pinarayi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
pinarayi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2024 സെപ്റ്റംബർ 28, ശനിയാഴ്‌ച

അൻവർ-സി.പി.എം യുദ്ധം തെരുവിലേക്ക്



 ഗിരീഷ് കെ നായർ


തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി അൻവർ സി.പി.എമ്മുമായി ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെ യുദ്ധം തെരുവിലേക്ക്.

എ.ഡി.ജി.പി അജിത്കുമാറിനെ ഉൾപ്പെടെ കൊടും ക്രിമിനലെന്ന് വിശേഷിപ്പിച്ച എം.എൽ.എ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ കാട്ടുകള്ളനെന്നും പിണറായിയുടെ ചിരിയും പാർട്ടി സെക്രട്ടറിയുടെ പെരുമാറ്റവും പോലും അനുകരിച്ച് കളിയാക്കിയിരുന്നു. അൻവറിനെ പുറത്താക്കാൻ ഭയപ്പെട്ട സി.പി.എം നേതൃത്വം അൻവർ സ്വയമേവ ഒഴിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് രംഗത്തെത്തിയത് അത്ഭുതപ്പെടുത്തുന്നതായി. എന്നാൽ, ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അൻവറിനെതിരേ രംഗത്തിറങ്ങാനും അൻവർ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തപ്പോൾ അത് അണികൾക്ക് സൂചന നൽകുകയാണെന്ന് വ്യക്തമായിരുന്നു. അതിന്റെ ഫലമാണ് മലപ്പുറത്തെ തെരുവുകളിൽ തൊട്ടുപിന്നാലെ കണ്ടത്. നിലമ്പൂരിലുൾപ്പെടെ അൻവറിനെതിരേ കൊലവിളിയും കോലം കത്തിക്കലുമായി സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങി. എം.എൽ.എയുടെ കൈയും കാലും വെട്ടി ചാലിയാറിലൊഴുക്കുമെന്നു വരെ മുദ്രാവാക്യമുണ്ടായി. അൻവറിനെതിരേ എങ്ങനെ പ്രതികരിക്കുമെന്നറിയാത്ത അണികൾക്ക് നേതൃത്വം വടി ഇട്ടുകൊടുത്തുവെന്നുവേണം കരുതേണ്ടത്.

ആരോപണങ്ങളിൽ നിന്നു പിൻമാറാത്ത അൻവറാകട്ടെ ഇന്ന് നിലമ്പൂരിൽ പൊതുസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചത് ഭയന്ന് പിന്നോട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവാണ്. സി.പി.എമ്മുമായി തെരുവിൽ ഏറ്റുമുട്ടലുണ്ടാകാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

മലപ്പുറം സി.പി.എം ജില്ലാ സെക്രട്ടറി ആർ.എസ്.എസ് അനുഭാവിയാണെന്ന് അൻവർ തുറന്നടിച്ചതോടെ അതിനെതിരേ സെക്രട്ടറിക്ക് വിശദീകരണം നൽകേണ്ടിവന്നു.

പാർട്ടിക്കും നേതാക്കൾക്കുമെതിരേ അതിശക്ത പദങ്ങൾ പ്രയോഗിക്കുന്നതിൽ അൻവറിനെതിരേ സി.പി.എം അണികൾക്ക് ക്രോധമുണ്ടെന്ന് വ്യക്തമാണ്. അതുകാരണം അൻവറിന്റെ പൊതുസമ്മേളന വേദിയിലേക്ക് സി.പി.എം മാർച്ചുനടക്കാനുള്ള സാധ്യതയും പൊലിസ് പരിശോധിക്കുന്നുണ്ട്.


2024 സെപ്റ്റംബർ 1, ഞായറാഴ്‌ച

'പാപി'യുടെ കൂടെ കൂടിയ ശിവനായിരുന്നോ ഇ.പി? പിണറായി അന്ന് പറഞ്ഞു, ഇന്ന് നീക്കി

 

നടപടിക്കാധാരം ബി.ജെ.പി ബാന്ധവ വിവാദം, വൈദേകം
നീക്കിയത് പാർട്ടി സമ്മേളനം പടിവാതിൽക്കൽ നിൽക്കേ
പാർട്ടിയിലെ രണ്ടാമന്റെ രാഷ്ട്രീയ ഭാവി അസ്തമന വഴിയിൽ


