Friday, November 3, 2017

ധര്‍മത്തിന്റെ കടയ്ക്കല്‍ കത്തി




ധര്‍മത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുമ്പോള്‍ ഫലത്തില്‍ ധര്‍മത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുകയാണെന്ന് മനസിലാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊതു സ്വീകാര്യതയുണ്ടെങ്കിലും ഒപ്പം വിഭിന്നമായ ഒരു സ്ഥിതിവിശേഷവും തുടരുന്നതായിവേണം അവര്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ നിന്നു മനസിലാക്കാന്‍. ഇന്ത്യയില്‍ 1992 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 71 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ധര്‍മത്തിന്റെ പേരില്‍ ജീവന്‍ ബലി നല്‍കേണ്ടിവന്നത്. ലോകമാകെ 1846 പേരാണ് കൊല്ലപ്പെട്ടതെന്നറിയുമ്പോള്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രാജ്യത്ത് നിലനില്‍ക്കുന്ന ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ഇന്ത്യയില്‍ കൊല്ലപ്പെട്ടവരില്‍ 41 പേരുടെയും കൊലപാതക കാരണം വ്യക്തമാണെങ്കിലും 27 പേരുടെ മരണകാരണം ഇപ്പോഴും ദുരൂഹമാണ്. സമൂഹത്തെ കാര്‍ന്നു തിന്നേക്കാവുന്ന ഒരു വിപത്ത് ചൂണ്ടിക്കാട്ടുമ്പോള്‍ പുലഭ്യം പറയുകയും അടച്ചാക്ഷേപിക്കുകയും അടിച്ചൊതുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സത്യത്തിനു നേരേ കണ്ണടയ്ക്കുന്നതിനു തുല്യമാണ്.
ആക്രമിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തേക്കാള്‍ ആക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം എത്രയോ ഇരട്ടിവരുമെന്നറിയുമ്പോള്‍ ഇന്ത്യയില്‍ അവര്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഭീകര ചിത്രം മനസിലാക്കാനാകും. മാധ്യമപ്രവര്‍ത്തകര്‍ എന്നു പറയുമ്പോള്‍ റിപ്പോര്‍ട്ടറും എഡിറ്ററും മാത്രമല്ല കാമറ ഓപറേറ്ററും ബ്രോഡ്കാസ്റ്റ് റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറും ടെക്‌നീഷ്യനും ഇന്റര്‍നെറ്റ് റിപ്പോര്‍ട്ടറും കോളമിസ്റ്റും കമന്റേറ്ററും തുടങ്ങി പത്രം നടത്തിപ്പുകാരന്‍ പോലും കൊല്ലപ്പെടുന്ന അവസ്ഥ ഒരു രാജ്യത്തിനും ഭൂഷണമല്ല.
വാര്‍ത്തകളുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ 41 മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവഹാനി നേരിട്ടത്. അതില്‍ 28 പേരും നിഷ്ഠൂര കൊലപാതകത്തിനിരകളായി. ബംഗളൂരുവില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷാണ് കൊലക്കത്തിയുടെ അവസാന ഇര. കൊല്ലപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ എത്രയോ മടങ്ങ് ഏറെയാണ് ആക്രമണങ്ങള്‍ക്ക് ഇരയായവരുടെ എണ്ണം. 13 പേര്‍ അപകടകരമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനുള്ള ശ്രമത്തിനിടെയാണ് മരിച്ചത്. 35 പേരും സ്ഥിരം ജീവനക്കാരുമായിരുന്നു. ജീവന്‍ പണയംവച്ചും സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ശ്രമങ്ങളായിരുന്നു അവ. അച്ചടി മേഖലയില്‍ 30 പേരെയും ടിവി മേഖലയില്‍ 11 പേരെയും ഇന്റര്‍നെറ്റ് മേഖലയില്‍ രണ്ടു പേരെയും റേഡിയോയുടെ ഭാഗമായ ഒരാളെയുമാണ് അക്രമികള്‍ നിര്‍ദാക്ഷിണ്യം കൊന്നുതള്ളിയത്. ഇതില്‍ 39 പേരും പുരുഷന്‍മാരാണ്. രാഷ്ട്രീയക്കാരന്റെ പകപോക്കലാണ് 20 പേര്‍ക്ക് വിനയായതെങ്കില്‍ അക്രമികളുടെ ആക്രമണത്തില്‍ ആണ് എട്ടുപേര്‍ മരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആക്രമണത്തില്‍ നാലുപേരും അര്‍ധ സൈനിക നടപടിയില്‍ രണ്ടുപേരും ഗ്രാമവാസികളുടെ ആക്രമണത്തില്‍ മൂന്നുപേരും കൊല്ലപ്പെട്ടു. മൂന്നു പേരെ തടവില്‍ പാര്‍പ്പിച്ചശേഷമായിരുന്നു കൊലപ്പെടുത്തിയത് എന്നതും 13 പേര്‍ ഭീഷണി നേരിട്ടിരുന്നതും ഒരാളെ കഠിനമായി പീഡിപ്പിച്ചശേഷമാണ് കൊലപ്പെടുത്തിയത് എന്നതും ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഭാഗ്യവശാല്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കൊന്നും ഇന്ത്യയില്‍ വച്ച് ജീവന്‍ നഷ്ടമായിട്ടില്ല.
