Tuesday, January 3, 2012

പ്രിയനും മോഹന്‍ലാലും പിന്നെ ശ്രീകുമാറും..

"അറബിയും ഒട്ടകവും പി മാധവന്‍ നായരും" എന്ന സിനിമയെ പറ്റി എന്തൊരു പ്രോമോഷനല്‍ പരസ്യം ആണ് മോഹന്‍ലാലും പ്രിയനും ശ്രീകുമാറും കൂടി നല്‍കുന്നത്. നല്ല കലാകാരന്മാരുടെ ഈടുറ്റ രചനകള്‍ അടിച്ചു മാറ്റി മലയാള മേനിയില്‍ പടച്ചുണ്ടാക്കി പണം വാരാനാണ് ഈ പടം പാവം മലയാളി മക്കളുടെ മേല്‍ അടിച്ച് ഏല്പിച്ചത്. മമ്മൂട്ടിയുടെ സിനിമ ഇറങ്ങും മുന്‍പ് റിലീസ് ചെയ്ത് പരമാവധി ഓടിക്കുകയും ലക്‌ഷ്യം ആയിരുന്നിരിക്കണം. മറ്റു ചില കള്ളന്മാര്‍ എവിടെ നിന്നാണ് അടിച്ചു മാറ്റിയതെന്ന് പറഞ്ഞാണ് ചിത്രം അവതരിപ്പിക്കാറ്‌. അഥവാ കണ്ടുപിടിച്ചാലും പഴി കേള്‍ക്കാതെ ഒഴിഞ്ഞു മാറാനുള്ള മെയ് വഴക്കം ഉള്ളവരാണ് ഇത്തരക്കാര്‍. സന്തോഷ്‌ പണ്ടിറ്റിനെ തെറി പറഞ്ഞു ടോക് ഷോകളില്‍ ഞെളിഞ്ഞിരുന്നവര്‍ ഇത് കണ്ടില്ലെന്നു നടിക്കുകയാവും. തെറ്റിനെ തെറ്റെന്നു തന്നെ പറയാന്‍ ചങ്കൂറ്റം കാട്ടണം ഇവര്‍.
പ്രിയന്റെ സഹ സംവിധായകന്‍ അഭിലാഷിന്റെതാണ് അറബിയുടെ കഥ എന്ന് സിനിമ തുടക്കത്തില്‍ പറയുന്നുണ്ട്. എങ്കില്‍ അതിനര്‍ഥം എങ്ങനെ മോഷ്ടിക്കണം എന്ന് പ്രിയന്‍, അഭിലാഷിനെ പ്രത്യേകം പഠിപ്പിച്ചു എന്നാണ്.
"Serendipity" എന്ന ഹോളിവുഡ് സിനിമയുടെ സീന്‍സ് എല്ലാം അതേ പടുതി കോപി ചെയ്തു മലയാളത്തിന്റെ മഹാ സംവിധായകന്‍ പ്രിയന്‍. ഈ ഇംഗ്ലീഷ് ചിത്രത്തിന്റെ കൂടെ പ്രിയന്റെ മുന്‍ ചിത്രങ്ങള്‍ ആയ ചന്ദ്രലേഖ, കാക്കക്കുയില്‍, കിലുക്കം, വന്ദനം എന്നിവയുടെ ചില ഭാഗങ്ങള്‍ കൂടി ചേര്‍ത്താല്‍ അറബിയും ഒട്ടകവും ആയി. മോഷ്ടിച്ചു മോഷ്ടിച്ചു സ്വന്തം ചിത്രം പോലും മോഷ്ടിക്കുന്ന പരുവത്തിലെത്തി പ്രിയദര്‍ശന്‍. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍..
"അറബിയും ഒട്ടകവും പി മാധവന്‍ നായരും" ദുബായിലെ ഒരു എക്സികുടീവിന്റെ കഥയാണ്‌. തന്‍റെ പ്രണയിനിക്ക് തന്‍റെ ബോസ്സുമായി അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്ന്നുളവാകുന്ന സംഭവങ്ങളും ഇയാള്‍ കാട്ടി കൂട്ടുന്ന പ്രക്രിയകളും ആണ് ഈ സിനിമയുടെ ഇതിവൃത്തം. ഒരു സബ് പ്ലോട്ട് ആയി വീട്ടുകാരെ പറ്റിച്ചു പണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും കൂട്ടി ഇണക്കിയിരിക്കുന്നു. മോഹന്‍ലാല്‍ എന്ന നടന്‍റെ വിദൂര സാന്നിധ്യം മാത്രമേ കാണികള്‍ക്ക് അനുഭവ വേദ്യമാകുകയുള്ളൂ. മുകേഷ് തന്നെയാണ് സിനിമയുടെ ജീവന്‍. മാമുക്കോയ, ഇന്നസെന്റ്, ശക്തി കപൂര്‍ പിന്നെ ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവര്‍ വെറുതെ മുഖം കാണിക്കുന്നുണ്ട്. (എന്തിനെന്നു അവര്‍ക്കും അറിയില്ല: പ്രിയനും അങ്ങനെ ആവണം.) താര നിര ഒരുക്കിയതും തീയറ്ററില്‍ ആളെ കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗം ആവും.
"Serindipity" എന്ന 2001 Romantic Comedy എഴുതിയത് Marc Klein ആണ്. സംവിധാനം Peter Chelsom. John Cusack, Kate Beckinsale എന്നിവരാണ് അഭിനേതാക്കള്‍. ഈ സിനിമയുടെ തുടക്കം, നുയോര്‍ക്കില്‍ ഒരു ക്രിസ്മസ് ഷോപ്പിങ്ങിനിടെ ഒരേ തരം കാശ്മീരി ഗ്ലൌസ് വാങ്ങാന്‍ പിടിവലി നടത്തുന്ന നായികാ നായകന്മാരുടെ രംഗമാണ്. ഇതില്‍ തുടങ്ങി ഈ സിനിമയിലെ ഒരുപറ്റം സീനുകള്‍ അതേ പടുതി മലയാളത്തില്‍ പുനരാവിഷ്ക്കരിച്ചിരിക്കുന്നു പ്രിയന്‍. നിങ്ങള്‍ ആ സിനിമ കണ്ടിട്ടുണ്ടാവും. ഉണ്ടെങ്കില്‍ ഇതാ ഈ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ കാണുക. ഇതേ സീനുകള്‍ ഒരു ഉളുപ്പും ഇല്ലാതെ കട്ട് എടുത്തിരിക്കുന്നു പ്രിയദര്‍ശന്‍.

