Wednesday, May 15, 2019

ആ 3622 കോടി ആരുടെ പോക്കറ്റില്‍


ഓരോ തെരഞ്ഞെടുപ്പ് കാലവും പണമൊഴുക്കിന്റെ മദ്യമൊഴുക്കിന്റെയും സംഭാവനകളുടെയും കാലമാണ്. എത്ര സുരക്ഷകളുണ്ടെങ്കിലും അന്വേഷണങ്ങളം ഏജന്‍സികളും ഉണ്ടെങ്കിലും മറപറ്റിയോ മറയില്ലാതെയോ ഇത് അനുസ്യൂതം തുടരുന്നതാണ് കണ്ടുവരുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാകട്ടെ ഇതൊക്കെ തുറന്നുപറയാനും ചെയ്തത് വിളിച്ചുപറയാനും യാതൊരു ഉളുപ്പുമില്ല. ഇതൊക്കെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തുടര്‍ന്നുവരുന്നതല്ലേ എന്ന ഭാവമാണവര്‍ക്ക്. തെരഞ്ഞെടുപ്പ് കമ്മിഷനാവട്ടെ ഒരു വലിയ കോളജ് ക്യാംപസിലെ പാവം പ്രിന്‍സിപ്പല്‍ മാത്രം. ഇടയ്ക്ക് ചൂരല്‍ എടുത്തു പേടിപ്പിക്കുമെന്നല്ലാതെ കടിക്കില്ല. പണമൊഴുക്ക് എല്ലാ കാലത്തേയും പോലെയല്ല ഇത്തവണ സംഭവിച്ചത്. 3822 കോടി രൂപയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രഹസ്യബോണ്ടായി രാഷ്ട്രീയപ്പാര്‍ട്ടികളുടെ അങ്കണത്തില്‍ ചുറ്റിത്തിരിഞ്ഞെത്തിയത്. എവിടൊക്കെ ആര്‍ക്കൊക്കെ എന്ന കണക്കില്ല. പണം ഇറങ്ങിയെന്നതു മാത്രം നേര്.

ഇലക്ടറല്‍ ബോണ്ട്

ഇലക്ടറല്‍ ബോണ്ടെന്ന പേരിലാണ് ഈ കോടികളത്രയും ചുറ്റിത്തിരിഞ്ഞത്. ദേശസാല്‍കൃത ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നാണ് 3622 കോടി രൂപ ഇലക്ടറല്‍ ബോണ്ടായി പുറത്തേക്കൊഴുകിയത്. തെരഞ്ഞെടുപ്പ് കത്തിനിന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പണം എത്തേണ്ടിടത്ത് എത്തി.
വിവരാവകാശ നിയമപ്രകാരം എസ്.ബി.ഐ നല്‍കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. മാര്‍ച്ചില്‍ ബാങ്ക് വിതരണം ചെയ്തത് 1365.69 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്. ഏപ്രില്‍ ആയതോടെ ഇത് 65 ശതമാനം വര്‍ദ്ധിച്ചതായി ബാങ്ക് വെളിപ്പെടുത്തുന്നു. ഏപ്രിലില്‍ 2256.37 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ബാങ്ക് വിതരണം ചെയ്തത്. ഇവിടെ ഒരു കാര്യം ഓര്‍ക്കാം. മാര്‍ച്ച് 10നായിരുന്നു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നത്. കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ ഏപ്രില്‍ 11ന് തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇക്കാലയളവിലുണ്ടായ ഇലക്ടറല്‍ ബോണ്ടെന്ന പേരിലുള്ള പണത്തിന്റെ ഒഴുക്ക് കണ്ട് അധികൃതര്‍ക്ക് വായ പൂട്ടാനാവുന്നില്ല.

