2024, സെപ്റ്റംബർ 28, ശനിയാഴ്‌ച

അൻവർ-സി.പി.എം യുദ്ധം തെരുവിലേക്ക്



 ഗിരീഷ് കെ നായർ


തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി അൻവർ സി.പി.എമ്മുമായി ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെ യുദ്ധം തെരുവിലേക്ക്.

എ.ഡി.ജി.പി അജിത്കുമാറിനെ ഉൾപ്പെടെ കൊടും ക്രിമിനലെന്ന് വിശേഷിപ്പിച്ച എം.എൽ.എ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ കാട്ടുകള്ളനെന്നും പിണറായിയുടെ ചിരിയും പാർട്ടി സെക്രട്ടറിയുടെ പെരുമാറ്റവും പോലും അനുകരിച്ച് കളിയാക്കിയിരുന്നു. അൻവറിനെ പുറത്താക്കാൻ ഭയപ്പെട്ട സി.പി.എം നേതൃത്വം അൻവർ സ്വയമേവ ഒഴിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് രംഗത്തെത്തിയത് അത്ഭുതപ്പെടുത്തുന്നതായി. എന്നാൽ, ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അൻവറിനെതിരേ രംഗത്തിറങ്ങാനും അൻവർ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തപ്പോൾ അത് അണികൾക്ക് സൂചന നൽകുകയാണെന്ന് വ്യക്തമായിരുന്നു. അതിന്റെ ഫലമാണ് മലപ്പുറത്തെ തെരുവുകളിൽ തൊട്ടുപിന്നാലെ കണ്ടത്. നിലമ്പൂരിലുൾപ്പെടെ അൻവറിനെതിരേ കൊലവിളിയും കോലം കത്തിക്കലുമായി സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങി. എം.എൽ.എയുടെ കൈയും കാലും വെട്ടി ചാലിയാറിലൊഴുക്കുമെന്നു വരെ മുദ്രാവാക്യമുണ്ടായി. അൻവറിനെതിരേ എങ്ങനെ പ്രതികരിക്കുമെന്നറിയാത്ത അണികൾക്ക് നേതൃത്വം വടി ഇട്ടുകൊടുത്തുവെന്നുവേണം കരുതേണ്ടത്.

ആരോപണങ്ങളിൽ നിന്നു പിൻമാറാത്ത അൻവറാകട്ടെ ഇന്ന് നിലമ്പൂരിൽ പൊതുസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചത് ഭയന്ന് പിന്നോട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവാണ്. സി.പി.എമ്മുമായി തെരുവിൽ ഏറ്റുമുട്ടലുണ്ടാകാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

മലപ്പുറം സി.പി.എം ജില്ലാ സെക്രട്ടറി ആർ.എസ്.എസ് അനുഭാവിയാണെന്ന് അൻവർ തുറന്നടിച്ചതോടെ അതിനെതിരേ സെക്രട്ടറിക്ക് വിശദീകരണം നൽകേണ്ടിവന്നു.

പാർട്ടിക്കും നേതാക്കൾക്കുമെതിരേ അതിശക്ത പദങ്ങൾ പ്രയോഗിക്കുന്നതിൽ അൻവറിനെതിരേ സി.പി.എം അണികൾക്ക് ക്രോധമുണ്ടെന്ന് വ്യക്തമാണ്. അതുകാരണം അൻവറിന്റെ പൊതുസമ്മേളന വേദിയിലേക്ക് സി.പി.എം മാർച്ചുനടക്കാനുള്ള സാധ്യതയും പൊലിസ് പരിശോധിക്കുന്നുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