Monday, July 30, 2018

ഇമ്രാന് ജിന്നയുടെ സ്വപ്‌നമുണ്ടാവുമ്പോള്‍

 
മുഹമ്മദ് അലി ജിന്ന വിഭാവനം ചെയ്ത പാകിസ്താനാണ് സ്വപ്‌നമെന്ന് നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യക്ക് എന്തു സന്ദേശമാണ് അതു നല്‍കുന്നതെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും.
1913 മുതല്‍ 1947 ഓഗസ്റ്റ് 14ന് പാക് വിഭജനം വരെ ഓള്‍ ഇന്ത്യ മുസ് ലിം ലീഗിന്റെ അനിഷേധ്യ നേതാവായിരുന്നു മുഹമ്മദ് അലി ജിന്ന. പാക് രാഷ്ട്രപിതാവെന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ജിന്ന, അഭിഭാഷകനും രാഷ്ട്രീയക്കാരനും മരിക്കുന്നതുവരെ പാകിസ്താന്റെ ആദ്യ ഗവര്‍ണര്‍ ജനറല്‍ എന്ന പദവിയിലിരുന്ന നേതാവുമായിരുന്നു. ഇന്ത്യക്ക് ഗാന്ധി മഹാത്മാവായതിനു തുല്യമാണ് പാകിസ്താന് ജിന്ന. ആ ജിന്നയുടെ സ്വപ്‌നം തിരികെ കൊണ്ടുവരുമെന്ന ഇമ്രാന്റെ പ്രഖ്യാപനം കേള്‍ക്കാതിരിക്കുന്നതെങ്ങനെ.

ജിന്ന ചെയ്തത്

പാകിസ്താനെ ഇസ് ലാമിക വിശ്വാസമുള്ള ഒരു മുസ് ലിം രാഷ്ട്രമാക്കി മാറ്റാനായിരുന്നു ജിന്ന വിഭാവനം ചെയ്തതെന്നാണ് ഇന്ത്യയിലെയും പാകിസ്താനിലെയും പൊതുജനം പൊതുവേ കരുതിപ്പോരുന്നത്. സത്യമതായിരുന്നില്ലെന്ന് ജിന്ന നടത്തിയ ഐതിഹാസിക പ്രഖ്യാപനം തെളിവാണ്. 1947 ഓഗസ്റ്റ് 11ന് ജനപ്രതിനിധി സഭയെ അഭിസംബോധന ചെയ്ത ജിന്ന പറഞ്ഞത് 'പാകിസ്താനില്‍ നിങ്ങള്‍ക്ക് ക്ഷേത്രങ്ങളിലേക്ക് പോകാനും മോസ്‌കുകളിലേക്ക് പോകാനും മറ്റ് മത വിശ്വാസ കേന്ദ്രങ്ങളിലേക്ക് പോകാനും സ്വാതന്ത്ര്യമുണ്ടാവുമെന്നാണ്. നിങ്ങളുടെ ജാതിയും മതവും വര്‍ഗവും ഒന്നും രാജ്യത്ത് ഒരു വിഷയമേ ആകുന്നില്ല' എന്നായിരുന്നു.
രാജ്യത്തിന്റെ പരമാധികാരി ഗവര്‍ണര്‍ ജനറലായിരിക്കുമെന്നും (അദ്ദേഹത്തിന്റെ) ഉത്തരവോ അനുമതിയോ ഇല്ലാതെ യാതൊന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്ന് അദ്ദേഹം പാക് സേനയ്ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.
പാകിസ്താന്റെ സിന്ധ് പ്രവിശ്യയിലുണ്ടായിരുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി പില്‍ക്കാലത്ത് ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നല്ലോ. അദ്ദേഹവും മറ്റൊരു മുതിര്‍ന്ന ബി.ജെ.പി നേതാവായിരുന്ന ജസ്വന്ത് സിങും ജിന്നയെ വിലയിരുത്തുന്നതില്‍ തെറ്റുപറ്റിയതായി 2005ല്‍ വിശദീകരിച്ച സംഭവവും ഓര്‍ക്കാവുന്നതാണ്.

