2024, മേയ് 28, ചൊവ്വാഴ്ച

സുധാകരനും സതീശനും തമ്മിലുള്ള ശീതയുദ്ധം മറനീക്കി പുറത്തേക്ക്


ഗിരീഷ് കെ നായർ


തിരുവനന്തപുരം: കോൺഗ്രസിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരാൻ നിമിത്തമായി തിരുവനന്തപുരത്ത് മെയ് 26ന് നടന്ന കെ.എസ്.യു പഠന ക്യാംപിലെ കൂട്ടത്തല്ല്. നെയ്യാറ്റിൻകരയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ കൂട്ടത്തല്ലിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കടുത്ത നടപടി ആവശ്യപ്പെട്ടപ്പോൾ മറ്റൊരു വിഭാഗം അത് കുട്ടിക്കളിയായി ഒതുക്കാൻ ശ്രമിച്ചതാണ് നേതൃനിരയിലെ തുടരുന്ന ചേർച്ചക്കുറവ് വ്യക്തമാക്കിയത്.

കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ പടലപ്പിണക്കം മാധ്യമങ്ങളിലൂടെ ലോകം കണ്ടതും അറിഞ്ഞതുമാണ്. ഇതിൽ ഏറ്റവും ഒടുവിലത്തെതാണ് നേതാക്കളുടെ പ്രതികരണത്തിലൂടെ ഇന്നലെ കണ്ടത്. കെ. സുധാകരന്റെയും വി.ഡി സതീശന്റെയും ശരീര ഭാഷയിൽപോലും ഇരുവരും തമ്മിൽ മാനസികാടുപ്പമില്ലെന്ന് വ്യക്തമാക്കിയ പല സംഭവങ്ങളും ഉണ്ടായിട്ടുമുണ്ട്.

കെ.എസ്.യു തെക്കൻ മേഖല പഠന ക്യാംപ് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല സംഘടിപ്പിച്ചതെന്ന ഗുരുതര ആരോപണം ഇന്നലെത്തന്നെ ഉയർന്നിരുന്നു. കൂട്ടത്തല്ലിനു പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്. കെ.പി.സി.സി പ്രസിഡന്റിനെ പഠന ക്യാംപിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ അറിയിച്ചത് വളരെ വൈകിയാണെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്തുണ്ടായിട്ടും അദ്ദേഹം പരിപാടിയിൽ നിന്നു വിട്ടുനിന്നതോടെ മൂപ്പിളമ തർക്കം കൂടി. സതീശൻ ഉദ്ഘാടകനായി എത്തിയതോടെ പടലപ്പിണക്കം വെളിവായി.

തനിക്ക് അനിഷ്ടമായ ക്യാംപിൽ കൂട്ടത്തല്ലുണ്ടായെന്ന വിവരം പുറത്തുവന്നതിനുപിന്നാലെ ക്യാംപ് നിർത്തിവയ്ക്കാൻ നിർദേശിച്ച കെ.പി.സി.സി പ്രസിഡന്റ്, അന്വേഷണ കമ്മിഷനെ നിയമിക്കുകയും കടുത്ത നടപടി സ്വീകരിക്കുമെന്ന് ഇന്നലെത്തന്നെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുതൊട്ടുപിന്നാലെ പ്രതികരിച്ച സതീശനാകട്ടെ കെ.എസ്.യു തർക്കത്തിൽ കെ.പി.സി.സി ഇടപെടേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത് പ്രസിഡന്റുമായുള്ള നീരസത്തിന്റെ തുടർച്ചയായി. എൻ.എസ്.യു നാലുപേർക്കെതിരേ നടപടിയെടുത്തതോടെ കെ.പി.സി.സിയുടെ അച്ചടക്ക നടപടിക്ക് സാധ്യതയും ഇല്ലാതാക്കി. മാത്രമല്ല, സുധാകരൻ പക്ഷക്കാരായ സംസ്ഥാന-ജില്ലാ നേതാക്കളായ രണ്ടുപേരെ പുറത്താക്കിയതും ക്ഷീണമായി.

അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിൽ ക്യാംപ് നടക്കുന്ന വിവരം കെ.പി.സി.സിയെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ക്യാംപ് ഡയറക്ടറെ തീരുമാനിക്കാതെ പരിപാടി നടത്തിയത് കെ.എസ്.യു സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയായി കെ.പി.സി.സി നേതൃത്വം ചിത്രീകരിക്കുന്നു. 

കെ.എസ്.യു ഭാരവാഹി തെരഞ്ഞെടുപ്പിൽ സുധാകരന് അതൃപ്തി ഉണ്ടായിരുന്നു. അക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കെ.എസ്.യുവിന്റെ പ്രഥമ ഭാരവാഹി യോഗം തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് നടത്താൻ അനുവദിക്കാതിരുന്നത് ഇതിന്റെ തുടർച്ചയായിരുന്നു. കെ.എസ്.യു പരിപാടി കൊച്ചിയിൽ നടത്തുകയും ഇപ്പോൾ നടന്ന പരിപാടിയിൽ കെ.പി.സി.സി പ്രസിഡന്റിനെ തഴയുകയും ചെയ്തത് ഇതിന്റെ തുടർച്ചയായി. 


