2024, മേയ് 9, വ്യാഴാഴ്‌ച
വാരിക്കോരി നൽകിയോ മാർക്ക് ? കടുക്കുമോ അടുത്ത വർഷം ?
ഗിരീഷ് കെ നായർ
പ്രതീക്ഷിച്ചത് തെറ്റിയില്ല. ഇത്തവണയും ജയശതമാനം ഉയർന്നുതന്നെ. ജയനിരക്കും എ പ്ലസ് നേടിയവരുടെ എണ്ണവും കഴിഞ്ഞ ആറു വർഷത്തെ രണ്ടാമത്തെ ഉയർന്ന നിരക്കിലുമെത്തി. വാരിക്കോരി മാർക്ക് നൽകുന്നത് എസ്.എസ്.എൽ.സി പരീക്ഷയുടെ നിലവാരം കുറയ്ക്കുന്നുവെന്നും നിറം കെടുത്തുന്നുവെന്നും ഇതിനുശേഷമുള്ള മത്സരപരീക്ഷകളിൽ കുട്ടികൾ പിന്നോക്കം പോകുന്നുവെന്നും മറ്റുമുള്ള ആരോപണം നിലനിൽക്കേയാണ് ഇത്തവണയും കുട്ടികൾക്ക് ഉയർന്ന ജയനിരക്ക് ലഭിച്ചിരിക്കുന്നത്.
ഇത്തവണ ജയം 99.69 ശതമാനയപ്പോൾ എ പ്ലസ് നേടിയത് 71,831 പേരാണ്. 2021ൽ കൊവിഡ് കാലത്ത് നടന്ന പരീക്ഷയിലാണ് കൈയയച്ച് മാർക്ക് നൽകിയപ്പോൾ ഇതിനു മുമ്പ് കൂടുതൽ വിജയശതമാനവും കൂടുതൽ കുട്ടികൾക്ക് എ പ്ലസും ലഭിച്ചത്. 2021ൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 99.47 ശതമാനം പേർ ജയിച്ചപ്പോൾ 1,21,318 എന്ന സർവകാല റെക്കോർഡാണ് എ പ്ലസിലുണ്ടായത്. 2019ൽ പ്രളയകാലത്ത് 98.11 ശതമാനം ജയിച്ചപ്പോൾ എ പ്ലസ് 37,334ഉം 2020ൽ 98.82 ശതമാനം ജയിച്ചപ്പോൾ 41,906 എ പ്ലസുകളും 2022ൽ 99.26 ശതമാനം ജയമുണ്ടായപ്പോൾ 44,363 പേർക്ക് എ പ്ലസും ലഭിച്ചപ്പോൾ കഴിഞ്ഞ വർഷം 99.70 ശതമാനം വിജയവും 68,604 എ പ്ലസുമാണ് ഉണ്ടായിരുന്നത്.
വിജയശതമാനം കൂടുകയും എ പ്ലസ് നേടുന്നവരുടെ എണ്ണം കൂടുന്നതുമല്ലാതെ ദേശീയ മത്സരപരീക്ഷകളിൽ ജയം നേടാൻ കുട്ടികൾക്ക് കഴിയുന്നില്ലെന്നതാണ് വാരിക്കോരി മാർക്കു നൽകുന്നതിനാലാണ് ജയവും എ പ്ലസും കൂടുന്നതെന്ന വിമർശനമുയരുന്നതും ഇതിനാലാണ്.
അക്ഷരമറിയാത്തവർ പോലും എ പ്ലസ് നേടുന്നതുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വോയ്‌സ് മെസേജ് ഏറെ വിവാദമുണ്ടാക്കുകയും ചെയ്തിരുന്നു. 2013ൽ ബിജുപ്രഭാകർ, 2016ൽ എം.എസ് ജയ എന്നീ വിദ്യാഭ്യാസ ഡയറക്ടർമാരാണ് എസ്.എസ്.എൽ.സി പരീക്ഷയുടെ നിലവാരത്തകർച്ച ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാലും ജയശതമാനവും എ പ്ലസും കൂടുന്നത് തുടർന്നതോടെ വിമർശനങ്ങളുയർന്നിരുന്നു.
ഇത്തവണ കൂടിമാത്രമേ ഇത്തരത്തിലുള്ള ജയശതമാനമുണ്ടാകൂ എന്നു നിരന്തര മൂല്യനിർണയവും പരീക്ഷയും അടുത്ത തവണ മെച്ചപ്പെടുത്തുമെന്നുമാണ് എസ്.സി.ഇ.ആർ.ടി പറയുന്നത്. ഓരോ പേപ്പറിനും മിനിമം മാർക്ക് നിശ്ചയിക്കണമെന്ന ശുപാർശയും പാലിക്കപ്പെട്ടിട്ടില്ല. നിലവിൽ 100 മാർക്ക് ചോദ്യത്തിന് 20 മാർക്കും 50 മാർക്ക് ചോദ്യത്തിന് 10 മാർക്കും നിരന്തര മൂല്യനിർണയത്തിന് ജയിക്കാൻ വേണ്ടത്. ക്ലാസ് ടീച്ചർമാർ കൈയയച്ച് സഹായിക്കുന്നതോടെ ജയശതമാനമേറുന്നു. ഇനി 12 മാർക്കെങ്കിലും ജയിക്കാൻ വേണമന്ന നിയമം അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്നാണ് ഇപ്പോൾ വകുപ്പ് നൽകുന്ന വിവരം.
നിരന്തര മൂല്യനിർണയമെന്നു പറയുകയല്ലാതെ വാർഷിക പരീക്ഷയിലെ മാർക്കുതന്നെയാണ് ഇപ്പോഴും കുട്ടികളുടെ പഠനനിലവാരം അളക്കാനുള്ള ഉപാധിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിരന്തര മൂല്യനിർണയം നിശ്ചിത മാർക്കിടുന്നതായി ചുരുങ്ങി. പുതിയ പാഠ്യപദ്ധതിയിൽ കുട്ടികളുടെ പഠന നിലവാരം അളക്കാൻ ശാസ്ത്രീയമായ വഴികൾ നടപ്പാക്കിയില്ലെങ്കിലും ജയവും എ പ്ലസും തുടരുകയും മത്സര പരീക്ഷകൾ കീറാമുട്ടിയായി ഒതുങ്ങുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വിലയിരുത്തപ്പെടുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