യഥാര്‍ഥ ചോദ്യം

3622 കോടി രൂപ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പക്കലെത്തിയെന്നതില്‍ തര്‍ക്കമില്ല. പക്ഷേ അതാര്‍ക്കാണ് കൂടുതല്‍ കിട്ടിയത്. കിട്ടാത്തവരുണ്ടോ. ആരാണ് നല്‍കിയത്. എത്ര വീതം കിട്ടി. കണക്ക് കിട്ടാന്‍ ഒരു രക്ഷയുമില്ല. കാരണം മറ്റൊന്നുമല്ല, ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതെല്ലാം രഹസ്യമായാണ്. ഒരു രേഖയുമില്ലാതെ ആര്‍ക്കും വാങ്ങാവുന്നതായിരുന്നു ഈ ബോണ്ടുകള്‍. വാങ്ങി ആര്‍ക്കും മറിച്ചുനല്‍കാം. അപ്പോള്‍ വാങ്ങിയതാരെന്നോ നല്‍കിയത് ആര്‍ക്കെന്നോ ഒരു രേഖയുമില്ല. കോടികള്‍ പുറത്തുപോയിട്ടുള്ളതായി എസ്.ബി.ഐ വെളിപ്പെടുത്തിയതുകൊണ്ട് 3622 കോടി രാഷ്ട്രീയപ്പാര്‍ട്ടികളുടെ വശം എത്തിയിട്ടുണ്ടെന്നുമാത്രമേ ഇപ്പോള്‍ പറയാന്‍ നിര്‍വാഹമുള്ളൂ.

സീക്രട്ട് ബോണ്ടുകള്‍

രഹസ്യ ബോണ്ടുകളാണ് ഇലക്ടറല്‍ ബോണ്ടുകള്‍ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിക്കപ്പെട്ടത്. പണത്തിനു പകരം ബോണ്ടുകളായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ധനം സമാഹരിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് യഥേഷ്ടം ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാം. എവിടെയും കണക്കുവെളിപ്പെടുത്തേണ്ട ബാധ്യതയില്ല. ഇന്ത്യയില്‍ നിന്നോ വിദേശത്തുനിന്നോ ബോണ്ടുകള്‍ സ്വീകരിക്കാമെന്നത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ധനാഗമനത്തിന് വേഗത കൂട്ടുന്നു. എവിടെ നിന്ന് പണം കിട്ടിയെന്ന് ആരോടും പറയേണ്ടതില്ല എന്നതിനാല്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് പണം വാരിക്കൂട്ടാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മത്സരിച്ചതിന്റെ ഫലമാണ് ഇത്രയും കോടികള്‍ അവരുടെ കൈകളിലെത്താന്‍ കാരണം.
തെറ്റിധരിക്കേണ്ട. തെരഞ്ഞെടുപ്പ് കമ്മിഷന് ഇതില്‍ ഒരു പങ്കുമില്ല. രാഷ്ട്രീയക്കാര്‍ കളങ്കിതരായേക്കാമെന്ന മുന്‍സൂചനയുളളതിനാല്‍ തുടക്കത്തിലേതന്നെ കമ്മിഷന്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇലക്ടറല്‍ ബോണ്ട് വാങ്ങുന്നയാള്‍ കാണാമറയത്താായിരിക്കുമെന്നതിനാല്‍ കള്ളപ്പണക്കാര്‍ക്ക് ഇത് കിട്ടിയ അവസരമായിരുന്നു. നഷ്ടത്തിലോടുന്നു കമ്പനികളും തട്ടിക്കൂട്ടു കമ്പനികളും ബോണ്ടു വാങ്ങിക്കൂട്ടി രാഷ്ട്രീയക്കാര്‍ക്ക് മറിച്ചുനല്‍കി ആനുകൂല്യം കാത്തുനില്‍ക്കുന്നത് കമ്മിഷന് കണ്ടില്ലെന്ന് നടിക്കാനാവില്ലല്ലോ.

