ഗിരീഷ് കെ നായർ
തിരുവനന്തപുരം: വൈദ്യുതി നിരക്ക് പല കാരണങ്ങൾ നിരത്തി കെ.എസ്.ഇ.ബി വർധിപ്പിക്കുന്നതിൽ സഹികെട്ടാണ് കൊട്ടാരക്കരയുള്ള ഒരു ഉപഭോക്താവ് സൗരോർജ പാനൽ വയ്ക്കാൻ തീരുമാനിച്ചത്. നാല് ലക്ഷം രൂപ മുടക്കി സോളാർ പാനൽ വച്ചപ്പോൾ നിരക്ക് 300 രൂപയായി കുറഞ്ഞതിൽ സന്തോഷിച്ചു. എന്നാൽ ഈ മാസം മുതൽ ഈ ഉപഭോക്താവിന് മൂവായിരം രൂപയുടെ ബില്ല് നൽകി കെ.എസ്.ഇ.ബി ഞെട്ടിച്ചു. സ്വന്തം പണം കൊടുത്ത് സോളാർ പാനൽ വച്ചതുകൊണ്ട് ഗുണത്തേക്കാളേറെ ദോഷമാണുണ്ടായതെന്നാണ് ഉപഭോക്താവിന്റെ പരാതി.
കേന്ദ്ര സർക്കാരിന്റെ സൂര്യ ഘർ പദ്ധതിയിൽ വീടുകളിൽ സോളാർ പാനൽ വയ്ക്കുന്നത് വ്യാപകമായതോടെ വൈദ്യുതി ബില്ലിൽ പല കാരണങ്ങൾ നിരത്തി വർദ്ധനവ് വരുത്തിയിരുന്ന കെ.എസ്.ഇ.ബിക്ക് പൊടുന്നനെ വരവിൽ കുറവുണ്ടായിരുന്നു. എന്നാൽ കിട്ടാതെ പോയ സോളാർ ഉപഭോക്താക്കളുടെ പണം തിരികെയെത്തിക്കാൻ കൂലംകഷമായി ചിന്തിച്ചെടുത്ത തീരുമാനമാണ് ഉപഭോക്താക്കൾക്ക് സോളാർ ഇരുട്ടടിയായതന്ന്് ചൂണ്ടിക്കാണിക്കപ്പെടുന്നു. സോളാർ ഉപഭോക്താക്കളുടെ ബാങ്കിംഗ് സൈക്കിൾ മാറ്റിക്കൊണ്ടാണ് കെ.എസ്.ഇ.ബി തന്ത്രമിറക്കിയത്. ഉപയോഗം കഴിഞ്ഞുള്ള സോളാർ വൈദ്യുതി ഉപഭോക്താവിന് കെ.എസ്.ഇ.ബിയുടെ ബാങ്കിലേക്ക് നൽകാനാവും. ഉപഭോക്താവിന്റെ ശരാശരി മാസ ഉപയോഗം വർധിച്ചാൽ നേരത്തെ ബാങ്കിൽ നൽകിയിരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി നൽകുന്നതാണ് രീതി. ഒക്ടോബർ മുതൽ അടുത്ത വർഷം സെപ്തംബർ വരെ ഒരു വർഷത്തേക്കായിരുന്നു ബാങ്ക് കാലാവധി തുടർന്നു വന്നിരുന്നത്. ഇത് ഏപ്രിൽ മുതൽ മാർച്ച് വരെ ആക്കിയതോടെയാണ് ഉപഭോക്താക്കൾക്ക് കുടുക്കൊരുങ്ങിയത്.
ഒക്ടോബർ മുതൽ സെപ്തംബർ വരെ കാലയളവിൽ അധിക ഉപഭോഗത്തിന് ബാങ്കിലുള്ള വൈദ്യുതി ഉപയോഗിക്കുമ്പോൾ ഉപഭോക്താവ് അധിക നിരക്ക് നൽകേണ്ടിയിരുന്നില്ല. കാരണം, ചൂടുകാലം കഴിഞ്ഞായതിനാൽ ബാങ്കിൽ നീക്കിയിരുപ്പുണ്ടാവും. ചൂടുകാലമായ മാർച്ച്-ഏപ്രിൽ-മെയ് മാസങ്ങളിലേക്കെത്തുമ്പോൾ ബാങ്കിൽ അധിക വൈദ്യുതി യഥേഷ്ടം കാണും. സെപ്തംബറോടെ ബാങ്ക് അവസാനിക്കുകയും പുതിയ സൈക്കിൾ ഒക്ടോബറിലാരംഭിക്കുകയും ചെയ്യും. ബാങ്ക് സൈക്കിൾ അവസാനിച്ചതിനാൽ ഒക്ടോബർ ആരംഭിക്കുമ്പോൾ ബാങ്കിൽ നീക്കിയിരുപ്പ് പൂജ്യമായിരിക്കും. ചൂടില്ലാക്കാലത്ത് സാധാരണ ഉപഭോഗത്തിൽ അധിക വൈദ്യുതി വേണ്ടിവരുകയുമില്ല.