2024, മേയ് 25, ശനിയാഴ്‌ച

സ്വകാര്യ സർവകലാശാല ബിൽ ഇത്തവണ അവതരിപ്പിക്കും

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ജൂണിൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന ബിൽ അവതരിപ്പിക്കാൻ സർക്കാർ. ജൂലൈയിൽ ആരംഭിക്കുന്ന നാലു വർഷ ബിരുദമുൾപ്പെടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്വകാര്യ സർവകാലാശാല ബില്ലും അവതരിപ്പിക്കാനാണ് നീക്കം.

ഇത്തവണത്തെ ബജറ്റിൽ സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ നടപടിയുണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടി തലത്തിലും മറ്റും സ്വകാര്യ വൽക്കരണത്തിനെതിരേ പ്രതികരണങ്ങൾ ഉണ്ടായെങ്കിലും സ്വകാര്യ, വിദേശ സർവകലാശാലകൾ സംബന്ധിച്ച ബജറ്റ് നിർദേശത്തിൽ മാറ്റമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.

ഇതിനു പിന്നാലെ വിഷയത്തിൽ വിശദ പഠനത്തിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. കൗൺസിൽ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ ബില്ല് തയാറാക്കി. നിയമവകുപ്പിന്റെ ശുപാർശകളും ഉൾപ്പെടുത്തി പരിഷ്‌കരിച്ച ബില്ലാണ് അവതരിപ്പിക്കുക.

കൽപിത സർവകലാശാലകൾക്ക് അനുമതി നൽകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും അതിന്റെ നിയന്ത്രണം സർക്കാരിനല്ലെന്നു യു.ജി.സിക്കാണെന്നും വ്യക്തമായതോടെ ഇതിൽ നിന്നു പിന്മാറി. നിയമ നിർമാണത്തിലൂടെ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാമെന്ന നിലപാടിലെത്തിയത് പിന്നീടാണ്.

സർക്കാർ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ  പറഞ്ഞു. പ്രവേശനം നൽകുന്ന വിദ്യാർഥികളിൽ 25 ശതമാനം കേരളത്തിൽ നിന്നുള്ളവരായിരിക്കണം എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. സ്‌കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നതുപോലെ മാനേജ്‌മെന്റുൾക്ക് യൂനിവേഴ്‌സിറ്റികളിൽ അധ്യാപക നിയമനം അനുവദിക്കില്ല. പകരം ഗവ. സംവിധാനങ്ങൾ നിർദേശിക്കുന്ന യോഗ്യരായ അധ്യാപകരെ മാത്രമേ സ്വകാര്യ യൂനിവേഴ്‌സിറ്റികളിൽ നിയമിക്കാൻ അനുവദിക്കൂ. 

അതേസമയം സ്വകാര്യ യൂനിവേഴ്‌സിറ്റികളിൽ സംവരണം എങ്ങനെയാണ് നടപ്പാക്കേണ്ടത് എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ബിൽ അവതരിപ്പിക്കുമ്പോഴോ മന്ത്രിസഭാ യോഗത്തിലോ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.

കോർപറേഷൻ പരിധിയിൽ 20 ഏക്കറോ, മുനിസിപ്പാലിറ്റിയിൽ 30 ഏക്കറോ, പഞ്ചായത്തിൽ 40 ഏക്കറോ ക്യാംപസ് സൗകര്യമുള്ള സ്ഥാപനങ്ങൾക്ക് യൂനിവേഴ്‌സിറ്റി ആരംഭിക്കാൻ അനുമതി ലഭിക്കും. യൂനിവേഴ്‌സിറ്റി ആസ്ഥാനം 10 ഏക്കറിൽ തുടങ്ങാൻ അനുവാദം ലഭിക്കുമെങ്കിലും വിപുലമായ ക്യാംപസ് പുറത്തുവേണമെന്ന് നിബന്ധനയുണ്ട്. 

ബിൽ അവതരിപ്പിച്ച് അത് നിയമമായ ശേഷമേ സർവകലാശാലകൾ ആരംഭിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ മേഖലയിൽ 430 സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്.


2024, മേയ് 23, വ്യാഴാഴ്‌ച

വരുമാനത്തിന് ശരണം മദ്യം; ഫലം വന്നാൽ നയം മാറും

 


തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ മദ്യനയത്തിൽ മാറ്റം വരുമെന്ന് സൂചന

വരുമാനത്തിന് വേറെ മാർഗമില്ല, മാറ്റം ആവശ്യപ്പെട്ടത് ടൂറിസം വകുപ്പ്

ഡ്രൈ ഡേ 10 വർഷം കൊണ്ട് റവന്യൂ വരുമാനം 4.81 ശതമാനം ഇടിച്ചു


ഗിരീഷ് കെ നായർ


തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തിൽ കാതലായ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഡ്രൈ ഡേ പിൻവലിക്കുക, വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക, ഐ.ടി പാർക്കുകളിൽ മദ്യലഭ്യത, മദ്യ കയറ്റുമതിയിലേക്ക് കടക്കുക തുടങ്ങി ഒരു പിടി നയങ്ങളിലാണ് കാതലായ മാറ്റത്തിന് ഒരുങ്ങുന്നതെന്നാണ് അറിയുന്നത്.

ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന്റെ പ്രധാന വരുമാനം മദ്യവും ലോട്ടറിയുമാണെന്ന ആരോപണം നിലനിൽക്കേയാണ് അത് ശരിവയ്ക്കുന്ന തരത്തിൽ സർക്കാരിന് വരുമാനം കൂട്ടാൻ മദ്യനയത്തിൽ മാറ്റം ആലോചിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

മാസത്തിന്റെ ഒന്നാം തീയതി സംസ്ഥാനത്ത് ഡ്രൈ ഡേയാണ് അന്ന് മദ്യം ലഭ്യമല്ല. ആന്റണി സർക്കാർ കൊണ്ടുവന്ന ഈ നയം ഒന്നാം തീയതി കിട്ടുന്ന ശമ്പളം കള്ളുഷാപ്പിൽ കുടിച്ചുതീർക്കുന്നു എന്ന ആരോപണത്തിനു പിന്നാലെയാണ്. എന്നാൽ ഡ്രൈ ഡേ ആചരിക്കുന്നതിൻരെ ഭാഗമായി എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകൾ അടച്ചിടുമ്പോൾ സംസ്ഥാനത്തിന് വരുമാന നഷ്ടം 15,000 കോടി രൂപയാണെന്ന കണക്കുകളാണ് പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. 

എന്നാൽ സർക്കാർ നേരിട്ട് ഡ്രൈ ഡേ പിൻവലിക്കുന്നതിനു പകരം ടൂറിസം, കൃഷി സെക്രട്ടറിമാരെ ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിരുന്നു. ടൂറിസം റിപ്പോർട്ടനുസരിച്ച് വിനോദ സഞ്ചാര മേഖലയിൽ കനത്ത തിരിച്ചടിയാണ് ഡ്രൈ ഡേ ഉണ്ടാക്കിയിരിക്കുന്നതെന്നും ദേശീയ അന്തർദേശീയ കോൺഫറൻസുകളിൽ നിന്ന് സംസ്ഥാനം ഒഴിവാക്കപ്പെടുന്നതായും ചൂണ്ടിക്കാണിച്ചിരുന്നു.

കൃഷിവകുപ്പാകട്ടെ, മസാല ചേർത്ത വൈനുകൾ ഉൾപ്പെടെ ഉണ്ടാക്കാനുള്ള സാധ്യത പരിശോധിക്കാമെന്നും വീഞ്ഞ് നിർമാണം പ്രോത്സാഹിപ്പിക്കാമെന്നും ഹോർട്ടി വൈൻ, മറ്റ് വൈനുകൾ എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാമെന്നും നിർദേശം മുന്നോട്ടുവച്ചതായാണ് വിവരം. 

അതേസമയം, പുതിയ മദ്യനയത്തിന്റെ ഭാഗമായി മൈക്രോ വൈനറിയെന്ന സർക്കാർ പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നതും ബിവറേജസ് വിൽപന ശാലകൾ ലേലം ചെയ്യുന്നതും പരിഗണിക്കുന്നതായും വിവരമുണ്ട്.

ഡ്രൈ ഡേ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർ്ചിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പ് സെക്രട്ടറിമാരുടെ യോഗം നടന്നിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസവും യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഡ്രൈ ഡേ പിൻവലിച്ചാലുള്ള ലാഭക്കണക്ക് വെളിവാക്കപ്പെട്ടത്.

അതേസമയം, മദ്യമില്ലാതെ ഗുജറാത്തും മദ്യനിരോധനത്തിലൂടെ തമിഴ്‌നാടും ബിഹാറും നേട്ടങ്ങളുണ്ടാക്കുമ്പോൾ മദ്യം കൂടുതൽ വിറ്റാൽ നേട്ടം ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ആലോചനയ്‌ക്കെതിരേ വിമർശനവും ഉയർന്നിട്ടുണ്ട്.

എന്നാൽ സംസ്ഥാനത്ത് മൊത്തം റവന്യൂ വരുമാനത്തിന്റെ 18.21 ശതമാനമായിരുന്നു 2012-2013 കാലത്ത് മദ്യത്തിൽ നിന്നുള്ള വരുമാനമെങ്കിൽ 2017-2018 കാലത്ത് അത് 14.3 ശതമാനമായും 2022-2023 കാലത്ത് അത് 13.4 ശതമാനമായും കുറഞ്ഞതായും കണക്കുകൾ പറയുന്നു. പത്ത് വർഷത്തിനിടയ്ക്കുണ്ടായ 4.81 ശതമാനത്തിന്റെ റവന്യൂ വരുമാനം കൂട്ടുക ലക്ഷ്യമിട്ടുതന്നെയാണ് ഡ്രൈ ഡേ പിൻവലിക്കാനുള്ള ചർച്ച നടക്കുന്നതെന്ന് വ്യക്തം.

