rajeev chandrasekharan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
rajeev chandrasekharan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 മാർച്ച് 23, ഞായറാഴ്‌ച

നേതാക്കളുടെ പരസ്പര പാര വിനയായി; രാജീവിന് തുണയായത് ഭാഷയും നിഷ്പക്ഷതയും

ഗിരീഷ് കെ നായർ

ബി.ജെ.പിയിലെ മുതിർന്ന നേതാക്കളെന്ന പഴയ മുഖങ്ങൾ അധികാരമില്ലെങ്കിലും തമ്മിൽ കണ്ടാൽ കടിച്ചുകീറാൻ നിൽക്കുന്നത് കേന്ദ്രത്തിന് മനസിലായി. പ്രകാശ് ജാവ്‌ദേക്കർ നിശബ്ദ പ്രയാണത്തിലുമായിരുന്നു. 

യാതൊരു പ്രൊഫണലിസവുമില്ലാതെ കെ. സുരേന്ദ്രൻ ഹിന്ദുക്കളെയെല്ലാം താറടിക്കുന്നു എന്ന പരാതി ആർ.എസ്.എസിൽ തന്നെ ഉയർന്നിരുന്നു. കേവലം കേന്ദ്ര ബന്ധം കാരണം വി. മുരളീധരന്റെ തണലിൽ വളർന്നു പന്തലിച്ച സുരേന്ദ്രനെതിരേ പല തരത്തിലുള്ള ആരോപണങ്ങളാണ് ഈ അഞ്ചു വർഷക്കാലത്തിലുണ്ടായത്. കേരളത്തിലെ ബി.ജെ.പി ഗ്രൂപ്പുകളിൽ അദ്ദേഹത്തിനെരായി അഭിപ്രായ പ്രകടനം ഉയർന്നത് കേന്ദ്ര നേതൃത്വത്തിന് കാണാതിരിക്കാനാവുന്നതായിരുന്നില്ല. പ്രത്യേകിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാകണമെങ്കിൽ പുതിയ മുഖം വന്നേ മതിയാകൂ എന്ന അവസ്ഥ ഉണ്ടാക്കി വച്ചതുതന്നെ സുരേന്ദ്രനാണെന്നുപറയേണ്ടിവരുന്നതാണ് ഖേദകരം.

രാജീവ് ചന്ദ്രശേഖർ ഒരു സംഘപരിവാറുകാരനല്ല. എന്നാൽ സംഘപരിവാറിന്റെ ആദ്യ പേരുകാരനായി അദ്ദേഹം വന്നതിന്റെ കാരണം കേരളത്തിലെ സാഹചര്യമാണ്. വർഗീയതയിൽ ഊന്നിയുള്ള ബി.ജെ.പി പ്രചാരണം കേരളത്തിൽ സ്വാധീനം ഉറപ്പിക്കാൻ ഉതകുന്നതല്ലെന്ന് അവർക്ക് ബോധ്യമായിട്ടുണ്ട്.

ഗണപതിവട്ടം പോലുള്ള സുരേന്ദ്രന്റെ പരാമർശങ്ങൾ ഹിന്ദുക്കളുടെ തലകുനിക്കുന്നതായിരുന്നു. ഇതിനൊക്കെ തടയിട്ട് പ്രൊഫണലായുള്ള ഒരാൾ തന്നെ പാർട്ടിയെ നയിക്കാൻ വേണ്ടിയിരുന്നു.

തമിഴ്‌നാട്ടിൽ പരീക്ഷിച്ച അതേ തന്ത്രമാണ് പാർട്ടി ഇവിടെയും പരീക്ഷിച്ചത്.

തമിഴ്‌നാട്ടിൽ ഐ.എ.എസുകാരനായ അണ്ണാമലൈയെ പാർട്ടി ഏൽപിക്കാൻ കേന്ദ്രനേതൃത്വം കാണിച്ച ധൈര്യം ഇവിടെയും ഉണ്ടായി.

ബി.ജെ.പി നേതാക്കളുടെ ഒരു പ്രശ്‌നം ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നതായിരുന്നു. അഴിമതിയും അരാജകത്വവും കൊടികുത്തി വാഴുമ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് അത് വാർത്തയാക്കണമെങ്കിൽ ഭാഷാ ജ്ഞാനമുള്ള പ്രതിപക്ഷ നേതാക്കളും പാർട്ടി നേതാക്കളും ആവശ്യമാണ്. 

