിപ്പിച്ച് അത് നിയമമായ ശേഷമേ സർവകലാശാലകൾ ആരംഭിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ മേഖലയിൽ 430 സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്.


2024, മേയ് 23, വ്യാഴാഴ്‌ച

വരുമാനത്തിന് ശരണം മദ്യം; ഫലം വന്നാൽ നയം മാറും

 


തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ മദ്യനയത്തിൽ മാറ്റം വരുമെന്ന് സൂചന

വരുമാനത്തിന് വേറെ മാർഗമില്ല, മാറ്റം ആവശ്യപ്പെട്ടത് ടൂറിസം വകുപ്പ്

ഡ്രൈ ഡേ 10 വർഷം കൊണ്ട് റവന്യൂ വരുമാനം 4.81 ശതമാനം ഇടിച്ചു


ഗിരീഷ് കെ നായർ


തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തിൽ കാതലായ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഡ്രൈ ഡേ പിൻവലിക്കുക, വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക, ഐ.ടി പാർക്കുകളിൽ മദ്യലഭ്യത, മദ്യ കയറ്റുമതിയിലേക്ക് കടക്കുക തുടങ്ങി ഒരു പിടി നയങ്ങളിലാണ് കാതലായ മാറ്റത്തിന് ഒരുങ്ങുന്നതെന്നാണ് അറിയുന്നത്.

ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന്റെ പ്രധാന വരുമാനം മദ്യവും ലോട്ടറിയുമാണെന്ന ആരോപണം നിലനിൽക്കേയാണ് അത് ശരിവയ്ക്കുന്ന തരത്തിൽ സർക്കാരിന് വരുമാനം കൂട്ടാൻ മദ്യനയത്തിൽ മാറ്റം ആലോചിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

മാസത്തിന്റെ ഒന്നാം തീയതി സംസ്ഥാനത്ത് ഡ്രൈ ഡേയാണ് അന്ന് മദ്യം ലഭ്യമല്ല. ആന്റണി സർക്കാർ കൊണ്ടുവന്ന ഈ നയം ഒന്നാം തീയതി കിട്ടുന്ന ശമ്പളം കള്ളുഷാപ്പിൽ കുടിച്ചുതീർക്കുന്നു എന്ന ആരോപണത്തിനു പിന്നാലെയാണ്. എന്നാൽ ഡ്രൈ ഡേ ആചരിക്കുന്നതിൻരെ ഭാഗമായി എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകൾ അടച്ചിടുമ്പോൾ സംസ്ഥാനത്തിന് വരുമാന നഷ്ടം 15,000 കോടി രൂപയാണെന്ന കണക്കുകളാണ് പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. 

എന്നാൽ സർക്കാർ നേരിട്ട് ഡ്രൈ ഡേ പിൻവലിക്കുന്നതിനു പകരം ടൂറിസം, കൃഷി സെക്രട്ടറിമാരെ ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിരുന്നു. ടൂറിസം റിപ്പോർട്ടനുസരിച്ച് വിനോദ സഞ്ചാര മേഖലയിൽ കനത്ത തിരിച്ചടിയാണ് ഡ്രൈ ഡേ ഉണ്ടാക്കിയിരിക്കുന്നതെന്നും ദേശീയ അന്തർദേശീയ കോൺഫറൻസുകളിൽ നിന്ന് സംസ്ഥാനം ഒഴിവാക്കപ്പെടുന്നതായും ചൂണ്ടിക്കാണിച്ചിരുന്നു.

കൃഷിവകുപ്പാകട്ടെ, മസാല ചേർത്ത വൈനുകൾ ഉൾപ്പെടെ ഉണ്ടാക്കാനുള്ള സാധ്യത പരിശോധിക്കാമെന്നും വീഞ്ഞ് നിർമാണം പ്രോത്സാഹിപ്പിക്കാമെന്നും ഹോർട്ടി വൈൻ, മറ്റ് വൈനുകൾ എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാമെന്നും നിർദേശം മുന്നോട്ടുവച്ചതായാണ് വിവരം. 