2024, മേയ് 16, വ്യാഴാഴ്‌ച

ക്രെയിനുകളുമായി അവസാന കപ്പലുമെത്തി; ട്രയൽ ജൂണിലേക്ക്, ട്രക്ക് റോഡായില്ല

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഭീമൻ ക്രെയിനുകളുമായി ചൈനയിൽ നിന്നുള്ള അവസാന കപ്പലുമെത്തി. ഇന്ന് ഉച്ചയോടെ തുറുഖത്തിന്റെ ബെർത്തിൽ ഷെൻഹുവ-34 എന്ന കപ്പലടുക്കും. രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണ് കപ്പലിലുള്ളത്.

ഈ മാസാവസാനത്തോടെ തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് ജൂണിൽ മാത്രമേ ആരംഭിക്കൂ എന്നാണ് വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചത്. തുറമുഖത്തിന്റെ ഭാഗമായ 2.959 കിലോമീറ്റർ പുലിമുട്ട് (ശാന്തമായ കടൽത്തീരമൊരുക്കാനുള്ള കരിങ്കൽ കടൽഭിത്തി) നിർമിക്കുകയും അവയ്ക്ക് സംരക്ഷണമൊരുക്കുന്ന കവറുകളും മറ്റും സ്ഥാപിച്ചുകൊണ്ടിരിക്കുകയുമാണ്. 20 മീറ്റർ ആഴത്തിലും 120 മീറ്റർ വീതിയിലും കടൽനിരപ്പിനു മുകളിൽ 10 മീറ്റർ വീതിയിൽ ഏഴര മീറ്റർ ഉയരത്തിലുമാണ് ഇതിന്റെ നിർമാണം.

എന്നാൽ, തുറമുഖത്തെത്തുന്ന കണ്ടെയ്‌നറുകൾക്ക് സുഗമമായി നീങ്ങാൻ റോഡോ, റെയിൽ മാർഗമോ ഇനിയും ഒരുങ്ങിയിട്ടില്ല. തുറമുഖത്തുനിന്ന് ദേശീയപാതയിലേക്ക് 1.7 കിലോമീറ്റർ നീളത്തിൽ നാലുവരി പാതയാണ് ഒരുക്കേണ്ടതെന്നിരിക്കേ 600 മീറ്ററേ പൂർത്തിയായിട്ടുള്ളൂ. ഇവിടെ ഔട്ടർ റിംഗ് റോഡും ചേരുന്നതിനാൽ വിദേശങ്ങളിലെപ്പോലെ സിഗ്നൽ രഹിത സംവിധാനമായ ആകാശപ്പാതയിലൂടെ റോഡുകൾ മാറിപ്പോകാനാവുന്ന ക്ലോവർ ലീഫ് ഇന്റർ സെക്ഷൻ നിർമിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. വലിയ ട്രക്കുകളും മറ്റും കണ്ടെയ്‌നറുകളുമായി വരുമ്പോൾ ഗതാഗതം തടസപ്പെടാതിരിക്കാനാണ് സിഗ്നൽ രഹിതമായതും യഥേഷ്ടം കടന്നുപോകാവുന്നതുമായ പുതിയ സംവിധാനം ഒരുക്കുന്നത്. തുറമുഖ റോഡും ദേശീയ പാതയും തമ്മിൽ ചേരുന്നതോടെ മാത്രമേ ട്രയൽ റൺ ആരംഭിക്കുന്നതിൽ കാര്യമുള്ളൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓണത്തോടെ തുറമുഖം പ്രവർത്തനം ആരംഭിക്കണമെന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.

ചരക്കുനീക്കത്തിന് റെയിൽ സംവിധാനം അത്യാവശ്യമാണെന്നിരിക്കേ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞത്തേക്ക് 10.76 കിലോമീറ്റർ ഭൂഗർഭ പാതയ്ക്ക് ഡി.പി.ആർ തയാറാക്കിയിരുന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇത് തുടങ്ങാനായിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

വൻ കപ്പലുകൾ അടുപ്പിക്കേണ്ട ബർത്തിന്റെ 650 മീറ്റർ മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. ഇനിയും 150 മീറ്റർ ശേഷിക്കുന്നുണ്ട്. തുറമുഖത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വയബിലിറ്റി ഫണ്ട് ഇതുവരെ രൂപീകരിക്കാത്തതും പദ്ധതി വൈകുന്നതിലേക്ക് നയിക്കുമെന്ന് വിലയിരുത്തുന്നവരുണ്ട്. 817 കോടി വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകളും അദാനി ഗ്രൂപ്പും വയബിലിറ്റി ഗ്യാപ് ഫണ്ടായി മുടക്കണമെന്നിരിക്കേ കടക്കെണിയിലുള്ള സംസ്ഥാനം പണം എപ്പോൾ ലഭ്യമാക്കുമെന്നതും പ്രധാനമാണ്.