ഗൗരി ലങ്കേഷ് പത്രിക ഉടമ ഗൗരി ലങ്കേഷ് ഈ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് ആണ് ബംഗളൂരുവിലെ വസതിക്കുമുന്‍പില്‍ തോക്കിനിരയായത്. ഹിന്ദുസ്ഥാന്‍ ലേഖകന്‍ രാജ്‌ദേവ് രഞ്ജന്‍ കഴിഞ്ഞ വര്‍ഷം മെയ് 13ന് ബിഹാറിലാണ് കൊല ചെയ്യപ്പെട്ടത്. ഉത്തര്‍പ്രദേശും കശ്മിരും ആന്ധ്രാപ്രദേശും മാധ്യമപ്രവര്‍ത്തകരുടെ രക്തം കൂടുതലൊഴുകിയ സംസ്ഥാനങ്ങളാണ്. തമിഴ്‌നാടും കര്‍ണാടകവും ലിസ്റ്റിലുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെ കാലപുരിക്കയച്ച കറുത്ത ശക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഒരു ഭരണാധിപനും കഴിഞ്ഞിട്ടില്ലെന്നതും എടുത്തുപറയേണ്ടതുണ്ട്. 2015നു ശേഷം 142 ആക്രമണങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ നേരിടേണ്ടിവന്നത്. രജിസ്റ്റര്‍ ചെയ്യപ്പട്ടവയേക്കാള്‍ എത്രയോ അറിയപ്പെടാത്തവയായി നിലനില്‍ക്കുന്നു എന്നതും മറന്നുകൂടാ. 2014-2015 കാലയളവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ 142 ആക്രമണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതും ഓര്‍ക്കുക.
എങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ആയുധമെടുക്കാന്‍ നീചശക്തികളെ പ്രേരിപ്പിക്കുന്ന ഘടകമെന്തെന്ന് മനസിലാകുന്നില്ല. അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഇന്നിന്റെ അനിവാര്യതയായിരിക്കുന്നു. അഴിമതി കൊഴുക്കുമ്പോള്‍ അത് ലോകത്തെ അറിയിക്കുന്നവരാണവര്‍. എങ്കിലും അവരുടെ വായടപ്പിക്കാന്‍ കഴിഞ്ഞാല്‍ കുറ്റാരോപണങ്ങളില്‍ നിന്നു രക്ഷപ്പെടാനാവുമെന്നാണ് ഇത്തരക്കാരുടെ വിചാരമെന്നു കരുതുക വയ്യ. അപ്പോള്‍പ്പിന്നെ മാധ്യമപ്രവര്‍ത്തകരെ വകവരുത്തിയാല്‍ ഒരു ചുക്കും സംഭവിക്കാനില്ലെന്ന നിലപാടും ഇത്തരത്തിലുള്ള നീചകൃത്യത്തിനെതിരേ കാലാകാലങ്ങളില്‍ അധികാരവര്‍ഗം മൗനവലംബിക്കുന്നതുമാണ് ഇത്തരക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതെന്നുവേണം കരുതാന്‍. മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാനായി രൂപീകരിക്കപ്പെട്ടിട്ടുള്ള സംഘടന ആവശ്യപ്പെടുന്നത് ഭരണത്തിന്റെ ഭാഗമായി മാധ്യമവര്‍ഗത്തെ കാണുകയും അവര്‍ക്കെതിരേയുള്ള ഏതാക്രമണത്തെയും ജോലി തടസപ്പെടുത്താനുള്ള ഏതുശ്രമത്തെയും രാജ്യത്തിനെതിരായ ആക്രമണമായിക്കണ്ട് കഠിനശിക്ഷ നല്‍കണമെന്നുമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യ ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ എടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തി അഞ്ചുവര്‍ഷം കഠിനശിക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അധികാരികളല്ലേ. അവര്‍ക്കുമാത്രമല്ലേ മറവിപിണയൂ. ഇതുപോലെയുള്ള നിരവധി നിര്‍ദേശങ്ങള്‍ മാറാലപിടിച്ച് അധികാരവര്‍ഗത്തിന്റെ പിന്നാമ്പുറങ്ങളിലുണ്ട്. സമൂഹത്തിന്റെ നന്‍മയ്ക്കായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ സത്വരനടപടി സ്വീകരിക്കാന്‍ ഒരു റെഗുലേറ്ററി ബോഡിയെങ്കിലും സ്ഥാപിക്കുന്നത് തൊഴില്‍മൂലം ജീവനു ഭീഷണി നേരിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് തുണയാകുമായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്നത് ഇറാക്കിലാണെങ്കില്‍ ആദ്യത്തെ പത്തു രാജ്യങ്ങളില്‍ 9ാം സ്ഥാനത്ത് ഇന്ത്യയുമുണ്ടെന്നുള്ളത് ഖേദകരമാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് ചൂണ്ടിക്കാട്ടുന്നത് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ ഇന്ത്യയില്‍ വിലസുകയാണെന്നാണ്. അവര്‍ അറസ്റ്റ് ചെയ്യപ്പെടുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ടാലും ശിക്ഷിക്കപ്പെടാറില്ല. ഇന്ത്യന്‍ നിയമവ്യവസ്ഥതയുടെ പരിതാപകരമായ അവസ്ഥയാണിതെന്നും കുറ്റവാസനയേറിയ രാഷ്ട്രീയവും അഴിമതി മറയാക്കിയ പൊലിസും അക്രമികള്‍ക്ക് വളമാകുന്നുവെന്ന് കമ്മിറ്റി കുറ്റപ്പെടുത്തുമ്പോള്‍ ഇന്ത്യ ഇനിയും ഉള്ളിലേക്ക് നോക്കിക്കാണേണ്ടതുണ്ട്. ജനാധിപത്യം പുലരാന്‍ അത് അത്യന്താപേക്ഷിതവുമാണ്.