കേന്ദ്രം വിവക്ഷിക്കുന്നത്

കള്ളപ്പണക്കാരും കടലാസുകമ്പനികളും ഇഷ്ട രാഷ്ട്രീയക്കാര്‍ക്ക് പണം വാരിക്കോരി രേഖകളില്ലാതെ നല്‍കാന്‍ ഇലക്ടറല്‍ ബോണ്ടിടയാക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പിനെ കേന്ദ്ര സര്‍ക്കാര്‍ പാടേ അവഗണിക്കുന്നു. കേന്ദ്രം നല്‍കുന്നത് മറ്റൊരു വിശദീകരണമാണ്. ഇലക്ടറല്‍ ബോണ്ടുവഴി പണം കൊടുക്കാമെന്നിരിക്കേ, കള്ളപ്പണം നേരിട്ട് നല്‍കുന്നതിനു പകരം ബോണ്ടുകളിലൂടെ നല്‍കാന്‍ അത്തരക്കാര്‍ കൂടുതല്‍ താല്‍പര്യം കാട്ടും. ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പായി മാറും. ഇത് സത്യത്തില്‍ ഇങ്ങനെ തന്നെയായിരിക്കുമോ സംഭവിക്കുക എന്ന് സംശയിക്കരുത്. കാരണം ഇതിനെപ്പറ്റി ആര്‍ക്കും ഒരു പിടിപാടുമില്ല. സുപ്രിംകോടതിയില്‍ എത്തിയിരിക്കുന്ന ഒരുപിടി ഹരജികളും ഈ സംശയം സാധൂകരിക്കുന്നു. സുപ്രിംകോടതിയാവട്ടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയിലേക്ക് കടക്കുകയുമുള്ളൂ.

കോളടിച്ചത് ആര്‍ക്ക്

ഒന്നും രണ്ടുമല്ല, 3622 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ടുകളായി രാഷ്ട്രീയപ്പാര്‍ട്ടികളുടെ മടിശീലയിലെത്തിയതെന്നത് ചില്ലറക്കാര്യമല്ല. പ്രമുഖ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ബോണ്ടുകള്‍ കിട്ടിക്കാണുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ഒരു പദ്ധതി ഏതായാലും വെറുതേ അങ്ങു നടപ്പാക്കില്ലല്ലോ. അപ്പോള്‍ പ്രതീക്ഷ വച്ചു നടത്തിയ പദ്ധതിയുടെ ഗുണഭോക്താക്കളും കേന്ദ്രം ഭരിക്കുന്നവര്‍ തന്നെയാകണമല്ലോ. യഥാര്‍ഥ ചിത്രം പുറത്തുവന്നിട്ടില്ലെങ്കിലും മുന്‍പ് ലഭിച്ച കണക്കുകള്‍ വച്ചാണെങ്കില്‍ ഏറ്റവും അധികം സംഭാവന ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ് എന്നാണ്. അതായത് ഇലക്ടറല്‍ ബോണ്ടിന്റെ സിംഹഭാഗവും സ്വരൂപിക്കാനായത് ബി.ജെ.പിക്കാണെന്ന് സാരം. സിംഹഭാഗവും എന്നു കേള്‍ക്കുമ്പോള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ എന്നുമാത്രം കരുതരുത്. മറ്റുള്ള രാഷ്ട്രീയപ്പാര്‍കള്‍ക്കെല്ലാം കൂടി ആകെ ബോണ്ടുകളില്‍ 11 കോടി രൂപ മാത്രം ലഭിച്ചപ്പോള്‍ 94.5 ശതമാനം ബോണ്ടുകള്‍ കരസ്ഥമാക്കിയ ബി.ജെ.പി ഒറ്റയ്ക്ക് ചാക്കിലാക്കിയത് 210 കോടി രൂപയായിരുന്നു. 2017-2018 വര്‍ഷത്തെ കണക്കാണിതെന്നോര്‍ക്കണം. പുതിയ കോടികളുടെ കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല. ഇതുതന്നെ പുറത്തുവന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതുകൊണ്ടുമാത്രമാണെന്നും ഓര്‍ക്കാം. 2018 മാര്‍ച്ചില്‍ ഇലക്ടറല്‍ ബോണ്ട് നടപ്പാക്കിയതിനുപിന്നാലെ ബോണ്ടുകള്‍ വാങ്ങിക്കൂട്ടി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയതാണ് 221 കോടി രൂപ.
ബി.ജെ.പി നേട്ടമുണ്ടാക്കി എന്നുകേട്ടപ്പോഴാണ് ഇതിന്റെ ആഘാതത്തെപ്പറ്റി കോണ്‍ഗ്രസിന് ശരിക്കും ബോധ്യമായത്. മറ്റ് ഈര്‍ക്കിലി പാര്‍ട്ടിക്കു കിട്ടുന്നതുപോലെ മാത്രമേ തങ്ങള്‍ക്കും പണം ലഭിക്കൂ എന്നത് കോണ്‍ഗ്രസിനെ ചൊടിപ്പിക്കുക സ്വാഭാവികം. ഭരണം ലഭിച്ചാല്‍ ഇലക്ടറല്‍ ബോണ്ട് സമ്പ്രദായം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനു കാരണവും മറ്റൊന്നല്ല. കേരളം പോലെ ഭരണത്തിലിരിക്കുന്ന സി.പി.എമ്മിന് ഇലക്ടറല്‍ ബോണ്ടുകള്‍ എത്തുന്നു എന്നത് അമ്പരപ്പിക്കുന്നതാണ്. അതിനും ഒരു വഴി അവര്‍ തുറന്നിരിക്കുന്നു എന്നുസാരം. കിട്ടുന്നതുപോരട്ടെ എന്ന നിലപാടുള്ള പാര്‍ട്ടി എന്തായാലും കോണ്‍ഗ്രസ് നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുമുണ്ട്.

