2019, ജൂൺ 21, വെള്ളിയാഴ്‌ച

ലോക്‌സഭ പിടിച്ചെങ്കിലും രാജ്യസഭ ?


ബി.ജെ.പി 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറി. ഈ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ കക്ഷികള്‍ വോട്ടര്‍മാര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. കാവിപ്പാര്‍ട്ടി ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിയാല്‍ ഈ രാജ്യത്തിന്റെ ബഹുസ്വരതയും ക്രമസമാധാനവും തകരുമെന്നും ഭരണയുടെ ഘടനതന്നെ മാറ്റിമറിക്കപ്പെടുമെന്നുമായിരുന്നു അത്. റിസര്‍വ്ബാങ്ക് പോലുള്ളവയുടെ സ്വയംഭരണാവകാശം തകരുമെന്നും നിയമം പന്താടപ്പെടുമെന്നും ഒരുപക്ഷേ ഭാവിയില്‍ തെരഞ്ഞെടുപ്പുകള്‍ പോലും നടന്നേക്കില്ലെന്നും വരെ ചൂണ്ടിക്കാണിക്കപ്പെട്ടു.
ബി.ജെ.പി അധികാരത്തിലെത്തിയതോടെ പ്രതിപക്ഷം ഭയപ്പെട്ടതു സംഭവിച്ചെന്നു കരുതാം. മുന്നറിയിപ്പുകള്‍ സംഭവങ്ങളാവുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. എങ്കിലും ലോക്‌സഭയില്‍ മൃഗീയഭൂരിപക്ഷമുള്ള കാവിപ്പടയ്ക്ക് ഏതുനിയമവും പാസാക്കിയെടുക്കാന്‍ ബുദ്ധിമുട്ടേണ്ടിവരില്ല. പക്ഷേ രാജ്യസഭ ഇന്നും ബി.ജെ.പിക്ക് മെരുങ്ങിയിട്ടില്ല. 543ല്‍ 353 സീറ്റുകളാണ് ലോക്‌സഭയില്‍ എന്‍.ഡി.എ സ്വന്തമാക്കിയതെങ്കില്‍ രാജ്യസഭ അടിയറവയ്ക്കാതെ പ്രതിപക്ഷം ഇന്നും സൂക്ഷിക്കുകയാണ്.

രാജ്യസഭ കക്ഷിനില

രാജ്യസഭയില്‍ ആകെ സീറ്റുകള്‍ 245 ആണ്. ഇതില്‍ 241 എം.പിമാരും തെരഞ്ഞെടുക്കപ്പെടുന്നവരാണ്. നാലെണ്ണം നാമനിര്‍ദേശം ചെയ്യപ്പെടുന്നവരും. നിലവില്‍ എന്‍.ഡി.എക്ക് 102 അംഗങ്ങളാണ് സഭയിലുള്ളത്. ഈ നിലയില്‍ ലോക്‌സഭയില്‍ പാസായാല്‍ പോലും രാജ്യസഭയില്‍ എത്തുന്ന ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ കാവിപ്പടയ്ക്കാവില്ല. ഭൂരിപക്ഷത്തിന് ബി.ജെ.പിക്ക് 20 സീറ്റുകളുടെ കുറവുണ്ട്. അതുകൊണ്ട് തല്‍ക്കാലം ഭരണഘടന അഴിച്ചുപണിയുമെന്ന പേടിവേണ്ട. രാജ്യസഭയില്‍ പ്രതിപക്ഷം അതിനു സമ്മതിക്കുകയുമില്ല. എങ്കിലും ഒരു ഭയാശങ്ക ഇല്ലാതില്ല. കാരണം, 20 സീറ്റുകള്‍ ബി.ജെ.പിയെ സംബന്ധിച്ച് ബാലികേറാമലയല്ലെന്നതുതന്നെ. അതുനേടിയെടുക്കാന്‍ അമിത്ഷായും പരിവാരവും എത്ര തരംതാണ കളികള്‍ക്കും തയാറാവുകയും ചെയ്യും. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കാണാനാവാത്ത മര്‍മത്തായിരിക്കും കൊട്ട് കിട്ടുക എന്നതും അവര്‍ തുടരുന്ന രീതിയാണ്.

