ബിഹാറില്‍ ഗുരുതര മസ്തിഷ്‌കവീക്കത്തെ തുടര്‍ന്ന് 145 കുട്ടികള്‍ മരിച്ചത് രാജ്യത്തെ നടുക്കിയ സംഭവമാണ്. (150ല്‍ അധികമെന്നാണ് അനൗദ്യോഗിക കണക്ക്) ആശുപത്രിയില്‍ ഗുരുതര സ്ഥിതിയില്‍ തുടരുന്ന കുട്ടികള്‍ ഇനിയുമുണ്ടെന്നറിയുന്നതും ആശങ്കപ്പെടുത്തുന്നു. മരണങ്ങള്‍ക്ക് കാരണമെന്തെന്ന് കണ്ടെത്തുന്നതില്‍ വിജയിച്ചെന്നുപറയാം. എന്നാല്‍ മരണങ്ങള്‍ നിലയ്ക്കാത്തതെന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ ബിഹാറിലെ എന്‍.ഡി.എ സഖ്യസര്‍ക്കാരിനായിട്ടില്ല. സര്‍ക്കാരിന്റെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിലും ബിഹാറിലെ മജിസ്‌ട്രേറ്റ് കോടതിയിലും കേസുണ്ടായതിനു കാരണവും ഇതുതന്നെ. അസുഖം ചികിത്സിച്ചു ഭേദമാക്കാവുന്നതായിരുന്നെന്നാണ് ചികിത്സകരുടെയും വിദഗ്ധരുടെയും പക്ഷം. എന്നാല്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് എങ്ങനെ ചികിത്സിക്കുമെന്നതില്‍ കോടതിക്ക് ഉത്തരം കണ്ടെത്തേണ്ടിവരും.
ലിച്ചിപ്പഴം വില്ലന്‍
ലിച്ചി എന്ന പഴം ഇന്ന് കേരളത്തില്‍ സര്‍വസാധാരണമായി ലഭിക്കുന്ന ഒരു ഉത്തരേന്ത്യന്‍ പഴമാണ്. സംസ്ഥാനത്തും ഒരുകാലത്ത് പരക്കേ കൃഷി ചെയ്യാന്‍ ശ്രമിച്ചിരുന്നു. ചിലേടങ്ങളില്‍ കൃഷിയുമുണ്ട്. ലിച്ചിപ്പഴമാണ് ശിശുമരണങ്ങള്‍ക്ക് കാരണമെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആ പഴത്തില്‍ നിന്നു പിന്തിരിയാന്‍ പലരേയും പ്രേരിപ്പിക്കുന്നു എന്നത് രഹസ്യമല്ല. ബിഹാറിലെ മുസഫര്‍പൂരിലാണ് ലിച്ചികൃഷി കൂടുതലും. മുന്‍പും ഇവിടെ കുട്ടിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അന്നൊന്നും ഇന്നുലഭിക്കുന്ന പ്രചാരണം ശിശുമരണ വാര്‍ത്തയ്ക്ക് ലഭിച്ചില്ല. വാര്‍ത്താ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഏറെ മുന്നോട്ടുപോയിരിക്കുന്നു. 1995ല്‍ ആണ് കുട്ടികളുടെ മരണം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2009ല്‍ 95ഉം 2011ല്‍ 197ഉം 2012ല്‍ 275ഉം 2013ല്‍ 143ഉം 2014ല്‍ 355 പേരും മരിച്ചു. അതുകൊണ്ടൊന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നില്ലെന്നതിലേക്കാണ് ഈ വര്‍ഷമുണ്ടായ മരണങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
ലിച്ചി വൈറസ് എന്നപേരിലും ലിച്ചി സിന്‍ഡ്രോം എന്നപേരിലും ഇല്ലാക്കഥകളിലൂടെ ലിച്ചിപ്പഴത്തെ വില്ലനാക്കാന്‍ അറിഞ്ഞോ അറിയാതെയോ പലരും ശ്രമിക്കുന്നുണ്ട്. ലിച്ചി വില്ലന്‍ പഴമല്ല. ലിച്ചിയില്‍ അടങ്ങിയിരിക്കുന്ന ഹൈപ്പോഗ്ലൈസിന്‍ എ, മെഥിലിന്‍ സൈക്ലോപ്രോപ്പൈല്‍ ഗ്ലൈസിന്‍ എന്നീ ഘടകങ്ങള്‍ കുട്ടികളിലെ മരണത്തിനു കാരണമാണെന്ന് കണ്ടെത്തിയത് 2015ലാണ്. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളുമായി ചേര്‍ന്ന് പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. എന്നാല്‍ ഈ ഘടകങ്ങള്‍ മരണത്തിനുകാരണമാകുന്നത് ഒരാള്‍ ലിച്ചിമാത്രമാണ് കഴിക്കുന്നതെങ്കില്‍ മാത്രമാണ്.
