ഗിരീഷ് കെ നായർ
ബി.ജെ.പിയിലെ മുതിർന്ന നേതാക്കളെന്ന പഴയ മുഖങ്ങൾ അധികാരമില്ലെങ്കിലും തമ്മിൽ കണ്ടാൽ കടിച്ചുകീറാൻ നിൽക്കുന്നത് കേന്ദ്രത്തിന് മനസിലായി. പ്രകാശ് ജാവ്‌ദേക്കർ നിശബ്ദ പ്രയാണത്തിലുമായിരുന്നു.
യാതൊരു പ്രൊഫണലിസവുമില്ലാതെ കെ. സുരേന്ദ്രൻ ഹിന്ദുക്കളെയെല്ലാം താറടിക്കുന്നു എന്ന പരാതി ആർ.എസ്.എസിൽ തന്നെ ഉയർന്നിരുന്നു. കേവലം കേന്ദ്ര ബന്ധം കാരണം വി. മുരളീധരന്റെ തണലിൽ വളർന്നു പന്തലിച്ച സുരേന്ദ്രനെതിരേ പല തരത്തിലുള്ള ആരോപണങ്ങളാണ് ഈ അഞ്ചു വർഷക്കാലത്തിലുണ്ടായത്. കേരളത്തിലെ ബി.ജെ.പി ഗ്രൂപ്പുകളിൽ അദ്ദേഹത്തിനെരായി അഭിപ്രായ പ്രകടനം ഉയർന്നത് കേന്ദ്ര നേതൃത്വത്തിന് കാണാതിരിക്കാനാവുന്നതായിരുന്നില്ല. പ്രത്യേകിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാകണമെങ്കിൽ പുതിയ മുഖം വന്നേ മതിയാകൂ എന്ന അവസ്ഥ ഉണ്ടാക്കി വച്ചതുതന്നെ സുരേന്ദ്രനാണെന്നുപറയേണ്ടിവരുന്നതാണ് ഖേദകരം.
രാജീവ് ചന്ദ്രശേഖർ ഒരു സംഘപരിവാറുകാരനല്ല. എന്നാൽ സംഘപരിവാറിന്റെ ആദ്യ പേരുകാരനായി അദ്ദേഹം വന്നതിന്റെ കാരണം കേരളത്തിലെ സാഹചര്യമാണ്. വർഗീയതയിൽ ഊന്നിയുള്ള ബി.ജെ.പി പ്രചാരണം കേരളത്തിൽ സ്വാധീനം ഉറപ്പിക്കാൻ ഉതകുന്നതല്ലെന്ന് അവർക്ക് ബോധ്യമായിട്ടുണ്ട്.
ഗണപതിവട്ടം പോലുള്ള സുരേന്ദ്രന്റെ പരാമർശങ്ങൾ ഹിന്ദുക്കളുടെ തലകുനിക്കുന്നതായിരുന്നു. ഇതിനൊക്കെ തടയിട്ട് പ്രൊഫണലായുള്ള ഒരാൾ തന്നെ പാർട്ടിയെ നയിക്കാൻ വേണ്ടിയിരുന്നു.
തമിഴ്‌നാട്ടിൽ പരീക്ഷിച്ച അതേ തന്ത്രമാണ് പാർട്ടി ഇവിടെയും പരീക്ഷിച്ചത്.
തമിഴ്‌നാട്ടിൽ ഐ.എ.എസുകാരനായ അണ്ണാമലൈയെ പാർട്ടി ഏൽപിക്കാൻ കേന്ദ്രനേതൃത്വം കാണിച്ച ധൈര്യം ഇവിടെയും ഉണ്ടായി.
ബി.ജെ.പി നേതാക്കളുടെ ഒരു പ്രശ്‌നം ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നതായിരുന്നു. അഴിമതിയും അരാജകത്വവും കൊടികുത്തി വാഴുമ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് അത് വാർത്തയാക്കണമെങ്കിൽ ഭാഷാ ജ്ഞാനമുള്ള പ്രതിപക്ഷ നേതാക്കളും പാർട്ടി നേതാക്കളും ആവശ്യമാണ്.
ബി.ജെ.പിയിൽ ഇപ്പോൾ താരതമ്യേന ജൂനിയർ നേതാക്കൾക്കുമാത്രമാണ് ആഗോള ഭാഷയായ ഇംഗ്ലീഷ് വഴങ്ങുന്നത്. മലയാളം കൊണ്ട് കേരളത്തിൽ ഒന്നും നടക്കില്ല. ബ്രിട്ടാസ് പോലുള്ളവർ സി.പി.എമ്മിന്റെ മുഖമാകുന്നത് അദ്ദേഹത്തിന് പാർട്ടിയിൽ പ്രവർത്തിച്ച പാരമ്പര്യമുള്ളതുകൊണ്ടല്ല. ഫലപ്രദമായി കാര്യങ്ങൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ അവതരിപ്പിക്കാനുള്ള ശേഷിയാണ്. അതുതന്നെയാണ് രാജീവിലൂടെയും പാർട്ടി ഉറ്റുനോക്കുന്നത്.
