Wednesday, April 29, 2020

ഏകപക്ഷീയ ഉത്തരവിനേറ്റ തിരിച്ചടി


കൊച്ചി: ജീവനക്കാരോട് ചര്‍ച്ചയ്ക്കുപോലും മുതിരാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കാനൊരുങ്ങിയ നടപടിക്കേറ്റ തിരിച്ചടിയായിവേണം ഹൈക്കോടതി ഉത്തരവിനെ കാണാന്‍.
വ്യക്തമായ കാരണം പോലും വിശദീകരിക്കാനില്ലാതെയാണ് ശമ്പളം പിടിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നുള്ള ഹൈക്കോടതിയുടെ നിരീക്ഷണം പ്രധാനപ്പെട്ടതാണ്. പ്രളയകാലത്ത് പുനരുദ്ധാരണം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തവണ ശമ്പളം പിടിച്ചത്. 60 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമാണ് അന്ന് ശമ്പളം നല്‍കി സഹകരിച്ചത്.
കിട്ടിയ പണത്തിന്റെ സിംഹഭാഗവും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ജംബോ പരിവാരങ്ങളുടെ ഊരു ചുറ്റലിനും ഉന്നത കാബിനറ്റ് പോസ്റ്റുകള്‍ക്കുമാണ് വിനിയോഗിക്കപ്പെട്ടത്.
മുന്‍ എം.പി സമ്പത്തിനെ സര്‍ക്കാര്‍ പ്രതിനിധിയായി കാബിനറ്റ് റാങ്ക് നല്‍കി ഡല്‍ഹിയില്‍ അയച്ചതും സി.പി.ഐ എം.എല്‍.എ കെ രാജനെ ചീഫ് വിപ്പാക്കിയതും അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദിനും വി.എസിനും ബാലകൃഷ്ണപിള്ളയ്ക്കും കാബിനറ്റ് റാങ്ക് നല്‍കിയതും പ്രളയബാധയ്ക്ക് ശേഷമായിരുന്നല്ലോ.
കൊവിഡുകാലത്തുപോലും മുണ്ടു മുറുക്കി ഉടുക്കുന്നതിനുപകരം വിഐപി യാത്രയ്ക്ക് ഹെലിക്കോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ 1.7 കോടി ചെലവാക്കിയതും ആരും മറന്നിട്ടുമില്ല. 2000 കോടി ലക്ഷ്യമിട്ട് നടത്തിയ 2018ലെ സാലറി ചലഞ്ചില്‍ ലഭിച്ചത് 1230 കോടി മാത്രമാണ്.
ഇത്തവണ ശമ്പളം പിടിക്കുന്നത് കൊവിഡ് പ്രതിരോധത്തിനാണെന്നുപോലും കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തുനിയാതിരുന്നത് അജ്ഞതയാണെന്നു കരുതാനാവില്ല. അത് കോടതിക്കും ബോധ്യപ്പെട്ടിരിക്കണം. അടിസ്ഥാനപരമായി നിരവധി കാര്യങ്ങള്‍ക്കുവേണ്ടിയാണ് ശമ്പളം പിടിക്കുന്നതെന്ന സര്‍ക്കാര്‍ നിലപാട് സംശയം ജനിപ്പിക്കുന്നതായിരുന്നു.
സാധാരണ ഗതിയില്‍ സര്‍ക്കാര്‍ ജോലിക്കാരുടെ ശമ്പളം പിടിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കേണ്ടതായിരുന്നു. കൊവിഡ് കാലത്ത് സംസ്ഥാനത്ത് അസാധാരണമായ സ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്ന് എല്ലാവര്‍ക്കും വ്യക്തവുമാണ്. എന്നാല്‍ ഉദാരമായ സംഭാവന ചോദിക്കുന്നതിനുപകരം എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ശമ്പളം പിടിച്ചെടുക്കാനുള്ള ശ്രമത്തെയാണ് ഹരജിക്കാര്‍ ചോദ്യം ചെയ്തത്. ഇവിടെയാണ് ശമ്പളം അവകാശമാണെന്ന നിയമ നിരീക്ഷണം ഉണ്ടാവുന്നത്.