ലിച്ചിയുടെ മരണവഴി
അധികം പഴുക്കാത്ത ലിച്ചിപ്പഴത്തില്‍ കൂടുതലായുള്ള ഈ ഘടകങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ പോരുന്നതാണ്. മുതിര്‍ന്നവര്‍ക്ക് അത്ര താല്‍പര്യമില്ലാത്തതോ അവര്‍ക്ക് മറ്റ് ആഹാരസാധനങ്ങള്‍ കഴിക്കാന്‍ സമയം കിട്ടുന്നതോ കാരണം കുട്ടികള്‍ ഇതിന്റെ ഇരയാവുകയാണ്. സമയാസമയം ഭക്ഷണവും വെള്ളവും ലഭിക്കാത്ത കുട്ടികള്‍ ലിച്ചിയിലാണ് വിശപ്പും ദാഹവും ശമിപ്പിക്കുന്നത്. വെറുംവയറ്റിലും കുട്ടികള്‍ ഇത് ധാരാളമായി കഴിക്കുന്നതോടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും അത് തലച്ചോറിലെ വീക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് പോഷകാഹാരക്കുറവുള്ളപ്പോള്‍ കരളില്‍ ഗ്ലൈകോജന്റെ അളവ് ഗുരുതരമായ അളവിലേക്ക് കുറയും. ഇത് ലോ ബ്ലഡ് പ്രഷിറിലേക്ക് നയിക്കുകയും ചെയ്യും.
ഇതാണ് മരണകാരണമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അതായത് അമിതമായ ലിച്ചിപ്പഴ ഉപയോഗം മരണത്തിലേക്ക് നയിക്കുന്നു. അമിതമായി ഈ പഴം കഴിക്കേണ്ട സാഹചര്യമുണ്ടോ ബിഹാറില്‍. ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
പട്ടിണിയും പോഷകക്കുറവും
ബിഹാറിലെ മുസഫര്‍പൂര്‍ പാവപ്പെട്ടവരുടെ പട്ടണങ്ങളിലൊന്നാണ്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ദലിത് വിഭാഗമായ മഹാദലിത് വിഭാഗത്തില്‍ പെട്ടവരാണിവിടെ അധികവും. മുസഹര്‍ വിഭാഗവും പട്ടികജാതിക്കാരും കൂടുതലായുണ്ട്. ബിഹാറിലെ പോഷകാഹാരക്കുറവിന് കുപ്രസിദ്ധി നേടിയ സ്ഥലങ്ങളിലൊന്നാണ് മുസഫര്‍പൂര്‍. സമയത്തിന് ആഹാരം ലഭിക്കാതിരിക്കുന്നതും കുടിവെള്ള ക്ഷാമവും കൂടി ചേരുമ്പോള്‍ ജനജീവിതം ദുഷ്‌കരമാകുന്നു. കുട്ടികള്‍ വിശപ്പു നിവര്‍ത്തിക്കുന്നത് ധാരാളമായി ലഭിക്കുന്ന ലിച്ചിപ്പഴം കഴിച്ചാണ്. പ്രത്യേകിച്ച് മെയ്-ജൂണ്‍-ജൂലൈ മാസങ്ങളിലേക്ക് വിളവെടുപ്പ് ആകുമ്പോള്‍. പലപ്പോഴും അധികം പഴുക്കാത്ത പഴങ്ങളാണ് കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. ആഹാരമില്ലാതെ, ശുദ്ധമായ കുടിവെള്ളമില്ലാതെ, പോഷകമില്ലാതെ കുട്ടികള്‍ അധികം പഴുക്കാത്ത ലിച്ചി ധാരാളമായി കഴിക്കുമ്പോള്‍ അത് മസ്തിഷ്‌കവീക്കം എന്ന അസുഖത്തിലേക്ക് നയിക്കുന്നു.
