2019 മേയ് 11, ശനിയാഴ്‌ച

ആഗോള ഭീകരനെതിരായ നടപടി


ഇന്ത്യയുടെ സമ്മര്‍ദങ്ങളും അക്ബറുദ്ദീന്റെ നയതന്ത്ര പ്രവര്‍ത്തനവും ഒടുവില്‍ ഫലം കണ്ടു. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസ്ഊദ് അസ്ഹറിനെ ഒടുവില്‍ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. പാക് സമ്മര്‍ദം മൂലം അവസാന നിമിഷം വരെ എതിര്‍പ്പ് തുടര്‍ന്ന ചൈന ലോക രാജ്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കുമുന്നില്‍ ഗതികെട്ട് വഴങ്ങുകയായിരുന്നു.

ജെയ്‌ഷെ മുഹമ്മദ്

2000ല്‍ പാകിസ്താന്‍ കേന്ദ്രമായാണ് ഈ ഭീകര സംഘടന രൂപീകരിക്കപ്പെട്ടത്. 1999 ഡിസംബറില്‍ 155 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം റാഞ്ചിക്കൊണ്ടുപോയി കാണ്ഡഹാറില്‍ ഇറക്കിയ ഭീകരര്‍ ആവശ്യപ്പെട്ടത് ഇന്ത്യയില്‍ തടവില്‍ കഴിയുന്ന നാല് ഭൂകരന്‍മാരുടെ മോചനമായിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി 814ാം നമ്പര്‍ വിമാനം ഡല്‍ഹിയില്‍ നിന്നു പറന്നുയര്‍ന്നതിനുപിന്നാലെയാണ് റാഞ്ചപ്പെട്ടത്. ഇന്ത്യയില്‍ അമൃത്സറിലും പാകിസ്താനിലെ ലാഹോറിലും ദുബൈയിലും ലാന്‍ഡ് ചെയ്ത വിമാനം റാഞ്ചികള്‍ ഒടുവില്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെത്തിച്ചു. യാത്രക്കാരെ വിട്ടക്കണമെങ്കില്‍ ഇന്ത്യയില്‍ തടവില്‍ കഴിയുന്ന കൊടും ഭീകരനായ മസ്ഊദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം. അന്ന് വിട്ടയക്കപ്പെട്ടവരില്‍ അസ്ഹറിനുപുറമേ അഹ്മദ് ഉമര്‍ സഈദ് ഷെയ്ഖ്, മുഷ്താഖ് അഹ്മദ് എന്നിവരുമുണ്ടായിരുന്നു. ഈ റാഞ്ചല്‍ പദ്ധതി തയാറാക്കിയ യൂസുഫ് അസ്ഹര്‍ എന്ന മുഹമ്മദ് സലീമിനെ ബാലാകോട്ട് വ്യോമാക്രമണത്തില്‍ വകവരുത്തിയതായി ഇന്ത്യ അവകാശപ്പെട്ടിരുന്നത് ഓര്‍ക്കാം.
കശ്മിരിലെ ഒട്ടുമിക്ക ചാവേര്‍ ആക്രമണങ്ങളും നടത്തിയിരുന്നത് ജെയ്‌ഷെ ഭീകരന്‍മാരായിരുന്നു. കശ്മിരിലെ ജനത വാദിക്കുന്ന സ്വാതന്ത്ര്യം മുതലെടുത്ത് പാകിസ്താനുമായി ലയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ജെയ്‌ഷെ എന്നതിനാല്‍ ആ രാജ്യവും ആക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നു.
ജമ്മുകശ്മിര്‍ നിയസഭാ ആക്രമണവും 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണവും ജെയ്‌ഷെ ഭീകരന്‍മാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ജെയ്‌ഷെ ഭീകരന്‍മാര്‍ ഇന്ത്യയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് എത്ര തെളിവുകള്‍ നിരത്തിയിട്ടും അതൊക്കെയും പാകിസ്താന്‍ നിരസിച്ചിരുന്നു. ഇതിനിടെ 2002ല്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍ സ്വന്തം രാജ്യത്തും ജെയ്‌ഷെയുടെ വളര്‍ന്ന കരങ്ങള്‍ പാകിസ്താന്‍ തിരിച്ചറിഞ്ഞു. 2003ല്‍ മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശറഫിനെ കൊലപ്പെടുത്താനുള്ള ജെയ്‌ഷെ ശ്രമം രണ്ടുവട്ടം പാളി. ഇതോടെ പാകിസ്താന്‍ സമ്മര്‍ദത്തിലായി. ഭീകരന്‍മാരെ തള്ളണോ കൊള്ളണോ എന്ന സ്ഥിതിയിലിരിക്കേയാണ് തലവന്‍ മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ലോകരാജ്യങ്ങളുടേമേല്‍ നയതന്ത്ര സമ്മര്‍ദവുമായി ഇന്ത്യ നീങ്ങിയത്.

ജെയ്‌ഷെയുടെ താവളം

കശ്മിര്‍ ആണ് ജെയ്‌ഷെയുടെ പ്രധാന ആക്രമണ കേന്ദ്രം. സംഘടനയുടെ ആസ്ഥാനമാവട്ടെ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം പാകിസ്താനിലെ ദക്ഷിണ പഞ്ചാബ് പ്രവിശ്യയിലെ ഭഗവല്‍പൂരെന്ന തരിശായ ഭൂമിയിലാണ്. മതില്‍കെട്ടിപ്പൊക്കിയ ആസ്ഥാനത്തിനു സമീപം ഒരു വലിയ ഭൂഭാഗത്ത് ദരിദ്രരായ യുവാക്കളെ റിക്രൂട്ട് ചെയ്ത് ഭീകരരാവാന്‍ പരിശീലനം നല്‍കുന്നതായി മാധ്യമങ്ങളും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവും പറയുന്നു.
പാകിസ്താന്‍ നിരോധിച്ച 33 ഭീകര സംഘടനകളില്‍ ജെയ്‌ഷെ മുഹമ്മദും ഉണ്ടെന്നാണ് വയ്പ്. 2002 ജനുവരി 14ന് സംഘടനയെ പാകിസ്താന്‍ നാഷനല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി നിരോധിച്ചതായി ലോകരാജ്യങ്ങളെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യയെയും അമേരിക്കയെയും ലക്ഷ്യംവച്ച് ഈ സംഘടന പലവട്ടം മുന്നറിയിപ്പ് വിഡിയോകളുമായി രംഗത്തെത്തിയത് പാകിസ്താന്‍ കണ്ടില്ലെന്നു നടിച്ചതോടെയാണ് നിരോധനത്തില്‍ സംശയമുയര്‍ന്നത്. 300 ചാവേറുകളെ താന്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന മസ്ഊദ് അസ്ഹറിന്റെ വിഡിയോ 2014ല്‍ പുറത്തുവന്നു. അസ്ഹര്‍ കൂടുതല്‍ നാശം വരുത്തിയേക്കുമെന്നു മനസിലായതോടെ അയാളെ വകവരുത്താനുള്ള ശ്രമത്തിലായി ഇന്ത്യ. എന്നാല്‍ അതിനിടയ്ക്ക് അപ്രതീക്ഷിതമായി പഞ്ചാബിലെ പത്താന്‍കോട്ട് ജെയ്‌ഷെ ഭീകരാക്രമണമുണ്ടായി. ഇതോടെ അസ്ഹറിനെ ലക്ഷ്യം വച്ചതോടെ പാക് സേനയുടെ അറിവോടെ അസ്ഹര്‍ ഒളിവിലായി. ഇപ്പോഴും അസ്ഹറിനെകുറിച്ചുള്ള വിവരങ്ങള്‍ പാകിസ്താന്‍ ഒളിക്കുകയാണ്.

യു.എന്‍ നടപടി

2001ലാണ് യു.എന്‍ ആദ്യമായി ജെയ്‌ഷെ മുഹമ്മദിനെതിരേ നീങ്ങുന്നത്. അല്‍ഖായ്ഇദയ്ക്ക് സാമ്പത്തിക സഹായവും അവരുടെ പദ്ധതികളും നടപ്പാക്കാന്‍ സഹായിക്കുന്നതും ജെയ്‌ഷെയാണെന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്. യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ജെയ്‌ഷെ മുഹമ്മദിനെ കരിമ്പട്ടികയില്‍ പെടുത്തി. എന്നാല്‍ പാകിസ്താനാവട്ടെ ഇതൊന്നും ഗൗനിക്കാതെ ഈ ഭീകരസംഘടനയ്ക്ക് സൈ്വരവിഹാരം അനുവദിക്കുകയായിരുന്നു. പാക് അതിര്‍ത്തിക്കു പുറത്താണ് ജെയ്‌ഷെയുടെ ഭീകരാക്രമണമെന്നതിനാല്‍ പാകിസ്താന്‍ അവര്‍ക്കെതിരേ നടപടി എടുക്കാന്‍ മടിച്ചു. ഭീകരാക്രമണത്തിന് പണം ഉണ്ടാക്കുകയും ചാവേറുകള്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു എന്ന വാര്‍ത്തകളൊക്കെ പാകിസ്താന്‍ നിഷേധിച്ചു.
കരമ്പട്ടികയില്‍ നിന്ന അസ്ഹറിനെ ആഗോള ഭീകരനായി മുദ്രകുത്തി തളയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യമാകട്ടെ പാകിസ്താന്‍ ചൈനവഴി പ്രതിരോധിച്ചു. രക്ഷാസമിതിയില്‍ അസ്ഹറിനെതിരായി വന്ന പ്രമേയങ്ങളൊക്കെ വീറ്റോ ചെയ്യുകയോ സാങ്കേതി പ്രശ്‌നങ്ങളിലൂന്നി ചൈന തടസപ്പെടുത്തുകയോ ആയിരുന്നു ഇതുവരെ.

ചൈന വഴിക്കുവന്നത്

പാകിസ്താനെ സഹായിക്കുന്ന ചൈന അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യന്‍ ആവശ്യത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ലോകരാജ്യങ്ങളുമായി ശക്തമായ നയതന്ത്രബന്ധം സ്ഥാപിച്ച ഇന്ത്യയാകട്ടെ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ വഴി പ്രമേയം രക്ഷാസമിതിയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതിനെയും എതിര്‍ത്ത ചൈന ഫലത്തില്‍ പുലിവാലു പിടിക്കുകയായിരുന്നു. രക്ഷാസമിതിയിലെ അംഗങ്ങളെ ഇത് രോഷാകുലരാക്കുകയും വിഷയം തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തു. ഇതോടെ രക്ഷാ സമിതിയിലെ ഒറ്റപ്പെട്ട ശബ്ദമായി ചൈനമാറി. എതിര്‍പ്പിന്റെ കാരണം തുറന്നുപറയേണ്ടിവരുന്ന അപകടം മനസിലാക്കി ഒടുവില്‍ വഴിക്കുവരുകയായിരുന്നു ചൈന.
പാക് ഭീകരതയെ തുണയ്ക്കുന്നതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈനയ്ക്ക് ബോധമുണ്ടായി. അസ്ഹര്‍ ആഗോള തലത്തില്‍ ഭീകരതയ്ക്ക് കാരണക്കാരനാണെന്ന ഇന്ത്യന്‍ വാദം ഉഭയകക്ഷി ചര്‍ച്ചകളില്‍ ഫലപ്രദമായി ഉന്നയിക്കാന്‍ ഇന്ത്യക്കായി. ബാലാകോട്ടില്‍ ഇന്ത്യന്‍ ആക്രമണത്തിനെതിരേ ആഗോളതലത്തില്‍ എതിര്‍പ്പ് ഉണ്ടാകാതിരുന്നതും ഇന്ത്യന്‍ നിലപാട് ശരിവയ്ക്കുന്നതായി.

