Sunday, June 10, 2018

മന്ദ്‌സൗര്‍ മറക്കാതെ മധ്യപ്രദേശ്


മന്ദ്‌സൗര്‍ സംഭവം ഓര്‍ക്കുന്നില്ലേ. വിശപ്പടക്കാന്‍ വിളകള്‍ക്ക് ന്യായവില ചോദിച്ച് അധികാരികള്‍ക്ക് സ്വീകാര്യമല്ലാത്ത സമരത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ അഞ്ചു കര്‍ഷകര്‍ വെടിയുണ്ടകളേറ്റ് തെരുവില്‍ പിടഞ്ഞു മരിച്ച സംഭവം. രാജ്യത്തെ കരയിപ്പിച്ച സംഭവം വീണ്ടും ഓര്‍മയിലേക്കെത്തുന്നതിന് കാരണമുണ്ട്. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് വരുന്നു. ഈ വര്‍ഷം നവംബറിലാണ് 230 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ്്.
മന്ദ്‌സൗറിലെ കര്‍ഷകര്‍ അക്രമികളല്ല. പച്ചപ്പാവങ്ങളായ അവര്‍ വിളനാശം നേരിട്ടതില്‍ വായ്പ എഴുതിത്തള്ളണമെന്നും ന്യായവില നല്‍കണമെന്നും ആവശ്യപ്പെട്ട് സമരത്തിലേര്‍പ്പെട്ടു. സമാധാനപരമായ സമരം അഞ്ചുദിവസം പിന്നിട്ടിട്ടും ഒന്നരപ്പതിറ്റാണ്ടായി സംസ്ഥാനത്തിന്റെ നിയന്ത്രണം കയ്യാളുന്ന ബി.ജെ.പി സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. അതോടെ ക്ഷമ നശിച്ച കര്‍ഷക പ്രക്ഷോഭത്തിന്റെ രൂപം മാറി. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ വിശദീകരണ റിപ്പോര്‍ട്ടില്‍ അക്രമാസക്തരായ കര്‍ഷകരെ പിരിച്ചുവിടാന്‍ ആദ്യം ലാത്തിച്ചാര്‍ജും തുടര്‍ന്ന് കണ്ണീര്‍ വാതകവും പിന്നീട് വെടിവയ്പും നടത്തിയെന്നാണ്. ജൂണ്‍ ആറിന് പാപ് ലിയ മാണ്ഡിയില്‍ മൂന്നു കര്‍ഷകരും ഭായ് ചൗപതിയില്‍ രണ്ടു കര്‍ഷകരുമാണ് കൊല്ലപ്പെട്ടത്.

കര്‍ഷകര്‍ പറയുന്നത്

സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് അവരുടെ താല്‍പര്യം സംരക്ഷിക്കാനാണല്ലോ. പാവം കര്‍ഷകര്‍ അന്നും ഇന്നും തറപ്പിച്ചു പറയുന്നത് പൊലിസ് വെടിവയ്പിന് കാരണമായ ഒരു നീക്കവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ്. മരിച്ചവരില്‍ നാലുപേരും പ്രബല ജാതിയായ പാട്ടീദാര്‍ വിഭാഗത്തില്‍പെട്ടവരായിരുന്നു. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന് ഈ വിഭാഗത്തിന്റെ അപ്രീതി തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഹാര്‍ദിക് പട്ടേലിന്റെ ഗുജറാത്ത് പ്രക്ഷോഭങ്ങളാണ് ചൗഹാനെ ചൊടിപ്പിച്ചതെന്നാണ് ആരോപണം. കര്‍ഷകര്‍ വെടിയേറ്റുമരിച്ചിട്ടും ദുഖം പ്രകടിപ്പിക്കുകയോ ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കുകയോ ഉണ്ടായില്ല. പകരം രണ്ടായിരത്തിലധികം കര്‍ഷകര്‍ക്കെതിരേ നിരവധി കള്ളക്കേസുകള്‍ ചുമത്തപ്പെട്ടു. 23 കേസുകള്‍ വരെ നേരിടുന്ന കര്‍ഷകരുണ്ട് മധ്യപ്രദേശില്‍. വരുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ ആര്‍ക്കു വോട്ടു ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.?

