2024, ജൂൺ 22, ശനിയാഴ്‌ച

വേനൽചൂടിൽ നഷ്ടമായത് 450 പശുക്കൾ, ചർമ മുഴ വന്ന് ചത്തത് 800


ഗിരീഷ് കെ നായർ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളിലുണ്ടായ കടുത്ത വേനൽചൂടിൽ 450 പശുക്കളെ നഷ്ടപ്പെട്ടതായി മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. പശുവളർത്തൽ ജീവിത മാർഗമായി കണ്ടെത്തിയവർക്ക് ഇത് തിരിച്ചടിയായതായും റിപ്പോർട്ടിലുണ്ട്. ഈ കർഷകരെ ക്ഷീര വികസന വകുപ്പ് സാമ്പത്തികമായി സഹായിക്കാനും തീരുമാനമുണ്ട്. ഇതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വേനൽക്കാലത്ത് പശുക്കൾ ചത്തുപോകാൻ കാരണമായി വകുപ്പ് കണ്ടെത്തിയത് സംരക്ഷണത്തിൽ ഉണ്ടായ പാളിച്ചയാണെന്നാണ്. പെട്ടെന്നുണ്ടായ അത്യുഷ്ണ സാഹചര്യം നേരിടാൻ മനുഷ്യന് കഴിയാൻ ബുദ്ധിമുട്ടായതുപോലെ മൃഗങ്ങളെ സംരക്ഷിക്കുന്നതിലും പാളിച്ചയുണ്ടായി. അതുകൊണ്ടുതന്നെ വരും വർഷങ്ങളിൽ ഈ അപകടമുണ്ടാകാതിരിക്കാൻ കർഷകരെ
ബോധവൽക്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കൊവിഡിനു പിന്നാലെ പശുക്കളിൽ പടർന്നു തുടങ്ങിയ ചർമ മുഴ രോഗം കാരണം 800 പശുക്കളെ കർഷകർക്ക് നഷ്ടമായെന്നും കണക്കുകളിൽ പറയുന്നു. ഇത് കർഷകരെ കടക്കെണിയിലും സാമ്പത്തിക നഷ്ടത്തിലും ആക്കിയിട്ടുണ്ടെന്നും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കും സാമ്പത്തികമായി സഹായം നൽകാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് വകുപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

കറവപ്പശുക്കൾക്ക് മുപ്പതിനായിരം, കിടാരികൾക്ക് പതിനാറായിരം, ആറുമാസത്തിൽ താഴെപ്രായമുള്ള പശുക്കുട്ടിക്ക് അയ്യായിരം എന്നീ ക്രമത്തിലാകും നഷ്ടപരിഹാരത്തുകയെന്നാണറിയുന്നത്.

2019ന്റെ അവസാനം കണ്ടെത്തിയ ചർമ മുഴ രോഗം കിടരികളെയും പ്രായം ചെന്ന പശുക്കളെയും ഒരുപോലെ ബാധിക്കുന്നു. പശുക്കളുടെ പ്രത്യുത്പാദനത്തെയും പാലുൽപാദനത്തെയുമെല്ലാ ഇത് ബാധിക്കുമെന്നതിനാൽ ക്ഷീര കർഷകർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിലവിൽ ഈ രോഗത്തിന്റെ മൂന്നാം തരംഗമാണ് സംസ്ഥാനത്തുള്ളതെന്നാണ് മൃഗസംരക്ഷണവകുപ്പ് വിലയിരുത്തുന്നത്.

ചർമ മുഴ രോഗമുള്ള പശുക്കളുടെ പാൽ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും കിടാരികൾ കുടിച്ചാൽ രോഗം പകരും.

ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി ഏഴ് സംസ്ഥാനങ്ങളിൽ ചർമ മുഴ ഭീഷണിയുണ്ട്. രാജ്യമാകെ എൺപതിനായിരം പശുക്കൾ നഷ്ടപ്പെട്ടതായാണ് കണക്കുകൾ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