മസ്ഊദ് അസ്ഹര്‍

1968ലാണ് മസ്ഊദ് അസ്ഹറിന്റെ ജനനം. അല്‍ഖായ്ദയുടേയും മുല്ലാ ഉമറിന്റെയും സഹായത്തോടെയാണ് ജെയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്. 1970 മുതല്‍ അഫ്ഗാന്‍ ജിഹാദിനെ പിന്‍തുണച്ചുവന്നിരുന്ന ജാമിഅ ബിനോരിയയിലായിരുന്നു പഠനം. തുടര്‍ന്ന് ഹര്‍കത്ത് ഉല്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നു. അവരുടെ സദാ ഈ മുജാഹിദ് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി.
1990നും 1993നും ഇടയില്‍ ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. സൊമാലിയ, സഊദി അറേബ്യ, സാംബിയ, യു.എ.ഇ, ബംഗ്ലാദേശ്, യു.കെ എന്നീ രാജ്യങ്ങിലെത്തി. ഇവിടെ പ്രഭാഷണങ്ങള്‍ നടത്തി. കശ്മിരിലും അഫ്ഗാനിസ്ഥാനിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിച്ചു.
1994ല്‍ ഹര്‍കത്ത് ഉല്‍ മുജാഹിദ്ദീന്റെ സെക്രട്ടറിയായിരിക്കേ അസ്ഹര്‍ ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തി. വാലി ആദാം ഇസ്സ എന്ന പേരില്‍ പോര്‍ച്ചുഗീസ് കള്ള പാസ്‌പോര്‍ട്ടായിരുന്നു കൈയില്‍ ഉണ്ടായിരുന്നത്. വിമാനത്തവളത്തില്‍ രക്ഷപ്പെട്ടെങ്കിലും കസ്റ്റംസ് വീഴ്ചയോടെ ഇയാളെ ഇന്ത്യന്‍ സുരക്ഷാസേന തെരയാനാരംഭിച്ചു. കശ്മിരിലെത്തിയ ഇയാള്‍ പാവപ്പെട്ട യുവാക്കളെ ഭീകരതയിലേക്ക് നടത്തി. തുടര്‍ന്ന് 1999ല്‍ അസ്ഹര്‍ അറസ്റ്റിലായി.
ഇയാളുടെ സഹോദരന്‍മാര്‍ പദ്ധതി തയാറാക്കി നടപ്പാക്കിയതാണ് എയര്‍ ഇന്ത്യ വിമാനറാഞ്ചല്‍. അസ്ഹറിനെ മോചിപ്പിക്കുന്നതങ്ങനെയാണ്.
മോചിതനായി ഭഗവല്‍പൂരിലെത്തിയ അസ്ഹറാകട്ടെ 2000ല്‍ ജാമിഅ ബിനോരിയയില്‍ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന രൂപീകരിക്കുകയാണ് ചെയ്തത്. ഇന്ത്യക്കെതിരേ യുദ്ധം മാത്രമായിരുന്നു അതിന്റെ ലക്ഷ്യം.
സംഘടനയെ 2001ല്‍ത്തന്നെ യു.എന്‍ ഭീകരവാദികളുടെ പട്ടികയില്‍ പെടുത്തി. 2002ല്‍ പാക് നിരോധനത്തോടെ സംഘന രണ്ടായി. ജമാഅത്ത് ഉല്‍ ഫര്‍ഖാന്‍ എന്നും ഖുദം ഉല്‍ ഇസ് ലാം എന്നിങ്ങനെ. ഇവ രണ്ടും 2003ല്‍ നിരോധിക്കപ്പെട്ടു. പാകിസ്താനിലെ നിരവധി കേന്ദ്രങ്ങളില്‍ ജെയ്‌ഷെ യുവാക്കളെ ഭീകര ക്യാംപുകളിലെത്തിച്ച് ചാവേര്‍ പരിശീലനം നല്‍കി. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍ റഹ്മത്ത് എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് ഫണ്ട് സ്വരൂപിച്ചു.
ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് അസ്ഹറിനെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു എന്നു മനസിലാക്കിയ പാകിസ്താന്‍ ഇയാളെ വീട്ടുതടങ്കലിലാക്കി കാവല്‍ നിന്നു. ഇന്ത്യന്‍ ആക്രമണം ഉണ്ടായേക്കുമെന്ന് ഭയന്ന് ഇയാളെ പിന്നീട് ഇവിടെനിന്നു ഇസ്‌ലാമാബാദില്‍ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

അസ്ഹറിനെതിരായ ഉപരോധം

്മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുമ്പോള്‍ ഫലത്തില്‍ അത് ഒരു ഉപരോധത്തില്‍ കലാശിക്കുക.ായാണ്. യു.എന്‍ രക്ഷാ സമിതിയില്‍ നിലവില്‍ 14 ഉപരോധ കമ്മിറ്റികളുണ്ട്. രാഷ്ട്രത്തര്‍ക്കങ്ങള്‍, അണ്വായുധ തര്‍ക്കം, ഭീകവിരുദ്ധ സമിതി ഇങ്ങനെയാണവ. സുരക്ഷാ സമിതിയിലെ 15 രാജ്യങ്ങളും കമ്മിറ്റികളില്‍ അംഗങ്ങളാണ്. സ്ഥിരാംഗമല്ലാത്ത ഒരു അംഗമായിരിക്കും ഓരോ കമ്മിറ്്‌റിയുടെയും ചെയര്‍മാന്‍. ഇത് വര്‍ഷം തോറും മാറും.
അല്‍ ഖാഇദയ്‌ക്കെതിരേയും ഐ.എസിനെതിരേയും ഉപരോധം ഏര്‍പ്പെടുത്തിയ കമ്മിറ്റി 1267 കമ്മിറ്റിയെന്നാണ് അറിയപ്പെടുന്നത്. ഭീകരന്‍മാര്‍ക്കും സംഘടനകള്‍ക്കുമെതിരേ ഉപരോധം ഏര്‍പ്പെടുത്തുക ഈ കമ്മിറ്റിയാണ്.
സ്വന്തം രാജ്യത്തും വിദേശത്തുമുള്ള സ്വത്തുവകകള്‍ മരവിപ്പിക്കുക, രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യുന്നത് തടയുക, ആയുധങ്ങള്‍ ലഭിക്കാതിരിക്കുക തുടങ്ങി ഉപരോധം നേരിടുന്നവര്‍ ഏറെ പ്രയാസകരമായ സാഹചര്യം നേരിടേണ്ടിവരും. നിലവില്‍ 262 വ്യക്തികളും 83 സംഘടനകളും യു.എന്‍ ഉപരോധം നേരിടുന്നുണ്ട്.



