Sunday, July 1, 2018

ലോകം വ്യാപാര യുദ്ധ നിഴലില്‍

നൂറു വര്‍ഷ സഖ്യമെന്ന നിര്‍ദേശവുമായി അമേരിക്കന്‍ നയതന്ത്രജ്ഞന്‍ റെക്‌സ് ടില്ലേഴ്‌സണ്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയിരുന്നു. ചൈനയേയും പാകിസ്താനെയും കാട്ടി പേടിപ്പിച്ച് ചേരിചേരാ നയം വിടാനായിരുന്നു പ്രേരണ. ഒരു ഘട്ടത്തില്‍ മോദി ട്രംപിന് അടിപ്പെടുമെന്നുവരെ തോന്നിച്ചു. ഇതിനേക്കാള്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ച സമയങ്ങളില്‍ പോലും ചേരിചേരാനയത്തില്‍ നിന്ന് പിന്നോട്ടുപോയി വ്യക്തിത്വം കളഞ്ഞിട്ടില്ല. അമേരിക്കയ്ക്ക് ചൈനയും ഇന്ത്യയും തമ്മില്‍ ഭേദമില്ലെന്ന് ഇന്ത്യ മനസിലാക്കേണ്ടതുണ്ട്. ചൈനയോട് ഇപ്പോള്‍ വ്യാപാര യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് സായുധ ഏറ്റുമുട്ടലിനുള്ള സാഹചര്യത്തില്‍ നിന്ന് ചൈന പിന്‍വാങ്ങിയതുകൊണ്ടാണെന്ന് കരുതാം. യു.എസിന്റെ പോര് ചൈനയോടു മാത്രമല്ല ഇന്ത്യയുള്‍പ്പെടെയുള്ള സാമ്പത്തിക കുതിപ്പിനൊരുങ്ങുന്ന രാജ്യങ്ങളോടെല്ലാമാണ്. സ്വന്തമെന്നോ ബന്ധമെന്നോ പരിഗണനയില്ലാതെ ആരെയും സ്വന്തം നേട്ടത്തിനുവേണ്ടി എതിര്‍ക്കുന്ന മനോഭാവമാണ് അമേരിക്കക്കും ട്രംപിനും.

