Monday, September 24, 2012


താര പൊലിമയ്ക്ക്

വാനം ഒരുക്കിയ

പ്രതിഭാ തിലകം..

താരങ്ങള്‍ക്ക് തിളങ്ങാന്‍ വാനം ഒരുക്കിയ മഹാ പ്രതിഭയായിരുന്നു തിലകന്‍ . തിലകന്‍റെ ഒപ്പം അഭിനയിക്കുമ്പോള്‍ താനറിയാതെ തന്നെ ഓരോ നടീ നടന്മാരുടെയും അനന്യമായ കഴിവുകള്‍ രംഗത്ത് വരുമായിരുന്നു. മരണമടയുന്നവരെ പ്രശംസിക്കുന്നത് എന്നും നാം കാണുന്നതാണ്. ഇവിടെയും അത് സംഭവിച്ചു. തിലകനെ കരയടച്ചു പിണ്ഡം വച്ച അമ്മ എന്ന സംഘടനയുടെ നേതാക്കള്‍ പരസ്പരം മത്സരിക്കുകയായിരുന്നു  ചാനല്‍ ഷോകളില്‍ തിലകനെ പ്രശംസിക്കാന്‍. .  മലയാളികളുടെ ക്ഷമ പരീക്ഷിക്കരുത്. ഇന്നസന്‍റ്  ആയാലും ഉണ്ണികൃഷ്ണന്‍ ആയാലും. ഒറ്റപ്പാലത്ത് അഭിനയത്തിനിടെ പക്ഷാഘാതം  വന്ന തിലകന്‍ ആശുപത്രിയിലായി. ചികിത്സക്കിടെ ഹൃദയാഘാതം  ഉണ്ടായതാണ് ഈ മഹാനടനെ മലയാളിക്ക് നഷ്ടപ്പെടുത്തിയത്. ആരുടേയും മുന്‍പില്‍ ഒന്നിന് വേണ്ടിയും കൂസാത്ത കൈ നീട്ടാത മഹാനായ ഈ നടന്‍ എന്നെന്നും ഓര്‍ക്കപ്പെടെണ്ടതാണ്. 
ദേഷ്യം മുഖത്ത് നോക്കി പറയുക, സ്നേഹം പറയാന്‍ മടിക്കാതിരിക്കുക, ഉണ്ടില്ലെങ്കിലും തൊഴിലിനെ ജീവന്‍ ആയി കാണുക, ഇതൊക്കെ തിലകന്‍റെ മൂല്യങ്ങള്‍ ആയിരുന്നു. സിനിമ സംഘടനകള്‍ ഒന്നും ശരിയായിരുന്നില്ല തിലകനോട് ചെയ്തത്. അതില്‍ അവര്‍ ദുഖിക്കുന്നു എങ്കില്‍, അക്കാര്യത്തില്‍ ഇപ്പോഴെങ്കിലും ലജ്ജ തോന്നുന്നു എങ്കില്‍, തങ്ങളുടെ തീരുമാനം തെറ്റായിപ്പോയി എന്നും അതില്‍ അല്പം എങ്കിലും ഉളുപ്പ് തോന്നുന്നു എങ്കില്‍. തിലകനോട് ചെയ്തത് തെറ്റായിരുന്നു എന്ന ഒറ്റവരി പ്രസ്താവന ജനങ്ങള്‍ക്ക്‌ നല്‍കുകയാണ് അവര്‍ ചെയ്യേണ്ടത്.

