ഓരോ തെരഞ്ഞെടുപ്പ് കാലവും പണമൊഴുക്കിന്റെ മദ്യമൊഴുക്കിന്റെയും സംഭാവനകളുടെയും കാലമാണ്. എത്ര സുരക്ഷകളുണ്ടെങ്കിലും അന്വേഷണങ്ങളം ഏജന്‍സികളും ഉണ്ടെങ്കിലും മറപറ്റിയോ മറയില്ലാതെയോ ഇത് അനുസ്യൂതം തുടരുന്നതാണ് കണ്ടുവരുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാകട്ടെ ഇതൊക്കെ തുറന്നുപറയാനും ചെയ്തത് വിളിച്ചുപറയാനും യാതൊരു ഉളുപ്പുമില്ല. ഇതൊക്കെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തുടര്‍ന്നുവരുന്നതല്ലേ എന്ന ഭാവമാണവര്‍ക്ക്. തെരഞ്ഞെടുപ്പ് കമ്മിഷനാവട്ടെ ഒരു വലിയ കോളജ് ക്യാംപസിലെ പാവം പ്രിന്‍സിപ്പല്‍ മാത്രം. ഇടയ്ക്ക് ചൂരല്‍ എടുത്തു പേടിപ്പിക്കുമെന്നല്ലാതെ കടിക്കില്ല. പണമൊഴുക്ക് എല്ലാ കാലത്തേയും പോലെയല്ല ഇത്തവണ സംഭവിച്ചത്. 3822 കോടി രൂപയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രഹസ്യബോണ്ടായി രാഷ്ട്രീയപ്പാര്‍ട്ടികളുടെ അങ്കണത്തില്‍ ചുറ്റിത്തിരിഞ്ഞെത്തിയത്. എവിടൊക്കെ ആര്‍ക്കൊക്കെ എന്ന കണക്കില്ല. പണം ഇറങ്ങിയെന്നതു മാത്രം നേര്.
ഇലക്ടറല്‍ ബോണ്ട്
ഇലക്ടറല്‍ ബോണ്ടെന്ന പേരിലാണ് ഈ കോടികളത്രയും ചുറ്റിത്തിരിഞ്ഞത്. ദേശസാല്‍കൃത ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നാണ് 3622 കോടി രൂപ ഇലക്ടറല്‍ ബോണ്ടായി പുറത്തേക്കൊഴുകിയത്. തെരഞ്ഞെടുപ്പ് കത്തിനിന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പണം എത്തേണ്ടിടത്ത് എത്തി.
വിവരാവകാശ നിയമപ്രകാരം എസ്.ബി.ഐ നല്‍കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. മാര്‍ച്ചില്‍ ബാങ്ക് വിതരണം ചെയ്തത് 1365.69 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്. ഏപ്രില്‍ ആയതോടെ ഇത് 65 ശതമാനം വര്‍ദ്ധിച്ചതായി ബാങ്ക് വെളിപ്പെടുത്തുന്നു. ഏപ്രിലില്‍ 2256.37 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ബാങ്ക് വിതരണം ചെയ്തത്. ഇവിടെ ഒരു കാര്യം ഓര്‍ക്കാം. മാര്‍ച്ച് 10നായിരുന്നു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നത്. കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ ഏപ്രില്‍ 11ന് തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇക്കാലയളവിലുണ്ടായ ഇലക്ടറല്‍ ബോണ്ടെന്ന പേരിലുള്ള പണത്തിന്റെ ഒഴുക്ക് കണ്ട് അധികൃതര്‍ക്ക് വായ പൂട്ടാനാവുന്നില്ല.
യഥാര്‍ഥ ചോദ്യം
3622 കോടി രൂപ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പക്കലെത്തിയെന്നതില്‍ തര്‍ക്കമില്ല. പക്ഷേ അതാര്‍ക്കാണ് കൂടുതല്‍ കിട്ടിയത്. കിട്ടാത്തവരുണ്ടോ. ആരാണ് നല്‍കിയത്. എത്ര വീതം കിട്ടി. കണക്ക് കിട്ടാന്‍ ഒരു രക്ഷയുമില്ല. കാരണം മറ്റൊന്നുമല്ല, ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതെല്ലാം രഹസ്യമായാണ്. ഒരു രേഖയുമില്ലാതെ ആര്‍ക്കും വാങ്ങാവുന്നതായിരുന്നു ഈ ബോണ്ടുകള്‍. വാങ്ങി ആര്‍ക്കും മറിച്ചുനല്‍കാം. അപ്പോള്‍ വാങ്ങിയതാരെന്നോ നല്‍കിയത് ആര്‍ക്കെന്നോ ഒരു രേഖയുമില്ല. കോടികള്‍ പുറത്തുപോയിട്ടുള്ളതായി എസ്.ബി.ഐ വെളിപ്പെടുത്തിയതുകൊണ്ട് 3622 കോടി രാഷ്ട്രീയപ്പാര്‍ട്ടികളുടെ വശം എത്തിയിട്ടുണ്ടെന്നുമാത്രമേ ഇപ്പോള്‍ പറയാന്‍ നിര്‍വാഹമുള്ളൂ.