അതേസമയം, പുതിയ മദ്യനയത്തിന്റെ ഭാഗമായി മൈക്രോ വൈനറിയെന്ന സർക്കാർ പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നതും ബിവറേജസ് വിൽപന ശാലകൾ ലേലം ചെയ്യുന്നതും പരിഗണിക്കുന്നതായും വിവരമുണ്ട്.

ഡ്രൈ ഡേ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർ്ചിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പ് സെക്രട്ടറിമാരുടെ യോഗം നടന്നിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസവും യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഡ്രൈ ഡേ പിൻവലിച്ചാലുള്ള ലാഭക്കണക്ക് വെളിവാക്കപ്പെട്ടത്.

അതേസമയം, മദ്യമില്ലാതെ ഗുജറാത്തും മദ്യനിരോധനത്തിലൂടെ തമിഴ്‌നാടും ബിഹാറും നേട്ടങ്ങളുണ്ടാക്കുമ്പോൾ മദ്യം കൂടുതൽ വിറ്റാൽ നേട്ടം ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ആലോചനയ്‌ക്കെതിരേ വിമർശനവും ഉയർന്നിട്ടുണ്ട്.

എന്നാൽ സംസ്ഥാനത്ത് മൊത്തം റവന്യൂ വരുമാനത്തിന്റെ 18.21 ശതമാനമായിരുന്നു 2012-2013 കാലത്ത് മദ്യത്തിൽ നിന്നുള്ള വരുമാനമെങ്കിൽ 2017-2018 കാലത്ത് അത് 14.3 ശതമാനമായും 2022-2023 കാലത്ത് അത് 13.4 ശതമാനമായും കുറഞ്ഞതായും കണക്കുകൾ പറയുന്നു. പത്ത് വർഷത്തിനിടയ്ക്കുണ്ടായ 4.81 ശതമാനത്തിന്റെ റവന്യൂ വരുമാനം കൂട്ടുക ലക്ഷ്യമിട്ടുതന്നെയാണ് ഡ്രൈ ഡേ പിൻവലിക്കാനുള്ള ചർച്ച നടക്കുന്നതെന്ന് വ്യക്തം.

2024, മേയ് 16, വ്യാഴാഴ്‌ച

ക്രെയിനുകളുമായി അവസാന കപ്പലുമെത്തി; ട്രയൽ ജൂണിലേക്ക്, ട്രക്ക് റോഡായില്ല

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഭീമൻ ക്രെയിനുകളുമായി ചൈനയിൽ നിന്നുള്ള അവസാന കപ്പലുമെത്തി. ഇന്ന് ഉച്ചയോടെ തുറുഖത്തിന്റെ ബെർത്തിൽ ഷെൻഹുവ-34 എന്ന കപ്പലടുക്കും. രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണ് കപ്പലിലുള്ളത്.

ഈ മാസാവസാനത്തോടെ തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് ജൂണിൽ മാത്രമേ ആരംഭിക്കൂ എന്നാണ് വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചത്. തുറമുഖത്തിന്റെ ഭാഗമായ 2.959 കിലോമീറ്റർ പുലിമുട്ട് (ശാന്തമായ കടൽത്തീരമൊരുക്കാനുള്ള കരിങ്കൽ കടൽഭിത്തി) നിർമിക്കുകയും അവയ്ക്ക് സംരക്ഷണമൊരുക്കുന്ന കവറുകളും മറ്റും സ്ഥാപിച്ചുകൊണ്ടിരിക്കുകയുമാണ്. 20 മീറ്റർ ആഴത്തിലും 120 മീറ്റർ വീതിയിലും കടൽനിരപ്പിനു മുകളിൽ 10 മീറ്റർ വീതിയിൽ ഏഴര മീറ്റർ ഉയരത്തിലുമാണ് ഇതിന്റെ നിർമാണം.

