Tuesday, September 12, 2017

ശക്തി ക്ഷയിച്ച് പവാറും എന്‍.സി.പിയും


ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഗര്‍ജിക്കുന്ന സിംഹമായാണ് ശരദ് പവാര്‍ അറിയപ്പെട്ടിരുന്നത്. ആകാരത്തിലാണെങ്കിലും ശബ്ദത്തിലാണെങ്കിലും ആ ഗാംഭീര്യം മനസിലാവും. രാഷ്ട്രഭരണനേതൃത്വം ഏതുതന്നെയായാലും അതിന്റെ നിലനില്‍പില്‍ ശരദ് പവാറിനും ഒരു പങ്കുണ്ടായിരുന്ന രാഷ്ട്രീയ അവസ്ഥ നിലനിന്നിരുന്നു. അത്ര ശക്തനായ നേതാവായിരുന്നു ശരദ് പവാര്‍. ഇന്നത്തെ ശരദ് പവാര്‍ ആ ധിഷണാശക്തിയുടെ നിഴല്‍ രൂപം മാത്രമാണ്. സൂര്യനെപ്പോലെ തന്റെ ചുറ്റും നേതാക്കളെ അണിനിരത്തി രൂപീകരിച്ച രാഷ്ട്രീയപ്പാര്‍ട്ടിയായ എന്‍.സി.പിയും ഇന്ന് തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു.

ബാല്‍താക്കറെയും പവാറും

മഹാരാഷ്ട്രയിലെ ശക്തരായ രണ്ടു രാഷ്ട്രീയ നേതാക്കളാണ് ശിവസേന നേതാവായിരുന്നു ബാല്‍താക്കറെയും എന്‍.സി.പി നേതാവായ ശരദ് പവാറും. ശിവസേനയെ എഴുതിത്തള്ളാന്‍ കഴിയാത്ത സംഘടനയാക്കി മാറ്റിയത് ബാല്‍താക്കറെയുടെ ബുദ്ധിയും നേതൃപാടവവും ആരെയും ഗൗനിക്കാത്ത തീരുമാനങ്ങളുമായിരുന്നു. വ്യക്ത്യാധിഷ്ഠിത പാര്‍ട്ടി എന്നാണ് ശിവസേനയെ വിലയിരുത്തേണ്ടത്. കാരണം ബാല്‍താക്കറൈയുടെ വിടവാങ്ങലോടെ ആ പാര്‍ട്ടി തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. പവാറിനാവട്ടെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പാര്‍ട്ടി തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണേണ്ടിവരുന്നത്.

പവാറിന്റെ വളര്‍ച്ച

1967ല്‍ കോണ്‍ഗ്രസിന്റെ എം.എല്‍.എയായി മഹാരാഷ്ട്ര നിയമസഭാംഗമായ പവാര്‍ രണ്ടുവട്ടം മുഖ്യമന്ത്രിയായി ആ സംസ്ഥാനത്തെ നയിച്ചു. 1991ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ രാജ്യത്തെ ആരു നയിക്കുമെന്ന ചോദ്യമുയര്‍ന്നപ്പോള്‍ പവാറിനു നേരേയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉറ്റുനോക്കിയത്. എന്നാല്‍ പവാറിന്റെ പ്രവര്‍ത്തനരീതികള്‍ നന്നായറിയാവുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞര്‍ അദ്ദേഹത്തെ ബോധപൂര്‍വം അകറ്റി. ഇതില്‍ വേദനയുണ്ടായ പവാര്‍ ഗാന്ധി കുടുംബത്തോടുതന്നെ യുദ്ധം പ്രഖ്യാപിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞാണ് 1999ല്‍ എന്‍.സി.പി രൂപീകരിക്കുന്നത്. താനൊരു രാഷ്ട്രീയ നേതാവായിരുന്നില്ലെങ്കില്‍ ഒരു കര്‍ഷകനായേനെ എന്നു പറയുന്ന പവാറിന് ശത്രുക്കളെപ്പോളും കൂടെനിര്‍ത്താനുള്ള കഴിവുണ്ടായിരുന്നു. പവാര്‍ കൂടെനിന്നാല്‍ ഒരുപറ്റം ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താമെന്ന് ദേശീയ പാര്‍ട്ടികള്‍ കരുതിത്തുടങ്ങിയിടത്താണ് എന്‍.സി.പിയുമായി നിലകൊണ്ട തുടക്കകാലത്ത് പവാര്‍ വീണ്ടും ശക്തനായത്. ഒഡിഷയിലെ ബിജു ജനതാദള്‍ ആയാലും തമിഴ്‌നാട്ടില്‍ ഡി.എം.കെ ആയാലും ബിഹാറിലെ ജെ.ഡി.യുവോ മഹാരാഷ്ട്രയിലെ ശിവസേനയോ പോലും പവാറിന്റെ വാക്കുകള്‍ക്ക് വിലകൊടുത്തിരുന്നു.