പോഷകത്തിന്റെ കുറവ്
നിതി ആയോഗ് 2018ല്‍ പുറത്തുവിട്ട കണക്കുപ്രകാരം ബിഹാറില്‍ 48.3 ശതമാനമാണ് പോഷകാഹാരക്കുറവിന്റെ തോത്. ഏറ്റവും കൂടുതല്‍ പോഷകാഹാരക്കൂറവ് നേരിടുന്ന സംസ്ഥാനവും ബിഹാര്‍ തന്നെ. കേരളത്തിന് അഭിമാനിക്കാമെങ്കില്‍ പോഷകാഹാരക്കുറവിന്റെ തോത് 19.70 ശതമാനം ഇവിടെയുമുണ്ടെന്നത് ചെറിയകാര്യമല്ല. പല രോഗാവസ്ഥയ്ക്കും ഇത് കാരണമാകുമെന്ന് മനസിലാക്കി സര്‍ക്കാരിന്റെ സത്വരശ്രദ്ധ ഇവിടേക്ക് പതിയേണ്ടതുണ്ട്. സംസ്ഥാനത്ത് പോഷകാഹാരക്കുറവ് നികത്തപ്പെട്ടത് വിദ്യാസമ്പന്നരായ ജനങ്ങളുള്ളതിനാലാണ്. പാവപ്പെട്ട ആദിവാസി ഗ്രാമങ്ങളിലും പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരിലും ഇത് കൂടുതലാണ് എന്ന പഠനങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്.. അങ്ങനെവരുമ്പോള്‍ സര്‍ക്കാര്‍ ആനുകൂല്യമുണ്ടായിട്ടും 48 ശതമാനമുള്ള ബിഹാറില്‍ നിന്ന് വിഭിന്നമല്ല കേരളമെന്ന് കാണാവുന്നതാണ്.
ആരോഗ്യ സംവിധാനങ്ങളും ഡോക്ടര്‍മാരും
ലിച്ചിപ്പഴം കഴിച്ചാണ് രോഗമുണ്ടായത് എന്ന് വ്യക്തമായാല്‍ മരണ സംഖ്യ കുറയ്ക്കുന്നതില്‍ ആദ്യഘട്ടത്തില്‍ പ്രതിരോധം തീര്‍ക്കാനാവുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. സര്‍ക്കാരിന്റെ സഹായത്തോടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ പ്രതിസന്ധിയുണ്ട്. ബിഹാറില്‍ പല കുട്ടികളെയും സമയത്തിന് ചികിത്സിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്. ഗ്ലൂക്കോസ് ഈ കുട്ടികള്‍ക്ക് നല്‍കാന്‍ സാധിച്ചിരുന്നെങ്കില്‍ രാജ്യം കണ്ട കുട്ടിമരണങ്ങള്‍ തടയാമായിരുന്നു. ആവശ്യത്തിന് ചികിത്സാ കേന്ദ്രങ്ങളില്ലാതിരുന്നതും ഡോക്ടര്‍മാരുടെ എണ്ണക്കുറവും മരുന്നുകളില്ലാത്ത അവസ്ഥയും രോഗികളെ കിടത്തി ചികിത്സിക്കാന്‍ ആവശ്യത്തിന് കിടക്കകളില്ലാത്ത ആശുപത്രികളുമൊക്കെ മരണ സംഖ്യ കൂടാന്‍ കാരണമായി.
ഇന്ത്യയില്‍ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. രാജ്യത്ത് 2018ലെ ദേശിയ ആരോഗ്യ പ്രോഫൈല്‍ അനുസരിച്ച് 11,082 പേര്‍ക്ക് ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ഡല്‍ഹിയില്‍ 2,203 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന അനുപാതമാണ് ഉള്ളതെന്നിരിക്കേ ബിഹാറില്‍ ഇത് 28, 391 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ്. ഉത്തര്‍പ്രദേശ് ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയാണ്. ഇവിടെ 18,962 പേര്‍ക്കാണ് ഒരു ഡോക്ടര്‍. ആരോഗ്യരംഗത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശുഷ്‌കാന്തി ഇല്ലെന്നതിന്റെ മകുടോദാഹരണമാണ് ആരോഗ്യരംഗത്തെ ഈ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടുന്നത്.
സര്‍ക്കാരിന്റെ പിടിപ്പുകേട്
1995ല്‍ ലിച്ചിപ്പഴം മരണഹേതുവാകുന്നു എന്ന കണ്ടെത്തലിനുശേഷവും എല്ലാ വര്‍ഷവും ബിഹാറില്‍ മരണങ്ങളുണ്ടാകുന്നുണ്ട്. സര്‍ക്കാരിന് ഇതിനെ ഫലപ്രദമായി നേരിടാന്‍ കഴിയാത്തത് ഒരു ജനതയുടെ ദുഖമായി ഇപ്പോഴും അവശേഷിക്കുന്നു. കാലവര്‍ഷത്തിനുമുന്നോടിയായി ഈ അസുഖം പൊട്ടിപ്പുറപ്പെടുന്നതായി മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സമ്മതിച്ചിട്ടുണ്ട്. കുട്ടികള്‍ ഇതിനിരയാവുന്നതില്‍ ആശങ്കയുണ്ടെന്നും പറയുന്ന മുഖ്യമന്ത്രിക്ക് അതുതടയാന്‍ എന്തു മാര്‍ഗങ്ങള്‍ സ്വീകരിക്കാനാവുമെന്ന് പറയാനാവുന്നില്ലെന്നതും കണ്ടതാണ്.
