2019, മാർച്ച് 27, ബുധനാഴ്‌ച

ലോക്പാലിന്റെ പല്ലും നഖവും

ഒരു ആശയം നടപ്പാക്കാന്‍ അരനൂറ്റാണ്ടിലേറെ കാലമെടുക്കുന്ന ഏതെങ്കിലും ഒരു രാജ്യം ലോകത്തുണ്ടെങ്കില്‍ അത് ഇന്ത്യയാണ്. പ്രത്യേകിച്ച് ആ ആശയം സമൂഹത്തിലെ അഴിമതി തുടച്ചുനീക്കാന്‍ വേണ്ടിയുള്ളതാണെങ്കില്‍ പിന്ന പറയുകയും വേണ്ട. ആശയത്തിനു സ്ഥാനം തട്ടിന്‍പുറത്തുതന്നെ. ഗത്യന്തരമില്ലാതെ ലോക്പാല്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായതിനു പിന്നിലെ കഥയും അങ്ങനെ തന്നെ. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ, രാഷ്ട്രീയക്കാരനെ ഒക്കെ വരച്ച വരയില്‍ നിര്‍ത്താനും ചെയ്തികള്‍ക്ക് ഉത്തരവാദിയാക്കാനും ലക്ഷ്യമിടുന്ന ലോക്പാല്‍ ഇപ്പോഴെങ്കിലും പ്രാബല്യത്തിലായല്ലോ എന്നതില്‍ സമാധാനിക്കാം. കാരണം അത് പൊടിയും മാറാലയും തട്ടിമാറ്റി മാറ്റി തട്ടിന്‍പുറത്തു നിന്ന് നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. ഇന്ത്യന്‍ ഭരണനേതൃത്വത്തിനുമേല്‍ സദാ നിരീക്ഷിക്കുന്ന ഒരു കണ്ണായിരിക്കും ലോക്പാല്‍.

60കളിലേക്ക് തിരിഞ്ഞുനോക്കാം

'അധികാരം ദുഷിപ്പിക്കുന്നു, പരമാധികാരം പരമമായും' എന്ന് ആക്ടണ്‍ പ്രഭുവിന്റെ ഒരു നീതിവാക്യമുണ്ട്. ഇന്നും ഈ ആശയത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നു മാത്രമല്ല, പൂര്‍ണമായും അടിവരയിടുകയും ചെയ്യുന്നു. പാര്‍ലമെന്റില്‍ പ്രസംഗമധ്യേ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റും ഇതിന് സമാനമായ ഒരു പ്രസ്താവന നടത്തിയിരുന്നു. അനിയന്ത്രിതമായ അധികാരം അത് മനസിലുള്ളവരെ ദുഷിപ്പിക്കാന്‍ പോന്നതാണെന്നായിരുന്നു ഇത്.
പഴയകാലത്തിന്റെ സംഭാവനയായി ഈ വാക്യങ്ങള്‍ എത്തുമ്പോള്‍ അഴിമതിയും ഏകാധിപത്യപ്രവണതയും ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ബോധ്യമാവും. അധികാരത്തിലെ ദുഷിപ്പ് നിയന്ത്രിക്കാന്‍ 1963ല്‍ അന്നത്തെ നിയമമന്ത്രി അശോക് കുമാര്‍ സെന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയമാണ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ഓംബുഡ്‌സ്മാന്‍ എന്ന ആശയം. അന്ന് നല്ല മനുഷ്യരുണ്ടായിരുന്നു എന്നതിന് തെളിവായി 1968ല്‍ അഭിഭാഷകനായ ശാന്തി ഭൂഷണ്‍ ജനലോക്പാല്‍ ബില്‍ ശുപാര്‍ശ ചെയ്യുകയും 1969ലെ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന നാലാം ലോക്‌സഭ അത് പാസാക്കുകയും ചെയ്തു. രാജ്യസഭയില്‍ പരാജയമായിരുന്നു ഫലം. വിയര്‍ക്കാതെ ജയിച്ചുകയറിയവര്‍ ജനാധികാരത്തെ പരാജയപ്പെടുത്തിയതിനു തുല്യമായി ഈ കാഴ്ച ഇന്നും ശേഷിക്കുന്നു. പിന്നീട് വല്ലപ്പോഴും ലോക്പാല്‍ എന്ന പ്രയോഗം കേള്‍ക്കാന്‍ തുടങ്ങി.
2011ല്‍ ലോക്‌സഭ ലോക്പാല്‍ ബില്‍ പാസാക്കി. മാറ്റങ്ങളോടെ രാജ്യസഭയും പച്ചക്കൊടി കാട്ടി. പിന്നീട് വീണ്ടും വന്നും എട്ടു വര്‍ഷത്തോളമുള്ള കാത്തിരിപ്പ്. 2019ല്‍ അത് യാഥാര്‍ഥ്യമായതില്‍ അഭിമാനിക്കാം. ഭരണക്കാര്‍ അവരുടെ ചെയ്തികള്‍ക്ക് ഇനി കണക്കുപറയേണ്ടിവരും.