2024, മേയ് 14, ചൊവ്വാഴ്ച

പുരപ്പുറ സൗരോർജമുള്ളവർക്ക് കെ.എസ്.ഇ.ബി കുടുക്ക്

 

ഗിരീഷ് കെ നായർ

തിരുവനന്തപുരം: വൈദ്യുതി നിരക്ക് പല കാരണങ്ങൾ നിരത്തി കെ.എസ്.ഇ.ബി വർധിപ്പിക്കുന്നതിൽ സഹികെട്ടാണ് കൊട്ടാരക്കരയുള്ള ഒരു ഉപഭോക്താവ് സൗരോർജ പാനൽ വയ്ക്കാൻ തീരുമാനിച്ചത്. നാല് ലക്ഷം രൂപ മുടക്കി സോളാർ പാനൽ വച്ചപ്പോൾ നിരക്ക് 300 രൂപയായി കുറഞ്ഞതിൽ സന്തോഷിച്ചു. എന്നാൽ ഈ മാസം മുതൽ ഈ ഉപഭോക്താവിന് മൂവായിരം രൂപയുടെ ബില്ല് നൽകി കെ.എസ്.ഇ.ബി ഞെട്ടിച്ചു. സ്വന്തം പണം കൊടുത്ത് സോളാർ പാനൽ വച്ചതുകൊണ്ട് ഗുണത്തേക്കാളേറെ ദോഷമാണുണ്ടായതെന്നാണ് ഉപഭോക്താവിന്റെ പരാതി.

കേന്ദ്ര സർക്കാരിന്റെ സൂര്യ ഘർ പദ്ധതിയിൽ വീടുകളിൽ സോളാർ പാനൽ വയ്ക്കുന്നത് വ്യാപകമായതോടെ വൈദ്യുതി ബില്ലിൽ പല കാരണങ്ങൾ നിരത്തി വർദ്ധനവ് വരുത്തിയിരുന്ന കെ.എസ്.ഇ.ബിക്ക് പൊടുന്നനെ വരവിൽ കുറവുണ്ടായിരുന്നു. എന്നാൽ കിട്ടാതെ പോയ സോളാർ ഉപഭോക്താക്കളുടെ പണം തിരികെയെത്തിക്കാൻ കൂലംകഷമായി ചിന്തിച്ചെടുത്ത തീരുമാനമാണ് ഉപഭോക്താക്കൾക്ക് സോളാർ ഇരുട്ടടിയായതന്ന്് ചൂണ്ടിക്കാണിക്കപ്പെടുന്നു. സോളാർ ഉപഭോക്താക്കളുടെ ബാങ്കിംഗ് സൈക്കിൾ മാറ്റിക്കൊണ്ടാണ് കെ.എസ്.ഇ.ബി തന്ത്രമിറക്കിയത്. ഉപയോഗം കഴിഞ്ഞുള്ള സോളാർ വൈദ്യുതി ഉപഭോക്താവിന് കെ.എസ്.ഇ.ബിയുടെ ബാങ്കിലേക്ക് നൽകാനാവും. ഉപഭോക്താവിന്റെ ശരാശരി മാസ ഉപയോഗം വർധിച്ചാൽ നേരത്തെ ബാങ്കിൽ നൽകിയിരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി നൽകുന്നതാണ് രീതി. ഒക്ടോബർ മുതൽ അടുത്ത വർഷം സെപ്തംബർ വരെ ഒരു വർഷത്തേക്കായിരുന്നു ബാങ്ക് കാലാവധി തുടർന്നു വന്നിരുന്നത്. ഇത് ഏപ്രിൽ മുതൽ മാർച്ച് വരെ ആക്കിയതോടെയാണ് ഉപഭോക്താക്കൾക്ക് കുടുക്കൊരുങ്ങിയത്.

ഒക്ടോബർ മുതൽ സെപ്തംബർ വരെ കാലയളവിൽ അധിക ഉപഭോഗത്തിന് ബാങ്കിലുള്ള വൈദ്യുതി ഉപയോഗിക്കുമ്പോൾ ഉപഭോക്താവ് അധിക നിരക്ക് നൽകേണ്ടിയിരുന്നില്ല. കാരണം, ചൂടുകാലം കഴിഞ്ഞായതിനാൽ ബാങ്കിൽ നീക്കിയിരുപ്പുണ്ടാവും. ചൂടുകാലമായ മാർച്ച്-ഏപ്രിൽ-മെയ് മാസങ്ങളിലേക്കെത്തുമ്പോൾ ബാങ്കിൽ അധിക വൈദ്യുതി യഥേഷ്ടം കാണും. സെപ്തംബറോടെ ബാങ്ക് അവസാനിക്കുകയും പുതിയ സൈക്കിൾ ഒക്ടോബറിലാരംഭിക്കുകയും ചെയ്യും. ബാങ്ക് സൈക്കിൾ അവസാനിച്ചതിനാൽ ഒക്ടോബർ ആരംഭിക്കുമ്പോൾ  ബാങ്കിൽ നീക്കിയിരുപ്പ് പൂജ്യമായിരിക്കും. ചൂടില്ലാക്കാലത്ത് സാധാരണ ഉപഭോഗത്തിൽ അധിക വൈദ്യുതി വേണ്ടിവരുകയുമില്ല. 