പിന്നെ, വെട്ടിച്ചു പണമുണ്ടാക്കേണ്ട ആവശ്യം രാജീവിനില്ല. ബി.ജെ.പിയിലെ പല നേതാക്കൾക്കെതിരേയും വാജ്‌പേയി ഭരണകാലത്തുണ്ടായ പെട്രോൾ പമ്പ് അഴിമതി ആരോപണങ്ങൾ ഓർമയിൽ വരുന്നു.
രാജീവ് ഒരു പ്രൊഫണലാണ്. ചെറുപ്പക്കാരിലും പ്രൊഫഷണലുകളിലും ക്രൈസ്തവ സമൂഹത്തിലും അദ്ദേഹത്തിനുള്ള ബന്ധം ചെറുതല്ല. തിരുവനന്തപുരത്ത് അദ്ദേഹം അതു തെളിയിച്ചിരുന്നു. ബി.ജെ.പി ജയിക്കുമെന്ന വേളയിൽ ഇടതുപക്ഷ വോട്ടുകൾ കൂട്ടമായി തരൂരിനെത്തിയത് നേരത്തെ തന്നെ പാർട്ടി തിരിച്ചറിഞ്ഞിരുന്നു.
ഇന്ന് അതല്ല സ്ഥിതി. രാജീവ് തിരുവനന്തപുരത്തുകാരനായിരിക്കുന്നു. ക്രൈസ്തവ സഭകളുമായി നല്ല ബന്ധമുണ്ടാക്കിയിട്ടുള്ള അദ്ദേഹം വേഷവിധാനത്തിലും മറ്റാരെക്കാളും മുമ്പിലുമാണ്. ഇതൊക്കെ പ്രൊഫഷണലിസത്തിന്റെ നേർക്കാഴ്ചയാണ്. ഇതൊക്കെ കൂടാതെ നല്ലൊരു പി.ആർ ടീം ഇപ്പോൾത്തന്നെ അദ്ദേഹത്തിനുണ്ട്. മറ്റ് പല ബി.ജെ.പി നേതാക്കൾക്കുമില്ലാത്ത ഈ മേൻമകൾ അദ്ദേഹത്തെ ബി.ജെ.പി പ്രസിഡന്റ് സ്ഥാനത്തിന് എന്തുകൊണ്ടും അഭിമതനാണ്.
മിഷൻ കേരള എന്ന ബി.ജെ.പി അജണ്ടയുടെ മുഖമായി രാജീവ് ചന്ദ്രശേഖറെ കാണാം. കോൺഗ്രസ് മുക്ത ഭാരതം ഏതാണ്ട് പൂർത്തിയാക്കിയപ്പോഴാണ് മിഷൻ കേരളയിലേക്ക് ബി.ജെ.പി എത്തുന്നത്. ക്രൈസ്തവരിലേക്ക് ഇട്ടിരിക്കുന്ന പാലം ബലപ്പെടുന്നതിനനുസരിച്ചാവും കേരളം ബി.ജെ.പി പിടിക്കുന്നതിലുള്ള പ്രതീക്ഷകളിരിക്കുന്നത്.
പാർട്ടിയിലേക്ക് പ്രൊഫണലുകളുടെ ഒഴുക്ക് തുടങ്ങിയിട്ട് കാലങ്ങളായി. അത് പ്രതീക്ഷയിലേക്ക് കൊണ്ടെത്തിക്കേണ്ട ഉത്തരവാദിത്വമാണ് രാജീവിനുള്ളത്.
രണ്ട് പതിറ്റാണ്ട് മാത്രമാണ് രാജീവിന് സംഘപരിവാറുമായിട്ടുള്ള ബന്ധം.
എന്തു സംസാരിച്ചാലും വികസനത്തിലെത്തി നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസംഗ ശൈലി. ഇത് മോദി ശൈലിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുതന്നെയാണ് മഹാരാഷ്ട്രയിൽ ഫട്‌നാവിസിന് രണ്ടാമതും നറുക്ക് വീഴാൻ കാരണം.
മുൻ കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ഹൈദരാബാദിലാണ് ജനിച്ചത്. പാലക്കാട് സ്വദേശമാണ്. ബി.പി.എല്ലിലൂടെയാണ് രാജീവ് വൻ ബിസിനസുകാരനായത്. മൂന്നുവട്ടം രാജ്യസഭയിലെത്തിയ അദ്ദേഹം കേന്ദ്ര സഹമന്ത്രിയുമായിരുന്നു.