സഭാസമ്മേളനം ജൂൺ പത്തിന് തുടങ്ങും
ഗിരീഷ് കെ നായർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ യാത്രാവിവരം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ സൂചിപ്പിച്ചതോടെ ഗവർണർ-സർക്കാർ പോരിന് വീണ്ടും കളമൊരുങ്ങി. പതിനഞ്ചാം നിയമസഭയുടെ 11ാം സമ്മേളനം ജൂൺ 10ന് ആരംഭിക്കാനിരിക്കേ ഗവർണറുടെ അസംപ്തൃപ്തി നിയമസഭ പാസാക്കുന്ന 15ഓളം ബില്ലുകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഗവർണർ ഒപ്പിടാൻ വിസമ്മതിക്കുകയോ നീട്ടിക്കൊണ്ടു പോവുകയോ ചെയ്താൽ അത് ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംസ്ഥാനത്തിന്റെ നാഥനെന്ന നിലയിൽ ഗവർണറെ സംസ്ഥാന ഭരണാധികാരി യാത്രാ വിവരങ്ങൾ പ്രത്യേകിച്ച് വിദേശ യാത്രയുടെ വിവരങ്ങൾ അറിയിക്കണമെന്ന പ്രോട്ടോക്കോളുണ്ട്. ഈ വർഷമാദ്യം ഗവർണറും സർക്കാരും തമ്മിലുണ്ടായ അസ്വാരസ്യത്തിന്റെ തുടർച്ചയെന്നോണം രാജ്ഭവനെ മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങൾ അറിയിച്ചില്ല. മുൻപ് മുഖ്യമന്ത്രി വിദേശയാത്ര പോയപ്പോഴും തന്നെ അറിയിച്ചിരുന്നില്ലെന്നും രാജ്ഭവനെ ഇരുട്ടിൽ നിർത്തുകയാണെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി താൻ രാഷ്ട്രപതിക്ക് കത്തയച്ചതായും ഗവർണർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് സർക്കാരുമായി അസ്വാരസ്യം തുടരുമെന്ന സൂചനയാണ്.
മെയ് ആറിനാണ് 12 ദിവസത്തെ വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിയും കുടുംബവും പുറപ്പെട്ടത്. ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ എന്നിവിടങ്ങിലേയ്ക്കായിരുന്നു യാത്ര. മുഖ്യമമന്ത്രിയുടെ ഔദ്യോഗിക വിദേശ യാത്രയ്ക്ക് സർക്കാർ അറിയിപ്പ് നൽകാറുണ്ടെങ്കിലും അനൗദ്യോഗികമാണെന്ന നിലയ്ക്കാണ് അറിയിപ്പ് നൽകാതിരുന്നതെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക വിദേശ യാത്രയുടെ വിവരവും തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടുന്നു.
ജനുവരിയിൽ ഗവർണറുടെ റിപ്പബ്ലിക് ദിന വിരുന്നും (അറ്റ് ഹോം) ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തപ്പോഴത്തെ ചായസൽക്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു. സഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെയായിരുന്നു ഇത്. നയപ്രഖ്യാപനം ഒന്നര മിനിറ്റിലൊതുക്കി സർക്കാരുമായി സമവായത്തിനില്ലെന്ന് ഗവർണർ സൂചന നൽകിയിരുന്നു. നയപ്രഖ്യാപനത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഭാഗം മാത്രമാണ് അന്ന് ഗവർണർ വായിച്ചത്. സഭയിലെത്തിയപ്പോൾ തന്നെ സ്വീകരിച്ച മുഖ്യമന്ത്രിയെ നോക്കാനോ അഭിവാദ്യം ചെയ്യാനോ ഗവർണർ തയാറാകാതിരുന്നതും സർക്കാരിനെ ചൊടിപ്പിച്ചിരുന്നു.
റവന്യൂ റിക്കവറി നിയമ ഭേദഗതി ബിൽ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്ന ബിൽ, നാലു വർഷ ബിരുദ നിയമ ഭേദഗതി ബിൽ തുടങ്ങിയവ നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇവയെല്ലാം പ്രധാനമാണെന്നിരിക്കേ ഗവർണറുടെ നയം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