Saturday, May 9, 2020

മസ്‌കറ്റില്‍ നിന്ന് നാട്ടിലെത്തി; സുധീഷിന് ആശ്വാസം, ഇനി ചികിത്സ നാട്ടില്‍


കൊച്ചി: കണ്ണില്‍ ഇരുമ്പ് പിന്‍ തറച്ച് വേദനിച്ച്, മരിച്ചതുപോലെ ജീവിച്ച സുധീഷ് ഒടുവില്‍ കൊച്ചിയില്‍ വിമാനമിറങ്ങി. ഒരു മാസത്തിലേറെയുള്ള കാത്തിരിപ്പിനുശേഷമാണ് കോഴിക്കോട്് കൊയിലാണ്ടി സ്വദേശി സുധീഷ് കൃഷ്ണന്‍ നാടണയുന്നത്.
മസ്‌കത്തില്‍ നിന്നുള്ള ആദ്യ വിമാനത്തിലാണ് ഇന്നലെ രാത്രി സുധീഷ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ മാസമാണ് ഒമാനിലെ ജോലിചെയ്തിരുന്ന കര്‍ട്ടണ്‍ കടയില്‍ വച്ച് കര്‍ട്ടന്റെ പിന്‍ സുധീഷിന്റെ കണ്ണില്‍ തറച്ചുകയറിയത്. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചു. കൊവിഡ് 19 കാരണമുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാലും വന്‍ ചെലവ് വരുമെന്നതിനാലും മസ്‌കറ്റില്‍ പോയി വിദഗ്ധ ചികിത്സ തേടാനായില്ല,. അന്നുമുതല്‍ നാടിന്റെ കരുതലിലേക്ക് മടങ്ങാന്‍ പ്രാര്ഥിച്ചു കഴിയുകയായിരുന്നു ഈ യുവാവ്.
ഈ വിമാനത്തില്‍ മസ്‌കറ്റ്‌ ഗവര്‍ണറേറ്റില്‍ നിന്നുള്ളവര്‍ മാത്രമേ ഉണ്ടാവൂ എന്നറിഞ്ഞപ്പോള്‍ സലാല കെ.എം.സി.സിയുമായി ബന്ധപ്പെടുകയും അവരുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ആദ്യ വിമാനത്തില്‍ എത്തുകയായിരുന്നു. ഇനി നാട്ടില്‍ വിദഗ്ധ ചികിത്സ തേടാനുള്ള ശ്രമത്തിലാണ് സുധീഷ്.


Sunday, May 3, 2020

ബ്ലാക്ക് മാന്‍ പിടിയിലായി


ഒടുവില്‍ അവന്‍ പിടിയിലായി. കോഴിക്കോട് നിവാസികളുടെ പേടിസ്വപ്‌നമായി മാറിയിരുന്ന ബ്ലാക്മാന്‍ ആണ് പൊലിസിന്റെ പിടിയിലായത്. തലശേരി സ്വദേശി അജ്മലാണ് ആ കള്ളക്കിങ്കരന്‍.
രാത്രി മതിലുകളില്‍ നിന്ന് മതിലുകളിലേക്ക് പറന്നു പോകുന്ന രീതിയിലാണ് കണ്ട നാട്ടുകാര്‍ ഇയാളെപ്പറ്റി പറഞ്ഞത്. വീടിനു മുട്ടുകയും കല്ലെറിയുകയും കോളിംഗ് ബെല്‍ അടിക്കുകയും സ്ത്രീകളെ തുണിപൊക്കി കാട്ടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും വിവസ്ത്രനായി ഓടുകയുമൊക്കെ വിനോദങ്ങളായിരുന്നു ഈ ബ്ലാക്ക് മാന്റെ. ഒടുവില്‍ കോഴിക്കോട്ടുകാര്‍ ഉറക്കമിളച്ച് കാത്തിരുന്നു. പിടിതരാതെ അതിവേഗത്തില്‍ മറയുന്ന ബ്ലാക്ക് മാന്‍ ഭയപ്പാടുണ്ടാക്കി. പോലീസും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഒരു മാളിനടുത്ത് ഇയാളെ കണ്ടു. സാദൃശ്യം സിസിടിവികളില്‍ നിന്ന് മനസിലാക്കിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
17ലധികം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. കോവിഡ് കാലത്ത് സര്ക്കാര്‍ വിട്ടയച്ച പ്രതികളിലൊരാളാണ് ഈ ഭയങ്കരന്‍. കല്ലായിയിലെ ഒരു വീടിനടുത്തുനിന്നാണ് പിടികൂടിയത്. രാത്രി ഡ്യൂട്ടി കഴിഞ്ഞുപോയ ഒരു നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച കേസും ഇയാള്‍ക്കെതിരേയുണ്ട്.