ക്രിസ്തിയന്‍ ബ്രദേഴ്സ്

ഈ ചിത്രത്തില്‍ ഒരു വേഷം ചെയ്യാനിരിക്കെ ആണ് തിലകനെ മലയാള സിനിമയില്‍ നിന്ന് തന്നെ ഭ്രഷ്ട് കല്പിച്ച സംഭവങ്ങള്‍ക്ക് തുടക്കം. എന്ത് തെറ്റിന്റെ അടിസ്ഥാനത്തില്‍ ആണ് തിലകനെ മാറ്റി നിര്‍ത്തിയതെന്ന് മലയാള സമൂഹത്തോട് പറയാന്‍ കുറ്റാരോപിതനായ സൂപ്പര്‍ സ്റ്റാര്‍ ബാധ്യസ്ഥനാണ്. തന്‍റെ അവസാന നാളുകളില്‍ പോലും തിലകന്‍ ആവശ്യപ്പെട്ടതും അതായിരുന്നു എന്നോര്‍ക്കണം. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ആയ മാക്ടയില്‍ നിന്ന് വിനയന്‍ എന്ന സംവിധായകനെ പുറത്താക്കുന്നത് മുതല്‍ ആണ് തിലകന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്‌. വിനയന്‍റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ കരാര്‍ ചെയ്ത തിലകനോട് അത് പാടില്ലെന്ന് മാക്ട ആവശ്യപ്പെട്ടു. താന്‍ സംഘടനകളില്‍ അല്ല കലയിലും ജീവിതത്തിലും ആണ് വിശ്വസിക്കുന്നതെന്നു പറഞ്ഞ തിലകന്‍ ഈ ആവശ്യം തള്ളി. തുടര്‍ന്നു ഈ കുബുദ്ധികള്‍ സിനിമ പ്രവര്‍ത്തകരുടെ സംഘടനയിലൂടെ തിലകന് നേരെ വാളുയര്‍ത്തി. ഇവരുടെ അടുത്ത ചെങ്ങാതിയായ സൂപ്പര്‍ താരവുമായി ആലോചിച്ചു. തുടര്‍ന്നു ഈ സൂപ്പര്‍ താരം തിലകന്‍റെ ഒപ്പം അഭിനയിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയും തുടര്‍ന്നു ക്രിസ്തിയന്‍ ബ്രദേഴ്സ് തിലകന് ഒരു വേദന ആവുകയും ആയിരുന്നു. നിര്‍മാതാവ് സുബൈര്‍ തിലകന് അഡ്വാന്‍സ്‌ കൊടുത്തിരുന്നതായും സംഘടന പറഞ്ഞതിന്‍ പ്രകാരം തിലകനെ മാറ്റിയതായും പിന്നീട് അറിയിച്ചു..സായികുമാര്‍ ആണ് തിലകന് നല്‍കിയിരുന്ന ആ റോള്‍ പിന്നീട് ചെയ്തത്. എങ്കിലും തന്നെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്ന ആ സൂപ്പര്‍ താരത്തെ തുറന്നു കാട്ടാന്‍ ശ്രമിച്ചതിനു  തിലകന് നേരെ വാളോങ്ങി എത്തി താര സംഘടന ആയ അമ്മ. ഈ സമയം നമ്മള്‍ ഈ സംഘടനയെയും അതിന്‍റെ നേതാക്കളെയും ഊച്ചാളികള്‍ എന്ന് വിളിച്ചാല്‍ അത് ഒരിക്കലും കൂടുതല്‍ ആവില്ല. അവരെ മാഫിയ എന്ന് മാത്രം വിളിച്ചു തിലകന്‍. തീര്‍ന്നില്ല അവരുടെ ക്രോധം. തിലകന്‍ മാപ്പ് പറയണം അതും കാലു പിടിച്ചു. പോര ഇനി സിനിമകളില്‍ അഭിനയിപ്പിക്കണോ എന്ന് സംഘടന തീരുമാനിക്കും. മലയാളികളുടെ ആസ്വാദന ക്രിയക്ക് തടയിടാന്‍ അമ്മ ശ്രമിച്ചപ്പോഴും തകര്‍ന്നില്ല ആ മനുഷ്യന്‍. ..അന്നത്തിനു കൈനീട്ടെണ്ട അവസ്ഥ വന്നപ്പോഴും തകര്‍ന്നില്ല തിലകന്‍. അഭിനയ വഴക്കം നാടക മേഖലയിലേക്ക് ആക്കി ജീവിതം ജീവിച്ചു തീര്‍ക്കേണ്ട അവസ്ഥയില്‍ എത്തി. തളര്‍ന്നില്ല. തിലകന് അറിയാമായിരുന്നു തന്നെ ആവശ്യമായിവരുമെന്നു..അത് സംഭവിച്ചു.