2019 ഏപ്രിൽ 29, തിങ്കളാഴ്‌ച

ഉയരെ...ആത്മാവില്‍ തൊടുന്ന നൊമ്പരം


ഉയരെ എന്ന ചിത്രം നിങ്ങള്‍ കാണണം. കണ്ടാല്‍ പോരാ, അതില്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് തിരശീലയിലേക്ക് പോകണം. അടുത്തിരിക്കുന്നവര്‍ ആരെന്ന് മറന്നാണ് ഈ ചിത്രം കാണേണ്ടത്. ഓരോ കഥാപാത്രവും നിങ്ങളുടെ ഉള്ളു തൊടുന്നു..ഒരു നീറ്റലായി...അവശേഷിക്കുന്ന കഥാപാത്രങ്ങള്‍..മിഴിത്തുമ്പില്‍ ഒരിറ്റ് നനവ്്...അതാണ് ഈ ചിത്രം നിങ്ങളോട് സംവേദിക്കുന്നത്...
ഈ ചിത്രത്തിന്റെ പ്രചാരകനാണ് ഞാനെന്നു കരുതരുത് കേട്ടോ. ഒരു സാധാരണക്കാരന്‍ കണ്ട ചിത്രം എന്നു മാത്രം കരുതിമാത്രമേ ഇനിയുള്ള ഭാഗങ്ങള്‍ വായിക്കാവൂ എന്നഭ്യര്‍ഥന.
ഒരു ചലച്ചിത്ര നിരൂപണത്തിന്റെ ക്ലീഷേകളില്ലാതെ ഈ സിനിമയെ സമീപിക്കാനാണ് എനിക്കിഷ്ടം. ഇതില്‍ അഭിനയിച്ചിരിക്കുന്നവരാരും എന്റെ സുഹൃത്തുക്കളോ നേരിട്ട് ബന്ധമുള്ളവരോ അല്ല. പിന്നണിയിലുള്ള ആരുമായും ബന്ധവുമില്ല. സിനിമയെ അനുകൂലിക്കുന്നതായി തോന്നുമ്പോള്‍ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന സംശയം ദുരീകരിക്കാനാണ് ഇത് പറഞ്ഞത്.
സിനിമയെ വിമര്‍ശിക്കാം. ഒരു സിനിമ നല്ലതെന്നു പറയാന്‍ നിങ്ങള്‍ക്ക് കഴിയാത്തതാണ് തെറ്റെന്ന് ഞാന്‍ പറയും. കുഴപ്പമില്ല..എന്ന പദമല്ല വേണ്ടത്. നല്ലതെന്നു പറയാന്‍ ശീലിക്കണം.
ഉയരെ ഒരു എന്റര്‍ടെയ്‌നര്‍ ആയി കാണരുത്. ദിലീപിന്റെ പടങ്ങള്‍ പോലുള്ളവയെ എന്റര്‍ടെയ്‌നര്‍ എന്നു ഞാന്‍ വിളിക്കും. ജീവിതത്തെ തൊടുന്ന ചിത്രങ്ങളെ എന്റര്‍ടെയ്‌നര്‍ എന്നല്ല..ജീവിതത്തിന്റെ മണമുള്ള സിനിമയെന്ന് വിശദീകരിക്കുന്നതാവും ഉത്തമം.
നിരൂപണ ക്ലീഷേ താല്‍പര്യമില്ലാത്തതിനാല്‍ ക്യാമറ നന്നയിട്ടുണ്ട്. എഡിറ്റിങ് സൂപ്പര്‍. സംവിധാനം കലക്കി. പാടിയവരും സംഗീതവും കൊളളാം ഇതൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ പറയാന്‍ ഒന്നുണ്ട്.
നിങ്ങള്‍ ഈ ചിത്രം കണ്ടില്ലെങ്കില്‍ കാണാന്‍ പോകും മുന്‍പ് ഒന്നു ശ്രദ്ധിക്കാം. സെക്കന്‍ഡുകള്‍ പോലും നീളമില്ലാ എന്നു തോന്നുന്ന ചില അഭിനയ മുഹൂര്‍ത്തങ്ങള്‍ ആണ് ഈ ചിത്രത്തിന് ധന്യത നല്‍കുന്നത്. കാണുമ്പോള്‍ ആ രംഗം നിങ്ങള്‍ മിസ് ചെയ്യരുത്.
അതിനുമുന്‍പ്..
ആസിഡ് ആക്രമണത്തിനു വിധേയയാവുന്ന ഒരു പെണ്‍കുട്ടിയുടെ വേവലാതികള്‍..സമൂഹം അവളെ കാണുന്നത്..വെറുക്കുന്നവരും..സ്‌നേഹിക്കുന്നവരും..പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് അവളുടെ ഉയിര്‍ത്തെഴുന്നേല്‍പ്. സാമൂഹിക വിപത്ത് വളരെ സമര്‍ഥമായി ചിത്രത്തില്‍ അടിവരയിടുന്നു. പല്ലവിയുടെ ചിരിക്കാനും കരയാനുമാവാത്ത മുഖം മനസില്‍ നിന്ന് മായുന്നില്ലല്ലോ.
പൊസസീവ്‌നെസ് എന്നത് ഒരു രോഗാവസ്ഥയിലെത്തുന്ന കഥാപാത്രം. ഒരുവേള അവന്‍ പറയുന്നത് ശരിയല്ലേ എന്നു തോന്നാം. എന്നാല്‍ ആക്രമണ വാസനയുണ്ടാവുന്ന അവനെ നിങ്ങള്‍ വെറുക്കുന്നു. അവന്റെ കണ്‍സേണ്‍സ് ആരും മനസിലാക്കുന്നില്ലേ. ഭാര്യയുടെ തണലില്‍ ജീവിക്കാമായിരുന്നിട്ടും ഉത്തരവാദിത്തം ഏല്‍ക്കാനുള്ള വെമ്പലില്‍ ആപത്തുകളിലേക്കാണ് അവന്റെ സഞ്ചാരം. ആസിഫലിയുടെ കണ്ണിലെ തിളക്കവും മൃദുഭാഷിയെന്ന ഭാവവും അസാധ്യമെന്നേ പറയേണ്ടൂ.
എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വം പല്ലവിയുടെ പിതാവ്. സിദ്ദഖിന്റെ അസാമാന്യ മികവ് ഈ കഥാപാത്രത്തെ മനസില്‍ തൊടുന്നതാക്കി. മകളുടെ ക്ഷോഭജന്യമായ അവസ്ഥയില്‍ അക്ഷോഭ്യനാവുന്ന പിതാവ്...ഒന്നു പ്രതികാരം ചെയ്യാന്‍ പോലും ആവാത്ത ശുദ്ധനായ മനുഷ്യന്‍..കോപം വാക്കുകളിലും കണ്ണീരിലും ചാലിച്ച് ഹൃദയത്തിലേക്ക് കയറുന്നു..
വിശാല്‍ എന്ന വിമാനക്കമ്പനി സിഇഒ ടൊവിനോയുടെ മിന്നുന്ന പ്രഭാവത്തില്‍ അവതരിക്കുന്നു... ടൊവിനോയുടെ മാനറിസം..ഡയലോഗ് പ്രസന്റേഷന്‍..ബോഡി ലാംഗ്വേജ് ..വിശാല്‍ ടൊവിനോയിലൂടെ ജീവിക്കുകയായിരുന്നു.
പല്ലവിയുടെ സുഹൃത്തിനെ പോലൊരാളെ നമ്മള്‍ കൊതിച്ചുപോവും. ആസിഡ് ആക്രമണത്തില്‍ സുഹൃത്തിനെ തളരാതെ താങ്ങാന്‍..ഇടയ്‌ക്കെപ്പോഴെങ്കിലും അവളുടെ മനസ് തളരുമോ എന്ന് ആശങ്കപ്പെടുന്ന ആ സുഹൃത്ത് ഏതു പെണ്‍കുട്ടിക്കും ഉണ്ടാവണമെന്നാണ് എന്റെ പക്ഷം.
പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍ തുടങ്ങി താരങ്ങള്‍ വേറെയുമുനണ്ട്. കഥാതന്തു സിനിമയെ കഥാസാഗരത്തിലേക്ക് ഒഴുക്കിക്കൊണ്ടുപോകുന്നതിന് അവരുടെ സംഭാവനകളും ചെറുതല്ല.
കഥാബീജം സൃഷ്ടിച്ച് വെള്ളിത്തിരയിലേക്ക് ആവാഹിക്കുകയായിരുന്നു തിരക്കഥയില്‍. തിരക്കഥാകൃത്തുക്കള്‍ അറിഞ്ഞോ അറിയാതെയോ കുറേയേറെ കണ്‍സേണ്‍സ് വന്നു ചേര്‍ന്നിട്ടുണ്ട്. അമ്മ മരിച്ച്, അഛന്‍ അടുത്തില്ലാതെ സ്‌കൂള്‍ ഹോസ്്റ്റലില്‍ നി്ന്നു പഠിക്കേണ്ടിവരുന്ന ഒരു ഹതഭാഗ്യയായ പെണ്‍കുട്ടിയുടെ മാനസികസംഘര്‍ഷം എന്താവുമെന്ന് ചിന്തിക്കാന്‍ ഒരവസരം..മനസിലെ ദൃഢനിശ്ചയത്തില്‍ മറ്റെല്ലാം മറക്കാനും ത്യജിക്കാനുമുള്ള ത്വര...കൈമാറിക്കിട്ടുന്ന മുതല്‍ കൈകാര്യം ചെയ്യാനറിയാത്തവര്‍ക്കുണ്ടായേക്കാവുന്ന പിഴ...മക്കളോട് നീതി പുലര്‍ത്താത്ത മാതാപിതാക്കള്‍..മകന്‍ ചീത്തയാണെന്നറിഞ്ഞിട്ടും അവന്റെ സംരക്ഷണത്തിനായുള്ള സ്വാര്‍ഥത..കൂടുവിട്ട് കൂടുതേടുന്ന പ്രേമം...ഉയരങ്ങളിലേക്കുള്ള യാത്രയില്‍ ജീവിതത്തില്‍ ഒന്നും തടസമാകരുതെന്ന ഫിലോസഫി..ആത്മഹത്യ ഒന്നിനും പരിഹാരമാവുന്നില്ലെന്ന ഉത്‌ബോധനം..പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ആത്മാര്‍ഥമായി സ്‌നേഹിക്കണമെന്ന സന്ദേശം..ഇതൊക്കെ ഈ സിനിമയില്‍ ചേര്‍ത്തുവച്ചിരിക്കുന്നു.
പറഞ്ഞുപറഞ്ഞ് നീണ്ടുപോയി...
ആ ചെറിയതും ശക്തവുമായ രംഗങ്ങള്‍ നിങ്ങള്‍ കാണണം..ആ നനവ് അറിയണം...
ആസിഡ് ആക്രമണമേറ്റ മകളെ കാണുന്ന പിതാവിന്റെ ചിത്രം..സിദ്ദിഖ് ഭാവങ്ങളിലൂടെ അത് വരച്ചുകാട്ടുന്നത് മിന്നിമറയുന്നെങ്കിലും ആ ഭാവത്തില്‍ നിങ്ങള്‍ ആസിഡിന്റെ പ്രഹരം വായിച്ചെടുക്കുന്നു
തളര്‍ന്നുപോകുമായിരുന്ന കരുത്തായി കൂടെനിന്ന പിതാവ് മകളെ പുതിയ ജോലിയിലേക്ക് യാത്രയാക്കുന്ന രംഗം..കരയാത്ത പിതാവ് മകളെ കെട്ടിപ്പിടിച്ച് ഒരു നിമിഷം തേങ്ങുന്നത് നിങ്ങള്‍ കാണാതെ പോകരുത്..
എയര്‍ഹോസ്റ്റസായ പല്ലവിയെ പൈലറ്റ് അഭിനന്ദിക്കുമ്പോള്‍ യാത്രക്കാരുടെ മുന്നില്‍ ആഹ്ലാദത്തിന്റെ തിരയില്‍ ആസിഡേല്‍ക്കാത്ത മുഖം തുടുക്കുന്നു..തൊട്ടടുത്ത നിമിഷം..ഒരുതേങ്ങല്‍..അത് ആരും കാണുന്നില്ല...പ്രേക്ഷകരായ നമ്മള്‍ ഒഴികെ...
ആസിഡേറ്റ പല്ലവിയെ കാണാന്‍ സുഹൃത്ത് സബീന എത്തുമ്പോള്‍ ആ രംഗം താങ്ങാനാവാതെ ബാത്ത്‌റൂമില്‍ കയറി വാതിലടച്ച് പൊട്ടിക്കരയുന്ന പല്ലവി..അസന്നിഗ്ധാവസ്ഥയിലായ മനസ്...ആ വാതില്‍ തുറക്കണോ..സുഹൃത്തിനെ കാണണോ..
നിശ്ചയദാര്‍ഢ്യത്തോടെ വിമാനം നിയന്ത്രിക്കുന്ന ആസിഡ് ആക്രമണത്തില്‍ കാഴ്ച കുറഞ്ഞ പല്ലവിയുടെ സെക്കന്‍ഡുകള്‍ നീളുന്ന ചിത്രം..
ജീവിതം കൈവിടുന്നത് ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ കണ്ണില്‍ നിന്ന് സെക്കന്‍ഡുകള്‍ നീളുന്ന ചിത്രീകരണത്തിലൂടെ വായിച്ചെടുക്കാം..
മകനെതിരായ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ടെത്തുന്ന പ്രംപ്രകാശിന്റെ കഥാപാത്രത്തിനു നേരേ തന്റെ ആസിഡ് ആക്രമണത്തില്‍ തകര്‍ന്ന മുഖചിത്രം മറനീക്കി കാട്ടുന്ന പല്ലവി..പിന്നെ ചോദ്യങ്ങളും അഭ്യര്‍ഥനയ്ക്കും സ്ഥാനമില്ലല്ലോ..
ഇതൊക്കെ കാണാതെപോകരുത്...കഥയും ദൃശ്യാവിഷ്‌കാരവും വിരുന്നായി സിനിമയിലുണ്ട്.
സംവിധായകന്‍ ചിത്രത്തിന് ഉയിരു നല്‍കിയിട്ടുണ്ട്...കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആ രീതി ഓര്‍മിക്കപ്പെടുന്നതാണ്...വിമാനത്തിനുള്ളിലെ ചീത്രികരണവും മറ്റും ആകാംക്ഷ ജനിപ്പിക്കുന്നു..
ഇത് എന്റര്‍ടെയ്‌നറല്ല..ജീവിതഗന്ധിയായ ഒരു ചാലക ചിത്രം...

2019 ഏപ്രിൽ 27, ശനിയാഴ്‌ച

പരമോന്നത ജഡ്ജി ആരോപണവിധേയനാകുമ്പോള്‍


സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്നു ദീപക് മിശ്രയ്‌ക്കെതിരേ നാല് മുതിര്‍ന്ന സുപ്രിംകോടതി ജഡ്ജിമാര്‍ പരസ്യമായി രംഗത്തുവന്നത് മറക്കാറായിട്ടില്ല. ചീഫ് ജസ്റ്റിസിന്റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് ജനാധിപത്യവും നിയമ വ്യവസ്ഥയും തകരുമെന്ന് മുന്നറിയിപ്പുമായായിരുന്നു ജഡ്ജിമാരുടെ പത്രസമ്മേളനം. ജ്സ്റ്റിസ് ദീപക് മിശ്ര, മഹാരാഷ്ട്രയില്‍ ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് താരതമ്യേന ജൂനിയര്‍ ജഡ്ജിയായ അരുണ്‍ മിശ്രയ്ക്ക് നല്‍കിയപ്പോഴാണ് നാല്‍വര്‍ സംഘം പ്രതിഷേധിച്ചത്. ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, എം.ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് അന്ന് സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായി പരസ്യ പ്രതിഷേധത്തിന് മുതിര്‍ന്നത്. അന്ന് പ്രതിഷേധിച്ച ഇന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരേ ലൈംഗിക ആരോപണം ഉയര്‍ന്നതാണ് ഇപ്പോള്‍ സുപ്രിംകോടതിയില്‍ വിഴുപ്പലക്കല്‍ ഉയരാന്‍ കാരണം.

വനിതാ ജീവനക്കാരിയുടെ
സത്യവാങ്മൂലം

സുപ്രിംകോടതിയിലെ മുന്‍ ഉദ്യോഗസ്ഥയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരേ ആരോപണമുന്നയിച്ചത്. ര ലൈംഗിക പീഡനത്തിനിരയായെന്ന വാര്‍ത്ത നാല് മാധ്യമങ്ങള്‍ ചേര്‍ന്നാണ് പുറത്തുവിട്ടത്. രഞ്ജന്‍ ഗൊഗോയിയുടെ ഹോം ഓഫീസിലെ ജീവനക്കാരിയായ ആരോപണമുന്നയിച്ച യുവതി സുപ്രിംകോടതിയിലെ 20 ജഡ്ജിമാര്‍ക്ക് പരാതി സത്യവാങ്മൂലം അയച്ചുകൊടുത്തതിനെ പിന്‍പറ്റി നാല് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളും വന്നു.
സുപ്രിംകോടതി ജഡ്ജിയായിരുന്ന ഗൊഗോയ് ചീഫ് ജസ്റ്റിസായ ശേഷം മാസങ്ങള്‍ക്കുള്ളിലാണ് ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.
2018 ഒക്ടോബറിലായിരുന്നു സംഭവം. താന്‍ സുപ്രിംകോടതിയില്‍ ജോലിചെയ്യവേ ജസ്റ്റിസ് ഗൊഗോയ് തന്നോടും തന്റെ ഔദ്യോഗിക ജീവിതത്തോടും വ്യക്തിജീവിതത്തോടും പ്രത്യേക മമത കാട്ടിയിരുന്നതായി യുവതി പറയുന്നു. അതിന്റെ പരമകാഷ്ഠയില്‍ തന്നെ അദ്ദേഹത്തിന്റെ ഹോം ഓഫീസിലേക്ക് സ്ഥലംമാറ്റി. ഇവിടെവച്ച് അദ്ദേഹം തന്നോട് വഴിവിട്ട്, ശാരീരികമായ നീക്കങ്ങള്‍ക്ക് മുതിരുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി സുപ്രിംകോടതിയിലെ വിവിധ ഓഫീസുകളിലേക്ക് തന്നെ നിരന്തരം സ്ഥലം മാറ്റുകയും ഒടുവില്‍ കൈക്കൂലി കേസില്‍ പെടുത്തി പിരിച്ചുവിടുകയും ചെയ്തു. തന്റെ കുടുംബത്തോടും അധികൃതര്‍ വൈരനിരാതനബുദ്ധിയോടെ പ്രവര്‍ത്തിച്ചതായും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു. തന്റെ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും 2012ല്‍ പരിഹൃതമായ ഒരു കേസില്‍ സസ്‌പെന്‍ഡ് ചെയ്‌തെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. ഇരയുടെ ഈ വാദങ്ങള്‍ക്ക് വില നല്‍കാത്ത നിയമത്തിനെതിരേ സര്‍വകോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

നിയമം പറയുന്നത്

തനിക്ക് അനിഷ്ടമുണ്ടാക്കുന്ന തരത്തില്‍ വാക്കു കൊണ്ടോ നോട്ടം കൊണ്ടോ സംജ്ഞ കൊണ്ടോ ശാരീരികമായോ ഒരു വ്യക്തി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരേ പീഡന പരാതി നല്‍കാന്‍ ഒരു വനിതയ്ക്കാവും. ലൈംഗിക ഉദ്യമത്തിന് ശ്രമിച്ചയാളോട് അരുതെന്ന് പറഞ്ഞതിന് ഔദ്യോഗിക രംഗത്ത് നടപടികള്‍ക്ക് വിധേയയായാലും അതും പീഡനത്തിന്റെ പരിധിയില്‍ വരും. ഇവിടെ ഇതുരണ്ടും സംഭവിച്ചതായാണ് പരാതി.
ലൈംഗിക പീഡന പരാതി ലഭിച്ചാല്‍ പരാതിക്കാര്‍ക്ക് അതിനുള്ള രേഖ കൈമാറണം. പരാതിക്കാരിയെ ബന്ധപ്പെട്ട് ഔപചാരികവും അനൗപചാരികവുമായ നടപടിക്രമങ്ങള്‍ ആലോചിക്കണം. തുടര്‍ന്ന് അനൗപചാരികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഔപചാരികമായ നടപടികളിലേക്ക് കടക്കണം. ഇത്രയുമാകുമ്പോഴേക്കും പരാതി നല്‍കിയതുമുതലുള്ള നാലു ഘട്ടങ്ങള്‍ കഴിയും. അഞ്ചാം ഘട്ടത്തില്‍ ആരോപണവിധേയനായ ആളെ ബന്ധപ്പെടുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടത്.