Wednesday, April 29, 2020

ഏകപക്ഷീയ ഉത്തരവിനേറ്റ തിരിച്ചടി


കൊച്ചി: ജീവനക്കാരോട് ചര്‍ച്ചയ്ക്കുപോലും മുതിരാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കാനൊരുങ്ങിയ നടപടിക്കേറ്റ തിരിച്ചടിയായിവേണം ഹൈക്കോടതി ഉത്തരവിനെ കാണാന്‍.
വ്യക്തമായ കാരണം പോലും വിശദീകരിക്കാനില്ലാതെയാണ് ശമ്പളം പിടിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നുള്ള ഹൈക്കോടതിയുടെ നിരീക്ഷണം പ്രധാനപ്പെട്ടതാണ്. പ്രളയകാലത്ത് പുനരുദ്ധാരണം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തവണ ശമ്പളം പിടിച്ചത്. 60 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമാണ് അന്ന് ശമ്പളം നല്‍കി സഹകരിച്ചത്.
കിട്ടിയ പണത്തിന്റെ സിംഹഭാഗവും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ജംബോ പരിവാരങ്ങളുടെ ഊരു ചുറ്റലിനും ഉന്നത കാബിനറ്റ് പോസ്റ്റുകള്‍ക്കുമാണ് വിനിയോഗിക്കപ്പെട്ടത്.
മുന്‍ എം.പി സമ്പത്തിനെ സര്‍ക്കാര്‍ പ്രതിനിധിയായി കാബിനറ്റ് റാങ്ക് നല്‍കി ഡല്‍ഹിയില്‍ അയച്ചതും സി.പി.ഐ എം.എല്‍.എ കെ രാജനെ ചീഫ് വിപ്പാക്കിയതും അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദിനും വി.എസിനും ബാലകൃഷ്ണപിള്ളയ്ക്കും കാബിനറ്റ് റാങ്ക് നല്‍കിയതും പ്രളയബാധയ്ക്ക് ശേഷമായിരുന്നല്ലോ.
കൊവിഡുകാലത്തുപോലും മുണ്ടു മുറുക്കി ഉടുക്കുന്നതിനുപകരം വിഐപി യാത്രയ്ക്ക് ഹെലിക്കോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ 1.7 കോടി ചെലവാക്കിയതും ആരും മറന്നിട്ടുമില്ല. 2000 കോടി ലക്ഷ്യമിട്ട് നടത്തിയ 2018ലെ സാലറി ചലഞ്ചില്‍ ലഭിച്ചത് 1230 കോടി മാത്രമാണ്.
ഇത്തവണ ശമ്പളം പിടിക്കുന്നത് കൊവിഡ് പ്രതിരോധത്തിനാണെന്നുപോലും കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തുനിയാതിരുന്നത് അജ്ഞതയാണെന്നു കരുതാനാവില്ല. അത് കോടതിക്കും ബോധ്യപ്പെട്ടിരിക്കണം. അടിസ്ഥാനപരമായി നിരവധി കാര്യങ്ങള്‍ക്കുവേണ്ടിയാണ് ശമ്പളം പിടിക്കുന്നതെന്ന സര്‍ക്കാര്‍ നിലപാട് സംശയം ജനിപ്പിക്കുന്നതായിരുന്നു.
സാധാരണ ഗതിയില്‍ സര്‍ക്കാര്‍ ജോലിക്കാരുടെ ശമ്പളം പിടിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കേണ്ടതായിരുന്നു. കൊവിഡ് കാലത്ത് സംസ്ഥാനത്ത് അസാധാരണമായ സ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്ന് എല്ലാവര്‍ക്കും വ്യക്തവുമാണ്. എന്നാല്‍ ഉദാരമായ സംഭാവന ചോദിക്കുന്നതിനുപകരം എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ശമ്പളം പിടിച്ചെടുക്കാനുള്ള ശ്രമത്തെയാണ് ഹരജിക്കാര്‍ ചോദ്യം ചെയ്തത്. ഇവിടെയാണ് ശമ്പളം അവകാശമാണെന്ന നിയമ നിരീക്ഷണം ഉണ്ടാവുന്നത്.