http://www.youtube.com/watch?v=CsjR5P3TuWY

മേല്‍ ലിങ്കില്‍ തുടക്കത്തില്‍ ഗ്ലൌസ് എടുക്കുന്ന സീന്‍ കാണാം. ഒരു സ്വര്‍ണ കടയില്‍ പ്രിയന്റെ നായികാ നായകന്‍മാര്‍ കയറി ഒരേ ആഭരണത്തിന് പിടിവലി നടത്തുന്നു.

നോട്ടില്‍ ഫോണ്‍ നമ്പര്‍ എഴുതുന്നു.

http://www.youtube.com/watch?v=tEt6qbQCFos&feature=related

ബുക്ക്‌ സീന്‍..

http://www.youtube.com/watch?v=MFERgatAhIs&feature=related

ലിഫ്റ്റില്‍ കയറുന്ന സീന്‍..

http://www.youtube.com/watch?v=rrvKt7GNSco

സ്വന്തം കയ്യില്‍ കഥകളോ കഥാ തന്തുവോ ഇല്ലെങ്കില്‍ നിര്‍ത്തണം നിങ്ങള്‍ ഈ കലാ മോഷണം. സിനിമക്ക് വേണ്ടി സിനിമ പടച്ചു വിടരുത്. ഇത് കൊണ്ടു ജീവിക്കുന്ന ഒരു പറ്റം പാവപ്പെട്ട സിനിമാക്കാര്‍ ഉണ്ടെന്നു ഓര്‍ക്കണം. അവര്‍ നിങ്ങളുടെ തണലില്‍ വേര്‍ക്കേണ്ടി വരുന്നത് അവര്‍ക്കും മലയാള സിനിമക്കും അപമാനമാണ്. നിരവധി പ്രതിഭാധനരായ ചെറുപ്പക്കാര്‍ കഷ്ടപ്പെട്ട് സിനിമകള്‍ ഉണ്ടാക്കുന്നുണ്ട്, അതിന്‍റെ മുന്നണിയിലും പിന്നണിയിലും അവരുടെ പ്രാഗത്ഭ്യം കാണാം. നിങ്ങള്‍ ഇറക്കിയ ഇത്തരം സിനിമകള്‍ കാണികളെ തീയറ്ററില്‍ നിന്നും ആട്ടി പായിക്കും. അല്ലെങ്കില്‍ മറു നാടന്‍ ഭാഷ ചിത്രങ്ങള്‍ കാണാന്‍ അവന്‍ നിര്‍ബന്ധിതനാകും, കുറ്റം പറയരുത്. മലയാള സിനിമയെ കൊള്ളുന്നത് പ്രിയനേ പോലുള്ള മോഷ്ടാക്കളായ സംവിധായകര്‍ ആണ്. നിങ്ങള്‍ക്ക് കഴിവ്‌ നഷ്ടമായെങ്കില്‍ മാറിക്കൊടുക്കുക വഴി പുതു തലമുറക്കായി. അവരുടെ കയ്യില്‍ മലയാള സിനിമ ഭദ്രം ആയിരിക്കും എന്ന് പ്രതീക്ഷിക്കാം.

