ഉയരെ എന്ന ചിത്രം നിങ്ങള്‍ കാണണം. കണ്ടാല്‍ പോരാ, അതില്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് തിരശീലയിലേക്ക് പോകണം. അടുത്തിരിക്കുന്നവര്‍ ആരെന്ന് മറന്നാണ് ഈ ചിത്രം കാണേണ്ടത്. ഓരോ കഥാപാത്രവും നിങ്ങളുടെ ഉള്ളു തൊടുന്നു..ഒരു നീറ്റലായി...അവശേഷിക്കുന്ന കഥാപാത്രങ്ങള്‍..മിഴിത്തുമ്പില്‍ ഒരിറ്റ് നനവ്്...അതാണ് ഈ ചിത്രം നിങ്ങളോട് സംവേദിക്കുന്നത്...
ഈ ചിത്രത്തിന്റെ പ്രചാരകനാണ് ഞാനെന്നു കരുതരുത് കേട്ടോ. ഒരു സാധാരണക്കാരന്‍ കണ്ട ചിത്രം എന്നു മാത്രം കരുതിമാത്രമേ ഇനിയുള്ള ഭാഗങ്ങള്‍ വായിക്കാവൂ എന്നഭ്യര്‍ഥന.
ഒരു ചലച്ചിത്ര നിരൂപണത്തിന്റെ ക്ലീഷേകളില്ലാതെ ഈ സിനിമയെ സമീപിക്കാനാണ് എനിക്കിഷ്ടം. ഇതില്‍ അഭിനയിച്ചിരിക്കുന്നവരാരും എന്റെ സുഹൃത്തുക്കളോ നേരിട്ട് ബന്ധമുള്ളവരോ അല്ല. പിന്നണിയിലുള്ള ആരുമായും ബന്ധവുമില്ല. സിനിമയെ അനുകൂലിക്കുന്നതായി തോന്നുമ്പോള്‍ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന സംശയം ദുരീകരിക്കാനാണ് ഇത് പറഞ്ഞത്.
സിനിമയെ വിമര്‍ശിക്കാം. ഒരു സിനിമ നല്ലതെന്നു പറയാന്‍ നിങ്ങള്‍ക്ക് കഴിയാത്തതാണ് തെറ്റെന്ന് ഞാന്‍ പറയും. കുഴപ്പമില്ല..എന്ന പദമല്ല വേണ്ടത്. നല്ലതെന്നു പറയാന്‍ ശീലിക്കണം.
ഉയരെ ഒരു എന്റര്‍ടെയ്‌നര്‍ ആയി കാണരുത്. ദിലീപിന്റെ പടങ്ങള്‍ പോലുള്ളവയെ എന്റര്‍ടെയ്‌നര്‍ എന്നു ഞാന്‍ വിളിക്കും. ജീവിതത്തെ തൊടുന്ന ചിത്രങ്ങളെ എന്റര്‍ടെയ്‌നര്‍ എന്നല്ല..ജീവിതത്തിന്റെ മണമുള്ള സിനിമയെന്ന് വിശദീകരിക്കുന്നതാവും ഉത്തമം.
നിരൂപണ ക്ലീഷേ താല്‍പര്യമില്ലാത്തതിനാല്‍ ക്യാമറ നന്നയിട്ടുണ്ട്. എഡിറ്റിങ് സൂപ്പര്‍. സംവിധാനം കലക്കി. പാടിയവരും സംഗീതവും കൊളളാം ഇതൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ പറയാന്‍ ഒന്നുണ്ട്.
നിങ്ങള്‍ ഈ ചിത്രം കണ്ടില്ലെങ്കില്‍ കാണാന്‍ പോകും മുന്‍പ് ഒന്നു ശ്രദ്ധിക്കാം. സെക്കന്‍ഡുകള്‍ പോലും നീളമില്ലാ എന്നു തോന്നുന്ന ചില അഭിനയ മുഹൂര്‍ത്തങ്ങള്‍ ആണ് ഈ ചിത്രത്തിന് ധന്യത നല്‍കുന്നത്. കാണുമ്പോള്‍ ആ രംഗം നിങ്ങള്‍ മിസ് ചെയ്യരുത്.
അതിനുമുന്‍പ്..
ആസിഡ് ആക്രമണത്തിനു വിധേയയാവുന്ന ഒരു പെണ്‍കുട്ടിയുടെ വേവലാതികള്‍..സമൂഹം അവളെ കാണുന്നത്..വെറുക്കുന്നവരും..സ്‌നേഹിക്കുന്നവരും..പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് അവളുടെ ഉയിര്‍ത്തെഴുന്നേല്‍പ്. സാമൂഹിക വിപത്ത് വളരെ സമര്‍ഥമായി ചിത്രത്തില്‍ അടിവരയിടുന്നു. പല്ലവിയുടെ ചിരിക്കാനും കരയാനുമാവാത്ത മുഖം മനസില്‍ നിന്ന് മായുന്നില്ലല്ലോ.
