2019, ഏപ്രിൽ 27, ശനിയാഴ്‌ച

പരമോന്നത ജഡ്ജി ആരോപണവിധേയനാകുമ്പോള്‍


സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്നു ദീപക് മിശ്രയ്‌ക്കെതിരേ നാല് മുതിര്‍ന്ന സുപ്രിംകോടതി ജഡ്ജിമാര്‍ പരസ്യമായി രംഗത്തുവന്നത് മറക്കാറായിട്ടില്ല. ചീഫ് ജസ്റ്റിസിന്റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് ജനാധിപത്യവും നിയമ വ്യവസ്ഥയും തകരുമെന്ന് മുന്നറിയിപ്പുമായായിരുന്നു ജഡ്ജിമാരുടെ പത്രസമ്മേളനം. ജ്സ്റ്റിസ് ദീപക് മിശ്ര, മഹാരാഷ്ട്രയില്‍ ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് താരതമ്യേന ജൂനിയര്‍ ജഡ്ജിയായ അരുണ്‍ മിശ്രയ്ക്ക് നല്‍കിയപ്പോഴാണ് നാല്‍വര്‍ സംഘം പ്രതിഷേധിച്ചത്. ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, എം.ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് അന്ന് സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായി പരസ്യ പ്രതിഷേധത്തിന് മുതിര്‍ന്നത്. അന്ന് പ്രതിഷേധിച്ച ഇന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരേ ലൈംഗിക ആരോപണം ഉയര്‍ന്നതാണ് ഇപ്പോള്‍ സുപ്രിംകോടതിയില്‍ വിഴുപ്പലക്കല്‍ ഉയരാന്‍ കാരണം.

വനിതാ ജീവനക്കാരിയുടെ
സത്യവാങ്മൂലം

സുപ്രിംകോടതിയിലെ മുന്‍ ഉദ്യോഗസ്ഥയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരേ ആരോപണമുന്നയിച്ചത്. ര ലൈംഗിക പീഡനത്തിനിരയായെന്ന വാര്‍ത്ത നാല് മാധ്യമങ്ങള്‍ ചേര്‍ന്നാണ് പുറത്തുവിട്ടത്. രഞ്ജന്‍ ഗൊഗോയിയുടെ ഹോം ഓഫീസിലെ ജീവനക്കാരിയായ ആരോപണമുന്നയിച്ച യുവതി സുപ്രിംകോടതിയിലെ 20 ജഡ്ജിമാര്‍ക്ക് പരാതി സത്യവാങ്മൂലം അയച്ചുകൊടുത്തതിനെ പിന്‍പറ്റി നാല് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളും വന്നു.
സുപ്രിംകോടതി ജഡ്ജിയായിരുന്ന ഗൊഗോയ് ചീഫ് ജസ്റ്റിസായ ശേഷം മാസങ്ങള്‍ക്കുള്ളിലാണ് ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.
2018 ഒക്ടോബറിലായിരുന്നു സംഭവം. താന്‍ സുപ്രിംകോടതിയില്‍ ജോലിചെയ്യവേ ജസ്റ്റിസ് ഗൊഗോയ് തന്നോടും തന്റെ ഔദ്യോഗിക ജീവിതത്തോടും വ്യക്തിജീവിതത്തോടും പ്രത്യേക മമത കാട്ടിയിരുന്നതായി യുവതി പറയുന്നു. അതിന്റെ പരമകാഷ്ഠയില്‍ തന്നെ അദ്ദേഹത്തിന്റെ ഹോം ഓഫീസിലേക്ക് സ്ഥലംമാറ്റി. ഇവിടെവച്ച് അദ്ദേഹം തന്നോട് വഴിവിട്ട്, ശാരീരികമായ നീക്കങ്ങള്‍ക്ക് മുതിരുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി സുപ്രിംകോടതിയിലെ വിവിധ ഓഫീസുകളിലേക്ക് തന്നെ നിരന്തരം സ്ഥലം മാറ്റുകയും ഒടുവില്‍ കൈക്കൂലി കേസില്‍ പെടുത്തി പിരിച്ചുവിടുകയും ചെയ്തു. തന്റെ കുടുംബത്തോടും അധികൃതര്‍ വൈരനിരാതനബുദ്ധിയോടെ പ്രവര്‍ത്തിച്ചതായും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു. തന്റെ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും 2012ല്‍ പരിഹൃതമായ ഒരു കേസില്‍ സസ്‌പെന്‍ഡ് ചെയ്‌തെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. ഇരയുടെ ഈ വാദങ്ങള്‍ക്ക് വില നല്‍കാത്ത നിയമത്തിനെതിരേ സര്‍വകോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