ഡാം 999

യു എ ഇ - ഇന്ത്യന്‍ ചിത്രം ആയ ഡാം 999 ല്‍ അഭിനയിക്കാന്‍ തിലകന്‍ ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിന്‍റെ സംവിധായകന്‍ സോഹന്‍ പിന്നീട് പറഞ്ഞത് തിലകനെ അഭിനയിപ്പിച്ചാല്‍ ഈ സിനിമയുടെ നിര്‍മാണം ബഹിഷ്കരിക്കുമെന്ന്  സിനിമ പ്രവര്‍ത്തകരുടെ സംഘടന ഭീഷണി മുഴക്കി എന്നാണ്. ഒരു നടനെ മാറ്റി നിര്‍ത്താന്‍ ഒരു സിനിമ ബഹിഷ്കരിക്കുമെന്ന് പറയുന്ന ഈ കീടങ്ങളില്‍ പലരും ജീവിക്കുന്നത് നാം തീയറ്ററില്‍ നല്‍കുന്ന പണം കൊണ്ടാണ്. ഇവനെയൊക്കെ തെരുവില്‍ നേരിടാന്‍ സമയം ആയി എന്ന് മലയാളി തീരുമാനിക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കാതെ ഇരുന്നാല്‍ നിങ്ങള്ക്ക് കൊള്ളാം. ഒരിക്കല്‍ സിനിമാക്കാരന്മാരെ എല്ലാം തിരുവനന്തപുരം യൂനിവേഴ്സിടി കോളേജിലെ പിള്ളേര്‍ എതിര്‍ത്തു. സംഘടനകള്‍ ചേര്‍ന്നു സെക്രടരിയെറ്റ് മാര്‍ച്ച് ചെയ്തപ്പോള്‍ പാളയത്ത് വച്ചു ആക്രമിക്കപ്പെട്ടു. അന്ന് ഈ വീര വാദം പറയുന്നതില്‍ പല വമ്പന്മാര്‍ക്കും പരിക്കേറ്റു. എന്ത് പ്രശ്നം വന്നാലും മോഹന്‍ലാലിനെയും മമ്മൂട്ടിയേയും  അത് വഴി പോകാന്‍ അനുവദിക്കില്ല എന്ന് പിള്ളേര്‍ പറഞ്ഞു. അവര്‍ക്ക് സെക്രടരിയെട്ടിന്റെ പിന്നിലൂടെ പോകേണ്ടി വന്നു. എന്ത് കൊണ്ടു അന്ന് ഈ സംഘടനകള്‍ എതിര്‍ത്തില്ല? എവിടെപോയി മാന്യന്‍മാര്‍ ആയ നേതാക്കള്‍? അതൊന്നും മറക്കരുത്. ഇന്നും ഇത്തരം അഭ്യാസങ്ങള്‍ പുറത്തെടുക്കാന്‍ ജനങ്ങള്‍ക്ക്‌ ആവും. 