ബി.ജെ.പിയിൽ ഇപ്പോൾ താരതമ്യേന ജൂനിയർ നേതാക്കൾക്കുമാത്രമാണ് ആഗോള ഭാഷയായ ഇംഗ്ലീഷ് വഴങ്ങുന്നത്. മലയാളം കൊണ്ട് കേരളത്തിൽ ഒന്നും നടക്കില്ല. ബ്രിട്ടാസ് പോലുള്ളവർ സി.പി.എമ്മിന്റെ മുഖമാകുന്നത് അദ്ദേഹത്തിന് പാർട്ടിയിൽ പ്രവർത്തിച്ച പാരമ്പര്യമുള്ളതുകൊണ്ടല്ല. ഫലപ്രദമായി കാര്യങ്ങൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ അവതരിപ്പിക്കാനുള്ള ശേഷിയാണ്. അതുതന്നെയാണ് രാജീവിലൂടെയും പാർട്ടി ഉറ്റുനോക്കുന്നത്.

പിന്നെ, വെട്ടിച്ചു പണമുണ്ടാക്കേണ്ട ആവശ്യം രാജീവിനില്ല. ബി.ജെ.പിയിലെ പല നേതാക്കൾക്കെതിരേയും വാജ്‌പേയി ഭരണകാലത്തുണ്ടായ പെട്രോൾ പമ്പ് അഴിമതി ആരോപണങ്ങൾ ഓർമയിൽ വരുന്നു.

രാജീവ് ഒരു പ്രൊഫണലാണ്. ചെറുപ്പക്കാരിലും പ്രൊഫഷണലുകളിലും ക്രൈസ്തവ സമൂഹത്തിലും അദ്ദേഹത്തിനുള്ള ബന്ധം ചെറുതല്ല. തിരുവനന്തപുരത്ത് അദ്ദേഹം അതു തെളിയിച്ചിരുന്നു. ബി.ജെ.പി ജയിക്കുമെന്ന വേളയിൽ ഇടതുപക്ഷ വോട്ടുകൾ കൂട്ടമായി തരൂരിനെത്തിയത് നേരത്തെ തന്നെ പാർട്ടി തിരിച്ചറിഞ്ഞിരുന്നു. 

ഇന്ന് അതല്ല സ്ഥിതി. രാജീവ് തിരുവനന്തപുരത്തുകാരനായിരിക്കുന്നു. ക്രൈസ്തവ സഭകളുമായി നല്ല ബന്ധമുണ്ടാക്കിയിട്ടുള്ള അദ്ദേഹം വേഷവിധാനത്തിലും മറ്റാരെക്കാളും മുമ്പിലുമാണ്. ഇതൊക്കെ പ്രൊഫഷണലിസത്തിന്റെ നേർക്കാഴ്ചയാണ്. ഇതൊക്കെ കൂടാതെ നല്ലൊരു പി.ആർ ടീം ഇപ്പോൾത്തന്നെ അദ്ദേഹത്തിനുണ്ട്. മറ്റ് പല ബി.ജെ.പി നേതാക്കൾക്കുമില്ലാത്ത ഈ മേൻമകൾ അദ്ദേഹത്തെ ബി.ജെ.പി പ്രസിഡന്റ് സ്ഥാനത്തിന് എന്തുകൊണ്ടും അഭിമതനാണ്.

മിഷൻ കേരള എന്ന ബി.ജെ.പി അജണ്ടയുടെ മുഖമായി രാജീവ് ചന്ദ്രശേഖറെ കാണാം. കോൺഗ്രസ് മുക്ത ഭാരതം ഏതാണ്ട് പൂർത്തിയാക്കിയപ്പോഴാണ് മിഷൻ കേരളയിലേക്ക് ബി.ജെ.പി എത്തുന്നത്. ക്രൈസ്തവരിലേക്ക് ഇട്ടിരിക്കുന്ന പാലം ബലപ്പെടുന്നതിനനുസരിച്ചാവും കേരളം ബി.ജെ.പി പിടിക്കുന്നതിലുള്ള പ്രതീക്ഷകളിരിക്കുന്നത്.