ഇമ്രാന്റെ പ്രത്യയശാസ്ത്രം

തന്നെ വിലയിരുത്തുന്നത് നേരത്തെ ആകരുതെന്ന് ഇമ്രാന്‍ ഉപദേശിക്കുന്നുണ്ട്. താന്‍ പ്രധാനമന്ത്രിയായാല്‍ മോശമായ കാര്യങ്ങള്‍ മാത്രമാവും സംഭവിക്കുകയെന്ന ഇന്ത്യന്‍ നിലപാടാണ് ഇമ്രാനെ കൊണ്ട് അതുപറയിച്ചതെന്നു വ്യക്തം. കളിക്കളത്തിലെ ചൂടനായ ബൗളറാകും ഭരണ തലപ്പത്തെ ഇമ്രാനെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചിരുന്നു.
ഇമ്രാന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ ഇപ്പോഴേ അപഗ്രഥിച്ചാല്‍ അത് ശൈശവദശയിലേതായിപ്പോകും. ഇനി ബാല്യ-കൗമാര-യൗവന കാലങ്ങള്‍ വരാനിരിക്കുന്നതല്ലേയുള്ളൂ. എങ്കിലും ദൈവദൂഷണത്തിനെതിരായ എന്തിനെയും താന്‍ എതിര്‍ക്കുമെന്നും മതനിന്ദ സഹിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചത് നിലപാടുകളിലേക്കുള്ള ചുവടുവയ്പായി കാണേണ്ടതുണ്ട്. ഉപഭൂഖണ്ഡത്തിനു ഗുണകരമാകും വിധം ഇന്ത്യയുമായി വ്യാപാര ബന്ധത്തിന് താല്‍പര്യമുണ്ടെന്നും ഇന്ത്യ ഒരു ചുവടുവച്ചാല്‍ രണ്ടു ചുവടുവയ്ക്കാന്‍ തയാറാണെന്നും ഇമ്രാന്‍ സൂചന നല്‍കുന്നത് സദുദ്ദേശപരമാണ്. എന്നാലും, ചൈനയുമായും മറ്റും ബന്ധം ശക്തമാക്കാനുള്ള നീക്കം ഇന്ത്യ ബന്ധത്തിന് ഗുണകരമായിരിക്കില്ലെന്നാണ് കരുതേണ്ടത്.

ഇന്ത്യയുടെ പ്രതികരണം

ഇമ്രാന്‍ പ്രധാനമന്ത്രിയാകുമെന്നുറപ്പായതിനുപിന്നാലെ കേന്ദ്ര മന്ത്രി ആര്‍.കെ.സിങിന്റെ പ്രതികരണം ഉണ്ടായി. ഇമ്രാന്‍ വന്നാലും ഇന്ത്യ-പാക് ബന്ധത്തില്‍ മാറ്റങ്ങളുണ്ടാവുമെന്നു തോന്നുന്നില്ല. കാരണം, സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് അവരുടെ നയ രൂപീകരണമെന്നായിരുന്നു അത്.
രാഷ്ട്രീയ-നയതന്ത്ര വിദഗ്ധരുടെ അഭിപ്രായവും ഇതില്‍നിന്ന് ഏറെ വ്യത്യസ്തമല്ല. പാക് സൈന്യത്തിന്റെ ആശിര്‍വാദത്തോടെയാണ് ഇമ്രാന്‍ അധികാരത്തിലെത്തുന്നതെന്നതിനാല്‍ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കശ്മിര്‍ പ്രശ്‌നം

കശ്മിരാണ് ഇന്ത്യ-പാക് ബന്ധത്തിലെ ആണിക്കല്ലെന്നാണ് ഇമ്രാന്റെ പക്ഷം. ചര്‍ച്ചകളിലൂടെ അത് പരിഹരിക്കണമെന്നും ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കാനെങ്കിലും കഴിയണമെന്നും അദ്ദേഹം പറയുന്നു. അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനങ്ങളും സൈന്യത്തിനും സുരക്ഷയ്ക്കും നേരെയുള്ള ഭീഷണിയും നിലനില്‍ക്കുമ്പോള്‍ ചര്‍ച്ചാ നിര്‍ദേശം സ്വീകാര്യമാകുമെന്ന് തോന്നുന്നില്ല. ഭീകരപ്രവര്‍ത്തനം നിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്ന ഇന്ത്യന്‍ നിലപാട് അറിയാത്ത ആളല്ലല്ലോ ഇമ്രാന്‍. സൈന്യത്തിന്റെ നിലപാടുകളില്‍ നിന്നു വിഭിന്നമായി ഇമ്രാന് അഭിപ്രായമുണ്ടായേക്കാനും സാധ്യതയില്ല. ഇന്ത്യയില്‍ അടുത്ത വര്‍ഷമാദ്യത്തോടെ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പാകിസ്താനോട് സന്ധി ചെയ്ത് തെരഞ്ഞെടുപ്പിന് പോകാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തുനിയുമെന്ന് കരുതുകയും വയ്യ. മാത്രമല്ല, കശ്മിരില്‍ 30 വര്‍ഷമായി ഇന്ത്യന്‍ സേന മനുഷ്യാവകാശ ധ്വംസനം നടത്തുന്നതായ ഇമ്രാന്റെ നിലപാട് ഉള്‍ക്കൊള്ളാനും ഇന്ത്യക്കു സാധിക്കില്ല. ഇതൊക്കെ കശ്മിര്‍ പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്നു.
സമാധാനപ്രിയരായ പാക് ജനത തീവ്ര-ഭീകര സംഘടനാ സ്ഥാനാര്‍ഥികളെ തോല്‍പിച്ചിരുന്നു. അതു ചൂണ്ടിക്കാട്ടുന്നത് സൈന്യത്തിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ ജനങ്ങള്‍ തള്ളുന്നു എന്നാണ്. എന്നാല്‍ സൈന്യത്തെ കൊള്ളാതെ ജനപ്രിയ നേതാവാകാന്‍ ഇമ്രാന് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ജിന്ന വിഭാവനം ചെയ്യുന്ന പാകിസ്താനാവുമ്പോള്‍ ഇമ്രാന് ശക്തമായ തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന് സാരം.
പാക് തെരഞ്ഞെടുപ്പ് കാലത്ത് അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ കുറഞ്ഞതുതന്നെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് സേനയുടെ പിന്തുണ കുറഞ്ഞതിനാലാണെന്ന് മനസിലാക്കാം. പാക് സേനാത്തലവന്‍ ഖമര്‍ ജാവേദ് ബജ് വ ഇമ്രാന്റെ നയങ്ങള്‍ക്ക് ശക്തിപകര്‍ന്നാല്‍ യുദ്ധക്കൊതിയന്‍മാരായ സൈനിക ജനറല്‍മാരെ പിന്തിരിപ്പിക്കുന്നതില്‍ വിജയിച്ചേക്കാം.



