2019, സെപ്റ്റംബർ 18, ബുധനാഴ്‌ച

കശ്മിരില്‍ തട്ടി ഇന്ത്യ-ചൈന ബന്ധം



ഹിമാചല്‍ പ്രദേശിലെ ദോക് ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സേനകള്‍ തമ്മില്‍ ഉരസലുണ്ടായ സംഭവം മറക്കാറായിട്ടില്ല. ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വളരെ ഗുരുതരമായ സ്ഥിതിവിശേഷമെന്ന രീതിയില്‍ വാര്‍ത്തകള്‍ വരികയും ഒരുപക്ഷേ യുദ്ധം ഉണ്ടായേക്കുമെന്ന സ്ഥിതിപോലും സംജാതമാവുകയും ചെയ്തിരുന്നു. 2017ലായിരുന്നു ഈ സംഭവം. ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാര്‍ കല്ലുകളും ഇരുമ്പുവടികളുമായി പരസ്പരം ഏറ്റുമുട്ടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ അന്ന് മിക്കവരും കണ്ടിരുന്നു.
അയല്‍രാജ്യമായ പാകിസ്താനോട് നേരത്തേതന്നെ വിദ്വേഷമുണ്ടായിരിക്കേ അവരുടെ കൈയാളായ ചൈനയെയും ശുണ്ഠിപിടിപ്പിക്കുന്നത് ഇന്ത്യക്ക് ഗുണകരമല്ലെന്ന് അന്നേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ആയുധങ്ങളിലും സാങ്കേതികതയിലും ആള്‍ബലത്തിലും ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്‍പിലുള്ള ചൈനയോട് ഏറ്റുമുട്ടാന്‍ മടിയില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചപ്പോള്‍ സത്യാവസ്ഥ അറിയാവുന്ന ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിടിച്ചു.
ഇന്ത്യയുടെ അവസ്ഥ നന്നായി അറിയാവുന്ന ഔദ്യോഗിക വൃന്ദം ചൈനയുമായി സന്ധിയുണ്ടാക്കിയില്ലെങ്കില്‍ ഇന്ത്യ ഗുരുതരമായ ഭവിഷ്യത്ത് അനുഭവിക്കുമെന്ന് മോദിയെയും പരിവാറിനെയും പറഞ്ഞ് മനസിലാക്കി. അപരിഹൃതമായേക്കുമെന്ന് ഇരുരാജ്യങ്ങളും കരുതിയിരുന്ന ഈ സംഭവം മയപ്പെടാന്‍ ഏറെ സമയമെടുത്തു. ഇന്ത്യയെപ്പോലെ ചൈനയും ഈ സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രദ്ധ ചെലുത്തിയെന്ന് തോന്നുന്നതായിരുന്നു തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍.
തൊട്ടടുത്ത വര്‍ഷം, 2018ല്‍ ചൈനയിലെ വൂഹാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ സന്ദര്‍ശിച്ചതോടെ മഞ്ഞുരുകിയെന്ന് നമ്മള്‍ ഊറ്റംകൊണ്ടു, അഥവാ നമ്മുടെ ഭരണാധികാരികള്‍ നമ്മളെ ധരിപ്പിച്ചു. മഞ്ഞ് ഉരുകുകയായിരുന്നില്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ കാണുമ്പോള്‍ മനസിലാക്കേണ്ടത്.

ചൈനീസ് നിറംമാറ്റം

വൂഹനില്‍ ചൈനയെ മെരുക്കാന്‍ കഴിഞ്ഞെന്ന് ഇന്ത്യന്‍ ഭരണാധികാരികള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യന്‍ ആവശ്യത്തെ ചൈന യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വീറ്റോ ചെയ്തത്. തുടര്‍ന്ന് മറ്റ് രാജ്യങ്ങളൊക്കെ ചേര്‍ന്നിട്ടും ഇന്ത്യയുടെ നിലപാടിനോട് ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ ആ രാജ്യം തയാറായില്ലെന്നുമോര്‍ക്കണം. ഒടുവില്‍ വഴങ്ങിയെന്നതു നേര്. എന്നാല്‍, ചൈനയുടെ നിലപാടുകള്‍ വിശ്വസനീയമല്ലെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് ആ രാജ്യം നിലപാടുകള്‍ മാറ്റുമെന്നും പിന്നീടുണ്ടായ സംഭവങ്ങള്‍ ദൃഷ്ടാന്തമാണ്.