അഴീക്കോടും മോഹന്‍ലാലും

താര സംഘടനയായ അമ്മ പുറത്താക്കിയപ്പോള്‍ തിലകന്‍ വേദനിച്ചു. എങ്കിലും ആ കണ്ണുകള്‍ നിറഞ്ഞില്ല. നീതി നിഷേധത്തിനെതിരെ അദ്ദേഹത്തിന്റെ വെല്ലുവിളി നീണ്ടു.. സാക്ഷാല്‍ സുകുമാര്‍ അഴീക്കോട് അമ്മയുടെ നീക്കത്തിനെതിരെ രംഗത്ത് വന്നു. അഴീക്കോടിനെ തടയാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ശ്രമിച്ചു. അഴീക്കോട് ഇത് പുറത്തു പറഞ്ഞപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ അത് നിഷേധിച്ചു. തുടര്‍ന്നു ചാനലുകളില്‍ പരസ്യ ചെളി വാരി എറിയല്‍. . ഒരുവേള, വയസനായ മോഹന്‍ലാല്‍ പതിനാറു കാരികള്‍ക്കൊപ്പം പ്രേമിച്ച് ആടുന്നതിനെ  അഴീക്കോട് മാഷ്‌ വിമര്‍ശിച്ചു. തലയ്ക്കു സ്ഥിരത ഇല്ലാത്ത ആള്‍ എന്ന് അഴീക്കോടിനെ മോഹന്‍ലാല്‍ വിളിച്ചതും പിന്നെ കേസും ഒക്കെ നമ്മള്‍ കണ്ടു. ഒക്കെ തിലകന്‍ പ്രശ്നത്തെ തുടര്‍ന്നായിരുന്നു. തിലകന്‍ തിരിച്ചു വരുന്നതിനോട് മോഹന്‍ലാലിനു താല്പര്യം ഇല്ലായിരുന്നു എന്നല്ലേ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്?

മമ്മൂട്ടിയും ദിലീപും 

തന്നെ സിനിമ രംഗത്ത് നിന്നും മാറ്റി നിര്‍ത്താന്‍ മമ്മൂട്ടിയും ഇടപെട്ടു എന്ന് തിലകന്‍ ആരോപിച്ചിരുന്നു. സൂപ്പര്‍ സ്റ്റാര്‍മാര്‍ തങ്ങളുടെ ഒപ്പം തിലകനെ അഭിനയിപ്പിക്കില്ല എന്ന് പറഞ്ഞു. എന്നാല്‍ മമ്മൂട്ടി പിന്നീട് മാനസാന്തര പെട്ടിരിക്കാം എന്ന് തിലകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒരുപക്ഷെ അദ്ദേഹം പറഞ്ഞത് ശരിയായിരിക്കാം. കാരണം ഒരു പത്ര സമ്മേളനത്തില്‍ തിലകന്‍റെ ഒപ്പം അഭിനയിക്കാന്‍ തയ്യാറാണ് എന്നും അമ്മയുമായുള്ള പ്രശ്നങ്ങള്‍ നിസ്സാരങ്ങള്‍ ആണെന്നും അതൊക്കെ മാറ്റി വച്ചു തിലകന്‍ സംഘടനയിലേക്ക് തിരിച്ചു വരണം എന്നും മമ്മൂട്ടി അഭ്യര്‍ഥിച്ചു. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്‍റെ ഒപ്പം തിലകനെ നമ്മള്‍ കണ്ടു. 
ഒരു സുപ്രഭാതത്തില്‍ ഉദിച്ചുയരുകയും മലയാളത്തില്‍ വേണ്ടാദീനങ്ങള്‍ എല്ലാം കാട്ടി കൂട്ടുകയും ചെയ്ത ദിലീപ് തിലകന്‍റെ നേരെ ആക്രോശിച്ചു ചാടിയത് അമ്മയുടെ ഒരു വേദിയില്‍ ആയിരുന്നു. മകനെ പോലെ കണ്ട ദിലീപിന്‍റെ ചെയ്തിയില്‍ തിലകന്‍റെ മനം കരഞ്ഞു. പിന്നീട് തിലകന്‍ അത് പറയുകയും ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലും ഒരിക്കല്‍ പോലും നേര്‍ക്കുനേര്‍ തിലകനോട് തര്‍ക്കത്തിനു ഒരുക്കമല്ലായിരുന്നു. ഇതിനിടെയായിരുന്നു ദിലീപിന്‍റെ കുരങ്ങന്‍ ചാട്ടം. തിലകന്‍  ക്ഷോഭിച്ചില്ല. വിഷമം മാത്രം. ഇവനൊക്കെ ആരു മാപ്പ് നല്‍കും. എന്തിന് വേണ്ടിയായിരുന്നു ഈ മനുഷ്യനെ ഈ താരങ്ങള്‍ ഇങ്ങനെ വീര്‍പ്പു മുട്ടിച്ചത്?