Wednesday, July 25, 2018

മിസോറമില്‍ അഭയാര്‍ഥി പ്രശ്‌നവും മദ്യനിരോധനവും വിധി നിര്‍ണയിക്കും


മിസോറമിലെ പുതിയ സെക്രട്ടറിയേറ്റ് കെട്ടിടം

കോണ്‍ഗ്രസ് തുടര്‍ച്ചയായി രണ്ടാംവട്ടവും ഭരണത്തില്‍ തുടരുന്ന മിസോറമില്‍ ഈ വര്‍ഷാവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഭരണ വിരുദ്ധ വികാരം എന്നത്തേക്കാളും വളരെ ശക്തമാണ് ഇത്തവണ. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കായ ക്രൈസ്തവ സഭകള്‍ ഇത്തവണ പാര്‍ട്ടിക്കെതിരേയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് തുടര്‍ന്നുവന്ന മദ്യനിരോധനം അധികാരത്തിലെത്തിയതിനുപിന്നാലെ പിന്‍വലിച്ചത് ശക്തമായ സ്വാധീനമുള്ള വിവിധ ക്രൈസ്ത്രവ സഭകളുടെ എതിര്‍പ്പുകള്‍ അവഗണിച്ചായിരുന്നു.

കുടിയന്‍മാരും നിര്‍ണായകം

കള്ളുകുടിയ്ക്കുന്നവരുടെ ശൗര്യവും വീറും ഈ തെരഞ്ഞെടുപ്പില്‍ കാണാനാകുമെന്നാണ് കരുതേണ്ടത്. കാരണം, ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിനും ഭരണം പിടിച്ചെടുക്കാന്‍ കോപ്പുകൂട്ടുന്ന ബി.ജെ.പിക്കും പ്രധാന പ്രതിപക്ഷമായ മിസോ നാഷണല്‍ ഫ്രണ്ടിനും പുറമേ ഏഴു രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു മുന്നണിയുണ്ടാക്കി രംഗത്തുവന്നിരിക്കുന്നു. അവരുടെ സുപ്രധാന വാഗ്ദാനം മിസോറമിനെ ലഹരി വിമുക്ത സംസ്ഥാനമാക്കുമെന്നാണ്. ലഹരിക്ക് വഴി തുറന്ന കോണ്‍ഗ്രസിനെതിരേയാണ് ഇവരുടെ പോരാട്ടം. വാഗ്ദാനത്തെ കുടിയന്‍മാര്‍ എങ്ങനെ കാണുമെന്ന് പ്രവചിക്കുക അസാധ്യം.
സെഡ്.പി.എം (സോറം പീപ്പിള്‍സ് മൂവ്‌മെന്റ്) എന്ന മുന്നണിയാണ് നാലാം മുന്നണിയായി രംഗത്തുള്ളത്. സോറം നാഷണലിസ്റ്റ് പാര്‍ട്ടി, മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സ് തുടങ്ങിയവ പുതുതായി രൂപം കൊണ്ട സോറം എക്‌സോഡസ് മൂവ്‌മെന്റ് (സെഡ്.ഇ.എം) എന്നിവയാണ് മുന്നണിയിലുള്ളത്. മിസോറമില്‍ ഏറ്റവും പ്രചാരമുള്ള ഭാഷാദിനപത്രമായ വന്‍ഗ്ലെയ്‌നിയുടെ എഡിറ്റര്‍ കെ.സപ്ദാങയാണ് സോറം എക്‌സോഡസിന്റെ കണ്‍വീനര്‍.
മദ്യ ഉപഭോഗത്തില്‍ നിയന്ത്രണങ്ങള്‍ വച്ചുകൊണ്ട് 2014ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് കൊണ്ടുവന്ന നിയമം പൊളിച്ചടുക്കി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്നാണ് സോറത്തിന്റെ വാഗ്ദാനം. എം.എല്‍.പി. ആക്ട് (മിസോറം ലിക്വര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ആക്ട്) നിലവില്‍ വരുന്നതിനു മുന്‍പ് മിസോറം മദ്യനിരോധിത സംസ്ഥാനമായിരുന്നു. ക്രൈസ്തവര്‍ക്ക് ഗണ്യമായ മുന്‍തൂക്കമുള്ള സംസ്ഥാനത്ത് മദ്യ നിരോധനം പുനസ്ഥാപിക്കുമെന്ന സോറം മുന്നണിയുടെ വാഗ്ദാനത്തിന് വോട്ടു ലഭിച്ചാല്‍ മിസോറമിന്റെ ചരിത്രം തിരുത്തപ്പെടും.