ഗിരീഷ് കെ നായർ

തിരുവനന്തപുരം: 'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും'. ഇ.പി ജയരാജൻ ബി.ജെ.പിയുമായി ബന്ധപ്പെട്ടെന്ന ആരോപണം മാധ്യമങ്ങൾ ഉന്നയിച്ചപ്പോൾ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമിതായിരുന്നു ഇത്. അന്ന്, ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കത്തിനിന്ന ഈ ചൊല്ല്, ഇന്ന് ഇ.പിയെ കൺവീനർ സ്ഥാനത്തുനീന്ന് നീക്കുന്നതിലെത്തിനിൽക്കുന്നു. സി.പി.എമ്മിലെ സമീപ കാലത്തെ ഏറ്റവും വലിയ നടപടിയാണിത്.
ഒരിക്കൽ മന്ത്രിസഭയിൽ രണ്ടാമനായിരുന്ന ഇ.പി ഇപ്പോൾ പാർട്ടിയിൽ രണ്ടാമനായിരിക്കേയാണ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിനിർത്തപ്പെടുന്നത്. ഇതോടെ പാർട്ടിയുടെ ഏറ്റവും തലപ്പൊക്കമുള്ള നേതാവായി അംഗീകരിക്കപ്പെട്ടിരുന്ന ഇ.പിയുടെ രാഷ്ട്രീയ ഭാവി തന്നെ അസ്തമനവഴിയിലെത്തിയിരിക്കുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കർ ഇ.പിയെ വസതിയിൽ സന്ദർശിച്ച സംഭവമാണ് നടപടിക്കു പിന്നിലെ പ്രധാന കാരണം. ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറുമൊക്കെ ചേർന്ന് സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ ഭൂകമ്പമായിരുന്നു ഈ വിവരം. മൂന്നുവട്ടം ഇ.പിയും ജാവ്‌ദേക്കറും കൂടിക്കാഴ്ച നടത്തിയെന്നും ബി.ജെ.പിയിൽ ചേരുന്നതുമായി ബന്ധപ്പെട്ടതായിരുന്നു കൂടിക്കാഴ്ചയെന്നും ശോഭ പറഞ്ഞതോടെ പാർട്ടി വെട്ടിലായി. ഇക്കാര്യം ഇ.പി കൊള്ളുകയോ തള്ളുകയോ വേണമെന്ന് പാർട്ടി നിലപാടെടുത്തു. തിരുവനന്തപുരത്ത് ആക്കുളത്തെ മകന്റെ വീട്ടിൽ വച്ചുനടന്ന കൂടിക്കാഴ്ച സ്ഥിരീകരിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അന്ന് ഏപ്രിൽ 26നു രാവിലെ ഇ.പി പ്രസ്താവന നടത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് കാരണം ഇതാണെന്ന് പാർട്ടി വിലയിരുത്തലുപോലുമുണ്ടായി. അന്നേ ഇ.പിക്കെതിരേ നടപടി പ്രതീക്ഷിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അത് വച്ചുതാമസിപ്പിച്ചുവെന്നുവേണം കരുതാൻ.
തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഈ ആരോപണം ഇ.പിയുടെ വിശദീകരണത്തോടെ അവസാനിച്ചതായും ഇ.പിയുടെ നടപടി നിഷ്‌കളങ്കമായിരുന്നെന്ന് സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ വിശദീകരിക്കുകയും പിന്നീട് ചർച്ച ചെയ്യാനായി മാറ്റുകയും ചെയ്തിരുന്നു. എന്നാൽ അന്ന് എരിഞ്ഞുതുടങ്ങിയതായിരുന്നു ആ നെരിപ്പോട്.
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തുതന്നെ ബി.ജെ.പി സ്ഥാനാർഥികളെല്ലാം നല്ല കഴിവുള്ളവരാണണെന്ന ഇ.പിയുടെ പ്രസംഗവും അന്ന് വിവാദമുണ്ടാക്കിയിരുന്നു. മത്സരം ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണെന്നും കോൺഗ്രസുമായല്ലെന്നും ഇ.പി നടത്തിയ പ്രസ്താവനയും സി.പി.എം കേന്ദ്രങ്ങളിൽ അമ്പരപ്പുണ്ടാക്കി.
കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദവും ഇ.പി.യെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇ.പിയുടെ ഭാര്യ പി.കെ ഇന്ദിരയ്ക്കും ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ നിരാമയ റിട്രീറ്റും തമ്മിലുള്ള ബിസിനസ്  പങ്കാളിത്തമുള്ളതാണിതെന്ന ആരോപണവും വിവാദമായി. പാർട്ടിയുടെ ഫണ്ട് കലക്ടറെന്നറിയപ്പെടുന്ന ഇ.പി പരിപ്പുവടയുടെയു കാപ്പിയുടെയും കാലത്തുനിന്ന് ഏറെ മുന്നോട്ടുപോയിരുന്നു.
മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് കയ്യേറ്റം ചെയ്‌തെന്ന കേസിൽ ഇ.പിക്ക് ഇൻഡിഗോ വിമാനം യാത്രാവിലക്കേർപ്പെടുത്തിയയും വിവാദ വിഷയമായിരുന്നു.
ഒന്നാം പിണറായി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്നപ്പോഴും ഇ.പിയെ വിവാദം പിടികൂടിയിരുന്നു. ഭാര്യാ സഹോദരിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ എം.ഡിയായി നിയമിച്ച വിവാദത്തിനു പിന്നാലെ മുഖ്യമന്ത്രി ഇടപെട്ട് അത് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയുംവന്നിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിനുപിന്നാലെ മുതിർന്ന നേതാവായ ഇ.പി പാർട്ടി സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ സെക്രട്ടറിയാക്കിയത് ഇ.പിക്ക് കനത്ത ആഘാതമായിരുന്നു.
കമ്യൂണിസ്റ്റ് ജീവിത രീതി പിന്തുടരാത്ത ഇ.പി പാർട്ടിയുടെ നെടുംതൂണായിരുന്നു. അദ്ദേഹത്തെ നീക്കുന്നതോടെ ഉണ്ടാകുന്ന തിരയിളക്കം എവിടെ വരെയെത്തും എന്നത് പാർട്ടി പ്രവർത്തകരെ അങ്കലാപ്പിലാക്കുന്നു. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത ദിവസം ആരംഭിക്കാനിരിക്കുകയും പാർട്ടി കോൺഗ്രസ് പടിവാതിൽക്കൽ നിൽക്കുന്നതിനുമിടയിലുണ്ടായ നടപടി വി.എസിനെതിരേയുണ്ടായ നടപടികളുമായാണ് രാഷ്ട്രീയ രംഗം തുലനം ചെയ്യുന്നത്.