Friday, May 10, 2019

ആഗോള ഭീകരനെതിരായ നടപടി


ഇന്ത്യയുടെ സമ്മര്‍ദങ്ങളും അക്ബറുദ്ദീന്റെ നയതന്ത്ര പ്രവര്‍ത്തനവും ഒടുവില്‍ ഫലം കണ്ടു. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസ്ഊദ് അസ്ഹറിനെ ഒടുവില്‍ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. പാക് സമ്മര്‍ദം മൂലം അവസാന നിമിഷം വരെ എതിര്‍പ്പ് തുടര്‍ന്ന ചൈന ലോക രാജ്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കുമുന്നില്‍ ഗതികെട്ട് വഴങ്ങുകയായിരുന്നു.

ജെയ്‌ഷെ മുഹമ്മദ്

2000ല്‍ പാകിസ്താന്‍ കേന്ദ്രമായാണ് ഈ ഭീകര സംഘടന രൂപീകരിക്കപ്പെട്ടത്. 1999 ഡിസംബറില്‍ 155 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം റാഞ്ചിക്കൊണ്ടുപോയി കാണ്ഡഹാറില്‍ ഇറക്കിയ ഭീകരര്‍ ആവശ്യപ്പെട്ടത് ഇന്ത്യയില്‍ തടവില്‍ കഴിയുന്ന നാല് ഭൂകരന്‍മാരുടെ മോചനമായിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി 814ാം നമ്പര്‍ വിമാനം ഡല്‍ഹിയില്‍ നിന്നു പറന്നുയര്‍ന്നതിനുപിന്നാലെയാണ് റാഞ്ചപ്പെട്ടത്. ഇന്ത്യയില്‍ അമൃത്സറിലും പാകിസ്താനിലെ ലാഹോറിലും ദുബൈയിലും ലാന്‍ഡ് ചെയ്ത വിമാനം റാഞ്ചികള്‍ ഒടുവില്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെത്തിച്ചു. യാത്രക്കാരെ വിട്ടക്കണമെങ്കില്‍ ഇന്ത്യയില്‍ തടവില്‍ കഴിയുന്ന കൊടും ഭീകരനായ മസ്ഊദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം. അന്ന് വിട്ടയക്കപ്പെട്ടവരില്‍ അസ്ഹറിനുപുറമേ അഹ്മദ് ഉമര്‍ സഈദ് ഷെയ്ഖ്, മുഷ്താഖ് അഹ്മദ് എന്നിവരുമുണ്ടായിരുന്നു. ഈ റാഞ്ചല്‍ പദ്ധതി തയാറാക്കിയ യൂസുഫ് അസ്ഹര്‍ എന്ന മുഹമ്മദ് സലീമിനെ ബാലാകോട്ട് വ്യോമാക്രമണത്തില്‍ വകവരുത്തിയതായി ഇന്ത്യ അവകാശപ്പെട്ടിരുന്നത് ഓര്‍ക്കാം.
കശ്മിരിലെ ഒട്ടുമിക്ക ചാവേര്‍ ആക്രമണങ്ങളും നടത്തിയിരുന്നത് ജെയ്‌ഷെ ഭീകരന്‍മാരായിരുന്നു. കശ്മിരിലെ ജനത വാദിക്കുന്ന സ്വാതന്ത്ര്യം മുതലെടുത്ത് പാകിസ്താനുമായി ലയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ജെയ്‌ഷെ എന്നതിനാല്‍ ആ രാജ്യവും ആക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നു.