എം.എല്‍.പി.സി ആക്ട്

മദ്യ നിരോധനം പിന്‍വലിച്ച് എം.എല്‍.പി.സി ആക്ട് ഏര്‍പ്പെടുത്തിയതിലൂടെ മദ്യത്തിന്റെ വില്‍പനയും ഉപഭോഗവും നയന്ത്രിക്കുക മാത്രം മതിയെന്ന നയമായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിന്റേത്. നിയമമനുസരിച്ച് റേഷന്‍ കാര്‍ഡ് പോലെ ലിക്വര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. കാര്‍ഡ് ഉടമകള്‍ക്ക് ഏറിയാല്‍ ആറു കുപ്പി മദ്യമോ 12 കുപ്പി ബിയറോ പ്രതിമാസം വാങ്ങാം. 21 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സംസ്ഥാന എക്‌സൈസ് വകുപ്പാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 500 രൂപ മുടക്കി രജിസ്റ്റര്‍ ചെയ്ത് സ്വന്തമാക്കാവുന്ന കാര്‍ഡുകള്‍ 300 രൂപ അടച്ച് വര്‍ഷം തോറും പുതുക്കുകയുമാവാം. നിലവില്‍ 30 ചില്ലറ വില്‍പനശാലകളും രണ്ടു ബാറുകളും മാത്രമാണ് ഇവിടെയുള്ളത്. എന്നാല്‍ കാര്‍ഡുകള്‍ സ്വന്തമാക്കിയ യുവതലമുറ അക്രമത്തിലേക്കും വഴിവിട്ട നടപടികളിലേക്കും കടന്നതില്‍ കോണ്‍ഗ്രസിന് ഏറെ പഴി ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.

ചരിത്രമായി സഖ്യം

ഈ വര്‍ഷമാദ്യം മിസോറമിലെ ചക്മ ഗോത്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ രൂപം കൊണ്ട ഒരു സഖ്യം ചരിത്രമായി. ബി.ജെ.പിയും കോണ്‍ഗ്രസും സഖ്യത്തിലേര്‍പ്പെട്ടാണ് 20 അംഗ കൗണ്‍സിലിലേക്ക് മത്സരിച്ചത്. മിസോ നാഷണല്‍ ഫ്രണ്ടിനെ ഭരണത്തില്‍ നിന്നു പുറത്താക്കുക എന്ന ഏക അജണ്ടയിലായിരുന്നു അത്. ബി.ജെ.പിക്ക് അഞ്ചും ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് ആറും സീറ്റു ലഭിച്ചപ്പോള്‍ ബാക്കി എം.എന്‍.എഫിനായിരുന്നു. ബുദ്ധമത വിശ്വാസികള്‍ക്ക് സ്വയംഭരണം നല്‍കുന്നതും 1972ല്‍ രൂപീകൃതമായതുമായ കൗണ്‍സിലാണിത്. വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യമെന്ന പേരില്‍ ബി.ജെ.പി രൂപീകരിച്ച സഖ്യത്തില്‍ അംഗമായിരുന്നു എം.എന്‍.എഫ് എന്നിരിക്കേ അവര്‍ക്കെതിരേ തന്നെ ബി.ജെ.പി മത്സരിച്ചത് അവരെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ മിസോറമില്‍ സഖ്യത്തിനില്ലെന്ന നിലപാടിലാണ് ആ പാര്‍ട്ടി. എങ്കിലും അവരെ കൂടെക്കൂട്ടാനുള്ള ശ്രമം ബി.ജെ.പി കൈവിട്ടിട്ടില്ല.