2024 ജൂൺ 15, ശനിയാഴ്‌ച

കുടുംബത്തോടൊപ്പം പ്രവാസികളായത് 20 ലക്ഷം

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ലോക കേരള സഭയിൽ ഇന്റർനാഷനൽ ഇൻസ്റ്റിയൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെന്റ് (ഐ.ഐ.എം.എ.ഡി) തയാറാക്കിയ കേരള മൈഗ്രേഷൻ റിപ്പോർട്ട് (കെ.എം.എസ്) ഇന്നലെ പ്രകാശനം ചെയ്തു.

മലയാളികളായ 20 ലക്ഷം കുടുംബങ്ങൾ പ്രവാസികളായെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

1998ൽ 16 ലക്ഷമായിരുന്നു പ്രവാസികളെങ്കിൽ 2013ൽ 24 ലക്ഷവും 2018ൽ 21 ലക്ഷവുമായിരുന്നു. കൊവിഡിനുശേഷം 65 ശതമാനം ഇടിവുണ്ടായെങ്കിലും ഇപ്പോൾ 22 ലക്ഷം പ്രവാസികളാണുള്ളത്.

പ്രവാസ സമൂഹത്തിൽ നിന്നുള്ള വരവും കൂടിയിട്ടുണ്ട്. 2018ൽ 8,292 കോടിയായിരുന്നു വരുമാനമെങ്കിൽ 2023ൽ അത് 16,893 കോടിയായി ഉയർന്നു. അഞ്ചുവർഷത്തിനിടെ 155 ശതമാനത്തിന്റെ വർധനയാണുണ്ടായത്.

കൊവിഡിനുശേഷം മലയാളികൾ ഗൾഫിലേക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളിലേക്കും പറന്നതായി മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ എണ്ണത്തിൽ 2018ൽ 1,29,763ലുണ്ടായിരുന്നതിനേക്കാൾ വർധനവുണ്ടായി. 2023ൽ അത് ഇരട്ടിയായെന്നാണ് കണക്ക്. ഇതുകാരണം പ്രവാസികളിൽ 11.30 ശതമാനവും വിദ്യാർത്ഥികളാണ്.

