2019, സെപ്റ്റംബർ 24, ചൊവ്വാഴ്ച

പ്രതിപക്ഷ ശാക്തീകരണമില്ലാതെ മഹാരാഷ്ട്രയും ഹരിയാനയും




വീണ്ടും തെരഞ്ഞെടുപ്പ് കാഹളം. ഇത്തവണ മഹാരാഷ്ട്രയിലും ഹരിയാനയിലുമാണ് വോട്ടെടുപ്പ് ചൂട്. മാന്ദ്യത്തില്‍ ഉഴലുന്ന ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയില്‍ കാര്‍ഷിക പ്രശ്‌നവും ഈ തെരഞ്ഞെടുപ്പില്‍ വിഷയമാണ്. കൃഷി അടിസ്ഥാനമായ ഹരിയാനയിലും സമാന അവസ്ഥയാണ്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിക്ക് ഈ വിഷയങ്ങളൊക്കെയും അറിയാവുന്നതിനാലാണ് രണ്ടുദിവസം മുന്‍പ് സാമ്പത്തിക രംഗത്തെ ബലപ്പെടുത്താനെന്ന പേരില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചത് എന്ന് കരുതാം. ഈ പദ്ധതികള്‍ വ്യവസായ മുന്നോക്ക സംസ്ഥാനങ്ങളായ കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നു വ്യക്തം. ഇനി അതൊന്നും സാധിച്ചില്ലെങ്കില്‍ വര്‍ഗീയ നിറം നിര്‍ലോഭം വിറ്റുപോകുന്ന ഈ സംസ്ഥാനങ്ങളില്‍ അതിനും സാധ്യത ഉണ്ടെന്നും പാര്‍ട്ടിക്കറിയാം. മുന്‍പത്തേതില്‍ നിന്നു വിഭിന്നമായി കശ്മിരില്‍ 370ാം വകുപ്പ് റദ്ദാക്കുകയും വിഭജനം നടത്തുകയും ചെയ്തതിനുപിന്നാലെയുണ്ടായ വികാര വിക്ഷോഭങ്ങള്‍ അടങ്ങുന്നതിനുമുന്‍പാണ് ഈ തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ വിഷയ ദാരിദ്ര്യമില്ലാത്ത തെരഞ്ഞെടുപ്പെന്നു വിശേഷിപ്പിക്കാം. ഉന്നാവ കേസും, സ്വാമി ചിന്‍മയാനന്ദന്‍ അറസ്റ്റിലായതും തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ പ്രതിപക്ഷത്തിന് കഴിയുമോ എന്ന ചോദ്യമാണ് ബാക്കി. പ്രതിപക്ഷത്തെ നയിക്കാന്‍ പ്രാപ്തി നഷ്ടമായ കോണ്‍ഗ്രസ് ഒരു വശത്തും പടലപ്പിണക്കവുമായി തമ്മിലടിക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ മറുവശത്തും ബി.ജെ.പിക്ക് സന്തോഷത്തിന് വക നല്‍കുന്നു. ഒക്ടോബര്‍ 21ന് ഒറ്റ ഘട്ടമായാണ് ഇരുസംസ്ഥാനങ്ങളിലും വോട്ടെടുപ്പ്. 24നാണ് ഫലപ്രഖ്യാപനം.

മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകൡലേക്കാണ് തെരഞ്ഞെടുപ്പ്്. ശിവസേനയ്‌ക്കെതിരേ പടിപടിയായി ഉയര്‍ന്ന ബി.ജെ.പി ഒടുവില്‍ സംസ്ഥാനത്ത് ഭരണം പിടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായത്. ബി.ജെ.പി ഭരണത്തിന്‍കീഴില്‍ ഈ സംസ്ഥാനത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയുമുണ്ട്. ദേവേന്ദ്ര ഫട്‌നാവിസ് എന്ന പുതുമുഖത്തെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് മോദി-ഷാ സഖ്യം ഞെട്ടിച്ചത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 122 സീറ്റിന്റെ നേട്ടം കൊയ്തതിനു പിന്നാലെയാണ്. പാര്‍ട്ടിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടണമെങ്കില്‍ 145 സീറ്റുകള്‍ കരസ്ഥമാക്കേണ്ടതുണ്ട്.
ഇത്തവണയും വലിയേട്ടനായി മാറിയ ബി.ജെ.പി, ഇടയ്ക്ക് ഇടഞ്ഞ ശിവസേനയെ അനുനയിപ്പിച്ച് വശത്താക്കിയിട്ടുണ്ട്. ബി.ജെ.പി ഭരണം കണ്ട ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് നാഗ്പൂരിലെ കര്‍ഷക സമരവും മറാത്ത സമരവുമായിരുന്നു. കര്‍ഷക സമരത്തെ അടിച്ചൊതുക്കിയപ്പോള്‍ മറാത്ത സമരത്തെ സംവരണം നല്‍കി അനുഭാവത്തോടെ കൈകാര്യം ചെയ്തത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു.
41 സീറ്റ് നേടിയ ലോക്‌സഭ ഫലം വച്ച് നിയമസഭ ഫലത്തെ നിര്‍ണയിക്കുന്നത് ശരിയല്ലെങ്കിലും ബി.ജെ.പി നിര്‍ണായക സ്വാധീനം ചെലുത്തിയ തെരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയില്‍ കടന്നുപോയത്. ലോക്‌സഭാ ഫലം വച്ചു നോക്കിയാല്‍ കഴിഞ്ഞ തവണ ബി.ജെ.പി നേടിയ 122 മണ്ഡലങ്ങളിലും ആ പാര്‍ട്ടി ലീഡ് നേടിയിരുന്നു. എന്നാല്‍ അവരെ ഞെട്ടിച്ച് വളര്‍ച്ച നേടിയത് ശിവസേനയാണ്. 107 നിയമസഭാ മണ്ഡലങ്ങളില്‍ സേന മുന്നില്‍ വന്നു. കോണ്‍ഗ്രസിന് 20 സിറ്റിംഗ് സീറ്റുകളിലും പിന്നില്‍ പോകേണ്ടിവന്നപ്പോള്‍ സഖ്യകക്ഷിയായ എന്‍.സി.പി 18 സീറ്റുകളിലാണ് പിന്നിലായത്. സ്വതന്ത്ര•ാര്‍ക്ക് മൂന്നു സീറ്റും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചതുഷ്‌കോണ മത്സരത്തിലാണ് ബി.ജെ.പി ജയിച്ചുകയറിയത്. ഇത്തവണ മുന്നണികള്‍ നേരിട്ട് ഏറ്റുമുട്ടുന്നു. ശിവസേന-ബി.ജെ.പി സഖ്യവും കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവും നേരിട്ടാണ് ഏറ്റുമുട്ടുന്നത്.
ഫട്‌നാവിസ് രണ്ടാം തവണയും മുഖ്യനാകാനുള്ള ഒരുക്കത്തിലാണ്. പാവമെന്നു തോന്നുന്ന ഫട്‌നാവിസ് പാര്‍ട്ടിക്കകത്ത് തനിക്കെതിരേ ഉയരാനിടയുണ്ടായിരുന്ന രണ്ടു ശബ്ദങ്ങളെ അഞ്ചുവര്‍ഷം കൊണ്ട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി തനിനിറം കാട്ടിയിരുന്നു. ഏക്‌നാഥ് ഖാട്‌സെയും പ്രകാശ് മേത്തയും ക്രമക്കേടുകളെ തുടര്‍ന്ന് പുറത്താക്കപ്പെട്ടവരാണ്.