എന്നാൽ ബാങ്ക് സൈക്കിൾ ഏപ്രിൽ മുതൽ മാർച്ച് വരെ ആക്കിയതോടെ മാർച്ചിൽ സൈക്കിൾ തീരും. അതോടെ നീക്കിയിരുപ്പ് പൂജ്യമാകും. അതായത് ബാങ്കിൽ ഉപഭോക്താവ് നൽകിയിരുന്ന അധികവൈദ്യുതി തീരും. പുതിയ സൈക്കിൾ ഏപ്രിലിൽ ആരംഭിക്കുമ്പോൾ പൂജ്യമായിരിക്കും ബാങ്കിലുള്ള വൈദ്യുതി. ഇതുകാരണം കൂടുതൽ വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്ന ചൂടുകാലമായ ഏപ്രിലിൽ സോളാർ ഉത്പാദനത്തേക്കാൾ അധിക വൈദ്യുതി കെ.എസ്.ഇ.ബിയിൽ നിന്ന് ഉപഭോക്താവിന് വാങ്ങേണ്ടിവരുന്നു. ഇത്തവണ ചൂട് സർവകാല റെക്കോഡിലെത്തിയതോടെ സോളാർ ഉണ്ടല്ലോ എന്നുകരുതി എ.സിയും മറ്റും അധികമായി ഉപയോഗിച്ചവർ കെ.എസ്.ഇ.ബിയുടെ തന്ത്രത്തിൽ കുടുങ്ങിയതാണ് ബില്ലുകൾ അധികരിക്കാൻ കാരണം.

സോളാർ വച്ചവർക്ക് ഫിക്‌സഡ് നിരക്ക് ഉപയോഗത്തിനനുസരിച്ച് മാറുമെന്നതിനാൽ ഉപഭോഗം കൂടിയാൽ നിരക്കും കൂടും. ഇതുകൂടാതെ സർചാർജും സർചാർജ് ഉൾപ്പെടെ ഊർജനിരക്കിന്റെ പത്ത് ശതമാനവും മീറ്റർ വാടകയും അതിന് ചുമത്തുന്ന 9 ശതാനം വീതമുള്ള കേന്ദ്ര-സംസ്ഥാന പ്രത്യേക വിഹിതങ്ങളും ചേരുമ്പോൾ ബിൽത്തുക കനക്കും.

അതേസമയം, സോളാർ ഉത്പാദകർക്ക് കൂടുതൽ ബാധ്യതയുണ്ടാക്കിയേക്കുമായിരുന്ന ഗ്രോസ് ബില്ലിംഗ് രീതിയിൽ നിന്നും നികുതി വർധനയിൽ നിന്നും പിൻമാറിയതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കിയിട്ടുള്ളതിൽ അവർക്ക് ആശ്വസിക്കാം.


ലോകത്ത് ഇന്ത്യ മൂന്നാമത്

സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൽ ലോകത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 2015ൽ മൊത്തം വൈദ്യുതിയുടെ 0.5 ശതമായിരുന്നു ഇന്ത്യയിൽ സോളാർ വൈദ്യുതി ഉത്പാദനമെങ്കിൽ 2023ൽ അത് 5.8 ശതമാനത്തിലെത്തി. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ചൈനയും അമേരിക്കയുമാണ്. കേരളത്തിൽ സോളാർ ഉപഭോക്താക്കൾ കൂടിക്കൊണ്ടിരിക്കേ കെ.എസ്.ഇ.ബി ഇവരടയ്‌ക്കേണ്ട തുകയിൽ ചില്ലറ വർധന വരുത്തിയാൽപ്പോലും ഭീമമായ തുക ലഭിക്കും.


സോളാർ വച്ചിട്ടും ബിൽ പതിനായിരമെന്ന് ആർ. ശ്രീലേഖ

സോളാർ വച്ചിട്ടും വൈദ്യുതി ബിൽത്തുക തുടർച്ചയായി വർധിച്ച് പതിനായിരത്തിന് മുകളിൽ വന്നെന്ന് മുൻ ഡി.ജി.പി ആർ. ശ്രീലേഖ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയിരുന്നു. ആദ്യമാസങ്ങളിൽ കുറഞ്ഞെങ്കിലും ഇപ്പോഴിതാണവസ്ഥയെന്നും കെ.എസ്.ഇ.ബിക്ക് ബാക്കിവരുന്ന വൈദ്യുതി നൽകാതെ ഓഫ് ഗ്രിഡ് ആക്കി വയ്ക്കുന്നതാണ് നല്ലതെന്നും ശ്രീലേഖ പറഞ്ഞിരുന്നു.