ഇവിടെ നടന്നത്

യുവതി പരാതി നല്‍കിയപ്പോള്‍ പരാതിയുടെ വിശദാംശങ്ങള്‍ തേടാന്‍ ശ്രമമുണ്ടായില്ലെന്ന് ഗുരുതരമായ ആരോപണവുമായി സുപ്രിംകോടതി ബാര്‍ അസോസിയേഷനും റെകോര്‍ഡ്‌സ് അസോസിയേഷനും രംഗത്തുവന്നിട്ടുണ്ട്.
പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളായ ദി ക്വിന്റ്, ദി കാരവാന്‍, സ്‌ക്രോള്‍, ദി വയര്‍ എന്നിവയിലാണ് ലൈംഗിക പീഡന പരാതി പ്രത്യക്ഷപ്പെട്ടത്. പരാതി വന്നതിനുപിന്നാലെ സുപ്രിംകോടതി അവധി ദിവസമായിട്ടും ശനിയാഴ്ച തിരക്കിട്ട് കോടതി ചേര്‍ന്നത് അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരാണ് അടിയന്തരമായി കോടതി ചേര്‍ന്നത്. നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഏറെ പൊതുപ്രാധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യാനാണ് കോടതി കൂടുന്നതെന്നായിരുന്നു ജഡ്ജിമാരുടെ അറിയിപ്പ്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടേയും സാന്നിധ്യത്തിലായിരുന്നു ഇത്.
യുവതി പരാതി നല്‍കിയതിനുപിന്നാലെ ചീഫ് ജസ്റ്റിസിന്റെ (ഇവിടെ ആരോപണവിധേയന്റെ) പ്രതികരണമാണ് കണ്ടത്. ഇരയ്‌ക്കെതിരേയുള്ള പ്രസ്താവനയായാണ് ഇത് വിലയിരുത്തപ്പെട്ടത്. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിക്കളയാനാണ് ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് ശ്രമിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണിതെന്നായിരുന്നു ആദ്യ ആരോപണം. നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം അതീവ ഗുരുതരമായ ഭീഷണിയിലാണെന്നും അദ്ദേഹം തുറന്നടിച്ചതും പിന്നീട് കണ്ടു. തന്നെ പുറത്താക്കാനാണ് ശ്രമം. താന്‍ രാജിവയ്ക്കില്ലെന്നും പുറത്താക്കാനാവില്ലെന്നും ഇനിയും ഈ കസേരയില്‍ത്തന്നെയിരുന്ന് കേസുകള്‍ കേള്‍ക്കുമെന്നും ക്ഷോഭിതനായ ചീഫ് ജസ്റ്റിസ് പറഞ്ഞു.
തുടര്‍ന്നാണ് ആരോപണവിധേയന്‍ ഇരയ്‌ക്കെതിരേ പ്രസ്താവന നടത്തിയത്. യുവതിയുടെ പൂര്‍വവൃത്താന്തം നന്നല്ലെന്ന് അവര്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസ് ചൂണ്ടിക്കാട്ടി ആരോപണമുന്നയിച്ചു. പരാതിക്ക് പ്രതികാരമായാണ് തനിക്കെതിരേ കേസ് എടുത്തിട്ടുള്ളതെന്ന് യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കേയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണമെന്നത് വളരെ ഗൗരവമേറിയതാണ്. സര്‍ക്കാര്‍ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ പിന്തുണയ്ക്കുന്നതും കണ്ടു. എന്നാല്‍ പരാതിയില്‍ നടപടികളൊന്നുമെടുക്കാതെ മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ സമീപിക്കണമെന്ന നിര്‍ദേശം നല്‍കി കോടതി പിരിയുകയായിരുന്നു.
തുടര്‍ന്ന് വിശ്വാസവും കെല്‍പുമുള്ള ഒരു കമ്മിറ്റിയെ കേസ് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ചു. ഇനി യുവതിയില്‍ നിന്ന് വിശദമായി വിവരങ്ങള്‍ ശേഖരിക്കുകയും പരാതി പരിഹരിക്കാനുള്ള ഔപചാരികവും അനൗപചാരികവുമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും വേണം.

പ്രതിരോധിക്കാം

ആരോപണവിധേയന് തനിക്കെതിരേ ഉയര്‍ന്ന ആരോപണം പ്രതിരോധിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഇരയെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലാവരുതെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് പ്രമുഖ നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രിംകോടതി ജഡ്ജിയായിരിക്കേ തനിക്കെതിരേയുയര്‍ന്ന ആരോപണത്തില്‍ അദ്ദേഹത്തിന് വഴിവിട്ട് പ്രതികരിക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രിംകോടതി ഫുള്‍ കോര്‍ട്ട് കൂടിവേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും വാദമുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ കാര്യത്തെയും സമീപിക്കേണ്ടതെന്നും നിയമം ഇത്തരം പരാതികള്‍ക്കെല്ലാം ഒരുപോലെ ബാധകമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചോദ്യങ്ങള്‍ ബാക്കി

കോടതിക്കെതിരേയുയര്‍ന്ന ആരോപണങ്ങളെന്നും നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നെന്നും പറഞ്ഞ് തനിക്കെതിരേയുയര്‍ന്ന ആരോപണത്തെ ദുര്‍ബലപ്പെടുത്തുകയായിരുന്നു ചീഫ് ജസ്റ്റിസ് എന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ശനിയാഴ്ച രാവിലെ പതിവില്ലാതെ കോടതി കൂടുകയും ഒരു വ്യക്തിക്കെതിരേയുയര്‍ന്ന ആരോപണം കോടതിക്കെതിരേയാണെന്ന തരത്തില്‍ പ്രതികരിക്കുകയും നടപടിയില്ലാതെ പിരിയുകയും ആരോപണവിധേയനായ ആള്‍ പ്രതിരോധിക്കുകയും പുറത്തുവന്ന കോടതി ഉത്തരവില്‍ ചീഫ് ജസ്റ്റിസിന്റെ ഒപ്പില്ലാതെയിരിക്കുകയും ചെയ്തതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. യുവതിയുടെ ആരോപണത്തിലും ചീഫ് ജസ്റ്റിസിന്റെ ആകുലതയിലും കറതീര്‍ന്ന അന്വേഷണം ആവശ്യമാണെന്ന് ഇതെല്ലാം അടിവരയിടുന്നു.

വഴിതിരിയുന്നു

സുപ്രിംകോടതി ജഡ്ജിമാര്‍ കോടതി പിരിഞ്ഞ അന്നുതന്നെ വൈകിട്ട് ഉത്സവ് ബെയ്ന്‍സ് എന്ന അഭിഭാഷകന്‍ രംഗത്തുവന്നത് കഥയില്‍ ട്വിസ്റ്റ് ഉണ്ടാക്കി. ചീഫ് ജസ്റ്റിസിനെ കസേരയില്‍ നിന്നു പുറത്താക്കാന്‍ തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്നായിരുന്നു ആരോപണം. ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാരോപണത്തില്‍ യുവതിക്കായി വാദിക്കുകയും പത്രസമ്മേളനം വിളിക്കുകയും വേണമെന്നാണ് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തയാള്‍ പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി. ഇത് നിഷേധിച്ച താന്‍ യുവതിയെക്കുറിച്ച് അനേ്്വഷിക്കുകയും ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയാണെന്ന് മനസിലാക്കിയെന്നും ഉത്സവ് പറയുന്നു. താന്‍ ഇതറിഞ്ഞതിനുപിന്നാലെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതെന്നും ഈ അഭിഭാഷകന്‍ വാദിച്ചു.

അന്വേഷണം

ലൈംഗികാരോപണം അന്വേഷിക്കാന്‍ സുപ്രിംകോടതി മൂന്നംഗ ജഡ്ജിമാരെ നിയമിച്ചു. ജഡ്ജിമാരായ എസ്.എ ബോബ് ദേ, എന്‍.വി രമണ, ഇന്ദിരാ ബാനര്‍ജി എന്നവരാണ് അംഗങ്ങള്‍. സുപ്രിംകോടതി സെക്രട്ടറി ജനറലിനും പരാതിക്കാരിക്കും പാനല്‍ നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസിനെ പുറത്താക്കാന്‍ ഒരു കോര്‍പറേറ്റ് ഭീമന്‍ ശ്രമിക്കുന്നു എന്നാണ് അഭിഭാഷകന്‍ ഉത്സവിന്റെ ആരോപണം. ഇതുകേട്ട അരുണ്‍ മിശ്രയും ആര്‍.എഫ് നരിമാനും ദീപക് ഗുപ്തയുമടങ്ങിയ ബഞ്ച് ഡല്‍ഹി പൊലിസ്, സി.ബി.ഐ, ഐ.ബി എന്നിവയുടെ മേധാവികളെ വിളിച്ചുവരുത്തി ആരോപണത്തിന് എന്തെങ്കിലും തെളിവുകളുണ്ടോ എന്നു പരിശോധിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസിനെതിരേ ഉയര്‍ന്നിട്ടുള്ള പീഡന പരാതിയും അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കവും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടെന്നും ജഡ്ജിമാര്‍ പറഞ്ഞിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ അന്വേഷണവും മേല്‍നോട്ടവും വഹിക്കുന്ന മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള സ്ഥിതിവിശേഷമാണിത്. ആരോപണമുണ്ടായാല്‍ കേസെടുക്കണമെന്ന വാദവും ആരോപണവിധേയന്‍ മാറിനില്‍ക്കണമെന്ന വാദവും സുപ്രിംകോടതിക്ക് ബാധകമല്ലേ എന്ന ചോദ്യത്തിനും വനിതാ ജഡ്ജിമാര്‍ ഉണ്ടായിരിക്കേ മറ്റ് ജഡ്ജിമാര്‍ കേസ് കൈകാര്യം ചെയ്യുന്നതെന്തുകൊണ്ടെന്ന ചോദ്യവും ചീഫ് ജസ്റ്റിസിന്റെ അടുപ്പക്കാര്‍ കേസേ കൈകാര്യം ചെയ്യുന്നെന്ന പരാതിക്കാരിയുടെ ആരോപണവും മുഖവിലയ്‌ക്കെടുക്കപ്പെടാത്തതും അതിശയിപ്പിക്കുന്നതാണ്.


