ഗിരീഷ് കെ നായര്‍
കുഴല്‍ക്കിണറുകള്‍ നമ്മുടെ കണ്‍മണികളെ വിഴുങ്ങുകയാണ്. സര്‍ക്കാരുകളുടെ അനാസ്ഥ കാരണം വാപിളര്‍ന്നു കിടക്കുന്ന മരണത്താഴ്‌വരയിലേക്ക് പിഞ്ചു കുഞ്ഞുങ്ങള്‍ പിച്ചവച്ചു ജീവിതത്തില്‍ നിന്ന് മടങ്ങിപ്പോകുന്നു. കുറേ കുടുംബങ്ങളുടെ ആവലാതികളും തോരാത്ത കണ്ണീരും തീരാത്ത വേദനയും ബാക്കിയാകുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നാടിളക്കി നടക്കുമ്പോഴും മരണവഴിക്ക് കാരണക്കാരായവര്‍ ചിത്രത്തിലുണ്ടാവാറേയില്ല. അവരാരെന്ന് അറിയാറുമില്ല. നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിന്. ചന്ദ്രനില്‍പോലും ആളെ ഇറക്കാന്‍ ശ്രമിക്കുന്നവര്‍ ഭൂമിക്കുള്ളിലേക്കുതന്നെ നാളെയുടെ പൗരന്‍മാര്‍ ആണ്ടുപോകുന്നതറിയുന്നില്ലെന്നത് വിരോധാഭാസമാണ്. ഇതും മനപ്പൂര്‍വമല്ലാത്ത നരഹത്യ തന്നെ.
മൂടാത്ത കിണര്‍
വെള്ളത്തിനുവേണ്ടി കുഴിക്കുന്ന കുഴല്‍ക്കിണറുകള്‍ വെള്ളമില്ലാതാകുമ്പോള്‍ ഉപേക്ഷിക്കുക പതിവാണ്. എന്നാല്‍ കുഴിക്കുന്നവര്‍ പലപ്പോഴും കിണര്‍ മൂടാന്‍ മിനക്കെടാറില്ല. അത് കുഴല്‍ക്കിണര്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു. തമിഴ്‌നാട്ടിലെ നാടുകാട്ടുപെട്ടിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ദാരുണമരണമാണ് കുഴല്‍ക്കിണറില്‍ പെട്ട് കുഞ്ഞ് മരിച്ച അവസാന സംഭവം. 80 മണിക്കൂര്‍ ഭഗീരഥ പ്രയത്‌നത്തിനൊടുവില്‍ സുജിത് എന്ന രണ്ടുവയസുകാരന്റെ വിറങ്ങലിച്ച മൃതദേഹം പുറത്തെടുക്കുമ്പോള്‍ കണ്ടുനിന്നവരുടെ ഉള്ളുതേങ്ങി, കരള്‍ വിങ്ങി. ഒരു വെള്ളിയാഴ്ച ദിവസം വീടിനരികില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞാണ് അപകടത്തില്‍പെട്ടതെന്നോര്‍ക്കണം. കാല്‍വഴുതി കുഴല്‍ക്കിണറിനുള്ളില്‍ 30 അടിയിലേക്ക് വീണപ്പോള്‍ ആ പിഞ്ചോമന അമ്മയെ വിളിച്ചു കേണിട്ടുണ്ടാവില്ലേ. രക്ഷാപ്രവര്‍ത്തനത്തിനിടെ അവന്‍ നിലയില്ലാ കിണറിലേക്ക് വീണ്ടും ആണ്ടുപോയി. ഒടുവില്‍ 88 അടി താഴ്ചയില്‍ നിന്ന് അവന്റെ മൃതദേഹമാണ് ലഭിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു വര്‍ഷം ഒരു കുഞ്ഞ് എന്നകണക്കില്‍ 13 കുഞ്ഞുങ്ങളാണ് തമിഴ്‌നാട്ടില്‍ മാത്രം കുഴല്‍ക്കിണറില്‍ അകപ്പെട്ടത്. അതില്‍ മൂന്നുപേരെ മാത്രമാണ് രക്ഷിക്കാനായത്.