പൊസസീവ്‌നെസ് എന്നത് ഒരു രോഗാവസ്ഥയിലെത്തുന്ന കഥാപാത്രം. ഒരുവേള അവന്‍ പറയുന്നത് ശരിയല്ലേ എന്നു തോന്നാം. എന്നാല്‍ ആക്രമണ വാസനയുണ്ടാവുന്ന അവനെ നിങ്ങള്‍ വെറുക്കുന്നു. അവന്റെ കണ്‍സേണ്‍സ് ആരും മനസിലാക്കുന്നില്ലേ. ഭാര്യയുടെ തണലില്‍ ജീവിക്കാമായിരുന്നിട്ടും ഉത്തരവാദിത്തം ഏല്‍ക്കാനുള്ള വെമ്പലില്‍ ആപത്തുകളിലേക്കാണ് അവന്റെ സഞ്ചാരം. ആസിഫലിയുടെ കണ്ണിലെ തിളക്കവും മൃദുഭാഷിയെന്ന ഭാവവും അസാധ്യമെന്നേ പറയേണ്ടൂ.
എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വം പല്ലവിയുടെ പിതാവ്. സിദ്ദഖിന്റെ അസാമാന്യ മികവ് ഈ കഥാപാത്രത്തെ മനസില്‍ തൊടുന്നതാക്കി. മകളുടെ ക്ഷോഭജന്യമായ അവസ്ഥയില്‍ അക്ഷോഭ്യനാവുന്ന പിതാവ്...ഒന്നു പ്രതികാരം ചെയ്യാന്‍ പോലും ആവാത്ത ശുദ്ധനായ മനുഷ്യന്‍..കോപം വാക്കുകളിലും കണ്ണീരിലും ചാലിച്ച് ഹൃദയത്തിലേക്ക് കയറുന്നു..
വിശാല്‍ എന്ന വിമാനക്കമ്പനി സിഇഒ ടൊവിനോയുടെ മിന്നുന്ന പ്രഭാവത്തില്‍ അവതരിക്കുന്നു... ടൊവിനോയുടെ മാനറിസം..ഡയലോഗ് പ്രസന്റേഷന്‍..ബോഡി ലാംഗ്വേജ് ..വിശാല്‍ ടൊവിനോയിലൂടെ ജീവിക്കുകയായിരുന്നു.
പല്ലവിയുടെ സുഹൃത്തിനെ പോലൊരാളെ നമ്മള്‍ കൊതിച്ചുപോവും. ആസിഡ് ആക്രമണത്തില്‍ സുഹൃത്തിനെ തളരാതെ താങ്ങാന്‍..ഇടയ്‌ക്കെപ്പോഴെങ്കിലും അവളുടെ മനസ് തളരുമോ എന്ന് ആശങ്കപ്പെടുന്ന ആ സുഹൃത്ത് ഏതു പെണ്‍കുട്ടിക്കും ഉണ്ടാവണമെന്നാണ് എന്റെ പക്ഷം.
പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍ തുടങ്ങി താരങ്ങള്‍ വേറെയുമുനണ്ട്. കഥാതന്തു സിനിമയെ കഥാസാഗരത്തിലേക്ക് ഒഴുക്കിക്കൊണ്ടുപോകുന്നതിന് അവരുടെ സംഭാവനകളും ചെറുതല്ല.
കഥാബീജം സൃഷ്ടിച്ച് വെള്ളിത്തിരയിലേക്ക് ആവാഹിക്കുകയായിരുന്നു തിരക്കഥയില്‍. തിരക്കഥാകൃത്തുക്കള്‍ അറിഞ്ഞോ അറിയാതെയോ കുറേയേറെ കണ്‍സേണ്‍സ് വന്നു ചേര്‍ന്നിട്ടുണ്ട്. അമ്മ മരിച്ച്, അഛന്‍ അടുത്തില്ലാതെ സ്‌കൂള്‍ ഹോസ്്റ്റലില്‍ നി്ന്നു പഠിക്കേണ്ടിവരുന്ന ഒരു ഹതഭാഗ്യയായ പെണ്‍കുട്ടിയുടെ മാനസികസംഘര്‍ഷം എന്താവുമെന്ന് ചിന്തിക്കാന്‍ ഒരവസരം..മനസിലെ ദൃഢനിശ്ചയത്തില്‍ മറ്റെല്ലാം മറക്കാനും ത്യജിക്കാനുമുള്ള ത്വര...കൈമാറിക്കിട്ടുന്ന മുതല്‍ കൈകാര്യം ചെയ്യാനറിയാത്തവര്‍ക്കുണ്ടായേക്കാവുന്ന പിഴ...മക്കളോട് നീതി പുലര്‍ത്താത്ത മാതാപിതാക്കള്‍..മകന്‍ ചീത്തയാണെന്നറിഞ്ഞിട്ടും അവന്റെ സംരക്ഷണത്തിനായുള്ള സ്വാര്‍ഥത..കൂടുവിട്ട് കൂടുതേടുന്ന പ്രേമം...ഉയരങ്ങളിലേക്കുള്ള യാത്രയില്‍ ജീവിതത്തില്‍ ഒന്നും തടസമാകരുതെന്ന ഫിലോസഫി..ആത്മഹത്യ ഒന്നിനും പരിഹാരമാവുന്നില്ലെന്ന ഉത്‌ബോധനം..പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ആത്മാര്‍ഥമായി സ്‌നേഹിക്കണമെന്ന സന്ദേശം..ഇതൊക്കെ ഈ സിനിമയില്‍ ചേര്‍ത്തുവച്ചിരിക്കുന്നു.