പി.എസ്.സി പരീക്ഷ എഴുതി ജോലിയിലെത്തുന്ന ഒരു സാധാരണ ഉദ്യോഗാര്‍ഥിക്ക് 20 മുതല്‍ 25 വര്‍ഷം വരെയാണ് സര്‍വീസ് ലഭിക്കുക. ഇതിനിടയ്ക്ക് വിവാഹം, വീട്, കുട്ടികളുടെ പഠിത്തം, കുടുംബത്തെ പോറ്റുക എന്നിവയെല്ലാം അയാളുടെ ഉത്തരവാദിത്തമാണ്. ലഭിക്കുന്ന ശമ്പളം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഒരുമാസത്തെ ശമ്പളം നഷ്ടപ്പെടുക എന്നു പറയുന്നത് ഇടത്തരക്കാരായ ഇക്കൂട്ടര്‍ക്ക് താങ്ങാനാവില്ലെന്ന വസ്തുത ഗൗനിക്കേണ്ടതാണ്.
കൊവിഡ് കാലത്ത് അതിന്റെ തീഷ്ണത അറിയുന്നവരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണുതാനും. അവരില്‍ത്തന്നെ അവശ്യവിഭാഗത്തില്‍ പെടുന്നവരുടെ ശമ്പളം പോലും പിടിക്കുമായിരുന്നു.
പിടിക്കുന്ന ശമ്പളം സര്‍ക്കാര്‍ തിരികെ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും അത് ആരും വിശ്വാസത്തിലെടുത്തിരുന്നില്ല. സാമ്പത്തികബാധ്യതയില്‍ ഉഴറുന്ന സര്‍ക്കാര്‍ എന്നു കരകയറാനാണെന്ന ചോദ്യം പ്രസക്തവുമാണ്. ശമ്പളം പിടിക്കാനുള്ള ഉത്തരവില്‍ അത് തിരികെ നല്‍കുമെന്ന ഒരു വരി ചേര്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്നതും എടുത്തുപറയേണ്ടതാണ്.
സിംഗിള്‍ ബഞ്ചാണ് സര്‍ക്കാര്‍ ഉത്തരവ് രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത് എന്നതിനാല്‍ ഡിവിഷന്‍ ബഞ്ചില്‍ ഹരജി നല്‍കാന്‍ കഴിയും. എന്നാല്‍ അതിനിടെയുള്ള രണ്ടുമാസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കേണ്ടതുണ്ട്. ഉത്തരവ് നടപ്പായിരുന്നെങ്കില്‍ 12 ദിവസത്തെ ശമ്പളം കിഴിച്ച് ബാക്കി നല്‍കിയാല്‍ മതിയായിരുന്നു. ശമ്പളം നല്‍കാന്‍ പ്രയാസമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതാണ്. ഈ സാഹചര്യത്തില്‍ ആ പണവും കണ്ടെത്തേണ്ടിവരും. പോരാത്തതിന് 12 ശതമാനം ഡി.എ അനുവദിച്ചത് കൊടുക്കാന്‍ ബാക്കി നില്‍ക്കുന്നുമുണ്ട്.
കൊവിഡിനെ നേരിടാന്‍ ഏറ്റവും കൂടുതല്‍ തുക കേന്ദ്രത്തോട് ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. എണ്‍പതിനായിരം കോടി രൂപ. ഈ പിരിവെല്ലാം കഴിഞ്ഞ് ഈ തുക കൂടി കിട്ടിയാല്‍ എവിടേക്കുപോകുമെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ പാടില്ലല്ലോ. എറണാകുളത്ത് സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരേയുള്ള 15 ലക്ഷത്തിന്റെ  പ്രളയ ഫണ്ട് തട്ടിപ്പും ഇത്തരം വേറെ തട്ടിപ്പുകള്‍ ഇപ്പോഴും പുറത്തുവരുന്നതും ജനങ്ങള്‍ കാണുന്നുണ്ട്. ഇതിലൊന്നും നടപടികള്‍ ഫലപ്രദമല്ലാതെ വരുമ്പോള്‍ സ്വന്തം ശമ്പളം കൈവിട്ടുകളിക്കാന്‍ ആരും തയാറാകില്ലെന്നതാണ് കോടതിയില്‍ ഹരജി പോകാനുള്ള മറ്റൊരു കാരണം. അക്കാര്യം കോടതിക്കും ബോധ്യമായതിനാലായിരിക്കുമല്ലോ സ്റ്റേ.


