2019, ഏപ്രിൽ 26, വെള്ളിയാഴ്‌ച

'വോട്ടു ചെയ്തില്ലേല്‍ ഞാന്‍ കാട്ടിത്തരാം'


ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുടരെ കേള്‍ക്കുന്ന മുന്നറിയിപ്പാണിത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി സ്ഥാനാര്‍ഥി മേനകാ ഗാന്ധി ഈ മുന്നറിയിപ്പ് നല്‍കി വിവാദത്തിലാവുകയും കേസ് വരുത്തിവയ്ക്കുകയും ചെയ്തിരിക്കുന്നു. രണ്ടു ദിവസത്തേക്കാണ് അവരെ പ്രചാരണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയത്. ന്യൂനപക്ഷ മേഖലയില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് മേനകാ ഗാന്ധി മുസ് ലിം വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സുല്‍ത്താന്‍പൂരിലെ പ്രചാരണത്തിനിടെയായിരുന്നു അത്.
'നിങ്ങള്‍ (മുസ്‌ലിംകള്‍) എനിക്ക് വോട്ടു ചെയ്യണം. ചെയ്തില്ലെങ്കിലും ഞാന്‍ ജയിക്കും. നിങ്ങളുടെ വോട്ടില്ലാതെയാണ് ഞാന്‍ ജയിക്കുന്നതെങ്കിലും ജോലി പോയിട്ട് ഒരാവശ്യവുമായും എന്റെ അടുത്തേക്ക് വരരുത്.'
മേനകാഗാന്ധിയുടെ ഈ മുന്നറിയിപ്പാണ് അവര്‍ക്ക് പ്രചാരണ വിലക്കിന് കാരണമായത്. തന്റെ മകന്‍ വരുണ്‍ ഗാന്ധിയുടെ പ്രചാരണാര്‍ഥം പിലിഭിത്തിലെത്തിയ മേനകഗാന്ധി പറഞ്ഞത് ഗ്രാമങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ടെന്നാണ്. വരുണിന് അത്യുത്സാഹത്തോടെ വോട്ട് ചെയ്തവരാണ് എയില്‍ ഉള്‍പ്പെടുക. അതനുസരിച്ചാവും ഈ മേഖലകളില്‍ വികസനമെത്തിക്കുക. 80 ശതമാനമെങ്കിലും വോട്ട് ലഭിക്കുന്ന മേഖലകളാണ് എയില്‍. 60 ശതമാനം ബിയില്‍. ഒരു ലോക്‌സഭ മണ്ഡലത്തിലെ വര്‍ണ, വര്‍ഗ, ജാതി വ്യത്യാസമില്ലാതെ എല്ലാവരെയും പ്രതിനിധീകരിക്കേണ്ട എം.പി ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നത് ഒരു പക്ഷേ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമല്ലെന്നതാണ് കൂടുതല്‍ വിഷമമുണ്ടാക്കുന്നത്.
ഇവിടെ പ്രസക്തമാകുന്ന ചോദ്യം എന്തടിസ്ഥാനത്തിലാണ് മേനകാഗാന്ധി ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നാണ്.

