2019, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

പൗരാവകാശ ധ്വംസനത്തിലേക്ക് വാതില്‍ തുറന്ന് യു.എ.പി.എ


ഭീകരാക്രമണം ഇന്ത്യയില്‍ നടക്കുന്നു എന്നതു നേരാണ്. അതിനെതിരേ നിയമങ്ങള്‍ ഉണ്ടാക്കുന്ന സര്‍ക്കാരുകള്‍ ഭീകരന്‍മാരെ നേരിടുന്നതിനുപകരം പലപ്പോഴും ജനാവകാശത്തിന്‍മേല്‍ കത്തിവയ്ക്കാനുള്ള അവകാശം നേടുന്നതായാണ് കഴിഞ്ഞ കാലങ്ങള്‍ തെളിയിച്ചത്. ഇപ്പോള്‍ ലോക്‌സഭയില്‍ പുതുതായി അവതരിപ്പിക്കപ്പെട്ടതും രാജ്യസഭയില്‍ പാസായതുമായ നിയമം യു.എ.പി.എ പഴയ നിയമങ്ങളുടെ പിന്‍ഗാമിയാണെങ്കിലും പല്ലും നഖവും കൂടും. അത് ഉപദ്രവമേല്‍പ്പിക്കുന്നത് ആര്‍ക്കെന്ന് കാണാന്‍ അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് സൂചന.

യു.എ.പി.എ
രാജ്യത്ത് പുതുതായി അവതരിപ്പിക്കപ്പെട്ട ഭീകരവിരുദ്ധ നിയമമാണ് യു.എ.പി.എ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) അമെന്‍ഡ്‌മെന്‍ഡ് ബില്‍) എന്നാണ് പൂര്‍ണരൂപം. നിയമത്തെ സംശയിക്കേണ്ടതില്ലെങ്കിലും അതിന്റെ ഉപയോഗ രീതിയിലാണ് ആകാംക്ഷ. യു.എ.പി.എ എന്ന ഈ പുതിയ നിയമം. ദശാബ്ദങ്ങളിലൂടെ കടന്നുവന്ന മറ്റ് രണ്ട് നിയമങ്ങള്‍ പോരായെന്നു തോന്നിയതാണ് പുതിയ നിയമത്തിലേക്ക് കടക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പി്ച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം.
കേന്ദ്ര സര്‍ക്കാരിന് രാജ്യത്താകമാനം സംശയത്തിന്റെ മറവില്‍ ആരെയും കസ്റ്റഡിയിലെടുക്കാനും തടവിലാക്കാനും അനുമതി നല്‍കുന്നു. അതും കുറ്റകൃത്യം നടക്കുംമുന്‍പേ. ഈ കേസില്‍ പെട്ടാല്‍ പിന്നെ ജാമ്യം നോക്കേണ്ട. പൊലിസിന് നിമയത്തിന്റെ മറവില്‍ ഒരു സമൂഹത്തിന്റെ മേല്‍പോലും ഭീകരവാഴ്ച നടത്താനും ഈ നിയമം പഴുതുണ്ടാക്കുമെന്ന സൂചന ഗൗരവതരമാണ്.

നിയമങ്ങളുടെ പോക്ക്
ഭീകരവാദത്തിനെതിരേയെന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട നിയമങ്ങള്‍ ഫലത്തില്‍ ഗുണപ്രദമായിരുന്നോ എന്നു ചിന്തിക്കുന്നത് നന്നായിരിക്കും. ഇത്തരം നിയമങ്ങള്‍ ഫലത്തില്‍ ഗുണകരമായി ഭവിച്ചിട്ടില്ലെന്നാണ് മുന്‍കാല ചരിത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഉദാഹരണത്തിന് പഞ്ചാബില്‍ പൊട്ടിപ്പുറപ്പെട്ട ലഹളയ്ക്കുപിന്നാലെയാണ് ടാഡ എന്ന ഓമനപ്പേരില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ടെററിസം ആന്‍ഡ് ആന്റി ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് കൊണ്ടുവന്നത്. ഒരു ദശാബ്ദത്തോളം പുലര്‍ന്ന ഈ നിയമത്തിന്റെ പഴുതില്‍ തടവിലായത് ആയിരക്കണക്കിനുപേരാണ്. അതും ബഹുഭൂരിപക്ഷവും മുസ് ലിം ജനവിഭാഗവും സിക്കുകാരും. ഇവരില്‍ നൂറില്‍ 99 പേര്‍ക്കുമെതിരേ കൃത്യമായ കുറ്റാരോപണം പോലുമുണ്ടായില്ല. പലരും നിരപരാധികളായിരുന്നുതാനും.
ടാഡയ്ക്കുപിന്നാലെയാണ് പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് എന്ന പോട്ട നിലവില്‍ വന്നത്. ഈ നിയമവും പോരെന്നു തോന്നിയതിനാലാണല്ലോ പുതിയ നിയമത്തിന്റെ അവതാരം.