അമേരിക്ക ആദ്യം

ട്രംപ് അധികാരത്തിലേറിയപ്പോള്‍ത്തന്നെ സ്വീകരിച്ച നയം അമേരിക്ക ആദ്യം എന്നതാണ്. അമേരിക്കയുടെ വിദേശ നയമായി ഇത് പ്രഖ്യാപിക്കപ്പെട്ടതോടെ ഒന്നു മനസിലാക്കാം. യു.എസിനെ ആദ്യം എത്തുക, എത്തിക്കുക എന്നതു തന്നെയാണ് ട്രംപിന്റെ ഉള്ളില്‍. ഒന്നാമത് എത്തിക്കുക എന്നുവരുമ്പോള്‍ ആദ്യം ആരും എത്തരുതെന്ന് അര്‍ഥമുണ്ട്. അനുദിനം വളരുന്ന ഇന്ത്യന്‍ വിപണിയിലേക്ക് കണ്ണുപായിച്ച് അമേരിക്കന്‍ കമ്പനികള്‍ കാത്തിരിക്കുന്നതും ട്രംപിന്റെ ഇന്ത്യന്‍ നയത്തിന്റെ കാരണങ്ങളില്‍ പ്രധാനമാണ്. എന്നാല്‍ ഇന്ത്യ മെരുങ്ങുന്ന സ്വഭാവം കാട്ടാത്തതിനാല്‍ത്തന്നെ പാകിസ്താനെ സഖ്യത്തില്‍ നിന്നൊഴിവാക്കാനും അമേരിക്ക തയാറാവുന്നില്ല.
ചൈനയുടെ ഭീഷണി ഉയര്‍ത്തിക്കാട്ടി ഇന്ത്യയില്‍ വിപണി കണ്ടെത്താനാണ് യു.എസ് ശ്രമം. പാകിസ്താനുമായി ഉണ്ടായിരുന്ന സഖ്യം ഉപേക്ഷിച്ചത് അനുസ്യൂതം വളരുന്ന സാമ്പത്തിക ശക്തി ഇന്ത്യയാണെന്നു മനസിലാക്കിയാണ്. യു.എസ് ഉത്പന്നങ്ങള്‍ക്കുള്ള സാമ്പത്തിക ശേഷി പാകിസ്താനില്ല. ഇന്ത്യയില്‍ ഭീകരാക്രമണം തുടരുന്നത് അമേരിക്കയ്ക്ക് ആയുധവിപണി ഒരുക്കും. അഫ്ഗാനിസ്ഥാനിലെ താലിബാനുമായും ഇപ്പോള്‍ ചൈനയുമായുള്ള സംഘര്‍ഷങ്ങളിലും ഊറിച്ചിരിക്കുന്നത് അമേരിക്കയാണ്.
ഏഷ്യന്‍ മേഖലയില്‍ ചൈനയ്‌ക്കെതിരേ സൈനിക കൂട്ടുകെട്ട് എന്ന പേരിലാണ് അമേരിക്ക ഇന്ത്യയെ സ്വാധീനിച്ചത്. എന്നാല്‍ ഇന്ത്യ ജപ്പാനോടും ഓസ്‌ട്രേലിയയോടും വിയറ്റ്‌നാമിനോടും മലേഷ്യയോടും ഇന്‍ഡോനേഷ്യയോടുമൊക്കെ മമത പുലര്‍ത്തി അവരുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നതോടെ യു.എസിന് അങ്കലാപ്പായി. സാമ്പത്തിക-സായുധ ശക്തിയായി ഇന്ത്യ വളരുന്നതുകാണാന്‍ അവര്‍ക്കാവില്ലല്ലോ. സമ്മര്‍ദ തന്ത്രവുമായി മുട്ടാനൊരുങ്ങിയാല്‍ റഷ്യ എന്ന പിടിവള്ളി സജീവമാക്കുകയേ പോംവഴി ഉള്ളൂ. അതുവഴി ചൈനയുടെ ഭീഷണിയും ഒഴിവാക്കാം. ഇതുമനസിലാക്കിത്തന്നെയാവണം ടില്ലേഴ്‌സണ്‍ വരുമ്പോള്‍ പോലും റഷ്യയുമായി സൈനികാഭ്യാസത്തിന് ഇന്ത്യ മുതിര്‍ന്നത്. അമേരിക്കന്‍ പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ യു.എ.വികളും എഫ് 18, എഫ് 16 യുദ്ധ വിമാനങ്ങളുടെ മേഖലയിലെ സംഘര്‍ഷത്തിന്റെ മറവില്‍ ഇന്ത്യക്ക് വില്‍ക്കാന്‍ ഇതിനിടെ അമേരിക്ക കൊണ്ടുപിടിച്ച് ശ്രമിക്കുന്നത് ഇവിടെ കൂട്ടിവായിക്കാം. ഉന്നത സാങ്കേതിക നിലവാരത്തിലുള്ള സൈനിക-യുദ്ധോപകരണങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ സന്നദ്ധമാണെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നത് ഇന്ത്യയുടെ പോക്കറ്റ് കണ്ടാണ്. എന്നാല്‍ ഇന്ത്യയുടെ പ്രഖ്യാപിത മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിന്‍ കീഴില്‍ യുദ്ധോപകരണങ്ങള്‍ ഇവിടെ നിര്‍മിക്കാന്‍ അവര്‍ വൈമനസ്യം കാട്ടുന്നു.