സംസ്ഥാന ഭരണം

പാര്‍ലമെന്റില്‍ നിയമങ്ങള്‍ പാസാക്കിയാലും രാജ്യസഭയില്‍ പരാജയപ്പെടുത്താമെന്ന മേല്‍ക്കൈ കോണ്‍ഗ്രസിനുണ്ടായിരുന്നു. രാജ്യസഭ എം.പികളെത്തുന്നത് സംസ്ഥാനത്തെ എം.എല്‍.എമാരുടെ വോട്ടുകള്‍ അടിസ്ഥാനമാക്കിയാണെന്നിരിക്കേ സംസ്ഥാന ഭരണം പിടിക്കുകയോ പങ്കിടുകയോ ചെയ്താല്‍ അതും എത്തിപ്പിടിക്കാമെന്നത് ആരും പഠിപ്പിക്കേണ്ടതില്ല. അപ്പോള്‍ സംസ്ഥാന ഭരണം പിടിക്കുക എന്നത് കേന്ദ്രഭരണം പിടിക്കുന്നതുപോലെ പ്രധാനമാണ്. രാജ്യസഭ കൈയിലെത്തണമെങ്കില്‍ മഹാരാഷ്ട്രയും ഹരിയാനയും ഝാര്‍ഖണ്ഡും ഉത്തര്‍പ്രദേശും അസമും നിലനിര്‍ത്തിയാല്‍ മാത്രം പോര ബി.ജെ.പിക്ക്. രണ്ടു സംസ്ഥാനങ്ങള്‍ കൂടി സ്വന്തമാവുകയും വേണം. അതിനുള്ള കളികളാണ് ബംഗാളിലും പഞ്ചാബിലും പാര്‍ട്ടി നടത്തിവരുന്നത്. ഇത് സംഭവിച്ചാല്‍ 2023ല്‍ രാജ്യസഭ ബി.ജെ.പിയുടേതാവും. പിന്നീടുള്ള ഒരു വര്‍ഷം മാത്രം പ്രതിപക്ഷം വോട്ടര്‍മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പോര്‍ത്ത് ഭയപ്പെട്ടാല്‍ മതി. അതുവരെ വലിയഭയപ്പാടുകള്‍ക്ക് അടിസ്ഥാനമില്ല. പിന്നെ, രാഷ്ട്രീയകക്ഷികളുടെ ചാഞ്ചാട്ടം പ്രവചനാതീതമായതിനാല്‍ ഇതിനിടെ എന്തും സംഭവിച്ചേക്കാമെന്നുമാത്രം.
ഈ വര്‍ഷവും അടുത്ത വര്‍ഷവും നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ നിന്ന് എന്‍.ഡി.എ സഖ്യം 23 സീറ്റുകള്‍ നേടിയേക്കും. എന്നാല്‍ ഏഴു സീറ്റുകള്‍ സഖ്യത്തിന് നഷ്ടപ്പെടുമെന്നതിനാല്‍ രാജ്യസഭയിലെ ഭൂരിപക്ഷത്തിന് നാലു സീറ്റുകള്‍ കുറവുണ്ടാവും.