സ്ത്രീകളുടെ കുടിയേറ്റം 2018ൽ 15.8 ശതമാനമായിരുന്നത് 2023ൽ 19.1 ആയി. എന്നാൽ ജി.സി.സി രാജ്യങ്ങളിൽ നിന്ന് സ്ത്രീകൾ യൂറോപ്പിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും കുടിയേറുന്നതായും ഇത് 40.5 ശതമാനമായി വർധിച്ചെന്നും പറയുന്നു.

കേരളത്തിലേക്കുള്ള പണമയക്കലിലും വൻവർധനവുണ്ടായിട്ടുണ്ടെന്ന് സർവേ പറയുന്നു.

2018ൽ 85,092 കോടിയായിരുന്നത് 2023ൽ 2,16,893 കോടിയായി വർധിച്ചു. എന്നാൽ അത് നാട്ടിൽ സ്വീകരിക്കുന്ന കുടുംബങ്ങളുടെ എണ്ണം 16 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

മുസ്‌ളിം കുടുംബങ്ങൾക്ക് 40.1 ശതമാനം വിഹിതവും ഹിന്ദു കുടുംബങ്ങൾക്ക് 39.1 ശതമാനവും ക്രിസ്ത്യൻ കുടുംബങ്ങൾക്ക് 20.8 ശതമാനവും ലഭിച്ചു. ഈ വർഷം മലപ്പുറം ജില്ലയ്ക്ക് 16.2 ശതമാനം വരുമാനം ലഭിച്ചപ്പോൾ കൊല്ലത്തിന് 17.8 ശതമാനം ലഭിച്ചു.

കേരളത്തിൽ അഞ്ച് വീടുകളെടുത്താൽ അതിൽ രണ്ടെണ്ണത്തിലും പ്രവാസികളുണ്ടെന്ന് സർവെ പറയുന്നു.

സർവേ റിപ്പോർട്ട് ലോക കേരള സഭ വേദിയിൽ ചെയർമാൻ ഡോ. എസ്. ഇരുദയ രാജനാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.



2024 മേയ് 23, വ്യാഴാഴ്‌ച

വരുമാനത്തിന് ശരണം മദ്യം; ഫലം വന്നാൽ നയം മാറും

 


തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ മദ്യനയത്തിൽ മാറ്റം വരുമെന്ന് സൂചന

വരുമാനത്തിന് വേറെ മാർഗമില്ല, മാറ്റം ആവശ്യപ്പെട്ടത് ടൂറിസം വകുപ്പ്

ഡ്രൈ ഡേ 10 വർഷം കൊണ്ട് റവന്യൂ വരുമാനം 4.81 ശതമാനം ഇടിച്ചു


ഗിരീഷ് കെ നായർ


തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തിൽ കാതലായ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഡ്രൈ ഡേ പിൻവലിക്കുക, വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക, ഐ.ടി പാർക്കുകളിൽ മദ്യലഭ്യത, മദ്യ കയറ്റുമതിയിലേക്ക് കടക്കുക തുടങ്ങി ഒരു പിടി നയങ്ങളിലാണ് കാതലായ മാറ്റത്തിന് ഒരുങ്ങുന്നതെന്നാണ് അറിയുന്നത്.

ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന്റെ പ്രധാന വരുമാനം മദ്യവും ലോട്ടറിയുമാണെന്ന ആരോപണം നിലനിൽക്കേയാണ് അത് ശരിവയ്ക്കുന്ന തരത്തിൽ സർക്കാരിന് വരുമാനം കൂട്ടാൻ മദ്യനയത്തിൽ മാറ്റം ആലോചിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

മാസത്തിന്റെ ഒന്നാം തീയതി സംസ്ഥാനത്ത് ഡ്രൈ ഡേയാണ് അന്ന് മദ്യം ലഭ്യമല്ല. ആന്റണി സർക്കാർ കൊണ്ടുവന്ന ഈ നയം ഒന്നാം തീയതി കിട്ടുന്ന ശമ്പളം കള്ളുഷാപ്പിൽ കുടിച്ചുതീർക്കുന്നു എന്ന ആരോപണത്തിനു പിന്നാലെയാണ്. എന്നാൽ ഡ്രൈ ഡേ ആചരിക്കുന്നതിൻരെ ഭാഗമായി എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകൾ അടച്ചിടുമ്പോൾ സംസ്ഥാനത്തിന് വരുമാന നഷ്ടം 15,000 കോടി രൂപയാണെന്ന കണക്കുകളാണ് പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. 