നിയമം പറയുന്നത്

തനിക്ക് അനിഷ്ടമുണ്ടാക്കുന്ന തരത്തില്‍ വാക്കു കൊണ്ടോ നോട്ടം കൊണ്ടോ സംജ്ഞ കൊണ്ടോ ശാരീരികമായോ ഒരു വ്യക്തി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരേ പീഡന പരാതി നല്‍കാന്‍ ഒരു വനിതയ്ക്കാവും. ലൈംഗിക ഉദ്യമത്തിന് ശ്രമിച്ചയാളോട് അരുതെന്ന് പറഞ്ഞതിന് ഔദ്യോഗിക രംഗത്ത് നടപടികള്‍ക്ക് വിധേയയായാലും അതും പീഡനത്തിന്റെ പരിധിയില്‍ വരും. ഇവിടെ ഇതുരണ്ടും സംഭവിച്ചതായാണ് പരാതി.
ലൈംഗിക പീഡന പരാതി ലഭിച്ചാല്‍ പരാതിക്കാര്‍ക്ക് അതിനുള്ള രേഖ കൈമാറണം. പരാതിക്കാരിയെ ബന്ധപ്പെട്ട് ഔപചാരികവും അനൗപചാരികവുമായ നടപടിക്രമങ്ങള്‍ ആലോചിക്കണം. തുടര്‍ന്ന് അനൗപചാരികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഔപചാരികമായ നടപടികളിലേക്ക് കടക്കണം. ഇത്രയുമാകുമ്പോഴേക്കും പരാതി നല്‍കിയതുമുതലുള്ള നാലു ഘട്ടങ്ങള്‍ കഴിയും. അഞ്ചാം ഘട്ടത്തില്‍ ആരോപണവിധേയനായ ആളെ ബന്ധപ്പെടുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടത്.