സീറ്റുകള്‍ ഇങ്ങനെ

അസമില്‍ രണ്ടുസീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ സംസ്ഥാന ഭരണം നേടിയ ബി.ജെ.പി സ്വന്തമാക്കുമെന്നുറപ്പ്. ഇതോടെ മൂന്നു സീറ്റുകളും അവരുടേതാവും. തമിഴ്‌നാട്ടില്‍ ആറുസീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ നാലില്‍ത്തന്നെ തുടരുമെന്നതിനാല്‍ രാജ്യസഭയില്‍ എം.പിമാരുടെ എണ്ണത്തില്‍ മാറ്റമുണ്ടാകില്ല. മഹാരാഷ്ട്ര അതുപോലെയല്ല. നിലവില്‍ ഓരോ അംഗങ്ങളാണ് ബി.ജെ.പിക്കും ശിവസേനയ്ക്കും ഇവിടെനിന്ന് രാജ്യസഭയിലുള്ളത്. അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രാജ്യസഭയിലേക്ക് പാര്‍ട്ടികള്‍ക്ക് എത്ര എം.പിമാരെ അയക്കാനാകുമെന്നത് ഫലം പോലെയിരിക്കും. ബംഗാളില്‍ അഞ്ച് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും തൃണമൂല്‍ അത് നിലനിര്‍ത്തുമെന്ന് കരുതാം. ഒഡിഷയില്‍ ബി.ജെ.ഡിക്ക് മൂന്നു സീറ്റുണ്ട്. കോണ്‍ഗ്രസിന് ഒന്നും. തെരഞ്ഞെടുപ്പോടെ ഒരംഗത്തെ ജയിപ്പിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പി നേടിയിട്ടുണ്ട്. രാജസ്ഥാന്‍ ബി.ജെ.പിക്ക് വഴുതിപ്പോയ സംസ്ഥാനമാണ്. ഇവിടുത്തെ മൂന്നില്‍ രണ്ടു സീറ്റ് ബി.ജെ.പിക്ക് നഷ്ടമാകും. ഝാര്‍ഖണ്ഡ് ഭരണം പിടിച്ചതിനാല്‍ ഇവിടുത്തെ രണ്ടുസീറ്റും നേടി ആ കുറവ് പാര്‍ട്ടി നികത്തും. ഗുജറാത്തില്‍ ഭരണം നേടിയതുകൊണ്ട് മൂന്നുസീറ്റുകള്‍ ബി.ജെ.പി നിലനിര്‍ത്തും. ബിഹാറില്‍ ജെ.ഡി.യു-ബി.ജെപി സഖ്യത്തിന് 5 സീറ്റുണ്ടെങ്കിലും രണ്ടെണ്ണം നഷ്ടപ്പെട്ടേക്കും. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും ബി.ജെ.പിക്ക് ഒരുസീറ്റ് വീതം കൈമോശം വരും. ഹരിയാനയിലെ രണ്ടു സീറ്റ് ആര്‍ക്കെന്നറിയാന്‍ നിയസഭാ തെരഞ്ഞെടുപ്പ് കഴിയണം. ആന്ധ്രയിലും തെലങ്കാനയിലും നോക്കേണ്ടെങ്കിലും മണിപ്പൂരിലെ ഒരു സീറ്റ് നിലനിര്‍ത്താനാവും. മേഘാലയയും ഹിമാചലും മിസോറമും അരുണാചലും ഉത്തരാഖണ്ഡും നേടിയാല്‍ ഓരോ സീറ്റ് സ്വന്തമാകും. കര്‍ണാടകത്തില്‍ ഒന്നില്‍ത്തന്നെ ഒതുങ്ങിയേക്കും. ഉത്തര്‍പ്രദേശില്‍ നിന്ന് 9 സീറ്റുകള്‍ ലഭിക്കും. കശ്മിര്‍ നിയമസഭാ തെരഞ്ഞെടുപ്പാണ് ഉത്തരം നല്‍കേണ്ടത്. പുതുച്ചേരിയില്‍ അണ്ണാ ഡി.എം.കെയുടെ സീറ്റ് കോണ്‍ഗ്രസ് നേടും. കേരളം പറയേണ്ടതില്ല. 2020 വരെ മേല്‍പറഞ്ഞ ചിത്രത്തില്‍ വലിയ മാറ്റങ്ങളുണ്ടായേക്കില്ല.