ജമ്മുകശ്മിര്‍ നിയസഭാ ആക്രമണവും 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണവും ജെയ്‌ഷെ ഭീകരന്‍മാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ജെയ്‌ഷെ ഭീകരന്‍മാര്‍ ഇന്ത്യയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് എത്ര തെളിവുകള്‍ നിരത്തിയിട്ടും അതൊക്കെയും പാകിസ്താന്‍ നിരസിച്ചിരുന്നു. ഇതിനിടെ 2002ല്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍ സ്വന്തം രാജ്യത്തും ജെയ്‌ഷെയുടെ വളര്‍ന്ന കരങ്ങള്‍ പാകിസ്താന്‍ തിരിച്ചറിഞ്ഞു. 2003ല്‍ മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശറഫിനെ കൊലപ്പെടുത്താനുള്ള ജെയ്‌ഷെ ശ്രമം രണ്ടുവട്ടം പാളി. ഇതോടെ പാകിസ്താന്‍ സമ്മര്‍ദത്തിലായി. ഭീകരന്‍മാരെ തള്ളണോ കൊള്ളണോ എന്ന സ്ഥിതിയിലിരിക്കേയാണ് തലവന്‍ മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ലോകരാജ്യങ്ങളുടേമേല്‍ നയതന്ത്ര സമ്മര്‍ദവുമായി ഇന്ത്യ നീങ്ങിയത്.

ജെയ്‌ഷെയുടെ താവളം

കശ്മിര്‍ ആണ് ജെയ്‌ഷെയുടെ പ്രധാന ആക്രമണ കേന്ദ്രം. സംഘടനയുടെ ആസ്ഥാനമാവട്ടെ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം പാകിസ്താനിലെ ദക്ഷിണ പഞ്ചാബ് പ്രവിശ്യയിലെ ഭഗവല്‍പൂരെന്ന തരിശായ ഭൂമിയിലാണ്. മതില്‍കെട്ടിപ്പൊക്കിയ ആസ്ഥാനത്തിനു സമീപം ഒരു വലിയ ഭൂഭാഗത്ത് ദരിദ്രരായ യുവാക്കളെ റിക്രൂട്ട് ചെയ്ത് ഭീകരരാവാന്‍ പരിശീലനം നല്‍കുന്നതായി മാധ്യമങ്ങളും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവും പറയുന്നു.
പാകിസ്താന്‍ നിരോധിച്ച 33 ഭീകര സംഘടനകളില്‍ ജെയ്‌ഷെ മുഹമ്മദും ഉണ്ടെന്നാണ് വയ്പ്. 2002 ജനുവരി 14ന് സംഘടനയെ പാകിസ്താന്‍ നാഷനല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി നിരോധിച്ചതായി ലോകരാജ്യങ്ങളെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യയെയും അമേരിക്കയെയും ലക്ഷ്യംവച്ച് ഈ സംഘടന പലവട്ടം മുന്നറിയിപ്പ് വിഡിയോകളുമായി രംഗത്തെത്തിയത് പാകിസ്താന്‍ കണ്ടില്ലെന്നു നടിച്ചതോടെയാണ് നിരോധനത്തില്‍ സംശയമുയര്‍ന്നത്. 300 ചാവേറുകളെ താന്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന മസ്ഊദ് അസ്ഹറിന്റെ വിഡിയോ 2014ല്‍ പുറത്തുവന്നു. അസ്ഹര്‍ കൂടുതല്‍ നാശം വരുത്തിയേക്കുമെന്നു മനസിലായതോടെ അയാളെ വകവരുത്താനുള്ള ശ്രമത്തിലായി ഇന്ത്യ. എന്നാല്‍ അതിനിടയ്ക്ക് അപ്രതീക്ഷിതമായി പഞ്ചാബിലെ പത്താന്‍കോട്ട് ജെയ്‌ഷെ ഭീകരാക്രമണമുണ്ടായി. ഇതോടെ അസ്ഹറിനെ ലക്ഷ്യം വച്ചതോടെ പാക് സേനയുടെ അറിവോടെ അസ്ഹര്‍ ഒളിവിലായി. ഇപ്പോഴും അസ്ഹറിനെകുറിച്ചുള്ള വിവരങ്ങള്‍ പാകിസ്താന്‍ ഒളിക്കുകയാണ്.