മനുഷ്യാവകാശ കമ്മീഷന്‍ 

കേരള മനുഷ്യാവകാശ കമ്മീഷന്‍ ഈ പ്രശ്നത്തില്‍ ഇടപെട്ട അവസ്ഥ ഇതിനിടെ ഉണ്ടായി. ജോലി ചെയ്തു ജീവിക്കാനുള്ള തിലകന്‍റെ അവകാശത്തെ വിലക്കുകയാണ് താരസംഘടനയായ അമ്മ എന്ന് ആരോപണം ഉയര്‍ന്നു. മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിച്ചു. അമ്മ എന്ന സംഘടനയുടെ അംഗീകാരം പിന്‍വലിക്കണം എന്നും ആവശ്യം ഉയര്‍ന്നു. ഈ സംഘടന ഒരു പ്രയോജനം ചെയ്യാത്ത സംഘടന ആണെന്ന് പലര്‍ക്കും തോന്നി തുടങ്ങിയിട്ടുണ്ട്. ഉപകാരങ്ങളെക്കാള്‍ ഉപദ്രവങ്ങള്‍ ആണ് ഉണ്ടായിട്ടുള്ളതെന്ന് ആരെങ്കിലും പറഞ്ഞാല്‍ തിലകന്‍റെ അവസ്ഥയോട്‌ അതും കൂട്ടിവായിക്കാവുന്നതാണ്.

മന്ത്രി ഗണേഷ്

ഇപ്പോഴും ഗണേശന് അറിയില്ല അയാള്‍ ആര്‍ക്കുവേണ്ടിയാണ് മന്ത്രി ആയതെന്ന്. സ്വന്തം അച്ഛനോടില്ലാത്ത എന്ത് വികാരം ആണ് തിലകനോട് തോന്നേണ്ടത്. തിലകന്‍ പ്രശ്നം കൊടുമ്പിരി കൊണ്ടിരിക്കിമ്പോള്‍ അതിലൊന്ന് തിരിഞ്ഞു നോക്കാതെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടെടുത്ത പിള്ള പുത്രന്‍റെ നിലപാടിനെ തിലകന്‍ വിമര്‍ശിച്ചു. വിമര്‍ശനം ഉന്നയിക്കുക ഫലം കാണാന്‍ വേണ്ടി ആണ്. എന്നാല്‍ പത്തനാപുരത്തെ കോളേജ് ലൈബ്രറിയില്‍ തിലകനെ പൂട്ടിയിട്ട അണികളുടെ നടപടി ഗണേശന്‍ അറിഞ്ഞില്ലെന്നുണ്ടോ? അന്ന് അടി കൊള്ളാതെ കോളേജ് ജീവനക്കാര്‍ ആണ് തിലകനെ രക്ഷിച്ചത്‌. . ഇതൊക്കെ കേരളം കണ്ടതും അറിഞ്ഞതും അല്ലെ.? എസ്‌ എഫ് ഐ എന്ന സംഘടന ഈ സമയത്ത് രക്ഷിക്കാന്‍ എത്തിയില്ലായിരുന്നെങ്കില്‍ തിലകന്‍റെ അവസ്ഥ പറയേണ്ടതില്ലായിരിന്നു. പാര്‍ടികള്‍  പുറത്തു ഏറ്റു മുട്ടുമ്പോള്‍ തിലകനെ ജീവനക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. എന്നിട്ടും മലയാലാളികള്‍ ഈ ഗണേശനോട് ക്ഷമിച്ചു.

