Monday, December 24, 2018

ആസൂത്രിത വധം, വര്‍ഗീയ കലാപ ശ്രമം


ഒരു പൊലിസ് സബ് ഇന്‍സ്‌പെക്ടറും ഒരു കൗമാരക്കാരനും കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഉണ്ടായ കലാപം വളരെ ആസൂത്രിതമാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പൊലിസിന്റെ പേരില്‍ നിലനില്‍ക്കുമ്പോഴാണ് പൊലിസ് ഉദ്യോഗസ്ഥരെ അതേ നാണയത്തില്‍ വകവരുത്താനുള്ള ആസൂത്രണചിത്രം പുറത്തുവന്നിരിക്കുന്നത്. മുസ് ലിം ജനത മതപരമായ ചടങ്ങുകള്‍ക്ക് ബുലന്ദ് ഷഹറില്‍ ഒത്തുചേര്‍ന്നതിന് തൊട്ടുപിന്നാലെ പശുവിന്റെ പേരില്‍ ലഹളയുണ്ടാകുകയും അത് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തത് ഒരു വര്‍ഗീയ കലാപം കൂടി മുന്നില്‍ക്കണ്ട് ആസൂത്രണം ചെയ്തതാണോ എന്നും സംശയിക്കുന്നു. അന്വേഷണങ്ങള്‍ ഈ വഴിക്കൊക്കെ നീങ്ങുന്നുമുണ്ട്. സംസ്ഥാന ഡി.ജി.പിയും മന്ത്രിയും സുബോധിന്റെ കൊലപാതകം ആസൂത്രിതമായിരുന്നെന്നും വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമം നടന്നതായും സൂചന നല്‍കിയിട്ടുണ്ട്. ഇനി ആര്, എന്തിന് ഈ വിവരങ്ങളൊക്കെ പുറത്തുവരേണ്ടതുണ്ട്.

സംഭവങ്ങളുടെ തുടക്കം

പശ്ചിമ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ മഹാവ് ഗ്രാമത്തിലെ കരിമ്പുപാടങ്ങളില്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെട്ടതാണ് ഈ സംഭവങ്ങളുടെ തുടക്കം. ഡിസംബര്‍ മൂന്നിനായിരുന്നു അത്. തുടര്‍ന്ന് പശുസംരക്ഷക പ്രവര്‍ത്തകരെന്ന പേരില്‍ രംഗത്തെത്തിയവര്‍ ഈ അവശിഷ്ടങ്ങളുമായി സിയാനയിലെ ചിങ്‌രാവതി പൊലിസ് സ്റ്റേഷനിലെത്തി. പശുവിനെ കൊന്നതില്‍ കേസെടുക്കണമെന്നായിരുന്നു ആവശ്യം. സ്റ്റേഷനിലെ പൊലിസുകാര്‍ കൊന്നതാണ് പശുവിനെ എന്നാരോപണമുയര്‍ന്നതോടെ നൂറുകണക്കിനാളുകള്‍ പൊലിസ് സ്റ്റേനിലേക്ക് കല്ലെറിയുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. തൊട്ടടുത്ത സിയാന പൊലിസ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലിസുകാരെത്തുകയും ജീവഹാനി ഉണ്ടാകുമെന്നായപ്പോള്‍ അവര്‍ അക്രമികള്‍ക്കെതിരേ വെടിവയ്ക്കുകയും ചെയ്തു. ഈ വെടിവയ്പില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. 21കാരനായ ഇയാള്‍ അക്രമികള്‍ക്കൊപ്പമുണ്ടായിരുന്നില്ലെന്ന് ആദ്യഘട്ടത്തില്‍ വാദമുണ്ടായിരുന്നെങ്കിലും കല്ലും മറ്റുമായി ഇയാള്‍ അക്രമികള്‍ക്കൊപ്പം നീങ്ങുന്ന വിഡിയോ ചിത്രം പുറത്തുവന്നിരുന്നു. ഒരാള്‍ കൊല്ലപ്പെട്ടതോടെ കൂടുതല്‍ അക്രമാസക്തമായ ജനക്കൂട്ടം പൊലിസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. അക്രമികളെ നേരിടാനെത്തിയ ഇന്‍സ്‌പെകര്‍ അക്രമത്തിനിടെ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു.
പശുവിന്റെ തോലും ഇറച്ചിയും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഈ സ്‌റ്റേഷനില്‍ കണ്ടതായും ആക്രമണമുണ്ടാകുന്നതിനു ഏതാനും മണിക്കൂര്‍ മുന്‍പ് മാത്രമാണ് അതവിടെനിന്ന് നീക്കം ചെയ്തതെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം കരിമ്പിന്‍ പാടത്ത്, ഈ സംഭവത്തിന് തലേന്ന് പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇന്‍സ്‌പെക്ടര്‍ സുബോധിന്റെ മരണം

ജനക്കൂട്ടം പൊലിസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ തുനിയുമ്പോള്‍ അവരുമായി അനുനയത്തിന് ശ്രമിക്കുകയായിരുന്നു ഇന്‍സ്‌പെകര്‍ സുബോധ് സിങെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അനുജ് ഝാ പറയുന്നു. ഒറ്റയ്ക്ക് അക്രമികളുടെ നടുവിലിറങ്ങി അനുനയിപ്പിക്കാന്‍ സുബോധ് ശ്രമം നടത്തിയതായും ധൈര്യശാലിയായ ഓഫീസറെയാണ് നഷ്ടപ്പെട്ടതെന്നും ഝാ പറയുന്നു. അക്രമം കലാപത്തിലേക്ക് വളര്‍ന്നതോടെ ഒപ്പമുണ്ടായിരുന്ന പൊലിസുകാര്‍ ആകാശത്തേക്ക് വെടിവച്ചു. ഇതോടെ അക്രമികള്‍ കോപാക്രാന്തരായി വളഞ്ഞതോടെ പൊലിസുകാര്‍ ഓടിമാറി. സുബോധ് വെടിയേറ്റു വീഴുന്നത് കണ്ടത് അദ്ദേഹത്തിന്റെ ജീപ്പ് ഡ്രൈവര്‍ രാം ആശ്രയ് ആണ്. സുബോധിന് ജീവന്‍ നഷ്ടപ്പെടാതെ പ്രഥമശുശ്രൂഷ നല്‍കാന്‍ വാഹനത്തിലേക്ക് താന്‍ മാറ്റിയതായും രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഓടിക്കൂടിയ അക്രമിക്കൂട്ടം തടഞ്ഞ് കൊല്ലെടാ എന്നാര്‍ത്തുവിളിക്കുകയും കല്ലും തടിയും എറിഞ്ഞതോടെ താന്‍ ഓടിരക്ഷപ്പെട്ടതായും ആശ്രയ് പറഞ്ഞു. ആശ്രയിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കരിമ്പിന്‍ തോട്ടത്തില്‍ പലഭാഗങ്ങളിലും വെടിയൊച്ച കേട്ടതായും രാം ആശ്രയ് വിവരിക്കുന്നത് എത്ര ഞെട്ടിക്കുന്ന സംഭവമാണ് അവിടെ നടന്നതെന്ന സൂചന നല്‍കുന്നു.

സംശയങ്ങള്‍

പശുസംരക്ഷകരെന്ന പേരില്‍ രാജ്യമാകെ അക്രമിക്കൂട്ടം നടമാടുമ്പോള്‍ ആരും ഇത്തരമൊരു പ്രവര്‍ത്തിക്ക് മുതിരില്ലെന്ന് വ്യക്തമാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ട പൊലിസുകാര്‍ പശുവിറച്ചിയും തോലും പ്രദര്‍ശിപ്പിച്ചെന്ന വിവരം ഞെട്ടിക്കുന്നു. എന്നാല്‍, അത് വിദഗ്ധമായി സ്വരൂക്കൂട്ടിയ ഒന്നാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. പശുവിറച്ചി എന്നുകേള്‍ക്കുമ്പോള്‍ ആയുധം എടുക്കുന്ന ഒരു ജനതയുള്ള ഉത്തര്‍പ്രദേശ് പോലുള്ള ഒരു സംസ്ഥാനത്ത് അവരെ വേഗം ഇളക്കിവിടാന്‍ പറ്റിയ മാര്‍ഗമായി  ഉപയോഗിച്ച തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മഹാവ് ഗ്രാമത്തിലെ തഹസില്‍ദാര്‍ പറഞ്ഞത് കരിമ്പുപാടത്ത് തുണി ഉണക്കാന്‍ ഇട്ടിരിക്കുന്നതുപോലെ 20ലധികം പശുക്കളുടെ തോലും ഉടലും തലയും വളരെ ദൂരെ നിന്നുപോലെ കാണാനാവുന്ന തരത്തില്‍ തൂക്കിയിട്ട് പ്രദര്‍ശിപ്പിച്ചത് വളരെ ആസൂത്രിതമായിട്ടായിരുന്നു എന്നാണ്.
ഈ വാര്‍ത്ത പരന്നയുടനെ ഹിന്ദു യുവ വാഹിനി, ശിവസേന, ബജ് രംഗ്ദള്‍ പ്രവര്‍ത്തകര് കൂട്ടമായെത്തി പ്രതിഷേധം തുടങ്ങിയതും ഇത് ട്രാക്ടറില്‍ സംസ്ഥാനപാതയിലെത്തിച്ച് ഉപരോധം നടത്തിയതും ആസൂത്രിതമായിരുന്നു എന്ന തോന്നലുണ്ടാക്കുന്നു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ പങ്കെടുത്ത തബ് ലിഗി ജമാ അത്ത് ബുലന്ദ്ഷഹറില്‍ ഡിസംബര്‍ മൂന്നിന് സമാധാനപരമായി സമാപിച്ചതിന്റെ അന്നുതന്നെയാണ് പശുവിന്റെ പേരില്‍ അക്രമങ്ങള്‍ തലപൊക്കിയത്. ഈ മതചടങ്ങ് നടന്നതിന്റെ 30 കിലോമീറ്റര്‍ അപ്പുറമാണ് പൊലിസിനെതിരേ ലഹള നടന്നത്. ഇവിടെ പങ്കെടുത്തു മടങ്ങിയവര്‍ ബുലന്ദ്ഷഹറിലെ സംസ്ഥാന പാത വഴി പശുവിന്റെ അവശിഷ്ടം കണ്ടിടത്തുകൂടിയായിരുന്നു വരേണ്ടിയിരുന്നത്. അക്രമികള്‍ ഈ പാത ഉപരോധിച്ചത് ഇത് മുന്നില്‍ക്കണ്ടാണെന്ന സംശയവും ഉയരുന്നുണ്ട്.
സുബോധ് സിങ് കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുന്‍പ് അദ്ദേഹത്തെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക സംഘപരിവാര്‍ നേതൃത്വം ബുലന്ദ്ഷഹര്‍ എം.പി ഭോലാ സിങിന് പരാതി നല്‍കിയിരുന്നു. കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് മതപരമായ ചടങ്ങുകള്‍ക്ക് ഭംഗം വരുത്തുന്നു എന്നായിരുന്നു. ഇതിനര്‍ഥം സുബോധിനോട് പ്രാദേശിക സംഘപരിവാര്‍ നേതൃത്വത്തിന് അമര്‍ഷമുണ്ടായിരുന്നു എന്നാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വിഡിയോയില്‍ ബി.ജെ.പി യുവമോര്‍ച്ച സയാന യൂണിറ്റ് പ്രസിഡന്റ് അഗര്‍വാള്‍ വിശദമാക്കുന്നത് സുബോധ് സിങ് തങ്ങളെ തടയാന്‍ ശ്രമിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ്. സുബോധ് പ്രദേശത്തെ മുസ് ലിംകളോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നതായും ഇയാള്‍ ആരോപിച്ചു. ഇതിനര്‍ഥം, സുബോധിനെ വകവരുത്തിയത് തന്നെയെന്നല്ലേ. ഇതില്‍ക്കൂടുതല്‍ എന്തു തെളിവാണ് ഈ കൊടുംക്രൂരന്‍മാരെ തടങ്കലിലെത്തിക്കാന്‍ യോഗിക്ക് വേണ്ടത്.

പ്രതികളില്‍ സേനാംഗവും

സുബോധ് സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലിസ് 27 പേര്‍ക്കെതിരേയാണ് കേസെടുത്തത്. അക്രമത്തിനുപിന്നാലെ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. തിരിച്ചറിയാനാകാത്ത അന്‍പതോളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. യുവമോര്‍ച്ച, വി.എച്ച്.പി, ബജ് രംഗ്ദള്‍, ഹിന്ദു യുവ വാഹിനി, ശിവസേന എന്നീ സംഘടനകളില്‍ പെട്ടവരാണ് പ്രതിപ്പട്ടികയില്‍. പാര്‍ട്ടിയില്ലാത്ത കര്‍ഷകരും വിദ്യാര്‍ഥികളും പ്രതിപ്പട്ടികയിലുണ്ട്. പ്രധാനപ്രതി യോഗേഷ് രാജ് എന്ന 28കാരന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. നിയമവിദ്യാര്‍ഥിയും സാമൂഹ്യപ്രവര്‍ത്തകനും വിശ്വഹിന്ദു പരിഷത്ത്, ബജ് രംഗ്ദള്‍ എന്നിവയുടെ സജീവ പ്രവര്‍ത്തകനുമായ ഇയാള്‍ തോക്കുപയോഗിക്കാറുണ്ടെന്ന് പൊലിസ് പറയുന്നു.
എന്നാല്‍ പ്രതിപ്പട്ടികയില്‍ ഒരു സേനാംഗവും ഉണ്ടായിരുന്നു എന്നത് ഞെട്ടിക്കുന്നതാണ്. കശ്മിരിലെ സോപൂരില്‍ ജോലി ചെയ്യുന്ന 22 രാഷ്ട്രീയ റൈഫിള്‍സിലെ ജിതേന്ദ്ര മാലിക്കിനെ കഴിഞ്ഞ ദിവസം പൊലിസ് കശ്മിരിലെത്തി അറസ്റ്റ് ചെയ്തിരുന്നു.
സുബോധും സുമിതും കൊല്ലപ്പെട്ടത് .32 പിസ്റ്റളില്‍ നിന്നുള്ള വെടിയേറ്റാണ്. ഈ പിസ്റ്റള്‍ ഈ സേനാംഗത്തിന്റെതാണെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുമുണ്ട്.

ഗൂഢാലോചനയെന്ന്
സഹോദരിയും മന്ത്രിയും

ഇന്‍സ്‌പെകര്‍ സുബോധ് സിങിനെ വകവരുത്താനായി സൃഷ്ടിച്ച കലാപമാണിതെന്ന് അദ്ദേഹത്തിന്റെ സഹോദരി സുനിത സിങ് ആരോപിക്കുന്നു. 2015ല്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ട ഗോവധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു സുബോധ്. സുബോധിനെ പൊലിസുകാര്‍ തന്നെ കൊലയ്ക്കുകൊടുക്കുകയായിരുന്നെന്നാണ് സഹോദരിയുടെ ആരോപണം. സുബോധ് രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്നും അവര്‍ പറയുന്നു. നാഴികയ്ക്കു നാല്‍പതുവട്ടവും പശു, പശു എന്നുരുവിടുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്തുകൊണ്ടാണ് അവയെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കാത്തതെന്നും പശുവിനെ മാതാവിന് സമമാണ് തങ്ങള്‍ കാണുന്നതെന്നും തന്റെ സഹോദരന്‍ പശുവിന് വേണ്ടിയാണ് ജീവിതം ബലിയര്‍പ്പിച്ചതെന്നും സുനിത ചൂണ്ടിക്കാട്ടുന്നു.
സുനിതയുടെ വാക്കുകളില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്. സുബോധിന്റെ കുടുംബം പശുക്കളെ വകവരുത്തുന്നവരല്ല. അതിന്റെ മാംസം പൊലിസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ സുബോധ് അനുവദിക്കില്ലെന്നും ഇതില്‍ നിന്ന് വ്യക്തവുമാണ്. പൊലിസുകാര്‍തന്നെ കൊലയ്ക്കുകൊടുത്തതാണെന്ന വാദത്തിനും പ്രസക്തിയുണ്ട്. കാരണം, കൂടെയുള്ള ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള ബാധ്യത വെടിഞ്ഞ് ഓടിരക്ഷപ്പെടുകയായിരുന്നു പൊലിസുകാര്‍. അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷപ്പെടുത്താന്‍ അന്വേഷണോദ്യോഗസ്ഥനെ ഇല്ലാതാക്കണമെന്ന പദ്ധതിയുടെ ഭാഗമായിരുന്നു ഇതെന്ന ആരോപണത്തിലും കഴമ്പില്ലാതെയില്ല. സുബോധിന്റെ ഇടതുപുരികത്തിനടുത്താണ് വെടിയേറ്റത്. അത്രയും അടുത്തുനിന്ന് പോയിന്റ് ബ്ലാങ്കിലാണോ വെടിയേറ്റത് എന്നതൊക്കെ അന്വേഷണത്തില്‍ പുറത്തുവരേണ്ടതാണ്.
സംസ്ഥാന പട്ടിക വികസന ക്ഷേമ വകുപ്പ് മന്ത്രിയും ബി.ജെ.പി സഖ്യകക്ഷി നേതാവുമായ ഓംപ്രകാശ് രാജ്ഭര്‍ സംശയലേശമന്യേ വെളിപ്പെടുത്തിയ ഒരു കാര്യമുണ്ട്. ബുലന്ദ്ഷഹര്‍ കലാപം വളരെ ആസൂത്രിതമായി വി.എച്ച്.പിയും ആര്‍.എസ്.എസും ബജ് രംഗ്ദളും ചേര്‍ന്ന് നടത്തിയതാണെന്നാണ്. മുസ് ലിം ജനതയുടെ മതപരമായ ചടങ്ങിന്റെ അന്നുതന്നെ പശുവിന്റെ പേരില്‍ നടന്നത് അതിനാലാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷനാണ് രാജ്ഭര്‍. എന്നാല്‍ മുഖ്യമന്ത്രി ആദിത്യനാഥിനെ കണ്ടതിനുപിന്നാലെ അദ്ദേഹം ഈ ആരോപണം പിന്‍വലിച്ചിരുന്നു.





Sunday, December 23, 2018

തെരഞ്ഞെടുപ്പ് ഫലം പറയുന്നത്


അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജയപരാജയങ്ങള്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്.
വലിയ ജ്ഞാനമതിയായിട്ടു പറഞ്ഞതാണെന്നു കരുതരുത്. അഞ്ചില്‍ മൂന്നിടങ്ങളില്‍ ഭരണത്തിലിരുന്ന പാര്‍ട്ടിക്ക് അത് കൈമോശം വന്നപ്പോള്‍, അതും കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് മുറവിളി കൂട്ടി അധികാരത്തിലെത്തിയ പാര്‍ട്ടിക്ക് അതേ പാര്‍ട്ടിയില്‍ നിന്ന് ആഘാതമേല്‍ക്കുമ്പോള്‍ എല്ലാം വിധിയെന്നു പറയാനല്ലേ കഴിയൂ.
ഈ തെരഞ്ഞെടുപ്പ് ഫലം ഒരു ദിശാ സൂചകമാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിലയിരുത്തുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറത്തെ ഒരു വിധിയായി വേണം ഇതിനെ കാണേണ്ടത്. ഇത് കേവലം ബി.ജെ.പിയുടെ തോല്‍വിയെന്നും കോണ്‍ഗ്രസിന്റെ ജയമെന്നും പറഞ്ഞ് പാര്‍ശ്വവല്‍ക്കരിക്കരുത്. ഈ ഫലം പറയുന്നത് മറ്റു ചിലതൊക്കെയാണ്. ശബ്ദമില്ലാത്തവന്‍ ജനാധിപത്യത്തിലൂടെ അടക്കിഭരിക്കുന്നവന് നല്‍കുന്ന മറുപടിയാണ് അതില്‍ പ്രധാനം. അന്നത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവസന്ധാരണത്തിനും കേഴുന്ന ജനത പൊരുതി നേടിയ നേട്ടമായിവേണം അതിനെ കാണാന്‍. മൂന്നു സംസ്ഥാനങ്ങളിലും ഗ്രാമീണ-കാര്‍ഷിക മേഖലകളില്‍ ബി.ജെ.പിക്ക് കനത്ത സീറ്റ് നഷ്ടമുണ്ടായപ്പോള്‍ ഒപ്പം നില്‍ക്കുമെന്ന് കരുതപ്പെട്ട നഗര മേഖലകളും പാര്‍ട്ടിയെ കൈവിട്ടു. ഉദ്യോഗാര്‍ഥികളും കര്‍ഷകരും നിര്‍ണയിച്ച ഫലങ്ങളെന്നു വിലയിരുത്തുന്നതാവും കൂടുതല്‍ ശരി.

രാഹുലിന്റെ രാഷ്ട്രതന്ത്രം

കോണ്‍ഗ്രസിന്റെ വിജയം നേതൃത്വത്തിന്റെ വിജയം തന്നെയാണ്. രണ്ടാംവരവില്‍ രാഹുല്‍ വെന്നിക്കൊടി പാറിച്ചിരിക്കുന്നു. മോദി പറഞ്ഞതുപോലെ വിജയവും തോല്‍വിയും ഇഴചേര്‍ന്നു പോകുന്നുവെന്ന് രാഹുലും മനസിലാക്കുന്നു. തോല്‍വിയില്‍ തളര്‍ന്ന് രാജ്യം വിടുന്ന രാഹുല്‍ വിജയം ജനങ്ങള്‍ക്കൊപ്പം പങ്കിടുമെന്നു കരുതാം.
എങ്കിലും പരാജയപ്പെടുമായിരുന്ന ഒരു തന്ത്രത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു രാഹുല്‍. കാരണം തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസിനു നഷ്ടപ്പെട്ടേക്കാവുന്ന ഒരു കമല്‍ നാഥിനെ രാഷ്ട്രീയ ഇന്ത്യ കണ്ടിരുന്നു. കോണ്‍ഗ്രസില്‍ ശക്തനായ കമല്‍ നാഥിനെ ആ പാര്‍ട്ടി വേണ്ടവണ്ണം കരുതാതിരുന്നപ്പോള്‍ മനസുമരവിച്ചുപോയിരുന്നു ആ മനുഷ്യന്. ജ്യോതിരാദിത്യ സിന്ധ്യയെന്ന കൂട്ടുകാരനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ രാഹുല്‍ ആത്മഹത്യാപരമായ നിലപാട് ആവര്‍ത്തിക്കുന്നതായി തോന്നി. എന്നാല്‍ പതം വന്ന രാഷ്ട്രീയക്കാരനെപ്പോലെ ആ നിലപാടില്‍ നിന്നു മനംമാറ്റം വന്നപ്പോള്‍ കമല്‍ നാഥ് കൂടുതല്‍ ശക്തമായ സാന്നിധ്യമറിയിച്ചു, പാര്‍ട്ടിയെ വിജയവഴിയിലെത്തിച്ചു.
രാജസ്ഥാനില്‍ കൡക്കൂട്ടുകാരനായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി വാഴിക്കണമെന്നായിരുന്നു രാഹുലിന്റെ മോഹം. ഫലപ്രഖ്യാപനത്തിനുമുന്‍പ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി മുന്നേറാനുള്ള നീക്കം ഇരുത്തം വന്ന മുതിര്‍ന്നവര്‍ തടഞ്ഞു എന്നുവേണം അനുമാനിക്കാന്‍. ഇപ്പോഴില്ലെങ്കില്‍ പിന്നീടൊരിക്കലുമില്ല മുഖ്യമന്ത്രി പദത്തില്‍ എന്നറിയാവുന്ന അശോക് ഗെലോട്ടിനെ വിശ്വാസത്തിലെടുക്കാന്‍ തയാറായതോടെ രാജസ്ഥാനും കൈപ്പിടിയിലൊതുങ്ങി.
പഞ്ചാബ് നല്‍കിയ പാഠമായിരുന്നു ഇത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എന്ന ഒറ്റയാള്‍ പോരാളിയാണ് അവിടെ കോണ്‍ഗ്രസിനെ വിജയപഥത്തിലെത്തിച്ചതെന്നു വിസ്മരിച്ചുകൂടാ. രാഹുലിന്റെ നിലപാടുകള്‍ ഖണ്ഡിച്ച അമരിന്ദര്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നെങ്കിലും വിജയം താലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന് കൈമാറിയപ്പോള്‍ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നതായി രാഹുലിനും മനസിലായി. രാഹുലിന് ജനമനസില്‍ സ്ഥാനം ലഭിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ ഫലങ്ങള്‍. അദ്ദേഹം പങ്കെടുത്ത റാലികള്‍ നടന്ന മേഖലകളില്‍ വമ്പന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്.