എന്നാൽ ബാങ്ക് സൈക്കിൾ ഏപ്രിൽ മുതൽ മാർച്ച് വരെ ആക്കിയതോടെ മാർച്ചിൽ സൈക്കിൾ തീരും. അതോടെ നീക്കിയിരുപ്പ് പൂജ്യമാകും. അതായത് ബാങ്കിൽ ഉപഭോക്താവ് നൽകിയിരുന്ന അധികവൈദ്യുതി തീരും. പുതിയ സൈക്കിൾ ഏപ്രിലിൽ ആരംഭിക്കുമ്പോൾ പൂജ്യമായിരിക്കും ബാങ്കിലുള്ള വൈദ്യുതി. ഇതുകാരണം കൂടുതൽ വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്ന ചൂടുകാലമായ ഏപ്രിലിൽ സോളാർ ഉത്പാദനത്തേക്കാൾ അധിക വൈദ്യുതി കെ.എസ്.ഇ.ബിയിൽ നിന്ന് ഉപഭോക്താവിന് വാങ്ങേണ്ടിവരുന്നു. ഇത്തവണ ചൂട് സർവകാല റെക്കോഡിലെത്തിയതോടെ സോളാർ ഉണ്ടല്ലോ എന്നുകരുതി എ.സിയും മറ്റും അധികമായി ഉപയോഗിച്ചവർ കെ.എസ്.ഇ.ബിയുടെ തന്ത്രത്തിൽ കുടുങ്ങിയതാണ് ബില്ലുകൾ അധികരിക്കാൻ കാരണം.
സോളാർ വച്ചവർക്ക് ഫിക്‌സഡ് നിരക്ക് ഉപയോഗത്തിനനുസരിച്ച് മാറുമെന്നതിനാൽ ഉപഭോഗം കൂടിയാൽ നിരക്കും കൂടും. ഇതുകൂടാതെ സർചാർജും സർചാർജ് ഉൾപ്പെടെ ഊർജനിരക്കിന്റെ പത്ത് ശതമാനവും മീറ്റർ വാടകയും അതിന് ചുമത്തുന്ന 9 ശതാനം വീതമുള്ള കേന്ദ്ര-സംസ്ഥാന പ്രത്യേക വിഹിതങ്ങളും ചേരുമ്പോൾ ബിൽത്തുക കനക്കും.
അതേസമയം, സോളാർ ഉത്പാദകർക്ക് കൂടുതൽ ബാധ്യതയുണ്ടാക്കിയേക്കുമായിരുന്ന ഗ്രോസ് ബില്ലിംഗ് രീതിയിൽ നിന്നും നികുതി വർധനയിൽ നിന്നും പിൻമാറിയതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കിയിട്ടുള്ളതിൽ അവർക്ക് ആശ്വസിക്കാം.
ലോകത്ത് ഇന്ത്യ മൂന്നാമത്
സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൽ ലോകത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 2015ൽ മൊത്തം വൈദ്യുതിയുടെ 0.5 ശതമായിരുന്നു ഇന്ത്യയിൽ സോളാർ വൈദ്യുതി ഉത്പാദനമെങ്കിൽ 2023ൽ അത് 5.8 ശതമാനത്തിലെത്തി. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ചൈനയും അമേരിക്കയുമാണ്. കേരളത്തിൽ സോളാർ ഉപഭോക്താക്കൾ കൂടിക്കൊണ്ടിരിക്കേ കെ.എസ്.ഇ.ബി ഇവരടയ്‌ക്കേണ്ട തുകയിൽ ചില്ലറ വർധന വരുത്തിയാൽപ്പോലും ഭീമമായ തുക ലഭിക്കും.
സോളാർ വച്ചിട്ടും ബിൽ പതിനായിരമെന്ന് ആർ. ശ്രീലേഖ
സോളാർ വച്ചിട്ടും വൈദ്യുതി ബിൽത്തുക തുടർച്ചയായി വർധിച്ച് പതിനായിരത്തിന് മുകളിൽ വന്നെന്ന് മുൻ ഡി.ജി.പി ആർ. ശ്രീലേഖ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയിരുന്നു. ആദ്യമാസങ്ങളിൽ കുറഞ്ഞെങ്കിലും ഇപ്പോഴിതാണവസ്ഥയെന്നും കെ.എസ്.ഇ.ബിക്ക് ബാക്കിവരുന്ന വൈദ്യുതി നൽകാതെ ഓഫ് ഗ്രിഡ് ആക്കി വയ്ക്കുന്നതാണ് നല്ലതെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