യു.എന്‍ നടപടി

2001ലാണ് യു.എന്‍ ആദ്യമായി ജെയ്‌ഷെ മുഹമ്മദിനെതിരേ നീങ്ങുന്നത്. അല്‍ഖായ്ഇദയ്ക്ക് സാമ്പത്തിക സഹായവും അവരുടെ പദ്ധതികളും നടപ്പാക്കാന്‍ സഹായിക്കുന്നതും ജെയ്‌ഷെയാണെന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്. യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ജെയ്‌ഷെ മുഹമ്മദിനെ കരിമ്പട്ടികയില്‍ പെടുത്തി. എന്നാല്‍ പാകിസ്താനാവട്ടെ ഇതൊന്നും ഗൗനിക്കാതെ ഈ ഭീകരസംഘടനയ്ക്ക് സൈ്വരവിഹാരം അനുവദിക്കുകയായിരുന്നു. പാക് അതിര്‍ത്തിക്കു പുറത്താണ് ജെയ്‌ഷെയുടെ ഭീകരാക്രമണമെന്നതിനാല്‍ പാകിസ്താന്‍ അവര്‍ക്കെതിരേ നടപടി എടുക്കാന്‍ മടിച്ചു. ഭീകരാക്രമണത്തിന് പണം ഉണ്ടാക്കുകയും ചാവേറുകള്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു എന്ന വാര്‍ത്തകളൊക്കെ പാകിസ്താന്‍ നിഷേധിച്ചു.
കരമ്പട്ടികയില്‍ നിന്ന അസ്ഹറിനെ ആഗോള ഭീകരനായി മുദ്രകുത്തി തളയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യമാകട്ടെ പാകിസ്താന്‍ ചൈനവഴി പ്രതിരോധിച്ചു. രക്ഷാസമിതിയില്‍ അസ്ഹറിനെതിരായി വന്ന പ്രമേയങ്ങളൊക്കെ വീറ്റോ ചെയ്യുകയോ സാങ്കേതി പ്രശ്‌നങ്ങളിലൂന്നി ചൈന തടസപ്പെടുത്തുകയോ ആയിരുന്നു ഇതുവരെ.