എന്നാൽ, തുറമുഖത്തെത്തുന്ന കണ്ടെയ്‌നറുകൾക്ക് സുഗമമായി നീങ്ങാൻ റോഡോ, റെയിൽ മാർഗമോ ഇനിയും ഒരുങ്ങിയിട്ടില്ല. തുറമുഖത്തുനിന്ന് ദേശീയപാതയിലേക്ക് 1.7 കിലോമീറ്റർ നീളത്തിൽ നാലുവരി പാതയാണ് ഒരുക്കേണ്ടതെന്നിരിക്കേ 600 മീറ്ററേ പൂർത്തിയായിട്ടുള്ളൂ. ഇവിടെ ഔട്ടർ റിംഗ് റോഡും ചേരുന്നതിനാൽ വിദേശങ്ങളിലെപ്പോലെ സിഗ്നൽ രഹിത സംവിധാനമായ ആകാശപ്പാതയിലൂടെ റോഡുകൾ മാറിപ്പോകാനാവുന്ന ക്ലോവർ ലീഫ് ഇന്റർ സെക്ഷൻ നിർമിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. വലിയ ട്രക്കുകളും മറ്റും കണ്ടെയ്‌നറുകളുമായി വരുമ്പോൾ ഗതാഗതം തടസപ്പെടാതിരിക്കാനാണ് സിഗ്നൽ രഹിതമായതും യഥേഷ്ടം കടന്നുപോകാവുന്നതുമായ പുതിയ സംവിധാനം ഒരുക്കുന്നത്. തുറമുഖ റോഡും ദേശീയ പാതയും തമ്മിൽ ചേരുന്നതോടെ മാത്രമേ ട്രയൽ റൺ ആരംഭിക്കുന്നതിൽ കാര്യമുള്ളൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓണത്തോടെ തുറമുഖം പ്രവർത്തനം ആരംഭിക്കണമെന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.

ചരക്കുനീക്കത്തിന് റെയിൽ സംവിധാനം അത്യാവശ്യമാണെന്നിരിക്കേ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞത്തേക്ക് 10.76 കിലോമീറ്റർ ഭൂഗർഭ പാതയ്ക്ക് ഡി.പി.ആർ തയാറാക്കിയിരുന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇത് തുടങ്ങാനായിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

വൻ കപ്പലുകൾ അടുപ്പിക്കേണ്ട ബർത്തിന്റെ 650 മീറ്റർ മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. ഇനിയും 150 മീറ്റർ ശേഷിക്കുന്നുണ്ട്. തുറമുഖത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വയബിലിറ്റി ഫണ്ട് ഇതുവരെ രൂപീകരിക്കാത്തതും പദ്ധതി വൈകുന്നതിലേക്ക് നയിക്കുമെന്ന് വിലയിരുത്തുന്നവരുണ്ട്. 817 കോടി വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകളും അദാനി ഗ്രൂപ്പും വയബിലിറ്റി ഗ്യാപ് ഫണ്ടായി മുടക്കണമെന്നിരിക്കേ കടക്കെണിയിലുള്ള സംസ്ഥാനം പണം എപ്പോൾ ലഭ്യമാക്കുമെന്നതും പ്രധാനമാണ്.

2024, മേയ് 14, ചൊവ്വാഴ്ച

പുരപ്പുറ സൗരോർജമുള്ളവർക്ക് കെ.എസ്.ഇ.ബി കുടുക്ക്

 