2019 ഏപ്രിൽ 26, വെള്ളിയാഴ്‌ച

'വോട്ടു ചെയ്തില്ലേല്‍ ഞാന്‍ കാട്ടിത്തരാം'


ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുടരെ കേള്‍ക്കുന്ന മുന്നറിയിപ്പാണിത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി സ്ഥാനാര്‍ഥി മേനകാ ഗാന്ധി ഈ മുന്നറിയിപ്പ് നല്‍കി വിവാദത്തിലാവുകയും കേസ് വരുത്തിവയ്ക്കുകയും ചെയ്തിരിക്കുന്നു. രണ്ടു ദിവസത്തേക്കാണ് അവരെ പ്രചാരണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയത്. ന്യൂനപക്ഷ മേഖലയില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് മേനകാ ഗാന്ധി മുസ് ലിം വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സുല്‍ത്താന്‍പൂരിലെ പ്രചാരണത്തിനിടെയായിരുന്നു അത്.
'നിങ്ങള്‍ (മുസ്‌ലിംകള്‍) എനിക്ക് വോട്ടു ചെയ്യണം. ചെയ്തില്ലെങ്കിലും ഞാന്‍ ജയിക്കും. നിങ്ങളുടെ വോട്ടില്ലാതെയാണ് ഞാന്‍ ജയിക്കുന്നതെങ്കിലും ജോലി പോയിട്ട് ഒരാവശ്യവുമായും എന്റെ അടുത്തേക്ക് വരരുത്.'
മേനകാഗാന്ധിയുടെ ഈ മുന്നറിയിപ്പാണ് അവര്‍ക്ക് പ്രചാരണ വിലക്കിന് കാരണമായത്. തന്റെ മകന്‍ വരുണ്‍ ഗാന്ധിയുടെ പ്രചാരണാര്‍ഥം പിലിഭിത്തിലെത്തിയ മേനകഗാന്ധി പറഞ്ഞത് ഗ്രാമങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ടെന്നാണ്. വരുണിന് അത്യുത്സാഹത്തോടെ വോട്ട് ചെയ്തവരാണ് എയില്‍ ഉള്‍പ്പെടുക. അതനുസരിച്ചാവും ഈ മേഖലകളില്‍ വികസനമെത്തിക്കുക. 80 ശതമാനമെങ്കിലും വോട്ട് ലഭിക്കുന്ന മേഖലകളാണ് എയില്‍. 60 ശതമാനം ബിയില്‍. ഒരു ലോക്‌സഭ മണ്ഡലത്തിലെ വര്‍ണ, വര്‍ഗ, ജാതി വ്യത്യാസമില്ലാതെ എല്ലാവരെയും പ്രതിനിധീകരിക്കേണ്ട എം.പി ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നത് ഒരു പക്ഷേ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമല്ലെന്നതാണ് കൂടുതല്‍ വിഷമമുണ്ടാക്കുന്നത്.
ഇവിടെ പ്രസക്തമാകുന്ന ചോദ്യം എന്തടിസ്ഥാനത്തിലാണ് മേനകാഗാന്ധി ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നാണ്.

വോട്ട് ആര്‍ക്കെന്ന് അറിയുമോ

നമ്മള്‍ രേഖപ്പെടുത്തുന്ന ഒരു വോട്ട് ആര്‍ക്കായിരിക്കുമെന്ന് സ്ഥാനാര്‍ഥികള്‍ക്ക് അറിയാനാവുമോ. അതല്ലെങ്കില്‍ പിന്നെ മേനക ഗാന്ധി ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ എന്താണ് കാരണം. വോട്ടെടുപ്പിനെ രഹസ്യ ബാലറ്റ് എന്നാണ് അറിയപ്പെടുന്നത്. വ്യക്തി ആര്‍ക്ക് വോട്ട് ചെയ്യുന്നു എന്നത് രഹസ്യമാണ്. വിശ്വസ്തത കൂട്ടാന്‍ ചിലര്‍ താന്‍ ചെയ്ത വോട്ട് രേഖ സഹിതം ഉയര്‍ത്തിക്കാട്ടി വിവാദത്തില്‍പെട്ട സംഭവങ്ങളുണ്ട്. രഹസ്യമായി വ്യക്തികള്‍ ചെയ്യുന്ന വോട്ട് ആര്‍ക്കെന്നറിയാന്‍ സംവിധാനമില്ല. അതുകൊണ്ട് ആ പേടി വേണ്ട. എന്നാല്‍ ഒരു ബൂത്തില്‍ രേഖപ്പെടുത്തുന്ന കൂടുതല്‍ വോട്ടുകള്‍ ആര്‍ക്കെന്നറിയാനാവും. ലോക്‌സഭ മണ്ഡലത്തെ വാര്‍ഡുകളായി തിരിച്ച് പ്രത്യേകം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ക്രമീകരിക്കാറുണ്ട്. കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിനുവേണ്ടിയാണ് ബൂത്തുകളില്‍ ഇത്തരത്തില്‍ ക്രമമായി യന്ത്രങ്ങള്‍ വയ്ക്കുന്നത്. വോട്ട് എണ്ണുമ്പോള്‍ ഓരോ സ്ഥലത്തെയും ബൂത്തുകളിലെ യന്ത്രങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ അതത് ബൂത്തില്‍ ഒരു പാര്‍ട്ടിക്ക് എത്ര വോട്ട് വീണു എന്നു മനസിലാക്കാനാവും. ഒരു ബൂത്തില്‍ ഒരു യന്ത്രത്തില്‍ ഏകദേശം 600 നുമുകളില്‍ വോട്ട് ആണ് രേഖപ്പെടുത്താറ്. ബൂത്തു തലത്തില്‍ ജാതി മത അടിസ്ഥാനത്തില്‍ എത്ര അംഗങ്ങളുണ്ട് എന്ന കണക്ക് ലഭ്യമാണ്. അപ്പോള്‍ വോട്ട് എത്ര അനുകൂലമായും പ്രതികൂലമായു ഒരു മതത്തില്‍ നിന്നെത്തി എന്നു കണ്ടെത്തുക ശ്രമകരമല്ല.

ഇത് ഗുരുതരമാണ്

ഇപ്രകാരം ബൂത്തുതലത്തില്‍ വോട്ടുകള്‍ കൂടുതല്‍ ആര്‍ക്കുവീണു എന്ന് മനസിലാക്കിയാല്‍ ആ ബൂത്തില്‍ വോട്ട് ചെയ്ത പ്രദേശത്തെ മതക്കാരോ ഒരു പ്രത്യേക സമുദായമോ ആര്‍ക്കാണ് കൂടുതല്‍ വോട്ട് നല്‍കിയതെന്ന് കണ്ടെത്താം. അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമായിരിക്കും ഇതുയര്‍ത്തുക. 2014ല്‍ നടന്ന ഒരു സംഭവം തെളിവാണ്. എന്‍.സി.പിയുടെ അജിത് പവാര്‍ ബാരാമതി നിയസഭാ മണ്ഡലത്തിലെ ഗ്രാമീണരെ വോട്ട്  ചെയ്തില്ലെന്ന പേരില്‍ ഭീഷണിപ്പെടുത്തി. പൈപ്പ് ലൈനിലൂടെ വെള്ളം വിതരണം ചെയ്യില്ലെന്നായിരുന്നു ഭീഷണി.
ബൂത്ത് തലത്തില്‍ വോട്ടിങ് രീതി മനസിലായാാല്‍ അവരെ സ്വാധീനിക്കാന്‍ ജാതി മത വോട്ട് ബാങ്ക് രീതി രാഷ്ട്രീയ പാര്‍ട്ടികള്‍ പയറ്റാന്‍ ഒരുമ്പെടുക സ്വാഭാവികമാണ്.

മറികടക്കാന്‍ മാര്‍ഗമുണ്ട്

ബൂത്തുതലത്തില്‍ ആര്‍ക്ക് വോട്ട് കൂടുതല്‍ കിട്ടിയെന്ന കണക്ക് മറികടക്കാന്‍ മാര്‍ഗമില്ലാതില്ല. വിവിധ ബൂത്തുകളിലെ യന്ത്രങ്ങള്‍ ചേര്‍ത്ത് കണക്കുകൂട്ടി മൊത്തം വോട്ടുകള്‍ വ്യത്യസ്ത ഗ്രൂപ്പുകളിലായി പുറത്തുവിടുകയാണ് ഒരു മാര്‍ഗം. ഇതിന് ആകെ വോട്ടുകള്‍കൂട്ടാനുള്ള യന്ത്രം ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം വച്ചിരുന്നു. ഇത്തരത്തില്‍ യന്ത്രം ഉപയോഗിച്ചാല്‍ 14 ബൂത്തുകളില്‍ നിന്നുള്ള യന്ത്രങ്ങളുടെ ഫലം മറ്റൊരു യന്ത്രസഹായത്താല്‍ ലഭ്യമാകും. ഇതുവഴി ഒരു ബൂത്തില്‍ നിന്ന് എത്ര വോട്ടുകള്‍ ഓരോ സ്ഥാനാര്‍ഥികള്‍ക്കും കിട്ടിയെന്നത് രഹസ്യമായി സൂക്ഷിക്കാനാവും. വോട്ടിങ് യന്ത്രങ്ങള്‍ വരുന്നതിനു മുന്‍പ് ബാലറ്റ് പേപ്പറായിരുന്നല്ലോ. അന്ന് വിവിധ ബൂത്തുകളില്‍നിന്നുള്ള ബാലറ്റ് പേപ്പറുകള്‍ കലര്‍ത്തിയാണ് എണ്ണിയിരുന്നത്. ഇതും ബൂത്തുതല വോട്ടിങ് രീതി രഹസ്യമായി സൂക്ഷിക്കാന്‍ സഹായിച്ചിരുന്നു.

എതിര്‍ക്കുന്നത് ആര്

വിവിധ ബൂത്തുകളിലെ ഫലങ്ങള്‍ ഒന്നിച്ച് മറ്റൊരു യന്ത്ര സഹായത്താല്‍ എണ്ണുന്നതിനെ എതിര്‍ത്തത് കേന്ദ്ര സര്‍ക്കാരായിരുന്നു. സുപ്രിംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് പൊതു താല്‍പര്യ ഹരജി വന്നപ്പോള്‍ കേന്ദ്രം എതിര്‍ക്കുകയായിരുന്നു. രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ ഇതില്‍ പഠനം നടത്തിയ മന്ത്രി സംഘമാണ് നിര്‍ദേശം തള്ളിയത്. യന്ത്രം ഉപയോഗിക്കുന്നത് പ്രത്യേകിച്ച് ജനങ്ങള്‍ക്ക് ഗുണമില്ലെന്നാണ് കാരണമായി പറഞ്ഞത്. മറിച്ച്, ഒരു ബൂത്തില്‍ തങ്ങള്‍ക്ക് വോട്ട് കുറവാണ് ലഭിച്ചതെങ്കില്‍ ആ പ്രദേശത്ത് കൂടുതല്‍ പ്രവര്‍ത്തനവും ജനസേവനവും നടത്താനും ജനങ്ങളെ ഒപ്പം നിര്‍ത്താനും രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുമെന്നായിരുന്നു കണ്ടെത്തല്‍. ഇവിടെ ആ തീരുമാനം എതിര്‍ക്കപ്പെടുന്നു. കാരണം മേനകഗാന്ധിയെപ്പോലുള്ളവര്‍ ഭീഷണിയുടെ സ്വരമാണ് ജനസേവനത്തിനുപകരം പ്രയോഗിക്കുന്നത്.
ഇതിനൊപ്പം വായിക്കാവുന്ന ഒന്നുകൂടിയുണ്ട്. ഗുജറാത്തിലെ ബി.ജെ.പി നേതാവ് രമേശ് കത്താര ദാഹോദ് മണ്ഡലത്തിലെ ഗ്രാമീണരോട് പറഞ്ഞതെന്തെന്നറിയാമോ. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പോളിങ് ബൂത്തിലും ക്യാമറ വച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിന് ആരാണ് വോട്ടു ചെയ്യുന്നതെന്ന് അറിയുമെന്നാണ് നേതാവ് തട്ടിവിട്ടത്. ബി.ജെ.പിക്ക് വോട്ടു ചെയ്യാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്നും ഈ നേതാവ് ഭീഷണിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സാക്ഷി മഹാരാജ് ആവട്ടെ തനിക്ക് വോട്ടു ചെയ്യാത്തവരെല്ലാം നശിച്ചുപോകുമെന്ന് ശപിക്കുന്നതും കണ്ടു.