ചൈന വഴിക്കുവന്നത്

പാകിസ്താനെ സഹായിക്കുന്ന ചൈന അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യന്‍ ആവശ്യത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ലോകരാജ്യങ്ങളുമായി ശക്തമായ നയതന്ത്രബന്ധം സ്ഥാപിച്ച ഇന്ത്യയാകട്ടെ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ വഴി പ്രമേയം രക്ഷാസമിതിയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതിനെയും എതിര്‍ത്ത ചൈന ഫലത്തില്‍ പുലിവാലു പിടിക്കുകയായിരുന്നു. രക്ഷാസമിതിയിലെ അംഗങ്ങളെ ഇത് രോഷാകുലരാക്കുകയും വിഷയം തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തു. ഇതോടെ രക്ഷാ സമിതിയിലെ ഒറ്റപ്പെട്ട ശബ്ദമായി ചൈനമാറി. എതിര്‍പ്പിന്റെ കാരണം തുറന്നുപറയേണ്ടിവരുന്ന അപകടം മനസിലാക്കി ഒടുവില്‍ വഴിക്കുവരുകയായിരുന്നു ചൈന.
പാക് ഭീകരതയെ തുണയ്ക്കുന്നതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈനയ്ക്ക് ബോധമുണ്ടായി. അസ്ഹര്‍ ആഗോള തലത്തില്‍ ഭീകരതയ്ക്ക് കാരണക്കാരനാണെന്ന ഇന്ത്യന്‍ വാദം ഉഭയകക്ഷി ചര്‍ച്ചകളില്‍ ഫലപ്രദമായി ഉന്നയിക്കാന്‍ ഇന്ത്യക്കായി. ബാലാകോട്ടില്‍ ഇന്ത്യന്‍ ആക്രമണത്തിനെതിരേ ആഗോളതലത്തില്‍ എതിര്‍പ്പ് ഉണ്ടാകാതിരുന്നതും ഇന്ത്യന്‍ നിലപാട് ശരിവയ്ക്കുന്നതായി.

മസ്ഊദ് അസ്ഹര്‍

1968ലാണ് മസ്ഊദ് അസ്ഹറിന്റെ ജനനം. അല്‍ഖായ്ദയുടേയും മുല്ലാ ഉമറിന്റെയും സഹായത്തോടെയാണ് ജെയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്. 1970 മുതല്‍ അഫ്ഗാന്‍ ജിഹാദിനെ പിന്‍തുണച്ചുവന്നിരുന്ന ജാമിഅ ബിനോരിയയിലായിരുന്നു പഠനം. തുടര്‍ന്ന് ഹര്‍കത്ത് ഉല്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നു. അവരുടെ സദാ ഈ മുജാഹിദ് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി.
1990നും 1993നും ഇടയില്‍ ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. സൊമാലിയ, സഊദി അറേബ്യ, സാംബിയ, യു.എ.ഇ, ബംഗ്ലാദേശ്, യു.കെ എന്നീ രാജ്യങ്ങിലെത്തി. ഇവിടെ പ്രഭാഷണങ്ങള്‍ നടത്തി. കശ്മിരിലും അഫ്ഗാനിസ്ഥാനിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിച്ചു.
1994ല്‍ ഹര്‍കത്ത് ഉല്‍ മുജാഹിദ്ദീന്റെ സെക്രട്ടറിയായിരിക്കേ അസ്ഹര്‍ ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തി. വാലി ആദാം ഇസ്സ എന്ന പേരില്‍ പോര്‍ച്ചുഗീസ് കള്ള പാസ്‌പോര്‍ട്ടായിരുന്നു കൈയില്‍ ഉണ്ടായിരുന്നത്. വിമാനത്തവളത്തില്‍ രക്ഷപ്പെട്ടെങ്കിലും കസ്റ്റംസ് വീഴ്ചയോടെ ഇയാളെ ഇന്ത്യന്‍ സുരക്ഷാസേന തെരയാനാരംഭിച്ചു. കശ്മിരിലെത്തിയ ഇയാള്‍ പാവപ്പെട്ട യുവാക്കളെ ഭീകരതയിലേക്ക് നടത്തി. തുടര്‍ന്ന് 1999ല്‍ അസ്ഹര്‍ അറസ്റ്റിലായി.
ഇയാളുടെ സഹോദരന്‍മാര്‍ പദ്ധതി തയാറാക്കി നടപ്പാക്കിയതാണ് എയര്‍ ഇന്ത്യ വിമാനറാഞ്ചല്‍. അസ്ഹറിനെ മോചിപ്പിക്കുന്നതങ്ങനെയാണ്.
മോചിതനായി ഭഗവല്‍പൂരിലെത്തിയ അസ്ഹറാകട്ടെ 2000ല്‍ ജാമിഅ ബിനോരിയയില്‍ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന രൂപീകരിക്കുകയാണ് ചെയ്തത്. ഇന്ത്യക്കെതിരേ യുദ്ധം മാത്രമായിരുന്നു അതിന്റെ ലക്ഷ്യം.
സംഘടനയെ 2001ല്‍ത്തന്നെ യു.എന്‍ ഭീകരവാദികളുടെ പട്ടികയില്‍ പെടുത്തി. 2002ല്‍ പാക് നിരോധനത്തോടെ സംഘന രണ്ടായി. ജമാഅത്ത് ഉല്‍ ഫര്‍ഖാന്‍ എന്നും ഖുദം ഉല്‍ ഇസ് ലാം എന്നിങ്ങനെ. ഇവ രണ്ടും 2003ല്‍ നിരോധിക്കപ്പെട്ടു. പാകിസ്താനിലെ നിരവധി കേന്ദ്രങ്ങളില്‍ ജെയ്‌ഷെ യുവാക്കളെ ഭീകര ക്യാംപുകളിലെത്തിച്ച് ചാവേര്‍ പരിശീലനം നല്‍കി. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍ റഹ്മത്ത് എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് ഫണ്ട് സ്വരൂപിച്ചു.
ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് അസ്ഹറിനെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു എന്നു മനസിലാക്കിയ പാകിസ്താന്‍ ഇയാളെ വീട്ടുതടങ്കലിലാക്കി കാവല്‍ നിന്നു. ഇന്ത്യന്‍ ആക്രമണം ഉണ്ടായേക്കുമെന്ന് ഭയന്ന് ഇയാളെ പിന്നീട് ഇവിടെനിന്നു ഇസ്‌ലാമാബാദില്‍ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

