ഗിരീഷ് കെ നായർ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഭീമൻ ക്രെയിനുകളുമായി ചൈനയിൽ നിന്നുള്ള അവസാന കപ്പലുമെത്തി. ഇന്ന് ഉച്ചയോടെ തുറുഖത്തിന്റെ ബെർത്തിൽ ഷെൻഹുവ-34 എന്ന കപ്പലടുക്കും. രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണ് കപ്പലിലുള്ളത്.
ഈ മാസാവസാനത്തോടെ തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് ജൂണിൽ മാത്രമേ ആരംഭിക്കൂ എന്നാണ് വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചത്. തുറമുഖത്തിന്റെ ഭാഗമായ 2.959 കിലോമീറ്റർ പുലിമുട്ട് (ശാന്തമായ കടൽത്തീരമൊരുക്കാനുള്ള കരിങ്കൽ കടൽഭിത്തി) നിർമിക്കുകയും അവയ്ക്ക് സംരക്ഷണമൊരുക്കുന്ന കവറുകളും മറ്റും സ്ഥാപിച്ചുകൊണ്ടിരിക്കുകയുമാണ്. 20 മീറ്റർ ആഴത്തിലും 120 മീറ്റർ വീതിയിലും കടൽനിരപ്പിനു മുകളിൽ 10 മീറ്റർ വീതിയിൽ ഏഴര മീറ്റർ ഉയരത്തിലുമാണ് ഇതിന്റെ നിർമാണം.
എന്നാൽ, തുറമുഖത്തെത്തുന്ന കണ്ടെയ്‌നറുകൾക്ക് സുഗമമായി നീങ്ങാൻ റോഡോ, റെയിൽ മാർഗമോ ഇനിയും ഒരുങ്ങിയിട്ടില്ല. തുറമുഖത്തുനിന്ന് ദേശീയപാതയിലേക്ക് 1.7 കിലോമീറ്റർ നീളത്തിൽ നാലുവരി പാതയാണ് ഒരുക്കേണ്ടതെന്നിരിക്കേ 600 മീറ്ററേ പൂർത്തിയായിട്ടുള്ളൂ. ഇവിടെ ഔട്ടർ റിംഗ് റോഡും ചേരുന്നതിനാൽ വിദേശങ്ങളിലെപ്പോലെ സിഗ്നൽ രഹിത സംവിധാനമായ ആകാശപ്പാതയിലൂടെ റോഡുകൾ മാറിപ്പോകാനാവുന്ന ക്ലോവർ ലീഫ് ഇന്റർ സെക്ഷൻ നിർമിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. വലിയ ട്രക്കുകളും മറ്റും കണ്ടെയ്‌നറുകളുമായി വരുമ്പോൾ ഗതാഗതം തടസപ്പെടാതിരിക്കാനാണ് സിഗ്നൽ രഹിതമായതും യഥേഷ്ടം കടന്നുപോകാവുന്നതുമായ പുതിയ സംവിധാനം ഒരുക്കുന്നത്. തുറമുഖ റോഡും ദേശീയ പാതയും തമ്മിൽ ചേരുന്നതോടെ മാത്രമേ ട്രയൽ റൺ ആരംഭിക്കുന്നതിൽ കാര്യമുള്ളൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓണത്തോടെ തുറമുഖം പ്രവർത്തനം ആരംഭിക്കണമെന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.
ചരക്കുനീക്കത്തിന് റെയിൽ സംവിധാനം അത്യാവശ്യമാണെന്നിരിക്കേ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞത്തേക്ക് 10.76 കിലോമീറ്റർ ഭൂഗർഭ പാതയ്ക്ക് ഡി.പി.ആർ തയാറാക്കിയിരുന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇത് തുടങ്ങാനായിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
വൻ കപ്പലുകൾ അടുപ്പിക്കേണ്ട ബർത്തിന്റെ 650 മീറ്റർ മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. ഇനിയും 150 മീറ്റർ ശേഷിക്കുന്നുണ്ട്. തുറമുഖത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വയബിലിറ്റി ഫണ്ട് ഇതുവരെ രൂപീകരിക്കാത്തതും പദ്ധതി വൈകുന്നതിലേക്ക് നയിക്കുമെന്ന് വിലയിരുത്തുന്നവരുണ്ട്. 817 കോടി വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകളും അദാനി ഗ്രൂപ്പും വയബിലിറ്റി ഗ്യാപ് ഫണ്ടായി മുടക്കണമെന്നിരിക്കേ കടക്കെണിയിലുള്ള സംസ്ഥാനം പണം എപ്പോൾ ലഭ്യമാക്കുമെന്നതും പ്രധാനമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