2019 ഏപ്രിൽ 8, തിങ്കളാഴ്‌ച

കോണ്‍ഗ്രസിന്റെ മഹാസഖ്യം


ബി.ജെ.പിയെ തോല്‍പിക്കുകയെന്ന പ്രഥമ ലക്ഷ്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് രൂപീകരിക്കാന്‍ ശ്രമിക്കുന്ന മഹാസഖ്യത്തിന് പറയത്തക്ക വേരോട്ടമുണ്ടായില്ല. 17ാം ലോക്‌സഭയുടെ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കാനിരിക്കേ അതിനുവേണ്ടത്ര സമയം ഇനിയില്ലതാനും. കോണ്‍ഗ്രസിന്റേത് ശക്തമായ തുടക്കമായിരുന്നെങ്കിലും പ്രാദേശിക പാര്‍ട്ടികളുടെ അമിത ആത്മവിശ്വാസമാണ് പിന്നെ കണ്ടത്. മഹാസഖ്യത്തില്‍ ചേരാന്‍ മടിച്ച അവര്‍ ബി.ജെ.പിക്കെതിരേ സ്വയം പ്രതിരോധമുയര്‍ത്തി. ഇത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് ഗുണം ചെയ്യുന്നുമില്ല.
കോണ്‍ഗ്രസിന് തീരുമാനങ്ങളില്‍ വേഗതക്കുറവ് പ്രകടമായ കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പില്‍. സീറ്റുകള്‍ പ്രഖ്യാപിക്കുന്നതില്‍ കേരളത്തിലുള്‍പ്പെടെ ഉണ്ടായ അനിശ്ചിതത്വം ജനങ്ങളില്‍ വിപരീത പ്രതികരണത്തിനുപോലും പലപ്പോഴും കാരണമായി.

ജമ്മുകശ്മിര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക

ജമ്മുകശ്മിരിലെ ആറു സീറ്റുകളില്‍ രണ്ടില്‍ കോണ്‍ഗ്രസും ഒന്നില്‍ നാഷണല്‍ കോണ്‍ഫറന്‍സും മത്സരിക്കും. രണ്ടു സീറ്റുകളില്‍ സൗഹൃദ മത്സരം മതിയെന്നും തീരുമാനിച്ചെങ്കിലും സൗഹൃദം ഗുരുതരമായാല്‍ സംഗതി പാളും. ലഡാക്ക് സീറ്റില്‍ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കും.
ഝാര്‍ഖണ്ഡിലാകട്ടെ, പ്രത്യക്ഷത്തില്‍ മഹാസഖ്യമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിനൊപ്പം ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും ആര്‍.ജെ.ഡിയും അണിചേരുന്നു. സീറ്റ് വീതം വയ്പില്‍ ഒരു സീറ്റ് മാത്രം ലഭിച്ച ആര്‍.ജെ.ഡി ഇടഞ്ഞതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു സീറ്റില്‍ക്കൂടിയോ ചിലപ്പോള്‍ മുഴുവന്‍ സീറ്റിലുമോ മഹാസഖ്യത്തിനെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്. 14 സീറ്റുകളില്‍ ഏഴിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെങ്കിലും അഞ്ചുസീറ്റുകള്‍ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. ബി.ജെ.പി ഭീതിയോടെയാണ് സഖ്യത്തെ വീക്ഷിക്കുന്നത്. ഇടതുകക്ഷികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്താത്തതെന്തന്നതിന് വിശദീകരണമായിട്ടില്ല.
കര്‍ണാടകത്തില്‍ ജനതാദളുമായുള്ള സഖ്യം ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. 28 ലോക്‌സഭാ സീറ്റുകള്‍ ഭരണത്തിലേക്ക് നിര്‍ണായകമാണ്. ഇവിടെ 20 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു. എട്ടില്‍ ജെ.ഡി.യു.

മഹാരാഷ്ട്ര, തമിഴ്‌നാട്

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ 48 ലോക്‌സഭാ സീറ്റുകളാണുള്ളത്. കോണ്‍ഗ്രസ് ശരദ്പവാറിന്റെ എന്‍.സി.പിയുമായി സഖ്യത്തിലാണ്. എസ്.പി-ബി.എസ്.പി സഖ്യവും കര്‍ഷക മുന്നണിയും വെല്ലുവിളിയാണ്. 26 സീറ്റിലാണ് കോണ്‍ഗ്രസ് ഇവിടെ മത്സരിക്കുന്നത്. ബാക്കി 22 സീറ്റുകളില്‍ എന്‍.സി.പിയും.
തമിഴ്‌നാട്ടിലാവട്ടെ, ഡി.എം.കെ മുന്നണിയിലാണ് കോണ്‍ഗ്രസ്. ഒന്‍പത് സീറ്റുകളില്‍ മത്സരിക്കുന്നു. ഭരണവിരുദ്ധ വികാരം പ്രകടമായ ഇവിടെ ഏറെ പ്രതീക്ഷയിലാണ് ഡി.എം.കെ സഖ്യം. 20 സീറ്റിലാണ് ഡി.എം.കെ മത്സരിക്കുന്നത്. എം.ഡി.എം.കെ, ഐ.ജെ.കെ, മുസ് ലിം ലീഗ്, കെ.എം.ഡി.കെ എന്നീ പാര്‍ട്ടികളും ഇടതും സഖ്യത്തിനൊപ്പമാണ്.

ബിഹാറില്‍ ലാലു സഖ്യം

ബിഹാറില്‍ ലാലുവിന്റെ ആര്‍.ജെ.ഡിക്കൊപ്പം മഹാസഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
40 സീറ്റുകളാണ് ബിഹാറിലുള്ളത്. കോണ്‍ഗ്രസ് ഒന്‍പത് സീറ്റുകളിലും സഖ്യകക്ഷിയായ ആര്‍.ജെ.ഡി 19 സീറ്റുകളിലും മത്സരിക്കുന്നു. 15 സീറ്റുകളാണ് കോണ്‍ഗ്രസ് ചോദിച്ചിരുന്നത്.  9ലാണ് ആര്‍.ജെ.ഡി ഉറപ്പിച്ചത്. ബാക്കി സീറ്റുകള്‍ ആര്‍.എസ്.എല്‍.പി, ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, സി.പി.ഐ (എം.എല്‍) എന്നിവയ്ക്കാണ്. നിതീഷ്-ബി.ജെ.പി സഖ്യത്തെയാണ് കോണ്‍ഗ്രസ് ഇവിടെ നേരിടുന്നത്. ഇടതുകക്ഷികളെ ഒഴിവാക്കിയുള്ള മഹാസഖ്യത്തിനെതിരേ സി.പി.ഐ ശക്തമായി പ്രതികരിക്കുകയും കനയ്യകുമാറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹിയും ബംഗാളും

ഡല്‍ഹിയില്‍ ഏഴ് ലോക്‌സഭാ സീറ്റുകളാണുള്ളത്. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണമെന്ന ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷ ഷീലാ ദീക്ഷിത് അതിന് വഴിപ്പെട്ടില്ല. സഖ്യം ദോഷകരമാവുമെന്നായിരുന്നു അവരുടെ നിലപാട്. നീക്കുപോക്കുണ്ടായില്ലെങ്കില്‍
ഡല്‍ഹിയില്‍ ത്രികോണ മത്സരമാവും നടക്കുക.
ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല. 42 സീറ്റുകളാണ് ഇവിടെയുള്ളത്. സി.പി.എമ്മുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഇരു പാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വങ്ങളുടെ കടുംപിടിത്തം കാരണം സഖ്യ സാധ്യത മങ്ങി. സഖ്യധാരണയുണ്ടായ സീറ്റുകളില്‍ പോലും ഇരുകൂട്ടരും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് മഹാസഖ്യം തട്ടിക്കൂട്ടാന്‍ ഇനി ഇവിടെ അത്ഭുതങ്ങള്‍ സംഭവിക്കണം. നിലവില്‍ ചതുഷ്‌കോണ മത്സരമാണ് നടക്കുക.
ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് നല്‍കുകയും പഞ്ചാബില്‍ നിഷേധിക്കുകയും ചെയ്തതോടെ അവര്‍ക്ക് കോണ്‍ഗ്രസുമായി സഖ്യത്തിന് താല്‍പര്യമില്ലാതായിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ അഖിലേഷും മായാവതിയും തമ്മിലുള്ള സഖ്യം അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും തിരിച്ചടിയാണ്. സഖ്യത്തില്‍ കോണ്‍ഗ്രസിനെ ചേര്‍ത്തില്ലെങ്കിലും ചില സീറ്റുകളില്‍ സൗഹൃദ മത്സരമാണ് നടക്കുക. മധ്യപ്രദേശിലും എസ്.പിയും ബി.എസ്.പിയും സഖ്യത്തിലാണ്. ഇവിടെയും ത്രികോണ മത്സരമാണ്. രാജസ്ഥാനില്‍ ആര്‍.എല്‍.പിയുമായി സഖ്യസാധ്യത നിലനില്‍ക്കുന്നു. ഇവിടെ ഒരു സീറ്റെങ്കിലും കുറയുന്നത് ബി.ജെ.പിക്ക് പ്രഹരമാകും.

2019 മാർച്ച് 27, ബുധനാഴ്‌ച

ലോക്പാലിന്റെ പല്ലും നഖവും

ഒരു ആശയം നടപ്പാക്കാന്‍ അരനൂറ്റാണ്ടിലേറെ കാലമെടുക്കുന്ന ഏതെങ്കിലും ഒരു രാജ്യം ലോകത്തുണ്ടെങ്കില്‍ അത് ഇന്ത്യയാണ്. പ്രത്യേകിച്ച് ആ ആശയം സമൂഹത്തിലെ അഴിമതി തുടച്ചുനീക്കാന്‍ വേണ്ടിയുള്ളതാണെങ്കില്‍ പിന്ന പറയുകയും വേണ്ട. ആശയത്തിനു സ്ഥാനം തട്ടിന്‍പുറത്തുതന്നെ. ഗത്യന്തരമില്ലാതെ ലോക്പാല്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായതിനു പിന്നിലെ കഥയും അങ്ങനെ തന്നെ. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ, രാഷ്ട്രീയക്കാരനെ ഒക്കെ വരച്ച വരയില്‍ നിര്‍ത്താനും ചെയ്തികള്‍ക്ക് ഉത്തരവാദിയാക്കാനും ലക്ഷ്യമിടുന്ന ലോക്പാല്‍ ഇപ്പോഴെങ്കിലും പ്രാബല്യത്തിലായല്ലോ എന്നതില്‍ സമാധാനിക്കാം. കാരണം അത് പൊടിയും മാറാലയും തട്ടിമാറ്റി മാറ്റി തട്ടിന്‍പുറത്തു നിന്ന് നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. ഇന്ത്യന്‍ ഭരണനേതൃത്വത്തിനുമേല്‍ സദാ നിരീക്ഷിക്കുന്ന ഒരു കണ്ണായിരിക്കും ലോക്പാല്‍.

60കളിലേക്ക് തിരിഞ്ഞുനോക്കാം

'അധികാരം ദുഷിപ്പിക്കുന്നു, പരമാധികാരം പരമമായും' എന്ന് ആക്ടണ്‍ പ്രഭുവിന്റെ ഒരു നീതിവാക്യമുണ്ട്. ഇന്നും ഈ ആശയത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നു മാത്രമല്ല, പൂര്‍ണമായും അടിവരയിടുകയും ചെയ്യുന്നു. പാര്‍ലമെന്റില്‍ പ്രസംഗമധ്യേ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റും ഇതിന് സമാനമായ ഒരു പ്രസ്താവന നടത്തിയിരുന്നു. അനിയന്ത്രിതമായ അധികാരം അത് മനസിലുള്ളവരെ ദുഷിപ്പിക്കാന്‍ പോന്നതാണെന്നായിരുന്നു ഇത്.
പഴയകാലത്തിന്റെ സംഭാവനയായി ഈ വാക്യങ്ങള്‍ എത്തുമ്പോള്‍ അഴിമതിയും ഏകാധിപത്യപ്രവണതയും ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ബോധ്യമാവും. അധികാരത്തിലെ ദുഷിപ്പ് നിയന്ത്രിക്കാന്‍ 1963ല്‍ അന്നത്തെ നിയമമന്ത്രി അശോക് കുമാര്‍ സെന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയമാണ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ഓംബുഡ്‌സ്മാന്‍ എന്ന ആശയം. അന്ന് നല്ല മനുഷ്യരുണ്ടായിരുന്നു എന്നതിന് തെളിവായി 1968ല്‍ അഭിഭാഷകനായ ശാന്തി ഭൂഷണ്‍ ജനലോക്പാല്‍ ബില്‍ ശുപാര്‍ശ ചെയ്യുകയും 1969ലെ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന നാലാം ലോക്‌സഭ അത് പാസാക്കുകയും ചെയ്തു. രാജ്യസഭയില്‍ പരാജയമായിരുന്നു ഫലം. വിയര്‍ക്കാതെ ജയിച്ചുകയറിയവര്‍ ജനാധികാരത്തെ പരാജയപ്പെടുത്തിയതിനു തുല്യമായി ഈ കാഴ്ച ഇന്നും ശേഷിക്കുന്നു. പിന്നീട് വല്ലപ്പോഴും ലോക്പാല്‍ എന്ന പ്രയോഗം കേള്‍ക്കാന്‍ തുടങ്ങി.
2011ല്‍ ലോക്‌സഭ ലോക്പാല്‍ ബില്‍ പാസാക്കി. മാറ്റങ്ങളോടെ രാജ്യസഭയും പച്ചക്കൊടി കാട്ടി. പിന്നീട് വീണ്ടും വന്നും എട്ടു വര്‍ഷത്തോളമുള്ള കാത്തിരിപ്പ്. 2019ല്‍ അത് യാഥാര്‍ഥ്യമായതില്‍ അഭിമാനിക്കാം. ഭരണക്കാര്‍ അവരുടെ ചെയ്തികള്‍ക്ക് ഇനി കണക്കുപറയേണ്ടിവരും.