സീക്രട്ട് ബോണ്ടുകള്‍
രഹസ്യ ബോണ്ടുകളാണ് ഇലക്ടറല്‍ ബോണ്ടുകള്‍ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിക്കപ്പെട്ടത്. പണത്തിനു പകരം ബോണ്ടുകളായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ധനം സമാഹരിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് യഥേഷ്ടം ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാം. എവിടെയും കണക്കുവെളിപ്പെടുത്തേണ്ട ബാധ്യതയില്ല. ഇന്ത്യയില്‍ നിന്നോ വിദേശത്തുനിന്നോ ബോണ്ടുകള്‍ സ്വീകരിക്കാമെന്നത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ധനാഗമനത്തിന് വേഗത കൂട്ടുന്നു. എവിടെ നിന്ന് പണം കിട്ടിയെന്ന് ആരോടും പറയേണ്ടതില്ല എന്നതിനാല്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് പണം വാരിക്കൂട്ടാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മത്സരിച്ചതിന്റെ ഫലമാണ് ഇത്രയും കോടികള്‍ അവരുടെ കൈകളിലെത്താന്‍ കാരണം.
തെറ്റിധരിക്കേണ്ട. തെരഞ്ഞെടുപ്പ് കമ്മിഷന് ഇതില്‍ ഒരു പങ്കുമില്ല. രാഷ്ട്രീയക്കാര്‍ കളങ്കിതരായേക്കാമെന്ന മുന്‍സൂചനയുളളതിനാല്‍ തുടക്കത്തിലേതന്നെ കമ്മിഷന്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇലക്ടറല്‍ ബോണ്ട് വാങ്ങുന്നയാള്‍ കാണാമറയത്താായിരിക്കുമെന്നതിനാല്‍ കള്ളപ്പണക്കാര്‍ക്ക് ഇത് കിട്ടിയ അവസരമായിരുന്നു. നഷ്ടത്തിലോടുന്നു കമ്പനികളും തട്ടിക്കൂട്ടു കമ്പനികളും ബോണ്ടു വാങ്ങിക്കൂട്ടി രാഷ്ട്രീയക്കാര്‍ക്ക് മറിച്ചുനല്‍കി ആനുകൂല്യം കാത്തുനില്‍ക്കുന്നത് കമ്മിഷന് കണ്ടില്ലെന്ന് നടിക്കാനാവില്ലല്ലോ.
കേന്ദ്രം വിവക്ഷിക്കുന്നത്
കള്ളപ്പണക്കാരും കടലാസുകമ്പനികളും ഇഷ്ട രാഷ്ട്രീയക്കാര്‍ക്ക് പണം വാരിക്കോരി രേഖകളില്ലാതെ നല്‍കാന്‍ ഇലക്ടറല്‍ ബോണ്ടിടയാക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പിനെ കേന്ദ്ര സര്‍ക്കാര്‍ പാടേ അവഗണിക്കുന്നു. കേന്ദ്രം നല്‍കുന്നത് മറ്റൊരു വിശദീകരണമാണ്. ഇലക്ടറല്‍ ബോണ്ടുവഴി പണം കൊടുക്കാമെന്നിരിക്കേ, കള്ളപ്പണം നേരിട്ട് നല്‍കുന്നതിനു പകരം ബോണ്ടുകളിലൂടെ നല്‍കാന്‍ അത്തരക്കാര്‍ കൂടുതല്‍ താല്‍പര്യം കാട്ടും. ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പായി മാറും. ഇത് സത്യത്തില്‍ ഇങ്ങനെ തന്നെയായിരിക്കുമോ സംഭവിക്കുക എന്ന് സംശയിക്കരുത്. കാരണം ഇതിനെപ്പറ്റി ആര്‍ക്കും ഒരു പിടിപാടുമില്ല. സുപ്രിംകോടതിയില്‍ എത്തിയിരിക്കുന്ന ഒരുപിടി ഹരജികളും ഈ സംശയം സാധൂകരിക്കുന്നു. സുപ്രിംകോടതിയാവട്ടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയിലേക്ക് കടക്കുകയുമുള്ളൂ.