ചിറകൊടിഞ്ഞ് മോദി

തോല്‍ക്കുന്നതിനു തൊട്ടുമുന്‍പ് വരെ ജയപ്രതീക്ഷ. അതായിരുന്നു മോദിയും ബി.ജെ.പിയും വച്ചു പുലര്‍ത്തിയിരുന്നത്. മൂന്നുവട്ടം ഭരണം നല്‍കിയിട്ടും ഒന്നു നിവര്‍ന്നു നില്‍ക്കാന്‍ ജനത്തെ പര്യാപ്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയെന്തോന്നു വികസനമെന്ന് ചോദിക്കാതെ ചോദിക്കുകയായിരുന്നില്ലേ ജനങ്ങള്‍. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ കൊള്ളരുതായ്കകള്‍ കേന്ദ്ര പിന്തുണയോടെയായിരുന്നില്ലേ. എന്തുചെയ്താലും ഹിന്ദി രാഷ്ട്ര ഭൂമി ഒപ്പം നില്‍ക്കുമെന്ന ആ ധാര്‍ഷ്ട്യമുണ്ടല്ലോ, അതിനേറ്റ തിരിച്ചടി തന്നെയാണ് കണ്ടത്. ചൗഹാന്റെ തെരഞ്ഞെടുപ്പ് വാഹനത്തെ തടഞ്ഞ സംഭവം മധ്യപ്രദേശിലും വിജയരാജെ സിന്ധ്യയുടെ വാഹനജാഥയ്ക്ക് ഒരു ജില്ലയില്‍ എതിര്‍പ്പുകാരണം പ്രവേശിക്കാനാകാതിരുന്നതും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അന്നുതന്നെ ഇവിടങ്ങളില്‍ വിധി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. കര്‍ഷകന്റെ കണ്ണീരും അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തവന്റെ വിമ്മിഷ്ടവും പട്ടിണിക്കാരന്റെ മാംസമില്ലാത്ത ശരീരവും വിലപറഞ്ഞ വിധിയായിരുന്നു ഇവിടങ്ങളില്‍.
കര്‍ണാടകത്തില്‍ തോറ്റപ്പോള്‍ അത് ജെ.ഡി.യു-കോണ്‍ഗ്രസ് സഖ്യമാണെന്നു ന്യായം പറഞ്ഞു. പഞ്ചാബില്‍ തോറ്റപ്പോള്‍ അത് സഖ്യകക്ഷിയുടെ കഴിവുകേടാണെന്നു പറഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും തോറ്റതിന് എന്തു കാരണം പറയും. അക്കാരണം ജനങ്ങള്‍ പറഞ്ഞുതന്നിരിക്കുന്നു. കെടുകാര്യസ്ഥതയും അടിച്ചമര്‍ത്തല്‍ മനോഭാവവും ജനവിരുദ്ധ നടപടികളും വച്ചുപൊറുപ്പിക്കില്ല.

നേട്ടം കോണ്‍ഗ്രസിന്

ബി.ജെ.പിയെ നേരിടാന്‍ പ്രതിപക്ഷത്തിന് ഏതു പാര്‍ട്ടി ഇനി നേതൃത്വം നല്‍കുമെന്നു സംശയമുയര്‍ന്ന ഒരു സാഹചര്യമുണ്ടായിരുന്നു. കോണ്‍ഗ്രസ് നിലയില്ലാക്കയത്തിലേക്ക് പതിക്കുന്നത് കണ്ടതോടെയാണ് ഈ ചോദ്യമുയര്‍ന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിനും ഉത്തരം നല്‍കി. കോണ്‍ഗ്രസ് എന്നത് ഒരു പാര്‍ട്ടിയല്ല. ഒരു വികാരമായാണ് ഇപ്പോള്‍ അവതരിച്ചിരിക്കുന്നത്. ബി.ജെ.പിയെ മൂന്നു സംസ്ഥാനങ്ങളില്‍ നേര്‍ക്കുനേര്‍ പോരാടി കെട്ടുകെട്ടിച്ചത് ഈ വികാരമാണെന്നു വ്യക്തം.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുമ്പോള്‍ ശക്തമായ സാന്നിധ്യമാകാന്‍ പോകുന്ന കോണ്‍ഗ്രസിനെ ബി.ജെ.പി ഭയപ്പെട്ടേ മതിയാവൂ. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി മുദ്രാവാക്യം വാപോയ കോടാലിക്കു സമമായി. എന്നാല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മുദ്രാവാക്യം, അരപ്പഷ്ണിക്കാരന്റെ അപ്പക്കഷണത്തിനായുള്ള മുദ്രാവാക്യം അണികള്‍ക്കപ്പുറം വികാരമായി കത്തിപ്പടര്‍ന്നാല്‍ മോദിക്ക് കസേര കൈവിടേണ്ടിവരും.
അര്‍ധമനസോടെയാണെങ്കിലും കോണ്‍ഗ്രസിന്റെ പ്രൗഢിയില്‍ സംശയമുണ്ടായിരുന്ന പ്രാദേശിക പാര്‍ട്ടികളെല്ലാം തന്നെ പുനര്‍ചിന്തനത്തിന്റെ വഴിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാഭാവിക നേതൃത്വത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ പറഞ്ഞതുപോലെ അണികളോ പ്രവര്‍ത്തകരോ അല്ല, കര്‍ഷകരും വിദ്യാര്‍ഥികളും തൊഴില്‍രഹിതരും ചേര്‍ന്നു നല്‍കിയ അസൂയാവഹമായ വിജയമാണത്.
ലോക്‌സഭയില്‍ ഇപ്പോഴത്തെ ഫലത്തിനു വിപരീതമായി അഥവാ ബി.ജെ.പി വന്നാല്‍പ്പോലും രാജ്യസഭയില്‍ കോണ്‍ഗ്രസ് ആധിപത്യം തുടര്‍ന്നേക്കുമെന്നതിന്റെ സൂചനകൂടി ഈ ഫലത്തില്‍ നിന്നു വായിച്ചെടുക്കാം. ഹിന്ദി ബെല്‍റ്റില്‍ ഉയര്‍ന്നുപൊങ്ങിയ കാവി പ്രഭാവത്തിന് ഇടിവുതട്ടുന്നതും ഈ ഫലത്തില്‍ കാണാം.




Tuesday, September 18, 2018

കേരളത്തിലെ പ്രളയത്തില്‍ സംഭവിച്ചതും റിസ്‌ക് റിപ്പോര്‍ട്ടും


1924ലെ പ്രളയം

കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് കടന്നുപോയത്. 1924ലെ പ്രളയത്തിന് സമാനമാണെങ്കിലും അന്നുണ്ടായത്ര നാശനഷ്ടങ്ങള്‍ സാങ്കേതികവിധ്യ വികസിച്ച ഇന്ന് ഉണ്ടായില്ല. എന്നാല്‍ രണ്ടു വട്ടവും പ്രളയശേഷമുള്ള മലയാളിയുടെ അത്ഭുതാവഹമായ ഉയിര്‍ത്തെഴുന്നേല്‍പ് ലോകരാജ്യങ്ങളെ പോലും അതിശയിപ്പിക്കുന്നു.
1925ലെ ട്രാവന്‍കൂര്‍ സെന്‍ട്രല്‍ ഫ്‌ളഡ് റിലീഫ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രളയ ദുരിതാശ്വാസത്തിലേക്ക് ലഭിച്ചത് 73307 രൂപയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അന്ന് ഖജനാവില്‍ നിന്നനുവദിച്ചത് 50000 രൂപ. 3243 പേര്‍ക്ക് ദുരിതാശ്വാസം നല്‍കിയപ്പോള്‍ അതില്‍ 2498 പേരും വളരെ പാവപ്പെട്ടവരായിരുന്നു.
1924ലെ പ്രളയം ശ്രീമൂലം തിരുന്നാള്‍ രാജഭരണ കാലത്തായിരുന്നു. ജീവന്‍ വെടിയുന്നതിനു മുന്‍പ് ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. മദ്രാസ് സെന്‍ട്രല്‍ ഫ്‌ളഡ് റിലീഫ് ഫണ്ടില്‍ നിന്ന് 6000 രൂപ ലഭിച്ചു. പ്രളയ ദുരിതാശ്വാസ കമ്മിറ്റി സംഭാവന നല്‍കിയവരുടെ പേരുകള്‍ എല്ലാം വിട്ടുപോകാതെ പ്രസിദ്ധീകരിച്ചു. അതില്‍ 80 വ്യക്തികളും സംഘടനകളും ഉള്‍പ്പെടുന്നു. ശ്രീലങ്ക, കെനിയ, സിങപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അന്നു കേരളത്തിന് സഹായം ലഭിച്ചു. വിവാദങ്ങളില്ലാതെയാണ് വിദേശ സഹായമെത്തിയതെന്നതും ശ്രദ്ധേയം.

വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ട്

യു.എന്‍ യൂനിവേഴ്‌സിറ്റി അവതരിപ്പിച്ച 2016ലെ വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ അത്ര വലിയ പ്രകൃതി ദുരന്ത സാധ്യത കാണുന്നില്ല. 11.9 ശതമാനം മാത്രമാണ് രാജ്യത്ത് ദുരന്ത സാധ്യതയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍, ഉണ്ടാവുന്ന ഒരു പ്രകൃതി ദുരന്തത്തോട് പ്രതികരിക്കുന്നതില്‍ രാജ്യം ദയനീയ അവസ്ഥയിലാണെന്നും (80.2 ശതമാനം) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വികസിത രാജ്യങ്ങളെല്ലാം പ്രകൃതി ദുരന്തങ്ങളോട് പ്രതികരിക്കുന്നതില്‍ സാങ്കേതികമായി നമ്മെക്കാള്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍, ബ്രിക്‌സ് രാജ്യങ്ങളില്‍പോലും ഇന്ത്യ ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നു പറയുമ്പോള്‍ നമ്മുടെ വ്യവസ്ഥിതി പുനപ്പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ബോധ്യമാവും.
ദുരന്തത്തെ അഭിമുഖീകരിക്കുകയും ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനം എന്നതാണ് ഇപ്പോഴും തുടരുന്ന രീതി. ഫലമോ, നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുന്നു. വസ്തുവകകള്‍ക്ക് കനത്ത നാശവും. സുനാമിയിലും ഓഖിയിലും സംസ്ഥാനം ഈ സ്ഥിതിയിലൂടെ കടന്നുപോയതാണ്.
രാജ്യത്ത് 1995-2005 ല്‍ശരാശരി 80 വെള്ളപ്പൊക്കങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലായി ഉണ്ടായതെങ്കില്‍ 2005-2015 ല്‍ അത് 343 ആയതായി ഡല്‍ഹി അംബേദ്കര്‍ യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. മൂന്‍ കണക്കുകളില്‍ നിന്ന് കുത്തനെയുള്ള ഉയര്‍ച്ചയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. 2015-2025 കാലത്ത് അത് 2500റിലേറെ ഉണ്ടായേക്കുമെന്ന ഭയാനകമായ സ്ഥിതിയിലേക്കാണ് അതു വിരല്‍ ചൂണ്ടുന്നത്.

പെരിയാറിലും പമ്പയിലും സംഭവിച്ചത്

പെരിയാറും പമ്പയും കരകവിഞ്ഞൊഴുകുക പതിവാണ്. ഈ നദീതീരങ്ങളിലുള്ളവര്‍ക്ക് അതിനേപ്പറ്റി നല്ല ധാരണയുമുണ്ട്. വെള്ളം ഉയരുന്നെന്നു മനസിലാക്കിയാല്‍ രാത്രിപോലും കാവലിരുന്ന് വെള്ളത്തിന്റെ ഒഴുക്കും വരവും ഉയര്‍ച്ചയും കണക്കുകൂട്ടുന്നവരാണവര്‍. പിന്നെയെന്തുകൊണ്ടാണ് കേരളത്തില്‍ പ്രളയദുരന്തമുണ്ടായത്.? (ഉരുള്‍പൊട്ടല്‍ ഇതില്‍നിന്നുവിഭിന്നമാണ്.)
വെള്ളം ഉയരുന്നതിനെപ്പറ്റിയോ സ്വീകരിക്കേണ്ട മുന്‍കരുതലിനെപ്പറ്റിയോ യാതൊരു ധാരണയുമില്ലാതിരുന്ന 1924ലെ പ്രളയത്തില്‍ പോലും ജനങ്ങള്‍ ഒരുവിധം അത് കൈകാര്യം ചെയ്തു. ഇന്ന് സാങ്കേതികത വികസിച്ച സമയത്ത് ജീവനുവേണ്ടി കേഴേണ്ടിവന്ന സമൂഹത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഭരണസംവിധാനങ്ങള്‍ക്ക് കഴിയില്ല.
പെരിയാറിലെ ഇടുക്കി അണക്കെട്ടു തുറക്കുന്നതിനുമുന്‍പ് ഗ്രീന്‍, യെല്ലോ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ നല്‍കി. റെഡ് അലേര്‍ട്ടിനുപിന്നാലെ മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു. ഇടുക്കിയില്‍ നിന്ന് കുതിച്ചൊഴുകിയ പ്രളയജലം ഏതൊക്കെ ഭൂഭാഗങ്ങളെ വിഴുങ്ങുമെന്ന് വിദഗ്ധരെന്ന് സ്വയം അഭിമാനിക്കുന്നവര്‍ക്ക് അറിയില്ലായിരുന്നു. ഡാം മാനേജ്‌മെന്റ് എന്നുപറയുന്ന ഈ സംവിധാനമറിയാതെ ഷട്ടറും തുറന്ന് കൈയ്യും കെട്ടിയിരുന്ന വൈദഗ്ധ്യമില്ലാത്ത വിദഗ്ധരും അതിനു അനുമതി നല്‍കിയ നേതൃത്വവും സ്വാഭാവികമായും പ്രതിക്കൂട്ടിലാവും. ഡാം സേഫ്റ്റി ചെയര്‍മാന്‍ പറയുന്നത് പ്രളയം ഉണ്ടാവും ജനങ്ങള്‍ മരിക്കുകയും ചെയ്യുമെന്ന നിരുത്തരവാദപരമായ നിലപാടാണ്.
പെരിയാറായാലും പമ്പയായാലും കരകവിഞ്ഞാല്‍ വൈദ്യുതി ബന്ധം വിഛേദിക്കുന്ന ഒരു ഏര്‍പ്പാടുണ്ട്. നിശ്ചയമായും വേണ്ടതുതന്നെയാണ്. എന്നാല്‍, തുടര്‍ന്ന് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങളിലെത്തുന്നില്ലെന്ന് മനസിലാക്കേണ്ടിയിരുന്നതല്ലേ. സാധാരണപോലെ ഉയരുന്ന ജലനിരപ്പ് രണ്ടുദിവസമോ അഞ്ചു ദിവസമോ കഴിഞ്ഞ് ഒഴിഞ്ഞുപോകുന്ന പതിവ് പമ്പയുടെ തീരത്ത് പുരാതന കാലംതൊട്ടേയുള്ളതാണ്. അതിനോട് ജനങ്ങള്‍ പ്രതികരിക്കുന്നത് വളരെ പോസിറ്റീവായിട്ടാണ്. കരകവിഞ്ഞ് വെള്ളമൊഴുകുന്നത് ആഘോഷമായി കാണുന്നെന്നുപറയുന്നതിലും തെറ്റുണ്ടെന്നു തോന്നുന്നില്ല. ഇത്തവണത്തെ വെളളപ്പൊക്കത്തേയും അന്നാട്ടുകാര്‍ അങ്ങനെതന്നെയാണ് കണ്ടത്. എന്നാല്‍ അതങ്ങനെയല്ല, ജീവനും സ്വത്തും നഷ്ടപ്പെടുന്ന പ്രളയമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടുന്ന ഉത്തരവാദിത്വം ആരുടേതായിരുന്നു. മൈക്കില്‍ കൂടി വിളിച്ചുപറഞ്ഞുകൊണ്ടുപോയെന്നു പറയുന്നു. അവിടെ ഡാമുകള്‍ തുറക്കുന്നത് മുന്‍പും മൈക്കില്‍ കേട്ടിട്ടുള്ളവരാണ് നാട്ടുകാര്‍. ടിവികള്‍ വ്യക്തമായ ചിത്രം നല്‍കിയിരുന്നെങ്കിലും വൈദ്യുതി ബന്ധമില്ലാതിരുന്ന പമ്പയുടെ കരകളില്‍ ടിവി, റേഡിയോ പോയിട്ട് മൊബൈല്‍ഫോണുകള്‍ പോലും ചത്ത അവസ്ഥയിലായിരുന്നു. അതായത്, 1924ല്‍ നിന്ന് ഒട്ടും ഭിന്നമല്ലാത്ത പ്രളയമാണ് ജനങ്ങള്‍ക്ക് നേരിടേണ്ടിവന്നത്.
ഡാമില്‍ നിന്ന് താഴേക്ക് റാന്നിയിലും, ആറന്‍മുളയിലും, ചെങ്ങന്നൂരും, പാണ്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും അവസാനം കുട്ടനാട്ടിലും വെള്ളമെത്താന്‍ അഞ്ചും എട്ടും മണിക്കൂറുകള്‍ എടുക്കുമെന്നിരിക്കേ പൊലിസിനെയും ജനപ്രതിനിധികളേയും വേണ്ടവിധം ഉപയോഗിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്നതു പകല്‍പോലെ വ്യക്തം. ഡാമില്‍ നിന്ന് തുറുന്നുവിട്ട വെള്ളത്തിന്റെ അളവും അത് എത്രമാത്രം ഉയരുമെന്ന സാമാന്യകണക്കും ജനങ്ങളെ അറിയിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. ജനങ്ങളെ യഥാവിധി അറിയിച്ചിരുന്നെന്ന് പറഞ്ഞ് കൈകഴുകുന്ന രാഷ്ട്രീയക്കാരന്റെ കുത്സിത ബുദ്ധി അന്നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില എം.എല്‍.എമാര്‍ ഭരണ നേതൃത്വത്തിന്റെ ഭാഗമാണെന്നു അറിയാമെന്നിരിക്കേയും സര്‍ക്കാരിനെതിരേ രൂക്ഷമായി പ്രതികരിച്ചതും ഇതുകാരണമാണ്. വെളളപ്പൊക്കമുണ്ടാകാത്തിടങ്ങളിലെ സഹജീവികള്‍ അന്നാട്ടുകാരുടെ അഹങ്കാരത്തിന്റെ ഫലമാണുണ്ടായതെന്നും മുന്നറിയിപ്പ് അവഗണിച്ചതാണു കാരണമെന്നുമൊക്കെ കരുതുന്നത് അറിവില്ലായ്മ മൂലമാണ്.
വെള്ളമുയരുമ്പോള്‍ നദി ഇടത്തോടുകളിലൂടെയും മറ്റും കടക്കുകയും ക്രമേണയുള്ള ഉയര്‍ച്ചയുടെ ഫലമായി കരകവിയുകയുമാണ് സ്വാഭാവിക പ്രതിഭാസം. എന്നാല്‍ പമ്പയിലെ ഡാമുകള്‍ ഓറഞ്ചോ, റെഡോ മുന്നറിയിപ്പുകള്‍ പോലുമില്ലാതെ ഉയര്‍ത്തി സെക്കന്‍ഡില്‍ പത്തുലക്ഷത്തിലധികം ലിറ്റര്‍ ജലം പുറത്തുവിട്ടതാണ് (ഇടുക്കിയില്‍ ആ സമയം പുറത്തുവിട്ടത് 85,000 ലിറ്ററായിരുന്നെന്ന് ഓര്‍ക്കുക) പ്രളയത്തെ മനുഷ്യ നിര്‍മിതമെന്ന് വിളിക്കാന്‍ കാരണം. വെളളം ഉയര്‍ന്നുവന്നത് കേവലം പമ്പയിലൂടെ മാത്രമായിരുന്നില്ല. റോഡുകളിലൂടെയും പറമ്പുകളിലൂടെയുമെല്ലാം കടന്നുവന്ന വെള്ളം പ്രളയംതന്നെയായിരുന്നു. അതില്‍ നിന്നു രക്ഷപ്പെടാന്‍ ടെറസിനു മുകളില്‍ കയറിയവരുണ്ടായിരുന്നു. ഓടിട്ട വീടുകളിലുണ്ടായിരുന്നവരും ടെറസുള്ള വീടുകളിലെത്തി. ഇരുനിലകെട്ടിടത്തിലുള്ളവര്‍ മുകളിലേക്ക് കയറി. ടെറസില്‍ വെളിച്ചമില്ലാതെ, പ്രളയജലത്തിന്റെ ശബ്ദം മാത്രം കേട്ട്, കാറ്റിലും മഴയിലും അകപ്പെട്ട് തണുത്ത് വിറങ്ങലിച്ച് ആഹാരവും വെളളവുമില്ലാതെ നനഞ്ഞൊട്ടിയ വസ്ത്രവുമായി പിഞ്ചുകുഞ്ചുകുഞ്ഞുങ്ങളുമായി നാലും അഞ്ചും ദിവസം ജീവനുവേണ്ടി പോരാടിയ ജനതയുടെ അതിജീവനത്തിന്റെ കഥയാണ് ഈ പ്രളയം പറഞ്ഞുതരുന്നത്.

