ലോക കേരളസഭ
ഗിരീഷ് കെ നായർ
തിരുവനന്തപുരം: പ്രവാസികളുടെ കാതലായ വിഷയങ്ങളിൽ പ്രധാന നടപടികളൊന്നും കൈക്കൊള്ളാൻ ആയിട്ടില്ലെന്ന വിമർശനത്തിനിടെ നാലാം ലോക കേരള സഭയ്ക്ക് ഇന്ന് ആരംഭമാകും. ഇന്നും നാളെയുമായി രണ്ടുദിവസമാണ് സമ്മേളനങ്ങൾ നടക്കുക. ഇതിനുശേഷം വിദേശത്ത് രണ്ട് മേഖലാ സമ്മേളനങ്ങളും നടക്കും. ഇതിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.
ഇതുവരെ മൂന്ന് ലോക കേരള സഭകൾ സംഘടിപ്പിക്കപ്പെട്ടെങ്കിലും ഗൾഫിലേക്കും മറ്റും പോകുന്ന കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകളൊന്നുമുണ്ടായിട്ടില്ലെന്ന വിമർശനവുമുണ്ട്.
മൂന്നു കോടി രൂപ മുടക്കിയും കഴിഞ്ഞ തവണ ഉൾപ്പെടുത്തിയ ഒരു തൊഴിലാളി വനിതയും ഇത്തവണ ഉൾപ്പെടുത്തിയ ഒരു പ്രവാസി ഡ്രൈവറും ഉൾപ്പെടെ 351 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അതിബൃഹത്തായ പ്രവാസി സംഗമാണിത്തവണ നടത്തുന്നത്. നൂറ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കേരള നിയമസഭാംഗങ്ങൾ, കേരളത്തിലെ പാർലമെന്റംഗങ്ങൾ, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, ഇന്ത്യക്ക് പുറത്തുള്ളവർ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ, തിരികെയെത്തിയ പ്രവാസികൾ, അതത് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികൾ, ഒ.സി.ഐ കാർഡ് ഉടമകൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. സഭാംഗത്വത്തിന് താൽപര്യമുളള പ്രവാസി കേരളീയർക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു.
പ്രവാസി നിക്ഷേപം ആകർഷിക്കും, പ്രവാസി ക്ഷേമത്തിന് മുൻഗണന നൽകും, പുതിയ സംരംഭങ്ങൾക്ക് സബ്‌സിഡിയുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നുമാണ് കഴിഞ്ഞ മൂന്ന് ലോക കേരളസഭകളിലും തുടർച്ചയായി ഉണ്ടായ പ്രഖ്യാപനം. പ്രവാസി സഹകരണ സംഘം, നിക്ഷേപ കമ്പനി, വനിതാ സെൽ, വിദേശഭാഷാ പഠനം എന്നിങ്ങനെ നേട്ടമായി ഉയർത്തിക്കാട്ടപ്പെടുന്നുണ്ടെങ്കിലും പ്രവാസികൾക്കുള്ള പദ്ധതികളും ഗുണങ്ങളും ഒരുക്കങ്ങളുമെന്തെന്ന ചോദ്യത്തിന് വ്യക്തതയില്ല.
നിക്ഷേപക്കാര്യത്തിൽ ഇതുവരെ പ്രവാസി സമൂഹം ഇതിനോട് ആശാവഹമായി പ്രതികരിച്ചിട്ടില്ല. പ്രവാസി പുനരധിവാസവും കേന്ദ്ര-സംസ്ഥാന ഓഹരി കൺസോർഷ്യം, ദേശീയ കുടിയേറ്റ നയം, ലോകകേരള സഭയ്ക്ക് നിയമപരമായ ഉറപ്പിന് നിയമനിർമാണം തുടങ്ങിയ പ്രഖ്യാപനങ്ങളൊന്നും വെളിച്ചം കണ്ടിട്ടില്ല.
കഴിഞ്ഞ ലോകകേരള സഭയിൽ 67 നിർദേശങ്ങൾ ഉയർന്നെങ്കിലും ഇതിൽ പ്രവാസി മിത്രം, സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി, കേരള മൈഗ്രേഷൻ സർവേ എന്നിവ മാത്രമാണ് നടപ്പാക്കാനായത്. ബാക്കിയുള്ളവയിൽ 11 എണ്ണം കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ തീരുമാനിച്ചിരുന്നു. ബാക്കി 53 പദ്ധതികൾ പ്രാരംഭഘട്ടത്തിലാണെന്ന് വിശദീകരിക്കുന്നതല്ലാതെ കൃത്യമായ നടപടി ക്രമങ്ങളോ കാലക്രമമോ നിശ്ചയിക്കപ്പെട്ടിട്ടില്ലെന്ന വിമർശനം രൂക്ഷമാണ്.
അതേസമയം, മുൻ ലോകകേരളസഭകളിൽ ഉയർന്ന നിർദേശങ്ങളിൽ ചിലത് നടപ്പിലാക്കാനായിട്ടുണ്ട്. ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് കമ്പനി, വെർച്വൽ പ്രവാസി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങിയ നിർദേശങ്ങളാണ് നടപ്പിലാക്കിയത്.
2019 ഫെബ്രുവരിയിൽ ദുബൈയിലും 2022 ഒക്ടോബറിൽ ലണ്ടനിലും കഴിഞ്ഞ വർഷം ജൂണിൽ ന്യൂയോർക്കിലുമാണ് ലോകകേരള സഭ സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നുള്ള മേഖലാ സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു.
ഇന്ന്, വൈകുന്നേരം ഗൾഫ് രാജ്യങ്ങൾ, ഏഷ്യ-പസഫിക്, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യൻ സംസ്ഥാനങ്ങൾ,തിരികെയെത്തിയ പ്രവാസികൾ എന്നീ ഏഴ് മേഖലകൾ തിരിച്ച് ചർച്ചകൾ പ്ലാൻ ചെയ്തിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