2024, ജൂൺ 7, വെള്ളിയാഴ്‌ച

മാണി ഗ്രൂപ്പിന് പാലമിട്ട് സുധാകരൻ, മുളയിലേ നുള്ളി സതീശൻ

 ഇടതുമുന്നണിയിൽ രാജ്യസഭ സീറ്റ് തർക്കം:


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ഇടതുമുന്നണിയിൽ രാജ്യസഭ സീറ്റ് തർക്കം മൂർഛിക്കുമ്പോൾ അസംതൃപ്തരായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ തിരികെ യു.ഡി.എഫ് പാളയത്തിലെത്തിക്കാൻ ശ്രമം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മാണി ഗ്രൂപ്പിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായം പറഞ്ഞതിനു പിന്നാലെ എതിർപ്പ് പരസ്യമാക്കി അത്തരത്തിലൊരു തീരുമാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുറന്നടിച്ചു. ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ലെന്നും ഹൈക്കമാൻഡ് അനുമതിയും യു.ഡി.എഫ് അനുമതിയുമില്ലാതെ ഇക്കാര്യത്തിൽ തീരുമാനമില്ലെന്നുമാണ് സതീശൻ വിശദീകരിച്ചത്.

പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും തമ്മിലുള്ള ശീതയുദ്ധം തുടരുന്നുവെന്നു വ്യക്തമാക്കുന്നതാണീ സംഭവം.

കോട്ടയത്ത് പ്രതീക്ഷിച്ച സീറ്റിൽ കേരള കോൺഗ്രസിന്റെ ചാഴികാടൻ പരാജയപ്പെട്ടതോടെ കേരള കോൺഗ്രസിന് പാർലമെന്റ് പദവി ഇല്ലെന്നുറപ്പായി. നിലവിലെ രാജ്യസഭാംഗമായിരുന്നു കേരള കോൺഗ്രസ് ചെയർമാൻ കൂടിയായ ജോസ് കെ മാണി. അദ്ദേഹത്തിന്റെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെയും സി.പി.എമ്മിന്റെ എളമരം കരീമിന്റെയും രാജ്യസഭാ കാലാവധിയും കഴിഞ്ഞു. കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിൽ ഒന്ന് സി.പി.എമ്മിനാണ്. രണ്ടാമത്തെ സീറ്റ് സി.പി.ഐക്ക് കൊടുക്കാനാണ് നീക്കമെന്നിരിക്കേയാണ് അവകാശവുമായി കേരള കോൺഗ്രസ് എമ്മും ആർ.ജെ.ഡിയും എൻ.സി.പിയും രംഗത്തെത്തിയത്. 

കോട്ടയത്ത് നിന്ന് പാർലമെന്റ് പ്രാതിനിധ്യമുണ്ടായിരുന്ന മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് പോയതോടെയാണ് അത് നഷ്ടമായത്. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നൽകുന്നതിനുപകരം ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ, കേരള ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ പോലുള്ള കാബിനറ്റ് പദവികളിലേക്ക് പരിഗണിക്കുന്നതായ വാർത്ത കേരള കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു. 

ഈ അസംതൃപ്തി മുതലെടുത്ത് അവരെ യു.ഡി.എഫ് പാളയത്തിൽ തിരികെയെത്തിക്കാനാണ് കെ. സുധാകരൻ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. എന്നാൽ അതിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തരത്തിലുള്ള സതീശന്റെ പ്രതികരണം കേരള കോൺഗ്രസ് വൃത്തങ്ങളിൽപോലും അനുരണനങ്ങളുണ്ടാക്കും. ജോസ് കെ മാണിയുമായി മാനസികാടുപ്പം ഇല്ലാത്ത ജോസഫ് ഗ്രൂപ്പ് ഇപ്പോൾത്തന്നെ യു.ഡി.എഫിന്റെ കൂടെയുണ്ട്. ജോസ് കെ മാണിക്ക് ജോസഫ് പക്ഷത്തോട് ചേർന്നുപോകാനാകാത്ത സ്ഥിതി വന്നാൽ തമ്മിൽതർക്കം തലവേദനയായേക്കുമെന്ന ചിന്തയാകും സതീശനുണ്ടായതെന്ന വിശദീകരണങ്ങളും പുറത്തുവരുന്നുണ്ട്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