സംഗീതത്തിന്റെ കാര്യം പ്രത്യേകം പരാമര്‍ശിക്കാതെ വയ്യ..പകര്‍ന്നു കിട്ടിയ മോഷണ വീര്യമാണ് ശ്രീകുമാരിന്റെത്..
"അറബിയും ഒട്ടകവും പി മാധവന്‍ നായരും" എന്ന സിനിമയിലെ "മാധവെട്ടനെന്നും..മൂക്കിന്‍ തുമ്പിലാണ് കോപം.." എന്ന ഗാനത്തിന്റെ സംഗീതം കോപ്പിയടിച്ച് ഉണ്ടാക്കിയാണ് ശ്രീകുമാര്‍ സെലിബ്രിറ്റി ഗായകന്‍ വീണ്ടും കുപ്രസിദ്ധി നേടുന്നത്. പ്രിയന് ആകാമെങ്കില്‍ എനിക്കെന്താ ആയിക്കൂടെ എന്ന വളിച്ച സിദ്ധാന്തം ആയിരിക്കാം ഇതിനു പിന്നില്‍. എങ്കിലും സ്വന്തം ചേട്ടന്‍റെ കഴിവിനെ അല്പം എങ്കിലും ബഹുമാനിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനിത് തോന്നില്ലായിരുന്നു.
ഈജിപ്ത്കാരനായ സംഗീതകാരന്‍ അമര്‍ അബ്ദെല്‍ ബാസ്സെത് അബ്ദെല്‍ അസീസ്‌ ദയബ് (അമര്‍ ദയബ് എന്ന പേരില്‍ ആണ് പ്രശസ്തന്‍) ന്‍റെ സംഗീതം അതെ പടുതി അടിച്ചു മാറ്റുകയായിരുന്നു ഈ വിദ്വാന്‍. ലോക പ്രശസ്തനാണ് അമര്‍. "Father of Mediterranean Music" എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അമ്പതു കാരനായ ഇദ്ദേഹത്തെ ബി ബി സി ഒരിക്കല്‍ വാനോളം പുകഴ്ത്തി. അറബ് സംഗീത ലോകത്തെ ചക്രവര്‍ത്തി ആണ് അമര്‍ എന്ന് അവര്‍ വാഴ്ത്തി. ഇങ്ങനെ വിശ്വ പ്രസിദ്ധന്റെ തന്നെ അടിച്ചു മാറ്റാന്‍ ശ്രീകുമാര്‍ കാണിച്ച തന്റേടം അപാരം തന്നെ. അമറിന്റെ "Rohy Mertahlak" എന്ന ഗാനം ആണ് ശ്രീകുമാറിന്റെ "മാധവേട്ടനെന്നും.."
ലിങ്ക് ഇതാ..