ടാഡ
പഞ്ചാബില്‍ ഉരുണ്ടുകൂടിയ സൈനിക പ്രശ്‌നത്തെ കൈകാര്യം ചെയ്യാനായി 1985ലെ രാജീവ് ഗാന്ധി സര്‍ക്കാരാണ് ടാഡ നിയമം കൊണ്ടുവന്നത്. എന്നാല്‍ 1987ഓടെ രാജ്യം മുഴുവനായി ടാഡയുടെ പരിധിയില്‍ കൊണ്ടുവന്നു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കപ്പലുകളിലോ വിമാനങ്ങളിലോ ഭീകരമോ വിനാശകരമായ പ്രവൃത്തി ചെയ്യുന്നവരെയോ ഇന്ത്യക്കോ പുറത്തോ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന രാജ്യത്തെ സാധാരണക്കാരെയും സര്‍ക്കാര്‍ ജോലിക്കാരെയുമോ ടാഡ നിയമപ്രകാരം വിചാരണ ചെയ്യാം. ജാമ്യം നല്‍കാതെ ആരോപണ വിധേയരെ ഒരു പ്രത്യേക കോടതിക്ക് വിചാരണ ചെയ്യാവുന്ന നിയമമായിരുന്നു ഇത്. വിചാരണ കൂടാതെ ആരോപണവിധേയനെ കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കാതെ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പൊലിസിന് ടാഡ അനുമതി നല്‍കി. വിചാരണ പൊതുജനത്തിനോ മാധ്യമങ്ങള്‍ക്കോ കാണാനാവാത്ത ഇന്‍ കാമറയിലാണ് ആരോപണ വിധേയരെ വിചാരണ നടത്തിയിരുന്നത്. 76166 പേരെയാണ് ടാഡ നിയമത്തിന്‍ കീഴില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ കുറ്റവാളികളായി കണ്ടെത്തിയത് വെറും നാലു ശതമാനം പേരെ മാത്രം. കരിനിയമമെന്ന് പൊതുജനം ആക്ഷേപിച്ച നിയമം 1995ല്‍ നിര്‍ത്തലാക്കപ്പെട്ടെങ്കിലും ആശ്വാസം അധികനാള്‍ നീണ്ടില്ല.

പോട്ട
2001ല്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം ഉണ്ടായതോടെയാണ് ടാഡയുടെ ചുവടുപിടിച്ച് പുതിയ നിയമത്തിന്റെ വരവ്. 2002ല്‍ കൊണ്ടുവന്ന നിയമത്തിന്റെ പേര് പോട്ട. ടാഡയിലെ പോലെ കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കാതെ ആരോപണവിധേയരെ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ ഈ നിയമവും അധികാരം നല്‍കി. വാജ്‌പേയി സര്‍ക്കാരാണ് പോട്ട കൊണ്ടുവന്നത്. കസ്റ്റഡിയില്‍ വച്ച് കുറ്റസമ്മതം നടത്തുന്നതോടെ കുറ്റം ചെയ്തത് ആ വ്യക്തിയാണെന്ന് തീരുമാനിക്കപ്പെടും. 4349 കേസുകളാണ് പോട്ട നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 1031 പേരെയാണ് ഭീകരബന്ധമാരോപിച്ച് തടവിലാക്കിയത്. എന്നാല്‍ ഇതില്‍ നാമമാത്രമായ 13 പേരെയാണ് കുറ്റവാളികളായി വിചാരണ ചെയ്യാന്‍ കഴിഞ്ഞത്. പോട്ട നിയമത്തിന് ആയുസ് കുറവായിരുന്നു. 2004 ആയപ്പോഴേക്കും പോട്ട നിയമം ഉപേക്ഷിച്ചു.


