ഗിരീഷ് കെ നായർ
തിരുവനന്തപുരം: നിർമാണത്തിനാവശ്യമായ വസ്തുക്കളുടെ കുറവുമൂലം സംസ്ഥാനത്ത് കാലിത്തീറ്റ ഉത്പാദനത്തിൽ കുറവ്. സർക്കാർ കാലിത്തീറ്റ നിർമാതാക്കളായ മിൽമയ്ക്കും കേരള ഫീഡ്‌സിനും പ്രധാന വസ്തുവായ ചോളം വേണ്ട രീതിയിൽ ലഭിക്കുന്നില്ല. ഇതോടെ കാലിത്തീറ്റയ്ക്ക് സംസ്ഥാനത്ത് വില വർധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.
കാലിത്തീറ്റ ഉത്പാദിപ്പിക്കാനാവശ്യമായ 90 ശതമാനം വസ്തുക്കൾക്കും കേരളം അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.
പ്രധാന ഘടകമായ ചോളം കേരളത്തിന് നൽകില്ലെന്ന് അടുത്തിടെ കർണാടകം തീരുമാനമെടുത്തത് വലിയ വാർത്തയായിരുന്നു. വരൾച്ചാ ബാധിത പ്രദേശങ്ങളിൽ നിന്ന് ജൈവ കാലിത്തീറ്റയായ ചോളം ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ് കർണാടക ദുരന്തനിവാരണ അതോറിറ്റി വിലക്കിയിരിക്കുന്നത്. അവിടെ കന്നുകാലികൾക്ക് കാലാവസ്ഥ വ്യതിയാനം മൂലം തീറ്റ കുറയുന്നതിനാലാണ് തീരുമാനമെന്നാണ് വിശദീകരണം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലും ഇതേ സ്ഥിതിതന്നെയാണ്. ഇത് കേരളത്തിന് ചോളം ലഭിക്കുന്നതിൽ തടസത്തിനു കാരണമാകും. കഴിഞ്ഞ 5 വർഷമായി ചോളം ഉത്പാദനം വർധിച്ചിട്ടും വിപണിയിൽ എത്തുന്നില്ലെന്നതും പ്രശ്‌നമാണ്. എത്തനോൾ നിർമിക്കാനായാണ് ഇതിന്റെ ഭൂരിഭാഗവും മാറ്റിവയ്ക്കപ്പെടുന്നത്.
മാത്രമല്ല, 30 രൂപ നിരക്കാണ് ചോളത്തിന്റെ വില. 28 രൂപയ്ക്ക് സർക്കാർ സംഭരിച്ചുവരികയാണ്. ചോളം കൂടാതെ, അരിച്ചോളം, അരി, ഗോതമ്പ്, ഓട്‌സ്, ബാർളി, പഞ്ഞിപ്പുല്ല്, ചാമ, തിന, വരക്, കമ്പു തുടങ്ങിയ ധാന്യങ്ങളും വിവിധ ധാന്യങ്ങളുടെ തവിടുമാണ് കാലിത്തീറ്റയ്ക്ക് ഉപയോഗിക്കുന്നത്.
മിൽമയ്ക്കും കേരള ഫീഡ്‌സിനും സംസ്ഥാനത്ത് ആവശ്യമായത്ര കാലിത്തീറ്റ വിതരണം ചെയ്യാനുള്ള സംവിധാനമില്ല. സ്വകാര്യ കമ്പനികളും കൂടി ചേർന്നാണ് ഇവിടുത്തെ വിൽപന നടത്തുന്നത്. സംസ്ഥാനത്ത് ആവശ്യമുള്ള കന്നുകാലിത്തീറ്റയുടെ 50 ശതമാനം നൽകാനാവുന്നുണ്ടെന്ന് വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നതുമാണ്. പുതിയ കാലിത്തീറ്റ കമ്പനി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. എന്നാൽ, കാലിത്തീറ്റയ്ക്കുവേണ്ട വസ്തുക്കൾ കിട്ടിയില്ലെങ്കിൽ എങ്ങനെ ഇത് സാധ്യമാകുമെന്ന ചോദ്യമുണ്ട്.
അതിനിടെ, സംസ്ഥാനത്തെ സ്വകാര്യ കാലിത്തീറ്റ നിർമാതാക്കളുടെ കാലിത്തീറ്റയ്ക്കു പകരം സർക്കാർ കാലിത്തീറ്റ മാത്രം ഉപയോഗിക്കുക എന്ന ഒരു നയത്തിലേക്ക് സർക്കാർ കടക്കുന്നതായ വാർത്തകളുണ്ടായിരുന്നു. ഗുണമേന്മയില്ലാത്ത കാലിത്തീറ്റി കഴിച്ച് ഒരു പശു ചാകാനിടയായ സാഹചര്യവും പൊറോട്ട, മരച്ചീനി ഇല, ചക്ക, ചക്കക്കുരു തുടങ്ങിയവ കഴിച്ച് പശുക്കൾ ചാകാനിടയായതും നീക്കത്തിന്റെ പിന്നിലുണ്ടെന്നാണ് സൂചന.