പാർട്ടിയിലേക്ക് പ്രൊഫണലുകളുടെ ഒഴുക്ക് തുടങ്ങിയിട്ട് കാലങ്ങളായി. അത് പ്രതീക്ഷയിലേക്ക് കൊണ്ടെത്തിക്കേണ്ട ഉത്തരവാദിത്വമാണ് രാജീവിനുള്ളത്.

രണ്ട് പതിറ്റാണ്ട് മാത്രമാണ് രാജീവിന് സംഘപരിവാറുമായിട്ടുള്ള ബന്ധം.

എന്തു സംസാരിച്ചാലും വികസനത്തിലെത്തി നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസംഗ ശൈലി. ഇത് മോദി ശൈലിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുതന്നെയാണ് മഹാരാഷ്ട്രയിൽ ഫട്‌നാവിസിന് രണ്ടാമതും നറുക്ക് വീഴാൻ കാരണം.

മുൻ കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ഹൈദരാബാദിലാണ് ജനിച്ചത്. പാലക്കാട് സ്വദേശമാണ്. ബി.പി.എല്ലിലൂടെയാണ് രാജീവ് വൻ ബിസിനസുകാരനായത്. മൂന്നുവട്ടം രാജ്യസഭയിലെത്തിയ അദ്ദേഹം കേന്ദ്ര സഹമന്ത്രിയുമായിരുന്നു.


2024 സെപ്റ്റംബർ 1, ഞായറാഴ്‌ച

'പാപി'യുടെ കൂടെ കൂടിയ ശിവനായിരുന്നോ ഇ.പി? പിണറായി അന്ന് പറഞ്ഞു, ഇന്ന് നീക്കി

 

നടപടിക്കാധാരം ബി.ജെ.പി ബാന്ധവ വിവാദം, വൈദേകം
നീക്കിയത് പാർട്ടി സമ്മേളനം പടിവാതിൽക്കൽ നിൽക്കേ
പാർട്ടിയിലെ രണ്ടാമന്റെ രാഷ്ട്രീയ ഭാവി അസ്തമന വഴിയിൽ