കോളടിച്ചത് ആര്‍ക്ക്
ഒന്നും രണ്ടുമല്ല, 3622 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ടുകളായി രാഷ്ട്രീയപ്പാര്‍ട്ടികളുടെ മടിശീലയിലെത്തിയതെന്നത് ചില്ലറക്കാര്യമല്ല. പ്രമുഖ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ബോണ്ടുകള്‍ കിട്ടിക്കാണുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ഒരു പദ്ധതി ഏതായാലും വെറുതേ അങ്ങു നടപ്പാക്കില്ലല്ലോ. അപ്പോള്‍ പ്രതീക്ഷ വച്ചു നടത്തിയ പദ്ധതിയുടെ ഗുണഭോക്താക്കളും കേന്ദ്രം ഭരിക്കുന്നവര്‍ തന്നെയാകണമല്ലോ. യഥാര്‍ഥ ചിത്രം പുറത്തുവന്നിട്ടില്ലെങ്കിലും മുന്‍പ് ലഭിച്ച കണക്കുകള്‍ വച്ചാണെങ്കില്‍ ഏറ്റവും അധികം സംഭാവന ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ് എന്നാണ്. അതായത് ഇലക്ടറല്‍ ബോണ്ടിന്റെ സിംഹഭാഗവും സ്വരൂപിക്കാനായത് ബി.ജെ.പിക്കാണെന്ന് സാരം. സിംഹഭാഗവും എന്നു കേള്‍ക്കുമ്പോള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ എന്നുമാത്രം കരുതരുത്. മറ്റുള്ള രാഷ്ട്രീയപ്പാര്‍കള്‍ക്കെല്ലാം കൂടി ആകെ ബോണ്ടുകളില്‍ 11 കോടി രൂപ മാത്രം ലഭിച്ചപ്പോള്‍ 94.5 ശതമാനം ബോണ്ടുകള്‍ കരസ്ഥമാക്കിയ ബി.ജെ.പി ഒറ്റയ്ക്ക് ചാക്കിലാക്കിയത് 210 കോടി രൂപയായിരുന്നു. 2017-2018 വര്‍ഷത്തെ കണക്കാണിതെന്നോര്‍ക്കണം. പുതിയ കോടികളുടെ കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല. ഇതുതന്നെ പുറത്തുവന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതുകൊണ്ടുമാത്രമാണെന്നും ഓര്‍ക്കാം. 2018 മാര്‍ച്ചില്‍ ഇലക്ടറല്‍ ബോണ്ട് നടപ്പാക്കിയതിനുപിന്നാലെ ബോണ്ടുകള്‍ വാങ്ങിക്കൂട്ടി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയതാണ് 221 കോടി രൂപ.
ബി.ജെ.പി നേട്ടമുണ്ടാക്കി എന്നുകേട്ടപ്പോഴാണ് ഇതിന്റെ ആഘാതത്തെപ്പറ്റി കോണ്‍ഗ്രസിന് ശരിക്കും ബോധ്യമായത്. മറ്റ് ഈര്‍ക്കിലി പാര്‍ട്ടിക്കു കിട്ടുന്നതുപോലെ മാത്രമേ തങ്ങള്‍ക്കും പണം ലഭിക്കൂ എന്നത് കോണ്‍ഗ്രസിനെ ചൊടിപ്പിക്കുക സ്വാഭാവികം. ഭരണം ലഭിച്ചാല്‍ ഇലക്ടറല്‍ ബോണ്ട് സമ്പ്രദായം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനു കാരണവും മറ്റൊന്നല്ല. കേരളം പോലെ ഭരണത്തിലിരിക്കുന്ന സി.പി.എമ്മിന് ഇലക്ടറല്‍ ബോണ്ടുകള്‍ എത്തുന്നു എന്നത് അമ്പരപ്പിക്കുന്നതാണ്. അതിനും ഒരു വഴി അവര്‍ തുറന്നിരിക്കുന്നു എന്നുസാരം. കിട്ടുന്നതുപോരട്ടെ എന്ന നിലപാടുള്ള പാര്‍ട്ടി എന്തായാലും കോണ്‍ഗ്രസ് നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുമുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