പ്രളയം കാണാത്ത ബജറ്റുകള്‍


പ്രകൃതിക്ഷോഭങ്ങളെ നമുക്ക് നിയന്ത്രിക്കാനാവില്ല. ഏതു മുന്നൊരുക്കത്തെയും അതു നശിപ്പിക്കും. അത് അപ്രതീക്ഷിതമായിരിക്കും. മനുഷ്യനിര്‍മിത പ്രകൃതിക്ഷോഭങ്ങളില്‍ ജനങ്ങള്‍ക്ക് ജീവഹാനി നേരിടുമ്പോള്‍ അത് മനപൂര്‍വമല്ലാത്ത നരഹത്യയായി നിര്‍വചിക്കപ്പെടണം. പ്രളയത്തില്‍ നൂറുകണക്കിന് ജനങ്ങള്‍ക്ക് ജീവഹാനി നേരിട്ട കേരളത്തില്‍ ലക്ഷങ്ങള്‍ ഭവനരഹിതരായി. ആയിരങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഈ പ്രളയം മനുഷ്യനിര്‍മിതമാണെന്ന് പറയുമ്പോഴും കുറ്റവാളികള്‍ കാണാമറയത്തുതന്നെയാണ്.
നികുതിദായകരുടെ സ്വത്തിനും ജീവനും സംരക്ഷണം ഒരുക്കേണ്ടത് ഉത്തരവാദിത്വമാണെന്നിരിക്കേ ഭരണാധികാരികള്‍ക്ക് എളുപ്പത്തില്‍ കൈകഴുകി രക്ഷപ്പെടാന്‍ കഴിയില്ല. മാറി മാറി കേരളം ഭരിച്ച് മുടിച്ചവര്‍ക്ക് പാപഭാരത്തില്‍ നിന്ന് മുക്തമാകാനുമാവില്ല. വികസനത്തിന്റെ മറവില്‍ നടന്ന ഭൂമി കയ്യേറ്റം, നദീതട കയ്യേറ്റം, തണ്ണീര്‍ത്തടം നികത്തല്‍, അനിയന്ത്രിത നിര്‍മാണങ്ങള്‍ ഇതൊക്കെയും പ്രളയത്തിന്റെ ഭീകരത വര്‍ദ്ധിപ്പിച്ചു. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ വികസന ആശയം തന്നെ പുനര്‍നിര്‍വ്വചനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. സാധാരണക്കാരല്ല അതിന് ഉത്തരവാദിയെന്നു പ്രത്യേകം പറയേണ്ടതില്ല. ഉദ്യോഗസ്ഥവൃന്ദങ്ങളും വന്‍കിട മുതലാളിമാരും ചില രാഷ്ട്രീയ പിന്തിരിപ്പന്‍മാരും കൂടി സ്‌പോണ്‍സര്‍ ചൈതതാണ് പ്രളയമെന്നതില്‍ തര്‍ക്കമില്ല. മഴവെള്ളം നിറഞ്ഞുകിടന്ന മേഖലകളിലേക്ക് നിരുത്തരവാദപരമായി ഡാം തുറന്നുവിട്ടതിനും മുന്നറിയിപ്പ് നല്‍കാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചതിനും ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കേണ്ടതുണ്ട്. ഭാവിയില്‍ ഇതിനെതിരേ കരുതലുണ്ടായേ മതിയാവൂ.

അടിസ്ഥാന വികസനം

ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അടിസ്ഥാന വികസനത്തിന് മാറ്റിവെക്കുന്ന തുക എത്രമാത്രം വിനിയോഗിക്കപ്പെട്ടെന്ന കണക്കുകള്‍ പുറത്തുവിടണം. ഇത് ഓഡിറ്റിങിലൂടെ കണ്ടെത്തിയാല്‍ മൂക്കത്തു വിരല്‍ച്ചുപോകും. നീക്കിവച്ചതിന്റെ നാലിലൊന്നുപോലും അതിനുമാത്രമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടാവില്ല. അതുകൊണ്ടാണല്ലോ ഓടകള്‍ ഇന്നും അടഞ്ഞുതന്നെ കിടക്കുന്നത്. അപ്പോള്‍ കുറ്റപ്പെടുത്തേണ്ടത് ആരെയാണ്?  അടിസ്ഥാനവികസനം ഒച്ചിഴയുന്നതുപോലെ പോകുന്നതില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് പങ്കുണ്ട്. ബജറ്റില്‍ ഒരു പ്രദേശത്തെ അടിസ്ഥാന വികസനത്തിന് എത്ര തുക മാറ്റിവച്ചു എന്നു പരിശോധിക്കണം. അത് എല്ലാവര്‍ഷവും വര്‍ധിപ്പിക്കണം. ബജറ്റില്‍ ഒരു അഴിച്ചുപണി ആവശ്യമാണെന്നതിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.
കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചതോടെ അടിസ്ഥാന സൗകര്യം വികസിക്കുന്നെന്ന ധാരണ വേണ്ട. കുത്തക കമ്പനികള്‍ക്കൊന്നും പഴയ താല്‍പര്യമില്ല. എല്ലാവരും പിന്‍വലിഞ്ഞതോടെ വികസന പ്രക്രിയ കൂപ്പുകുത്തിയ അവസ്ഥയിലാണിന്ന്. പദ്ധതികളില്‍ 80 ശതമാനം കുറവ് അനുഭവപ്പെടുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രഖ്യാപിച്ച പദ്ധതികള്‍ തന്നെ താളം തെറ്റി. വിദേശങ്ങളില്‍ മോദി നടത്തുന്ന റോഡ് ഷോകള്‍ക്ക് രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ മുന്നോട്ട് നയിക്കാനാവില്ലെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു.

കണക്കുകള്‍ ഇങ്ങനെ

കേരളമെന്നല്ല, ഇന്ത്യയുടെ പല ഭാഗങ്ങളും പ്രളയഭീഷണിയിലാണ്. കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ ഭൂപ്രദേശത്തില്‍ 15 ശതമാനം എല്ലാ വര്‍ഷവും പ്രളയം അഭിമുഖീകരിക്കുന്നു. ശരാശരി 2000 പേര്‍ക്കെങ്കിലും പ്രതിവര്‍ഷം ജീവഹാനി ഉണ്ടാകുന്നു. കാര്‍ഷിക-പാര്‍പ്പിട മേഖലകളിലുള്‍പ്പെടെ 20 ദശലക്ഷം ഏക്കര്‍ ഭൂമി നശിക്കുന്നു. 2000 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടാകുന്നു. ഇത് ശരാശരി കണക്കാണ്. എല്ലാ വര്‍ഷവും തുടരുന്ന പ്രതിഭാസമാണെന്നിരിക്കെ നിയന്ത്രിക്കാനാവാത്തത് ഭരണ സംവിധാങ്ങളുടെ പിടിപ്പുകേടായേ നിര്‍വചിക്കാനാവൂ.
കേരളം പ്രളയക്കെടുതിയില്‍നിന്ന് രക്ഷപ്പെട്ടു എന്നു പറയുന്നത് കര്‍ഷകരും ബാങ്കുകളും രക്ഷപ്പെട്ടു എന്നു പറയുന്നതിനു തുല്യമാണ്. ചെറുകിട കച്ചവടക്കാരെയും കര്‍ഷകരെയും തുടച്ചുനീക്കിയാണ് പ്രളയം കടന്നുപോയത്. ദേശീയ ശരാശരിയില്‍ മൂന്നു ശതമാനം മാത്രമാണ് കേരളത്തില്‍ ബാങ്കുകള്‍ നല്‍കിയിരിക്കുന്ന കാര്‍ഷിക വായ്പയെങ്കിലും അത് ഈടായി തിരികെ പിടിക്കാന്‍ ബാങ്കുകള്‍ക്കു പരിമിതിയുണ്ട്.

സര്‍ക്കാര്‍ സംവിധാനം

പ്രകൃതി ക്ഷോഭം മുന്‍കൂട്ടി മനസ്സിലാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നിലവിലുണ്ട്. ശാസ്ത്രീയ വിശകലനത്തിലൂടെ കണ്ടെത്താനും വിശദീകരിക്കാനും പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും ഈ ഏജന്‍സികള്‍ക്ക് പ്രാപ്തിയുമുണ്ട്. എന്നാല്‍ ഈ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കാറില്ല. ഫലത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍  രക്ഷാസംവിധാനം പ്രാവര്‍ത്തികമാക്കുന്നതില്‍ അലംഭാവം കാട്ടുന്നു. ഇതൊക്കെ വെറും ആരോപണങ്ങളാണെന്നു കരുതരുത്.
കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ട് ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. കാലാകാലങ്ങളില്‍ ഈ ഏജന്‍സികള്‍ നല്‍കുന്ന പ്രോജക്ട് ഡിസൈനുകള്‍ എല്ലാംതന്നെ ഫണ്ടിന്റെ അപര്യാപ്തത മൂലം തള്ളിക്കളയുകയോ കാലഹരണപ്പെടുകയോ ചെയ്യലാണ് പതിവ്.
ഉദാഹരണത്തിന്, പ്രളയം മുന്‍കൂട്ടി പ്രവചിക്കാനാവുന്ന 219 ടെലിമെട്രി സ്റ്റേഷനുകള്‍ രാജ്യമാകെ സ്ഥാപിക്കാന്‍ ഏജന്‍സികള്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ നാലിലൊന്നുപോലും ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് ഗൗരവമേറിയ വിശയമാണ്. അതുപോലെ നേരത്തേ സ്ഥാപിച്ച ഇത്തരം 375 സ്‌റ്റേഷനുകളില്‍ 60 ശതമാനവും പ്രവര്‍ത്തനക്ഷമമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇനിയുള്ള കാലത്തും സാധാരമക്കാര്‍ മുങ്ങിച്ചാവുമെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന പാഠം.

കേരളത്തിന്റെ അവസ്ഥ

രാജ്യത്തെ പ്രകൃതിക്ഷോഭ പരിശോധനാ സംവിധാനത്തിനും ദുരന്ത നിവാരണ മാര്‍ഗങ്ങള്‍ക്കും ദശാബ്ദങ്ങള്‍ പഴക്കമുണ്ട്. തെറ്റുകള്‍ കണ്ടെത്തി ഭാവിയില്‍ തിരുത്താനുള്ള ഒരു സംവിധാനത്തിന്റെ അപര്യാപ്തത, പ്രത്യേകിച്ച് കേരളത്തില്‍, ഇന്നും ദൃശ്യമാണ്.
അണക്കെട്ടില്‍ നിന്ന് ഒരടി വെള്ളം തുറന്നുവിട്ടാല്‍ നദികളില്‍ എത്ര വെള്ളം കൂടുമെന്നതാണ് മുഖ്യമായി അറിയാനുള്ളത്. ഇതറിയാന്‍ ഇനിയും സംസ്ഥാനത്തിന് ആവശ്യമായ സാങ്കേതിക ജ്ഞാനമില്ല. ഫ്‌ളഡ് മാപ്പ് എന്നറിയുന്ന ഇതിനുവേണ്ടി നാലുവര്‍ഷം മുന്‍പ് 280 കോടി രൂപയാണ് ലഭിച്ചത്. ഇന്നും മുടന്തുന്ന പദ്ധതി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് അറവ്. അതുവരെ ഡാം സേഫ്റ്റി കമ്മിറ്റി ചെയര്‍മാന്‍ പറയുന്നതുപോലെ പ്രളയം തടയാന്‍ കഴിയില്ല, അതു വരും ആളുകള്‍ മുങ്ങും. വളരെ നിസാരം.
സംസ്ഥാനങ്ങളിലെ വലിയ അണക്കെട്ടുകളുമായി ബന്ധപ്പെട്ട് അടിയന്തരമായി കൈക്കൊള്ളേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. വിവരങ്ങള്‍ കൃത്യമായി കൈമാറിയാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അത് വിശകലനം ചെയ്ത് അണക്കെട്ട് തകരുന്നതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രദേശം കണ്ടെത്താനും ദുരന്തനിവാരണത്തിന് മുന്‍കരുതലുകള്‍ നിര്‍ദ്ധേശിക്കാനും കഴിയും.
ഇന്ത്യയില്‍ അയ്യായിരത്തോളമുള്ള അണക്കെട്ടുകളില്‍ ഏഴു ശതമാനത്തിനുമാത്രമാണ് ഒരു അടിയന്തര കര്‍മപദ്ധതി രൂപീകരിച്ചിട്ടുള്ളത്. കേരളത്തില്‍ 61 അണക്കെട്ടുകള്‍ ഉണ്ടെന്നിരിക്കേ അതിലൊരെണ്ണത്തിനുപോലും ഇത്തരം കര്‍മപദ്ധതികളില്ല. ഇത് വിരല്‍ ചൂണ്ടുന്നത് അധികാരിവര്‍ഗത്തിനു നേരേതന്നെയല്ലേ.

ദേശീയ ജല പദ്ധതി

കേന്ദ്ര ജല വിഭവ വകുപ്പിന് കീഴിലാണ് ദേശീയ ജല പദ്ധതി രൂപീകരിക്കുന്നത്. ജല വിഭവം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. 1987 സെപ്റ്റംബറിലാണ് ദേശീയ ജല പദ്ധതി അംഗീകരിക്കപ്പെട്ടത്. ഇത് 2002ലും തുടര്‍ന്ന് 2012ലും പരിഷ്‌കരിച്ചിട്ടുണ്ട്. അതായത് ഇന്നു തുടരുന്ന പദ്ധതി 2012ല്‍ പരിഷ്‌കരിച്ചതാണ്. ആറു വര്‍ഷം കഴിഞ്ഞാലും പ്രകൃതിക്ക് മാറ്റമുണ്ടാവില്ലെന്ന കണക്കൂട്ടലുകള്‍ കൂടുതല്‍ ദുരന്തങ്ങളിലേക്കാവും നയിക്കുക. ദേശീയ ജല പദ്ധതിയില്‍ കാലവര്‍ഷത്തിനുമുന്‍പും ശേഷവും അണക്കെട്ടുകള്‍ വിലയിരുത്തേണ്ടതുണ്ട്. രണ്ടു സംസ്ഥാനങ്ങളിലൊഴികെ അടുത്തകാലത്തൊന്നും ഇത്തരത്തില്‍ വിലയിരുത്തലുകളുണ്ടായിട്ടില്ല. അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ദേശീയ ജല പദ്ധതി ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍ ഈ സംസ്ഥാനങ്ങള്‍ തിരുത്താന്‍ സന്നദ്ധമായിട്ടില്ലെന്നത് ഭരണനിര്‍വ്വഹണത്തിലെ കെടുകാര്യസ്ഥതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. അണക്കെട്ടുകളുടെ സംരക്ഷണത്തിനും പരിശോധനകള്‍ക്കും തുഛമായ തുകയാണ് ബജറ്റുകളില്‍ വകയിരുത്താറുള്ളത്. ഇത് ഉപയോഗിക്കാതിരിക്കുകയോ വകമാറ്റി ചെലവവഴിക്കുകയോ ആണ് ചെയ്യാറുള്ളത്.

കേരളത്തിലും അപര്യാപ്തം

അടിസ്ഥാന വികസനമെന്നത് വ്യവസായവുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും നിര്‍വ്വചിക്കപ്പെടാറിള്ളത്. എന്നാല്‍ പ്രളയബാധിത പ്രദേശങ്ങളിലെ അടിസ്ഥാന വികസനം എന്നത് പ്രളയം നേരിടാനുള്ള മുന്‍കരുതലാണ് അടിസ്ഥാന വികസനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം അടിയന്തരാവശ്യങ്ങള്‍ക്ക് പണം കണ്ടെത്താതെ വോട്ടുമാത്രം ലക്ഷ്യമിട്ട് കാര്‍ഷികമേഖല പോലെ ജനപ്രിയ പദ്ധതികളില്‍ പണം ചെലവഴിക്കുകയാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ചെയ്യുന്നത്. കൃഷി നാശം എങ്ങനെ സംഭവിക്കുന്നു എന്നും അതിനു പരിഹാരമെന്തെന്നും കണ്ടെത്താതെ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില കൂട്ടുന്നത് പണച്ചെലവുണ്ടാക്കുമെന്നല്ലാതെ പ്രകൃതി ദുരന്തങ്ങളില്‍ നിന്നു രക്ഷ നല്‍കില്ല. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ താങ്ങുവില 50 ശതമാനം കണ്ടുയര്‍ത്തിയത് ഇത്തരുണത്തില്‍ ഓര്‍ക്കുക. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി സര്‍ക്കാരിനെ ജനപ്രിയമാക്കുന്ന കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ജാഗ്രത കാണിക്കാത്തത് കര്‍ഷകരോടുള്ള അനീതിയാണ്. ബജറ്റില്‍ കാണിക്കുന്ന ചെപ്പടി വിദ്യകളിലൂടെ കര്‍ഷകരെയും വ്യവസായികളെയും ജനങ്ങളെയും  വോട്ട് നേടാന്‍ കഴിഞ്ഞേക്കും. പക്ഷേ ഓരോ പ്രകൃതി ദുരന്തങ്ങളിലും ഉണ്ടാകുന്ന ജീവനുകളെ തിരികെ പിടിക്കാന്‍ അത് പര്യാപ്തമല്ലെന്ന് ഭരണാധികാരികള്‍ മനസിലാകുന്നിടത്താണ് പ്രായോഗിക വികസനം.

കേന്ദ്ര ബജറ്റ്- പ്രളയ നിയന്ത്രണത്തിനും കര്‍ഷക ക്ഷേമത്തിനും നീക്കിവച്ച തുക
2016-2017
ജല വിഭവ വികസനം 4700 കോടി
കൃഷി, കര്‍ഷക ക്ഷേം 36900 കോടി

2017-1018
ജല വിഭവ വികസനം 7700 കോടി
കൃഷി, കര്‍ഷക ക്ഷേം 41100 കോടി

2018-2019
ജല വിഭവ വികസനം 8900 കോടി
കൃഷി, കര്‍ഷക ക്ഷേം 46700 കോടി

Friday, September 14, 2018

കോണ്‍ഗ്രസിന്റെ മഹാസഖ്യം ബി.ജെ.പിക്ക് പേടിസ്വപ്‌നം


2019 ലോക്ഭ തെരഞ്ഞെടുപ്പ ചിന്ത

(സുപ്രഭാതം ദിനപത്രം വാര്‍ഷിക പതിപ്പ് 2018)



ഇന്ത്യയുടെ 17ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 2019 ആദ്യ പകുതിയില്‍ നടക്കാനിരിക്കുന്നു. 2014ലെ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമാകണമെന്ന് ബി.ജെ.പി ആഗ്രഹിക്കുക സ്വാഭാവികം. അതാവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്ന മറ്റു രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ചേര്‍ന്നെടുക്കുന്ന തീരുമാന സുദിനമാണ് കോണ്‍ഗ്രസിന്റെ സ്വപ്‌നം. ഭൂരിപക്ഷം ജനങ്ങളും ഇന്ന് ആ സ്വപ്‌നം കാണുന്നത് യാദൃഛികമല്ല. അതിന്റെ പ്രാവര്‍ത്തിക വശമാണ് ഇക്കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും, സോണിയയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും മറ്റും ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്.
29 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കണക്കുനോക്കിയാല്‍ 15 എണ്ണം ബി.ജെ.പി നേരിട്ടു ഭരിക്കുന്നതായി കാണാം. നാലെണ്ണത്തില്‍ എന്‍.ഡി.എ സഖ്യത്തിലൂടെ ബി.ജെ.പി പങ്കാളികളുമാണ്. മൂന്നിടത്ത് കോണ്‍ഗ്രസ് നേരിട്ടു ഭരിക്കുമ്പോള്‍ ഒരിടത്ത് ഭരണ പങ്കാളിയാണ്. കേരളത്തില്‍ സി.പി.എം അധികാരത്തിലുണ്ട്. ബാക്കി സംസ്ഥാനങ്ങളില്‍ കശ്മിര്‍ ഒഴികെയുള്ളിടങ്ങളില്‍ പ്രാദേശിക കക്ഷികളാണ് അധികാരത്തില്‍.

ഭരണം വിലയിരുത്തുമ്പോള്‍

അഞ്ചുവര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം വിലയിരുത്തുമ്പോള്‍ നല്ലദിനങ്ങളായിരുന്നു (അഛാദിന്‍) എന്നു പരസ്യവാചകത്തിനുവേണ്ടി പോലും പറയാനാവില്ല. ചീത്ത ദിനങ്ങളായിരുന്നു (ബുരാദിന്‍) എന്നു വേഗത്തില്‍ വിലയിരുത്താവുകയും ചെയ്യും. കാരണങ്ങള്‍ നിരവധിയാണ്.
രാജ്യത്തെ നിയമവാഴ്ച, അഭിപ്രായ സ്വാതന്ത്ര്യം, കരാര്‍ വ്യവസ്ഥകളിലെ നിഗൂഢത, ന്യൂനപക്ഷ-ദലിത് പീഡനം, വിലക്കയറ്റം തുടങ്ങിവയിലൊന്നിലെങ്കിലും നന്നായി എന്നു ഭരിക്കുന്നവര്‍ക്കുപോലും ചങ്കൂറ്റത്തോടെ പറയാനാവില്ല. പശുവിന്റെ പേരിലും ജാതിയുടെയും വംശീയതയുടെയും പേരിലും സംഘ്പരിവാര്‍ നടത്തുന്ന അക്രമം കണ്ടില്ലെന്നു നടിക്കുന്ന ഭരണകര്‍ത്താക്കള്‍ നാടിന്റെ ദയനീയാവസ്ഥയുടെ പര്യായമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ ഭരണം വിലയിരുത്തുന്നതിലല്ല, ഇനി ആരു ഭരിക്കുമെന്നു ചിന്തിക്കുന്നതിലേക്കാവണം ജാഗ്രത.

കോണ്‍ഗ്രസ് പ്രതീക്ഷ

കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിനുപിന്നാലെ തോല്‍വികളാണ് രാഹുലിനെ കാത്തിരുന്നത്. എങ്കിലും രാഹുലില്‍ത്തന്നെ പ്രതീക്ഷ അര്‍പ്പിച്ചാണ് ഇത്തവണയും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. രാഹുലാണ് മുന്നിലെങ്കില്‍ തോല്‍ക്കുമെന്ന് ആക്ഷേപിക്കുന്നവര്‍ പോലും കോണ്‍ഗ്രസ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഇതു മുതലെടുക്കാനായാല്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടം മാറിമറിയും. പ്രവര്‍ത്തക സമിതിയുടെ മഹാസഖ്യ പ്രഖ്യാപനം അതാണ് അടിവരയിടുന്നത്. കുരുക്ഷേത്രത്തിലേതെന്നപോലെ മഹായുദ്ധത്തിനാണ് പടപ്പുറപ്പാടെന്ന രാഹുലിന്റെ പ്രഖ്യാപനം ഇവിടെ കൂട്ടിവായിക്കണം. ചിതറിയ പ്രതിപക്ഷത്തെ കുന്തമുനയാക്കി മാറ്റുക എന്നത് ക്ഷിപ്രസാധ്യമല്ല. പൊതുശത്രുവിനെ നേരിടാന്‍ കര്‍ണാടകയിലുണ്ടായ സഖ്യം മാത്രം മതി ഉദാഹരണത്തിന്.
നിഷ്‌ക്രിയരായ പ്രവര്‍ത്തകരെ (സ്ലീപര്‍ സെല്‍) ഉണര്‍ത്തി ആര്‍ജവം നല്‍കുകയെന്ന ശ്രമകരമായ ദൗത്യമാണ് പരമപ്രധാനം. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള (വേരുകള്‍തന്നെ) 12 സംസ്ഥാനങ്ങളെങ്കിലുമുണ്ട്. ഇവിടങ്ങളില്‍ ശക്തമായ സ്വാധീനമുറപ്പിക്കാനും മൂന്നിരട്ടി സീറ്റുകളെങ്കിലും നേടാനും സാധിക്കണം.
മഹാസഖ്യമെന്ന ആശയത്തിന് നല്‍കുന്ന പ്രചാരണമാണ് പ്രധാനം. രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന കോണ്‍ഗ്രസ് പ്രചാരണം അതിഷ്ടപ്പെടാത്ത പ്രാദേശിക പാര്‍ട്ടികളെ അകറ്റുന്നതിലേ കലാശിക്കൂ. പ്രവര്‍ത്തക സമ്മേളനത്തിനു പിന്നാലെ പ്രതിപക്ഷ ഐക്യത്തിന്റെ മുഖമായി പ്രഖ്യാപിച്ച് അതിന്റെ നേതാവായി രാഹുലിനെ അവരോധിച്ച് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വച്ചുനീട്ടുന്ന കോണ്‍ഗ്രസ് നിലപാടിനോട് ഭരണത്തിലുള്ളതും ഇല്ലാത്തതുമായ ചെറു കക്ഷികള്‍ക്ക് എന്താവും നിലപാടെന്ന് ഊഹിക്കാവുന്നതാണ്. ബി.ജെ.പി പേടിക്കുന്നതുപോലെ മോദിയെ പുറത്താക്കുക എന്ന ഏക അജണ്ട കൈക്കൊള്ളുകയും പ്രധാനമന്ത്രിയെ അവസാനം തീരുമാനിക്കുകയും ചെയ്യുക. കര്‍ണാടകത്തില്‍ ഈ തന്ത്രം വിജയിച്ചതിനാല്‍ ജയപരാജയം ചര്‍ച്ച ചെയ്യേണ്ടതില്ല. മഹാസഖ്യം രൂപീകരിക്കാനാവുമോ എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന ചോദ്യം.