ജസ്റ്റിസ് ഘോഷും സംഘവും

മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ആണ് പ്രഥമ ലോക്പാല്‍ ചെയര്‍മാന്‍. ഒപ്പമുള്ള എട്ടംഗങ്ങളില്‍ നാലുപേരും നിയമരംഗത്തുനിന്നുള്ളവരാണ്. അലഹബാദ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദിലിപ് ബാബാസാഹേബ് ഭോസലെ, ഝാര്‍ഖണ്ഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് പ്രദിപ് കുമാര്‍ മൊഹന്തി, മണിപൂര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അഭിലാഷ കുമാരി, നിലവില്‍ ഛത്തിസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയകുമാര്‍ ത്രിപാഠി എന്നിവരാണവര്‍. നിയമജ്ഞരല്ലാത്തവര്‍: മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ദിനേഷ് കുമാര്‍ ജെയിന്‍, സശസ്ത്ര സീമാ ബല്‍ മുന്‍ ഡി.ജിയും റിട്ട. ഐ.പി.എസ് ഓഫീസറുമായ അര്‍ച്ചന രാമസുന്ദരം, റിട്ട. ഐ.ആര്‍.എസ് ഓഫിസര്‍ മഹേന്ദര്‍ സിങ്, റിട്ട. ഐ.എ.എസ് ഓഫീസറും ഗുജറാത്ത് മെട്രോ റെയില്‍ കോര്‍പറേഷന്‍ എം.ഡിയുമായ ഐ.പി ഗൗതം.
അഞ്ചു വര്‍ഷമോ 70 വയസ് പൂര്‍ത്തിയാകുന്നതു വരെയോ ആണ് നിയമനം.

അധികാരം

ലോക്്പാല്‍ നിര്‍ദേശാനുസരണം പ്രാഥമിക പരിശോധനകളും അന്വേഷണങ്ങളും നടത്താന്‍ സി.ബി.ഐ പോലുള്ള ഏജന്‍സികള്‍ക്ക് ഉത്തരവ് നല്‍കുകയും മേല്‍നോട്ടം വഹിക്കാനും ചുമതല. എല്ലാസംസ്ഥാനങ്ങളിലും ലോകായുക്ത നിലവില്‍ വരുകയും അതത് സംസ്്ഥാനങ്ങള്‍ക്ക് അതിന്റെ സ്വഭാവം ഘടന എന്നിവ നിശ്ചയിക്കുകയുമാവാം.
പൊതുജനങ്ങളില്‍ നിന്ന് പണം പിരിയ്ക്കുകയും വിദേശ പണം സ്വീകരിക്കുകയും ചെയ്യുന്ന ട്രസ്റ്റുകള്‍ സൊസൈറ്റികള്‍ തുടങ്ങിയവ ലോക്പാലിന്റെ പരിധിയില്‍ വരും. മത-ചാരിറ്റബിള്‍ പ്രവര്‍ത്തനം നടത്തുന്നവരെ ഒഴിവാക്കും.
പരാതി ലഭിച്ചാല്‍ ആദ്യം സ്വന്തം നിലയില്‍ അന്വേഷിച്ച് കാതലുണ്ടോ എന്നു കണ്ടെത്തും. കേസുനടത്തുന്നത് പ്രത്യേക കോടതികളിലായിരിക്കും. ആരോപണവിധേയരായവരെ ലോക്പാല്‍ സമിതി വിചാരണ ചെയ്യും. ജനപ്രതിനിധികളും കേന്ദ്ര ഉദ്യോഗസ്ഥരും മുന്‍ പ്രധാനമന്ത്രിമാരും നടപ്പ് പ്രധാനമന്ത്രിയും ലോക്പാലിനു കീഴില്‍ വരും. ലോക്പാല്‍ കേസുകളില്‍ രണ്ടുമാസത്തിനകം കേസ് പരിഗണിച്ച് ആശുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. വ്യാജ പരാതികള്‍ ആരോപണങ്ങള്‍ എന്നിവയില്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നു. പരാതിക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ തടവ് ഏഴു വര്‍ഷമാകും. അഴിമതിക്കാര്‍ക്കും ക്രിമിനല്‍ കുറ്റം ചെയ്തവര്‍ക്കും 10 വര്‍ഷം തടവ്. സര്‍ക്കാര്‍ അഭിഭാഷകരെക്കൂടാതെ സ്വകാര്യ അഭിഭാഷകരെയും നിയോഗിക്കാനും അന്വേഷണത്തിന് ആവശ്യമാകുമെങ്കില്‍ തെളിവുകള്‍ പിടിച്ചെടുക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കാനും അധികാരം. അഴിമതിയിലൂടെയുണ്ടാക്കിയതെന്നു തെളിഞ്ഞാല്‍ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടാന്‍ അധികാരം. ഇതൊക്കെയാണ് ലോക്്പാല്‍ വ്യവസ്ഥകള്‍.

പരിമിതപ്പെടുന്നത്

ലോക്പാലിന് അധികാരങ്ങള്‍ കൂടുതലുണ്ടെങ്കിലും പരിമിതപ്പെടുത്തിയിരിക്കുന്ന മേഖലകളുമുണ്ട്. ഉദാഹരണത്തിന് പ്രധാനമന്ത്രി ലോക്പാലിന് കീഴിലാണെന്നു വരുമ്പോഴും അന്താരാഷ്ട്ര ബന്ധങ്ങള്‍, നയതന്ത്രം, ആഭ്യന്തര, വിദേശ സുരക്ഷ, പൊതു ഉത്തരവുകള്‍, അണുവോര്‍ജം, ബഹിരാകാശം ഇവയിലൊന്നും ലോക്പാലിന് ഇടപെടാനാവില്ല. പ്രധാനമന്ത്രിക്കെതിരേ അന്വേഷണം നടത്തണമെങ്കില്‍ ലോകാപാലിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ അനുമതി വേണം. ജനപ്രതിനിധികള്‍ക്കെതിരേയും മന്ത്രിമാര്‍ക്കും പാര്‍ലമെന്റ് കമ്മിറ്റികളുടെ തലവന്‍മാര്‍ക്കെതിരേയുമുള്ള അന്വേഷണത്തില്‍ തെറ്റുകാരനല്ലെന്ന് തെളിഞ്ഞാല്‍ അന്വേഷണ വിവരം പുറത്തുവിടാനാവില്ല.

2019 മാർച്ച് 12, ചൊവ്വാഴ്ച

അഭിനന്ദന്‍ തിരിച്ചെത്തി; കാലിയക്കും നചികേതയ്ക്കും സംഭവിച്ചത്


ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്മാന്‍ പാകിസ്താന്‍ പട്ടാളത്തിന്റെ പിടിയിലായെങ്കിലും കേവലം 48 മണിക്കൂറിനുള്ളില്‍ മാതൃരാജ്യത്ത് തിരിച്ചെത്തി. അത്ഭുതാവഹമെന്നാണ് പ്രതിരോധ രംഗത്തുള്ളവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. അവര്‍ അങ്ങനെ പറയാന്‍ കാരണങ്ങള്‍ നിരവധിയുണ്ട്. പാകിസ്താന്റെ പൂര്‍വകാല ചരിത്രം അറിയാവുന്നവര്‍ക്ക് അവരുടെ പട്ടാളത്തിന്റെയും രഹസ്യന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടേയും ക്രൂരതകള്‍ മനസിലാവും.

അഭിനന്ദന്റെ മടക്കം

ഫെബ്രുവരി 14ന് പുല്‍വാമയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായിരുന്നു പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ക്യാംപുകള്‍ക്കു നേരേ ഇന്ത്യ നടത്തിയ വ്യോമാക്രമണം. കനത്ത ആള്‍നാശം പാക് പക്ഷത്തുണ്ടായെന്നു വളരെ വ്യക്തവുമാണ്. ഇതിനു തിരിച്ചടി പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. അത്യന്താധുനിക പോര്‍വിമാനമായ അമേരിക്കയുടെ എഫ് 16 ഉപയോഗിച്ച് ആക്രമണം പ്രതീക്ഷിച്ചതു തന്നെയാണ്. കാരണം അവരുടെ ആക്രമണ ജെറ്റ് അതുതന്നെയായിരുന്നു. പ്രതിരോധിക്കാന്‍ ഇന്ത്യയുടെ പക്കല്‍ റഷ്യന്‍ നിര്‍മിത മിഗ് 21 ഉണ്ടായിരുന്നു.
ആക്രമണം നടത്താനെത്തി അതിര്‍ത്തിയില്‍ ബോംബ് വര്‍ഷിച്ചു മടങ്ങുകയായിരുന്ന പാക് വിമാനത്തെ പിന്‍തുടര്‍ന്നെത്തി വെടിവച്ചിടുകയായിരുന്നു മിഗ് 21 പറപ്പിച്ചിരുന്ന അഭിനന്ദന്‍. എന്നാല്‍ ആക്രമണ ശ്രമത്തിനിടെ വെടിയേറ്റതോടെ വിമാനം തകര്‍ന്ന് പാക് അതിര്‍ത്തിയില്‍ വീണ അഭിനന്ദനെ അന്നാട്ടുകാര്‍ കണക്കിനു മര്‍ദിച്ചവശനാക്കി. പാക് പട്ടാളം അഭിനന്ദിനെ വിലങ്ങുവച്ച് കണ്ണുമൂടിക്കെട്ടി അവരുടെ പാളയത്തിലേക്ക് കൊണ്ടുപോയി.
ആക്രമിച്ച് ശത്രുപക്ഷത്ത് കയറിയ ഒരു പൈലറ്റിനെ ജീവഛവമായാവും തിരികെ ലഭിക്കുക. ശത്രു സൈന്യത്തിന്റെ രോഷമത്രയും ഈ ഒരാളോടായിരിക്കുമല്ലോ. ഉന്നത ഓഫീസര്‍ ഇടപെടും മുന്‍പ് ചെയ്യാനുള്ളതെല്ലാം ചെയ്യുക എന്നതാണ് പാക് പട്ടാളം അനുവര്‍ത്തിച്ചു പോരുന്ന നിലപാട്.
ഇന്ത്യയുടെ ശക്തമായ നയതന്ത്ര-സൈനിക സമ്മര്‍ദം മൂലം സൈനികനെ ഉടന്‍ മടക്കി അയക്കണമെന്ന ആവശ്യം പാകിസ്താന്‍ അംഗീകരിക്കുയായിരുന്നു. സമ്മര്‍ദമാണെന്നു പറയാന്‍ കാരണം, അഭിനന്ദിനെ മോചിപ്പിക്കുന്നതിനു ഒരു ദിനം മുന്‍പ് പാകിസ്താന്‍ നടത്തിയ പ്രസ്താവന ഇന്ത്യ കശ്മിര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെങ്കില്‍ മാത്രം അഭിനന്ദിനെ കൈമാറാമെന്നായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ പൈലറ്റിനെ മടക്കി നല്‍കുമെന്നു പ്രഖ്യാപിക്കുകയായിരുന്നല്ലോ. ഒപ്പം ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ അത് ഇന്ത്യയെ പ്രേരിപ്പിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അത് തന്ത്രപരമായ നിലപാടായിരുന്നു. അഭിനന്ദനെ വിട്ടു നല്‍കാന്‍ തീരുമാനിച്ചെങ്കിലും അത് എത്രയും വൈകിപ്പിക്കാനും കോടതിയില്‍ ഹരജി നല്‍കി അനുകൂല വിധിയുണ്ടെങ്കില്‍ കൈമാറ്റം മരവിപ്പിക്കാന്‍ പോലും ആ രാജ്യം ശ്രമിച്ചെന്നും ഓര്‍ക്കണം. ശത്രുപക്ഷത്തെ വിവരങ്ങള്‍ ഏതുവഴിയിലൂടെയും അറിയാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. അതിനാല്‍ ഏതുവിധ മര്‍ദനമുറകളും സ്വീകരിക്കുകയും ചെയ്യും. പാക് പട്ടാളം മര്‍ദിച്ചില്ലെങ്കിലും മാനസികമായി പീഡിപ്പിച്ചെന്ന വിവരം മാത്രമാണ് അഭിനന്ദന്‍ പുറത്തുവിട്ടിട്ടുള്ളത്. തമിഴ്‌നാട് സ്വദേശിയായ അഭിനന്ദന്‍ പാക് കസ്റ്റഡിയില്‍ നിന്ന് ഇന്ത്യയിലേക്കല്ല ജീവിതത്തിലേക്കാണ് മടങ്ങിയതെന്ന് പറയുന്നതാകും ഉചിതം. കാരണം കാലായുടേയും നചികേതയുടേയും ചിത്രങ്ങള്‍ അതിനു തെളിവായി ഇന്ത്യയുടെ മുന്നിലുണ്ടല്ലോ.

