2024, ജൂൺ 8, ശനിയാഴ്‌ച

കെ.പി.സി.സി നേതൃയോഗം ഉടൻ; മാണിഗ്രൂപ്പും, മുരളീധരനും വിഷയമാകും

 

യു.ഡി.എഫ് നേതൃയോഗം 12ന് ചേരും; ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളും ചർച്ചയാകും, വയനാടും ചർച്ച ചെയ്യും


ഗിരീഷ് കെ നായർ


തിരുവനന്തപുരം: കെ.പി.സി.സി സംസ്ഥാന നേതൃയോഗം അടുത്തയാഴ്ച ചേരാൻ ആലോചന. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കരസ്ഥമാക്കിയതോടെ ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകൾക്ക് സംഘടനയെ ഒരുക്കുക എന്നതാണ് അജണ്ട. വയനാട് രാഹുൽ ഒഴിഞ്ഞാൽ അവിടേക്കുള്ള സ്ഥാനാർത്ഥിത്വം സംബന്ധിച്ചും ചർച്ചയുണ്ടാകും.

എന്നാൽ, തൃശൂരിൽ തന്നെ ബലി കൊടുത്തെന്ന് ആരോപിച്ച് രാഷ്ട്രീയ വനവാസത്തിനു മുതിർന്ന കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള മാർഗങ്ങളും എൽ.ഡി.എഫിൽ അസ്വസ്ഥരായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ യു.ഡി.എഫിൽ എത്തിക്കുന്നത് സംബന്ധിച്ച കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായവും യോഗം ചർച്ച ചെയ്യുമെന്നാണറിയുന്നത്.

തൃശൂരിൽ മുരളീധരനെ കൊണ്ടുവന്നതിലുണ്ടായ കാലതാമസവും ഒരുമയില്ലാത്ത പ്രവർത്തനവും പരാജയ കാരണമായെന്ന ആരോപണം നിലനിൽക്കേ ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നേരത്തെ തീരുമാനിച്ചുറപ്പിക്കാൻ നീക്കമുണ്ട്. പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തുടക്കത്തിൽ മുന്നിലെത്താനായ മാതൃക പിന്തുടരാനാണ് ശ്രമം. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥി ചർച്ചകൾ ഇപ്പോൾത്തന്നെ തുടങ്ങണമെന്ന അഭിപ്രായം നേതാക്കൾക്കിടയിലുണ്ടെന്നാണ് വിവരം.

നിലവിൽ പാലക്കാട്ടേയ്ക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. പ്രതിപക്ഷ നേതാവിനും നിലവിൽ എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിലിനും രാഹുലിനോടാണ് മമത. കെ.പി.സി.സി വൈസ് പ്രസിഡന്റായ വി.ടി ബൽറാമിന്റെ പേരും ഉയർന്നിട്ടുണ്ട്.

സി.പി.എം സീറ്റായ ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ചുതോറ്റ രമ്യ ഹരിദാസിനെ പരിഗണിച്ചേക്കും. 2019ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ചുതോറ്റ ഷാനിമോൾ ഉസ്മാനെ അരൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ജയിപ്പിച്ചിരുന്നു. ഇത് മുന്നിൽക്കണ്ടാണ് സംവരണ സീറ്റിൽ രമ്യ ഹരിദാസിനെ പരിഗണിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെയായതിനാൽ പ്രചാരണത്തിലും ഏറെ വിയർക്കേണ്ടിയും വരില്ലെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

വയനാട്ടിൽ രാഹുലിന്റെ മനസിലിരുപ്പ് വെളിവായിട്ടില്ലെങ്കിലും ഉപേക്ഷിക്കുന്ന പക്ഷം അവിടേയ്ക്ക് സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതുണ്ട്. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കുകയും കേന്ദ്ര ഭരണം ഇന്ത്യ മുന്നണിക്ക് ലഭിക്കാതെ വരികയും ചെയ്തതോടെ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടിവരും. പ്രിയങ്ക ഗാന്ധിയെ എത്തിച്ച് രാഹുൽ കേരളത്തിലുണ്ടാക്കിയ ഓളം വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മുതൽക്കൂട്ടാക്കാനുള്ള ആലോചനയും പാർട്ടി വൃത്തങ്ങളിലുണ്ട്. സംസ്ഥാന നേതൃത്വം ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് ഉന്നയിക്കാനും സാധ്യതയുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