സി പി ഐ, എം എ ബേബി 

തിലകന്‍റെ അവസ്ഥയില്‍ രക്ഷക്കെത്താന്‍ ഒരു സാംസ്കാരിക നായകരും ഉണ്ടായില്ല പിന്നീട്. കൈവിട്ടു പോകുന്ന സാഹചര്യത്തില്‍ സി പി ഐ ഇടപെട്ടു. പ്രശ്നം തീര്‍ക്കണം എന്നും അല്ലെങ്കില്‍ അമ്മയെ അല്ല അച്ഛനെയും തെരുവില്‍ നേരിടും എന്ന നില വന്നു. സിനിമയില്‍ അഭിനയിപ്പിക്കാത്തതിനെതിരെ  തിലകന്‍റെ ഒപ്പം സമരത്തിന്‌ തയ്യാര്‍ എന്ന് കാനം രാജേന്ദ്രന്‍. എന്നാല്‍, വീണ്ടും സ്വാധീന ശക്തികളുടെ പ്രഭാവത്തില്‍ സി പി ഐ നേതാവ് കെ ഇ ഇസ്മായില്‍ പറഞ്ഞു ഇത് പാര്‍ടി പ്രശ്നം അല്ലെന്നും പാര്‍ട്ടിക്ക് താല്പര്യം ഇല്ലെന്നും. അതോടെ ആ പ്രതീക്ഷയും മങ്ങി.
പ്രശ്നത്തില്‍  ഇടപെടാന്‍ തയ്യാര്‍ ആണെന്ന് സി പി എം നേതാവ് എം എ ബേബി പറഞ്ഞു. പക്ഷെ അദ്ദേഹത്തിനും ഉണ്ടായി കണ്ടീഷന്‍. രണ്ടു കൂട്ടരും സമ്മതിച്ചാല്‍. മാത്രം ഇടപെടാം എന്ന്. ആരെയാണ് ഇവരൊക്കെ പേടിച്ചത്? എന്തുകൊണ്ട് ബേബി ഇടപെട്ടില്ല. 

മാഫിയ, സൂപ്പര്‍സ്റ്റാര്‍, ട്രേഡ് യൂണിയന്‍ 

താര സംഘടന ഒരു മാഫിയ ആണെന്നും സൂപ്പര്‍ സ്റ്റാര്‍മാര്‍ ആണ് നിയന്ത്രിക്കുന്നതെന്നും തിലകന്‍ പറഞ്ഞു വെച്ചു. നിര്‍മാതാക്കളും വിതരണക്കാരും അവരുടെ ചൊല്‍പടിക്ക്‌ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് ശരിയാണെന്ന് ശ്രീനിവാസന്‍ ആവര്‍ത്തിച്ചു. അംഗങ്ങളുടെ ക്ഷേമം എന്ന പേരില്‍ തട്ടിക്കൂട്ടിയ  സംഘടനക്കു  സൂപ്പര്‍ സ്റ്റാര്‍മാര്‍  പറയുന്നതിനപ്പുറം ഇല്ല. ട്രേഡ് യൂനിയനെക്കാള്‍ വികൃതമായ മുഖം.

നാടകം വീണ്ടും

സിനിമയില്‍ നിന്നുള്ള പുറത്താക്കല്‍ പൂര്‍ണമായതോടെ ആരും വിളിക്കാതായി തിലകനെ. അദ്ദേഹത്തിന്‍റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് അന്യമായി, അതും ഈ വൃത്തികെട്ട പടല പിണക്കം കൊണ്ടു നടക്കുന്ന ക്ഷുദ്ര കലാകാരന്മാര്‍ കാരണം. ഇതിനൊക്കെ എന്തിന് നാം മാപ്പ് കൊടുക്കണം. തിലകന്‍ തളര്‍ന്നില്ല. തന്‍റെ തട്ടകമായ നാടകത്തിലേക്ക് വീണ്ടും. ആലപ്പുഴ അക്ഷര ജ്വാലയുടെ ഇതോ ദൈവങ്ങളുടെ നാട് എന്ന നാടകത്തില്‍ സ്വാതന്ത്ര്യ സമര സേനാനി ആയി തിലകന്‍ രംഗത്തെത്തി. അതോടെ പ്രേക്ഷകര്‍ തിലകന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ തുടങ്ങി.