അസ്ഹറിനെതിരായ ഉപരോധം

്മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുമ്പോള്‍ ഫലത്തില്‍ അത് ഒരു ഉപരോധത്തില്‍ കലാശിക്കുക.ായാണ്. യു.എന്‍ രക്ഷാ സമിതിയില്‍ നിലവില്‍ 14 ഉപരോധ കമ്മിറ്റികളുണ്ട്. രാഷ്ട്രത്തര്‍ക്കങ്ങള്‍, അണ്വായുധ തര്‍ക്കം, ഭീകവിരുദ്ധ സമിതി ഇങ്ങനെയാണവ. സുരക്ഷാ സമിതിയിലെ 15 രാജ്യങ്ങളും കമ്മിറ്റികളില്‍ അംഗങ്ങളാണ്. സ്ഥിരാംഗമല്ലാത്ത ഒരു അംഗമായിരിക്കും ഓരോ കമ്മിറ്്‌റിയുടെയും ചെയര്‍മാന്‍. ഇത് വര്‍ഷം തോറും മാറും.
അല്‍ ഖാഇദയ്‌ക്കെതിരേയും ഐ.എസിനെതിരേയും ഉപരോധം ഏര്‍പ്പെടുത്തിയ കമ്മിറ്റി 1267 കമ്മിറ്റിയെന്നാണ് അറിയപ്പെടുന്നത്. ഭീകരന്‍മാര്‍ക്കും സംഘടനകള്‍ക്കുമെതിരേ ഉപരോധം ഏര്‍പ്പെടുത്തുക ഈ കമ്മിറ്റിയാണ്.
സ്വന്തം രാജ്യത്തും വിദേശത്തുമുള്ള സ്വത്തുവകകള്‍ മരവിപ്പിക്കുക, രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യുന്നത് തടയുക, ആയുധങ്ങള്‍ ലഭിക്കാതിരിക്കുക തുടങ്ങി ഉപരോധം നേരിടുന്നവര്‍ ഏറെ പ്രയാസകരമായ സാഹചര്യം നേരിടേണ്ടിവരും. നിലവില്‍ 262 വ്യക്തികളും 83 സംഘടനകളും യു.എന്‍ ഉപരോധം നേരിടുന്നുണ്ട്.