ഗിരീഷ് കെ നായർ

തിരുവനന്തപുരം: വൈദ്യുതി നിരക്ക് പല കാരണങ്ങൾ നിരത്തി കെ.എസ്.ഇ.ബി വർധിപ്പിക്കുന്നതിൽ സഹികെട്ടാണ് കൊട്ടാരക്കരയുള്ള ഒരു ഉപഭോക്താവ് സൗരോർജ പാനൽ വയ്ക്കാൻ തീരുമാനിച്ചത്. നാല് ലക്ഷം രൂപ മുടക്കി സോളാർ പാനൽ വച്ചപ്പോൾ നിരക്ക് 300 രൂപയായി കുറഞ്ഞതിൽ സന്തോഷിച്ചു. എന്നാൽ ഈ മാസം മുതൽ ഈ ഉപഭോക്താവിന് മൂവായിരം രൂപയുടെ ബില്ല് നൽകി കെ.എസ്.ഇ.ബി ഞെട്ടിച്ചു. സ്വന്തം പണം കൊടുത്ത് സോളാർ പാനൽ വച്ചതുകൊണ്ട് ഗുണത്തേക്കാളേറെ ദോഷമാണുണ്ടായതെന്നാണ് ഉപഭോക്താവിന്റെ പരാതി.

കേന്ദ്ര സർക്കാരിന്റെ സൂര്യ ഘർ പദ്ധതിയിൽ വീടുകളിൽ സോളാർ പാനൽ വയ്ക്കുന്നത് വ്യാപകമായതോടെ വൈദ്യുതി ബില്ലിൽ പല കാരണങ്ങൾ നിരത്തി വർദ്ധനവ് വരുത്തിയിരുന്ന കെ.എസ്.ഇ.ബിക്ക് പൊടുന്നനെ വരവിൽ കുറവുണ്ടായിരുന്നു. എന്നാൽ കിട്ടാതെ പോയ സോളാർ ഉപഭോക്താക്കളുടെ പണം തിരികെയെത്തിക്കാൻ കൂലംകഷമായി ചിന്തിച്ചെടുത്ത തീരുമാനമാണ് ഉപഭോക്താക്കൾക്ക് സോളാർ ഇരുട്ടടിയായതന്ന്് ചൂണ്ടിക്കാണിക്കപ്പെടുന്നു. സോളാർ ഉപഭോക്താക്കളുടെ ബാങ്കിംഗ് സൈക്കിൾ മാറ്റിക്കൊണ്ടാണ് കെ.എസ്.ഇ.ബി തന്ത്രമിറക്കിയത്. ഉപയോഗം കഴിഞ്ഞുള്ള സോളാർ വൈദ്യുതി ഉപഭോക്താവിന് കെ.എസ്.ഇ.ബിയുടെ ബാങ്കിലേക്ക് നൽകാനാവും. ഉപഭോക്താവിന്റെ ശരാശരി മാസ ഉപയോഗം വർധിച്ചാൽ നേരത്തെ ബാങ്കിൽ നൽകിയിരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി നൽകുന്നതാണ് രീതി. ഒക്ടോബർ മുതൽ അടുത്ത വർഷം സെപ്തംബർ വരെ ഒരു വർഷത്തേക്കായിരുന്നു ബാങ്ക് കാലാവധി തുടർന്നു വന്നിരുന്നത്. ഇത് ഏപ്രിൽ മുതൽ മാർച്ച് വരെ ആക്കിയതോടെയാണ് ഉപഭോക്താക്കൾക്ക് കുടുക്കൊരുങ്ങിയത്.

ഒക്ടോബർ മുതൽ സെപ്തംബർ വരെ കാലയളവിൽ അധിക ഉപഭോഗത്തിന് ബാങ്കിലുള്ള വൈദ്യുതി ഉപയോഗിക്കുമ്പോൾ ഉപഭോക്താവ് അധിക നിരക്ക് നൽകേണ്ടിയിരുന്നില്ല. കാരണം, ചൂടുകാലം കഴിഞ്ഞായതിനാൽ ബാങ്കിൽ നീക്കിയിരുപ്പുണ്ടാവും. ചൂടുകാലമായ മാർച്ച്-ഏപ്രിൽ-മെയ് മാസങ്ങളിലേക്കെത്തുമ്പോൾ ബാങ്കിൽ അധിക വൈദ്യുതി യഥേഷ്ടം കാണും. സെപ്തംബറോടെ ബാങ്ക് അവസാനിക്കുകയും പുതിയ സൈക്കിൾ ഒക്ടോബറിലാരംഭിക്കുകയും ചെയ്യും. ബാങ്ക് സൈക്കിൾ അവസാനിച്ചതിനാൽ ഒക്ടോബർ ആരംഭിക്കുമ്പോൾ  ബാങ്കിൽ നീക്കിയിരുപ്പ് പൂജ്യമായിരിക്കും. ചൂടില്ലാക്കാലത്ത് സാധാരണ ഉപഭോഗത്തിൽ അധിക വൈദ്യുതി വേണ്ടിവരുകയുമില്ല. 