വ്യാപാര യുദ്ധം

അമേരിക്ക ചൈനയോട് വാണിജ്യ യുദ്ധം പ്രഖ്യാപിച്ചത് വാര്‍ത്തകളില്‍ നിറയുമ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നുണ്ട്. സ്റ്റീലിനും അലൂമിനിയത്തിനും നികുതി വര്‍ധിപ്പിച്ചാണ് അമേരിക്ക ചൈനയ്ക്ക് ആദ്യ കൊട്ടുനല്‍കിയത്. ലോകത്ത് ഏറ്റവും അധികം സ്റ്റീല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ഫലത്തില്‍ ഇന്ത്യയുടെ മുഖത്തേറ്റ അടികൂടിയാണത്. കാരണം സ്റ്റീല്‍ ഉത്പാദനത്തില്‍ ഇന്ത്യയാണ് ചൈനയ്ക്ക് പിന്നില്‍. നാലാം സ്ഥാനത്ത് അമേരിക്കയും. നികുതി വര്‍ദ്ധനയില്‍ നിന്നൊഴിവാക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന അമേരിക്ക തള്ളിയതാണ് ഇതിനുതെളിവ്. അലൂമിനിയത്തില്‍ ചൈനയാണ് ഒന്നാമത്. നാലാമത്് അമേരിക്ക. അലൂമിനിയത്തില്‍ രണ്ടാംസ്ഥാനത്തുള്ള റഷ്യയെയും വെറുക്കപ്പെട്ടവരായതുകൊണ്ടുതന്നെ മൂന്നാം സ്ഥാനത്തുള്ള കാനഡയേയും ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നു. ഇരുമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ക്കും നികുതി അടിയാണ്. അവിടെയും ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ യഥാക്രമം ചൈനയും ഓസ്‌ട്രേലിയയും ബ്രസീലും ഇന്ത്യയുമാണ്.
ഇന്ത്യ അമേരിക്കയുടെ നികുതി വര്‍ധനവിനെ അതേ നാണയത്തിലാണ് നേരിടുന്നത്. അമേരിക്ക ഉത്പാദിപ്പിക്കുന്ന ബദാമിന്റെ സിംഹഭാഗവും, വാല്‍നട്ടും ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ഇന്ത്യയാണ്. അതുകൊണ്ടുതന്നെ ബദാമിന് 20 ശതമാനവും വാല്‍നട്ടിന് 120 ശതമാനവും അധിക നികുതി ചുമത്തി. ആപ്പിളിനും വെള്ളക്കടലയ്ക്കും തുവരയ്ക്കും നികുതി കൂട്ടുകയാണ്.
പല ഉത്പന്നങ്ങളും നിര്‍മിക്കുന്നതില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇന്ത്യയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമാണ്. ചൈനയ്‌ക്കെതിരേയെന്ന പേരിലുള്ള നടപടി ഫലത്തില്‍ മറ്റുള്ളവര്‍ക്കെതിരേ കൂടിയാണ്. അതാണ് ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ യു.എസിനെ എതിര്‍ക്കുന്നത്. അമേരിക്കയുടെ വിവിധ ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 25 ശതമാനം വരെ നികുതി കൂട്ടി ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന് ഒന്നര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ നികുതിയിനത്തില്‍ പല രാജ്യങ്ങളും ചുമത്തി. വില്‍പന കുറഞ്ഞതോടെ അമേരിക്കയ്ക്കു പുറത്ത് നിര്‍മിക്കാനുള്ള അവരുടെ ശ്രമത്തെ ട്രംപ് തടയുന്നു. ഇന്ത്യന്‍ ബൈക്കുകള്‍ക്ക് നികുതി ചുമത്തുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഈ ആവശ്യമുന്നയിച്ചപ്പോള്‍ മോദി അത് അക്ഷരംപ്രതി അനുസരിച്ചു. 75 ശതമാനം നികുതി 50 ശതമാനമാക്കി.