പ്രാദേശിക കക്ഷികള്‍ നിര്‍ണായകം

പ്രതിപക്ഷ ഐക്യം പറയുമ്പോഴും ആ ഐക്യത്തിന് മുന്നണിയിലുള്ള തെലുങ്കാന മുഖ്യമന്ത്രി കെ.സി.ആറും ബംഗാള്‍ മുഖ്യമന്ത്രി മമതയും ഒഡിഷ മുഖ്യമന്ത്രി ബിജു പട്‌നായിക്കും എന്തു നിലപാട് സ്വീകരിക്കുമെന്ന് പ്രവചിക്കുക വയ്യ. കോണ്‍ഗ്രസ്-ബി.ജെ.പി ഇതര സഖ്യമെന്ന തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ നിലപാടിന് മമത പിന്തുണ പ്രഖ്യാപിച്ചത് കണ്ടതാണ്. കോണ്‍ഗ്രസിനോടല്ല, രാഹുലിനോടാണ് മമതയ്ക്ക് വൈരം.
ശിവസേനയ്ക്ക് ബി.ജെ.പിയോടുള്ള പിണക്കം കോണ്‍ഗ്രസിനു മുതലെടുക്കാനാവുമോ എന്നത് വലിയ ചോദ്യമാണ്. ശിവസേനയെപ്പോലെ ശരദ്പവാറിന്റെ എന്‍.സി.പിയും മഹാരാഷ്ട്രയില്‍ ശക്തമാണ്. മഹാസഖ്യമാകുമ്പോള്‍ എല്ലാവരും ഉള്‍പ്പെടണമല്ലോ. അതുസാധ്യമാക്കുന്നതാണ് തന്ത്രം.
തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ ഡി.എം.കെയെ ഒപ്പം കൂട്ടാമെങ്കിലും രജനിയും എ.ഐ.ഡി.എം.കെയുമൊക്കെ സ്വീകരിക്കുന്ന നിലപാടുകളും നിര്‍ണായകമാണ്. കശ്മിരില്‍ സഖ്യം തകര്‍ന്നെങ്കിലും പി.ഡി.പിയാണോ നാഷണല്‍ കോണ്‍ഫറന്‍സാണോ സഖ്യഭാഗമാകുക എന്നതും പ്രശ്‌നമാണ്. തെരഞ്ഞെടുപ്പിനു ശേഷം സഖ്യമുണ്ടാക്കുകഎന്നതാവും ഇവിടങ്ങളിലൊക്കെ കോണ്‍ഗ്രസ് സ്വീകരിച്ചേക്കാവുന്ന മാര്‍ഗം.
ബിഹാറില്‍ നിതീഷ് കുമാറിന് ബി.ജെ.പിയോട് അത്ര മമതയില്ലെങ്കിലും കോണ്‍ഗ്രസ് സഖ്യത്തിലുണ്ടായേക്കില്ല. ലല്ലുവിന്റെ ആര്‍.ജെ.ഡി കോണ്‍ഗ്രസിനൊപ്പമുള്ളതാണ് കാരണം. സി.പി.എം കേരളത്തില്‍ മാത്രം ഭരണം നില നിര്‍ത്തുന്ന പാര്‍ട്ടിയാണ്. മഹാസഖ്യത്തില്‍ അവര്‍ എങ്ങനെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അവര്‍ക്കുപോലും വ്യക്തതയില്ല. ആന്ധ്രയില്‍ എന്‍.ഡി.എ ബന്ധം വിഛേദിച്ച് മോദിക്കെതിരേ അവിശ്വാസം കൊണ്ടുവന്ന തെലുങ്കുദേശം പാര്‍ട്ടിയുടെ നിലപാട് വ്യക്തമല്ല. ചന്ദ്രബാബു നായിഡു നിലനില്‍പ് രാഷ്ട്രീയത്തിന്റെ വക്താവാണ്. തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗുണമേതെന്ന് ഗണിച്ചാവും നിലപാട്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മഹാസഖ്യത്തില്‍ ചേരാന്‍ തയാറാകുമെങ്കിലും കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ സഖ്യമെന്ന മറ്റൊരു സ്വപ്‌നം മനസില്‍ സൂക്ഷിക്കുന്ന തന്ത്രശാലിയാണ് മുഖ്യമന്ത്രി കെജ് രിവാള്‍.

ബി.ജെ.പിയുടെ ഭയം

പലരും വിലയിരുത്തുന്നതുപോലെ 2014ല്‍ ഏകപക്ഷീയമായ വിജയമായിരുന്നു ബി.ജെ.പി നേടിയതെന്നു പറയാനാവില്ല. കോണ്‍ഗ്രസ് ഭരണം തളികയില്‍ സമ്മാനിച്ച വിജയമെന്ന് എടുത്തുപറയുന്നതാവും ശരി. ഭരണ വിരുദ്ധ തരംഗത്തിനിടെ അപ്രതീക്ഷിതമായാണ് മോദി പ്രധാനമന്ത്രിയായത്. അത് ആ പാര്‍ട്ടിക്കുമറിയാം. 2019ല്‍ ഞൊടുക്കു വിദ്യകളിലൂടെ അധികാരം പിടിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് അവര്‍ വിലയിരുത്തുന്നു. അതുകൊണ്ട് ശക്തമായ നീക്കത്തിനാണ് കോപ്പുകൂട്ടുന്നത്. പശുരാഷ്ട്രീയവും അയോധ്യയുമൊക്കെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉയര്‍ന്നുവന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. ജയിക്കാന്‍ വേണ്ടിയാവുമ്പോള്‍ വര്‍ഗീയ കാര്‍ഡ് കളിക്കാന്‍പോലും പാര്‍ട്ടി മടിക്കില്ലെന്ന് ഗുജറാത്ത് തെളിയിച്ചതുമാണ്.
അവരെ ഭയപ്പെടുത്തുന്നത് കോണ്‍ഗ്രസിന്റെ മഹാസഖ്യ നീക്കം തന്നെയാണ്. പ്രാദേശിക പാര്‍ട്ടികളെ മോദിയെ പുറത്താക്കുക എന്ന ഒറ്റ അജണ്ടയില്‍ യോജിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് അവര്‍ ആരോപിക്കുന്നതില്‍ നിന്നുതന്നെ ഈ ഭയം വെളിപ്പെടുന്നു. ഉത്തര്‍പ്രദേശിലെയും കര്‍ണാടകത്തിലെയും പരാജയം അവര്‍ക്ക് പാഠമാണ്. ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തെയാണ് കോണ്‍ഗ്രസിനേക്കാള്‍ ഭയം. യു.പിയില്‍ നിന്നു ലഭിക്കുന്ന സീറ്റാണ് ബി.ജെ.പിയുടെ നട്ടെല്ല്. അവിടെ സീറ്റ് കുറയുന്നത് ഭരണം പിടിക്കുന്നതില്‍ തടസമാകും. അതുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ മന്ത്രിമാരെത്തന്നെ ലോക്‌സഭയിലേക്ക് അവര്‍ മത്സരിപ്പിച്ചുകൂടെന്നില്ല. ജനതാദളിന്റെ സ്വാധീനത്തിന് മുന്നില്‍ കര്‍ണാടക അടിയറ വയ്‌ക്കേണ്ടി വന്നതിനാല്‍ സഖ്യരാഷ്ട്രീയം അവര്‍ക്ക് പേടിസ്വപ്‌നമാണ്.


Friday, August 31, 2018

വാജ്‌പേയി..ജനപ്രിയന്‍, രാജ്യതന്ത്രജ്ഞന്‍


രാജ്യത്ത് പാര്‍ട്ടി ഭേദമന്യേ ഏവരും ഒന്നുപോല ഇഷ്ടപ്പെടുന്ന നേതാവാണ് അടല്‍ ബിഹാരി വാജ്‌പേയി. രാഷ്ട്ര മീമാംസയില്‍ അടിയുറച്ച പ്രമുഖ രാജ്യതന്ത്രജ്ഞനായാണ് അടല്‍ജി എന്ന വാജ്‌പേയി രാജ്യത്തും പുറത്തും അറിയപ്പെടുന്നത്. ജനസ്വാധീനവും ഊര്‍ജപ്രഭാവവുമുള്ള ചുരുക്കം നേതാക്കളില്‍ ഒരാള്‍.
പൊളിടിക്‌സില്‍ ഒന്നാംക്ലാസ് ബിരുദാനന്തരബിരുദം നേടിയ ശേഷം നിയമ ബിരുദത്തിനുള്ള ശ്രമത്തിനിടെയാണ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാകുന്നത്. സ്വന്തം പിതാവിന്റെ കൂടെ ഒരേ ബഞ്ചിലിരുന്ന് ഒരേ ഹോസ്റ്റല്‍ മുറിയില്‍ താമസിച്ച് നിയമം പഠിച്ച ചരിത്രം വാജ്‌പേയിക്കു മാത്രം അവകാശപ്പെട്ടതാകും. കാണ്‍പൂരിലെ ഡി.എ.വി കോളജിലാണ് വാജ്‌പേയി പിതാവിനൊപ്പം നിയമം പഠിച്ചത്. ബഹുമുഖ പ്രതിഭയായ വാജ്‌പേയി പത്രപ്രവര്‍ത്തനത്തിലും ഒരു കൈ നോക്കി. പത്രപ്രവര്‍ത്തകനാവുക എന്ന എക്കാലത്തെയും അഭിലാഷമാണ് അതിനു പ്രേരിപ്പിച്ചത്. എന്നാല്‍ പൊതുജനവുമായി ഇടപഴകാന്‍ കൂടുതല്‍ നല്ലത് രാഷ്ട്രീയമെന്നു മനസിലാക്കിയാണ് കറതീര്‍ന്ന ഈ രാഷ്ട്രീയക്കാരന്‍ തട്ടകം മാറ്റിയത്.

തൊഴിലും രാഷ്ട്രീയവും

ഉത്തര്‍പ്രദേശില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ഹിന്ദി പത്രം രാഷ്ട്രധര്‍മത്തിലാണ് അദ്ദേഹം പത്രപ്രവര്‍ത്തകനായത്. തുടര്‍ന്ന് ഹിന്ദി വാരിക പാഞ്ചജന്യ, വീര്‍ അര്‍ജുന്‍, സ്വദേശി തുടങ്ങിയ ദിനപത്രങ്ങളിലും അദ്ദേഹം മികവ് തെളിയിച്ചു.
മധ്യപ്രദേശിലെ ഗ്വാളിയറില്‍ ആര്യ കുമാര്‍ സഭയുമായി ബന്ധപ്പെട്ട് സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മോത്സുകനായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസിന്റെ വലതുപക്ഷ മുഖം അദ്ദേഹത്തില്‍ ചാര്‍ത്തിക്കൊടുക്കുന്നവര്‍ വാജ്‌പേയി എന്ന അടിസ്ഥാന കമ്യൂണിസ്റ്റുകാരനെ കാണുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ കമ്യൂണിസത്തില്‍ നിന്നാണ് സ്വായത്തമാക്കിയത്. പിന്നീട്, 1939ല്‍ ആര്‍.എസ്.എസില്‍ ആകൃഷ്ടനായ വാജ്‌പേയി, 1947ല്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ തോളിലേറ്റി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു പോരാടിയ ഒരു കഥയും വാജ്‌പേയിക്കുണ്ട്. 1942ല്‍ ജ്യേഷ്ഠന്‍ പ്രേമിനൊപ്പം ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത വാജ്‌പേയിയെ ബ്രിട്ടീഷ് പട്ടാളം 23 ദിവസം കാരാഗൃഹത്തില്‍ അടച്ചു.
രാഷ്ട്രീയത്തില്‍ ആരെങ്കിലും ഗുരൂഭൂതനായുണ്ടെന്നു വാജ്‌പേയി സമ്മതിക്കുന്നുണ്ടെങ്കില്‍ അത് ശ്യാമ പ്രസാദ് മുഖര്‍ജിയെയായിരിക്കും. ഭാരതീയ ജനസംഘത്തിന്റെ അമരക്കാരനായിരുന്നു മുഖര്‍ജി. കശ്മിര്‍ സന്ദര്‍ശിക്കണമെങ്കില്‍ അനുമതി പത്രം കരുതണമെന്ന കരിനിയമത്തിനെതിരേ വാജ്‌പേയിയും ശ്യാമ പ്രസാദ് മുഖര്‍ജിയും മരണം വരെ നിരാഹാരമനുഷ്ഠിച്ചത് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. 1953ല്‍ നടത്തിയ ഈ സമരം ചരിത്രത്തിലേക്ക് ചേക്കേറിയത് സമരത്തിനിടെ ശ്യാമപ്രസാദ് മുഖര്‍ജി മരിച്ചതോടെയാണ്. ഇത് തന്നെ തകര്‍ത്തുകളഞ്ഞ സംഭവങ്ങളിലൊന്നായാണ് വാജ്‌പേയി വിശദീകരിക്കാറുള്ളത്.
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം നടന്ന രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പില്‍ 1957ല്‍ രണ്ടു മണ്ഡലങ്ങില്‍ നിന്നാണ് വാജ്‌പേയി ജനവിധി തേടിയത്. ഉത്തര്‍പ്രദേശിലെ  മഥുരയില്‍ പരാജയപ്പെട്ടെങ്കിലും ബല്‍റാംപൂരില്‍ വിജയം വരിച്ചു.

വാഗ്മിയെന്ന അംഗീകാരം

വാജ്‌പേയി ഇന്ത്യയിലെ പ്രമുഖ വാഗ്മിയെന്നാണ് ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ കന്നിപ്രസംഗം തന്നെ അതിനുമകുടോദാഹരണമാണ്. അദ്ദേഹത്തിന്റെ വാഗ്‌ധോരണിക്കു പിന്നാലെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പ്രവചിച്ചത് വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന കാലം വിദൂരമല്ലെന്നായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്രജ്ഞതയ്ക്ക് ഇതിനേക്കാള്‍ നല്ലൊരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
കാരണം വിരുദ്ധ ചേരികളിലായിരുന്നെങ്കിലും വാജ്‌പേയി രാഷ്ട്രീയത്തിനതീത ജ്ഞാനമുള്ളയാളാണെന്ന് നെഹ്രു അന്നേ മനസിലാക്കിയിരുന്നു എന്നതിന്റെ നേര്‍ച്ചിത്രമായിരുന്നു അത്. വാജ്‌പേയി തിരിച്ചങ്ങോട്ടും അങ്ങനെതന്നെയായിരുന്നു.
1977ല്‍ മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു വാജ്‌പേയി. സ്ഥാനാരോഹണം കഴിഞ്ഞ് മന്ത്രിക്കസേരയിലിരിക്കാന്‍ എത്തിയപ്പോള്‍  ചുവരില്‍ നിന്ന് നെഹ്രുവിന്റെ ചിത്രം മാറ്റിയിരിക്കുന്നതു ശ്രദ്ധിച്ചു സൗത്ത ബ്ലോക്കിലെ ഓഫീസ് മുറിയില്‍ നെഹ്രുവിന്റെ ചിത്രം കണ്ടിട്ടുള്ള വാജ്‌പേയി ഉടന്‍തന്നെ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. അത് തനിക്ക് തിരികെ വേണം. അദ്ദേഹത്തിന്റെ മൂല്യം ഉയര്‍ത്തിയ ഒരു സംഭവമായി ഇത് വിലയിരുത്തപ്പെടുന്നു.

ഹിന്ദിക്ക് പ്രചാരണം, ഭാരത രത്‌ന

ഹിന്ദി രാഷ്ട്രഭാഷയാണെങ്കിലും മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ലോക വേദികളില്‍ ഇംഗ്ലീഷാണ് ഉപയോഗിച്ചിരുന്നത്. പില്‍ക്കാലത്തും അതങ്ങനെതന്നെ. എന്നാല്‍ ഹിന്ദിയുടെ മഹത്വം ലോകത്തിനു മുന്നിലെത്തിച്ചത് വാജ്‌പേയിയായിരുന്നു.
ഐക്യരാഷ്ട്ര സഭയില്‍ ഹിന്ദിയില്‍ പ്രസംഗിച്ചായിരുന്നു അത്. യു.എന്നില്‍ ഹിന്ദിയില്‍ പ്രസംഗിച്ച ആദ്യ നേതാവും അദ്ദേഹമായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന ലഭിച്ച പ്രതിഭയായിരുന്നു അദ്ദേഹം. 2014 ഡിസംബര്‍ 25ന് പ്രഖ്യാപിച്ച അവാര്‍ഡ് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി 2015 മാര്‍ച്ച് 27ന് വാജ്‌പേയിയുടെ വീട്ടിലെത്തിയാണ് സമര്‍പ്പിച്ചത്.

മൂന്നുവട്ടം പ്രധാനമന്ത്രി പദത്തില്‍

മൂന്നുവട്ടം വാജ്‌പേയി ഇന്ത്യന്‍ പ്രധാനമന്ത്രിയായി. 1996ലായിരുന്നു ആദ്യം മെയ് 16നു സത്യപ്രതിജ്ഞ ചെയ്ത് വെറും 13 ദിവസം മാത്രമാണ് അദ്ദേഹത്തിന് ആ പദവിയിലിരിക്കാനായയത്. 1998 മാര്‍ച്ച് 19നായിരുന്നു രണ്ടാം വട്ടം. അന്നും ഭാഗ്യം എതിരു നിന്നു. 13 മാസം മാത്രം നീണ്ട ഭരണത്തിനു തിരശീല വീണു. വീറോടെ പൊരുതി മൂന്നാം വട്ടവും പ്രധാനമന്ത്രിയായ വാജ്‌പേയി 1999 ഒക്ടോബര്‍ 13 മുതല്‍ അഞ്ച് വര്‍ഷക്കാലം ആ പദവിയില്‍ തുടര്‍ന്നു.
ഒന്നിലധികം സംസ്ഥാനങ്ങളില്‍ നിന്ന് മത്സരിച്ച് ജയിച്ച് ജനപിന്തുണ അറിയിച്ച നേതാവെന്ന സ്ഥാനവും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. മണ്ഡലം മാറി മത്സരിക്കാന്‍ പേടിക്കുന്ന രാഷ്ട്രീയക്കാരുടെ കാലത്ത് നാല് തവണ നാല് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് അദ്ദേഹം മത്സരിച്ചു ജയിച്ചു. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായിരുന്നു അത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണ പാര്‍ലമെന്റേറിയനായിരുന്നവരില്‍ ഒരാളാണ് അദ്ദേഹം. ലോക്‌സഭയിലേക്ക് 11 തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടുതവണ രാജ്യസഭാംഗവുമായിരുന്നു.

പോഖ്‌റാനിലെ അണുസ്‌ഫോടനം

1998 മെയ് 13ന് ഇന്ത്യ ആദ്യമായി അണുസ്‌ഫോടനം നടത്തി. പൊഖ്‌റാനില്‍ അണുപരീക്ഷണം നടക്കുമ്പോള്‍ അതിനു നാഴികക്കല്ലിട്ട് ചരിത്രത്തിലേക്കാണ് വാജ്‌പേയി ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത്. രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഓപറേഷന്‍ ശക്തി എന്ന പേരിലായിരുന്നു അണുപരീക്ഷണം. ലോക അണുശക്ത രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് സ്ഥാനം നേടിക്കൊടുത്തത് ഈ പരീക്ഷണമായിരുന്നു.
പാകിസ്താനുമായി ഉറ്റസൗഹൃദം ആഗ്രഹിച്ചിരുന്നു അദ്ദേഹം. പാകിസ്താനെ പേടിസ്വപ്‌നമാക്കി നിര്‍ത്തുന്നതിനെ അദ്ദേഹം എന്നും എതിര്‍ത്തു. 1999 ഫെബ്രുവരി 19ന് ലാഹോറിലേക്ക് അദ്ദേഹം നടത്തിയ ബസ് യാത്ര ആരെയും അത്ഭുതപ്പെടുത്തി. സദാ ഇ സര്‍ഹദ് എന്നപേരിലായിരുന്നു ഈ ബസ് യാത്ര.
വാജ്‌പേയി വെറും രാഷ്ട്രീയ പ്രസംഗം നടത്തി വിടുവായിത്തം പറയുന്ന നേതാവല്ല. പറയുന്നത് ചെയ്യുമെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യം ലഭിച്ചു. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബി.ജെ.പി നേതാവിനെന്നപ്പുറം രാജ്യതാല്‍പര്യങ്ങള്‍ക്ക് അദ്ദേഹം മുന്‍തൂക്കം നല്‍കി. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ ചെവിക്കൊണ്ടിരുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചൂണ്ടിക്കാട്ടുന്നു.

കവിയാകാന്‍ മോഹിച്ച മാംസഭോജി

വാജ്‌പേയി എന്നും എപ്പോഴും ആഗ്രഹിച്ചിരുന്നത് ഒരു കവി ആകാനായിരുന്നു. ജനസേവന തല്‍പരത വരുമ്പോള്‍ കവിത മാറ്റിവച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നെങ്കിലും കവിത അദ്ദേഹത്തെ വിട്ടൊഴിഞ്ഞിരുന്നില്ല. പ്രാസഭംഗിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും കവിതകള്‍ പലപ്പോഴും കടന്നുവരാറുണ്ടായിരുന്നു. ഹിന്ദിയിലെ കവികളില്‍ പ്രമുഖ സ്ഥാനമുണ്ട് വാജ്‌പേയിക്ക്.
ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനമെങ്കിലും മാംസ ഭക്ഷണമായിരുന്നു വാജ്‌പേയിക്ക് എന്നും പ്രിയം. ഇന്നത്തെ സംഘ് പരിവാര്‍ രാഷ്ട്രീയം അദ്ദേഹത്തെ എങ്ങനെ കാണുമായിരുന്നു എന്ന് ഊഹിക്കാവുന്നതാണ്. ചെമ്മീനാണ് ഇഷ്ടഭക്ഷണം. ഓള്‍ഡ് ഡല്‍ഹിയിലുണ്ടായിരുന്ന കരിം എന്ന ഹോട്ടലിലെ നിത്യ സന്ദര്‍ശകനായിരുന്നു വാജ്‌പേയി. സിനിമയെ ഏറെ സ്‌നേഹിച്ചിരുന്ന വാജ്‌പേയി ഉറ്റ ചെങ്ങാതി എല്‍.കെ.അദ്വാനിക്കൊപ്പമായിരുന്നു സിനിമയ്ക്ക് പോകാറ്. ഇതേപ്പറ്റി അദ്വാനി മുമ്പ് പറഞ്ഞിട്ടുമുണ്ട്. എവിടേക്കെങ്കിലും പോകുമ്പോള്‍ സമ്മാനങ്ങള്‍ കരുതുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. ജാതി-മത-വര്‍ഗ-ചെറുപ്പ-വലുപ്പ-ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തി. മധുരപ്രിയനായിരുന്ന വാജ്‌പേയിക്ക് കച്ചോരി, ബൂന്തി ലഡു എന്നിവ ഏറെ പ്രിയങ്കരമായിരുന്നെന്ന് ബന്ധുക്കള്‍ പറയാറുണ്ട്.
2000ാംമാണ്ട് അവസാനമാണ് വാജ്‌പേയിക്ക് ആരോഗ്യകരമായ അസ്വസ്ഥതകള്‍ ഉണ്ടായത്. 2001ല്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ വാജ്‌പേയിക്ക് 2009ല്‍ സ്‌ട്രോക്ക് നേരിട്ടു. ഇത് അദ്ദേഹത്തിന്റെ വാക്കുകളെ അടയ്ക്കുന്നതായിരുന്നു.