എന്നാൽ ബാങ്ക് സൈക്കിൾ ഏപ്രിൽ മുതൽ മാർച്ച് വരെ ആക്കിയതോടെ മാർച്ചിൽ സൈക്കിൾ തീരും. അതോടെ നീക്കിയിരുപ്പ് പൂജ്യമാകും. അതായത് ബാങ്കിൽ ഉപഭോക്താവ് നൽകിയിരുന്ന അധികവൈദ്യുതി തീരും. പുതിയ സൈക്കിൾ ഏപ്രിലിൽ ആരംഭിക്കുമ്പോൾ പൂജ്യമായിരിക്കും ബാങ്കിലുള്ള വൈദ്യുതി. ഇതുകാരണം കൂടുതൽ വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്ന ചൂടുകാലമായ ഏപ്രിലിൽ സോളാർ ഉത്പാദനത്തേക്കാൾ അധിക വൈദ്യുതി കെ.എസ്.ഇ.ബിയിൽ നിന്ന് ഉപഭോക്താവിന് വാങ്ങേണ്ടിവരുന്നു. ഇത്തവണ ചൂട് സർവകാല റെക്കോഡിലെത്തിയതോടെ സോളാർ ഉണ്ടല്ലോ എന്നുകരുതി എ.സിയും മറ്റും അധികമായി ഉപയോഗിച്ചവർ കെ.എസ്.ഇ.ബിയുടെ തന്ത്രത്തിൽ കുടുങ്ങിയതാണ് ബില്ലുകൾ അധികരിക്കാൻ കാരണം.

സോളാർ വച്ചവർക്ക് ഫിക്‌സഡ് നിരക്ക് ഉപയോഗത്തിനനുസരിച്ച് മാറുമെന്നതിനാൽ ഉപഭോഗം കൂടിയാൽ നിരക്കും കൂടും. ഇതുകൂടാതെ സർചാർജും സർചാർജ് ഉൾപ്പെടെ ഊർജനിരക്കിന്റെ പത്ത് ശതമാനവും മീറ്റർ വാടകയും അതിന് ചുമത്തുന്ന 9 ശതാനം വീതമുള്ള കേന്ദ്ര-സംസ്ഥാന പ്രത്യേക വിഹിതങ്ങളും ചേരുമ്പോൾ ബിൽത്തുക കനക്കും.

അതേസമയം, സോളാർ ഉത്പാദകർക്ക് കൂടുതൽ ബാധ്യതയുണ്ടാക്കിയേക്കുമായിരുന്ന ഗ്രോസ് ബില്ലിംഗ് രീതിയിൽ നിന്നും നികുതി വർധനയിൽ നിന്നും പിൻമാറിയതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കിയിട്ടുള്ളതിൽ അവർക്ക് ആശ്വസിക്കാം.


ലോകത്ത് ഇന്ത്യ മൂന്നാമത്

സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൽ ലോകത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 2015ൽ മൊത്തം വൈദ്യുതിയുടെ 0.5 ശതമായിരുന്നു ഇന്ത്യയിൽ സോളാർ വൈദ്യുതി ഉത്പാദനമെങ്കിൽ 2023ൽ അത് 5.8 ശതമാനത്തിലെത്തി. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ചൈനയും അമേരിക്കയുമാണ്. കേരളത്തിൽ സോളാർ ഉപഭോക്താക്കൾ കൂടിക്കൊണ്ടിരിക്കേ കെ.എസ്.ഇ.ബി ഇവരടയ്‌ക്കേണ്ട തുകയിൽ ചില്ലറ വർധന വരുത്തിയാൽപ്പോലും ഭീമമായ തുക ലഭിക്കും.


