Saturday, May 5, 2018



പണം കട്ടുമുങ്ങിയ
പെരുച്ചാഴികളെ തേടി

ബാങ്കുകളെയും മറ്റു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കി പണം കട്ടു മുങ്ങുന്ന പെരുച്ചാഴികള്‍ രാജ്യത്തെമ്പാടുമുണ്ട്. ചെറുതും വലുതുമായ ഇത്തരക്കാരാണ് ഏതു രാജ്യത്തിന്റെയും സാമ്പത്തിക സ്ഥിതി തന്നെ അവതാളത്തിലാക്കുന്നത്. ഇന്നലെയ്ക്കു മുന്‍പ് അത് ആരൊക്കെയോ ആയിരുന്നു. മുഖങ്ങളില്ലാത്തവര്‍. ഇന്നലെ തെളിഞ്ഞ മുഖങ്ങളില്‍ മദ്യമുതലാളി വിജയ് മല്യയുണ്ടായിരുന്നെങ്കില്‍ ഇന്ന് തെളിഞ്ഞ മുഖങ്ങളില്‍ വജ്രവ്യാപാരി നീരവ് മോദിയാണുള്ളത്. നാളെ തെളിഞ്ഞേക്കാവുന്ന മുഖങ്ങളില്‍ ഇന്ന് ആര്‍ഭാടങ്ങളുടെ വെള്ളിവെളിച്ചത്തില്‍ വിരാജിക്കുന്ന ഏതെങ്കിലും കള്ള ബടുക്കൂസുകളുണ്ടായേക്കാം. രാജ്യം ഇന്ന് ഭയപ്പെടുന്നത് ഇത്തരക്കാരെയാണ്. ഇവര്‍ രാജ്യത്തിനകത്തുനിന്ന് സാധാരണക്കാരന്റെ കഞ്ഞിയില്‍ പാറ്റയിടാന്‍ ശ്രമിക്കുമ്പോള്‍ അതിര്‍ത്തിയില്‍ പാകിസ്താനും ചൈനയും ഉയര്‍ത്തുന്ന ഭീഷണി എത്രയോ നിസാരം.

അടിയേല്‍ക്കുന്നതോ
ധാരണക്കാര്‍ക്ക്

ബാങ്കുകളെ ശതകോടികള്‍ വെട്ടിച്ച് മുങ്ങുന്ന മോദിമാരും മല്യമാരും സാധാരണക്കാരന്‍ വിയര്‍പ്പൊഴുക്കി ജീവിതകാലം ഹോമിച്ചുണ്ടാക്കുന്ന പിച്ചക്കാശാണ് ശൂന്യമാക്കുന്നത്. വായില്‍ വെള്ളിക്കരണ്ടിയുമായി പിറക്കുന്ന ഇത്തരക്കാര്‍ക്ക് അരവയര്‍ പോലും നിറയാതെ മുണ്ടു മുറുക്കുന്ന കര്‍ഷകനെ ഗൗനിക്കേണ്ടതില്ല. ഇവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ ജനപ്രതിനിധികള്‍ക്കോ അവര്‍ രൂപീകരിക്കുന്ന സര്‍ക്കാരുകള്‍ക്കോ കഴിഞ്ഞ കാലങ്ങളിലൊന്നും സാധിക്കാതെ പോയത് അവരുമായുള്ള അവിഹിത ബന്ധങ്ങളായിരുന്നെന്നുള്ളത് ഇന്ന് രഹസ്യമല്ലാതായിരിക്കുന്നു. ജനാക്രോശമുയരുമ്പോള്‍ ഭരണാധികാരികള്‍ വീണു മണ്ണടിയും. അതിനുമുന്‍പ് പണം കട്ടവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതുണ്ടല്ലോ. അതാണ് കട്ടവരെ കണ്ടെത്തി നാട്ടിലെത്തിക്കാനും അവന്റെ സര്‍വതും കണ്ടുകെട്ടാനുമുള്ള പുതിയ നിയമം ലക്ഷ്യമിടുന്നത്.