ഇറാന്റെ എണ്ണയും റഷ്യന്‍ ആയുധവും

ഇറാനെതിരേ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. കാലങ്ങളായുള്ള വാണിജ്യ-വ്യാപാര ബന്ധമാണ് ഇന്ത്യയും ഇറാനും തമ്മിലുള്ളത്, പ്രത്യേകിച്ച് എണ്ണ വാങ്ങുന്നതില്‍. ഇത് അടിയന്തരമായി നിര്‍ത്തണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതല്ലെങ്കില്‍ ഇറാനെതിരേയെന്നപോലെ ഇന്ത്യക്കെതിരേയും ഉപരോധം വരും. നവംബര്‍ നാലിനകം ഇറക്കുമതി നിര്‍ത്തണമെന്നാണാവശ്യം. മൂന്നു മുതല്‍ ആറു മാസത്തിനകം എല്ലാ രാജ്യങ്ങളും ഇറാനുമായുള്ള വ്യാപാരം അവസാനിപ്പിക്കണമെന്നും അതല്ലെങ്കില്‍ വ്യാപാര ഉപരോധം മറ്റുള്ളവരും നേരിടേണ്ടിവരുമെന്നാണ് ഭീഷണി. അമേരിക്ക ഭക്തനായ മോദി, കേട്ടയുടനെതന്നെ എണ്ണക്കമ്പനികളോട് ഇറാനില്‍ നിന്നുള്ള ഇറക്കുമതി പുനപ്പരിശോധിക്കാന്‍ നിര്‍ദേശിച്ചത് നാണക്കേടാണ്. ആണവ പരീക്ഷണം വിലക്കി 2012ല്‍ ഇറാനെതിരേ ഉപരോധം പ്രഖ്യാപിച്ചത് യൂറോപ്യന്‍ യൂണിയനും യു.എസും ചേര്‍ന്നായിരുന്നു. ആണവപദ്ധതികള്‍ വെട്ടിച്ചുരുക്കുന്നതു സംബന്ധിച്ച് ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ചൈന എന്നീ രാജ്യങ്ങളും യു.എസും ചേര്‍ന്ന് ഇറാനുമായി ഒപ്പുവച്ച കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറി. തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കുനേരേ ഭീഷണി. വഴങ്ങില്ലെന്ന് മറ്റു രാജ്യങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും ട്രംപിനു മുന്‍പില്‍ കുമ്പിടുന്ന മോദി രാജ്യത്തിനു നാണക്കേടാണ്. നേരത്തെ ഇറാനെതിരേ സാമ്പത്തിക ഉപരോധമുണ്ടായപ്പോള്‍ എണ്ണവില രൂപയില്‍ നല്‍കി യൂകോ ബാങ്കും തുര്‍ക്കിയിലെ ബാങ്കുമാണ് ഇന്ത്യയെ സഹായിച്ചത്. ഇപ്പോള്‍ യൂറോ നിരക്കില്‍ എസ്.ബി.ഐ ജര്‍മന്‍ ബാങ്കുമായി ചേര്‍ന്ന് പണം നല്‍കുന്നു. ഡോളറിന്റെ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ വഴങ്ങേണ്ടതില്ല. റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടതും അടുത്തിടെയാണ്. തുര്‍ക്കി ഈ നിര്‍ദേശം ഇതുവരെ സ്വീകരിച്ചിട്ടില്ല. ട്രയംഫ് എന്ന പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്നു വാങ്ങിയാല്‍ പിന്നീട് അമേരിക്ക സാങ്കേതിക യുദ്ധോപകരണങ്ങള്‍ നല്‍കില്ലെന്നാണ് ഇന്ത്യക്കുള്ള ഭീഷണി.

ലോക മാന്ദ്യം

അമേരിക്ക വ്യാപാര യുദ്ധം പ്രഖ്യാപിച്ചതോടെ ലോക വളര്‍ച്ചാ നിരക്ക് കൂപ്പുകുത്തുമെന്ന് ആശങ്കയുണ്ട്. സാമ്പത്തിക രാജ്യങ്ങളെല്ലാം ഭീഷണിയിലാണ്. വളര്‍ച്ചാ നിരക്ക് മുരടിക്കുന്നതോടെ വന്‍ സാമ്പത്തിക മാന്ദ്യമാണ് വരാന്‍പോകുന്നത്. മറ്റ് രാജ്യങ്ങളുടെ മേല്‍ വാണിജ്യ നിയന്ത്രണം അടിച്ചേല്‍പിക്കുന്ന അമേരിക്ക സ്വന്തം കുഴിമാടം കൂടിയാണ് തോണ്ടുന്നതെന്ന് മനസിലാക്കുന്നില്ല. ഇതു നാശത്തിലേക്കാണെന്നും അമേരിക്കയും പരിണത ഫലം അനുഭവിക്കുമെന്നുമാണ് ബ്രിട്ടീഷ് ധനമന്ത്രി ഫിലിപ് ഹാമണ്ടിന്റെ മുന്നറിയിപ്പ്.

No comments:

Post a Comment