കശ്മിരില്‍ തട്ടി

കശ്മിരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയത് പരോക്ഷമായി ഇന്ത്യ-ചൈന ബന്ധം വഷളാക്കിയെന്നു വേണം വിലയിരുത്താന്‍. കാരണം, ജമ്മുകശ്മിരിനെ രണ്ടായി വിഭജിച്ച ഇന്ത്യന്‍ നിലപാടിനെ അതുണ്ടായ അന്നുതന്നെ ചൈന വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ പുതിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ബീജിങ് സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യ രൂപീകരിച്ച ലഡാക്ക് എന്ന കേന്ദ്രഭരണ പ്രദേശം ചൈനയുടെ ഭാഗമാണെന്നും ഇന്ത്യന്‍ നിലപാട് ചൈനയുടെ പരമാധികാരത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്നും ചൈനീസ് വക്താവ് നേരിട്ടറിയിച്ചത് ഓര്‍ക്കാവുന്നതാണ്.
ഇതിനുപിന്നാലെ ആ രാജ്യം പാകിസ്താന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തുവന്നു. പാകിസ്താനുമായി ചേര്‍ന്ന് ഈ വിഷയത്തില്‍ ഒരു പ്രസ്താവന പുറത്തിറക്കിയ ചൈന, കശ്മിര്‍ കാലങ്ങളായി തര്‍ക്കത്തിലുള്ളതാണെന്നും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെയും ഉഭയകക്ഷി കരാറിന്റെയും അടിസ്ഥാനത്തില്‍ വേണം വിഷയത്തില്‍ പരിഹാരം കാണേണ്ടതെന്നും വ്യക്തമാക്കിയത് കശ്മിര്‍ വിഷയത്തില്‍ ആ രാജ്യത്തിനുള്ള താല്‍പര്യം ഊന്നിപ്പറയുന്നതാണെന്ന് മനസിലാക്കേണ്ടതുണ്ട്.

പാങോങില്‍ മുഖാമുഖം

കശ്മിര്‍ വിഷയത്തില്‍ ബീജിങിന്റെ നിലപാടിനോട് വളരെ കരുതലോടെയാണ് ഇന്ത്യ പ്രതികരിച്ചുവരുന്നത്. എങ്കിലും പ്രശ്‌നം സങ്കീര്‍ണമാകുന്ന തരത്തിലുള്ള ചൈനീസ് പ്രതികരണം ഇപ്പോഴും തുടരുകയാണെന്നു കാണാം. കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് പട്ടാളവും ഇന്ത്യന്‍ പട്ടാളവും സംഘര്‍ഷത്തിലായത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 134 കിലോമീറ്റര്‍ നീളമുള്ള പോങോങ് തടാകത്തിന്റെ വടക്ക് കരയിലായിരുന്നു സംഘര്‍ഷം. ഈ തടാകത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ചൈനീസ് നിയന്ത്രണത്തിലാണെന്നതു വേറെ കാര്യം. പട്രോള്‍ നടത്തുകയായിരുന്ന ഇന്ത്യന്‍ പട്ടാളത്തെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഭടന്‍മാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും സംഘര്‍ഷത്തിലേര്‍പ്പെടുകയും കൂടുതല്‍ സൈനികരെ അവിടേക്ക് എത്തിക്കുകയും ചെയ്തു. വലിയ വാര്‍ത്തയായില്ലെങ്കിലും യുദ്ധസമാന സാഹചര്യമായിരുന്നു അത്. ഇത്തരം സംഘര്‍ഷങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത് യഥാര്‍ഥ നിയന്ത്രണരേഖ തിരിച്ചറിയാന്‍ കഴിയാത്തതിനാലാണെന്ന് ഇന്ത്യന്‍ സേനാവൃത്തങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും സംഘര്‍ഷം മൂര്‍ഛിക്കുന്നത് യുദ്ധത്തിനു കാരണമാകുമെന്ന വസ്തുത വിസ്മരിക്കാവുന്നതല്ല.

