2019, ജൂലൈ 3, ബുധനാഴ്‌ച

ജി 20യില്‍ ഇന്ത്യയുടെ നയം തന്ത്രപരം


ലോക രാജ്യങ്ങള്‍ സമ്മേളിക്കുമ്പോഴൊക്കെ അത് ഏറെ വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. പ്രത്യേകിച്ച് അംഗ രാജ്യങ്ങള്‍ സംഘര്‍ഷത്തിലാവുമ്പോഴും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര സംഘര്‍ഷം ഉണ്ടാക്കുന്ന ഭവിഷ്യത്തും കച്ചവട തന്ത്രങ്ങളും എല്ലാം ചേര്‍ന്ന് ഒരു വലിയ സംഭവമാകാറാണ് പതിവ്. ഇത്തവണയും ജി 20യില്‍ പതിവ് തെറ്റിയില്ല. ലോകരാജ്യങ്ങളും നയതന്ത്ര വിദഗ്ധരും സാകൂതം വീക്ഷിച്ച ജി 20 ഉച്ചകോടി ഈ വര്‍ഷം ജപ്പാനിലെ ഒസാകയില്‍ അവസാനിച്ചു. എല്ലാ ജി 20 ഉച്ചകോടികളും അജണ്ട ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രഥമമായി പരിഗണിക്കാറുള്ളത് ആഗോള സാമ്പത്തിക വിഷയമാണ്. ഇത്തവണയും അതുണ്ടായി.

ജി 20യില്‍ ഇന്ത്യയുടെ ചേരിചേരുംനയം

ഇന്ത്യ ഒരു രാജ്യത്തോടും ഏറെ മമത പുലര്‍ത്തുന്നില്ല. ലോകത്ത് ഇരുചേരികളിലായി നില്‍ക്കുന്ന അമേരിക്കയോടും റഷ്യയോടും ഒരേ രീതിയില്‍ത്തന്നെയാണ് രാജ്യം നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ തുടര്‍ന്നുപോരുന്ന ചേരിചേരാ നയം പഴഞ്ചന്‍ ആയിപ്പോയിരിക്കുന്നു എന്നു കരുതി തള്ളുന്നതിനുപകരം എല്ലാ ചേരിയോടും തന്ത്രപരമായി ചേര്‍ന്നും ഒഴിഞ്ഞുമുള്ള ഒരു നയം സ്വീകരിക്കുന്ന കാഴ്ചയാണ് ഒസാകയില്‍ കണ്ടത്. അമേരിക്ക അടുത്തിടെ ചില രാജ്യങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പലപ്പോഴും ഇന്ത്യക്ക് മറികടക്കാനായത് ഈ നയത്തിലൂന്നിയതുകൊണ്ടാണ് എന്നത് ചെറിയകാര്യമല്ല. ഇത്തവണ ജി 20യില്‍ ഇന്ത്യ 20തിലധികം ചര്‍ച്ചകളിലാണ് ഭാഗഭാക്കായത്.
ആസ്‌ത്രേലിയ, ബ്രസീല്‍, ജര്‍മനി, ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, സഊദി അറേബ്യ, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഒന്‍പത് ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇന്ത്യ പങ്കെടുത്തു. അതുപോലെ തന്നെ ജപ്പാനും ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള ത്രിരാഷ്ട്ര ചര്‍ച്ചയും റഷ്യയും ഇന്ത്യയും ചൈനയും ചേര്‍ന്നുള്ള മറ്റൊരു ത്രിരാഷ്ട്ര ചര്‍ച്ചയും നടന്നു. ഇതിലൂപരി ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ ഒരു അപ്രഖ്യാപിത ഒത്തുചേരലും ജി 20യുടെ ഭാഗമായി നടന്നു.
ഇപ്പോ ജി 20യിലെന്താണുഹേ നടന്നതെന്ന ചോദ്യം സ്വാഭാവികമാണ്. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കുള്ളിലെ വാര്‍ത്തകള്‍ ചികയുമ്പോള്‍ ഇത്തരം ഉച്ചകോടികളുടെ ഫലങ്ങള്‍ അറിയാതെ പോകുന്നത് സ്വാഭാവികമാണ്.

199ലെ ജി 20 നയം

ലോക രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍തന്നെയാണ് എല്ലാ ജി 20കളിലും പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഏഷ്യയിലെ സാമ്പത്തിക മാന്ദ്യത്തിനുപിന്നാലെയാണ് ജി 20 രൂപീകൃതമായത്. 2008 കണ്ട ലോക സാമ്പത്തിക മാന്ദ്യത്തില്‍ മുന്നാക്ക രാജ്യങ്ങളെല്ലാം ചേര്‍ന്ന് പ്രതിവിധി കാണാന്‍ പാടുപെട്ടത് ഇതിന്റെ ഗുണഫലമായി കാണേണ്ടതാണ്. മാധ്യമങ്ങളുയര്‍ത്തിക്കൊണ്ടുവരുന്നതോ ഏതെങ്കിലും രാജ്യം ഉന്നയിക്കുന്നതോ ആയ വിഷയങ്ങളും ജി 20യില്‍ അജണ്ടയായി പരിഗണിക്കപ്പെടാറുണ്ട്. കാലാവസ്ഥാ വ്യതിയാനം തുടങ്ങി ഭീകരത വരെ ജി 20 ചര്‍ച്ച ചെയ്യുന്നു.