സോളാർ വച്ചിട്ടും ബിൽ പതിനായിരമെന്ന് ആർ. ശ്രീലേഖ

സോളാർ വച്ചിട്ടും വൈദ്യുതി ബിൽത്തുക തുടർച്ചയായി വർധിച്ച് പതിനായിരത്തിന് മുകളിൽ വന്നെന്ന് മുൻ ഡി.ജി.പി ആർ. ശ്രീലേഖ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയിരുന്നു. ആദ്യമാസങ്ങളിൽ കുറഞ്ഞെങ്കിലും ഇപ്പോഴിതാണവസ്ഥയെന്നും കെ.എസ്.ഇ.ബിക്ക് ബാക്കിവരുന്ന വൈദ്യുതി നൽകാതെ ഓഫ് ഗ്രിഡ് ആക്കി വയ്ക്കുന്നതാണ് നല്ലതെന്നും ശ്രീലേഖ പറഞ്ഞിരുന്നു.



2024, മേയ് 12, ഞായറാഴ്‌ച

ഗവർണർ-സർക്കാർ പോരിന് വീണ്ടും കളമൊരുങ്ങി

 



സഭാസമ്മേളനം ജൂൺ പത്തിന് തുടങ്ങും


ഗിരീഷ് കെ നായർ


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ യാത്രാവിവരം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ സൂചിപ്പിച്ചതോടെ ഗവർണർ-സർക്കാർ പോരിന് വീണ്ടും കളമൊരുങ്ങി. പതിനഞ്ചാം നിയമസഭയുടെ 11ാം സമ്മേളനം ജൂൺ 10ന് ആരംഭിക്കാനിരിക്കേ ഗവർണറുടെ അസംപ്തൃപ്തി നിയമസഭ പാസാക്കുന്ന 15ഓളം ബില്ലുകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഗവർണർ ഒപ്പിടാൻ വിസമ്മതിക്കുകയോ നീട്ടിക്കൊണ്ടു പോവുകയോ ചെയ്താൽ അത് ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാനത്തിന്റെ നാഥനെന്ന നിലയിൽ ഗവർണറെ സംസ്ഥാന ഭരണാധികാരി യാത്രാ വിവരങ്ങൾ പ്രത്യേകിച്ച് വിദേശ യാത്രയുടെ വിവരങ്ങൾ അറിയിക്കണമെന്ന പ്രോട്ടോക്കോളുണ്ട്. ഈ വർഷമാദ്യം ഗവർണറും സർക്കാരും തമ്മിലുണ്ടായ അസ്വാരസ്യത്തിന്റെ തുടർച്ചയെന്നോണം രാജ്ഭവനെ മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങൾ അറിയിച്ചില്ല. മുൻപ് മുഖ്യമന്ത്രി വിദേശയാത്ര പോയപ്പോഴും തന്നെ അറിയിച്ചിരുന്നില്ലെന്നും രാജ്ഭവനെ ഇരുട്ടിൽ നിർത്തുകയാണെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി താൻ രാഷ്ട്രപതിക്ക് കത്തയച്ചതായും ഗവർണർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് സർക്കാരുമായി അസ്വാരസ്യം തുടരുമെന്ന സൂചനയാണ്.

മെയ് ആറിനാണ് 12 ദിവസത്തെ വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിയും കുടുംബവും പുറപ്പെട്ടത്. ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ എന്നിവിടങ്ങിലേയ്ക്കായിരുന്നു യാത്ര. മുഖ്യമമന്ത്രിയുടെ ഔദ്യോഗിക വിദേശ യാത്രയ്ക്ക് സർക്കാർ അറിയിപ്പ് നൽകാറുണ്ടെങ്കിലും അനൗദ്യോഗികമാണെന്ന നിലയ്ക്കാണ് അറിയിപ്പ് നൽകാതിരുന്നതെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക വിദേശ യാത്രയുടെ വിവരവും തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടുന്നു.

