2024, മേയ് 25, ശനിയാഴ്‌ച

സ്വകാര്യ സർവകലാശാല ബിൽ ഇത്തവണ അവതരിപ്പിക്കും

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ജൂണിൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന ബിൽ അവതരിപ്പിക്കാൻ സർക്കാർ. ജൂലൈയിൽ ആരംഭിക്കുന്ന നാലു വർഷ ബിരുദമുൾപ്പെടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്വകാര്യ സർവകാലാശാല ബില്ലും അവതരിപ്പിക്കാനാണ് നീക്കം.

ഇത്തവണത്തെ ബജറ്റിൽ സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ നടപടിയുണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടി തലത്തിലും മറ്റും സ്വകാര്യ വൽക്കരണത്തിനെതിരേ പ്രതികരണങ്ങൾ ഉണ്ടായെങ്കിലും സ്വകാര്യ, വിദേശ സർവകലാശാലകൾ സംബന്ധിച്ച ബജറ്റ് നിർദേശത്തിൽ മാറ്റമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.

ഇതിനു പിന്നാലെ വിഷയത്തിൽ വിശദ പഠനത്തിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. കൗൺസിൽ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ ബില്ല് തയാറാക്കി. നിയമവകുപ്പിന്റെ ശുപാർശകളും ഉൾപ്പെടുത്തി പരിഷ്‌കരിച്ച ബില്ലാണ് അവതരിപ്പിക്കുക.

കൽപിത സർവകലാശാലകൾക്ക് അനുമതി നൽകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും അതിന്റെ നിയന്ത്രണം സർക്കാരിനല്ലെന്നു യു.ജി.സിക്കാണെന്നും വ്യക്തമായതോടെ ഇതിൽ നിന്നു പിന്മാറി. നിയമ നിർമാണത്തിലൂടെ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാമെന്ന നിലപാടിലെത്തിയത് പിന്നീടാണ്.

സർക്കാർ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ  പറഞ്ഞു. പ്രവേശനം നൽകുന്ന വിദ്യാർഥികളിൽ 25 ശതമാനം കേരളത്തിൽ നിന്നുള്ളവരായിരിക്കണം എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. സ്‌കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നതുപോലെ മാനേജ്‌മെന്റുൾക്ക് യൂനിവേഴ്‌സിറ്റികളിൽ അധ്യാപക നിയമനം അനുവദിക്കില്ല. പകരം ഗവ. സംവിധാനങ്ങൾ നിർദേശിക്കുന്ന യോഗ്യരായ അധ്യാപകരെ മാത്രമേ സ്വകാര്യ യൂനിവേഴ്‌സിറ്റികളിൽ നിയമിക്കാൻ അനുവദിക്കൂ. 

അതേസമയം സ്വകാര്യ യൂനിവേഴ്‌സിറ്റികളിൽ സംവരണം എങ്ങനെയാണ് നടപ്പാക്കേണ്ടത് എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ബിൽ അവതരിപ്പിക്കുമ്പോഴോ മന്ത്രിസഭാ യോഗത്തിലോ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.

കോർപറേഷൻ പരിധിയിൽ 20 ഏക്കറോ, മുനിസിപ്പാലിറ്റിയിൽ 30 ഏക്കറോ, പഞ്ചായത്തിൽ 40 ഏക്കറോ ക്യാംപസ് സൗകര്യമുള്ള സ്ഥാപനങ്ങൾക്ക് യൂനിവേഴ്‌സിറ്റി ആരംഭിക്കാൻ അനുമതി ലഭിക്കും. യൂനിവേഴ്‌സിറ്റി ആസ്ഥാനം 10 ഏക്കറിൽ തുടങ്ങാൻ അനുവാദം ലഭിക്കുമെങ്കിലും വിപുലമായ ക്യാംപസ് പുറത്തുവേണമെന്ന് നിബന്ധനയുണ്ട്. 

ബിൽ അവതരിപ്പിച്ച് അത് നിയമമായ ശേഷമേ സർവകലാശാലകൾ ആരംഭിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ മേഖലയിൽ 430 സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