ഇവിടെ നടന്നത്

യുവതി പരാതി നല്‍കിയപ്പോള്‍ പരാതിയുടെ വിശദാംശങ്ങള്‍ തേടാന്‍ ശ്രമമുണ്ടായില്ലെന്ന് ഗുരുതരമായ ആരോപണവുമായി സുപ്രിംകോടതി ബാര്‍ അസോസിയേഷനും റെകോര്‍ഡ്‌സ് അസോസിയേഷനും രംഗത്തുവന്നിട്ടുണ്ട്.
പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളായ ദി ക്വിന്റ്, ദി കാരവാന്‍, സ്‌ക്രോള്‍, ദി വയര്‍ എന്നിവയിലാണ് ലൈംഗിക പീഡന പരാതി പ്രത്യക്ഷപ്പെട്ടത്. പരാതി വന്നതിനുപിന്നാലെ സുപ്രിംകോടതി അവധി ദിവസമായിട്ടും ശനിയാഴ്ച തിരക്കിട്ട് കോടതി ചേര്‍ന്നത് അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരാണ് അടിയന്തരമായി കോടതി ചേര്‍ന്നത്. നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഏറെ പൊതുപ്രാധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യാനാണ് കോടതി കൂടുന്നതെന്നായിരുന്നു ജഡ്ജിമാരുടെ അറിയിപ്പ്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടേയും സാന്നിധ്യത്തിലായിരുന്നു ഇത്.
യുവതി പരാതി നല്‍കിയതിനുപിന്നാലെ ചീഫ് ജസ്റ്റിസിന്റെ (ഇവിടെ ആരോപണവിധേയന്റെ) പ്രതികരണമാണ് കണ്ടത്. ഇരയ്‌ക്കെതിരേയുള്ള പ്രസ്താവനയായാണ് ഇത് വിലയിരുത്തപ്പെട്ടത്. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിക്കളയാനാണ് ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് ശ്രമിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണിതെന്നായിരുന്നു ആദ്യ ആരോപണം. നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം അതീവ ഗുരുതരമായ ഭീഷണിയിലാണെന്നും അദ്ദേഹം തുറന്നടിച്ചതും പിന്നീട് കണ്ടു. തന്നെ പുറത്താക്കാനാണ് ശ്രമം. താന്‍ രാജിവയ്ക്കില്ലെന്നും പുറത്താക്കാനാവില്ലെന്നും ഇനിയും ഈ കസേരയില്‍ത്തന്നെയിരുന്ന് കേസുകള്‍ കേള്‍ക്കുമെന്നും ക്ഷോഭിതനായ ചീഫ് ജസ്റ്റിസ് പറഞ്ഞു.
തുടര്‍ന്നാണ് ആരോപണവിധേയന്‍ ഇരയ്‌ക്കെതിരേ പ്രസ്താവന നടത്തിയത്. യുവതിയുടെ പൂര്‍വവൃത്താന്തം നന്നല്ലെന്ന് അവര്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസ് ചൂണ്ടിക്കാട്ടി ആരോപണമുന്നയിച്ചു. പരാതിക്ക് പ്രതികാരമായാണ് തനിക്കെതിരേ കേസ് എടുത്തിട്ടുള്ളതെന്ന് യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കേയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണമെന്നത് വളരെ ഗൗരവമേറിയതാണ്. സര്‍ക്കാര്‍ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ പിന്തുണയ്ക്കുന്നതും കണ്ടു. എന്നാല്‍ പരാതിയില്‍ നടപടികളൊന്നുമെടുക്കാതെ മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ സമീപിക്കണമെന്ന നിര്‍ദേശം നല്‍കി കോടതി പിരിയുകയായിരുന്നു.
തുടര്‍ന്ന് വിശ്വാസവും കെല്‍പുമുള്ള ഒരു കമ്മിറ്റിയെ കേസ് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ചു. ഇനി യുവതിയില്‍ നിന്ന് വിശദമായി വിവരങ്ങള്‍ ശേഖരിക്കുകയും പരാതി പരിഹരിക്കാനുള്ള ഔപചാരികവും അനൗപചാരികവുമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും വേണം.

പ്രതിരോധിക്കാം

ആരോപണവിധേയന് തനിക്കെതിരേ ഉയര്‍ന്ന ആരോപണം പ്രതിരോധിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഇരയെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലാവരുതെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് പ്രമുഖ നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രിംകോടതി ജഡ്ജിയായിരിക്കേ തനിക്കെതിരേയുയര്‍ന്ന ആരോപണത്തില്‍ അദ്ദേഹത്തിന് വഴിവിട്ട് പ്രതികരിക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രിംകോടതി ഫുള്‍ കോര്‍ട്ട് കൂടിവേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും വാദമുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ കാര്യത്തെയും സമീപിക്കേണ്ടതെന്നും നിയമം ഇത്തരം പരാതികള്‍ക്കെല്ലാം ഒരുപോലെ ബാധകമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചോദ്യങ്ങള്‍ ബാക്കി

കോടതിക്കെതിരേയുയര്‍ന്ന ആരോപണങ്ങളെന്നും നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നെന്നും പറഞ്ഞ് തനിക്കെതിരേയുയര്‍ന്ന ആരോപണത്തെ ദുര്‍ബലപ്പെടുത്തുകയായിരുന്നു ചീഫ് ജസ്റ്റിസ് എന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ശനിയാഴ്ച രാവിലെ പതിവില്ലാതെ കോടതി കൂടുകയും ഒരു വ്യക്തിക്കെതിരേയുയര്‍ന്ന ആരോപണം കോടതിക്കെതിരേയാണെന്ന തരത്തില്‍ പ്രതികരിക്കുകയും നടപടിയില്ലാതെ പിരിയുകയും ആരോപണവിധേയനായ ആള്‍ പ്രതിരോധിക്കുകയും പുറത്തുവന്ന കോടതി ഉത്തരവില്‍ ചീഫ് ജസ്റ്റിസിന്റെ ഒപ്പില്ലാതെയിരിക്കുകയും ചെയ്തതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. യുവതിയുടെ ആരോപണത്തിലും ചീഫ് ജസ്റ്റിസിന്റെ ആകുലതയിലും കറതീര്‍ന്ന അന്വേഷണം ആവശ്യമാണെന്ന് ഇതെല്ലാം അടിവരയിടുന്നു.