പുതിയ സാമ്പത്തിക
കുറ്റകൃത്യ നിയമം

പിടികിട്ടാപ്പുള്ളകളായ സാമ്പത്തിക കുറ്റവാളികളെ ലക്ഷ്യമിട്ടാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യം നടത്തുകയും നിയമപ്രശ്‌നങ്ങളില്‍ നിന്നു രക്ഷപ്പെടാനും കോടതിയുടെ അറസ്റ്റ് വാറണ്ടില്‍ നിന്നു തടിതപ്പാനും രാജ്യം വിട്ടവരും വിടുന്നവരുമാണ് ഈ നിയമം വഴി കുടുങ്ങാന്‍ പോകുന്നത്. നിയമവിധേയരാവാന്‍ രാജ്യത്തേക്ക് മടങ്ങാന്‍ വൈമനസ്യമുള്ളവരെ തിരിച്ചെത്തിക്കാനും ഈ നിയമത്തിലൂടെ സാധിക്കും. ഇതിനൊക്കെയൊപ്പം പുതിയ ഓര്‍ഡിനന്‍സ് മറ്റൊന്നുകൂടി വ്യവസ്ഥ ചെയ്യുന്നുണ്ട്. കുറ്റവാളിയുടേതായി രാജ്യത്തിനകത്തും പുറത്തുമുള്ള സകല സ്ഥാവര ജംഗമ സ്വത്തുവകകളും കണ്ടുകെട്ടാനുള്ള വ്യവസ്ഥയാണത്. സ്വത്തുകണ്ടുകെട്ടുന്ന ഉത്തരവിടുന്നതിനുമുന്‍പ് കുറ്റവാളി ഇന്ത്യയിലെത്തി നിയമവിധേയനായാല്‍ അതില്‍ നിന്ന് താല്‍ക്കാലികമായി രക്ഷപ്പെടാം. എങ്കിലും വെട്ടിച്ചെടുത്ത പണത്തിന് സമാധാനം കണ്ടേതീരൂ. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ഓര്‍ഡിനന്‍സ് (എഫ്.ഇ.ഒ.ഒ) എന്നാണ് ഈ നിയമം അറിയപ്പെടുക. 100 കോടിയോ അതിലധികമോ രൂപ വെട്ടിക്കുന്നവരെയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള കേസുകള്‍ മാത്രം കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതിയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്ല്. 2002ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലെന്‍ഡറിങ് ആക്ടിനു (പി.എം.എല്‍.എ) കീഴിലായിരിക്കും് കോടതി. അന്വേഷണ ഏജന്‍സി, ഒരാള്‍ സാമ്പത്തിക കുറ്റകൃത്യം ചെയ്തിരിക്കുന്നു എന്നറിയിച്ചാല്‍ കോടതിക്ക് അയാള്‍ ഒളിവിലാണെങ്കില്‍ പണംതട്ടി മുങ്ങിയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കാനാവും.

കാലതാമസം
ആരെ രക്ഷിക്കാന്‍

ഓര്‍ഡിനന്‍സ് വന്നതൊക്കെ ശരി. എങ്കിലും ഇത്തരത്തില്‍ ഉള്ള നിയമനടപടികള്‍ എന്തേ ഇത്രയും വൈകിയെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. സാധാരണക്കാരന്റെ പണം ഉപരിവര്‍ഗത്തിലെ മുതലാളിമാര്‍ കട്ടുകൊണ്ടുപോകുന്നത് അറിയാതിരുന്നിട്ടാണോ. അതോ കാണാതിരുന്നതോ കണ്ണുമൂടിയതോ. വിരല്‍ എവിടേക്കൊക്കെ ചൂണ്ടേണ്ടിവരുമെന്ന് ഭയപ്പെടുന്നു. ഇപ്പോഴത്തെ ഈ ബില്ലുപോലും ഒരു മാസത്തിലേറെയായി മേശവലിപ്പുകളില്‍ ഉറങ്ങുകയായിരുന്നു. കഴിഞ്ഞ മാസം, അതായത് മാര്‍ച്ച് 12ന് സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലില്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ പാസാവുകയോ ഉണ്ടായില്ല. രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ഘോരഘോരം ഗീര്‍വാണം മുഴക്കിയ ഉന്നതകുലജാതരായ ജനപ്രതിനിധികളാരും ഈ ബില്ല് കണ്ടില്ല. ഇത് സാധാരണക്കാരന്റെ പണം നഷ്ടപ്പെട്ട കേസാണല്ലോ. അതിലാര്‍ക്കാണ് താല്‍പര്യം. പല രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഭരണപക്ഷ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ തുടര്‍ന്നു. ഈ തര്‍ക്കങ്ങളൊന്നും ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നില്ല. തര്‍ക്കങ്ങള്‍ സഭ പിരിയുന്നതിലേക്കും നിര്‍ത്തിവയ്ക്കുന്നതിലേക്കും അനുസ്യൂതം ഗമിച്ചപ്പോള്‍ കട്ടവന് മുങ്ങാന്‍ വഴിയൊരുങ്ങി, അഥവാ ഒരുക്കുകയായിരുന്നു എന്നു പറയേണ്ടിവരുന്നത് ഒരു രാജ്യത്തെ ജനങ്ങളുടെ ദയനീയാവസ്ഥയ്ക്ക് ദൃഷ്ടാന്തമാണ്. ഇപ്പോള്‍ ലോക്‌സഭയുടെ അനുമതിക്കു പകരം ഓര്‍ഡിനന്‍സ് ഇറങ്ങിയത് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമാകുന്നതിലേക്ക് നയിക്കും. അത് ഈ വിഷയത്തിലുണ്ടായേക്കാവുന്ന കാലതാമസം ഒഴിവാക്കാന്‍ പര്യാപ്തമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. താമസിച്ചാണെങ്കിലും നിയമം യാഥാര്‍ഥ്യമാകുന്നത് മല്യയും മോദിയും ഉള്‍പ്പെടെ രാജ്യത്തെ നീറ്റുന്ന ഒരുപിടി പണക്കള്ളന്‍മാരെ രാജ്യത്തെത്തിക്കാനും നിയമം നേരിടാനും വിധേയരാക്കുമെന്നതില്‍ തര്‍ക്കമില്ല.