ബ്രൂ അഭയാര്‍ഥികള്‍

രണ്ടു ദശകങ്ങളായി സംസ്ഥാനം അഭിമുഖീകരിച്ചുവന്നതാണ് ബ്രൂ ഗോത്ര വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍. മിസോറമില്‍ വംശീയ കലാപമുണ്ടായതിനെതുടര്‍ന്ന് ജീവനുംകൊണ്ട് ത്രിപുരയില്‍ അഭയം തേടിയവരാണിവര്‍. സ്വദേശത്തേക്ക് മടങ്ങാന്‍ ഇവര്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴൊക്കെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ചെവികൊടുത്തില്ല. ഇപ്പോള്‍ അയ്യായിരത്തോളം വരുന്ന ഈ കൂടുംബങ്ങളെ സംസ്ഥാനത്ത് പുനരധിവസിപ്പിക്കാന്‍ കേന്ദ്രവും മിസോറം-ത്രിപുര സര്‍ക്കാരുകളും ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. 32,876 പേരടങ്ങുന്ന ഇവരുടെ വോട്ടും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

2013ലെ ഫലം

മിസോറമില്‍ 40 നിയമസഭാ സീറ്റുകളാണുള്ളത്. 2013ലെ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകള്‍ നേടി മൃഗീയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്. മിസോ നാഷണല്‍ ഫ്രണ്ട് അഞ്ച് സീറ്റുകള്‍ നേടിയപ്പോള്‍ മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സിനായിരുന്നു ഒരു സീറ്റ്. ബി.ജെ.പി 17 സീറ്റുകളില്‍ മത്സരിച്ചെങ്കിലും സംപൂജ്യരായി.
2014ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മിസോറമിലെ ഏക സീറ്റും കോണ്‍ഗ്രസിനായിരുന്നു.

Sunday, July 1, 2018

ലോകം വ്യാപാര യുദ്ധ നിഴലില്‍

നൂറു വര്‍ഷ സഖ്യമെന്ന നിര്‍ദേശവുമായി അമേരിക്കന്‍ നയതന്ത്രജ്ഞന്‍ റെക്‌സ് ടില്ലേഴ്‌സണ്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയിരുന്നു. ചൈനയേയും പാകിസ്താനെയും കാട്ടി പേടിപ്പിച്ച് ചേരിചേരാ നയം വിടാനായിരുന്നു പ്രേരണ. ഒരു ഘട്ടത്തില്‍ മോദി ട്രംപിന് അടിപ്പെടുമെന്നുവരെ തോന്നിച്ചു. ഇതിനേക്കാള്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ച സമയങ്ങളില്‍ പോലും ചേരിചേരാനയത്തില്‍ നിന്ന് പിന്നോട്ടുപോയി വ്യക്തിത്വം കളഞ്ഞിട്ടില്ല. അമേരിക്കയ്ക്ക് ചൈനയും ഇന്ത്യയും തമ്മില്‍ ഭേദമില്ലെന്ന് ഇന്ത്യ മനസിലാക്കേണ്ടതുണ്ട്. ചൈനയോട് ഇപ്പോള്‍ വ്യാപാര യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് സായുധ ഏറ്റുമുട്ടലിനുള്ള സാഹചര്യത്തില്‍ നിന്ന് ചൈന പിന്‍വാങ്ങിയതുകൊണ്ടാണെന്ന് കരുതാം. യു.എസിന്റെ പോര് ചൈനയോടു മാത്രമല്ല ഇന്ത്യയുള്‍പ്പെടെയുള്ള സാമ്പത്തിക കുതിപ്പിനൊരുങ്ങുന്ന രാജ്യങ്ങളോടെല്ലാമാണ്. സ്വന്തമെന്നോ ബന്ധമെന്നോ പരിഗണനയില്ലാതെ ആരെയും സ്വന്തം നേട്ടത്തിനുവേണ്ടി എതിര്‍ക്കുന്ന മനോഭാവമാണ് അമേരിക്കക്കും ട്രംപിനും.