വഴിതിരിയുന്നു

സുപ്രിംകോടതി ജഡ്ജിമാര്‍ കോടതി പിരിഞ്ഞ അന്നുതന്നെ വൈകിട്ട് ഉത്സവ് ബെയ്ന്‍സ് എന്ന അഭിഭാഷകന്‍ രംഗത്തുവന്നത് കഥയില്‍ ട്വിസ്റ്റ് ഉണ്ടാക്കി. ചീഫ് ജസ്റ്റിസിനെ കസേരയില്‍ നിന്നു പുറത്താക്കാന്‍ തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്നായിരുന്നു ആരോപണം. ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാരോപണത്തില്‍ യുവതിക്കായി വാദിക്കുകയും പത്രസമ്മേളനം വിളിക്കുകയും വേണമെന്നാണ് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തയാള്‍ പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി. ഇത് നിഷേധിച്ച താന്‍ യുവതിയെക്കുറിച്ച് അനേ്്വഷിക്കുകയും ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയാണെന്ന് മനസിലാക്കിയെന്നും ഉത്സവ് പറയുന്നു. താന്‍ ഇതറിഞ്ഞതിനുപിന്നാലെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതെന്നും ഈ അഭിഭാഷകന്‍ വാദിച്ചു.

അന്വേഷണം

ലൈംഗികാരോപണം അന്വേഷിക്കാന്‍ സുപ്രിംകോടതി മൂന്നംഗ ജഡ്ജിമാരെ നിയമിച്ചു. ജഡ്ജിമാരായ എസ്.എ ബോബ് ദേ, എന്‍.വി രമണ, ഇന്ദിരാ ബാനര്‍ജി എന്നവരാണ് അംഗങ്ങള്‍. സുപ്രിംകോടതി സെക്രട്ടറി ജനറലിനും പരാതിക്കാരിക്കും പാനല്‍ നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസിനെ പുറത്താക്കാന്‍ ഒരു കോര്‍പറേറ്റ് ഭീമന്‍ ശ്രമിക്കുന്നു എന്നാണ് അഭിഭാഷകന്‍ ഉത്സവിന്റെ ആരോപണം. ഇതുകേട്ട അരുണ്‍ മിശ്രയും ആര്‍.എഫ് നരിമാനും ദീപക് ഗുപ്തയുമടങ്ങിയ ബഞ്ച് ഡല്‍ഹി പൊലിസ്, സി.ബി.ഐ, ഐ.ബി എന്നിവയുടെ മേധാവികളെ വിളിച്ചുവരുത്തി ആരോപണത്തിന് എന്തെങ്കിലും തെളിവുകളുണ്ടോ എന്നു പരിശോധിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസിനെതിരേ ഉയര്‍ന്നിട്ടുള്ള പീഡന പരാതിയും അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കവും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടെന്നും ജഡ്ജിമാര്‍ പറഞ്ഞിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ അന്വേഷണവും മേല്‍നോട്ടവും വഹിക്കുന്ന മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള സ്ഥിതിവിശേഷമാണിത്. ആരോപണമുണ്ടായാല്‍ കേസെടുക്കണമെന്ന വാദവും ആരോപണവിധേയന്‍ മാറിനില്‍ക്കണമെന്ന വാദവും സുപ്രിംകോടതിക്ക് ബാധകമല്ലേ എന്ന ചോദ്യത്തിനും വനിതാ ജഡ്ജിമാര്‍ ഉണ്ടായിരിക്കേ മറ്റ് ജഡ്ജിമാര്‍ കേസ് കൈകാര്യം ചെയ്യുന്നതെന്തുകൊണ്ടെന്ന ചോദ്യവും ചീഫ് ജസ്റ്റിസിന്റെ അടുപ്പക്കാര്‍ കേസേ കൈകാര്യം ചെയ്യുന്നെന്ന പരാതിക്കാരിയുടെ ആരോപണവും മുഖവിലയ്‌ക്കെടുക്കപ്പെടാത്തതും അതിശയിപ്പിക്കുന്നതാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