വോട്ട് ആര്‍ക്കെന്ന് അറിയുമോ

നമ്മള്‍ രേഖപ്പെടുത്തുന്ന ഒരു വോട്ട് ആര്‍ക്കായിരിക്കുമെന്ന് സ്ഥാനാര്‍ഥികള്‍ക്ക് അറിയാനാവുമോ. അതല്ലെങ്കില്‍ പിന്നെ മേനക ഗാന്ധി ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ എന്താണ് കാരണം. വോട്ടെടുപ്പിനെ രഹസ്യ ബാലറ്റ് എന്നാണ് അറിയപ്പെടുന്നത്. വ്യക്തി ആര്‍ക്ക് വോട്ട് ചെയ്യുന്നു എന്നത് രഹസ്യമാണ്. വിശ്വസ്തത കൂട്ടാന്‍ ചിലര്‍ താന്‍ ചെയ്ത വോട്ട് രേഖ സഹിതം ഉയര്‍ത്തിക്കാട്ടി വിവാദത്തില്‍പെട്ട സംഭവങ്ങളുണ്ട്. രഹസ്യമായി വ്യക്തികള്‍ ചെയ്യുന്ന വോട്ട് ആര്‍ക്കെന്നറിയാന്‍ സംവിധാനമില്ല. അതുകൊണ്ട് ആ പേടി വേണ്ട. എന്നാല്‍ ഒരു ബൂത്തില്‍ രേഖപ്പെടുത്തുന്ന കൂടുതല്‍ വോട്ടുകള്‍ ആര്‍ക്കെന്നറിയാനാവും. ലോക്‌സഭ മണ്ഡലത്തെ വാര്‍ഡുകളായി തിരിച്ച് പ്രത്യേകം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ക്രമീകരിക്കാറുണ്ട്. കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിനുവേണ്ടിയാണ് ബൂത്തുകളില്‍ ഇത്തരത്തില്‍ ക്രമമായി യന്ത്രങ്ങള്‍ വയ്ക്കുന്നത്. വോട്ട് എണ്ണുമ്പോള്‍ ഓരോ സ്ഥലത്തെയും ബൂത്തുകളിലെ യന്ത്രങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ അതത് ബൂത്തില്‍ ഒരു പാര്‍ട്ടിക്ക് എത്ര വോട്ട് വീണു എന്നു മനസിലാക്കാനാവും. ഒരു ബൂത്തില്‍ ഒരു യന്ത്രത്തില്‍ ഏകദേശം 600 നുമുകളില്‍ വോട്ട് ആണ് രേഖപ്പെടുത്താറ്. ബൂത്തു തലത്തില്‍ ജാതി മത അടിസ്ഥാനത്തില്‍ എത്ര അംഗങ്ങളുണ്ട് എന്ന കണക്ക് ലഭ്യമാണ്. അപ്പോള്‍ വോട്ട് എത്ര അനുകൂലമായും പ്രതികൂലമായു ഒരു മതത്തില്‍ നിന്നെത്തി എന്നു കണ്ടെത്തുക ശ്രമകരമല്ല.

ഇത് ഗുരുതരമാണ്

ഇപ്രകാരം ബൂത്തുതലത്തില്‍ വോട്ടുകള്‍ കൂടുതല്‍ ആര്‍ക്കുവീണു എന്ന് മനസിലാക്കിയാല്‍ ആ ബൂത്തില്‍ വോട്ട് ചെയ്ത പ്രദേശത്തെ മതക്കാരോ ഒരു പ്രത്യേക സമുദായമോ ആര്‍ക്കാണ് കൂടുതല്‍ വോട്ട് നല്‍കിയതെന്ന് കണ്ടെത്താം. അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമായിരിക്കും ഇതുയര്‍ത്തുക. 2014ല്‍ നടന്ന ഒരു സംഭവം തെളിവാണ്. എന്‍.സി.പിയുടെ അജിത് പവാര്‍ ബാരാമതി നിയസഭാ മണ്ഡലത്തിലെ ഗ്രാമീണരെ വോട്ട്  ചെയ്തില്ലെന്ന പേരില്‍ ഭീഷണിപ്പെടുത്തി. പൈപ്പ് ലൈനിലൂടെ വെള്ളം വിതരണം ചെയ്യില്ലെന്നായിരുന്നു ഭീഷണി.
ബൂത്ത് തലത്തില്‍ വോട്ടിങ് രീതി മനസിലായാാല്‍ അവരെ സ്വാധീനിക്കാന്‍ ജാതി മത വോട്ട് ബാങ്ക് രീതി രാഷ്ട്രീയ പാര്‍ട്ടികള്‍ പയറ്റാന്‍ ഒരുമ്പെടുക സ്വാഭാവികമാണ്.