പി.എസ്.സി പരീക്ഷ എഴുതി ജോലിയിലെത്തുന്ന ഒരു സാധാരണ ഉദ്യോഗാര്‍ഥിക്ക് 20 മുതല്‍ 25 വര്‍ഷം വരെയാണ് സര്‍വീസ് ലഭിക്കുക. ഇതിനിടയ്ക്ക് വിവാഹം, വീട്, കുട്ടികളുടെ പഠിത്തം, കുടുംബത്തെ പോറ്റുക എന്നിവയെല്ലാം അയാളുടെ ഉത്തരവാദിത്തമാണ്. ലഭിക്കുന്ന ശമ്പളം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഒരുമാസത്തെ ശമ്പളം നഷ്ടപ്പെടുക എന്നു പറയുന്നത് ഇടത്തരക്കാരായ ഇക്കൂട്ടര്‍ക്ക് താങ്ങാനാവില്ലെന്ന വസ്തുത ഗൗനിക്കേണ്ടതാണ്.
കൊവിഡ് കാലത്ത് അതിന്റെ തീഷ്ണത അറിയുന്നവരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണുതാനും. അവരില്‍ത്തന്നെ അവശ്യവിഭാഗത്തില്‍ പെടുന്നവരുടെ ശമ്പളം പോലും പിടിക്കുമായിരുന്നു.
പിടിക്കുന്ന ശമ്പളം സര്‍ക്കാര്‍ തിരികെ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും അത് ആരും വിശ്വാസത്തിലെടുത്തിരുന്നില്ല. സാമ്പത്തികബാധ്യതയില്‍ ഉഴറുന്ന സര്‍ക്കാര്‍ എന്നു കരകയറാനാണെന്ന ചോദ്യം പ്രസക്തവുമാണ്. ശമ്പളം പിടിക്കാനുള്ള ഉത്തരവില്‍ അത് തിരികെ നല്‍കുമെന്ന ഒരു വരി ചേര്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്നതും എടുത്തുപറയേണ്ടതാണ്.
സിംഗിള്‍ ബഞ്ചാണ് സര്‍ക്കാര്‍ ഉത്തരവ് രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത് എന്നതിനാല്‍ ഡിവിഷന്‍ ബഞ്ചില്‍ ഹരജി നല്‍കാന്‍ കഴിയും. എന്നാല്‍ അതിനിടെയുള്ള രണ്ടുമാസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കേണ്ടതുണ്ട്. ഉത്തരവ് നടപ്പായിരുന്നെങ്കില്‍ 12 ദിവസത്തെ ശമ്പളം കിഴിച്ച് ബാക്കി നല്‍കിയാല്‍ മതിയായിരുന്നു. ശമ്പളം നല്‍കാന്‍ പ്രയാസമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതാണ്. ഈ സാഹചര്യത്തില്‍ ആ പണവും കണ്ടെത്തേണ്ടിവരും. പോരാത്തതിന് 12 ശതമാനം ഡി.എ അനുവദിച്ചത് കൊടുക്കാന്‍ ബാക്കി നില്‍ക്കുന്നുമുണ്ട്.
കൊവിഡിനെ നേരിടാന്‍ ഏറ്റവും കൂടുതല്‍ തുക കേന്ദ്രത്തോട് ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. എണ്‍പതിനായിരം കോടി രൂപ. ഈ പിരിവെല്ലാം കഴിഞ്ഞ് ഈ തുക കൂടി കിട്ടിയാല്‍ എവിടേക്കുപോകുമെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ പാടില്ലല്ലോ. എറണാകുളത്ത് സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരേയുള്ള 15 ലക്ഷത്തിന്റെ  പ്രളയ ഫണ്ട് തട്ടിപ്പും ഇത്തരം വേറെ തട്ടിപ്പുകള്‍ ഇപ്പോഴും പുറത്തുവരുന്നതും ജനങ്ങള്‍ കാണുന്നുണ്ട്. ഇതിലൊന്നും നടപടികള്‍ ഫലപ്രദമല്ലാതെ വരുമ്പോള്‍ സ്വന്തം ശമ്പളം കൈവിട്ടുകളിക്കാന്‍ ആരും തയാറാകില്ലെന്നതാണ് കോടതിയില്‍ ഹരജി പോകാനുള്ള മറ്റൊരു കാരണം. അക്കാര്യം കോടതിക്കും ബോധ്യമായതിനാലായിരിക്കുമല്ലോ സ്റ്റേ.


No comments:

Post a Comment