പൗരാവകാശ ധ്വംസനം, ദലിത് പീഡനം

പൂനെയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ വടക്കുകിഴക്കായുള്ള കൊച്ചുഗ്രാമപ്രദേശമായ ഭീമ-കൊരേഗാവ് വാര്‍ത്തകളില്‍ വീണ്ടും സ്ഥാനം പിടിക്കുന്നത് പൗരാവകാശ ധ്വംസനത്തിന്റെയും ദലിത് പീഡനത്തിന്റെയും റിപ്പോര്‍ട്ടുകളിലൂടെയാണ്. പൗരാവകാശ-സാമൂഹ്യപ്രവര്‍ത്തകരായ, വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുപേരെയാണ് യാതൊരുമുന്നറിയിപ്പുമില്ലാതെ ഭീകരബന്ധം ആരോപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ഇരുമ്പഴിക്കുള്ളിലാക്കിയത്. തടവറ ജയിലില്‍ വേണ്ട, വീടുകളില്‍ മതിയെന്ന സുപ്രിംകോടതി ഉത്തരവ് ആശ്വാസം നല്‍കുന്നെങ്കിലും എന്തിനുവേണ്ടിയായിരുന്നു അറസ്‌റ്റെന്ന് ചോദ്യം ബാക്കി നില്‍ക്കുന്നു. മാവോയിസ്റ്റ് ആരോപണമുന്നയിച്ച് ദലിത് സംഘങ്ങളെ തകര്‍ക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ നിഗൂഢ നീക്കമായാണ് ഈ സംഭവം വ്യാഖ്യാനിക്കപ്പെടുന്നത്.

മാവോയിസ്റ്റ് ബന്ധം

സാമൂഹ്യപ്രവര്‍ത്തകനും കവിയുമായി വരവരറാവുവിനെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തപ്പോള്‍ അഭിഭാഷകനായ വെന്‍നന്‍ ഗോണ്‍സാല്‍വസിനെ മുംബയില്‍ നിന്നും പൗരാവകാശ പ്രവര്‍ത്തകയും അഭിഭാഷകനുമായ അരുണ്‍ ഫെരേരയെ താനെയില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമായി സുധ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയെ ഡല്‍ഹിയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
റാഞ്ചിയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം നടത്തുന്ന ഫാദര്‍ സ്റ്റന്‍ സ്വാമിയെയും ഗോവയില്‍ എഴുത്തുകാരനും പെട്രോനെറ്റ് ഇന്ത്യ സി.ഇ.ഒയുമായ ആനന്ദ് തെല്‍തുംദെയെയും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമമുണ്ടായി. രാജ്യത്ത് പലേടത്തും റെയ്ഡും അറസ്റ്റും തുടരുന്നു. ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നിന്നു കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുള്ള നടപടികളെന്നാണ് മുംബൈ പൊലിസ് ഭാഷ്യം.
മാവോയിസ്റ്റ് ബന്ധം ആരോപിക്കുകയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതിനു സമാനമായ രീതിയില്‍ രാജ്യത്ത് പ്രധാനമന്ത്രിയുള്‍പ്പെടെ പ്രമുഖരെ വകവരുത്താന്‍ ശ്രമം നടത്തുന്നതായുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രമുഖരെ ഇങ്ങനെ അറസ്റ്റ് ചെയ്യുന്നതെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

ഭീമ-കൊരേഗാവ്

ദലിത് ചരിത്രത്തില്‍ മറക്കാനാവാത്ത ഒരേടാണ് ഭീമ-കൊരേഗാവ് സംഭവം. മറാത്തയിലെ ബ്രാഹ്മണ-പെഷവ രാജാക്കന്‍മാരെ ബ്രിട്ടീഷ് സൈന്യം തോല്‍പിച്ചോടിച്ചത് ഇവിടെവച്ചായിരുന്നു. ബ്രിട്ടീഷ് സൈന്യമെന്നു പറയുമ്പോള്‍ സായപ്പന്‍മാരല്ല, ദലിത് സേനയായ മഹര്‍ ആയിരുന്നു ബ്രിട്ടീഷ് പടയുടെ മുന്നണിയില്‍. 1818 ജനുവരി ഒന്നിനായിരുന്നു സംഭവം. എല്ലാ വര്‍ഷവും ഭിമ-കൊരേഗാവിലെ യുദ്ധ സ്മാരകത്തിലേക്ക് പതിനായിരക്കണക്കിന് ദലിതര്‍ യോഗം ചേര്‍ന്നും പ്രകടനം നടത്തിയും ഈ ദിവസം ആചരിക്കുന്നു. തങ്ങളുടെ ശക്തിയും കഴിവും ജന്‍മികളെ തുരത്തിയതുമൊക്കെ പ്രതീകാത്മകമായി ഈ ആചരണത്തിലുണ്ട്. സ്വാഭാവികമായും മറാത്തികള്‍ ഇതിനെ ഇത്തവണയും എതിര്‍ത്തു. ബ്രിട്ടീഷുകാരുടെ ജയം ആഘോഷിക്കേണ്ടതില്ലെന്നാണ് അവരുടെ പക്ഷം. 1927ല്‍ അംബേദ്കര്‍ ഇവിടം സന്ദര്‍ശിച്ചതോടെയാണ് ബ്രിട്ടീഷ് യുദ്ധത്തില്‍ നിന്ന് ഇതിന് രാഷ്ട്രീയമാനം കൈവരുന്നത്.
ഇത്തവണത്തെ ആചരണത്തിന്റെ ഭാഗമായി കലാപവും കൊള്ളയും പൊട്ടിപ്പുറപ്പെട്ടു. മഹാരാഷ്ട്ര സത്ംഭിച്ച ബന്ദില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും സ്ഥാപനങ്ങളും വാഹനങ്ങളും തല്ലിത്തകര്‍ക്കുകയും ചെയ്തു. ദലിതരും വലതുപക്ഷ ഗ്രൂപ്പുകളും പലേടത്തും ഏറ്റുമുട്ടി. മഹാരാഷ്ട്രയില്‍ ദലിതര്‍ക്കുനേരേയുള്ള അക്രമം വെളിവാക്കിയ സംഭവമായി ഇത്.
ഇതിന്റെ 200ാം വാര്‍ഷികാചരണത്തിനു തലേന്ന് 260 സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് എന്നറിയപ്പെടുന്ന രഹസ്യയോഗത്തില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ചിലര്‍ കലാപത്തിന് ആഹ്വാനം നടത്തിയെന്നും മറ്റുചിലര്‍ ഇതിന് സാമ്പത്തിക സഹായം നല്‍കിയെന്നും ഇനിയും ചിലര്‍ അതിന്റെ സംഘാടകരായി പ്രവര്‍ത്തിച്ചെന്നുമാണ് പൊലിസ് കണ്ടെത്തില്‍. മാവോയിസ്റ്റ് ആണ് ഇതിനുപിന്നിലെ പ്രേരകശക്തിയെന്നും ഇടത് ആഭിമുഖ്യമുള്ള കബിര്‍ കാലാ മഞ്ച്, മുംബൈ ആസ്ഥാനമായ റിപ്പബ്ലിക്കന്‍ പാന്ഥര്‍ എന്നിവയ്ക്കും സംഘാടനത്തില്‍ പങ്കുണ്ടെന്നും പൊലിസ് പറയുന്നു.

ദലിതര്‍ക്കെതിരേ

ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി, ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരേയും പ്രകോപനപരമായി പ്രസ്താവനയും പ്രസംഗവും നടത്തിയെന്ന പേരില്‍ കൊരേഗാവ് സംഭവത്തിനുപിന്നാലെ കേസെടുത്തത് ദലിത് നേതാക്കള്‍ക്കെതിരേയുള്ള നീക്കത്തിന്റെ കാഴ്ചയാണ്. കൊരേഗാവില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയവര്‍ അതിനുമുന്‍പ് മാവോയിസ്റ്റ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നതായി പൊലിസ് പറയുന്നു.
ഇതാണ് ദലിത് പ്രവര്‍ത്തകനും മറാത്തി മാസിക വിദ്രോഹിയുടെ എഡിറ്ററുമായ സുധീര്‍ ധവാലെയെയും അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങിനെയും നാഗ്പൂര്‍ യുണിവേഴ്‌സിറ്റി ഇംഗ്ലീഷ് പ്രൊഫസര്‍ ശോമ സേനയെയും പി.എം.ആര്‍.ഡി ഫെലോ മഹേഷ് റാവത്തിനെയും മറ്റും അറസ്റ്റ് ചെയ്യാന്‍ കാരണമായി പറയുന്നത്.
എന്നാല്‍ ആന്ധ്രയില്‍ തുടര്‍ന്നുവരുന്ന സര്‍ക്കാരുകള്‍ക്കെല്ലാം തലവേദനയായിരുന്നു കവി വരവരറാവു. അടിയന്തരാവസ്ഥയിലുള്‍പ്പെടെ നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എല്ലാ കേസുകളില്‍ നിന്നും മോചിതമായിട്ടുമുണ്ട്. പൗരാവകാശ പ്രവര്‍ത്തകരില്‍ പ്രമുഖനുമാണിദ്ദേഹം. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് മാവോയിസ്റ്റ് ബന്ധത്തിലാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. ഛത്തിസ്ഗഢില്‍ തൊഴിലാളികള്‍ക്കിടയിലും ആദിവാസികള്‍ക്കിടയിലും 30 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സുധ ഭരദ്വാജിന് സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ പങ്കുണ്ടെന്ന ആരോപണവുമുണ്ട്. അതേസമയം സുക്മയിലെ കൊണ്ടസ്വാലി ഗ്രാമത്തില്‍ 2007ല്‍ ഏഴ് ഗ്രാമീണര്‍ കൊലചെയ്യപ്പെട്ട സംഭവം അന്വേഷിച്ച മനുഷ്യാവകാശ കമ്മിഷനില്‍ അംഗമായിരുന്നു അവര്‍. ഛത്തിസ്ഗഢ് മുക്തി മോര്‍ച്ചയില്‍ അംഗമാണെന്നതും ശ്രദ്ധേയം. അപ്പോള്‍ ദലിത് പ്രവര്‍ത്തകരെ അഴിക്കുള്ളിലാക്കുക എന്ന ഒറ്റനയം നടപ്പാകുന്നു എന്നാണ് കാണേണ്ടത്.
സമൂഹത്തില്‍ മാന്യമായി കഴിയുന്നവരെയാണ് ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.ആംനെസ്റ്റി ഇന്‍്‌റര്‍നാഷണല്‍, ഓക്‌സ്ഫാം പോലുള്ള രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും അറസ്റ്റിനെ അപലപിക്കുന്നു. ഇത് അലോസരപ്പെടുത്തുന്നതും മനുഷ്യാവകാശ മൂല്യങ്ങള്‍ക്ക് ഭീഷണിയുമാണെന്ന് ഈ സംഘടനകള്‍ പറയന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പീഡിതരുടെയും ഉന്നതിക്ക് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനത്തോടെ സംഘം ചേരാനും സഹവര്‍ത്തിക്കാനുമുള്ള അവകാശം ഇല്ലാതാകുന്നത് അസ്ഥിരതയും ഭയാശങ്കകളുമാണ് ജനങ്ങളിലുണ്ടാക്കുകയെന്ന് ഭരണാധികാരികള്‍ എന്ന് മനസിലാക്കും.
ആദിവാസി ഭൂമിയും വനപ്രദേശവും ധാതുക്കളും കവരുകയും ചെയ്യുന്ന കോര്‍പറേറ്റ് ഗ്രൂപ്പുകളുടെ ചട്ടുകമാവുകയാണ് സര്‍ക്കാര്‍. ആദിവാസികളെ പ്രതിനിധീകരിക്കുന്നവരുടെ വായ അടപ്പിച്ച് അവരെ ശബ്ദമില്ലാത്തവരുടെ ലോകത്തേക്ക് ആനയിക്കാനുള്ള ശ്രമത്തെ എതിര്‍ത്തുതോല്‍പിക്കുന്ന അവസ്ഥയുണ്ടാവുന്നത് സര്‍ക്കാരിന്റെ പതനത്തിലേക്കാവും നയിക്കുക.



Monday, August 13, 2018

പട്ടിക വിഭാഗ പീഡന വിരുദ്ധ നിയമം: പുതിയ ബില്ല് ശ്രദ്ധേയം


പട്ടിക വിഭാഗ പീഡന വിരുദ്ധ ബില്ലില്‍ സുപ്രിംകോടതി സ്വീകരിച്ച നിലപാട് രാജ്യത്ത് വന്‍ വിവാദമുണ്ടാക്കിയിരുന്നു. നിരവധിപേര്‍ക്ക് ജീവന്‍പോലും നഷ്ടപ്പെടുന്ന കലാപമായി അതുമാറി. സുപ്രിംകോടതി വിധി ബി.ജെ.പിക്കും ആര്‍.എസ്.എസിനും കനത്ത ആഘാതമാണേല്‍പ്പിച്ചത്. ദലിത് സംഘടനകളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയായി അത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ ഏറ്റവും വലിയ വോട്ട് ബാങ്കായ ദലിത് സമൂഹത്തെ പിണക്കുന്നത് തങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ക്ക് ബോധ്യപ്പെട്ടു. ഇതാണ് കഴിഞ്ഞ ദിവസം ദലിത് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കാരണമായതെന്ന് കരുതാം. ദലിത് ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാതിരുന്നതിന്റെ കാരണവും ഇതുതന്നെ. പഴയ നിയമത്തില്‍ വെളളം ചേര്‍ക്കാനുള്ള നീക്കമാണ് സുപ്രിംകോടതി വിധിയിലൂടെ ഉണ്ടായതെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിന് വിയര്‍ക്കേണ്ടിവരും.

സുപ്രിംകോടതി
പറയുന്നത്

പട്ടികവിഭാഗ പീഡന നിയമം ദുര്‍ബലപ്പെടുത്തുകയായിരുന്നില്ല, തത്വദീക്ഷയില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതൊഴിവാക്കാനാണ് ശ്രദ്ധിച്ചതെന്നാണ് സുപ്രിംകോടതി വിശദീകരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 20നായിരുന്നു സുപ്രിംകോടതിയുടെ വിവാദപരമായ തീരുമാനം. പട്ടികവിഭാഗക്കാരെ അപമാനിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തതായ ആരോപണവിധേയരെ നിരപരാധികളാണെങ്കില്‍ കൂടി ഏകപക്ഷീയമായി അറസ്റ്റ് ചെയ്യാനാവുന്നതായിരുന്നു നിയമമെന്നാണ് കോടതിയുടെ നിരീക്ഷണം. 1989ലേതാണ് പട്ടികവിഭാഗ പീഡനവിരുദ്ധ നിയമം. ഇതനുസരിച്ച് പട്ടികവിഭാഗക്കാരെ അസഭ്യം പറയുകയോ പീഡിപ്പിക്കുകയോ ചെയ്തതായി ആരോപണമുണ്ടായാല്‍ ഉടന്‍തന്നെ, അതു കള്ളക്കേസുകളായാല്‍ പോലും, അറസ്റ്റ് ചെയ്യാനാവും. ആരോപണവിധേയന് മുന്‍കൂര്‍ ജാമ്യം പോലും നിഷേധിക്കുന്നതാണ് നിയമം. ജാമ്യം നല്‍കിയാല്‍ ഇരകളെ ഭീഷണിപ്പെടുത്തിയേക്കുമെന്നതിനാലാണിത്. ഇതുതന്നെയാണ് ദലിത് പീഡന നിയമത്തിന്റെ ശക്തിയും. ഇതിന് തെളിവെടുപ്പിന്റെ ആവശ്യമില്ലായിരുന്നു. എന്നാല്‍ ഈ നിയമത്തിലൂടെ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതായും അതൊഴിവാക്കാന്‍ ഏകപക്ഷീയ അറസ്റ്റിനുപകരം തെളിവെടുപ്പിനുശേഷം അറസ്റ്റാണ് നീതിയെന്നും സുപ്രിംകോടതി നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിക്കൊണ്ടു വിധി പറഞ്ഞു.
പട്ടികവിഭാഗക്കാര്‍ പീഡനമുണ്ടായതായി പരാതിപ്പെട്ടാല്‍ ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യേഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി ആവശ്യമെങ്കില്‍ കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ആരോപണവിധേയരെങ്കില്‍ നിമനാധികാരിയുടെ അനുവാദമില്ലാതെ അറസ്റ്റ് പാടില്ലെന്നും സാധാരണക്കാരാണെങ്കില്‍ എസ്.പിയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
ഇതു നിയമം ദുര്‍ബലമാക്കില്ലേയെന്ന അറ്റോര്‍ണി ജനറലിന്റെ ചോദ്യത്തിന് കള്ളക്കേസായാലോ, നിരപരാധി അറസ്റ്റ് ചെയ്യപ്പെട്ടാലോ എന്നും പൗരത്വ അവകാശ ലംഘനമല്ലേ എന്നും മറ്റുമായിരുന്നു ജസ്റ്റിസുമാരായ എ.കെ.ഗോയല്‍, യു.യു.ലളിത് എന്നിവരടങ്ങിയ സുപ്രിംകോടതി ബഞ്ചിന്റെ മറുചോദ്യം.
സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. ഇതോടെ ശബ്ദമില്ലാത്തവരുടെ രക്ഷയ്ക്ക് നിയമം നിലനിന്നേ മതിയാവൂ എന്ന് ജനപ്രതിനിധികള്‍ക്ക് ബോധ്യമായി. അതാണ് പിന്നീട് ലോക്‌സഭയി പുതിയ ബില്ലായി അവതരിച്ചത്.

പുതിയ ബില്ല്

ദലിത് ഗ്രൂപ്പുകള്‍ രാജ്യത്താകെ പ്രതിഷേധങ്ങള്‍ ആഹ്വാനം ചെയ്തതോടെ പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാരിന് ബോധ്യമായി. അതോടെ സുപ്രിംകോടതി വിധി മറികടക്കാന്‍ പട്ടിക വിഭാഗ പീഡന വിരുദ്ധ നിയത്തില്‍ ഭേദഗതി വരുത്തി ലോക്‌സഭയില്‍ ബില്ല് പാസാക്കി. പുതിയ ബില്ലില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ആരോപണവിധേയരെ പ്രാഥമിക അന്വേഷണമില്ലാതെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.
അറസ്റ്റ് വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനില്‍ മാത്രം നിക്ഷിപ്തമാണ്. അതിന് ആരുടെയും അനുമതി ആവശ്യമില്ല. നിയമം ആരോപണവിധേയര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നു. പ്രഥമദൃഷ്ട്യാ കേസില്‍ കഴമ്പില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാമെന്ന സുപ്രിംകോടതി വിധിയാണ് ഇവിടെ വഴിമാറുന്നത്. ക്രിമില്‍ നടപടി ക്രമത്തിലെ 438ാം വകുപ്പ് ദലിത് പീഡന നിയത്തില്‍ ബാധകമാവില്ല.
അതേസമയം, പട്ടിക വിഭാഗ പീഡന വിരുദ്ധ നിയമം ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ പെടുത്തണമെന്ന ആവശ്യം ഇനിയും നടപ്പായിട്ടില്ല. ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളുള്ള ഒന്‍പതാം പട്ടികയില്‍ പെടുത്തിയാല്‍ ഭാവിയില്‍ ഇത്തരത്തില്‍ കോടതികള്‍ക്ക് അതിലിടപെടാന്‍ അധികാരമുണ്ടാകില്ലെന്നതാണ് കാരണം.

ചോദ്യം അതല്ല

ദലിത് പീഡനത്തിനെതിരേ ദശകങ്ങളായി നിലനില്‍ക്കുന്ന ഒരു നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചത് എന്തിനെന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. ചോദ്യം ഉയരുന്നതിനു കാരണമുണ്ട്. വിധി പറഞ്ഞ രണ്ടംഗ ബഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെയര്‍മാന്‍ ആക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ദലിതര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയിലൂടെ നടപടി സ്വീകരിക്കുകയും സര്‍ക്കാര്‍ ഇംഗിതം നടപ്പാക്കിക്കൊടുത്ത ജഡ്ജിക്ക് വിരമിച്ചശേഷം ഉന്നത പട്ടം നല്‍കുകയും ചെയ്യുന്നു എന്ന ആരോപണമാണ് കേന്ദ്ര സര്‍ക്കാരിനെ ധര്‍മസങ്കടത്തിലാക്കിയത്.
ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നെന്ന് മനസിലാക്കിയാണ് പുതിയ ബില്ലിന്റെ വരവ്. ദലിതരെ കൂടെ നിര്‍ത്താന്‍ അതല്ലാതെ മറുമരുന്നില്ലെന്ന് കേന്ദ്രത്തിന് മനസിലായെന്നുവേണം കരുതാന്‍. ബില്ല് ലോക്‌സഭയില്‍ പാസാക്കിയതിനുപിന്നാലെ ദലിത് നേതാവും ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പസ്വാന്‍ നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. മറ്റൊരു കേന്ദ്രമന്ത്രിയായ രാംദാസ് അത്താവലെയും കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ചു. ഇരുവരും സുപ്രിംകോടതി വിധിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.

ബി.ജെ.പി ഭയക്കുന്നത്

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് ഹിന്ദുവോട്ടുകളായിരുന്നെങ്കിലും ദലിത് പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകളായിരുന്നു അതില്‍ സിംഹഭാഗവും. 2019ലും ഇതാവര്‍ത്തിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആഗ്രഹിക്കുന്നു. ഈ വിഭാഗങ്ങള്‍ക്കെതിരേയുള്ള ഏതുനീക്കവും ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലും മറ്റും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലത്തിലേക്കുതന്നെ നയിക്കുമെന്നും അവര്‍ ഭയപ്പെടുന്നു.
2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 80ല്‍ 71 സീറ്റും ബി.ജെ.പി നേടിയിരുന്നു. സഖ്യകക്ഷിയായ അപ്‌നാദള്‍ രണ്ടു സീറ്റും നേടി. ഇത്തവണ എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിയുടെ പ്രതീക്ഷകളെ തകിടം മറിക്കുമെന്നാണ് കരുതപ്പെടുന്നത്.


Tuesday, August 7, 2018

വിടവാങ്ങിയത്‌ തമിഴ് മക്കളുടെ 'കല്ലാകുഡി വീരര്‍'




അറുപത്തഞ്ച് വര്‍ഷം മുന്‍പ് 1953 ജൂലൈ 15നായിരുന്നു ആ സംഭവം. ഭാഷാ സ്‌നേഹം തമിഴ് വികാരവും കത്തിനില്‍ക്കുന്ന സമയം. ഉത്തരേന്ത്യന്‍ വ്യവസായിയുടെ പേരിലറിയപ്പെട്ടിരുന്ന ഡാല്‍മിയാപുരത്തിന്റെ പേര് പച്ചത്തമിഴില്‍ പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ദ്രാവിഡ മുന്നേറ്റ കഴകം നടത്തിവരുന്ന പ്രക്ഷോഭം. ഡാല്‍മിയ സിമെന്റ് മുതലാളി ഡാല്‍മിയയുടെ പേരിലാണ് കല്ലുകുഡി എന്ന ഗ്രാമം അറിയപ്പെട്ടത്.
ഡാല്‍മിയാപുരം റെയില്‍വേ സ്റ്റേഷന്റെ പേര് ഉണ്ടായിരുന്നിടത്തെല്ലാം ഡി.എം.കെ പ്രവര്‍ത്തകര്‍ കല്ലുകുഡിയെന്ന പോസ്റ്റര്‍ പതിച്ചു.