ഗുജറാത്തിലെ തന്ത്രം

ഗുജറാത്തില്‍ രണ്ടു സീറ്റുകളിലേക്ക് ജൂലായ് അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. അമിത്ഷാ സ്മൃതി ഇറാനി എന്നിവര്‍ രാജിവച്ച സീറ്റുകളിലേക്ക്. ഷായുടെ സീറ്റ് ഒഴിഞ്ഞതായി മെയ് 28നും ഇറാനിയുടെ സീറ്റ് ഒഴിവുള്ളതായി മെയ് 29നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം ഇറക്കിയത്. മറ്റു സംസ്ഥാനങ്ങളിലേതുള്‍പ്പെടെ ആറു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഗുജറാത്തിലെ രണ്ടു സീറ്റുകളിലും പ്രത്യേകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. രണ്ടു സീറ്റിലും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഒന്നു നഷ്ടപ്പെട്ടേക്കുമെന്ന് ഭയന്നാണിത്. ഇത് മുന്‍കൂട്ടി മനസിലാക്കി കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ സഭാ ശക്തി അനുസരിച്ച് ഒരു സീറ്റ് ലഭിക്കേണ്ടതാണെന്നാണ് കോണ്‍ഗ്രസ് വാദം. രണ്ടായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ തങ്ങളുടെ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ അമിത്ഷായും സംഘവും എന്തു വൃത്തികെട്ട കളിക്കും തയാറാകുമെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്.
എന്നാല്‍, തെരഞ്ഞെടുപ്പുകള്‍ രണ്ടു ദിനമായി നടത്തുമെന്നാണ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്.1994ലെയും 2009ലെയും ഡല്‍ഹി ഹൈക്കോടതി ഉത്തരവുകളുടെ പിന്‍ബലത്തിലാണ് കമ്മിഷന്റെ വാദം. ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിന് 77ഉം ബി.ജെ.പിക്ക് 100ഉം എം.എല്‍.എമാരാണുള്ളത്. ജയിക്കാന്‍ വേണ്ടത് 61 വോട്ടുകളാണ്. തെരഞ്ഞെടുപ്പ് ഒന്നിച്ചുനടത്തിയാല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിക്കും. രണ്ടായാല്‍ രണ്ടും ബി.ജെ.പി കൊണ്ടുപോവുകയും ചെയ്യും.

((കുറിപ്പ്))

2019 ജൂണ്‍ അഞ്ചിന് സുപ്രഭാതം പ്രഭാത പത്രത്തില്‍ എഴുതിയ ലേഖനമാണിത്. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് 23 സീറ്റുകള്‍ ലഭിക്കുമെന്നും എന്നാല്‍ ഏഴ് സീറ്റുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ രാജ്യസഭയിലേക്ക് വേണ്ട ഭൂരിപക്ഷത്തിന് 20 സീറ്റുകള്‍ കൂടി വേണമെന്ന കടമ്പ കടക്കാനാവില്ലെന്നും ലേഖനത്തിലുണ്ടായിരുന്നു. നാല് സീറ്റുകളുടെ കുറവാണ് ഉണ്ടാവുക എന്നും ചൂണ്ടിക്കാട്ടിയിരുന്നു. ബി.ജെ.പി ഏതു തന്ത്രത്തിലൂടെയും നാലു സീറ്റുകള്‍ കൂടി സ്വായത്തമാക്കുമെന്നും സൂചിപ്പിച്ചിരുന്നു. ജൂണ്‍ ആറാം തീയതി പുറത്തുവരുന്ന വാര്‍ത്ത നാല് തെലുങ്കുദേശം രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്നതാണ്. അതായത് അടുത്തവര്‍ഷത്തോടെ രാജ്യസഭയിലും ലോക്‌സഭയിലും ബി.ജെ.പി ഭൂരിപക്ഷം നേടുമെന്ന്.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