2024, മേയ് 12, ഞായറാഴ്‌ച

ഗവർണർ-സർക്കാർ പോരിന് വീണ്ടും കളമൊരുങ്ങി

 



സഭാസമ്മേളനം ജൂൺ പത്തിന് തുടങ്ങും


ഗിരീഷ് കെ നായർ


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ യാത്രാവിവരം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ സൂചിപ്പിച്ചതോടെ ഗവർണർ-സർക്കാർ പോരിന് വീണ്ടും കളമൊരുങ്ങി. പതിനഞ്ചാം നിയമസഭയുടെ 11ാം സമ്മേളനം ജൂൺ 10ന് ആരംഭിക്കാനിരിക്കേ ഗവർണറുടെ അസംപ്തൃപ്തി നിയമസഭ പാസാക്കുന്ന 15ഓളം ബില്ലുകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഗവർണർ ഒപ്പിടാൻ വിസമ്മതിക്കുകയോ നീട്ടിക്കൊണ്ടു പോവുകയോ ചെയ്താൽ അത് ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാനത്തിന്റെ നാഥനെന്ന നിലയിൽ ഗവർണറെ സംസ്ഥാന ഭരണാധികാരി യാത്രാ വിവരങ്ങൾ പ്രത്യേകിച്ച് വിദേശ യാത്രയുടെ വിവരങ്ങൾ അറിയിക്കണമെന്ന പ്രോട്ടോക്കോളുണ്ട്. ഈ വർഷമാദ്യം ഗവർണറും സർക്കാരും തമ്മിലുണ്ടായ അസ്വാരസ്യത്തിന്റെ തുടർച്ചയെന്നോണം രാജ്ഭവനെ മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങൾ അറിയിച്ചില്ല. മുൻപ് മുഖ്യമന്ത്രി വിദേശയാത്ര പോയപ്പോഴും തന്നെ അറിയിച്ചിരുന്നില്ലെന്നും രാജ്ഭവനെ ഇരുട്ടിൽ നിർത്തുകയാണെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി താൻ രാഷ്ട്രപതിക്ക് കത്തയച്ചതായും ഗവർണർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് സർക്കാരുമായി അസ്വാരസ്യം തുടരുമെന്ന സൂചനയാണ്.

മെയ് ആറിനാണ് 12 ദിവസത്തെ വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിയും കുടുംബവും പുറപ്പെട്ടത്. ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ എന്നിവിടങ്ങിലേയ്ക്കായിരുന്നു യാത്ര. മുഖ്യമമന്ത്രിയുടെ ഔദ്യോഗിക വിദേശ യാത്രയ്ക്ക് സർക്കാർ അറിയിപ്പ് നൽകാറുണ്ടെങ്കിലും അനൗദ്യോഗികമാണെന്ന നിലയ്ക്കാണ് അറിയിപ്പ് നൽകാതിരുന്നതെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക വിദേശ യാത്രയുടെ വിവരവും തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടുന്നു.

ജനുവരിയിൽ ഗവർണറുടെ റിപ്പബ്ലിക് ദിന വിരുന്നും (അറ്റ് ഹോം) ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തപ്പോഴത്തെ ചായസൽക്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു. സഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെയായിരുന്നു ഇത്. നയപ്രഖ്യാപനം ഒന്നര മിനിറ്റിലൊതുക്കി സർക്കാരുമായി സമവായത്തിനില്ലെന്ന് ഗവർണർ സൂചന നൽകിയിരുന്നു. നയപ്രഖ്യാപനത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഭാഗം മാത്രമാണ് അന്ന് ഗവർണർ വായിച്ചത്. സഭയിലെത്തിയപ്പോൾ തന്നെ സ്വീകരിച്ച മുഖ്യമന്ത്രിയെ നോക്കാനോ അഭിവാദ്യം ചെയ്യാനോ ഗവർണർ തയാറാകാതിരുന്നതും സർക്കാരിനെ ചൊടിപ്പിച്ചിരുന്നു.

റവന്യൂ റിക്കവറി നിയമ ഭേദഗതി ബിൽ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്ന ബിൽ, നാലു വർഷ ബിരുദ നിയമ ഭേദഗതി ബിൽ തുടങ്ങിയവ നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇവയെല്ലാം പ്രധാനമാണെന്നിരിക്കേ ഗവർണറുടെ നയം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.



2024, മേയ് 9, വ്യാഴാഴ്‌ച

വാരിക്കോരി നൽകിയോ മാർക്ക് ? കടുക്കുമോ അടുത്ത വർഷം ?