Wednesday, March 18, 2020

24 ദിവസം, മൃതദേഹം പുറത്തെടുക്കാതെ അധികൃതര്‍; കരളലിയിക്കും ഇറ്റലിയില്‍ നിന്നുള്ള ഈ ദൃശ്യം


കൊച്ചി: ഇറ്റലിയിലെ മലയാളികള്‍ ജീവനുവേണ്ടി കേഴുന്ന വാര്‍ത്ത സുപ്രഭാതം പ്രസിദ്ധീകരിച്ചിരുന്നു. ഇത്ര ഭീകരാവസ്ഥ എന്തായിരിക്കുമെന്ന സംശയം സ്വാഭാവികം. ഈ ചിത്രം കാണുക. ഫേസ്ബുക്കില്‍ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത് നാപ്പോളിയിലെ സൂസി നാപ്പിയുടെ വാച്ച് പാര്‍ട്ടിയിലാണ്. ലൂക്ക ഫ്രാന്‍സിസെയുടെ കരഞ്ഞുകൊണ്ടുള്ള സന്ദേശമാണ് ഈ വിഡിയോയില്‍. ലൂക്കയുടെ പിന്നില്‍ കട്ടിലില്‍ സഹോദരി മരിച്ചുകിടക്കുന്നത് ഈ ചിത്രത്തില്‍ വ്യക്തമായി കാണാം.

24 ദിവസം മുന്‍പ് കൊറോണ ബാധിച്ച് മരിച്ചതാണവള്‍. ഇതുവരെ ഈ മൃതദേഹം പുറത്തെടുക്കാനോ തിരിഞ്ഞുനോക്കാനോ അധികൃതര്‍ക്ക് ആയിട്ടില്ലെന്ന് ഫ്രാന്‍സിസെ കേഴുമ്പോള്‍ നമുക്കും കണ്ണുനിറയും. ഇറ്റലിയില്‍ ഈ രോഗം വരുത്തിവച്ചതിന്റെ ഭീകരതയാണ് ഈ ദൃശ്യങ്ങള്‍ വരച്ചുകാട്ടുന്നത്. അസുഖം ബാധിക്കുന്നവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന ഒരവസ്ഥയിലാണ് ഈ രാജ്യമെന്ന സൂചന നല്‍കുന്ന തരത്തിലാണ് ഈ സംഭവത്തെ അവിടെയുള്ള മലയാളികള്‍ വിലയിരുത്തുന്നത്. ഇതാണ് അവര്‍ ജീവനുവേണ്ടി കേഴാന്‍ കാരണമെന്നതിന് ഇനി വിശദീകരണത്തിന്റെ ആവശ്യമില്ല. ഇപ്പോഴും പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ ഇവിടെ മുന്നില്‍ മലയാളികള്‍ തന്നെയാണെന്ന് അവിടെ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്നറിയുന്നു.

നാപ്പോളിയിലെ ഈ സംഭവം കാണാത്ത മലയാളികള്‍ ഇറ്റലിയിലില്ല. അതുകൊണ്ടുതന്നെ അവര്‍ കൂടുതല്‍ ഭയപ്പാടിലാണ്. എങ്ങനെയും നാട്ടിലെത്തിക്കണമെന്ന അപേക്ഷയിലാണവരിപ്പോഴും. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തങ്ങളുടെ വിലാപം കേള്‍ക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.

ഫോട്ടോ പതിച്ച ഇരിപ്പിടങ്ങള്‍ക്കു മുന്നില്‍ നിറകണ്ണുകളോടെ പുരോഹിതന്റെ കുര്‍ബാന, ഇറ്റലി കരയുകയാണ്‌



ഭക്തിപാരവശ്യത്തോടെ തിങ്ങി നിറയുന്ന വിശ്വാസികളില്ല. പകരം ഇരിപ്പിടങ്ങളില്‍ പതിച്ച ചിത്രങ്ങള്‍ക്കുമുന്നിലാല്‍ കുര്‍ബാന നടത്തുമ്പോള്‍ വികാരിയച്ചന്റെ കണ്ഠമിടറി..കണ്ണുകള്‍ നിറഞ്ഞൊഴുകി..