മാധ്യമങ്ങള്‍

തിലകനെ തിരശീലക്കു പിന്നിലേക്ക്‌ ചുരുക്കിയപ്പോള്‍ വെള്ളി വെളിച്ചത്ത് നിറഞ്ഞാടിയ ചില ചാനലുകാര്‍ ഉണ്ടായിരുന്നു. അവര്‍ക്കും പ്രിയപ്പെട്ടത് സൂപ്പര്‍ താരങ്ങള്‍ ആയിരുന്നു. സംഘടനകളുടെ കരാള ഹസ്തങ്ങളില്‍ നിന്ന് അവര്‍ക്കും മോചനം ഇല്ലാതായി. അല്ലെങ്കില്‍ എഡിറ്റര്‍മാരോ ലേഖകരോ സംഘടനകളുടെ കൈകളില്‍ അമര്‍ന്നു. വാര്‍ത്ത ചുരുങ്ങി. തിലകന്‍ എവിടെയെന്നു ജനങ്ങളും, അറിഞ്ഞില്ല. അവര്‍ ഒന്നോര്‍ക്കുന്നത്‌ നന്ന്. അവര്‍ക്ക് പ്രതിബദ്ധത ജനങ്ങളോടാണ്‌. അല്ലാതെ മാഫിയകളോട് അല്ല . അവരുടെ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ തിലകന്റെ കൂടുതല്‍ അഭിനയ മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് കാണാന്‍ ആയേനെ.

രഞ്ജിത്തും അലി അക്ബറും

തിലകന്റെ അഭിനയ ചാതുര്യം വീണ്ടും മലയാളിക്ക് മുന്നില്‍ എത്തിക്കാന്‍ സന്മനസ് കാട്ടിയ രണ്ജിതിനും അലി അക്ബരിനും അഭിനന്ദനങ്ങള്‍.. മറ്റുള്ള സംവിധായകര്‍ മടിച്ചു നിന്നപ്പോള്‍ ഇന്ത്യന്‍ റുപ്പിയിലെ ഒരു കഥാപാത്രം തിലകനിലൂടെ മാത്രമേ ജീവിയ്ക്കു എന്ന് മനസിലാക്കിയ രഞ്ജിത്ത്, അച്ഛന്‍ എന്ന ചിത്രത്തില്‍ തിലകന്‍ അല്ലാതെ മറ്റാര്‍ക്കും ജീവസ്സുറ്റ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ അതിനു അനുസരിച്ച് പ്രവര്‍ത്തിച്ച അലി അക്ബര്‍.. അലി അക്ബര്‍ പാവം ആയതുകൊണ്ട് അദ്ദേഹത്തെ ഒതുക്കി അമ്മയും അച്ചന്മാരും കൂടി. ഈ കഴുതകള്‍ എന്ത് വിചാരിച്ചാല്‍ എന്ത്. 

നാം കരുതണം

ഇനിയും നാം കരുതണം. മലയാള മണ്ണില്‍ ഇനി തിലകനുണ്ടായതു പോലുള്ള  ദുരനുഭവങ്ങള്‍ മറ്റൊരു കലാകാരനും ഉണ്ടാവരുത്. അങ്ങനെ ഉണ്ടായാല്‍ ഇവനെയൊക്കെ മടല്‍ വെട്ടി അടിക്കണം. തെരുവില്‍ നേരിടണം. അധ്വാനിച്ചു നാം ഉണ്ടാക്കി ഇവന്മാര്‍ക്ക് നല്‍കുന്ന പണത്തിനു നാം കണക്കു പറയണം. കലാകാരന്‍റെ തൊഴുത്തില്‍ കുത്ത്. അതാണ്‌  ഏറ്റവും ശക്തമായി എതിര്‍ക്കപ്പെടെണ്ടത്.

അര്‍ദ്ധ നാരി എന്ന ചിത്രത്തില്‍ തിലകന്‍  ഒരു സംഭാഷണ ശകലം  പറയുന്നുണ്ട്. 'ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ പൂര്‍ണത ഉള്ള ഒരു സ്ത്രീ ആയി ജനിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.. . എന്ന്. തന്‍റെ ജീവിതത്തോട് കലാരംഗം കാട്ടിയ അവന്ജ്ഞാക്കെതിരെ ഉള്ള ഒരു ഭാഷണം ആയിരുന്നോ അത്?