മരണക്കുഴല്‍
ഭൂമിയുടെ ആഴങ്ങളിലേക്ക് തുരന്നിറങ്ങി ഭൂഗര്‍ഭജലമെടുക്കാനാണ് കുഴല്‍ക്കിണര്‍. 100 അടി ആഴമൊക്കെ മിനിമം എന്നുപറയാം. അത് 1500 അടിതാഴെവരെ എത്തുമെന്നറിയുമ്പോഴാണ് മരണക്കുഴലിന്റെ ഭീകരതയും ആഴവും മനസിലാവുക. 6 -12 ഇഞ്ച് വ്യാപ്തിയുള്ള പിവിസി പൈപ്പുകളാണ് ഭൂഗര്‍ഭജലം കവരാന്‍ ഉപയോഗിക്കുന്നത്. കാര്‍ഷികവൃത്തികൊണ്ട് ഉപജീവനം നടത്തുന്നവരാണ് ഇന്ത്യന്‍ജനതയുടെ നല്ലഭാഗവും എന്നതിനാല്‍ ജീവല്‍സന്ധാരണമാണല്ലോ എന്നുകരുതി ഈ നടപടി എതിര്‍ക്കപ്പെടാറില്ല. എന്നാല്‍ ജനസംഖ്യാവര്‍ധനവും നാഗരികവല്‍ക്കണവും ഭൂമിതുണ്ടുകളായി വില്‍ക്കപ്പെടുന്നതും സ്വാഭാവികമായും ജലലഭ്യതയെയും ബാധിക്കും. കിണറുകള്‍ക്ക് ആഴം കൂട്ടിയാണ് ഇതിന് പരിഹാരം കാണുക.
ട്യൂബ് വെല്‍, ബോര്‍ വെല്‍, പൊട്ടക്കിണര്‍
കുഴല്‍ക്കിണറുകളെ ട്യൂബ് വെല്‍ എന്നും ബോര്‍ വെല്‍ എന്നും രണ്ടായി തിരിക്കാം. ഭൂമിയുടെ അടിത്തട്ടിലെ പാറകള്‍ തുരന്നാണ് ബോര്‍ വെല്‍ നിര്‍മിക്കുക. ഇതിന് കെയ്‌സിങ് പൈപ്പുകള്‍ പാറകള്‍ക്കുള്ളിലാണ് ഉപയോഗിക്കുക. ട്യൂബ് വെല്‍ തീരപ്രദേശങ്ങളിലും ഉറപ്പില്ലാത്ത മണ്‍-വയല്‍ പ്രദേശങ്ങളിലാണ് കുഴിക്കുക. കുഴിയില്‍ മുഴുവനായും പൈപ്പുപയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
വെള്ളമില്ലാത്തതുകൊണ്ടോ വെള്ളം ഉപയോഗശൂന്യമായതിനാലോ നിരവധി കിണറുകള്‍ കേരളത്തില്‍ ഉപേക്ഷിക്കപ്പെടുന്നുണ്ട്. പൊട്ടക്കിണര്‍ എന്നറിയപ്പെടുന്ന ഇവ മുതിര്‍ന്നവര്‍ക്കും മരണക്കെണി ഒരുക്കുന്നത് നമ്മളും അറിയുന്നില്ല. നിരവധി അപകടങ്ങള്‍ നടന്നിട്ടും അവ നികത്താനോ മറയ്ക്കാനോ കേരളത്തിലും നടപടിയെടുത്തുകാണുന്നില്ല. ഇവിടെ കുഴല്‍ക്കിണര്‍ ഇപ്പോഴാണ് വ്യാപകമായിത്തുടങ്ങിയത്.
കണക്കുകള്‍ ഞെട്ടിക്കും
കുഴല്‍ക്കിണറില്‍ വീണ് മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഏറുകയാണെന്ന് നാഷനല്‍ ക്രൈംസ് റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു (2015). 2014ല്‍ 48 കുരുന്നുജീവനുകള്‍ ആഴങ്ങളില്‍ പൊലിഞ്ഞപ്പോള്‍ 2015ല്‍ അത് 71 ആയി. 2010-2012 വര്‍ഷത്തില്‍ ഇന്ത്യയില്‍ 561 കുഞ്ഞുങ്ങള്‍ക്കാണ് കുഴല്‍ക്കിണറുകളുടെ ആഴങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) സദാസജ്ജമാണെങ്കിലും ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങളുടെ അപര്യാപ്തത അവരെയും മിക്കപ്പോഴും നിസാഹയരാക്കുന്നു. അപകടത്തില്‍പെടുന്നത് കുരുന്നുകളായതിനാല്‍ ആഹാരവും വെളളവും ഇല്ലാത്ത അവസ്ഥയില്‍ ജീവന്‍ നിലനിര്‍ത്തുക പ്രയാസകരമാണ്. പ്രതികൂല കാലാവസ്ഥ, അപകട സ്ഥലത്ത് എത്തിച്ചേരാനുള്ള പ്രയാസം, അടിസ്ഥാന സൗകര്യലഭ്യത, ക്രമസമാധാനപ്രശ്‌നം, സമയത്തിനെതിരേയുള്ള പ്രവര്‍ത്തനം, രക്ഷാദൗത്യത്തിനിടെ കുഞ്ഞിന്റെ മേല്‍ പാറയും മണ്ണും വീഴുന്നത്, സ്ഥലസൗകര്യമില്ലാത്തത്, കാഴ്ച പരിമിതി ഇതൊക്കെ രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്.
