2024, സെപ്റ്റംബർ 1, ഞായറാഴ്‌ച

'പാപി'യുടെ കൂടെ കൂടിയ ശിവനായിരുന്നോ ഇ.പി? പിണറായി അന്ന് പറഞ്ഞു, ഇന്ന് നീക്കി

 

നടപടിക്കാധാരം ബി.ജെ.പി ബാന്ധവ വിവാദം, വൈദേകം
നീക്കിയത് പാർട്ടി സമ്മേളനം പടിവാതിൽക്കൽ നിൽക്കേ
പാർട്ടിയിലെ രണ്ടാമന്റെ രാഷ്ട്രീയ ഭാവി അസ്തമന വഴിയിൽ


ഗിരീഷ് കെ നായർ

തിരുവനന്തപുരം: 'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും'. ഇ.പി ജയരാജൻ ബി.ജെ.പിയുമായി ബന്ധപ്പെട്ടെന്ന ആരോപണം മാധ്യമങ്ങൾ ഉന്നയിച്ചപ്പോൾ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമിതായിരുന്നു ഇത്. അന്ന്, ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കത്തിനിന്ന ഈ ചൊല്ല്, ഇന്ന് ഇ.പിയെ കൺവീനർ സ്ഥാനത്തുനീന്ന് നീക്കുന്നതിലെത്തിനിൽക്കുന്നു. സി.പി.എമ്മിലെ സമീപ കാലത്തെ ഏറ്റവും വലിയ നടപടിയാണിത്.
ഒരിക്കൽ മന്ത്രിസഭയിൽ രണ്ടാമനായിരുന്ന ഇ.പി ഇപ്പോൾ പാർട്ടിയിൽ രണ്ടാമനായിരിക്കേയാണ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിനിർത്തപ്പെടുന്നത്. ഇതോടെ പാർട്ടിയുടെ ഏറ്റവും തലപ്പൊക്കമുള്ള നേതാവായി അംഗീകരിക്കപ്പെട്ടിരുന്ന ഇ.പിയുടെ രാഷ്ട്രീയ ഭാവി തന്നെ അസ്തമനവഴിയിലെത്തിയിരിക്കുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കർ ഇ.പിയെ വസതിയിൽ സന്ദർശിച്ച സംഭവമാണ് നടപടിക്കു പിന്നിലെ പ്രധാന കാരണം. ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറുമൊക്കെ ചേർന്ന് സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ ഭൂകമ്പമായിരുന്നു ഈ വിവരം. മൂന്നുവട്ടം ഇ.പിയും ജാവ്‌ദേക്കറും കൂടിക്കാഴ്ച നടത്തിയെന്നും ബി.ജെ.പിയിൽ ചേരുന്നതുമായി ബന്ധപ്പെട്ടതായിരുന്നു കൂടിക്കാഴ്ചയെന്നും ശോഭ പറഞ്ഞതോടെ പാർട്ടി വെട്ടിലായി. ഇക്കാര്യം ഇ.പി കൊള്ളുകയോ തള്ളുകയോ വേണമെന്ന് പാർട്ടി നിലപാടെടുത്തു. തിരുവനന്തപുരത്ത് ആക്കുളത്തെ മകന്റെ വീട്ടിൽ വച്ചുനടന്ന കൂടിക്കാഴ്ച സ്ഥിരീകരിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അന്ന് ഏപ്രിൽ 26നു രാവിലെ ഇ.പി പ്രസ്താവന നടത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് കാരണം ഇതാണെന്ന് പാർട്ടി വിലയിരുത്തലുപോലുമുണ്ടായി. അന്നേ ഇ.പിക്കെതിരേ നടപടി പ്രതീക്ഷിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അത് വച്ചുതാമസിപ്പിച്ചുവെന്നുവേണം കരുതാൻ.
തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഈ ആരോപണം ഇ.പിയുടെ വിശദീകരണത്തോടെ അവസാനിച്ചതായും ഇ.പിയുടെ നടപടി നിഷ്‌കളങ്കമായിരുന്നെന്ന് സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ വിശദീകരിക്കുകയും പിന്നീട് ചർച്ച ചെയ്യാനായി മാറ്റുകയും ചെയ്തിരുന്നു. എന്നാൽ അന്ന് എരിഞ്ഞുതുടങ്ങിയതായിരുന്നു ആ നെരിപ്പോട്.
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തുതന്നെ ബി.ജെ.പി സ്ഥാനാർഥികളെല്ലാം നല്ല കഴിവുള്ളവരാണണെന്ന ഇ.പിയുടെ പ്രസംഗവും അന്ന് വിവാദമുണ്ടാക്കിയിരുന്നു. മത്സരം ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണെന്നും കോൺഗ്രസുമായല്ലെന്നും ഇ.പി നടത്തിയ പ്രസ്താവനയും സി.പി.എം കേന്ദ്രങ്ങളിൽ അമ്പരപ്പുണ്ടാക്കി.
കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദവും ഇ.പി.യെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇ.പിയുടെ ഭാര്യ പി.കെ ഇന്ദിരയ്ക്കും ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ നിരാമയ റിട്രീറ്റും തമ്മിലുള്ള ബിസിനസ്  പങ്കാളിത്തമുള്ളതാണിതെന്ന ആരോപണവും വിവാദമായി. പാർട്ടിയുടെ ഫണ്ട് കലക്ടറെന്നറിയപ്പെടുന്ന ഇ.പി പരിപ്പുവടയുടെയു കാപ്പിയുടെയും കാലത്തുനിന്ന് ഏറെ മുന്നോട്ടുപോയിരുന്നു.
മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് കയ്യേറ്റം ചെയ്‌തെന്ന കേസിൽ ഇ.പിക്ക് ഇൻഡിഗോ വിമാനം യാത്രാവിലക്കേർപ്പെടുത്തിയയും വിവാദ വിഷയമായിരുന്നു.
ഒന്നാം പിണറായി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്നപ്പോഴും ഇ.പിയെ വിവാദം പിടികൂടിയിരുന്നു. ഭാര്യാ സഹോദരിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ എം.ഡിയായി നിയമിച്ച വിവാദത്തിനു പിന്നാലെ മുഖ്യമന്ത്രി ഇടപെട്ട് അത് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയുംവന്നിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിനുപിന്നാലെ മുതിർന്ന നേതാവായ ഇ.പി പാർട്ടി സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ സെക്രട്ടറിയാക്കിയത് ഇ.പിക്ക് കനത്ത ആഘാതമായിരുന്നു.
കമ്യൂണിസ്റ്റ് ജീവിത രീതി പിന്തുടരാത്ത ഇ.പി പാർട്ടിയുടെ നെടുംതൂണായിരുന്നു. അദ്ദേഹത്തെ നീക്കുന്നതോടെ ഉണ്ടാകുന്ന തിരയിളക്കം എവിടെ വരെയെത്തും എന്നത് പാർട്ടി പ്രവർത്തകരെ അങ്കലാപ്പിലാക്കുന്നു. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത ദിവസം ആരംഭിക്കാനിരിക്കുകയും പാർട്ടി കോൺഗ്രസ് പടിവാതിൽക്കൽ നിൽക്കുന്നതിനുമിടയിലുണ്ടായ നടപടി വി.എസിനെതിരേയുണ്ടായ നടപടികളുമായാണ് രാഷ്ട്രീയ രംഗം തുലനം ചെയ്യുന്നത്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