പറഞ്ഞുപറഞ്ഞ് നീണ്ടുപോയി...
ആ ചെറിയതും ശക്തവുമായ രംഗങ്ങള്‍ നിങ്ങള്‍ കാണണം..ആ നനവ് അറിയണം...
ആസിഡ് ആക്രമണമേറ്റ മകളെ കാണുന്ന പിതാവിന്റെ ചിത്രം..സിദ്ദിഖ് ഭാവങ്ങളിലൂടെ അത് വരച്ചുകാട്ടുന്നത് മിന്നിമറയുന്നെങ്കിലും ആ ഭാവത്തില്‍ നിങ്ങള്‍ ആസിഡിന്റെ പ്രഹരം വായിച്ചെടുക്കുന്നു
തളര്‍ന്നുപോകുമായിരുന്ന കരുത്തായി കൂടെനിന്ന പിതാവ് മകളെ പുതിയ ജോലിയിലേക്ക് യാത്രയാക്കുന്ന രംഗം..കരയാത്ത പിതാവ് മകളെ കെട്ടിപ്പിടിച്ച് ഒരു നിമിഷം തേങ്ങുന്നത് നിങ്ങള്‍ കാണാതെ പോകരുത്..
എയര്‍ഹോസ്റ്റസായ പല്ലവിയെ പൈലറ്റ് അഭിനന്ദിക്കുമ്പോള്‍ യാത്രക്കാരുടെ മുന്നില്‍ ആഹ്ലാദത്തിന്റെ തിരയില്‍ ആസിഡേല്‍ക്കാത്ത മുഖം തുടുക്കുന്നു..തൊട്ടടുത്ത നിമിഷം..ഒരുതേങ്ങല്‍..അത് ആരും കാണുന്നില്ല...പ്രേക്ഷകരായ നമ്മള്‍ ഒഴികെ...
ആസിഡേറ്റ പല്ലവിയെ കാണാന്‍ സുഹൃത്ത് സബീന എത്തുമ്പോള്‍ ആ രംഗം താങ്ങാനാവാതെ ബാത്ത്‌റൂമില്‍ കയറി വാതിലടച്ച് പൊട്ടിക്കരയുന്ന പല്ലവി..അസന്നിഗ്ധാവസ്ഥയിലായ മനസ്...ആ വാതില്‍ തുറക്കണോ..സുഹൃത്തിനെ കാണണോ..
നിശ്ചയദാര്‍ഢ്യത്തോടെ വിമാനം നിയന്ത്രിക്കുന്ന ആസിഡ് ആക്രമണത്തില്‍ കാഴ്ച കുറഞ്ഞ പല്ലവിയുടെ സെക്കന്‍ഡുകള്‍ നീളുന്ന ചിത്രം..
ജീവിതം കൈവിടുന്നത് ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ കണ്ണില്‍ നിന്ന് സെക്കന്‍ഡുകള്‍ നീളുന്ന ചിത്രീകരണത്തിലൂടെ വായിച്ചെടുക്കാം..
മകനെതിരായ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ടെത്തുന്ന പ്രംപ്രകാശിന്റെ കഥാപാത്രത്തിനു നേരേ തന്റെ ആസിഡ് ആക്രമണത്തില്‍ തകര്‍ന്ന മുഖചിത്രം മറനീക്കി കാട്ടുന്ന പല്ലവി..പിന്നെ ചോദ്യങ്ങളും അഭ്യര്‍ഥനയ്ക്കും സ്ഥാനമില്ലല്ലോ..
ഇതൊക്കെ കാണാതെപോകരുത്...കഥയും ദൃശ്യാവിഷ്‌കാരവും വിരുന്നായി സിനിമയിലുണ്ട്.
സംവിധായകന്‍ ചിത്രത്തിന് ഉയിരു നല്‍കിയിട്ടുണ്ട്...കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആ രീതി ഓര്‍മിക്കപ്പെടുന്നതാണ്...വിമാനത്തിനുള്ളിലെ ചീത്രികരണവും മറ്റും ആകാംക്ഷ ജനിപ്പിക്കുന്നു..
ഇത് എന്റര്‍ടെയ്‌നറല്ല..ജീവിതഗന്ധിയായ ഒരു ചാലക ചിത്രം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