എന്നാൽ സർക്കാർ നേരിട്ട് ഡ്രൈ ഡേ പിൻവലിക്കുന്നതിനു പകരം ടൂറിസം, കൃഷി സെക്രട്ടറിമാരെ ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിരുന്നു. ടൂറിസം റിപ്പോർട്ടനുസരിച്ച് വിനോദ സഞ്ചാര മേഖലയിൽ കനത്ത തിരിച്ചടിയാണ് ഡ്രൈ ഡേ ഉണ്ടാക്കിയിരിക്കുന്നതെന്നും ദേശീയ അന്തർദേശീയ കോൺഫറൻസുകളിൽ നിന്ന് സംസ്ഥാനം ഒഴിവാക്കപ്പെടുന്നതായും ചൂണ്ടിക്കാണിച്ചിരുന്നു.

കൃഷിവകുപ്പാകട്ടെ, മസാല ചേർത്ത വൈനുകൾ ഉൾപ്പെടെ ഉണ്ടാക്കാനുള്ള സാധ്യത പരിശോധിക്കാമെന്നും വീഞ്ഞ് നിർമാണം പ്രോത്സാഹിപ്പിക്കാമെന്നും ഹോർട്ടി വൈൻ, മറ്റ് വൈനുകൾ എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാമെന്നും നിർദേശം മുന്നോട്ടുവച്ചതായാണ് വിവരം. 

അതേസമയം, പുതിയ മദ്യനയത്തിന്റെ ഭാഗമായി മൈക്രോ വൈനറിയെന്ന സർക്കാർ പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നതും ബിവറേജസ് വിൽപന ശാലകൾ ലേലം ചെയ്യുന്നതും പരിഗണിക്കുന്നതായും വിവരമുണ്ട്.

ഡ്രൈ ഡേ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർ്ചിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പ് സെക്രട്ടറിമാരുടെ യോഗം നടന്നിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസവും യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഡ്രൈ ഡേ പിൻവലിച്ചാലുള്ള ലാഭക്കണക്ക് വെളിവാക്കപ്പെട്ടത്.

അതേസമയം, മദ്യമില്ലാതെ ഗുജറാത്തും മദ്യനിരോധനത്തിലൂടെ തമിഴ്‌നാടും ബിഹാറും നേട്ടങ്ങളുണ്ടാക്കുമ്പോൾ മദ്യം കൂടുതൽ വിറ്റാൽ നേട്ടം ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ആലോചനയ്‌ക്കെതിരേ വിമർശനവും ഉയർന്നിട്ടുണ്ട്.

എന്നാൽ സംസ്ഥാനത്ത് മൊത്തം റവന്യൂ വരുമാനത്തിന്റെ 18.21 ശതമാനമായിരുന്നു 2012-2013 കാലത്ത് മദ്യത്തിൽ നിന്നുള്ള വരുമാനമെങ്കിൽ 2017-2018 കാലത്ത് അത് 14.3 ശതമാനമായും 2022-2023 കാലത്ത് അത് 13.4 ശതമാനമായും കുറഞ്ഞതായും കണക്കുകൾ പറയുന്നു. പത്ത് വർഷത്തിനിടയ്ക്കുണ്ടായ 4.81 ശതമാനത്തിന്റെ റവന്യൂ വരുമാനം കൂട്ടുക ലക്ഷ്യമിട്ടുതന്നെയാണ് ഡ്രൈ ഡേ പിൻവലിക്കാനുള്ള ചർച്ച നടക്കുന്നതെന്ന് വ്യക്തം.

2024 മേയ് 16, വ്യാഴാഴ്‌ച

ക്രെയിനുകളുമായി അവസാന കപ്പലുമെത്തി; ട്രയൽ ജൂണിലേക്ക്, ട്രക്ക് റോഡായില്ല

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഭീമൻ ക്രെയിനുകളുമായി ചൈനയിൽ നിന്നുള്ള അവസാന കപ്പലുമെത്തി. ഇന്ന് ഉച്ചയോടെ തുറുഖത്തിന്റെ ബെർത്തിൽ ഷെൻഹുവ-34 എന്ന കപ്പലടുക്കും. രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണ് കപ്പലിലുള്ളത്.