മറാത്ത

ബി.ജെ.പിക്കെതിരേ ഉയര്‍ന്ന മറാത്ത സമരം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കും കഴിയാതെപോയതാണ് തിരിച്ചടിക്ക് കാരണമെന്നാണ് കരുതേണ്ടത്. കാരണം ഈ വിഭാഗം കോണ്‍ഗ്രസിനേയും എന്‍.സി.പിയേയും പിന്തുണച്ചിരുന്നവരാണ്. സംസ്ഥാനത്ത് 30 ശതമാനം വരുന്ന മറാത്തക്കാരെ കൂടെ നിര്‍ത്താനായില്ലെങ്കില്‍ വിജയ പ്രതീക്ഷയ്ക്ക് വകയില്ല.
കോണ്‍ഗ്രസും എന്‍.സി.പിയും എക്കാലത്തെയും ക്ഷയാവസ്ഥയിലാണ്. നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ വിഖേ പാട്ടിലും മുന്‍ മന്ത്രി ഹര്‍ഷവര്‍ധന്‍ പാട്ടിലും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയിരുന്നു. കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടായിരുന്ന മറാത്ത നേതാവ് അബ്ദുല്‍ സത്താര്‍ ശിവസേനയിലേക്ക് പോയതും പാര്‍ട്ടിക്ക് ക്ഷീണമാണ്.
എന്‍.സി.പിയുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. പവാറിന്റെ ഉറ്റ അനുയായികളായിരുന്ന മുന്‍ മന്ത്രി മധുകര്‍ പിച്ചാഡ്, വിജയ്‌സിന്‍ഹ മോഹിത് പാട്ടില്‍ എന്നിവര്‍ ബി.ജെ.പിയിലെത്തി.
കോണ്‍ഗ്രസ്-എന്‍.സി.പി കോട്ടയെന്നറിയപ്പെടുന്ന പശ്ചിമ മഹാരാഷ്ട്രയിലും വിദര്‍ഭയിലും മറാത്ത് വാഡയിലും ബി.ജെ.പിയും സേനയും കടന്നുകയറി. എന്നാലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹിബ് തോരത്തിന് കുലുക്കമില്ല. ബി.ജെ.പി ഭരണത്തില്‍ത്തന്നെയല്ലേ തങ്ങള്‍ രാജസ്ഥാനും മധ്യപ്രദേശും ഛത്തിസ്ഗഡും കീഴടക്കിയതെന്ന മറുചോദ്യമാണ് അദ്ദേഹത്തിനുള്ളത്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും തൊഴിലില്ലായ്മയും മറാത്ത ഇതര സമുദായങ്ങളുടെ പ്രശ്‌നങ്ങളും കാര്‍ഷിക പെന്‍ഷനും ഒക്കെ ആയുധങ്ങളായുണ്ടെങ്കിലും അതു പ്രയോഗിക്കാനാവുന്ന പ്രതിപക്ഷം ഇല്ല എന്നത് ഗുരുതരമാണ്. ആവശ്യത്തിന് നിക്ഷേപം വരാത്തതും കാര്‍ഷിക കടം എഴുതിത്തള്ളാത്തതും ആര് തെരഞ്ഞെടുപ്പിലുന്നയിക്കുമെന്നാണ് അറിയേണ്ടത്.
സംസ്ഥാനത്ത് പ്രകാശ് അംബേദ്കര്‍ നയിക്കുന്ന വഞ്ചിത് ബഹുജന്‍ അഗാഡി എന്ന സംഘടന ഇത്തവണ കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ ദോഷമുണ്ടാക്കിയേക്കും. രാജ് താക്കറെയുടെ എം.എന്‍.എസിന് പത്രത്താളുകളിലല്ലാതെ കാര്യമായ ദോഷം ബി.ജെ.പി സര്‍ക്കാരിനുണ്ടാക്കിയേക്കില്ല.
അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം ആണ് സംസ്ഥാനത്ത് അല്‍പമെങ്കിലും ശക്തി കാട്ടുന്ന പ്രതിപക്ഷ കക്ഷി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഔറംഗാബാദില്‍ ശിവസേനയുടെ സിറ്റിങ് സീറ്റ് പാര്‍ട്ടി പിടിച്ചെടുക്കുകയും നിരവധി സീറ്റുകളില്‍ ശക്തമായ സ്വാധീനം അറിയിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് ഉവൈസിയെ കൂടെ കൂട്ടാന്‍ ഇത്തവണയും കഴിഞ്ഞില്ലെങ്കില്‍ വോട്ടു ബാങ്ക് ചോര്‍ച്ച അവര്‍ ഇത്തവണയും നേരിടും. ക്ഷയിക്കുന്ന കോണ്‍ഗ്രസിനേക്കാളും തളര്‍ന്ന എന്‍.സി.പിയെക്കാളും ഉശിരുള്ള ഉവൈസിയുടെ പാര്‍ട്ടിയിലേക്ക് ന്യൂനപക്ഷങ്ങള്‍ ചേക്കേറുന്നതാണ് ആ പാര്‍ട്ടിക്ക് ഗുണകരമാവുന്നത്.