ജസ്റ്റിസ് ഘോഷും സംഘവും

മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ആണ് പ്രഥമ ലോക്പാല്‍ ചെയര്‍മാന്‍. ഒപ്പമുള്ള എട്ടംഗങ്ങളില്‍ നാലുപേരും നിയമരംഗത്തുനിന്നുള്ളവരാണ്. അലഹബാദ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദിലിപ് ബാബാസാഹേബ് ഭോസലെ, ഝാര്‍ഖണ്ഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് പ്രദിപ് കുമാര്‍ മൊഹന്തി, മണിപൂര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അഭിലാഷ കുമാരി, നിലവില്‍ ഛത്തിസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയകുമാര്‍ ത്രിപാഠി എന്നിവരാണവര്‍. നിയമജ്ഞരല്ലാത്തവര്‍: മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ദിനേഷ് കുമാര്‍ ജെയിന്‍, സശസ്ത്ര സീമാ ബല്‍ മുന്‍ ഡി.ജിയും റിട്ട. ഐ.പി.എസ് ഓഫീസറുമായ അര്‍ച്ചന രാമസുന്ദരം, റിട്ട. ഐ.ആര്‍.എസ് ഓഫിസര്‍ മഹേന്ദര്‍ സിങ്, റിട്ട. ഐ.എ.എസ് ഓഫീസറും ഗുജറാത്ത് മെട്രോ റെയില്‍ കോര്‍പറേഷന്‍ എം.ഡിയുമായ ഐ.പി ഗൗതം.
അഞ്ചു വര്‍ഷമോ 70 വയസ് പൂര്‍ത്തിയാകുന്നതു വരെയോ ആണ് നിയമനം.

അധികാരം

ലോക്്പാല്‍ നിര്‍ദേശാനുസരണം പ്രാഥമിക പരിശോധനകളും അന്വേഷണങ്ങളും നടത്താന്‍ സി.ബി.ഐ പോലുള്ള ഏജന്‍സികള്‍ക്ക് ഉത്തരവ് നല്‍കുകയും മേല്‍നോട്ടം വഹിക്കാനും ചുമതല. എല്ലാസംസ്ഥാനങ്ങളിലും ലോകായുക്ത നിലവില്‍ വരുകയും അതത് സംസ്്ഥാനങ്ങള്‍ക്ക് അതിന്റെ സ്വഭാവം ഘടന എന്നിവ നിശ്ചയിക്കുകയുമാവാം.
പൊതുജനങ്ങളില്‍ നിന്ന് പണം പിരിയ്ക്കുകയും വിദേശ പണം സ്വീകരിക്കുകയും ചെയ്യുന്ന ട്രസ്റ്റുകള്‍ സൊസൈറ്റികള്‍ തുടങ്ങിയവ ലോക്പാലിന്റെ പരിധിയില്‍ വരും. മത-ചാരിറ്റബിള്‍ പ്രവര്‍ത്തനം നടത്തുന്നവരെ ഒഴിവാക്കും.
പരാതി ലഭിച്ചാല്‍ ആദ്യം സ്വന്തം നിലയില്‍ അന്വേഷിച്ച് കാതലുണ്ടോ എന്നു കണ്ടെത്തും. കേസുനടത്തുന്നത് പ്രത്യേക കോടതികളിലായിരിക്കും. ആരോപണവിധേയരായവരെ ലോക്പാല്‍ സമിതി വിചാരണ ചെയ്യും. ജനപ്രതിനിധികളും കേന്ദ്ര ഉദ്യോഗസ്ഥരും മുന്‍ പ്രധാനമന്ത്രിമാരും നടപ്പ് പ്രധാനമന്ത്രിയും ലോക്പാലിനു കീഴില്‍ വരും. ലോക്പാല്‍ കേസുകളില്‍ രണ്ടുമാസത്തിനകം കേസ് പരിഗണിച്ച് ആശുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. വ്യാജ പരാതികള്‍ ആരോപണങ്ങള്‍ എന്നിവയില്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നു. പരാതിക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ തടവ് ഏഴു വര്‍ഷമാകും. അഴിമതിക്കാര്‍ക്കും ക്രിമിനല്‍ കുറ്റം ചെയ്തവര്‍ക്കും 10 വര്‍ഷം തടവ്. സര്‍ക്കാര്‍ അഭിഭാഷകരെക്കൂടാതെ സ്വകാര്യ അഭിഭാഷകരെയും നിയോഗിക്കാനും അന്വേഷണത്തിന് ആവശ്യമാകുമെങ്കില്‍ തെളിവുകള്‍ പിടിച്ചെടുക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കാനും അധികാരം. അഴിമതിയിലൂടെയുണ്ടാക്കിയതെന്നു തെളിഞ്ഞാല്‍ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടാന്‍ അധികാരം. ഇതൊക്കെയാണ് ലോക്്പാല്‍ വ്യവസ്ഥകള്‍.

പരിമിതപ്പെടുന്നത്

ലോക്പാലിന് അധികാരങ്ങള്‍ കൂടുതലുണ്ടെങ്കിലും പരിമിതപ്പെടുത്തിയിരിക്കുന്ന മേഖലകളുമുണ്ട്. ഉദാഹരണത്തിന് പ്രധാനമന്ത്രി ലോക്പാലിന് കീഴിലാണെന്നു വരുമ്പോഴും അന്താരാഷ്ട്ര ബന്ധങ്ങള്‍, നയതന്ത്രം, ആഭ്യന്തര, വിദേശ സുരക്ഷ, പൊതു ഉത്തരവുകള്‍, അണുവോര്‍ജം, ബഹിരാകാശം ഇവയിലൊന്നും ലോക്പാലിന് ഇടപെടാനാവില്ല. പ്രധാനമന്ത്രിക്കെതിരേ അന്വേഷണം നടത്തണമെങ്കില്‍ ലോകാപാലിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ അനുമതി വേണം. ജനപ്രതിനിധികള്‍ക്കെതിരേയും മന്ത്രിമാര്‍ക്കും പാര്‍ലമെന്റ് കമ്മിറ്റികളുടെ തലവന്‍മാര്‍ക്കെതിരേയുമുള്ള അന്വേഷണത്തില്‍ തെറ്റുകാരനല്ലെന്ന് തെളിഞ്ഞാല്‍ അന്വേഷണ വിവരം പുറത്തുവിടാനാവില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