ഗിരീഷ് കെ നായർ
തിരുവനന്തപുരം: കോൺഗ്രസിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരാൻ നിമിത്തമായി തിരുവനന്തപുരത്ത് മെയ് 26ന് നടന്ന കെ.എസ്.യു പഠന ക്യാംപിലെ കൂട്ടത്തല്ല്. നെയ്യാറ്റിൻകരയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ കൂട്ടത്തല്ലിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കടുത്ത നടപടി ആവശ്യപ്പെട്ടപ്പോൾ മറ്റൊരു വിഭാഗം അത് കുട്ടിക്കളിയായി ഒതുക്കാൻ ശ്രമിച്ചതാണ് നേതൃനിരയിലെ തുടരുന്ന ചേർച്ചക്കുറവ് വ്യക്തമാക്കിയത്.
കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ പടലപ്പിണക്കം മാധ്യമങ്ങളിലൂടെ ലോകം കണ്ടതും അറിഞ്ഞതുമാണ്. ഇതിൽ ഏറ്റവും ഒടുവിലത്തെതാണ് നേതാക്കളുടെ പ്രതികരണത്തിലൂടെ ഇന്നലെ കണ്ടത്. കെ. സുധാകരന്റെയും വി.ഡി സതീശന്റെയും ശരീര ഭാഷയിൽപോലും ഇരുവരും തമ്മിൽ മാനസികാടുപ്പമില്ലെന്ന് വ്യക്തമാക്കിയ പല സംഭവങ്ങളും ഉണ്ടായിട്ടുമുണ്ട്.
കെ.എസ്.യു തെക്കൻ മേഖല പഠന ക്യാംപ് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല സംഘടിപ്പിച്ചതെന്ന ഗുരുതര ആരോപണം ഇന്നലെത്തന്നെ ഉയർന്നിരുന്നു. കൂട്ടത്തല്ലിനു പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്. കെ.പി.സി.സി പ്രസിഡന്റിനെ പഠന ക്യാംപിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ അറിയിച്ചത് വളരെ വൈകിയാണെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്തുണ്ടായിട്ടും അദ്ദേഹം പരിപാടിയിൽ നിന്നു വിട്ടുനിന്നതോടെ മൂപ്പിളമ തർക്കം കൂടി. സതീശൻ ഉദ്ഘാടകനായി എത്തിയതോടെ പടലപ്പിണക്കം വെളിവായി.
തനിക്ക് അനിഷ്ടമായ ക്യാംപിൽ കൂട്ടത്തല്ലുണ്ടായെന്ന വിവരം പുറത്തുവന്നതിനുപിന്നാലെ ക്യാംപ് നിർത്തിവയ്ക്കാൻ നിർദേശിച്ച കെ.പി.സി.സി പ്രസിഡന്റ്, അന്വേഷണ കമ്മിഷനെ നിയമിക്കുകയും കടുത്ത നടപടി സ്വീകരിക്കുമെന്ന് ഇന്നലെത്തന്നെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുതൊട്ടുപിന്നാലെ പ്രതികരിച്ച സതീശനാകട്ടെ കെ.എസ്.യു തർക്കത്തിൽ കെ.പി.സി.സി ഇടപെടേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത് പ്രസിഡന്റുമായുള്ള നീരസത്തിന്റെ തുടർച്ചയായി. എൻ.എസ്.യു നാലുപേർക്കെതിരേ നടപടിയെടുത്തതോടെ കെ.പി.സി.സിയുടെ അച്ചടക്ക നടപടിക്ക് സാധ്യതയും ഇല്ലാതാക്കി. മാത്രമല്ല, സുധാകരൻ പക്ഷക്കാരായ സംസ്ഥാന-ജില്ലാ നേതാക്കളായ രണ്ടുപേരെ പുറത്താക്കിയതും ക്ഷീണമായി.
അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിൽ ക്യാംപ് നടക്കുന്ന വിവരം കെ.പി.സി.സിയെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ക്യാംപ് ഡയറക്ടറെ തീരുമാനിക്കാതെ പരിപാടി നടത്തിയത് കെ.എസ്.യു സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയായി കെ.പി.സി.സി നേതൃത്വം ചിത്രീകരിക്കുന്നു.
കെ.എസ്.യു ഭാരവാഹി തെരഞ്ഞെടുപ്പിൽ സുധാകരന് അതൃപ്തി ഉണ്ടായിരുന്നു. അക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കെ.എസ്.യുവിന്റെ പ്രഥമ ഭാരവാഹി യോഗം തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് നടത്താൻ അനുവദിക്കാതിരുന്നത് ഇതിന്റെ തുടർച്ചയായിരുന്നു. കെ.എസ്.യു പരിപാടി കൊച്ചിയിൽ നടത്തുകയും ഇപ്പോൾ നടന്ന പരിപാടിയിൽ കെ.പി.സി.സി പ്രസിഡന്റിനെ തഴയുകയും ചെയ്തത് ഇതിന്റെ തുടർച്ചയായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