മറികടക്കാന്‍ മാര്‍ഗമുണ്ട്

ബൂത്തുതലത്തില്‍ ആര്‍ക്ക് വോട്ട് കൂടുതല്‍ കിട്ടിയെന്ന കണക്ക് മറികടക്കാന്‍ മാര്‍ഗമില്ലാതില്ല. വിവിധ ബൂത്തുകളിലെ യന്ത്രങ്ങള്‍ ചേര്‍ത്ത് കണക്കുകൂട്ടി മൊത്തം വോട്ടുകള്‍ വ്യത്യസ്ത ഗ്രൂപ്പുകളിലായി പുറത്തുവിടുകയാണ് ഒരു മാര്‍ഗം. ഇതിന് ആകെ വോട്ടുകള്‍കൂട്ടാനുള്ള യന്ത്രം ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം വച്ചിരുന്നു. ഇത്തരത്തില്‍ യന്ത്രം ഉപയോഗിച്ചാല്‍ 14 ബൂത്തുകളില്‍ നിന്നുള്ള യന്ത്രങ്ങളുടെ ഫലം മറ്റൊരു യന്ത്രസഹായത്താല്‍ ലഭ്യമാകും. ഇതുവഴി ഒരു ബൂത്തില്‍ നിന്ന് എത്ര വോട്ടുകള്‍ ഓരോ സ്ഥാനാര്‍ഥികള്‍ക്കും കിട്ടിയെന്നത് രഹസ്യമായി സൂക്ഷിക്കാനാവും. വോട്ടിങ് യന്ത്രങ്ങള്‍ വരുന്നതിനു മുന്‍പ് ബാലറ്റ് പേപ്പറായിരുന്നല്ലോ. അന്ന് വിവിധ ബൂത്തുകളില്‍നിന്നുള്ള ബാലറ്റ് പേപ്പറുകള്‍ കലര്‍ത്തിയാണ് എണ്ണിയിരുന്നത്. ഇതും ബൂത്തുതല വോട്ടിങ് രീതി രഹസ്യമായി സൂക്ഷിക്കാന്‍ സഹായിച്ചിരുന്നു.

എതിര്‍ക്കുന്നത് ആര്

വിവിധ ബൂത്തുകളിലെ ഫലങ്ങള്‍ ഒന്നിച്ച് മറ്റൊരു യന്ത്ര സഹായത്താല്‍ എണ്ണുന്നതിനെ എതിര്‍ത്തത് കേന്ദ്ര സര്‍ക്കാരായിരുന്നു. സുപ്രിംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് പൊതു താല്‍പര്യ ഹരജി വന്നപ്പോള്‍ കേന്ദ്രം എതിര്‍ക്കുകയായിരുന്നു. രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ ഇതില്‍ പഠനം നടത്തിയ മന്ത്രി സംഘമാണ് നിര്‍ദേശം തള്ളിയത്. യന്ത്രം ഉപയോഗിക്കുന്നത് പ്രത്യേകിച്ച് ജനങ്ങള്‍ക്ക് ഗുണമില്ലെന്നാണ് കാരണമായി പറഞ്ഞത്. മറിച്ച്, ഒരു ബൂത്തില്‍ തങ്ങള്‍ക്ക് വോട്ട് കുറവാണ് ലഭിച്ചതെങ്കില്‍ ആ പ്രദേശത്ത് കൂടുതല്‍ പ്രവര്‍ത്തനവും ജനസേവനവും നടത്താനും ജനങ്ങളെ ഒപ്പം നിര്‍ത്താനും രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുമെന്നായിരുന്നു കണ്ടെത്തല്‍. ഇവിടെ ആ തീരുമാനം എതിര്‍ക്കപ്പെടുന്നു. കാരണം മേനകഗാന്ധിയെപ്പോലുള്ളവര്‍ ഭീഷണിയുടെ സ്വരമാണ് ജനസേവനത്തിനുപകരം പ്രയോഗിക്കുന്നത്.
ഇതിനൊപ്പം വായിക്കാവുന്ന ഒന്നുകൂടിയുണ്ട്. ഗുജറാത്തിലെ ബി.ജെ.പി നേതാവ് രമേശ് കത്താര ദാഹോദ് മണ്ഡലത്തിലെ ഗ്രാമീണരോട് പറഞ്ഞതെന്തെന്നറിയാമോ. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പോളിങ് ബൂത്തിലും ക്യാമറ വച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിന് ആരാണ് വോട്ടു ചെയ്യുന്നതെന്ന് അറിയുമെന്നാണ് നേതാവ് തട്ടിവിട്ടത്. ബി.ജെ.പിക്ക് വോട്ടു ചെയ്യാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്നും ഈ നേതാവ് ഭീഷണിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സാക്ഷി മഹാരാജ് ആവട്ടെ തനിക്ക് വോട്ടു ചെയ്യാത്തവരെല്ലാം നശിച്ചുപോകുമെന്ന് ശപിക്കുന്നതും കണ്ടു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