യു.എ.പി.എ
പോട്ടയുടെ അംശങ്ങളോടെ 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിയമമായ യു.എ.പി.എ 2004ലെ മന്‍മോഹന്‍സിങ് സര്‍ക്കാരാണ് കൊണ്ടുവന്നത്. ഭീകരപ്രവര്‍ത്തനം പ്രത്യേകമായി ഉള്‍പ്പെടുത്തിയത് പോട്ടയുടെ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു. 32 സംഘടനകളെ യു.എ.പി.എക്കു കീഴില്‍ ഭീകര സംഘടനകളായി ലിസ്റ്റ് ചെയ്തു. 2008ലെ മുംബൈ ഭീകരാക്രമണത്തോടെ യു.എ.പി.എ വീണ്ടും ഭേദഗതിക്ക് വിധേയമാക്കി കൂടുതല്‍ കര്‍ക്കശമാക്കി. ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടേക്കാമെന്ന പേരില്‍ ഒരു വ്യക്തിയെ ഭീകരനായി മുദ്രകുത്താനും ഈ നിയമത്തിലൂടെ സാധിക്കുമെന്ന ഗുരുതരമായ ഭേദഗതിയാണ് ഈ നിയമത്തെ ശ്രദ്ധേയമാക്കിയത്. 2008ലെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമത്തിന് ഫലവും ഉണ്ടായി. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം മറ്റ് നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ നിയമമനുസരിച്ച് രജിസ്‌ററര്‍ ചെയ്ത കേസുകളില്‍ 75 ശതമാനത്തിലും പ്രതിചേര്‍ക്കപ്പെട്ടവര്‍ മോചിപ്പിക്കപ്പെട്ടു. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കൈവശമുള്ള കണക്കുകളനുസരിച്ച് മോദി സര്‍ക്കാരിന്റെ കാലത്ത് 2015ല്‍ 76 കേസെടുത്തതില്‍ 65ലും പ്രതിചേര്‍ക്കപ്പെട്ടവര്‍ മോചിപ്പിക്കപ്പെട്ടു. 2016ലാവട്ടെ 33 കേസുകളില്‍ 22ലും പ്രതിചേര്‍ക്കപ്പെട്ടവര്‍ മോചനം നേടി.

പുതിയ യു.എ.പി.എ
ടാഡയോ പോട്ടയോ 1967ലെ യു.എ.പി.എയോ അല്ല പുതിയ നിയമം. കരിനിയമം എന്ന് പ്രതിഷേധമുയരാനുള്ള കാരണവും അതാണ്. മുന്‍ നിയമങ്ങളൊക്കെയും രണ്ടു വര്‍ഷം കൂടുമ്പോള്‍ നീട്ടുകയും പരിഷ്‌കരിക്കുകയും ഭേദഗതി വരുത്തുകയും ഒക്കെ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ യു.എ.പി.എ നിയമത്തിന് ഇതൊന്നും ബാധകമല്ല. ഒരു സ്ഥിരനിയമമായാണ് ഇത് അവതരിപ്പിക്കപ്പെട്ട് പ്രാബല്യത്തിലായിരിക്കുന്നത്. ടാഡയും പോട്ടയും പോലെ ഇതും ദുരുപയോഗം ചെയ്യപ്പെടുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നതും മറ്റൊന്നുംകൊണ്ടല്ല. പോട്ടയിലും ടാഡയിലും പഴയ യു.എ.പി.എയിലുമൊക്കെ സംഘടനകളെയോ ഗ്രൂപ്പുകളെയോ ആണ് ഭീകര പട്ടികയില്‍ പെടുത്തിയിരുന്നത്. എന്നാല്‍
ഒരു വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്ന പുതിയ നിയമം വരും ദിനങ്ങളില്‍ കൂടുതല്‍ വിവാദങ്ങളുണ്ടാക്കുമെന്നുറപ്പാണ്. മുന്‍ നിയമങ്ങളില്‍ പോലും അതനുസരിച്ച് പിടികൂടുന്നവരെ ഭീകര ബന്ധമില്ലെന്ന് മനസിലാകുന്നതോടെ തടവില്‍ നിന്ന് മോചിപ്പിക്കുമ്പോഴും എന്തിന് തടവിലിട്ടു എന്ന ചോദ്യത്തിന് ഒരു മറുപടിയുമുണ്ടായിരുന്നില്ല. സദുദ്ദേശ്യത്തോടെ ചെയ്യുന്ന പ്രവൃത്തി എന്ന പേരില്‍ സുരക്ഷാ സേനകള്‍ക്ക് ഈ വകുപ്പുകള്‍ സംരക്ഷണം നല്‍കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