രാവിലെ പത്തുമണിയോടെ റെയില്‍വേസ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു സമരം. ഇതിനിടെ ഒരു ട്രെയിന്‍ കടന്നുവന്നു. വളരെപ്പെട്ടെന്ന് സമരക്കാര്‍ക്കിടയില്‍ നിന്നു ഒരു യുവാവ് റെയില്‍വേ പാളത്തിലേക്ക് ചാടിയിറങ്ങി. വിലങ്ങനെ നീണ്ടുനിവര്‍ന്നു കിടന്നു മുദ്രാവാക്യം മുഴക്കി. പ്രക്ഷോഭകര്‍ പോലും എന്തെന്നു മനസിലാക്കുന്നതിനു മുന്‍പ് മറ്റ് നാലുപേര്‍ കൂടി യുവാവനൊപ്പമെത്തി. ആവേശം കൊണ്ട പ്രവര്‍ത്തകരുടെ പ്രതിഷേധം ഉച്ചസ്ഥായിലായി. അപകടം മനസിലാക്കിയ പൊലിസ് അയ് വര്‍ സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കി. തമിഴ് നാടിന്റെ ചരിത്രം മാറ്റി മറിച്ച ഈ സമരത്തില്‍ ട്രെയിനിനു മുന്നില്‍ കിടന്ന് അവകാശം നേടിയെടുക്കാന്‍ പോരാടിയ പോരാളിയായ ആ യുവാവാണ് മുത്തുവേല്‍ കരുണാനിധിയെന്ന എം.കരുണാനിധി. തമിഴ് നാടിന്റെ സാമൂഹ്യ-രാഷ്ട്രീയ വിഹായസിലേക്കുള്ള കരുണാനിധിയുടെ രംഗപ്രവേശത്തിനാണ് ഈ സമരം സാക്ഷ്യം വഹിച്ചത്.\

കരുണാനിധിയെയും മറ്റും അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമാകുകയും പൊലിസ് ലാത്തിച്ചാര്‍ജിലും വെടിവയ്പിലും രണ്ടുപേര്‍ മരിക്കുകയും ചെയ്തു. കരുണാനിധിയെയും സംഘത്തെയും രണ്ടഅഞ്ചു മാസം തടവിനു ശിക്ഷിച്ചു. 35 രൂപ പിഴയും. പിഴയൊടുക്കാന്‍ വിസമ്മതിച്ചതിന് ഒരുമാസം കൂടി ജയില്‍. ജയില്‍ മോചിതനായ കരുണാനിധി പിന്നീട് ജനങ്ങളുടെ കല്ലാകുഡി വീരര്‍ (കല്ലാകുഡി നായകന്‍) ആയി അറിയപ്പെട്ടു. സമരം തുടര്‍ന്നു. പേരുമാറ്റാന്‍ കേന്ദ്ര സര്‍ക്കാരും അന്നത്തെ മദ്രാസ് സംസ്ഥാന സര്‍ക്കാരും വിസമ്മതിച്ചു. എന്നാല്‍ ഒരു കൊടുങ്കാറ്റുപോലെ 1967ല്‍ ഭരണം പിടിച്ചെടുത്ത ഡി.എം.കെ ഡാല്‍മിയാപുരം റെയില്‍വേസ്റ്റേഷന്റെ പേര് കല്ലാകുഡി എന്നാക്കി. ഇന്ന് റെയില്‍വേ സ്റ്റേഷനും പരിസരവും കല്ലാകുഡിയാണെങ്കിലും ഈ നഗരത്തിന് പേര് ഡാല്‍മിയാപുരമെന്നുതന്നെയാണ്. ഈ സമരം തമിഴ് ഏടുകളില്‍ പ്രമുഖ സ്ഥാനത്തൊന്നുമില്ലെങ്കിലും കരുണാനിധിയെന്ന ജനനായകന്‍ വരവറിയിച്ച സമരമായിരുന്നു അത്. ജാത്യടിസ്ഥാന പഠനത്തിനും ഹിന്ദി ഭാഷയ്ക്കുമെതിരേ നടത്തിയ സമരങ്ങളും ശ്രദ്ധേയങ്ങളായിരുന്നു.

ദ്രാവിഡ മുന്നേറ്റത്തിന് തിരികൊളുത്തിയ സാമൂഹ്യ പരിഷ്‌കര്‍ത്താവായി അറിയപ്പെടുന്ന പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കരാണ് കരുണാനിധിയില്‍ ഭാഷാ ബോധവും നാടെന്ന വികാരവും വളര്‍ത്തിയത്. കൗമാരദശയില്‍ തുടങ്ങിയ ആ അഭിനിവേശം ദ്രാവിഡ ആശയ പ്രചാരകനായിരുന്ന സി.എന്‍.അണ്ണാദുരൈ 1949ല്‍ ഡി.എം.കെ രൂപീകരിച്ചതോടെ 25ാം വയസില്‍ കരുണാനിധി അതില്‍ അഗമായി.
ദശാബാദങ്ങള്‍ക്കിപ്പുറം 2015 ജനുവരി ഒന്‍പതിന് ഡി.എം.കെ ജനറല്‍ കൗണ്‍സിലില്‍ കരുണാനിധി ദ്രാവിഡാശയം കൈവിട്ടിട്ടില്ലെന്നത് ആവര്‍ത്തിച്ചത് ഓര്‍മിക്കണം.

'തമിഴ് നാട് തമിഴര്‍ക്കു മാത്രമെന്നത് യാഥാര്‍ഥ്യമാക്കാനായില്ല. അടുത്തകാലത്തൊന്നും അത് യാഥാര്‍ഥ്യമാക്കാനുമാവില്ല.  എങ്കിലും തമിഴ് ഭാഷയെയും തമിഴരെയും പാര്‍ട്ടിയെയും സംരക്ഷിക്കാന്‍ നമുക്ക് ദൃഢനിശ്ചയമുണ്ടായിരിക്കണം.'

സ്വതന്ത്ര തമിഴകത്തിനുവേണ്ടി (ദ്രാവിഡ നാട് എന്നപേരില്‍ നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാങ്ങളെ അംഗീകരിക്കുക) പ്രക്ഷോഭം നയിച്ച പാര്‍ട്ടിയാണ് ഡി.എം.കെ. 1963ല്‍ ഭരണഘടനയുടെ 16ാം ഭേദഗതിയില്‍ ഇത്തരം വാദങ്ങളുന്നയിക്കുന്നവരെ വിഘടനവാദികളായി കാണണമെന്ന നിയമം വന്നതോടെ ഡി.എം.കെ ഈ ആവശ്യത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു. എങ്കിലും ഈ വികാരം ഇന്നും ഡി.എം.കെയുടെ ഉള്ളില്‍ എരിയുന്ന തീ തന്നെയാണ്.

കരുണാനിധിക്ക് മാത്രം അവകാശപ്പെട്ടതാണ് നാടെന്ന വികാരവും സ്വപ്‌നവും. തമിഴെന്ന പൊരുളും. അതിനുവേണ്ടി ഏതറ്റംവരെ പോകാനും തയാറായ മഹാനായ നേതാവായാവും കാലം അദ്ദേഹത്തെ കുറിച്ചുവയ്ക്കുക.


Monday, August 6, 2018

പൗരത്വപ്രശ്‌നമുയര്‍ത്തുന്ന ആശങ്ക


മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പ്രശ്‌നമൊഴിഞ്ഞ ദിനങ്ങളുണ്ടായിട്ടില്ലെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ജനോപകാരപ്രദമായ നടപടികളില്ലാത്തതല്ല. ജനവിരുദ്ധ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതാണ് ഇതിനു കാരണം. അസമിലെ പൗരത്വപ്രശ്‌നമുയര്‍ത്തുന്ന ആശങ്കകളാണ് ഇതിലേറ്റവും ഒടുവിലത്തേതെന്ന് ഇപ്പോള്‍ പറയാം (വരാനിരിക്കുന്ന പദ്ധതികളറിയില്ലല്ലോ.)
ആയിരവും പതിനായിരവും പേരല്ല, 40 ലക്ഷം പേരാണ് അസമില്‍ അനധികൃത താമസക്കാരായി വ്യാഖ്യാനിക്കപ്പെടുന്നത്. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ രജിസ്ട്രാര്‍ ജനറലിന്റെ കണ്ടെത്തല്‍ ബി.ജെ.പിയുടെ സമുന്നത നേതാവ് എല്‍.കെ.അദ്വാനിയെപോലും പില്‍ക്കാലത്തു ബാധിച്ചുകൂടായ്കയില്ല. (പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലേക്ക് കുടിയേറിയതാണല്ലോ അദ്ദേഹം). കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രാജ്യത്തുനിന്ന് 1822 വിദേശികളെ പുറത്താക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. 2016ലെ പൗരത്വ ഭേദഗതി ബില്ല് പ്രകാരമാണ് രജിസ്ട്രാര്‍ ജനറലിന്റെ ഈ നടപടികള്‍.

കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം

ഒന്നും കാണാതെ പ്രധാനമന്ത്രി മോദി പദ്ധതികളിലേക്കിറങ്ങില്ലെന്നതാണ് ഇതുവരെയുള്ള അനുഭവം. അസമിലെ പൗരത്വ പ്രശ്‌നവും അത്തരത്തിലുള്ളതാവാനാണ് സാധ്യത. 2016ലെ പൗരത്വ ഭേദഗതി ബില്ലില്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്നാണ് നിര്‍ദേശം. ഒപ്പം, വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനെ പറ്റിയും ഇതേ ബില്ല് പ്രതിപാദിക്കുന്നു. അതിനര്‍ഥം, ഭയാശങ്കളുയര്‍ത്തി, വിദേശികളുടെ ലിസ്റ്റില്‍ പെടുത്തുന്നവരെ പിന്നീട് സ്വാധീനിച്ച് തങ്ങള്‍ക്കനുകൂലമാക്കി, വോട്ടുബാങ്കു സൃഷ്ടിക്കാനുള്ള ശ്രമമായിക്കൂടായ്കയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ 40 ലക്ഷം പേരെ പുറത്താക്കി നടപടികളുണ്ടാവുമെന്ന് കരുതാനാവില്ല. എന്നാലും പ്രതിപക്ഷത്തിന് ഈ സംഭവം നല്‍കുന്ന വടിക്ക് പ്രഹരശക്തിയേറും. പ്രത്യേകിച്ച്, മുസ്‌ലിം ന്യൂനപക്ഷങ്ങളേയും ബംഗ്ലാ സംസാരിക്കുന്ന ഹിന്ദു അല്ലാത്ത ന്യൂനപക്ഷങ്ങളേയുമാണ് പുറത്താക്കുന്നതെന്ന് കോണ്‍ഗ്രസ് വിലപിക്കുമ്പോള്‍ ഹിന്ദുത്വ അജണ്ട പറയാതെ പറയുകയല്ലേ ബി.ജെ.പിയെന്ന ചോദ്യം പ്രസക്തവുമാണ്. അസമില്‍ പൗരത്വം നഷ്ടമാകുന്ന 40 ലക്ഷം പേരെ പുറത്താക്കരുതെന്ന് സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നിയതമായ രേഖകളില്‍ കൂടിമാത്രമേ നടപടിക്രമങ്ങള്‍ സ്വീകരിക്കാവൂ എന്ന നിര്‍ദേശം ധിക്കരിക്കപ്പെട്ടേക്കില്ല.
മോദിയുടെ കടുംകൈ ചര്‍ച്ചയാകുന്നതിനിടെയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല വെടിപൊട്ടിച്ചത്. തങ്ങളും അനധികൃത താമസക്കാരെ പുറത്താക്കിയിട്ടുണ്ടെന്നായിരുന്നു അത്. 2005-2013 കാലത്ത് 82728 ബംഗ്ലാദേശികളെയാണ് രാജ്യത്തു നിന്നു പുറത്താക്കിയത്.

അസമില്‍ പൗരത്വം
റദ്ദാകുന്ന ഇന്ത്യക്കാര്‍

അനധികൃതമായി ഒരു രാജ്യത്ത് വസിക്കുന്നത് നുഴഞ്ഞുകയറിയവരാണ്. അസമില്‍ പൗരത്വപ്രശ്‌നമുയര്‍ന്നപ്പോള്‍ ഫലത്തില്‍ ഇന്ത്യക്കാര്‍ക്കുതന്നെയാണ് പൗരത്വം നഷ്ടപ്പെടുകയെന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. മുന്‍ രാഷ്ട്രപതി ഫക്രുദ്ദിന്‍ അലി അഹമ്മദിന്റെ സഹോദര പുത്രന്‍ സിയാവുദ്ദീനും കുടുംബവും പോലും പൗരത്വത്തില്‍ വിദേശികളാവുന്നു.
30 വര്‍ഷം ഇന്ത്യന്‍ സേനയുടെ ഭാഗമായി യുദ്ധങ്ങളിലും മറ്റും പങ്കെടുത്ത സൈനികന്‍ അസ്മല്‍ ഹഖും കുടുംബവും വിദേശികളായിരിക്കുന്നു. ഇന്ത്യന്‍ സേനയില്‍ വിദേശ സൈനികന്‍ പ്രവര്‍ത്തിച്ചുവെന്ന് സാരം. 1966ല്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്ന പിതാവിന്റെ മകന് പൗരത്വം നല്‍കുന്ന ദുഖഭാരം പ്രവചനാതീതം.
തിരിച്ചടിയുണ്ടായതുപോലെ ബി.ജെ.പിക്കും കിട്ടി പ്രഹരം. അവരുടെ എം.എല്‍.എ രമാകാന്ത് ദിയോറിയും പൗരത്വ ലിസ്റ്റിലില്ല. എ.ഐ.യു.ഡി.എഫ് എം.എല്‍.എ അനന്തകുമാര്‍ മാലോയും വിദേശികളുടെ ലിസ്റ്റിലായി.

പൗരത്വ രജിസ്റ്റര്‍

രാജ്യത്ത് അനധികൃത കുടിയേറ്റക്കാര്‍ പെരുകുന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇവരെ കണ്ടെത്താന്‍ ഫലപ്രദമായ നടപടിക്രമങ്ങളുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ 1951ലാണ് നിലവില്‍ വന്നത്. ഇന്ത്യയിലെ താമസക്കാരെ അവരുടെ സ്ഥലം, മാതാപിതാക്കള്‍, തിരിച്ചറിയല്‍ അടയാളം ഉള്‍പ്പെടെ ഈ രേഖയിലുണ്ട്. 1955ലെ പൗരത്വ നിയമവും 2003ലെ പൗരത്വ രജിസ്‌ട്രേഷന്‍, ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിയമങ്ങളും അടിസ്ഥാനമാക്കിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നത്. അപ്പോഴും ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരു വരണമെങ്കില്‍ 1951ലെ പൗരത്വ രജിസ്റ്ററാണ് പ്രാമാണിക രേഖയായി കണക്കാക്കുന്നത്. 1971 മാര്‍ച്ച് 24ന് അര്‍ധരാത്രിവരെ ചേര്‍ക്കപ്പെട്ടിട്ടുള്ള വോട്ടേഴ്‌സ് ലിസ്റ്റോ ഇന്ത്യയിലേക്ക് പ്രവേശനം നല്‍കുന്ന പ്രമാണമോ ഇതിനായി പരിഗണിക്കും. ഇതൊന്നുമില്ലാത്തവരാണ് ഇപ്പോള്‍ കണക്കില്‍പെട്ട 40 ലക്ഷം പേരെന്ന് പറയുമ്പോഴാണ് അസാധാരണത്വം തോന്നുക.
ഇതുവരെ 3.29 കോടി ജനങ്ങളാണ് അസമില്‍ പൗരത്വ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. 2010 മുതല്‍ ഈ അപേക്ഷകളില്‍ നടപടികളെടുത്തുവരുന്നു. ഇടക്കാലത്ത് ചില കാരണങ്ങളാല്‍ നിലച്ചെങ്കിലും സുപ്രിംകോടതി നിര്‍ദേശപ്രകാരം 2015ല്‍ പുനരാരംഭിച്ചു. പൗരത്വ രേഖകള്‍ പുതുക്കുന്ന ഡിസംബര്‍ 31ന് മുന്‍പ് പൗരനാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് അറിയിപ്പ്.
അസമിലെ കണക്കെടുപ്പ് മറ്റ് സംസ്ഥാനങ്ങളില്‍ കൂടി നടപ്പാക്കണമെന്ന വാദഗതിയും ഉയര്‍ന്നിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലും ഇത്തരം കണക്കെടുപ്പുകള്‍ നടത്താറുണ്ട്. പൗരത്വമില്ലാത്തവരെ രാജ്യത്തുനിന്നു പുറത്താക്കാറുമുണ്ട്. എന്നാല്‍ വൈരനിരാതന ബുദ്ധിയോടെയാണ് അതു ചെയ്യുന്നതെങ്കില്‍ ചോദ്യം ചെയ്യപ്പെടും. കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് യാതൊരു രേഖയുമില്ലാതെ ജോലിക്കു മാത്രമായി എത്തുന്നവരുണ്ട്. ഇക്കൂട്ടത്തില്‍ ബംഗ്ലാദേശികള്‍ പോലുമുണ്ടെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.




Monday, July 30, 2018

ഇമ്രാന് ജിന്നയുടെ സ്വപ്‌നമുണ്ടാവുമ്പോള്‍

 
മുഹമ്മദ് അലി ജിന്ന വിഭാവനം ചെയ്ത പാകിസ്താനാണ് സ്വപ്‌നമെന്ന് നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യക്ക് എന്തു സന്ദേശമാണ് അതു നല്‍കുന്നതെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും.
1913 മുതല്‍ 1947 ഓഗസ്റ്റ് 14ന് പാക് വിഭജനം വരെ ഓള്‍ ഇന്ത്യ മുസ് ലിം ലീഗിന്റെ അനിഷേധ്യ നേതാവായിരുന്നു മുഹമ്മദ് അലി ജിന്ന. പാക് രാഷ്ട്രപിതാവെന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ജിന്ന, അഭിഭാഷകനും രാഷ്ട്രീയക്കാരനും മരിക്കുന്നതുവരെ പാകിസ്താന്റെ ആദ്യ ഗവര്‍ണര്‍ ജനറല്‍ എന്ന പദവിയിലിരുന്ന നേതാവുമായിരുന്നു. ഇന്ത്യക്ക് ഗാന്ധി മഹാത്മാവായതിനു തുല്യമാണ് പാകിസ്താന് ജിന്ന. ആ ജിന്നയുടെ സ്വപ്‌നം തിരികെ കൊണ്ടുവരുമെന്ന ഇമ്രാന്റെ പ്രഖ്യാപനം കേള്‍ക്കാതിരിക്കുന്നതെങ്ങനെ.

ജിന്ന ചെയ്തത്

പാകിസ്താനെ ഇസ് ലാമിക വിശ്വാസമുള്ള ഒരു മുസ് ലിം രാഷ്ട്രമാക്കി മാറ്റാനായിരുന്നു ജിന്ന വിഭാവനം ചെയ്തതെന്നാണ് ഇന്ത്യയിലെയും പാകിസ്താനിലെയും പൊതുജനം പൊതുവേ കരുതിപ്പോരുന്നത്. സത്യമതായിരുന്നില്ലെന്ന് ജിന്ന നടത്തിയ ഐതിഹാസിക പ്രഖ്യാപനം തെളിവാണ്. 1947 ഓഗസ്റ്റ് 11ന് ജനപ്രതിനിധി സഭയെ അഭിസംബോധന ചെയ്ത ജിന്ന പറഞ്ഞത് 'പാകിസ്താനില്‍ നിങ്ങള്‍ക്ക് ക്ഷേത്രങ്ങളിലേക്ക് പോകാനും മോസ്‌കുകളിലേക്ക് പോകാനും മറ്റ് മത വിശ്വാസ കേന്ദ്രങ്ങളിലേക്ക് പോകാനും സ്വാതന്ത്ര്യമുണ്ടാവുമെന്നാണ്. നിങ്ങളുടെ ജാതിയും മതവും വര്‍ഗവും ഒന്നും രാജ്യത്ത് ഒരു വിഷയമേ ആകുന്നില്ല' എന്നായിരുന്നു.
രാജ്യത്തിന്റെ പരമാധികാരി ഗവര്‍ണര്‍ ജനറലായിരിക്കുമെന്നും (അദ്ദേഹത്തിന്റെ) ഉത്തരവോ അനുമതിയോ ഇല്ലാതെ യാതൊന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്ന് അദ്ദേഹം പാക് സേനയ്ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.
പാകിസ്താന്റെ സിന്ധ് പ്രവിശ്യയിലുണ്ടായിരുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി പില്‍ക്കാലത്ത് ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നല്ലോ. അദ്ദേഹവും മറ്റൊരു മുതിര്‍ന്ന ബി.ജെ.പി നേതാവായിരുന്ന ജസ്വന്ത് സിങും ജിന്നയെ വിലയിരുത്തുന്നതില്‍ തെറ്റുപറ്റിയതായി 2005ല്‍ വിശദീകരിച്ച സംഭവവും ഓര്‍ക്കാവുന്നതാണ്.

ഇമ്രാന്റെ പ്രത്യയശാസ്ത്രം

തന്നെ വിലയിരുത്തുന്നത് നേരത്തെ ആകരുതെന്ന് ഇമ്രാന്‍ ഉപദേശിക്കുന്നുണ്ട്. താന്‍ പ്രധാനമന്ത്രിയായാല്‍ മോശമായ കാര്യങ്ങള്‍ മാത്രമാവും സംഭവിക്കുകയെന്ന ഇന്ത്യന്‍ നിലപാടാണ് ഇമ്രാനെ കൊണ്ട് അതുപറയിച്ചതെന്നു വ്യക്തം. കളിക്കളത്തിലെ ചൂടനായ ബൗളറാകും ഭരണ തലപ്പത്തെ ഇമ്രാനെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചിരുന്നു.
ഇമ്രാന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ ഇപ്പോഴേ അപഗ്രഥിച്ചാല്‍ അത് ശൈശവദശയിലേതായിപ്പോകും. ഇനി ബാല്യ-കൗമാര-യൗവന കാലങ്ങള്‍ വരാനിരിക്കുന്നതല്ലേയുള്ളൂ. എങ്കിലും ദൈവദൂഷണത്തിനെതിരായ എന്തിനെയും താന്‍ എതിര്‍ക്കുമെന്നും മതനിന്ദ സഹിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചത് നിലപാടുകളിലേക്കുള്ള ചുവടുവയ്പായി കാണേണ്ടതുണ്ട്. ഉപഭൂഖണ്ഡത്തിനു ഗുണകരമാകും വിധം ഇന്ത്യയുമായി വ്യാപാര ബന്ധത്തിന് താല്‍പര്യമുണ്ടെന്നും ഇന്ത്യ ഒരു ചുവടുവച്ചാല്‍ രണ്ടു ചുവടുവയ്ക്കാന്‍ തയാറാണെന്നും ഇമ്രാന്‍ സൂചന നല്‍കുന്നത് സദുദ്ദേശപരമാണ്. എന്നാലും, ചൈനയുമായും മറ്റും ബന്ധം ശക്തമാക്കാനുള്ള നീക്കം ഇന്ത്യ ബന്ധത്തിന് ഗുണകരമായിരിക്കില്ലെന്നാണ് കരുതേണ്ടത്.