യു.എസ്-ചൈന ബന്ധം

ഇത്തവണത്തെ ജി 20 ഉച്ചകോടിയില്‍ ലോകം ശ്രദ്ധിച്ചത് അമേരിക്കയും ചൈനയുമായുള്ള വാണിജ്യ യുദ്ധം ഏതുതലത്തിലേക്ക് എത്തുമെന്നതായിരുന്നു. അടിച്ചുപിരിയാതെ ലോക സാമ്പത്തിക മുന്നേറ്റം മുന്‍നിര്‍ത്തി ഇരുരാജ്യങ്ങളും വ്യാവസായിക ധാരണയിലെത്തുന്നതിന് ഇത്തവണ ഉച്ചകോടി സാക്ഷ്യം വഹിച്ചു. പരസ്പരം നികുതി ഉയര്‍ത്തി പോരടിച്ചിരുന്ന ഇരു രാജ്യങ്ങളും തല്‍ക്കാലം അതിനു വിരാമമിടും. രണ്ടുകൂട്ടരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായതിനാല്‍ ഈ തീരുമാനത്തിന് പിന്നീട് എന്തു സംഭവിക്കുമെന്നു പ്രവചിക്കവയ്യ. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന മുന്നൂറ് ബില്യന്‍ ഡോളറിന്റെ അധിക നിരക്ക് അമേരിക്ക വേണ്ടെന്നുവച്ചത് നല്ല തുടക്കമായിക്കാണണം. ഒരുപക്ഷേ ഇത് ചുമത്തപ്പെട്ടിരുന്നെങ്കില്‍ ചൈനയുടെ പ്രതികരണവും ചൂടേറിയതാവുകയും ലോക സാമ്പത്തിക രംഗം കൂടുതല്‍ വഷളാവുകയും ചെയ്യുമായിരുന്നു. അതുപോലെ ചൈനയുടെ ടെലിഫോണ്‍ കമ്പനിയായ വാവേക്ക് ഘടകങ്ങള്‍ സപ്‌ളൈ ചെയ്യാന്‍ തങ്ങളുടെ കമ്പനികള്‍ക്ക് അമേരിക്ക അനുമതി നല്‍കുകയും ചെയ്തു. അമേരിക്ക ഒന്നും കാണാതെ ഇത്തരമൊരു നീക്കത്തിന് നിന്നുകൊടുക്കില്ലെന്ന് ആര്‍ക്കാണറിയാത്തത്. അമേരിക്ക ഇതൊക്കെ ചെയ്യാമെന്നേറ്റത് അവരുടെ കാര്‍ഷികോപകരണങ്ങളും ഉത്പന്നങ്ങളും സ്‌ട്രോബറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും ആവോളം വാങ്ങിക്കോളാമെന്ന് ചൈന വാക്കുകൊടുത്തതിനാലാണ്.
വാവേയുമായി ഒരുവിധ നീക്കുപോക്കുകളുമുണ്ടാക്കരുതെന്ന് അമേരിക്ക സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടത് ചൈനയെ പ്രതിസന്ധിയിലാക്കിയത് കഴിഞ്ഞ മാസമാണ്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്ക ഈ നിര്‍ദേശം മുന്നോട്ടുവച്ചതെന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അതനുസരിക്കേണ്ടിവന്നു. എന്നാല്‍ സുരക്ഷാപ്രശ്‌നമൊന്നും ഒരു പ്രശ്‌നമല്ലായിരുന്നു എന്നുവേണം ഇപ്പോള്‍ വാവേയെ സൗഹൃദത്തോടെ വരവേല്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചതില്‍ നിന്ന് മനസിലാക്കേണ്ടത്. ഇത് അമേരിക്കയുടെ വാണിജ്യ താല്‍പര്യമായിരുന്നു. തന്ത്രപരമായ സഹവര്‍ത്തിത്വം ചൈനയുമായി ചേര്‍ന്ന് ഉണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനെ എഴുതിത്തള്ളേണ്ടതില്ല. അമേരിക്കയുടെ ഈ നിലപാടിന്റെ ചുവടുപിടിച്ചുള്ളതായിരുന്നു ജി 20യില്‍ നടന്ന മറ്റ് ചര്‍ച്ചകളില്‍ ഭൂരിഭാഗവും. അമേരിക്കയും ചൈനയും ചേരുന്ന ഒരു വ്യവസ്ഥിതിയില്‍ സ്വയം മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത്് ഇന്ത്യയ്‌ക്കെന്നപോലെ മറ്റുചില രാജ്യങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്തതാണ്.