ഈ മാസാവസാനത്തോടെ തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് ജൂണിൽ മാത്രമേ ആരംഭിക്കൂ എന്നാണ് വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചത്. തുറമുഖത്തിന്റെ ഭാഗമായ 2.959 കിലോമീറ്റർ പുലിമുട്ട് (ശാന്തമായ കടൽത്തീരമൊരുക്കാനുള്ള കരിങ്കൽ കടൽഭിത്തി) നിർമിക്കുകയും അവയ്ക്ക് സംരക്ഷണമൊരുക്കുന്ന കവറുകളും മറ്റും സ്ഥാപിച്ചുകൊണ്ടിരിക്കുകയുമാണ്. 20 മീറ്റർ ആഴത്തിലും 120 മീറ്റർ വീതിയിലും കടൽനിരപ്പിനു മുകളിൽ 10 മീറ്റർ വീതിയിൽ ഏഴര മീറ്റർ ഉയരത്തിലുമാണ് ഇതിന്റെ നിർമാണം.

എന്നാൽ, തുറമുഖത്തെത്തുന്ന കണ്ടെയ്‌നറുകൾക്ക് സുഗമമായി നീങ്ങാൻ റോഡോ, റെയിൽ മാർഗമോ ഇനിയും ഒരുങ്ങിയിട്ടില്ല. തുറമുഖത്തുനിന്ന് ദേശീയപാതയിലേക്ക് 1.7 കിലോമീറ്റർ നീളത്തിൽ നാലുവരി പാതയാണ് ഒരുക്കേണ്ടതെന്നിരിക്കേ 600 മീറ്ററേ പൂർത്തിയായിട്ടുള്ളൂ. ഇവിടെ ഔട്ടർ റിംഗ് റോഡും ചേരുന്നതിനാൽ വിദേശങ്ങളിലെപ്പോലെ സിഗ്നൽ രഹിത സംവിധാനമായ ആകാശപ്പാതയിലൂടെ റോഡുകൾ മാറിപ്പോകാനാവുന്ന ക്ലോവർ ലീഫ് ഇന്റർ സെക്ഷൻ നിർമിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. വലിയ ട്രക്കുകളും മറ്റും കണ്ടെയ്‌നറുകളുമായി വരുമ്പോൾ ഗതാഗതം തടസപ്പെടാതിരിക്കാനാണ് സിഗ്നൽ രഹിതമായതും യഥേഷ്ടം കടന്നുപോകാവുന്നതുമായ പുതിയ സംവിധാനം ഒരുക്കുന്നത്. തുറമുഖ റോഡും ദേശീയ പാതയും തമ്മിൽ ചേരുന്നതോടെ മാത്രമേ ട്രയൽ റൺ ആരംഭിക്കുന്നതിൽ കാര്യമുള്ളൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓണത്തോടെ തുറമുഖം പ്രവർത്തനം ആരംഭിക്കണമെന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.

ചരക്കുനീക്കത്തിന് റെയിൽ സംവിധാനം അത്യാവശ്യമാണെന്നിരിക്കേ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞത്തേക്ക് 10.76 കിലോമീറ്റർ ഭൂഗർഭ പാതയ്ക്ക് ഡി.പി.ആർ തയാറാക്കിയിരുന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇത് തുടങ്ങാനായിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

വൻ കപ്പലുകൾ അടുപ്പിക്കേണ്ട ബർത്തിന്റെ 650 മീറ്റർ മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. ഇനിയും 150 മീറ്റർ ശേഷിക്കുന്നുണ്ട്. തുറമുഖത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വയബിലിറ്റി ഫണ്ട് ഇതുവരെ രൂപീകരിക്കാത്തതും പദ്ധതി വൈകുന്നതിലേക്ക് നയിക്കുമെന്ന് വിലയിരുത്തുന്നവരുണ്ട്. 817 കോടി വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകളും അദാനി ഗ്രൂപ്പും വയബിലിറ്റി ഗ്യാപ് ഫണ്ടായി മുടക്കണമെന്നിരിക്കേ കടക്കെണിയിലുള്ള സംസ്ഥാനം പണം എപ്പോൾ ലഭ്യമാക്കുമെന്നതും പ്രധാനമാണ്.