ഗിരീഷ് കെ നായർ


പ്രതീക്ഷിച്ചത് തെറ്റിയില്ല. ഇത്തവണയും ജയശതമാനം ഉയർന്നുതന്നെ. ജയനിരക്കും എ പ്ലസ് നേടിയവരുടെ എണ്ണവും കഴിഞ്ഞ ആറു വർഷത്തെ രണ്ടാമത്തെ ഉയർന്ന നിരക്കിലുമെത്തി. വാരിക്കോരി മാർക്ക് നൽകുന്നത് എസ്.എസ്.എൽ.സി പരീക്ഷയുടെ നിലവാരം കുറയ്ക്കുന്നുവെന്നും നിറം കെടുത്തുന്നുവെന്നും ഇതിനുശേഷമുള്ള മത്സരപരീക്ഷകളിൽ കുട്ടികൾ പിന്നോക്കം പോകുന്നുവെന്നും മറ്റുമുള്ള ആരോപണം നിലനിൽക്കേയാണ് ഇത്തവണയും കുട്ടികൾക്ക് ഉയർന്ന ജയനിരക്ക് ലഭിച്ചിരിക്കുന്നത്.
ഇത്തവണ ജയം 99.69 ശതമാനയപ്പോൾ എ പ്ലസ് നേടിയത് 71,831 പേരാണ്. 2021ൽ കൊവിഡ് കാലത്ത് നടന്ന പരീക്ഷയിലാണ് കൈയയച്ച് മാർക്ക് നൽകിയപ്പോൾ ഇതിനു മുമ്പ് കൂടുതൽ വിജയശതമാനവും കൂടുതൽ കുട്ടികൾക്ക് എ പ്ലസും ലഭിച്ചത്. 2021ൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 99.47 ശതമാനം പേർ ജയിച്ചപ്പോൾ 1,21,318 എന്ന സർവകാല റെക്കോർഡാണ് എ പ്ലസിലുണ്ടായത്. 2019ൽ പ്രളയകാലത്ത് 98.11 ശതമാനം ജയിച്ചപ്പോൾ എ പ്ലസ് 37,334ഉം 2020ൽ 98.82 ശതമാനം ജയിച്ചപ്പോൾ 41,906 എ പ്ലസുകളും 2022ൽ 99.26 ശതമാനം ജയമുണ്ടായപ്പോൾ 44,363 പേർക്ക് എ പ്ലസും ലഭിച്ചപ്പോൾ കഴിഞ്ഞ വർഷം 99.70 ശതമാനം വിജയവും 68,604 എ പ്ലസുമാണ് ഉണ്ടായിരുന്നത്.
വിജയശതമാനം കൂടുകയും എ പ്ലസ് നേടുന്നവരുടെ എണ്ണം കൂടുന്നതുമല്ലാതെ ദേശീയ മത്സരപരീക്ഷകളിൽ ജയം നേടാൻ കുട്ടികൾക്ക് കഴിയുന്നില്ലെന്നതാണ് വാരിക്കോരി മാർക്കു നൽകുന്നതിനാലാണ് ജയവും എ പ്ലസും കൂടുന്നതെന്ന വിമർശനമുയരുന്നതും ഇതിനാലാണ്. 
അക്ഷരമറിയാത്തവർ പോലും എ പ്ലസ് നേടുന്നതുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വോയ്‌സ് മെസേജ് ഏറെ വിവാദമുണ്ടാക്കുകയും ചെയ്തിരുന്നു. 2013ൽ ബിജുപ്രഭാകർ, 2016ൽ എം.എസ് ജയ എന്നീ വിദ്യാഭ്യാസ ഡയറക്ടർമാരാണ് എസ്.എസ്.എൽ.സി പരീക്ഷയുടെ നിലവാരത്തകർച്ച ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാലും ജയശതമാനവും എ പ്ലസും കൂടുന്നത് തുടർന്നതോടെ വിമർശനങ്ങളുയർന്നിരുന്നു.
ഇത്തവണ കൂടിമാത്രമേ ഇത്തരത്തിലുള്ള ജയശതമാനമുണ്ടാകൂ എന്നു നിരന്തര മൂല്യനിർണയവും പരീക്ഷയും അടുത്ത തവണ മെച്ചപ്പെടുത്തുമെന്നുമാണ് എസ്.സി.ഇ.ആർ.ടി പറയുന്നത്. ഓരോ പേപ്പറിനും മിനിമം മാർക്ക് നിശ്ചയിക്കണമെന്ന ശുപാർശയും പാലിക്കപ്പെട്ടിട്ടില്ല. നിലവിൽ 100 മാർക്ക് ചോദ്യത്തിന് 20 മാർക്കും 50 മാർക്ക് ചോദ്യത്തിന് 10 മാർക്കും നിരന്തര മൂല്യനിർണയത്തിന് ജയിക്കാൻ വേണ്ടത്. ക്ലാസ് ടീച്ചർമാർ കൈയയച്ച് സഹായിക്കുന്നതോടെ ജയശതമാനമേറുന്നു. ഇനി 12 മാർക്കെങ്കിലും ജയിക്കാൻ വേണമന്ന നിയമം അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്നാണ് ഇപ്പോൾ വകുപ്പ് നൽകുന്ന വിവരം.
നിരന്തര മൂല്യനിർണയമെന്നു പറയുകയല്ലാതെ വാർഷിക പരീക്ഷയിലെ മാർക്കുതന്നെയാണ് ഇപ്പോഴും കുട്ടികളുടെ പഠനനിലവാരം അളക്കാനുള്ള ഉപാധിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിരന്തര മൂല്യനിർണയം നിശ്ചിത മാർക്കിടുന്നതായി ചുരുങ്ങി. പുതിയ പാഠ്യപദ്ധതിയിൽ കുട്ടികളുടെ പഠന നിലവാരം അളക്കാൻ ശാസ്ത്രീയമായ വഴികൾ നടപ്പാക്കിയില്ലെങ്കിലും ജയവും എ പ്ലസും തുടരുകയും മത്സര പരീക്ഷകൾ കീറാമുട്ടിയായി ഒതുങ്ങുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വിലയിരുത്തപ്പെടുന്നു.