കോടികളുടെ കടം,
മുങ്ങിയവര്‍ 31

രാജ്യത്തെ ബാങ്കുകള്‍ കോടികലുടെ കടക്കെണിയിലെത്തുന്നത് സാധാരണക്കാരനും കര്‍ഷകരും തുഛമായ പതിനായിരക്കണക്കിനു രൂപ കടമെടുത്ത് തിരിച്ചടയ്ക്കാഞ്ഞിട്ടല്ലെന്നോര്‍ക്കണം. ബാങ്കുകളെ വ്യക്തിപ്രഭകാട്ടി ശതകോടികള്‍ വെട്ടിച്ചു മുങ്ങിയവരാണ് പ്രതികള്‍. അവരെ സഹായിച്ച കുത്തക ബാങ്കുകളുടെ മുതലാളിമാരാണ് കൂട്ടുപ്രതികള്‍. സഹായികള്‍ മുങ്ങും. അത് നാടിന്റെ അവസ്ഥയാണ്. എന്നാല്‍ കുറ്റവാളികളായ തട്ടിപ്പുകാരുടെ സ്വത്തും വസ്തുവകകളും കണ്ടുകെട്ടി ബാങ്കുകള്‍ക്ക് കടത്തില്‍ നിന്ന് തലയൂരാനാവും.
രാജ്യത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയവര്‍ വിദേശങ്ങളില്‍ സസുഖം വാഴുകയാണ്. 31 പേരാണ് ഇത്തരത്തിലുള്ളതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടേയും പക്കലുള്ള കണക്കുകളിലുള്ളത്. ബിസിനസുകാര്‍ എന്ന ഓമനപ്പേരിലാണ് ഈ പെരുച്ചാഴികള്‍ അറിയപ്പെടുന്നത്. ഒരിക്കലും അടയ്ക്കാനാവില്ലെന്ന അറിഞ്ഞുകൊണ്ട് വന്‍ തുക വായ്പയെടുക്കുക. അടവു തെറ്റിക്കുക. നിഗൂഢതകള്‍ ബാക്കിയാക്കി വന്‍ കുംഭകോണം നടത്തി വിദേശത്തേക്ക് രക്ഷപ്പെടുക. തട്ടിപ്പിന്റെ വാല്‍ക്കഷണം പുറത്തുവരുമ്പോഴേക്കും കക്ഷികള്‍ വിദേശത്തെത്തിയിരിക്കും. നിയമം തള്ളി രക്ഷപ്പെട്ടാല്‍ നിയമവും ഒപ്പം വരുമെന്ന മുന്നറിയിപ്പാണ് പുതിയ ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നത്.

നാല്‍പതിനായിരം കോടി രൂപ തട്ടി
രാജ്യത്തെ കടക്കെണിയിലാക്കിയ
പെരുച്ചാഴികളില്‍ ചിലര്‍

1. വിജയ് മല്യ
2. ജതിന്‍ മേത്ത
3. ലളിത് മോദി
4. നീരവ് മോദി
5. മെഹുല്‍ ചോക്‌സി
6. റിതേഷ് ജെയിന്‍
7. സഞ്ജയ് ഭണ്ഡാരി
8. നിതിന്‍ ജയന്തിലാല്‍ സന്ദേശര
9. റെയ്മണ്ട് ആന്‍ഡ്രൂ വര്‍ളി
10. ജെ.കെ. അങ്കുരാല
11. രവി ശങ്കരന്‍
12. അജയ് പ്രസാദ് ഖെയ്താന്‍
13. അനന്ത് കുമാര്‍ ജെയിന്‍
14. റിഷികേശ് സുരേന്ദ്ര കര്‍ദിലെ
15. പാട്രിക് ചാള്‍സ് ബൊവറിങ്
16. കാര്‍ത്തിക് വേണുഗോപാല്‍
17. അമി നിരവ് മോദി
18. നീശാല്‍ മോദി






No comments:

Post a Comment