പവാര്‍ ഇന്ന്

മഹാരാഷ്ട്രയില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ പോലും എന്‍.സി.പി തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇന്നുകാണുന്നത്. ചെറുപാര്‍ട്ടികള്‍ പവാറിനെ ഗൗനിക്കാതായിരിക്കുന്നു. കോണ്‍ഗ്രസ് പവാറിനെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നു. കാരണം പവാറിന്റെ പാര്‍ട്ടി പിറന്നത് കോണ്‍ഗ്രസിനെ പിളര്‍ത്തിയാണ്. പവാര്‍ കോണ്‍ഗ്രസിനോടു സന്ധി ചെയ്യുന്നതോടെ എന്‍.സി.പി തന്നെയില്ലാതാവും. പവാറിന്റെ പാര്‍ട്ടിയില്‍ നിന്നു നേതാക്കള്‍ പോകുന്നത് ശിവസേനയിലേക്കും ബി.ജെ.പിയിലേക്കുമാണ്. ഇത് ഫലത്തില്‍ തങ്ങള്‍ക്ക് ക്ഷീണം ചെയ്യുമെന്നു മനസിലാക്കിയാണ് കോണ്‍ഗ്രസ് എന്‍.സി.പി നേതാക്കളെ വലയിട്ടു പിടിക്കാന്‍ ശ്രമിക്കുന്നത്. ഡി.ഐ.സി രൂപീകരിക്കുകയും പിന്നീട് കോണ്‍ഗ്രസില്‍ തന്നെയെത്തുകയും ചെയ്ത കരുണാകരനെ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
സോണിയ ഗാന്ധിയെ വിദേശിയെന്നു വിശേഷിപ്പിച്ചാണ് ശരദ് പവാര്‍ കോണ്‍ഗ്രസ് വിട്ടത്. അതുകൊണ്ടുതന്നെ പാര്‍ട്ടി രൂപീകരണത്തിന് വ്യക്തമായ ഒരു അജണ്ട ചൂണ്ടിക്കാട്ടാന്‍ അദ്ദേഹത്തിനായതുമില്ല. എന്നാല്‍ മഹാരാഷ്ട്രയില്‍ കാര്‍ഷിക മേഖലയില്‍ വേരൂന്നിയാല്‍ വിജയിക്കാമെന്നു മനസിലാക്കിയ പവാറിന്റെ ആ തന്ത്രം വെന്നിക്കൊടി പാറിച്ചു. എന്നാല്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളി ബി.ജെ.പി ആ മേഖലയിലേക്ക് കടന്നു കയറിയതിന്റെ ക്ഷീണമാണ് എന്‍.സി.പി ക്ക് ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ നേരിട്ട പരാജയങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പിളര്‍പ്പ് രാഷ്ട്രീയം

വ്യക്തമായ കാഴ്ചപ്പാടില്ലാതെ തുഴയുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു എന്‍.സി.പിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മഹാരാഷ്ട്രയില്‍ പോലും ന്യൂനപക്ഷങ്ങളും കര്‍ഷകരും പാര്‍ട്ടിയെ കൈവിടുന്നു. പാര്‍ട്ടി നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നു. ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എന്‍.സി.പിയുടെ രണ്ടു സാമാജികരും രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികളെയാണ് പിന്തുണച്ചത്. ഒരാള്‍ കോണ്‍ഗ്രസിനെയും മറ്റേയാള്‍ ബി.ജെ.പിയെയും.
കേരളത്തിലും സ്ഥിതി ആശാവഹമല്ല. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണത്തോടെ പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല് മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമാണ്. ഉഴവൂരിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് പാര്‍ട്ടിക്കാര്‍തന്നെ ആവശ്യപ്പെട്ടത് സ്വന്തം പാര്‍ട്ടിയിലുള്ളവരെ കുടുക്കാന്‍ തന്നെയാണ്. മന്ത്രി തോമസ്ചാണ്ടിക്കെതിരേ ഒരു വിഭാഗം വാളെടുക്കുന്നു. മുന്‍ മന്ത്രി ശശീന്ദ്രന്‍ രാജി വയ്‌ക്കേണ്ടിവന്നതിലും ഒരു വിഭാഗത്തിന് പങ്കുണ്ടെന്ന് ആക്ഷേപം ഇപ്പോഴും നില നില്‍ക്കുന്നു. ചാണ്ടി രാജിവച്ചില്ലെങ്കില്‍ പിളരുമെന്ന നിലപാടില്‍ ഒരു വിഭാഗം നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്ന വാര്‍ത്തവരെ പുറത്തുവന്നിരിക്കുന്നു. പവാറിന്റെ വാക്കുകള്‍ ആരും ചെവിക്കൊള്ളുന്നില്ലെന്നതിന് തെളിവാണിത്. മകളും എം.പിയുമായ സുപ്രിയാ സൂലെ പിതാവിനോളം പോരില്ല. സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അതാതിന്റെ വഴിക്കുമാണ്.


No comments:

Post a Comment