ഇന്ത്യയുടെ പ്രതികരണം

ഇമ്രാന്‍ പ്രധാനമന്ത്രിയാകുമെന്നുറപ്പായതിനുപിന്നാലെ കേന്ദ്ര മന്ത്രി ആര്‍.കെ.സിങിന്റെ പ്രതികരണം ഉണ്ടായി. ഇമ്രാന്‍ വന്നാലും ഇന്ത്യ-പാക് ബന്ധത്തില്‍ മാറ്റങ്ങളുണ്ടാവുമെന്നു തോന്നുന്നില്ല. കാരണം, സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് അവരുടെ നയ രൂപീകരണമെന്നായിരുന്നു അത്.
രാഷ്ട്രീയ-നയതന്ത്ര വിദഗ്ധരുടെ അഭിപ്രായവും ഇതില്‍നിന്ന് ഏറെ വ്യത്യസ്തമല്ല. പാക് സൈന്യത്തിന്റെ ആശിര്‍വാദത്തോടെയാണ് ഇമ്രാന്‍ അധികാരത്തിലെത്തുന്നതെന്നതിനാല്‍ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കശ്മിര്‍ പ്രശ്‌നം

കശ്മിരാണ് ഇന്ത്യ-പാക് ബന്ധത്തിലെ ആണിക്കല്ലെന്നാണ് ഇമ്രാന്റെ പക്ഷം. ചര്‍ച്ചകളിലൂടെ അത് പരിഹരിക്കണമെന്നും ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കാനെങ്കിലും കഴിയണമെന്നും അദ്ദേഹം പറയുന്നു. അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനങ്ങളും സൈന്യത്തിനും സുരക്ഷയ്ക്കും നേരെയുള്ള ഭീഷണിയും നിലനില്‍ക്കുമ്പോള്‍ ചര്‍ച്ചാ നിര്‍ദേശം സ്വീകാര്യമാകുമെന്ന് തോന്നുന്നില്ല. ഭീകരപ്രവര്‍ത്തനം നിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്ന ഇന്ത്യന്‍ നിലപാട് അറിയാത്ത ആളല്ലല്ലോ ഇമ്രാന്‍. സൈന്യത്തിന്റെ നിലപാടുകളില്‍ നിന്നു വിഭിന്നമായി ഇമ്രാന് അഭിപ്രായമുണ്ടായേക്കാനും സാധ്യതയില്ല. ഇന്ത്യയില്‍ അടുത്ത വര്‍ഷമാദ്യത്തോടെ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പാകിസ്താനോട് സന്ധി ചെയ്ത് തെരഞ്ഞെടുപ്പിന് പോകാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തുനിയുമെന്ന് കരുതുകയും വയ്യ. മാത്രമല്ല, കശ്മിരില്‍ 30 വര്‍ഷമായി ഇന്ത്യന്‍ സേന മനുഷ്യാവകാശ ധ്വംസനം നടത്തുന്നതായ ഇമ്രാന്റെ നിലപാട് ഉള്‍ക്കൊള്ളാനും ഇന്ത്യക്കു സാധിക്കില്ല. ഇതൊക്കെ കശ്മിര്‍ പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്നു.
സമാധാനപ്രിയരായ പാക് ജനത തീവ്ര-ഭീകര സംഘടനാ സ്ഥാനാര്‍ഥികളെ തോല്‍പിച്ചിരുന്നു. അതു ചൂണ്ടിക്കാട്ടുന്നത് സൈന്യത്തിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ ജനങ്ങള്‍ തള്ളുന്നു എന്നാണ്. എന്നാല്‍ സൈന്യത്തെ കൊള്ളാതെ ജനപ്രിയ നേതാവാകാന്‍ ഇമ്രാന് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ജിന്ന വിഭാവനം ചെയ്യുന്ന പാകിസ്താനാവുമ്പോള്‍ ഇമ്രാന് ശക്തമായ തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന് സാരം.
പാക് തെരഞ്ഞെടുപ്പ് കാലത്ത് അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ കുറഞ്ഞതുതന്നെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് സേനയുടെ പിന്തുണ കുറഞ്ഞതിനാലാണെന്ന് മനസിലാക്കാം. പാക് സേനാത്തലവന്‍ ഖമര്‍ ജാവേദ് ബജ് വ ഇമ്രാന്റെ നയങ്ങള്‍ക്ക് ശക്തിപകര്‍ന്നാല്‍ യുദ്ധക്കൊതിയന്‍മാരായ സൈനിക ജനറല്‍മാരെ പിന്തിരിപ്പിക്കുന്നതില്‍ വിജയിച്ചേക്കാം.



Wednesday, July 25, 2018

മിസോറമില്‍ അഭയാര്‍ഥി പ്രശ്‌നവും മദ്യനിരോധനവും വിധി നിര്‍ണയിക്കും


മിസോറമിലെ പുതിയ സെക്രട്ടറിയേറ്റ് കെട്ടിടം

കോണ്‍ഗ്രസ് തുടര്‍ച്ചയായി രണ്ടാംവട്ടവും ഭരണത്തില്‍ തുടരുന്ന മിസോറമില്‍ ഈ വര്‍ഷാവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഭരണ വിരുദ്ധ വികാരം എന്നത്തേക്കാളും വളരെ ശക്തമാണ് ഇത്തവണ. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കായ ക്രൈസ്തവ സഭകള്‍ ഇത്തവണ പാര്‍ട്ടിക്കെതിരേയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് തുടര്‍ന്നുവന്ന മദ്യനിരോധനം അധികാരത്തിലെത്തിയതിനുപിന്നാലെ പിന്‍വലിച്ചത് ശക്തമായ സ്വാധീനമുള്ള വിവിധ ക്രൈസ്ത്രവ സഭകളുടെ എതിര്‍പ്പുകള്‍ അവഗണിച്ചായിരുന്നു.

കുടിയന്‍മാരും നിര്‍ണായകം

കള്ളുകുടിയ്ക്കുന്നവരുടെ ശൗര്യവും വീറും ഈ തെരഞ്ഞെടുപ്പില്‍ കാണാനാകുമെന്നാണ് കരുതേണ്ടത്. കാരണം, ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിനും ഭരണം പിടിച്ചെടുക്കാന്‍ കോപ്പുകൂട്ടുന്ന ബി.ജെ.പിക്കും പ്രധാന പ്രതിപക്ഷമായ മിസോ നാഷണല്‍ ഫ്രണ്ടിനും പുറമേ ഏഴു രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു മുന്നണിയുണ്ടാക്കി രംഗത്തുവന്നിരിക്കുന്നു. അവരുടെ സുപ്രധാന വാഗ്ദാനം മിസോറമിനെ ലഹരി വിമുക്ത സംസ്ഥാനമാക്കുമെന്നാണ്. ലഹരിക്ക് വഴി തുറന്ന കോണ്‍ഗ്രസിനെതിരേയാണ് ഇവരുടെ പോരാട്ടം. വാഗ്ദാനത്തെ കുടിയന്‍മാര്‍ എങ്ങനെ കാണുമെന്ന് പ്രവചിക്കുക അസാധ്യം.
സെഡ്.പി.എം (സോറം പീപ്പിള്‍സ് മൂവ്‌മെന്റ്) എന്ന മുന്നണിയാണ് നാലാം മുന്നണിയായി രംഗത്തുള്ളത്. സോറം നാഷണലിസ്റ്റ് പാര്‍ട്ടി, മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സ് തുടങ്ങിയവ പുതുതായി രൂപം കൊണ്ട സോറം എക്‌സോഡസ് മൂവ്‌മെന്റ് (സെഡ്.ഇ.എം) എന്നിവയാണ് മുന്നണിയിലുള്ളത്. മിസോറമില്‍ ഏറ്റവും പ്രചാരമുള്ള ഭാഷാദിനപത്രമായ വന്‍ഗ്ലെയ്‌നിയുടെ എഡിറ്റര്‍ കെ.സപ്ദാങയാണ് സോറം എക്‌സോഡസിന്റെ കണ്‍വീനര്‍.
മദ്യ ഉപഭോഗത്തില്‍ നിയന്ത്രണങ്ങള്‍ വച്ചുകൊണ്ട് 2014ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് കൊണ്ടുവന്ന നിയമം പൊളിച്ചടുക്കി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്നാണ് സോറത്തിന്റെ വാഗ്ദാനം. എം.എല്‍.പി. ആക്ട് (മിസോറം ലിക്വര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ആക്ട്) നിലവില്‍ വരുന്നതിനു മുന്‍പ് മിസോറം മദ്യനിരോധിത സംസ്ഥാനമായിരുന്നു. ക്രൈസ്തവര്‍ക്ക് ഗണ്യമായ മുന്‍തൂക്കമുള്ള സംസ്ഥാനത്ത് മദ്യ നിരോധനം പുനസ്ഥാപിക്കുമെന്ന സോറം മുന്നണിയുടെ വാഗ്ദാനത്തിന് വോട്ടു ലഭിച്ചാല്‍ മിസോറമിന്റെ ചരിത്രം തിരുത്തപ്പെടും.

എം.എല്‍.പി.സി ആക്ട്

മദ്യ നിരോധനം പിന്‍വലിച്ച് എം.എല്‍.പി.സി ആക്ട് ഏര്‍പ്പെടുത്തിയതിലൂടെ മദ്യത്തിന്റെ വില്‍പനയും ഉപഭോഗവും നയന്ത്രിക്കുക മാത്രം മതിയെന്ന നയമായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിന്റേത്. നിയമമനുസരിച്ച് റേഷന്‍ കാര്‍ഡ് പോലെ ലിക്വര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. കാര്‍ഡ് ഉടമകള്‍ക്ക് ഏറിയാല്‍ ആറു കുപ്പി മദ്യമോ 12 കുപ്പി ബിയറോ പ്രതിമാസം വാങ്ങാം. 21 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സംസ്ഥാന എക്‌സൈസ് വകുപ്പാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 500 രൂപ മുടക്കി രജിസ്റ്റര്‍ ചെയ്ത് സ്വന്തമാക്കാവുന്ന കാര്‍ഡുകള്‍ 300 രൂപ അടച്ച് വര്‍ഷം തോറും പുതുക്കുകയുമാവാം. നിലവില്‍ 30 ചില്ലറ വില്‍പനശാലകളും രണ്ടു ബാറുകളും മാത്രമാണ് ഇവിടെയുള്ളത്. എന്നാല്‍ കാര്‍ഡുകള്‍ സ്വന്തമാക്കിയ യുവതലമുറ അക്രമത്തിലേക്കും വഴിവിട്ട നടപടികളിലേക്കും കടന്നതില്‍ കോണ്‍ഗ്രസിന് ഏറെ പഴി ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.

ചരിത്രമായി സഖ്യം

ഈ വര്‍ഷമാദ്യം മിസോറമിലെ ചക്മ ഗോത്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ രൂപം കൊണ്ട ഒരു സഖ്യം ചരിത്രമായി. ബി.ജെ.പിയും കോണ്‍ഗ്രസും സഖ്യത്തിലേര്‍പ്പെട്ടാണ് 20 അംഗ കൗണ്‍സിലിലേക്ക് മത്സരിച്ചത്. മിസോ നാഷണല്‍ ഫ്രണ്ടിനെ ഭരണത്തില്‍ നിന്നു പുറത്താക്കുക എന്ന ഏക അജണ്ടയിലായിരുന്നു അത്. ബി.ജെ.പിക്ക് അഞ്ചും ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് ആറും സീറ്റു ലഭിച്ചപ്പോള്‍ ബാക്കി എം.എന്‍.എഫിനായിരുന്നു. ബുദ്ധമത വിശ്വാസികള്‍ക്ക് സ്വയംഭരണം നല്‍കുന്നതും 1972ല്‍ രൂപീകൃതമായതുമായ കൗണ്‍സിലാണിത്. വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യമെന്ന പേരില്‍ ബി.ജെ.പി രൂപീകരിച്ച സഖ്യത്തില്‍ അംഗമായിരുന്നു എം.എന്‍.എഫ് എന്നിരിക്കേ അവര്‍ക്കെതിരേ തന്നെ ബി.ജെ.പി മത്സരിച്ചത് അവരെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ മിസോറമില്‍ സഖ്യത്തിനില്ലെന്ന നിലപാടിലാണ് ആ പാര്‍ട്ടി. എങ്കിലും അവരെ കൂടെക്കൂട്ടാനുള്ള ശ്രമം ബി.ജെ.പി കൈവിട്ടിട്ടില്ല.

ബ്രൂ അഭയാര്‍ഥികള്‍

രണ്ടു ദശകങ്ങളായി സംസ്ഥാനം അഭിമുഖീകരിച്ചുവന്നതാണ് ബ്രൂ ഗോത്ര വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍. മിസോറമില്‍ വംശീയ കലാപമുണ്ടായതിനെതുടര്‍ന്ന് ജീവനുംകൊണ്ട് ത്രിപുരയില്‍ അഭയം തേടിയവരാണിവര്‍. സ്വദേശത്തേക്ക് മടങ്ങാന്‍ ഇവര്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴൊക്കെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ചെവികൊടുത്തില്ല. ഇപ്പോള്‍ അയ്യായിരത്തോളം വരുന്ന ഈ കൂടുംബങ്ങളെ സംസ്ഥാനത്ത് പുനരധിവസിപ്പിക്കാന്‍ കേന്ദ്രവും മിസോറം-ത്രിപുര സര്‍ക്കാരുകളും ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. 32,876 പേരടങ്ങുന്ന ഇവരുടെ വോട്ടും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

2013ലെ ഫലം

മിസോറമില്‍ 40 നിയമസഭാ സീറ്റുകളാണുള്ളത്. 2013ലെ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകള്‍ നേടി മൃഗീയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്. മിസോ നാഷണല്‍ ഫ്രണ്ട് അഞ്ച് സീറ്റുകള്‍ നേടിയപ്പോള്‍ മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സിനായിരുന്നു ഒരു സീറ്റ്. ബി.ജെ.പി 17 സീറ്റുകളില്‍ മത്സരിച്ചെങ്കിലും സംപൂജ്യരായി.
2014ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മിസോറമിലെ ഏക സീറ്റും കോണ്‍ഗ്രസിനായിരുന്നു.

Sunday, July 1, 2018

ലോകം വ്യാപാര യുദ്ധ നിഴലില്‍

നൂറു വര്‍ഷ സഖ്യമെന്ന നിര്‍ദേശവുമായി അമേരിക്കന്‍ നയതന്ത്രജ്ഞന്‍ റെക്‌സ് ടില്ലേഴ്‌സണ്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയിരുന്നു. ചൈനയേയും പാകിസ്താനെയും കാട്ടി പേടിപ്പിച്ച് ചേരിചേരാ നയം വിടാനായിരുന്നു പ്രേരണ. ഒരു ഘട്ടത്തില്‍ മോദി ട്രംപിന് അടിപ്പെടുമെന്നുവരെ തോന്നിച്ചു. ഇതിനേക്കാള്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ച സമയങ്ങളില്‍ പോലും ചേരിചേരാനയത്തില്‍ നിന്ന് പിന്നോട്ടുപോയി വ്യക്തിത്വം കളഞ്ഞിട്ടില്ല. അമേരിക്കയ്ക്ക് ചൈനയും ഇന്ത്യയും തമ്മില്‍ ഭേദമില്ലെന്ന് ഇന്ത്യ മനസിലാക്കേണ്ടതുണ്ട്. ചൈനയോട് ഇപ്പോള്‍ വ്യാപാര യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് സായുധ ഏറ്റുമുട്ടലിനുള്ള സാഹചര്യത്തില്‍ നിന്ന് ചൈന പിന്‍വാങ്ങിയതുകൊണ്ടാണെന്ന് കരുതാം. യു.എസിന്റെ പോര് ചൈനയോടു മാത്രമല്ല ഇന്ത്യയുള്‍പ്പെടെയുള്ള സാമ്പത്തിക കുതിപ്പിനൊരുങ്ങുന്ന രാജ്യങ്ങളോടെല്ലാമാണ്. സ്വന്തമെന്നോ ബന്ധമെന്നോ പരിഗണനയില്ലാതെ ആരെയും സ്വന്തം നേട്ടത്തിനുവേണ്ടി എതിര്‍ക്കുന്ന മനോഭാവമാണ് അമേരിക്കക്കും ട്രംപിനും.

അമേരിക്ക ആദ്യം

ട്രംപ് അധികാരത്തിലേറിയപ്പോള്‍ത്തന്നെ സ്വീകരിച്ച നയം അമേരിക്ക ആദ്യം എന്നതാണ്. അമേരിക്കയുടെ വിദേശ നയമായി ഇത് പ്രഖ്യാപിക്കപ്പെട്ടതോടെ ഒന്നു മനസിലാക്കാം. യു.എസിനെ ആദ്യം എത്തുക, എത്തിക്കുക എന്നതു തന്നെയാണ് ട്രംപിന്റെ ഉള്ളില്‍. ഒന്നാമത് എത്തിക്കുക എന്നുവരുമ്പോള്‍ ആദ്യം ആരും എത്തരുതെന്ന് അര്‍ഥമുണ്ട്. അനുദിനം വളരുന്ന ഇന്ത്യന്‍ വിപണിയിലേക്ക് കണ്ണുപായിച്ച് അമേരിക്കന്‍ കമ്പനികള്‍ കാത്തിരിക്കുന്നതും ട്രംപിന്റെ ഇന്ത്യന്‍ നയത്തിന്റെ കാരണങ്ങളില്‍ പ്രധാനമാണ്. എന്നാല്‍ ഇന്ത്യ മെരുങ്ങുന്ന സ്വഭാവം കാട്ടാത്തതിനാല്‍ത്തന്നെ പാകിസ്താനെ സഖ്യത്തില്‍ നിന്നൊഴിവാക്കാനും അമേരിക്ക തയാറാവുന്നില്ല.
ചൈനയുടെ ഭീഷണി ഉയര്‍ത്തിക്കാട്ടി ഇന്ത്യയില്‍ വിപണി കണ്ടെത്താനാണ് യു.എസ് ശ്രമം. പാകിസ്താനുമായി ഉണ്ടായിരുന്ന സഖ്യം ഉപേക്ഷിച്ചത് അനുസ്യൂതം വളരുന്ന സാമ്പത്തിക ശക്തി ഇന്ത്യയാണെന്നു മനസിലാക്കിയാണ്. യു.എസ് ഉത്പന്നങ്ങള്‍ക്കുള്ള സാമ്പത്തിക ശേഷി പാകിസ്താനില്ല. ഇന്ത്യയില്‍ ഭീകരാക്രമണം തുടരുന്നത് അമേരിക്കയ്ക്ക് ആയുധവിപണി ഒരുക്കും. അഫ്ഗാനിസ്ഥാനിലെ താലിബാനുമായും ഇപ്പോള്‍ ചൈനയുമായുള്ള സംഘര്‍ഷങ്ങളിലും ഊറിച്ചിരിക്കുന്നത് അമേരിക്കയാണ്.
ഏഷ്യന്‍ മേഖലയില്‍ ചൈനയ്‌ക്കെതിരേ സൈനിക കൂട്ടുകെട്ട് എന്ന പേരിലാണ് അമേരിക്ക ഇന്ത്യയെ സ്വാധീനിച്ചത്. എന്നാല്‍ ഇന്ത്യ ജപ്പാനോടും ഓസ്‌ട്രേലിയയോടും വിയറ്റ്‌നാമിനോടും മലേഷ്യയോടും ഇന്‍ഡോനേഷ്യയോടുമൊക്കെ മമത പുലര്‍ത്തി അവരുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നതോടെ യു.എസിന് അങ്കലാപ്പായി. സാമ്പത്തിക-സായുധ ശക്തിയായി ഇന്ത്യ വളരുന്നതുകാണാന്‍ അവര്‍ക്കാവില്ലല്ലോ. സമ്മര്‍ദ തന്ത്രവുമായി മുട്ടാനൊരുങ്ങിയാല്‍ റഷ്യ എന്ന പിടിവള്ളി സജീവമാക്കുകയേ പോംവഴി ഉള്ളൂ. അതുവഴി ചൈനയുടെ ഭീഷണിയും ഒഴിവാക്കാം. ഇതുമനസിലാക്കിത്തന്നെയാവണം ടില്ലേഴ്‌സണ്‍ വരുമ്പോള്‍ പോലും റഷ്യയുമായി സൈനികാഭ്യാസത്തിന് ഇന്ത്യ മുതിര്‍ന്നത്. അമേരിക്കന്‍ പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ യു.എ.വികളും എഫ് 18, എഫ് 16 യുദ്ധ വിമാനങ്ങളുടെ മേഖലയിലെ സംഘര്‍ഷത്തിന്റെ മറവില്‍ ഇന്ത്യക്ക് വില്‍ക്കാന്‍ ഇതിനിടെ അമേരിക്ക കൊണ്ടുപിടിച്ച് ശ്രമിക്കുന്നത് ഇവിടെ കൂട്ടിവായിക്കാം. ഉന്നത സാങ്കേതിക നിലവാരത്തിലുള്ള സൈനിക-യുദ്ധോപകരണങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ സന്നദ്ധമാണെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നത് ഇന്ത്യയുടെ പോക്കറ്റ് കണ്ടാണ്. എന്നാല്‍ ഇന്ത്യയുടെ പ്രഖ്യാപിത മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിന്‍ കീഴില്‍ യുദ്ധോപകരണങ്ങള്‍ ഇവിടെ നിര്‍മിക്കാന്‍ അവര്‍ വൈമനസ്യം കാട്ടുന്നു.

വ്യാപാര യുദ്ധം

അമേരിക്ക ചൈനയോട് വാണിജ്യ യുദ്ധം പ്രഖ്യാപിച്ചത് വാര്‍ത്തകളില്‍ നിറയുമ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നുണ്ട്. സ്റ്റീലിനും അലൂമിനിയത്തിനും നികുതി വര്‍ധിപ്പിച്ചാണ് അമേരിക്ക ചൈനയ്ക്ക് ആദ്യ കൊട്ടുനല്‍കിയത്. ലോകത്ത് ഏറ്റവും അധികം സ്റ്റീല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ഫലത്തില്‍ ഇന്ത്യയുടെ മുഖത്തേറ്റ അടികൂടിയാണത്. കാരണം സ്റ്റീല്‍ ഉത്പാദനത്തില്‍ ഇന്ത്യയാണ് ചൈനയ്ക്ക് പിന്നില്‍. നാലാം സ്ഥാനത്ത് അമേരിക്കയും. നികുതി വര്‍ദ്ധനയില്‍ നിന്നൊഴിവാക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന അമേരിക്ക തള്ളിയതാണ് ഇതിനുതെളിവ്. അലൂമിനിയത്തില്‍ ചൈനയാണ് ഒന്നാമത്. നാലാമത്് അമേരിക്ക. അലൂമിനിയത്തില്‍ രണ്ടാംസ്ഥാനത്തുള്ള റഷ്യയെയും വെറുക്കപ്പെട്ടവരായതുകൊണ്ടുതന്നെ മൂന്നാം സ്ഥാനത്തുള്ള കാനഡയേയും ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നു. ഇരുമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ക്കും നികുതി അടിയാണ്. അവിടെയും ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ യഥാക്രമം ചൈനയും ഓസ്‌ട്രേലിയയും ബ്രസീലും ഇന്ത്യയുമാണ്.
ഇന്ത്യ അമേരിക്കയുടെ നികുതി വര്‍ധനവിനെ അതേ നാണയത്തിലാണ് നേരിടുന്നത്. അമേരിക്ക ഉത്പാദിപ്പിക്കുന്ന ബദാമിന്റെ സിംഹഭാഗവും, വാല്‍നട്ടും ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ഇന്ത്യയാണ്. അതുകൊണ്ടുതന്നെ ബദാമിന് 20 ശതമാനവും വാല്‍നട്ടിന് 120 ശതമാനവും അധിക നികുതി ചുമത്തി. ആപ്പിളിനും വെള്ളക്കടലയ്ക്കും തുവരയ്ക്കും നികുതി കൂട്ടുകയാണ്.
പല ഉത്പന്നങ്ങളും നിര്‍മിക്കുന്നതില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇന്ത്യയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമാണ്. ചൈനയ്‌ക്കെതിരേയെന്ന പേരിലുള്ള നടപടി ഫലത്തില്‍ മറ്റുള്ളവര്‍ക്കെതിരേ കൂടിയാണ്. അതാണ് ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ യു.എസിനെ എതിര്‍ക്കുന്നത്. അമേരിക്കയുടെ വിവിധ ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 25 ശതമാനം വരെ നികുതി കൂട്ടി ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന് ഒന്നര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ നികുതിയിനത്തില്‍ പല രാജ്യങ്ങളും ചുമത്തി. വില്‍പന കുറഞ്ഞതോടെ അമേരിക്കയ്ക്കു പുറത്ത് നിര്‍മിക്കാനുള്ള അവരുടെ ശ്രമത്തെ ട്രംപ് തടയുന്നു. ഇന്ത്യന്‍ ബൈക്കുകള്‍ക്ക് നികുതി ചുമത്തുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഈ ആവശ്യമുന്നയിച്ചപ്പോള്‍ മോദി അത് അക്ഷരംപ്രതി അനുസരിച്ചു. 75 ശതമാനം നികുതി 50 ശതമാനമാക്കി.