2024 മേയ് 12, ഞായറാഴ്‌ച

ഗവർണർ-സർക്കാർ പോരിന് വീണ്ടും കളമൊരുങ്ങി

 



സഭാസമ്മേളനം ജൂൺ പത്തിന് തുടങ്ങും


ഗിരീഷ് കെ നായർ


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ യാത്രാവിവരം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ സൂചിപ്പിച്ചതോടെ ഗവർണർ-സർക്കാർ പോരിന് വീണ്ടും കളമൊരുങ്ങി. പതിനഞ്ചാം നിയമസഭയുടെ 11ാം സമ്മേളനം ജൂൺ 10ന് ആരംഭിക്കാനിരിക്കേ ഗവർണറുടെ അസംപ്തൃപ്തി നിയമസഭ പാസാക്കുന്ന 15ഓളം ബില്ലുകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഗവർണർ ഒപ്പിടാൻ വിസമ്മതിക്കുകയോ നീട്ടിക്കൊണ്ടു പോവുകയോ ചെയ്താൽ അത് ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാനത്തിന്റെ നാഥനെന്ന നിലയിൽ ഗവർണറെ സംസ്ഥാന ഭരണാധികാരി യാത്രാ വിവരങ്ങൾ പ്രത്യേകിച്ച് വിദേശ യാത്രയുടെ വിവരങ്ങൾ അറിയിക്കണമെന്ന പ്രോട്ടോക്കോളുണ്ട്. ഈ വർഷമാദ്യം ഗവർണറും സർക്കാരും തമ്മിലുണ്ടായ അസ്വാരസ്യത്തിന്റെ തുടർച്ചയെന്നോണം രാജ്ഭവനെ മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങൾ അറിയിച്ചില്ല. മുൻപ് മുഖ്യമന്ത്രി വിദേശയാത്ര പോയപ്പോഴും തന്നെ അറിയിച്ചിരുന്നില്ലെന്നും രാജ്ഭവനെ ഇരുട്ടിൽ നിർത്തുകയാണെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി താൻ രാഷ്ട്രപതിക്ക് കത്തയച്ചതായും ഗവർണർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് സർക്കാരുമായി അസ്വാരസ്യം തുടരുമെന്ന സൂചനയാണ്.

മെയ് ആറിനാണ് 12 ദിവസത്തെ വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിയും കുടുംബവും പുറപ്പെട്ടത്. ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ എന്നിവിടങ്ങിലേയ്ക്കായിരുന്നു യാത്ര. മുഖ്യമമന്ത്രിയുടെ ഔദ്യോഗിക വിദേശ യാത്രയ്ക്ക് സർക്കാർ അറിയിപ്പ് നൽകാറുണ്ടെങ്കിലും അനൗദ്യോഗികമാണെന്ന നിലയ്ക്കാണ് അറിയിപ്പ് നൽകാതിരുന്നതെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക വിദേശ യാത്രയുടെ വിവരവും തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടുന്നു.

ജനുവരിയിൽ ഗവർണറുടെ റിപ്പബ്ലിക് ദിന വിരുന്നും (അറ്റ് ഹോം) ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തപ്പോഴത്തെ ചായസൽക്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു. സഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെയായിരുന്നു ഇത്. നയപ്രഖ്യാപനം ഒന്നര മിനിറ്റിലൊതുക്കി സർക്കാരുമായി സമവായത്തിനില്ലെന്ന് ഗവർണർ സൂചന നൽകിയിരുന്നു. നയപ്രഖ്യാപനത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഭാഗം മാത്രമാണ് അന്ന് ഗവർണർ വായിച്ചത്. സഭയിലെത്തിയപ്പോൾ തന്നെ സ്വീകരിച്ച മുഖ്യമന്ത്രിയെ നോക്കാനോ അഭിവാദ്യം ചെയ്യാനോ ഗവർണർ തയാറാകാതിരുന്നതും സർക്കാരിനെ ചൊടിപ്പിച്ചിരുന്നു.

റവന്യൂ റിക്കവറി നിയമ ഭേദഗതി ബിൽ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്ന ബിൽ, നാലു വർഷ ബിരുദ നിയമ ഭേദഗതി ബിൽ തുടങ്ങിയവ നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇവയെല്ലാം പ്രധാനമാണെന്നിരിക്കേ ഗവർണറുടെ നയം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.