അമേരിക്ക ആദ്യം

ട്രംപ് അധികാരത്തിലേറിയപ്പോള്‍ത്തന്നെ സ്വീകരിച്ച നയം അമേരിക്ക ആദ്യം എന്നതാണ്. അമേരിക്കയുടെ വിദേശ നയമായി ഇത് പ്രഖ്യാപിക്കപ്പെട്ടതോടെ ഒന്നു മനസിലാക്കാം. യു.എസിനെ ആദ്യം എത്തുക, എത്തിക്കുക എന്നതു തന്നെയാണ് ട്രംപിന്റെ ഉള്ളില്‍. ഒന്നാമത് എത്തിക്കുക എന്നുവരുമ്പോള്‍ ആദ്യം ആരും എത്തരുതെന്ന് അര്‍ഥമുണ്ട്. അനുദിനം വളരുന്ന ഇന്ത്യന്‍ വിപണിയിലേക്ക് കണ്ണുപായിച്ച് അമേരിക്കന്‍ കമ്പനികള്‍ കാത്തിരിക്കുന്നതും ട്രംപിന്റെ ഇന്ത്യന്‍ നയത്തിന്റെ കാരണങ്ങളില്‍ പ്രധാനമാണ്. എന്നാല്‍ ഇന്ത്യ മെരുങ്ങുന്ന സ്വഭാവം കാട്ടാത്തതിനാല്‍ത്തന്നെ പാകിസ്താനെ സഖ്യത്തില്‍ നിന്നൊഴിവാക്കാനും അമേരിക്ക തയാറാവുന്നില്ല.
ചൈനയുടെ ഭീഷണി ഉയര്‍ത്തിക്കാട്ടി ഇന്ത്യയില്‍ വിപണി കണ്ടെത്താനാണ് യു.എസ് ശ്രമം. പാകിസ്താനുമായി ഉണ്ടായിരുന്ന സഖ്യം ഉപേക്ഷിച്ചത് അനുസ്യൂതം വളരുന്ന സാമ്പത്തിക ശക്തി ഇന്ത്യയാണെന്നു മനസിലാക്കിയാണ്. യു.എസ് ഉത്പന്നങ്ങള്‍ക്കുള്ള സാമ്പത്തിക ശേഷി പാകിസ്താനില്ല. ഇന്ത്യയില്‍ ഭീകരാക്രമണം തുടരുന്നത് അമേരിക്കയ്ക്ക് ആയുധവിപണി ഒരുക്കും. അഫ്ഗാനിസ്ഥാനിലെ താലിബാനുമായും ഇപ്പോള്‍ ചൈനയുമായുള്ള സംഘര്‍ഷങ്ങളിലും ഊറിച്ചിരിക്കുന്നത് അമേരിക്കയാണ്.
ഏഷ്യന്‍ മേഖലയില്‍ ചൈനയ്‌ക്കെതിരേ സൈനിക കൂട്ടുകെട്ട് എന്ന പേരിലാണ് അമേരിക്ക ഇന്ത്യയെ സ്വാധീനിച്ചത്. എന്നാല്‍ ഇന്ത്യ ജപ്പാനോടും ഓസ്‌ട്രേലിയയോടും വിയറ്റ്‌നാമിനോടും മലേഷ്യയോടും ഇന്‍ഡോനേഷ്യയോടുമൊക്കെ മമത പുലര്‍ത്തി അവരുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നതോടെ യു.എസിന് അങ്കലാപ്പായി. സാമ്പത്തിക-സായുധ ശക്തിയായി ഇന്ത്യ വളരുന്നതുകാണാന്‍ അവര്‍ക്കാവില്ലല്ലോ. സമ്മര്‍ദ തന്ത്രവുമായി മുട്ടാനൊരുങ്ങിയാല്‍ റഷ്യ എന്ന പിടിവള്ളി സജീവമാക്കുകയേ പോംവഴി ഉള്ളൂ. അതുവഴി ചൈനയുടെ ഭീഷണിയും ഒഴിവാക്കാം. ഇതുമനസിലാക്കിത്തന്നെയാവണം ടില്ലേഴ്‌സണ്‍ വരുമ്പോള്‍ പോലും റഷ്യയുമായി സൈനികാഭ്യാസത്തിന് ഇന്ത്യ മുതിര്‍ന്നത്. അമേരിക്കന്‍ പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ യു.എ.വികളും എഫ് 18, എഫ് 16 യുദ്ധ വിമാനങ്ങളുടെ മേഖലയിലെ സംഘര്‍ഷത്തിന്റെ മറവില്‍ ഇന്ത്യക്ക് വില്‍ക്കാന്‍ ഇതിനിടെ അമേരിക്ക കൊണ്ടുപിടിച്ച് ശ്രമിക്കുന്നത് ഇവിടെ കൂട്ടിവായിക്കാം. ഉന്നത സാങ്കേതിക നിലവാരത്തിലുള്ള സൈനിക-യുദ്ധോപകരണങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ സന്നദ്ധമാണെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നത് ഇന്ത്യയുടെ പോക്കറ്റ് കണ്ടാണ്. എന്നാല്‍ ഇന്ത്യയുടെ പ്രഖ്യാപിത മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിന്‍ കീഴില്‍ യുദ്ധോപകരണങ്ങള്‍ ഇവിടെ നിര്‍മിക്കാന്‍ അവര്‍ വൈമനസ്യം കാട്ടുന്നു.