ഹരിയാന

ഹരിയാനയില്‍ 90 നിയമസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനു മുന്‍പേ ജയമുറപ്പിച്ച മട്ടിലാണ് ബി.ജെ.പി. അടിച്ചുപിരിഞ്ഞ് ശക്തി ക്ഷയിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ കൂമ്പാരമാണ് ഇവിടെ. സംസ്ഥാനത്ത് ഏറെ അടിവേരുകളുള്ള ചൗതാലയുടെ ഐഎന്‍എല്‍ഡിയാണ് കുടുംബ കലഹത്തില്‍ അലസി നില്‍ക്കുന്നത്. അസമിലെപ്പോലെ പൗരത്വ നിര്‍ണയം നടത്തുമെന്ന അജണ്ടയിലൂന്നിയാണ് ബി.ജെ.പി പ്രചാരണം.
പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാമോ എന്ന അന്വേഷണത്തിലാണ് കോണ്‍ഗ്രസ് ഇപ്പോഴും. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് നിലവില്‍ വലിയ വെല്ലുവിളിയില്ലെന്നാണ് മനസിലാവുന്നത്.
കാര്‍ഷിക കടം എഴുതിത്തള്ളുമെന്നും വയോജന പെന്‍ഷന്‍ 5000 ആക്കുമെന്നും വാഗ്ദാനം നല്‍കിയാണ് ഹുഡയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രംഗത്തുള്ളത്. ഗ്രൂപ്പുകളിയില്‍ ഉഴലുന്ന പാര്‍ട്ടി ഇത്തവണ എന്തുനേടുമെന്ന് കാത്തിരുന്നു കാണണം.
യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യയും കെജ്‌രിവാളിന്റെ ആം ആദ്മിയും മത്സരത്തിന് കച്ചമുറുക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭ ഫലം കോണ്‍ഗ്രസിനെ നിരാശപ്പെടുത്തും. പത്തില്‍ പത്തു സീറ്റും ബി.ജെ.പിയാണ് നേടിയത്. ദേവിലാലിന്റെ ജെ.ജെ.പി ദലിത്-ജാട്ട് വോട്ടുകളില്‍ കണ്ണുവച്ച് വീണ്ടും ബി.എസ്.പിയുമായി ചേര്‍ന്നേക്കും. ജാട്ട് സമരം വീഥികള്‍ കത്തിച്ച കഥയുണ്ട് സംസ്ഥാനത്തിന്. അതുകൊണ്ടുതന്നെ അവരുടെ നിലപാടാവും ഇത്തവണയും നിര്‍ണായകം.


നിലവിലെ കക്ഷിനില

മഹാരാഷ്ട്ര
ആകെ സീറ്റ് 288
ബി.ജെ.പി 122
കോണ്‍ഗ്രസ് 42
ശിവസേന 63
എന്‍.സി.പി 41
സ്വതന്ത്രര്‍ 19
എം.എന്‍.എസ് 01

ഹരിയാന
ആകെ സീറ്റ് 90
ബി.ജെ.പി 47
കോണ്‍ഗ്രസ് 15
ഐഎന്‍എല്‍ഡി 19
സ്വതന്ത്രര്‍ 05
എച്ച്.ജെ.സി 02
അകാലിദള്‍ 01
ബി.എസ്.പി 01

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