ഗിരീഷ് കെ നായർ

തിരുവനന്തപുരം: 'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും'. ഇ.പി ജയരാജൻ ബി.ജെ.പിയുമായി ബന്ധപ്പെട്ടെന്ന ആരോപണം മാധ്യമങ്ങൾ ഉന്നയിച്ചപ്പോൾ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമിതായിരുന്നു ഇത്. അന്ന്, ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കത്തിനിന്ന ഈ ചൊല്ല്, ഇന്ന് ഇ.പിയെ കൺവീനർ സ്ഥാനത്തുനീന്ന് നീക്കുന്നതിലെത്തിനിൽക്കുന്നു. സി.പി.എമ്മിലെ സമീപ കാലത്തെ ഏറ്റവും വലിയ നടപടിയാണിത്.
ഒരിക്കൽ മന്ത്രിസഭയിൽ രണ്ടാമനായിരുന്ന ഇ.പി ഇപ്പോൾ പാർട്ടിയിൽ രണ്ടാമനായിരിക്കേയാണ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിനിർത്തപ്പെടുന്നത്. ഇതോടെ പാർട്ടിയുടെ ഏറ്റവും തലപ്പൊക്കമുള്ള നേതാവായി അംഗീകരിക്കപ്പെട്ടിരുന്ന ഇ.പിയുടെ രാഷ്ട്രീയ ഭാവി തന്നെ അസ്തമനവഴിയിലെത്തിയിരിക്കുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കർ ഇ.പിയെ വസതിയിൽ സന്ദർശിച്ച സംഭവമാണ് നടപടിക്കു പിന്നിലെ പ്രധാന കാരണം. ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറുമൊക്കെ ചേർന്ന് സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ ഭൂകമ്പമായിരുന്നു ഈ വിവരം. മൂന്നുവട്ടം ഇ.പിയും ജാവ്‌ദേക്കറും കൂടിക്കാഴ്ച നടത്തിയെന്നും ബി.ജെ.പിയിൽ ചേരുന്നതുമായി ബന്ധപ്പെട്ടതായിരുന്നു കൂടിക്കാഴ്ചയെന്നും ശോഭ പറഞ്ഞതോടെ പാർട്ടി വെട്ടിലായി. ഇക്കാര്യം ഇ.പി കൊള്ളുകയോ തള്ളുകയോ വേണമെന്ന് പാർട്ടി നിലപാടെടുത്തു. തിരുവനന്തപുരത്ത് ആക്കുളത്തെ മകന്റെ വീട്ടിൽ വച്ചുനടന്ന കൂടിക്കാഴ്ച സ്ഥിരീകരിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അന്ന് ഏപ്രിൽ 26നു രാവിലെ ഇ.പി പ്രസ്താവന നടത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് കാരണം ഇതാണെന്ന് പാർട്ടി വിലയിരുത്തലുപോലുമുണ്ടായി. അന്നേ ഇ.പിക്കെതിരേ നടപടി പ്രതീക്ഷിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അത് വച്ചുതാമസിപ്പിച്ചുവെന്നുവേണം കരുതാൻ.
തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഈ ആരോപണം ഇ.പിയുടെ വിശദീകരണത്തോടെ അവസാനിച്ചതായും ഇ.പിയുടെ നടപടി നിഷ്‌കളങ്കമായിരുന്നെന്ന് സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ വിശദീകരിക്കുകയും പിന്നീട് ചർച്ച ചെയ്യാനായി മാറ്റുകയും ചെയ്തിരുന്നു. എന്നാൽ അന്ന് എരിഞ്ഞുതുടങ്ങിയതായിരുന്നു ആ നെരിപ്പോട്.
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തുതന്നെ ബി.ജെ.പി സ്ഥാനാർഥികളെല്ലാം നല്ല കഴിവുള്ളവരാണണെന്ന ഇ.പിയുടെ പ്രസംഗവും അന്ന് വിവാദമുണ്ടാക്കിയിരുന്നു. മത്സരം ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണെന്നും കോൺഗ്രസുമായല്ലെന്നും ഇ.പി നടത്തിയ പ്രസ്താവനയും സി.പി.എം കേന്ദ്രങ്ങളിൽ അമ്പരപ്പുണ്ടാക്കി.
കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദവും ഇ.പി.യെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇ.പിയുടെ ഭാര്യ പി.കെ ഇന്ദിരയ്ക്കും ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ നിരാമയ റിട്രീറ്റും തമ്മിലുള്ള ബിസിനസ്  പങ്കാളിത്തമുള്ളതാണിതെന്ന ആരോപണവും വിവാദമായി. പാർട്ടിയുടെ ഫണ്ട് കലക്ടറെന്നറിയപ്പെടുന്ന ഇ.പി പരിപ്പുവടയുടെയു കാപ്പിയുടെയും കാലത്തുനിന്ന് ഏറെ മുന്നോട്ടുപോയിരുന്നു.
മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് കയ്യേറ്റം ചെയ്‌തെന്ന കേസിൽ ഇ.പിക്ക് ഇൻഡിഗോ വിമാനം യാത്രാവിലക്കേർപ്പെടുത്തിയയും വിവാദ വിഷയമായിരുന്നു.
ഒന്നാം പിണറായി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്നപ്പോഴും ഇ.പിയെ വിവാദം പിടികൂടിയിരുന്നു. ഭാര്യാ സഹോദരിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ എം.ഡിയായി നിയമിച്ച വിവാദത്തിനു പിന്നാലെ മുഖ്യമന്ത്രി ഇടപെട്ട് അത് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയുംവന്നിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിനുപിന്നാലെ മുതിർന്ന നേതാവായ ഇ.പി പാർട്ടി സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ സെക്രട്ടറിയാക്കിയത് ഇ.പിക്ക് കനത്ത ആഘാതമായിരുന്നു.
കമ്യൂണിസ്റ്റ് ജീവിത രീതി പിന്തുടരാത്ത ഇ.പി പാർട്ടിയുടെ നെടുംതൂണായിരുന്നു. അദ്ദേഹത്തെ നീക്കുന്നതോടെ ഉണ്ടാകുന്ന തിരയിളക്കം എവിടെ വരെയെത്തും എന്നത് പാർട്ടി പ്രവർത്തകരെ അങ്കലാപ്പിലാക്കുന്നു. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത ദിവസം ആരംഭിക്കാനിരിക്കുകയും പാർട്ടി കോൺഗ്രസ് പടിവാതിൽക്കൽ നിൽക്കുന്നതിനുമിടയിലുണ്ടായ നടപടി വി.എസിനെതിരേയുണ്ടായ നടപടികളുമായാണ് രാഷ്ട്രീയ രംഗം തുലനം ചെയ്യുന്നത്.