ഇറാന്റെ എണ്ണയും റഷ്യന്‍ ആയുധവും

ഇറാനെതിരേ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. കാലങ്ങളായുള്ള വാണിജ്യ-വ്യാപാര ബന്ധമാണ് ഇന്ത്യയും ഇറാനും തമ്മിലുള്ളത്, പ്രത്യേകിച്ച് എണ്ണ വാങ്ങുന്നതില്‍. ഇത് അടിയന്തരമായി നിര്‍ത്തണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതല്ലെങ്കില്‍ ഇറാനെതിരേയെന്നപോലെ ഇന്ത്യക്കെതിരേയും ഉപരോധം വരും. നവംബര്‍ നാലിനകം ഇറക്കുമതി നിര്‍ത്തണമെന്നാണാവശ്യം. മൂന്നു മുതല്‍ ആറു മാസത്തിനകം എല്ലാ രാജ്യങ്ങളും ഇറാനുമായുള്ള വ്യാപാരം അവസാനിപ്പിക്കണമെന്നും അതല്ലെങ്കില്‍ വ്യാപാര ഉപരോധം മറ്റുള്ളവരും നേരിടേണ്ടിവരുമെന്നാണ് ഭീഷണി. അമേരിക്ക ഭക്തനായ മോദി, കേട്ടയുടനെതന്നെ എണ്ണക്കമ്പനികളോട് ഇറാനില്‍ നിന്നുള്ള ഇറക്കുമതി പുനപ്പരിശോധിക്കാന്‍ നിര്‍ദേശിച്ചത് നാണക്കേടാണ്. ആണവ പരീക്ഷണം വിലക്കി 2012ല്‍ ഇറാനെതിരേ ഉപരോധം പ്രഖ്യാപിച്ചത് യൂറോപ്യന്‍ യൂണിയനും യു.എസും ചേര്‍ന്നായിരുന്നു. ആണവപദ്ധതികള്‍ വെട്ടിച്ചുരുക്കുന്നതു സംബന്ധിച്ച് ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ചൈന എന്നീ രാജ്യങ്ങളും യു.എസും ചേര്‍ന്ന് ഇറാനുമായി ഒപ്പുവച്ച കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറി. തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കുനേരേ ഭീഷണി. വഴങ്ങില്ലെന്ന് മറ്റു രാജ്യങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും ട്രംപിനു മുന്‍പില്‍ കുമ്പിടുന്ന മോദി രാജ്യത്തിനു നാണക്കേടാണ്. നേരത്തെ ഇറാനെതിരേ സാമ്പത്തിക ഉപരോധമുണ്ടായപ്പോള്‍ എണ്ണവില രൂപയില്‍ നല്‍കി യൂകോ ബാങ്കും തുര്‍ക്കിയിലെ ബാങ്കുമാണ് ഇന്ത്യയെ സഹായിച്ചത്. ഇപ്പോള്‍ യൂറോ നിരക്കില്‍ എസ്.ബി.ഐ ജര്‍മന്‍ ബാങ്കുമായി ചേര്‍ന്ന് പണം നല്‍കുന്നു. ഡോളറിന്റെ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ വഴങ്ങേണ്ടതില്ല. റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടതും അടുത്തിടെയാണ്. തുര്‍ക്കി ഈ നിര്‍ദേശം ഇതുവരെ സ്വീകരിച്ചിട്ടില്ല. ട്രയംഫ് എന്ന പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്നു വാങ്ങിയാല്‍ പിന്നീട് അമേരിക്ക സാങ്കേതിക യുദ്ധോപകരണങ്ങള്‍ നല്‍കില്ലെന്നാണ് ഇന്ത്യക്കുള്ള ഭീഷണി.

ലോക മാന്ദ്യം

അമേരിക്ക വ്യാപാര യുദ്ധം പ്രഖ്യാപിച്ചതോടെ ലോക വളര്‍ച്ചാ നിരക്ക് കൂപ്പുകുത്തുമെന്ന് ആശങ്കയുണ്ട്. സാമ്പത്തിക രാജ്യങ്ങളെല്ലാം ഭീഷണിയിലാണ്. വളര്‍ച്ചാ നിരക്ക് മുരടിക്കുന്നതോടെ വന്‍ സാമ്പത്തിക മാന്ദ്യമാണ് വരാന്‍പോകുന്നത്. മറ്റ് രാജ്യങ്ങളുടെ മേല്‍ വാണിജ്യ നിയന്ത്രണം അടിച്ചേല്‍പിക്കുന്ന അമേരിക്ക സ്വന്തം കുഴിമാടം കൂടിയാണ് തോണ്ടുന്നതെന്ന് മനസിലാക്കുന്നില്ല. ഇതു നാശത്തിലേക്കാണെന്നും അമേരിക്കയും പരിണത ഫലം അനുഭവിക്കുമെന്നുമാണ് ബ്രിട്ടീഷ് ധനമന്ത്രി ഫിലിപ് ഹാമണ്ടിന്റെ മുന്നറിയിപ്പ്.

Thursday, June 28, 2018

കിമ്മും ട്രംപും ഇന്ത്യയും


ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ മലേഷ്യയില്‍ വച്ചു കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ വാരം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഒരു ഉത്തരകൊറിയന്‍ നേതാവും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു. കേവലം അമേരിക്ക, ഉത്തരകൊറിയ കൂടിക്കാഴ്ചയ്ക്കപ്പുറം ലോക രാജ്യങ്ങളില്‍ പലര്‍ക്കും ഈ കൂടിക്കാഴ്ച വിവിധ മാനങ്ങള്‍ നല്‍കുന്നതായിരുന്നു. യുദ്ധ വെറിയന്‍മാര്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചതും ഒടുവില്‍ കണ്ടേക്കാമെന്നു സമര്‍ഥിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ലോക യുദ്ധം ഉണ്ടാവില്ലെന്ന തിരിച്ചറിവായിരുന്നു ലോക ജനതയ്ക്ക്. ഈ രാജ്യങ്ങളുടെ പിന്‍പറ്റി നിലകൊള്ളുന്ന രാജ്യങ്ങള്‍ക്കും അത് ഭാവിയിലേക്കുള്ള ഉത്പാദനപരമായ ചുവടുവയ്പുമായി. ഇരുചേരിയിലും പെടാത്ത ഇന്ത്യക്ക് ഇതില്‍ ആശാവഹമായി നേട്ടങ്ങളുണ്ടെന്നത് കാണാതിരുന്നുകൂടാ.

നയതന്ത്ര ബന്ധം

ഇന്ത്യയും ഉത്തരകൊറിയയുമായി 45 വര്‍ഷത്തെ നയതന്ത്ര ബന്ധമാണുള്ളത്. ആണവ-മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയപ്പോഴും ഉത്തരകൊറിയയുമായുള്ള സഹകരണം തുടരാനുള്ള ഇന്ത്യയുടെ ധീരമായ നിലപാട് ആ രാജ്യത്തിന്റെ ബഹുമാനം വര്‍ധിപ്പിക്കുന്നതായി. ഉത്തരകൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളോടുള്ള യു.എന്‍ പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കാതിരുന്നതോടെ അവരുടെ വിദേശകാര്യ മന്ത്രി 2015ല്‍ ഇന്ത്യ സന്ദര്‍ശിച്ചകാര്യവും ഓര്‍മിക്കാം. ട്രംപും ഉന്നും കൂടിക്കണ്ടതിനു പിന്നില്‍ ഇന്ത്യയുടെ സമ്മര്‍ദവും ഉണ്ടായിരുന്നത് എവിടെയും വാര്‍ത്തകളില്‍ കണ്ടേക്കില്ല. കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ച മുമ്പ് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഉത്തരകൊറിയ സന്ദര്‍ശിച്ചത് പരാമര്‍ശിക്കേണ്ടതുണ്ട്. ഡെറാഡൂണിലെ ഏഷ്യാപെസഫിക് ബഹിരാകാശ ശാസ്ത്ര സാങ്കേതിക കേന്ദ്രത്തില്‍ ഉത്തരകൊറിയന്‍ ശാസ്ത്രജ്ഞര്‍ക്ക് സാങ്കേതിക ജ്ഞാനം നല്‍കുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തുടര്‍ച്ചയായിക്കാണണം.

വ്യാപാരബന്ധം

ചൈനയോട് വ്യാപാര ബന്ധത്തില്‍ മത്സരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏഷ്യയില്‍ സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ചൈനയാണ് തടസം. ചൈനയും ഉത്തരകൊറിയയും തമ്മിലാണ് ഏറ്റവും വലിയ വ്യാപാരമുള്ളത്. രണ്ടാംസ്ഥാനം ഇന്ത്യക്കാണ്. 2014-15 കാലത്ത് 209 ദശലക്ഷം ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഉത്തരകൊറിയയുമായി ഉണ്ടായിരുന്നതെങ്കില്‍ 2016-17 കാലത്ത് 130 ദശലക്ഷം ഡോളറായി അതുചുരുങ്ങി. കാരണം, ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയ ഉപരോധം. അത് അംഗീകരിക്കുമ്പോഴും ആഹാരം, വൈദ്യസഹായം എന്നിവയില്‍ ഇന്ത്യ സഹകരണം തുടര്‍ന്നു. ഒപ്പം ആണവ-മിസൈല്‍ പരീക്ഷണത്തെ എതിര്‍ക്കുകയും ചെയ്തു. ഇന്ത്യയുടെ നിലപാടിനെ ഉത്തരകൊറിയ അംഗീകരിച്ചു. അമേരിക്കയുടെ പിന്‍പറ്റിയല്ല ഉത്തരകൊറിയയുടെ ആയുധപ്പന്തയത്തെ ഇന്ത്യ എതിര്‍ക്കുന്നതെന്ന് അവര്‍ക്ക് വ്യക്തത വരുത്താന്‍ ഇന്ത്യക്കായി. അയല്‍രാജ്യങ്ങളുടെ ഉത്കണ്ഠയാണ് ഇന്ത്യ പങ്കുവച്ചത്. പ്രത്യേകിച്ച് ജപ്പാനും ദക്ഷിണ കൊറിയയുമായി ഇന്ത്യക്ക് നല്ല ബന്ധമുള്ളതിനാല്‍ ഉത്തരകൊറിയയുടെ നിലപാട് കണ്ടില്ലെന്ന് കരുതാനുമാവില്ലല്ലോ.

സംഘര്‍ഷരഹിത മുനമ്പ്

കൊറിയന്‍ മുനമ്പിനെ സംഘര്‍ഷ രഹിതമായി കാണാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഇരു കൊറിയകള്‍ക്കുമറിയാം. ലോകത്തിലേക്ക് ഉത്തരകൊറിയ വാതായനം തുറക്കുമ്പോള്‍ 45 വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിവച്ച ബന്ധത്തിന്റെ ഊഷ്മളത ദൃഢീകരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും; പ്രത്യേകിച്ച്, ഉയര്‍ന്നുവരുന്ന പ്രാദേശിക ശക്തിയെന്ന നിലയില്‍. അമേരിക്കയുടെ ഭീഷണിയില്‍ ഒപ്പം നിന്ന ചൈന പോലും തള്ളിപ്പറഞ്ഞത് ഉത്തരകൊറിയയെ പ്രതിസന്ധിയിലാക്കിയിരുന്ന അവസരത്തില്‍. ഏഷ്യയില്‍ ചെറുരാജ്യങ്ങളോട് ഇന്ത്യ പുലര്‍ത്തിവരുന്ന മമത അവര്‍ കാണാതിരുന്നതുമില്ല. കൊറിയന്‍ മേഖലയെ ആണവ സാന്നിധ്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനം യു.എസും കൊറിയയും ചേര്‍ന്നെടുത്തപ്പോള്‍ കൊറിയയുമായി ആണവ കച്ചവടത്തിന് പുറപ്പെട്ട പാകിസ്താനെയും അത് പ്രതിസന്ധിയിലാക്കുന്നു എന്നും മനസിലാക്കാവുന്നതാണ്.




Monday, June 11, 2018

മഹാരാഷ്ട്രയിലും മഹാസഖ്യമൊരുങ്ങുന്നു

ഉത്തര്‍പ്രദേശിന്റെയും കര്‍ണാടകയുടെയും ചുവടുപിടിച്ച് മഹാരാഷ്ട്രയിലും മഹാസഖ്യ രൂപീകരണത്തിന് കോണ്‍ഗ്രസ് ശ്രമമാരംഭിച്ചു. ബി.ജെ.പിയെ ഒറ്റയ്‌ക്കെതിര്‍ക്കാന്‍ ആവില്ലെന്നും വിഘടിച്ചു നില്‍ക്കുന്നതാണ് ആ പാര്‍ട്ടിക്ക് ഗുണകരമാകുന്നതെന്നുമുള്ള പാഠം വൈകി മനസിലാക്കിയാണ് പാര്‍ട്ടിയുടെ പടപ്പുറപ്പാട്. അതേസമയംതന്നെ ഈ സഖ്യം അടുത്ത അടുത്തു നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും ഉന്നം വച്ചുള്ളതാണെന്നും കോണ്‍ഗ്രസ് സൂചന നല്‍കുന്നു.

കോണ്‍ഗ്രസ് ലക്ഷ്യം

കര്‍ണാടകത്തിലെ വിജയ ഫോര്‍മുലയാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയിലും പയറ്റാനുദ്ദേശിക്കുന്നതെന്നു വ്യക്തം. നിയമസഭാ തെരഞ്ഞെടുപ്പുകളിലല്ലാതെ ഈ ഫോര്‍മുല പരീക്ഷിക്കാന്‍ കോണ്‍ഗ്രസിന് പലപ്പോഴും സാധിക്കാതെ വന്നിരുന്നു. അതിനുകാരണം സീറ്റു വിഭജനം തന്നെ. അതുമനസിലാക്കി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ ജില്ലാ-പ്രാദേശിക തലങ്ങളിലുള്ള നേതാക്കളുമായി ആശയവിനിമയം നടത്തി അഭിപ്രായം സ്വരൂപിച്ചാണ് മുന്നോട്ടു പോകുന്നത്. ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ നിലപാട് പിന്നീട് സീറ്റ് വിഭജനത്തിലും മറ്റും എതിരഭിപ്രായമുണ്ടാവാതിരിക്കാനാണെന്നു വ്യക്തം. ബി.ജെ.പിയോട് എതിര്‍പ്പുണ്ടായിട്ടും പാല്‍ഘറില്‍ ആ പാര്‍ട്ടി ജയിച്ചുകയറിയത് പ്രതിപക്ഷം വിഘടിച്ചു മത്സരിച്ചതുകൊണ്ടാണെന്ന് ചവാന്‍ ചൂണ്ടിക്കാട്ടുന്നത് വാസ്തവമാണ്. ഇതുതന്നെയായിരിക്കും 2019 ലോക്‌സഭാ ഫലത്തിലുമുണ്ടാകുന്നതെന്നു മനസിലാക്കിയാണ് ചവാന്‍ തന്ത്രം മെനയുന്നത്. സി.പി.എം, ബി.എസ്.പി, ആര്‍.പി.ഐ, സമാജ് വാദി പാര്‍ട്ടി തുടങ്ങിയവരെ എങ്ങനെ സഖ്യത്തിലുള്‍ക്കൊള്ളിക്കാനാവുമെന്ന ചര്‍ച്ചകളും പൂര്‍ത്തിയായിക്കഴിഞ്ഞെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പച്ചക്കൊടി കാട്ടിയെങ്കില്‍ മാത്രമേ ചവാന്റെ തന്ത്രത്തിന് എന്തെങ്കിലും സാധ്യതയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ബി.ജെ.പിയോടു സഹകരിക്കുന്ന ജന വികസന മുന്നണി (ബി.വി.എസ്)യുമായും ധാരണയ്ക്ക് ശ്രമമുണ്ട്. ബി.ജെ.പിയോട്് തെറ്റുന്നതിന്റെ വക്കിലുള്ള ശിവസേനയെപ്പോലും മുന്നണിയിലേക്കെത്തിക്കാനും കോണ്‍ഗ്രസ് ശ്രമിക്കും. കര്‍ണാടകയിലെ ജനതാദള്‍, മഹാരാഷ്ട്രയില്‍ ശിവസേന ആയിക്കൂടേ എന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

അമിത്ഷായുടെ തന്ത്രം

കോണ്‍ഗ്രസ് മഹാസഖ്യം മനസില്‍ക്കണ്ടത് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ മാനത്തുകണ്ടു. സമാനമനസ്‌കരുടെ പിന്തുണ തേടി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അമിത്ഷാ തുടങ്ങി വച്ച പുതിയ പരിപാടി മഹാരാഷ്ട്രയിലും എത്തിയിരുന്നു. പ്രമുഖരെയെല്ലാം കണ്ട് പിന്തുണ തേടുകയായിരുന്നു എന്നാണ് പ്രഖ്യാപനമെങ്കിലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഭയപ്പെടുന്നു എന്നു വളരെ വ്യക്തമാണ്. അടുത്തിടെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങളാണ് ബി.ജെ.പിക്ക് വിനയായത്. മോദിയെയും അമിത്ഷായെയും കണക്കിനു ശകാരിച്ചുകൊണ്ടിരിക്കുന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെപ്പോലും അങ്ങോട്ടു ചെന്നു കണ്ട അമിത്ഷാ നയം വ്യക്തമാക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ കരപറ്റണമെങ്കില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയുണ്ടാവണം. പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ ശക്തരായ ശിവസേനയെ പിണക്കി മുന്നോട്ടു പോകുന്നത് ഹിന്ദുവികാരമെന്ന കാര്‍ഡ് കളിക്കേണ്ടിവരുമ്പോള്‍ ഭിന്നിപ്പിനു കാരണമാകുമെന്നദ്ദേഹത്തിന് അറിയാം. ഒരുപക്ഷേ കോണ്‍ഗ്രസ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് എല്ലാ സംസ്ഥാനങ്ങളിലും മഹാസഖ്യം രൂപീകരിച്ചേക്കുമെന്ന് അമിത്ഷാ മനസിലാക്കിയിട്ടുണ്ട്. അതിന്റെ തുടക്കമാകാം മഹാരാഷ്ട്രയിലെന്ന് തന്ത്രശാലിയായ അമിത്ഷാ ഊഹിച്ചതില്‍ അത്ഭുതമില്ല. ഒരുമുഴം മുന്നേ എറിയാനുള്ള പുറപ്പാടാണ് അമിത്ഷായുടേത്. പ്രത്യേകിച്ച് അസ്വാരസ്യം പ്രകടിപ്പിക്കുന്ന ശിവസേന കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മഹാസഖ്യ മുദ്രാവാക്യത്തോട് എങ്ങനെ പ്രതികരിക്കുമെന്നും മനസിലാവില്ലല്ലോ.

ശിവസേന പിടിമുറുക്കും

ശിവസേനയ്ക്കിത് നിലനില്‍പിന്റെ പ്രശ്‌നമാണ്. ബാല്‍താക്കറെ ഇല്ലാതായതോടെ പാര്‍ട്ടിയുടെ നായക സ്ഥാനം ഏറ്റ ഉദ്ധവ് താക്കറെ അനുയായികളുടെ വികാരത്തിനനുസരിച്ച് ഉയരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ബി.ജെ.പി ഇത്തവണ അവിടെ അധികാരത്തിലെത്തിയത് ശിവസേനയുടെ കാര്‍ഡ് കടമെടുത്താണ്. അതോടെ ശിവസേന പുറംതള്ളപ്പെടുന്ന അവസ്ഥയിലായി. ഇത് അവര്‍ തിരിച്ചറിയുന്ന സമയം കൂടിയാണ്. പുര കത്തുമ്പോള്‍ത്തന്നെ വാഴവെട്ടണം എന്നു ആ പാര്‍ട്ടി കരുതിയെങ്കില്‍ തെറ്റുപറയാനാവില്ല. കാരണം ബി.ജെ.പി അവരോടു ചെയ്യുന്ന കൃത്യങ്ങള്‍ക്ക് മറുപടി അങ്ങനെതന്നെ ആവേണ്ടതുണ്ടല്ലോ. കോണ്‍ഗ്രസ് മഹാസഖ്യത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് സേനയ്ക്കറിയാം. അപ്പോള്‍ ബി.ജെ.പിയോടു സീറ്റിനു വാദിക്കാം. അവര്‍ വഴിക്കുവരുമെന്ന് സേന കരുതുന്നു. മഹാസഖ്യമെന്ന മഹാമേരു ഇപ്പുറത്തുണ്ടെന്നറിയാവുന്ന ബി.ജെ.പി തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുമെന്നാണ് സേന കരുതുന്നത്. സ്വന്തം മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കുന്ന സ്വപ്‌നമാണ് ഉദ്ധവ് കാണുന്നത്. അതിനാലാണ് അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് 152 സീറ്റും മുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടിരിക്കുന്നത്. ബി.ജെ.പിക്ക് 136 സീറ്റ് നല്‍കാമെന്നും ഉദ്ധവ് പറയുന്നു. കോണ്‍ഗ്രസിനൊപ്പം കൂടിയാല്‍ അവരുടെ പിന്തുണയോടെ മുഖ്യമന്ത്രിയാകാമെന്ന കര്‍ണാടക പാക്കേജും ഉദ്ധവിന്റെ മുന്നിലുണ്ട്. പാല്‍ഘറില്‍ ബി.ജെ.പിയെ എതിര്‍ത്ത് മത്സരിച്ചതും തന്റെ വഴി വ്യക്തമാണെന്നു തെളിയിക്കാനായിരുന്നു.
മാത്രമല്ല, 1989 മുതല്‍ ഇന്നുവരെ ബി.ജെ.പി-ശിവസേന സഖ്യം മത്സരിച്ചപ്പോഴൊക്കെ ഭൂരിഭാഗം സീറ്റുകളും വല്യേട്ടന്‍ എന്ന നിലയില്‍ ബി.ജെ.പി കൈക്കലാക്കിയിരുന്നു. എന്നാല്‍ ജയിച്ച സീറ്റുകളുടെ എണ്ണത്തില്‍ സേന അവരെ കടത്തിവെട്ടുന്നതാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ സേനയുടെ ഭാവി ശോഭനമാണെന്ന് ഉദ്ധവ് വിശ്വസിക്കുന്നു.