ആരോഗ്യമന്ത്രാലയത്തിന്റെ ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിശദീകരണത്തില്‍ മുസഫര്‍പൂരില്‍ ആകെയുള്ള ഒരു കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററും 103 പ്രൈമറി ഹെല്‍ത്ത് സെന്ററുകളും രോഗീപരിചരണത്തിന് ഉതകുന്നവയാണെന്ന് ഉറപ്പ് പറയുന്നില്ല. അഞ്ച് എന്ന ഗ്രേഡില്‍ പൂജ്യമാണ് ഈ ഹെല്‍ത്ത് സെന്ററുകള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നറിയുമ്പോള്‍ ഒരു ഗ്രാമത്തെ സര്‍ക്കാര്‍ എങ്ങനെ കാണുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായി.
ചെയ്യാവുന്ന ചിലത്്
രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് സംസ്ഥാന തലത്തിലല്ല എന്നിരിക്കേ ഗ്രാമീണ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതിനെപ്പറ്റി ആദ്യസൂചനകള്‍ ലഭിക്കുക. അവരുടെ ഫലപ്രദമായ നടപടിക്രമങ്ങള്‍ ജനങ്ങളില്‍ അവബോധം ഉണര്‍ത്താന്‍ സാധിക്കും. അവരെ അതിനുപ്രാപ്തരാക്കുക എന്നത് ഒരു സര്‍ക്കാരിന്റെ പ്രഥമ പരിഗണനയാവണം.
പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണെങ്കില്‍ അവിടെ നിര്‍ബന്ധമായും രണ്ടോ അതിലധികമോ മെഡിക്കല്‍ ഓഫീസര്‍മാരും ആറിലധികം നഴ്‌സുമാരോ പ്രസവശുശ്രൂഷകരോ വേണമെന്നും ഒരു പ്രസവമുറിയും ലാബും ടോയ്‌ലറ്റുകളും ജനറേറ്ററും നിര്‍ബന്ധമാണെന്നുമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കാത്തിടങ്ങളില്‍പോലും ഒരു മെഡിക്കല്‍ ഓഫീസറും ഒരു നഴ്‌സും നിര്‍ബന്ധമാണ്.
മുസഫര്‍പൂര്‍ ജില്ലയിലെ 103 പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ 98 എണ്ണത്തിലും ഈ നിബന്ധന പിന്തുടരുന്നില്ല. ജനസംഖ്യ അനുസരിച്ച് ഈ ജില്ലയില്‍ 43 കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വേണമെന്നിരിക്കേ ആകെയുള്ളത് ഒന്നുമാത്രമാണ്.
രോഹിത് സഹാനി
മുസഫര്‍പൂര്‍ ഗ്രാമത്തിലെ രോഹിത് സഹാനിയെന്ന മൂന്നുവയസുകാരന്റ മരണം കുട്ടിമരണത്തിന്റെ നേര്‍ച്ചിത്രമാണ്. മരിക്കുന്നതിന്റെ തലേന്ന് രാത്രി ഗ്രാമത്തില്‍ ആഘോഷത്തില്‍ പങ്കെടുത്ത് സദ്യയുണ്ണാന്‍ രോഹിത് പോയി. സദ്യയുണ്ട് തിരിച്ചെത്തിയ രോഹിത് രാത്രി ഉണര്‍ന്നുപോലും വെള്ളം കുടിക്കാന്‍ ചോദിച്ചതായി മാതാവ് പറഞ്ഞു. പുലര്‍ച്ചെ വിശക്കുന്നെന്ന് പറഞ്ഞ കുട്ടിക്ക് രണ്ടു സ്പൂണ്‍ കഞ്ഞിയേ കഴിക്കാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് വയറിളക്കം. പ്രദേശത്തെ ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞപ്പോള്‍ ദൂരെ ആശുപത്രിയിലേക്കോടി. കടുത്ത പനിയുള്ള കുട്ടിയെ മൂന്നുവട്ടം വാര്‍ഡുകള്‍ മാറ്റി ചികിത്സിച്ചു. ഒടുവില്‍ അഞ്ചുമണിക്കൂറിനുശേഷം ഓക്‌സിജന്‍ ഇരിക്കുമ്പോള്‍ത്തന്നെ കുട്ടി മരിച്ചു. മസ്തിഷ്‌ക വീക്കം, മസ്തിഷ്‌ക ജ്വരം എന്നൊക്കെ ഡോക്ടര്‍മാര്‍ വിശദീകരിച്ചെങ്കില്‍ മരിക്കാറായ കുട്ടികള്‍ വന്നുകൊണ്ടേയിരുന്നെന്നാണ് രോഹിതിന്റെ മാതാവ് പറഞ്ഞത്. ആറുമാസത്തിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഇതേറ്റവും അധികം ബാധിച്ചത്. മരണത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് നാഡീതകരാറുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