വ്യാപാര യുദ്ധം

അമേരിക്ക ചൈനയോട് വാണിജ്യ യുദ്ധം പ്രഖ്യാപിച്ചത് വാര്‍ത്തകളില്‍ നിറയുമ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നുണ്ട്. സ്റ്റീലിനും അലൂമിനിയത്തിനും നികുതി വര്‍ധിപ്പിച്ചാണ് അമേരിക്ക ചൈനയ്ക്ക് ആദ്യ കൊട്ടുനല്‍കിയത്. ലോകത്ത് ഏറ്റവും അധികം സ്റ്റീല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ഫലത്തില്‍ ഇന്ത്യയുടെ മുഖത്തേറ്റ അടികൂടിയാണത്. കാരണം സ്റ്റീല്‍ ഉത്പാദനത്തില്‍ ഇന്ത്യയാണ് ചൈനയ്ക്ക് പിന്നില്‍. നാലാം സ്ഥാനത്ത് അമേരിക്കയും. നികുതി വര്‍ദ്ധനയില്‍ നിന്നൊഴിവാക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന അമേരിക്ക തള്ളിയതാണ് ഇതിനുതെളിവ്. അലൂമിനിയത്തില്‍ ചൈനയാണ് ഒന്നാമത്. നാലാമത്് അമേരിക്ക. അലൂമിനിയത്തില്‍ രണ്ടാംസ്ഥാനത്തുള്ള റഷ്യയെയും വെറുക്കപ്പെട്ടവരായതുകൊണ്ടുതന്നെ മൂന്നാം സ്ഥാനത്തുള്ള കാനഡയേയും ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നു. ഇരുമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ക്കും നികുതി അടിയാണ്. അവിടെയും ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ യഥാക്രമം ചൈനയും ഓസ്‌ട്രേലിയയും ബ്രസീലും ഇന്ത്യയുമാണ്.
ഇന്ത്യ അമേരിക്കയുടെ നികുതി വര്‍ധനവിനെ അതേ നാണയത്തിലാണ് നേരിടുന്നത്. അമേരിക്ക ഉത്പാദിപ്പിക്കുന്ന ബദാമിന്റെ സിംഹഭാഗവും, വാല്‍നട്ടും ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ഇന്ത്യയാണ്. അതുകൊണ്ടുതന്നെ ബദാമിന് 20 ശതമാനവും വാല്‍നട്ടിന് 120 ശതമാനവും അധിക നികുതി ചുമത്തി. ആപ്പിളിനും വെള്ളക്കടലയ്ക്കും തുവരയ്ക്കും നികുതി കൂട്ടുകയാണ്.
പല ഉത്പന്നങ്ങളും നിര്‍മിക്കുന്നതില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇന്ത്യയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമാണ്. ചൈനയ്‌ക്കെതിരേയെന്ന പേരിലുള്ള നടപടി ഫലത്തില്‍ മറ്റുള്ളവര്‍ക്കെതിരേ കൂടിയാണ്. അതാണ് ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ യു.എസിനെ എതിര്‍ക്കുന്നത്. അമേരിക്കയുടെ വിവിധ ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 25 ശതമാനം വരെ നികുതി കൂട്ടി ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന് ഒന്നര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ നികുതിയിനത്തില്‍ പല രാജ്യങ്ങളും ചുമത്തി. വില്‍പന കുറഞ്ഞതോടെ അമേരിക്കയ്ക്കു പുറത്ത് നിര്‍മിക്കാനുള്ള അവരുടെ ശ്രമത്തെ ട്രംപ് തടയുന്നു. ഇന്ത്യന്‍ ബൈക്കുകള്‍ക്ക് നികുതി ചുമത്തുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഈ ആവശ്യമുന്നയിച്ചപ്പോള്‍ മോദി അത് അക്ഷരംപ്രതി അനുസരിച്ചു. 75 ശതമാനം നികുതി 50 ശതമാനമാക്കി.