മന്ദ്‌സൗറിലെ സമരം

മന്ദ്‌സൗറില്‍ കൃഷിക്കാര്‍ സമരത്തിനിറങ്ങിയപ്പോള്‍ത്തന്നെ സര്‍ക്കാരിനോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ന്യായവില ലഭിക്കുന്നില്ല, കാരണം വിള ശേഖരിക്കുന്ന കച്ചവടക്കാര്‍. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഇവര്‍ സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ സ്വന്തമാക്കി കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നെന്നാണ് ആരോപണം. ഇന്നും ഇവരെ കൃഷിക്കാര്‍ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്.
വെടിവയ്പിന് രണ്ടു മാസത്തിനുശേഷം ഭവന്തര്‍ ഭുക്താന്‍ യോജന എന്ന പദ്ധതി നടപ്പാക്കി. ഇതുപ്രകാരം ശരാശരി മൊത്തവിലയും കുറഞ്ഞ താങ്ങുവിലയും തമ്മിലുള്ള അന്തരം കൃഷിക്കാര്‍ക്ക് പണമായി നല്‍കാനായിരുന്നു തീരുമാനം. സോയാബീന്‍, ഉഴുന്ന്, എള്ള് തുടങ്ങി ഏഴു വിളകളാണ് പദ്ധതിയില്‍പെടുത്തിയത്. 2017 ഓഗസ്റ്റ് മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ ആറര ലക്ഷത്തോളം കര്‍ഷകരാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട് 1900 കോടിയോളം രൂപയുടെ ആനുകൂല്യം നേടിയതായി കണക്കുകളുള്ളത്.

ഇപ്പോഴത്തെ സമരം

സര്‍ക്കാര്‍ ഒഴുക്കിയ കോടികളുടെ ഗുണം തങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ഷകരുടെ ഇപ്പോഴത്തെ സമരം. പഴവും പച്ചക്കറികളും പാല്‍ ഉത്പന്നങ്ങളും തെരുവില്‍ വിതറി അവര്‍ പ്രതിഷേധിച്ചു. ഇത്തവണയും പ്രതിസ്ഥാനത്ത് കച്ചവടക്കാരാണ്. മുമ്പ് ശേഖരിച്ചിരുന്ന വിലയുടെ നാലിലൊന്നേ ലഭിക്കുന്നുള്ളൂ എന്നും പദ്ധതി പ്രകാരം പണം ലഭിക്കണമെങ്കില്‍ ഒരു പ്രത്യേക കാലയളവില്‍ കൃഷി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയുണ്ടെന്നുമാണ് കൃഷിക്കാരുടെ ആരോപണം. ഭവന്തര്‍ പദ്ധതിയിലുള്ള വിളയ്ക്ക് വില ഉയരാന്‍ കച്ചവടക്കാര്‍ സമ്മതിക്കില്ല. കിട്ടിയ വിലയ്ക്ക് വില്‍ക്കാന്‍ അവസാനം കൃഷിക്കാര്‍ നിര്‍ബന്ധിതരാകുന്നു. പദ്ധതി കാലയളവ് അവസാനിക്കുന്ന മുറയ്ക്ക് വിളകളുടെ വില കുത്തനെ ഉയരും. അതിന്റെ ആനുകൂല്യം കച്ചവടക്കാര്‍ക്കാണ് ലഭിക്കുക. കൃഷിക്കാരന് എത്ര പണം വരെ കിട്ടും, എന്നു കിട്ടും ഇത്തരം കാര്യങ്ങളിലൊന്നും വ്യക്തതയില്ലാത്തതും കൃഷിക്കാരുടെ ഇപ്പോഴത്തെ പ്രതിഷേധത്തിനുകാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ പോലും ഇതു സമ്മതിക്കുന്നു. വിളകള്‍ക്ക് ഭവന്തര്‍ പദ്ധതിക്കാലത്തേതിനേക്കാള്‍ ക്വിന്റലിന് ആയിരത്തിലധികം രൂപ കൂടുന്നതായി കോണ്‍ഗ്രസും ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസിന്റെ പ്രതീക്ഷ

ചൗഹാനെതിരേ ഭരണവിരുദ്ധ വികാരം മധ്യപ്രദേശിലെങ്ങും അലയടിക്കുന്നു. ഇതില്‍ പ്രധാനം കര്‍ഷരുടെ പ്രശ്‌നങ്ങള്‍തന്നെയാണ്. മന്ദ്‌സൗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉത്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എത്തിയതും വെടിയേറ്റു മരിച്ച കര്‍ഷകരുടെ ബന്ധുക്കളെ കണ്ടതും ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് മായാവതിയുടെ ബി.എസ്.പിയുമായി ധാരണ ഉണ്ടാക്കിയതും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നു. ഇതിനൊക്കെപ്പുറമേ കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം വിജയക്കൊടി പാറിക്കാനായി എന്നതും സംസ്ഥാനത്ത് അനുകൂല സാഹചര്യമാണുള്ളതെന്ന തിരിച്ചറിവിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചിട്ടുമുണ്ട്. സംസ്ഥാന കോണ്‍ഗ്രസില്‍ കമല്‍നാഥിന്റെ പിണക്കം തീര്‍ന്ന സ്ഥിതിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. മധ്യപ്രദേശിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് ഇനി കോണ്‍ഗ്രസിന്റെ പ്രകടനമാവും നിര്‍ണായകം.


No comments:

Post a Comment