ജനുവരിയിൽ ഗവർണറുടെ റിപ്പബ്ലിക് ദിന വിരുന്നും (അറ്റ് ഹോം) ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തപ്പോഴത്തെ ചായസൽക്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു. സഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെയായിരുന്നു ഇത്. നയപ്രഖ്യാപനം ഒന്നര മിനിറ്റിലൊതുക്കി സർക്കാരുമായി സമവായത്തിനില്ലെന്ന് ഗവർണർ സൂചന നൽകിയിരുന്നു. നയപ്രഖ്യാപനത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഭാഗം മാത്രമാണ് അന്ന് ഗവർണർ വായിച്ചത്. സഭയിലെത്തിയപ്പോൾ തന്നെ സ്വീകരിച്ച മുഖ്യമന്ത്രിയെ നോക്കാനോ അഭിവാദ്യം ചെയ്യാനോ ഗവർണർ തയാറാകാതിരുന്നതും സർക്കാരിനെ ചൊടിപ്പിച്ചിരുന്നു.

റവന്യൂ റിക്കവറി നിയമ ഭേദഗതി ബിൽ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്ന ബിൽ, നാലു വർഷ ബിരുദ നിയമ ഭേദഗതി ബിൽ തുടങ്ങിയവ നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇവയെല്ലാം പ്രധാനമാണെന്നിരിക്കേ ഗവർണറുടെ നയം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.



2024, മേയ് 9, വ്യാഴാഴ്‌ച

വാരിക്കോരി നൽകിയോ മാർക്ക് ? കടുക്കുമോ അടുത്ത വർഷം ?