നചികേത

കമ്പംപതി നചികേത ഇന്ത്യന്‍ വ്യോമസേന പൈലറ്റായിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിയായ നചികേത 1999ലെ കാര്‍ഗില്‍ യുദ്ധ സമയത്താണ് പാക് പിടിയിലാകുന്നത്. അന്ന് 26 വയസുണ്ടായിരുന്ന ചോരത്തിളപ്പുള്ള യുദ്ധ വൈമാനികനായിരുന്നു ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ആയിരുന്ന നചികേത. കാര്‍ഗില്‍ കുന്നുകളില്‍ കനത്ത മഞ്ഞുവീഴ്ചയുടെ മറവില്‍ കടന്നുകയറി ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ച പാക് പടയെ തുരത്തിയത് ഇന്ത്യന്‍ വ്യേമസേനയുടെ അശ്രാന്തവും ധീരതയുമാര്‍ന്ന യുദ്ധ തന്ത്രത്തിന്റെ ഫലമായിരുന്നു. നചികേത ഉള്‍പ്പെടെയുള്ള പൈലറ്റുമാര്‍ ജീവന്‍ പണയംവച്ചാണ് സ്വരാജ്യത്തിനായി പോരാടിയത്. യുദ്ധത്തിനിടയില്‍ നചികേത പറപ്പിച്ചിരുന്ന മിഗ് 27ന് പാക് വെടിയേറ്റ് എന്‍ജിന്‍ തകരാറായതിനെ തുടര്‍ന്ന് പാകിസ്താനില്‍ 12 കിലോമീറ്റര്‍ ഉള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. പാരച്യൂട്ടില്‍ പാകിസ്താനില്‍ വീണെങ്കിലും തന്നെ വളഞ്ഞ പാക് പട്ടാളത്തിനു മുന്നില്‍ കീഴടങ്ങാന്‍ നചികേത തയാറായില്ല. നചികേതയ്‌ക്കെതിരേ നാലുപാടുനിന്നും പാക് പട്ടാളം നിറയൊഴിച്ചെങ്കിലും ധീരയോധാവായ നചികേത അവസാന ബുള്ളറ്റ് വരെ അവരോട് പോരാടി. നചികേതയെ പിടികൂടിയ പാക് പട്ടാളം അദ്ദേഹത്തെ വിലങ്ങണിയിച്ച് പരേഡ് നടത്തി അത് പാക് ടിവിയിലൂടെ പുറംലോകത്തെ അറിയിച്ചു. പീഡനത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. മരവിപ്പും വേദനയും ശക്തിക്ഷയവും ആയിരുന്നു ഫലം. മര്‍ദിച്ച് അവശനാക്കിയ നചികേതയെ റാവല്‍പിണ്ടിയിലെ പട്ടാള ജയിലിലേക്ക് മാറ്റി. ഇന്ത്യയുടെ കനത്ത സമ്മര്‍ദം സഹിക്കാതെ എട്ടാം ദിവസം നചികേതയെ മോചിപ്പിക്കാന്‍ പാകിസ്താന്‍ തയാറായി. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദേശപ്രകാരം റെഡ്‌ക്രോസിന് കൈമാറിയത് പാക് ഔദ്യോഗിക വക്താവായിരുന്ന താരിഖ് അല്‍താഫായിരുന്നു. വാഗാ അതിര്‍ത്തിയില്‍ 1999 ജൂണ്‍ 5ന് നചികേത ഇന്ത്യന്‍ മണ്ണിലെത്തി. വ്യോമസേന ഗാലന്റ്‌റി അവാര്‍ഡ് നല്‍കി നചികേതയെ അനുമോദിച്ചു.

ക്യാപ്റ്റന്‍ സൗരഭ് കാലിയ

യുദ്ധ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇന്ത്യന്‍ സേനാ ക്യാപ്ടനായിരുന്ന സൗരഭ് കാലിയക്കുണ്ടായത്. 1999ല്‍ കാര്‍ഗില്‍ മേഖലയില്‍ പാകിസ്താന്‍ പട്ടാളം നുഴഞ്ഞുകയറി ആധിപത്യമുറപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ യുദ്ധത്തിലാണ് സൗരഭിന്റെ ദാരുണ കൊലപാതകം. നാലാം ജാട്ട് റെജിന്റില്‍ പെട്ട ക്യാപ്ടനായിരുന്നു 22 കാരനായ സൗരഭ് കാലിയ.
1999 മെയ് 15നായിരുന്നു സംഭവം. ക്യാപ്ടന്‍ സൗരഭ് കാലിയയും മറ്റ് അഞ്ച് പട്ടാളക്കാരും ലഡാക്ക് മലനിരകളിലെ പതിവ് പട്രോളിങിന് തിരിച്ചതായിരുന്നു. മരങ്ങളധികമില്ലാത്ത കാക്‌സര്‍ മേഖലയിലെ ബജ്‌റങ് ആര്‍മി പോസ്റ്റുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ സുരക്ഷയായിരുന്നു ഇവരുടെ ചുമതല. പെട്ടെന്നാണ് അതിര്‍ത്തിയില്‍ നിന്ന് പാക് പട്ടാളം തുരുതുരെ വെടിവച്ചു കൊണ്ട് അടുത്തത്. ഇവര്‍ അഞ്ചുപേരും അവരെ തടഞ്ഞ് പ്രതിരോധം തീര്‍ത്തു. ഇവരുടെ കൈയിലെ ആയുധങ്ങള്‍ ഒന്നൊന്നായി തീര്‍ന്നു. പാകിസ്താനോട് അടുത്ത പ്രദേശമായതിനാല്‍ത്തന്നെ വന്‍ സന്നാഹത്തോടെയായിരുന്നു പാക് വരവ്. പാക് റേഞ്ചേഴ്‌സ് ഇവരെ വളഞ്ഞു. വെടിശബ്ദം കേട്ട് ഇന്ത്യന്‍ സേനയെത്തുന്നതിനു മുന്‍പേ ഇവരെ പാക് റേഞ്ചേഴ്‌സ് അതിര്‍ത്തിക്കപ്പുറത്തേക്ക് കടത്തിക്കൊണ്ടുപോയി. തുടര്‍ന്ന് മൂന്നാഴ്ചയോളം കൊടിയ പീഡനമാണ് ഇവര്‍ക്ക് ഏല്‍ക്കേണ്ടിവന്നത്. ഇന്നത്തെ പോലെ സമ്മര്‍ദമുയര്‍ത്താന്‍ ഇന്ത്യക്ക് ത്രാണിയുണ്ടായിരുന്നില്ലെന്നു വേണം പറയാന്‍. ലോക രാജ്യങ്ങളുമായി ഇന്നത്തെപ്പോലെ ശക്തമായ നയതന്ത്രബന്ധങ്ങളുമുണ്ടായിരുന്നില്ല. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു സംഭവമെന്നും ഓര്‍ക്കണം. ഇന്ത്യയുടെ നിരന്തരമുള്ള അപേക്ഷകള്‍ക്കൊടുവില്‍ പാകിസ്താന്‍ ഇവരെ മോചിപ്പിക്കാന്‍ തയാറായി. 1999 ജൂണ്‍ 9നാണ് ഇവരുടെ ജീവനറ്റ ശരീരം ഇന്ത്യക്ക് കൈമാറിയത്.

ജനീവ കരാര്‍ ലംഘിച്ച് പീഡനം

ക്യാപ്ടന്‍ കാലിയയേയും മറ്റു നാലുപേരെയും കടുത്ത പീഡനത്തിനിരയാക്കിയെന്ന് പോസ്റ്റ് മോര്‍ട്ടത്തിലാണ് തെളിഞ്ഞത്. സിഗരറ്റുകൊണ്ട് കുത്തിപ്പൊള്ളിച്ച പാടുകളായിരുന്നു ഇവരുടെ ശരീരമാകെ. ചെവിയില്‍ പഴുപ്പിച്ച ഇരുമ്പുദണ്ഡ് കുത്തിക്കയറ്റി ഇയര്‍ ഡ്രം തകര്‍ത്തിരുന്നു. കണ്ണുകള്‍ അടിച്ചു പൊട്ടിച്ചശേഷം ചൂഴ്‌ന്നെടുത്തു. പല്ലുകള്‍ എല്ലാം അടിച്ചു കൊഴിച്ചിരുന്നു. എല്ലുകള്‍ മുഴുവനും നുറുങ്ങിയ നിലയിലായിരുന്നു. തലയോട്ടിപോലും തകര്‍ന്ന സ്ഥിതിയില്‍. ചുണ്ടുകള്‍ മുറിച്ചു. മൂക്ക് ചെത്തിക്കളഞ്ഞു. ലിഗമുള്‍പ്പെടെ അവയവങ്ങള്‍ എല്ലാം ഛേദിച്ചു. ഒടുവില്‍ ചെന്നിയില്‍ നിറയൊഴിച്ചു കൊന്നു. കൊലപ്പെടുത്തുന്നതിനുമുന്‍പാണ് ഈ കൊടിയ പീഡനങ്ങളെല്ലാം ഇന്ത്യന്‍ സൈനികര്‍ക്ക് സഹിക്കേണ്ടിവന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ജനീവ കരാറിന്റെ ലംഘനമായിരുന്നു അത്. പിടിയിലാകുന്ന പട്ടാളക്കാരെ അക്രമ മനോഭാവത്തോടെ പെരുമാറാതെ സുരക്ഷിതരായി തിരികെ നല്‍കണം ശത്രുരാജ്യങ്ങളെന്ന് നിയമമുണ്ട്. ഉപദ്രവിക്കുന്നത് നിഷിദ്ധമാണെന്നെരിക്കേ ഉപദ്രവിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങളാണ് ഇന്ത്യയിലെത്തിയ്. തിരിച്ചടിക്ക് അന്നും മുറവിളി ഉയര്‍ന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതിനുശേഷം 2017ല്‍ പാക് പട്ടാളം അതിര്‍ത്തിയില്‍ നുഴഞ്ഞു കയറി ഇന്ത്യന്‍ പട്ടാളക്കാരനെ തട്ടിക്കൊണ്ടുപോയി ശിരഛേദം ചെയ്ത് തിരികെ നല്‍കിയ വാര്‍ത്തയും വന്നിരുന്നു. കാലിയയുടെ കേസില്‍ ശക്തമായ പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകാഞ്ഞതിനാലാണ് പിന്നീടും പാക് പട്ടാളത്തിന്റെ ഭാഗത്തുനിന്ന് കടുത്ത അക്രമങ്ങള്‍ ഇന്ത്യന്‍ പട്ടാളത്തിനു നേരേ ഉണ്ടാവുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അഭിനന്ദന്റെ കേസില്‍ ഇന്ത്യ ഉയര്‍ത്തിയ സമ്മര്‍ദം പാകിസ്താനെ പ്രതിരോധത്തിലാക്കി. ഒരുപക്ഷേ ഇന്ത്യ സര്‍വ സന്നാഹങ്ങളോടെയും മറ്റൊരു ആക്രമണത്തിനു മുതിര്‍ന്നേക്കുമെന്നുപോലും പാകിസ്താന്‍ ഭയപ്പെട്ടതിന്റെ തുടര്‍ച്ചയാണ് മോചനം.