ട്രാക്ടറും, ജെസിബിയും ഉപയോഗിച്ച് അപകടക്കിണറിന്റെ സമീപം മറ്റൊരു കിണറുണ്ടാക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്താറ്. കുഴിക്കുന്നതിനിടെ പാറ വഴിമുടക്കിയാല്‍ മാറി കുഴിക്കേണ്ടിവരുന്നതും വിലപ്പെട്ട സമയം നഷ്ടമാക്കും. കിണറിലേക്ക് ഓക്‌സിജനെത്തിക്കാന്‍ ട്യൂബ്, എല്‍ഇഡി ലൈറ്റുള്ള കാമറയും മോനിട്ടറും, കാമറയും ഓഡിയോയുമുള്ള റോബോട്ടിക് മെഷീന്‍, എല്‍-ജെ-യു ഷേപ്പുകളുള്ള ഇരുമ്പു ദണ്ഡുകള്‍, ഹുക്കുള്ള അലൂമിനിയം വയര്‍, ലൈഫ് ജാക്കറ്റ് തുടങ്ങിയ ഉപകരണങ്ങളാണ് ഇവരുടെ വശമുള്ളത്.
കോടതി നിര്‍ദേശം
മൂടാത്ത കുഴല്‍ക്കിണറുകളില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത് ഏറിയതോടെ സുപ്രിംകോടതി ചില സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സ്വന്തമായി കുഴല്‍ക്കിണര്‍ ഉള്ളവര്‍പോലും പാലിക്കേണ്ട ചട്ടങ്ങളായിരുന്നു ഇവ. ഇതില്‍ പ്രധാനം കുഴല്‍ക്കിണറിനു ചുറ്റും വേലി കെട്ടുക എന്നതായിരുന്നു. സ്റ്റീല്‍ തകിടുകള്‍ ഉപയോഗിച്ച് വെല്‍ഡ് ചെയ്ത് മൂടുക, കളിമണ്ണ് ഉപയോഗിച്ച് കുഴി മൂടുക, മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുക, ചരല്‍ക്കല്ലുകള്‍ നിക്ഷേപിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ അയക്കണമെന്നും അവരുടെ നിര്‍ദേശപ്രകാരം കലക്ടര്‍മാര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കുഴല്‍ക്കിണര്‍ ഉപേക്ഷിക്കപ്പെട്ടാല്‍ അക്കാര്യം ബോധ്യപ്പെടുത്തി കലക്ടറില്‍ നിന്നോ ബിഡിഒയില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും നിര്‍ദേശമുണ്ട്. ഫയലുകളിലുറങ്ങുന്ന നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയതിനു നല്‍കുന്നത് പിഞ്ചോമനകളുടെ ജീവനാണ്.
വെള്ളം കിട്ടാതാകുന്നതോടെ കുഴല്‍ക്കിണറുകളില്‍ നിന്ന് മോട്ടോറും പിവിസി പൈപ്പും പുറത്തെടുക്കുക പതിവാണ്. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാറില്ല. മുതിര്‍ന്നവര്‍ക്കിതൊക്കെ അറിയാമല്ലോ എന്നുകരുതി മൂടാറുമില്ല. എന്നാല്‍ അടുത്തിടെ കുഴല്‍ക്കിണര്‍ മരണങ്ങള്‍ എല്ലാം നടന്നത് ഗ്രാമപ്രദേശങ്ങളില്‍ കൃഷിസ്ഥലങ്ങള്‍ക്ക് സമീപം തന്നെയായിരുന്നു. ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥയ്ക്ക് കുരുന്നുകളുടെ ജീവന്‍ ബലി നല്‍കേണ്ടിവരുമ്പോള്‍ അത് മാപ്പര്‍ഹിക്കാത്ത കുറ്റംതന്നെ.