http://www.youtube.com/watch?v=0Q0TuiZyH5Y

അമറിന്റെ 2007 ല്‍ പുറത്തുവന്ന "El Leila De" എന്ന ആല്‍ബതിലെതാണ് ഈ ഗാനം. പെപ്സി കമ്പനി അവരുടെ പരസ്യത്തിനു ഈ ഗാനം ഉപയോഗിച്ചിരുന്നു. അതുകൊണ്ട് കൂടുതല്‍ പ്രസിദ്ധമാണ് ഈ ഗാനം. എന്നിട്ടും ആരും ഒന്നും ചോദിക്കാനില്ല എന്ന മട്ടില്‍ എടുത്തു പടച്ചു വിട്ടത് മലയാളികളോടുള്ള വെല്ലു വിളി തന്നെയാണ്. മലയാളത്തിനു സംഗീതം നല്‍കാന്‍ ഇങ്ങനെ കട്ട് എടുക്കേണ്ടി വരുന്നു എന്ന് അറിയുന്നത് ദയനീയമാണ്. സംഗീതം സംവിധാനം ചെയ്യാന്‍ അറിയില്ലെങ്കില്‍ എന്തിന് അതിനു പോകണം? ഇയാള്‍ക്ക് ഒതുങ്ങി ഇരുന്നുകൂടെ? മുന്‍പ് സംഗീതം നടത്തി കൈപൊള്ളിയ യേശുദാസ് അതോടെ ആ പരിപാടി നിര്‍ത്തി. എന്നിട്ടും മോഷ്ടിക്കാന്‍ പോയില്ല. ശ്രീകുമാറിന്റെ ഈ പാടവം നല്ലതല്ല. ഈ സംഗീത മോഷണത്തെ പറ്റി ദുബായില്‍ വച്ചു പത്രക്കാര്‍ ചോദിച്ചപ്പോള്‍ അതിയാന്റെ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. അമര്‍ ദിയബിനെ പേരെടുത്തു പറഞ്ഞു നാണമില്ലാതെ. എന്നിട്ട് ഒരു കാച്ചും. ഇന്‍സ്പിരേഷന്‍ ഉണ്ടായി എടുത്തത്‌ ആണേ എന്ന്. അതും ഈ സിനിമയുടെ ഈ രംഗം അത്തരം ഒരു ഗാനം ആവശ്യപ്പെടുന്നുണ്ട് പോലും. പ്രിയദര്‍ശന്‍ പ്രത്യേകം നിര്‍ദേശിച്ചു പോലും. അതിയാന്‍ നിര്‍ദേശിക്കും. നായുടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും അതിന്‍റെ വളവു അങ്ങനെ തന്നെ ഉണ്ടാവും. എങ്ങനുണ്ട്? മോഷ്ടിച്ചതും പോര അത് മോഷണമല്ലെന്നു സ്ഥാപിക്കാന്‍ ശ്രമവും. സംഗീത കാരന്മാര്‍ക്ക് ഇങ്ങനെ ഇന്‍സ്പിരേഷന്‍ ഉണ്ടാവുമത്രേ. അങ്ങനെ തോന്നുമ്പം എല്ലാവരും മോഷ്ടിക്കുക ആണോടോ പതിവ്? ഇതൊന്നും പോരാഞ്ഞു കഴിഞ്ഞ ദിവസം ഒരു ടി വി ചാനലില്‍ പറഞ്ഞത് ഇളയരാജ റഹ്മാന്‍ രവീന്ദ്രന്‍ ഒക്കെ മോഷ്ടിച്ചിട്ടുണ്ട് എന്നാണ്. പുതിയ എഴുത്തുകാരുടെ പറയുകയേ വേണ്ട എല്ലാം അത്തരം ആണത്രേ. സ്വയം ഇളിഭ്യന്‍ ആകുകയാണിദ്ദേഹം.
ടിയാന് അറബ് സംഗീതത്തോട്‌ ഭ്രമം തുടങ്ങിയിട്ട് ശ്ശി ആയി. മുന്‍പ് ചന്ദ്രലേഖ എന്ന പ്രിയന്‍ ചിത്രത്തിലും വളരെ തന്മയത്വമായി ഇദ്ദേഹം മോഷ്ടിച്ച ഗാനം പ്രതിഷ്ടിച്ചിരുന്നു. "ഹബീബി ഹബീബി.." എന്ന് തുടങ്ങുന്ന ഗാനം അറബ് സംഗീതം അതേപടി മോഷ്ടിച്ചതാണ്. "Habibi Ya Nour El Ein" എന്ന് തുടങ്ങുന്ന അറബ് ഗാനം അങ്ങനെ തന്നെ മോഷ്ടിച്ചു ഈ വമ്പന്‍.

http://www.youtube.com/watch?v=sHYuwI0xkww

http://www.youtube.com/watch?v=_DJ0fQwegOk&feature=related

അമറിന്റെ വെബ് അഡ്രസ്സും ഫേസ് ബുക്ക്‌ പേജും താഴെ..

http://www.amrdiab.net/

http://www.facebook.com/AmrDiab?sk=app_128353677266934

മലയാള സിനിമക്ക് പറ്റിയ കഥകള്‍ ഒന്നും ഇല്ലേ? പിന്നെ ട്രാഫിക്‌ പോലുള്ള ചിത്രങ്ങള്‍ എങ്ങനെ വിജയമായി? അപ്പോള്‍ ഈ തല തോട്ടപ്പന്മാര്‍ തന്നെ അല്ലെ സിനിമകളുടെ പരാജയങ്ങള്‍ക്കും കാരണം? സിനിമാ സമരം കഴിഞ്ഞ്‌ പുറത്തു വന്ന സിനിമകള്‍ തരക്കേടില്ലാത്തവയാണ്, ഈ അറബി ഒഴിച്ചാല്‍. പ്രിയന്‍റെ സിനിമാ കഥകള്‍ തീര്‍ന്നു. അല്ലെങ്കില്‍ കഥാ തന്തു പകര്‍ക്ക തക്ക വിദേശ സിനിമകള്‍ ഇദ്ദേഹം കാണുന്നില്ലായിരിക്കും. എങ്കിലും അടിച്ചു മാറ്റാനുള്ള ഇവരുടെ മികവിന് നമോവാകം. അക്കാര്യത്തില്‍ ശ്രീകുമാര്‍ വീണ്ടും ഉള്‍പ്പെട്ടു എന്നതില്‍ അദ്ഭുതം വേണ്ട, അതങ്ങനെ മാത്രമേ വരൂ..