Wednesday, March 18, 2020

ഫോട്ടോ പതിച്ച ഇരിപ്പിടങ്ങള്‍ക്കു മുന്നില്‍ നിറകണ്ണുകളോടെ പുരോഹിതന്റെ കുര്‍ബാന, ഇറ്റലി കരയുകയാണ്‌



ഭക്തിപാരവശ്യത്തോടെ തിങ്ങി നിറയുന്ന വിശ്വാസികളില്ല. പകരം ഇരിപ്പിടങ്ങളില്‍ പതിച്ച ചിത്രങ്ങള്‍ക്കുമുന്നിലാല്‍ കുര്‍ബാന നടത്തുമ്പോള്‍ വികാരിയച്ചന്റെ കണ്ഠമിടറി..കണ്ണുകള്‍ നിറഞ്ഞൊഴുകി..

ആ കസേരയിലെ ചിത്രങ്ങളില്‍ എത്രപേര്‍ കൊറോണയെന്ന മഹാമാരിയെ അതിജീവിച്ചെന്ന് അദ്ദേഹത്തിന് അറിയില്ല. കൊറോണ ശവപ്പറമ്പാക്കിയ ഇറ്റലിയിലെ ലൊബാര്‍ഡിയയിലായിരുന്നു ഈ കാഴ്ച.
വീടുവിട്ട് പുറത്തിറങ്ങുന്നതിന് ഇറ്റലിയില്‍ വിലക്കുണ്ടായിരിക്കേ ആര്‍ക്കും കുര്‍ബാനയ്ക്ക് എത്താനാവില്ലെന്ന് അറിയാമായിരുന്ന വികാരിയച്ചന്‍ ഡോണ്‍ ജുസ്സേപ്പേ എല്ലാ ഇടവകക്കാരോടും കുടുംബാംഗങ്ങളുടെ ചിത്രം അയയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇടവക അടച്ചപ്പോള്‍ അവരെ ഓര്‍ക്കാനും അവര്‍ക്കുവേണ്ടി വിശുദ്ധകുര്‍ബാന അര്‍പ്പിക്കാനും വേണ്ടിയായിരുന്നു അത്. കൊറോണ ജീവന്‍ അപഹരിച്ചവരുടെ ചിത്രങ്ങള്‍ പോലും കുടുംബങ്ങള്‍ അയച്ചുകൊടുത്തു. ഈ ചിത്രങ്ങള്‍ കളര്‍ പ്രിന്റ് എടുത്ത് അംഗങ്ങള്‍ ആരാധനാ വേളകളില്‍ ഇരിക്കാറുള്ള അതേ ഇരിപ്പിടങ്ങളില്‍ പതിച്ചുവച്ച് അതിന്റെ മുന്നിലായിരുന്നു കുര്‍ബാന.
പുരോഹിതന്‍ കുര്‍ബാന നടത്തുമ്പോള്‍ ജീവന്‍ വെടിഞ്ഞ പ്രിയപ്പെട്ടവരെ ഓര്‍ത്ത് തോരാത്ത കണ്ണുനീരോടെ വീടുകള്‍ പ്രാര്‍ഥനയിലായിരുന്നു.

ലോബാര്‍ഡിയിലെ ചെറിയ പട്ടണമായ റോമ്പിയാനോ ഡി ജുസ്സാനോയിലാണ് ഫോട്ടോകള്‍ സാക്ഷിയാക്കി പുരോഹിതന്‍ കുര്‍ബാന നടത്തിയത്. ഇറ്റലിയില്‍ പള്ളികള്‍ എല്ലാം അടച്ചിടുവാന്‍ സര്‍ക്കാര്‍ ആവിശ്വപ്പെട്ടിരുന്നു. വിശ്വാസികളോടൊപ്പം ദിവ്യബലി അര്‍പ്പിക്കാനാവാത്ത ഒരു ഞായറാഴ്ച്ചയെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കാതെയാണ് വികാരിയച്ചന്‍ ഇടവകക്കാരോട് ഫോട്ടോകള്‍ അയക്കാന്‍ നിര്‍ദേശിച്ചത്. ഫോട്ടോ പ്രിന്റ് എടുത്ത് പ്രിന്ററിന്റെ മഷി തീര്‍ന്നു പോയിട്ടും വീണ്ടും ചിത്രങ്ങള്‍ മെയിലിലേക്ക് വന്നെന്ന് ജിസപ്പേ പറയുന്നു. കുട്ടിക്കള്‍ക്ക് അദ്ദേഹം മുന്നില്‍ത്തന്നെ ഇരിപ്പിടം നല്‍കി, അള്‍ത്താര ബാലകര്‍ക്ക് അള്‍ത്താരയിലും മുതിര്‍ന്നവര്‍ക്ക് പിന്നിലെ ഇരിപ്പിടങ്ങളും. റോമ്പിയാനോയിലെ ആ കൊച്ചു ദേവാലയം കൊറോണ കാലം കഴിഞ്ഞ് ഉയിര്‍ക്കുമ്പോള്‍ ഫോട്ടോകളില്‍ കണ്ടവര്‍ ജീവിച്ചിരിപ്പുണ്ടായിരിക്കണേയെന്നാണ് പുരോഹിതന്റെ പ്രാര്‍ഥന.

No comments:

Post a Comment