ഇറാന്റെ എണ്ണയും റഷ്യന്‍ ആയുധവും

ഇറാനെതിരേ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. കാലങ്ങളായുള്ള വാണിജ്യ-വ്യാപാര ബന്ധമാണ് ഇന്ത്യയും ഇറാനും തമ്മിലുള്ളത്, പ്രത്യേകിച്ച് എണ്ണ വാങ്ങുന്നതില്‍. ഇത് അടിയന്തരമായി നിര്‍ത്തണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതല്ലെങ്കില്‍ ഇറാനെതിരേയെന്നപോലെ ഇന്ത്യക്കെതിരേയും ഉപരോധം വരും. നവംബര്‍ നാലിനകം ഇറക്കുമതി നിര്‍ത്തണമെന്നാണാവശ്യം. മൂന്നു മുതല്‍ ആറു മാസത്തിനകം എല്ലാ രാജ്യങ്ങളും ഇറാനുമായുള്ള വ്യാപാരം അവസാനിപ്പിക്കണമെന്നും അതല്ലെങ്കില്‍ വ്യാപാര ഉപരോധം മറ്റുള്ളവരും നേരിടേണ്ടിവരുമെന്നാണ് ഭീഷണി. അമേരിക്ക ഭക്തനായ മോദി, കേട്ടയുടനെതന്നെ എണ്ണക്കമ്പനികളോട് ഇറാനില്‍ നിന്നുള്ള ഇറക്കുമതി പുനപ്പരിശോധിക്കാന്‍ നിര്‍ദേശിച്ചത് നാണക്കേടാണ്. ആണവ പരീക്ഷണം വിലക്കി 2012ല്‍ ഇറാനെതിരേ ഉപരോധം പ്രഖ്യാപിച്ചത് യൂറോപ്യന്‍ യൂണിയനും യു.എസും ചേര്‍ന്നായിരുന്നു. ആണവപദ്ധതികള്‍ വെട്ടിച്ചുരുക്കുന്നതു സംബന്ധിച്ച് ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ചൈന എന്നീ രാജ്യങ്ങളും യു.എസും ചേര്‍ന്ന് ഇറാനുമായി ഒപ്പുവച്ച കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറി. തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കുനേരേ ഭീഷണി. വഴങ്ങില്ലെന്ന് മറ്റു രാജ്യങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും ട്രംപിനു മുന്‍പില്‍ കുമ്പിടുന്ന മോദി രാജ്യത്തിനു നാണക്കേടാണ്. നേരത്തെ ഇറാനെതിരേ സാമ്പത്തിക ഉപരോധമുണ്ടായപ്പോള്‍ എണ്ണവില രൂപയില്‍ നല്‍കി യൂകോ ബാങ്കും തുര്‍ക്കിയിലെ ബാങ്കുമാണ് ഇന്ത്യയെ സഹായിച്ചത്. ഇപ്പോള്‍ യൂറോ നിരക്കില്‍ എസ്.ബി.ഐ ജര്‍മന്‍ ബാങ്കുമായി ചേര്‍ന്ന് പണം നല്‍കുന്നു. ഡോളറിന്റെ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ വഴങ്ങേണ്ടതില്ല. റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടതും അടുത്തിടെയാണ്. തുര്‍ക്കി ഈ നിര്‍ദേശം ഇതുവരെ സ്വീകരിച്ചിട്ടില്ല. ട്രയംഫ് എന്ന പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്നു വാങ്ങിയാല്‍ പിന്നീട് അമേരിക്ക സാങ്കേതിക യുദ്ധോപകരണങ്ങള്‍ നല്‍കില്ലെന്നാണ് ഇന്ത്യക്കുള്ള ഭീഷണി.

ലോക മാന്ദ്യം

അമേരിക്ക വ്യാപാര യുദ്ധം പ്രഖ്യാപിച്ചതോടെ ലോക വളര്‍ച്ചാ നിരക്ക് കൂപ്പുകുത്തുമെന്ന് ആശങ്കയുണ്ട്. സാമ്പത്തിക രാജ്യങ്ങളെല്ലാം ഭീഷണിയിലാണ്. വളര്‍ച്ചാ നിരക്ക് മുരടിക്കുന്നതോടെ വന്‍ സാമ്പത്തിക മാന്ദ്യമാണ് വരാന്‍പോകുന്നത്. മറ്റ് രാജ്യങ്ങളുടെ മേല്‍ വാണിജ്യ നിയന്ത്രണം അടിച്ചേല്‍പിക്കുന്ന അമേരിക്ക സ്വന്തം കുഴിമാടം കൂടിയാണ് തോണ്ടുന്നതെന്ന് മനസിലാക്കുന്നില്ല. ഇതു നാശത്തിലേക്കാണെന്നും അമേരിക്കയും പരിണത ഫലം അനുഭവിക്കുമെന്നുമാണ് ബ്രിട്ടീഷ് ധനമന്ത്രി ഫിലിപ് ഹാമണ്ടിന്റെ മുന്നറിയിപ്പ്.