വാരണാസിയും
ഹിമവിജയും

വൂഹനില്‍ ചൈനീസ് പ്രസിഡന്റുമായി നടന്ന ചര്‍ച്ചയുടെ തുടര്‍ ചര്‍ച്ച ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. വാരണാസിയില്‍ അടുത്ത മാസമാണ് ചര്‍ച്ച നടക്കേണ്ടത്. അതിനുമുന്‍പുണ്ടായിരിക്കുന്ന ഈ സംഘര്‍ഷം ആ ചര്‍ച്ചയുടെ ഗതി എവിടെയെത്തിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. പ്രത്യേകിച്ച്, അടുത്തമാസം ഹിമാലയ സാനുക്കള്‍ക്കടുത്ത പര്‍വത നിരകളില്‍ ഇന്ത്യന്‍ സേന തങ്ങളുടെ പരിശീലനം നടത്താനിരിക്കുന്നതിനിടെ. അതും ഓപറേഷന്‍ വിജയ് എന്ന പേരില്‍ മുന്‍പ് ചൈനയുമായി സംഘര്‍ഷമുണ്ടായ അരുണാചല്‍ അതിര്‍ത്തി മേഖലയില്‍. ഈ മേഖലയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചൈന സ്വന്തം സ്ഥലമായി കരുതിപ്പോരുന്നിടത്താണ് ഇന്ത്യന്‍ സേനയുടെ അഭ്യാസപ്രകടനം നടക്കുക. കാര്‍ഗില്‍ യുദ്ധത്തില്‍ മലനിരകളില്‍ ഫലപ്രദമായി പാക് സേനയെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിനായിരുന്നില്ല. ഇതാണ് പതിനായിരത്തോളം അടി ഉയരത്തില്‍ മലനിരകളില്‍ യുദ്ധാഭ്യാസ-പരിശീലന പദ്ധതിയിടാന്‍ ഇന്ത്യന്‍ സേനയെ പ്രേരിപ്പിച്ചത്.
യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് ഏറെ മാറിയാണ് ഈ അഭ്യാസം നടക്കുക. പ്രത്യേക പരിശീനം നേടിയ 15,000 സൈനികരും ടാങ്കുകളും യുദ്ധോപകരണങ്ങളും വ്യോമസേനയുടെ ഹെലിക്കോപ്ടറുകളും ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും എല്ലാം ഉള്‍പ്പെടുന്ന യുദ്ധസജ്ജമായ അഭ്യാസപ്രകടനമാണിതെന്ന പ്രത്യേകതയുമുണ്ട്. ചൈനയെ ഔദ്യോഗികമായി അറിയിക്കാതെ നടക്കുന്ന ഈ അഭ്യാസ പ്രടനത്തില്‍ ബ്രഹ്മോസ് മിസൈല്‍ ഒഴിച്ചുള്ള ആയുധ-യുദ്ധ സാമഗ്രികളെല്ലാമുണ്ടാവുമെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത് ചൈനയെ പ്രകോപിപ്പിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതിര്‍ത്തിയില്‍ ഇനിയും സംഘര്‍ഷമുണ്ടാവുകയോ ഷീ ജിന്‍പിങിന്റെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാകുകയോ ചെയ്താല്‍ അതില്‍ തെല്ലും അത്ഭുതപ്പെടേണ്ടതില്ല.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