ഗിരീഷ് കെ നായർ


പ്രതീക്ഷിച്ചത് തെറ്റിയില്ല. ഇത്തവണയും ജയശതമാനം ഉയർന്നുതന്നെ. ജയനിരക്കും എ പ്ലസ് നേടിയവരുടെ എണ്ണവും കഴിഞ്ഞ ആറു വർഷത്തെ രണ്ടാമത്തെ ഉയർന്ന നിരക്കിലുമെത്തി. വാരിക്കോരി മാർക്ക് നൽകുന്നത് എസ്.എസ്.എൽ.സി പരീക്ഷയുടെ നിലവാരം കുറയ്ക്കുന്നുവെന്നും നിറം കെടുത്തുന്നുവെന്നും ഇതിനുശേഷമുള്ള മത്സരപരീക്ഷകളിൽ കുട്ടികൾ പിന്നോക്കം പോകുന്നുവെന്നും മറ്റുമുള്ള ആരോപണം നിലനിൽക്കേയാണ് ഇത്തവണയും കുട്ടികൾക്ക് ഉയർന്ന ജയനിരക്ക് ലഭിച്ചിരിക്കുന്നത്.
ഇത്തവണ ജയം 99.69 ശതമാനയപ്പോൾ എ പ്ലസ് നേടിയത് 71,831 പേരാണ്. 2021ൽ കൊവിഡ് കാലത്ത് നടന്ന പരീക്ഷയിലാണ് കൈയയച്ച് മാർക്ക് നൽകിയപ്പോൾ ഇതിനു മുമ്പ് കൂടുതൽ വിജയശതമാനവും കൂടുതൽ കുട്ടികൾക്ക് എ പ്ലസും ലഭിച്ചത്. 2021ൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 99.47 ശതമാനം പേർ ജയിച്ചപ്പോൾ 1,21,318 എന്ന സർവകാല റെക്കോർഡാണ് എ പ്ലസിലുണ്ടായത്. 2019ൽ പ്രളയകാലത്ത് 98.11 ശതമാനം ജയിച്ചപ്പോൾ എ പ്ലസ് 37,334ഉം 2020ൽ 98.82 ശതമാനം ജയിച്ചപ്പോൾ 41,906 എ പ്ലസുകളും 2022ൽ 99.26 ശതമാനം ജയമുണ്ടായപ്പോൾ 44,363 പേർക്ക് എ പ്ലസും ലഭിച്ചപ്പോൾ കഴിഞ്ഞ വർഷം 99.70 ശതമാനം വിജയവും 68,604 എ പ്ലസുമാണ് ഉണ്ടായിരുന്നത്.
വിജയശതമാനം കൂടുകയും എ പ്ലസ് നേടുന്നവരുടെ എണ്ണം കൂടുന്നതുമല്ലാതെ ദേശീയ മത്സരപരീക്ഷകളിൽ ജയം നേടാൻ കുട്ടികൾക്ക് കഴിയുന്നില്ലെന്നതാണ് വാരിക്കോരി മാർക്കു നൽകുന്നതിനാലാണ് ജയവും എ പ്ലസും കൂടുന്നതെന്ന വിമർശനമുയരുന്നതും ഇതിനാലാണ്. 
അക്ഷരമറിയാത്തവർ പോലും എ പ്ലസ് നേടുന്നതുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വോയ്‌സ് മെസേജ് ഏറെ വിവാദമുണ്ടാക്കുകയും ചെയ്തിരുന്നു. 2013ൽ ബിജുപ്രഭാകർ, 2016ൽ എം.എസ് ജയ എന്നീ വിദ്യാഭ്യാസ ഡയറക്ടർമാരാണ് എസ്.എസ്.എൽ.സി പരീക്ഷയുടെ നിലവാരത്തകർച്ച ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാലും ജയശതമാനവും എ പ്ലസും കൂടുന്നത് തുടർന്നതോടെ വിമർശനങ്ങളുയർന്നിരുന്നു.
ഇത്തവണ കൂടിമാത്രമേ ഇത്തരത്തിലുള്ള ജയശതമാനമുണ്ടാകൂ എന്നു നിരന്തര മൂല്യനിർണയവും പരീക്ഷയും അടുത്ത തവണ മെച്ചപ്പെടുത്തുമെന്നുമാണ് എസ്.സി.ഇ.ആർ.ടി പറയുന്നത്. ഓരോ പേപ്പറിനും മിനിമം മാർക്ക് നിശ്ചയിക്കണമെന്ന ശുപാർശയും പാലിക്കപ്പെട്ടിട്ടില്ല. നിലവിൽ 100 മാർക്ക് ചോദ്യത്തിന് 20 മാർക്കും 50 മാർക്ക് ചോദ്യത്തിന് 10 മാർക്കും നിരന്തര മൂല്യനിർണയത്തിന് ജയിക്കാൻ വേണ്ടത്. ക്ലാസ് ടീച്ചർമാർ കൈയയച്ച് സഹായിക്കുന്നതോടെ ജയശതമാനമേറുന്നു. ഇനി 12 മാർക്കെങ്കിലും ജയിക്കാൻ വേണമന്ന നിയമം അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്നാണ് ഇപ്പോൾ വകുപ്പ് നൽകുന്ന വിവരം.
നിരന്തര മൂല്യനിർണയമെന്നു പറയുകയല്ലാതെ വാർഷിക പരീക്ഷയിലെ മാർക്കുതന്നെയാണ് ഇപ്പോഴും കുട്ടികളുടെ പഠനനിലവാരം അളക്കാനുള്ള ഉപാധിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിരന്തര മൂല്യനിർണയം നിശ്ചിത മാർക്കിടുന്നതായി ചുരുങ്ങി. പുതിയ പാഠ്യപദ്ധതിയിൽ കുട്ടികളുടെ പഠന നിലവാരം അളക്കാൻ ശാസ്ത്രീയമായ വഴികൾ നടപ്പാക്കിയില്ലെങ്കിലും ജയവും എ പ്ലസും തുടരുകയും മത്സര പരീക്ഷകൾ കീറാമുട്ടിയായി ഒതുങ്ങുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വിലയിരുത്തപ്പെടുന്നു.