ആ കസേരയിലെ ചിത്രങ്ങളില്‍ എത്രപേര്‍ കൊറോണയെന്ന മഹാമാരിയെ അതിജീവിച്ചെന്ന് അദ്ദേഹത്തിന് അറിയില്ല. കൊറോണ ശവപ്പറമ്പാക്കിയ ഇറ്റലിയിലെ ലൊബാര്‍ഡിയയിലായിരുന്നു ഈ കാഴ്ച.
വീടുവിട്ട് പുറത്തിറങ്ങുന്നതിന് ഇറ്റലിയില്‍ വിലക്കുണ്ടായിരിക്കേ ആര്‍ക്കും കുര്‍ബാനയ്ക്ക് എത്താനാവില്ലെന്ന് അറിയാമായിരുന്ന വികാരിയച്ചന്‍ ഡോണ്‍ ജുസ്സേപ്പേ എല്ലാ ഇടവകക്കാരോടും കുടുംബാംഗങ്ങളുടെ ചിത്രം അയയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇടവക അടച്ചപ്പോള്‍ അവരെ ഓര്‍ക്കാനും അവര്‍ക്കുവേണ്ടി വിശുദ്ധകുര്‍ബാന അര്‍പ്പിക്കാനും വേണ്ടിയായിരുന്നു അത്. കൊറോണ ജീവന്‍ അപഹരിച്ചവരുടെ ചിത്രങ്ങള്‍ പോലും കുടുംബങ്ങള്‍ അയച്ചുകൊടുത്തു. ഈ ചിത്രങ്ങള്‍ കളര്‍ പ്രിന്റ് എടുത്ത് അംഗങ്ങള്‍ ആരാധനാ വേളകളില്‍ ഇരിക്കാറുള്ള അതേ ഇരിപ്പിടങ്ങളില്‍ പതിച്ചുവച്ച് അതിന്റെ മുന്നിലായിരുന്നു കുര്‍ബാന.
പുരോഹിതന്‍ കുര്‍ബാന നടത്തുമ്പോള്‍ ജീവന്‍ വെടിഞ്ഞ പ്രിയപ്പെട്ടവരെ ഓര്‍ത്ത് തോരാത്ത കണ്ണുനീരോടെ വീടുകള്‍ പ്രാര്‍ഥനയിലായിരുന്നു.

ലോബാര്‍ഡിയിലെ ചെറിയ പട്ടണമായ റോമ്പിയാനോ ഡി ജുസ്സാനോയിലാണ് ഫോട്ടോകള്‍ സാക്ഷിയാക്കി പുരോഹിതന്‍ കുര്‍ബാന നടത്തിയത്. ഇറ്റലിയില്‍ പള്ളികള്‍ എല്ലാം അടച്ചിടുവാന്‍ സര്‍ക്കാര്‍ ആവിശ്വപ്പെട്ടിരുന്നു. വിശ്വാസികളോടൊപ്പം ദിവ്യബലി അര്‍പ്പിക്കാനാവാത്ത ഒരു ഞായറാഴ്ച്ചയെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കാതെയാണ് വികാരിയച്ചന്‍ ഇടവകക്കാരോട് ഫോട്ടോകള്‍ അയക്കാന്‍ നിര്‍ദേശിച്ചത്. ഫോട്ടോ പ്രിന്റ് എടുത്ത് പ്രിന്ററിന്റെ മഷി തീര്‍ന്നു പോയിട്ടും വീണ്ടും ചിത്രങ്ങള്‍ മെയിലിലേക്ക് വന്നെന്ന് ജിസപ്പേ പറയുന്നു. കുട്ടിക്കള്‍ക്ക് അദ്ദേഹം മുന്നില്‍ത്തന്നെ ഇരിപ്പിടം നല്‍കി, അള്‍ത്താര ബാലകര്‍ക്ക് അള്‍ത്താരയിലും മുതിര്‍ന്നവര്‍ക്ക് പിന്നിലെ ഇരിപ്പിടങ്ങളും. റോമ്പിയാനോയിലെ ആ കൊച്ചു ദേവാലയം കൊറോണ കാലം കഴിഞ്ഞ് ഉയിര്‍ക്കുമ്പോള്‍ ഫോട്ടോകളില്‍ കണ്ടവര്‍ ജീവിച്ചിരിപ്പുണ്ടായിരിക്കണേയെന്നാണ് പുരോഹിതന്റെ പ്രാര്‍ഥന.