യു.എന്‍ നിയമം
ഐക്യരാഷ്ട്ര സംഘടനയുടെ 2006ലെ ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമത്തിന്റെ ചുവടുപിടിച്ചാണ് പുതിയ നിയമം അവതരിപ്പിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഭീകരപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടണമെങ്കില്‍ ഒരു വ്യക്തിയുടെ പ്രവര്‍ത്തന കാര്യകാരണങ്ങള്‍ വിനാശകരമായിരിക്കണം. ഒരു സര്‍ക്കാരിനെയോ അന്താരാഷ്ട്ര സംഘടനയെയോ എന്തെങ്കിലും നടപ്പാക്കുന്നതില്‍ നിന്ന് തടയാന്‍ ഉദ്ദേശിച്ചോ ജനങ്ങളെ ഭീതിപ്പെടുത്തുന്നതോ ആയ പ്രവര്‍ത്തനം. എന്തെങ്കിലും പ്രത്യേക പ്രത്യയശാസ്ത്രം നടപ്പാക്കാനുദ്ദേശിച്ചുള്ളതുമായിരിക്കണം. ഈ മൂന്നു കാര്യങ്ങളുടെ ചുവടുപിടിച്ചാണ് യു.എന്‍ നിയമം കൊണ്ടുവന്നത്.
യു.എ.പി.എയിലാവട്ടെ, പൊതുഭരണവിഭാഗം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ എന്തെങ്കിലും അക്രമ മാര്‍ഗത്തിലൂടെയോ മറ്റോ തടയാന്‍ ശ്രമിക്കുന്നത് ഇതിന്റെ പരിധിയില്‍ വരുന്നുണ്ട്. ഇതുകൂടാതെ ഒരു വ്യക്തിയുടെ മരണത്തിലേക്കോ ഗുരുതര പരുക്കുകളിലേക്കോ നയിക്കാവുന്ന പ്രവര്‍ത്തനം, വസ്തുവകകള്‍ക്ക് വരുത്തുന്ന നാശനഷ്ടം തുടങ്ങിയവയും ഈ നിയമത്തില്‍ വരുന്നു. ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പട്ടേക്കുമെന്ന് സംശയിക്കുന്ന വ്യക്തിയേയോ ആക്ടിവിസ്റ്റിനെയോ ഈ നിയമത്തില്‍പെടുത്താം. പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയാല്‍ രേഖകളില്ലാതെ ഒരാളുടെ വീട്ടില്‍ പരിശോധന നടത്താനും പിടിച്ചെടുക്കാനും അറസ്റ്റ് ചെയ്യാനും പൊലിസിന് നിയമം അധികാരം നല്‍കുന്നു. ഭരണഘടന സംരക്ഷണം നല്‍കുന്ന ഒരു പൗരന്റെ സ്വകാര്യതയിലും അവന്റെ വ്യക്തിജീവിതത്തിലേക്കും നിയമത്തിന്റെ കാണാച്ചരട് എത്തിക്കുന്നതാണ് നിയമമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊടും ഭീകരനായ ഹാഫിസ് സഈദും പടക്കം പൊട്ടിച്ചതിന്റെ പേരില്‍ പിടിയിവുന്നവനേയും ഒരേ നുകത്തില്‍ കെട്ടുന്ന നിയമമെന്ന കുപ്രസിദ്ധി ഇപ്പോഴേ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
ക്രിമിനല്‍ നിയമം ആരോപണവിധേയന്റെ അവകാശ സംരക്ഷണത്തിനുള്ളതാണെന്നിരിക്കേ കോടതി കുറ്റാരോപണം നടത്താതെ തന്നെ വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്ന നിയമം അതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിനു തുല്യമാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