ഇന്ത്യന്‍ ചര്‍ച്ചകള്‍

ഇന്ത്യ ജപ്പാനുമായും ആസ്‌ത്രേലിയയുമായും (ജെഎഐ) ചേര്‍ന്ന് നടത്തിയ ചര്‍ച്ച ഇന്‍ഡോ-പസഫിക് മേഖലയില്‍ കണക്ടിവിറ്റിയും ഇന്‍ഫ്രാസ്ട്രക്ചറും വികസിപ്പിക്കുന്നതിനെപ്പറ്റിയായിരുന്നു. അതും മേഖലയില്‍ ആധിപത്യമുറപ്പിക്കുന്ന ചൈനയെ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച. അതേസമയം റഷ്യയും ഇന്ത്യയും ചൈനയും (ആര്‍ഐസി) ചേര്‍ന്നുള്ള ചര്‍ച്ച ജനാധിപത്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളായിരുന്നു. ഇവിടെ ശ്രദ്ധിക്കാവുന്ന കാര്യം ഈ ചര്‍ച്ചയില്‍ ചൈനയ്ക്ക് താല്‍പര്യം അവരുടെ 5ജി വ്യാപകമാക്കുക എന്നതിലായിരുന്നു. പ്രസിഡന്റ് ഷീ ജിന്‍ പിങ് സാങ്കേതികവും കണക്ടിവിറ്റിയും ഊര്‍ജവും മറ്റും പ്രതിപാദിക്കുന്നതിനിടെയാണ് 5 ജി കൂടി വ്യാപകമാക്കാന്‍ ഇന്ത്യയുടെയും റഷ്യയുടെയും സഹായം തേടിയത്.

ഇന്ത്യന്‍ നേട്ടം

ഇന്ത്യയും അമേരിക്കയും തമ്മില്‍ നികുതിയുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെയായിരുന്നു ജി 20 നടന്നത്. അതുകൊണ്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. പ്രത്യേകിച്ച് ചൈനീസ് വാണിജ്യ-സാമ്പത്തിക രംഗത്തെ പ്രതിരോധിക്കുന്നതിനിടെ അമേരിക്കയില്‍ നിന്നുണ്ടായ സമ്മര്‍ദം ഇന്ത്യക്ക് താങ്ങാവുന്നതായിരുന്നില്ല. ഇതില്‍ തീരുമാനങ്ങളായില്ലെങ്കിലും അടുത്തുതന്നെ തീരുമാനമുണ്ടാക്കാമെന്ന് ഇരുരാജ്യങ്ങളും ധാരണയുണ്ടാക്കിയതുപോലും ഇന്ത്യക്ക് ആശ്വാസം പകരും. റഷ്യയില്‍ നിന്ന് പ്രതിരോധ സംവിധാനം വാങ്ങുന്നതിന് അമേരിക്ക തടസം പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയാകാതിരുന്നത് അമേരിക്ക മനപ്പൂര്‍വം ഒഴിവാക്കിയതാവാമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിപണി കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ അത് അടയ്ക്കാന്‍ ഒരു ഭരണാധികാരിയും ശ്രമിക്കില്ലല്ലോ.
5ജിയില്‍ ഇന്ത്യ വിപൂലീകരണ പാതയിലാണ്. അതേസമയം അമേരിക്കയുടെ ഉപരോധം കാരണം ഇറാനുമായുള്ള എണ്ണ വിനിമയം നിര്‍ത്തിവച്ചത് പ്രതിബന്ധമായി തുടരുന്നു. പസഫിക് മേഖലയില്‍ ഇന്ത്യയോട് ചേര്‍ന്നു നില്‍ക്കാന്‍ അമേരിക്കന്‍ ശ്രമമുണ്ടെങ്കിലും ജപ്പാനും ആസ്‌ത്രേലിയയുമായുള്ള ഊഷ്മള ബന്ധത്തില്‍ തുടരുകയാണ് ഇന്ത്യ.

സജീവ ചര്‍ച്ചകള്‍

ഡബ്ല്യുടിഒ ആധുനീകരിക്കുന്നതും ആധുനിക രാജ്യാന്തര നികുതിഘടന, അടിസ്ഥാനവികസന പ്രവര്‍ത്തനം, ഡിജിറ്റല്‍ ഇക്കണോമി, ഊര്‍ജ സുരക്ഷ, കുടിയേറ്റം, വനിതാ സാമ്പത്തിക ശാക്തീകരണം എന്നിവയും ചര്‍ച്ചാ വിഷയങ്ങളായപ്പോള്‍ പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും വേറിട്ടു. ഇന്റര്‍നെറ്റ് ഭീകരര്‍ ചൂഷണം ചെയ്യുന്നതും ജി20യില്‍ പ്രധാനവിഷയമായിരുന്നു.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