2018 ജൂൺ 2, ശനിയാഴ്‌ച

അമേരിക്കയല്ല, ഇന്ത്യക്കു വലുത് റഷ്യ



അമേരിക്കയാണോ റഷ്യയാണോ ഇന്ത്യയ്ക്ക് പ്രിയപ്പെട്ടതെന്ന ചോദ്യത്തിന് റഷ്യയെന്നാണ് മറുപടി. അതു തുടര്‍ന്നുവന്നതും തുടരുന്നതും തുടരേണ്ടതും അങ്ങനെതന്നെയാണ്. വിശ്വസിക്കാന്‍ കൊള്ളാവുന്ന സുഹൃത്തെന്ന് വേണമെങ്കില്‍ റഷ്യയെ വിലയിരുത്താം. അമേരിക്കയെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് അവര്‍ തന്നെ നൂറുവട്ടം തെളിയിച്ചിട്ടുള്ളതാണ്. അമേരിക്ക തുടര്‍ന്നു വരുന്ന സംസ്‌കാരം അവര്‍ മാത്രം ലോകത്തെ ശക്തിയാകണം എന്നതാണ്. മറ്റെല്ലാവരും തങ്ങള്‍ക്ക് കീഴില്‍ മാത്രമെ ആകാന്‍ പാടുള്ളൂ. അതുകൊണ്ടുതന്നെ വികസ്വര രാജ്യങ്ങളെ കൈയയച്ചു സഹായിക്കുമെങ്കില്‍ വികസനപാതിയിലെത്തി എന്നായാല്‍ പാലം വലിക്കുന്ന പണി അമേരിക്ക ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല.
ഇന്ത്യ ദുര്‍ഘടമായ കാലഘങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം റഷ്യ എന്ന നല്ല സുഹൃത്തിന്റെ അനുകമ്പ ലഭിച്ചിരുന്നു. എല്ലാ കാലത്തും അതു തുടര്‍ന്നുവന്നു എന്നതാണ് പ്രത്യേകത. തന്ത്രപ്രധാനവും സൈനിക-സാമ്പത്തിക-നയതന്ത്ര ബന്ധങ്ങളിലും ഇരുരാജ്യങ്ങളും കാത്തുസൂക്ഷിക്കുന്നത് കാലങ്ങളായി ഭരണകര്‍ത്താക്കള്‍ തുടരുന്ന സൗഹൃദത്തിന്റെ തുടിപ്പാണ്. ആധുനിക കാലത്തേക്ക് കടക്കുമ്പോള്‍ സാമ്പത്തിക രംഗം ഏറെ പ്രാധാന്യം കൈവരിക്കുന്ന കാഴ്ചയാണല്ലോ കാണുന്നത്. അതുകൊണ്ടുതന്നെ അതിവേഗം ശക്തിപ്രാപിക്കുന്ന സാമ്പത്തിക ശക്തികളെന്ന നിലയില്‍ ഇരുരാജ്യങ്ങളും സഹകരണ മനോഭാവമാണ് പുലര്‍ത്തുന്നത്. അന്താരാഷ്ട്ര രംഗത്ത് ഇതിന് ഏറെ പ്രാധാന്യമാണുള്ളത്. അതുപോലെ രാഷ്ട്രീയ-പ്രതിരോധ-അണുവോര്‍ജ-തീവ്രവാദവിരുദ്ധ-ബഹിരാകാശ രംഗങ്ങളിലെന്നുവേണ്ട സാംസ്‌കാരിക രംഗത്തുപോലും റഷ്യയുടെ ബന്ധം ഇന്ത്യക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതായിരിക്കുന്നു.

സോവിയറ്റ് യൂണിയനും റഷ്യയും

ഇന്ത്യ ബ്രിട്ടീഷുകാരുടെയും റഷ്യ സാര്‍ ഭരണകൂടത്തിനും കീഴിലായിരിക്കേ 20ാം നൂറ്റാണ്ടിന്റെ ആരംഭദശയിലാണ് മഹാത്മാഗാന്ധി റഷ്യന്‍ ബന്ധം തുടങ്ങിവച്ചത്. 1905ലെ റഷ്യന്‍ വിപ്ലവത്തിന്റെ ചുവടുപിടിച്ചായിരുന്നു ഗാന്ധി നയിച്ച സ്വാതന്ത്ര്യ സമരം. സാഹിത്യകാരന്‍ ലിയോ ടോള്‍സ്‌റ്റോയിയുമായി ഗാന്ധിയുണ്ടാക്കിയ ബന്ധം ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയനുമായി കോണ്‍ഗ്രസ് തുടങ്ങിവച്ചു. 1927ല്‍ ബോള്‍ഷെവിക് വിപ്ലവ വാര്‍ഷികത്തില്‍ പങ്കെടുത്ത നെഹ്രു സ്വാതന്ത്ര്യത്തിനുമുന്‍പുതന്നെ സോവിയറ്റ് യൂണിയന്റെ മഹത്വം തിരിച്ചറിഞ്ഞതാണ് ഇന്നത്ത നിലയിലേക്ക് ഇരുരാജ്യങ്ങളെയും എത്തിച്ചത്. 1947 ഏപ്രില്‍ 13ന് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുന്‍പുതന്നെ ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രമേയം അംഗീകരിച്ചതും ഇതിന് അടിത്തറയേകി. നെഹ്രുവിന് ശേഷം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ റഷ്യന്‍ ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കി. സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായപ്പോള്‍ ഏറെ ഹൃദയമിടിച്ചത് ഇന്ത്യയുടേതുതന്നെയായിരുന്നു. സുഹൃത്ത് മരിക്കുന്നതിനു തുല്യമായിരുന്നു അത്. എന്നാല്‍ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ചിറക് വീശി പറന്നുയര്‍ന്ന റഷ്യ ഇന്ത്യയുടെ ആശയ്ക്കും ആശങ്കകള്‍ക്കും പരിഹാരമാവുകയായിരുന്നു.

ഉഭയകക്ഷി ബന്ധം

ഇന്ത്യയും റഷ്യയുമായി തന്ത്രപ്രധാന സഹകരണ ഉടമ്പടിയുണ്ടാക്കിയത് 2000 ഒക്ടോബറിലാണ്. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ആണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഉടമ്പടി ഒപ്പുവച്ചത്. ഇന്ന് റഷ്യയുമായി ശക്തമായ ബന്ധം തുടരാന്‍ സാധ്യമാക്കിയത് ഈ ഉടമ്പടിയാണ്.
ഈ ബന്ധം നില്‍ക്കുമ്പോള്‍ത്തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയോട് ഏറെ അടുപ്പം കാട്ടിയതെന്നോര്‍ക്കണം. 2014ല്‍ അധികാരത്തില്‍ വന്ന അന്നുമുതല്‍ അന്ധമായ അമേരിക്കന്‍ പ്രേമം മോദിക്കുണ്ടായി. അതിന്റെ ഫലം റഷ്യയില്‍ നിന്നാണുണ്ടായത്. 2015ല്‍ പാകിസ്താനുമായി റഷ്യയുണ്ടാക്കിയ കരാറില്‍ ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വാതക പൈപ്പ് ലൈന്‍ നിര്‍മിക്കുന്നതായിരുന്നു. ഇന്ത്യ ഞെട്ടി. എന്നിട്ടും അമേരിക്കന്‍ പ്രേതം വിട്ടുപോയില്ല.
തുടര്‍ന്നും പാകിസ്താനോട് അയഞ്ഞ നിലപാട് സ്വീകരിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കാന്‍ അതുകാരണവുമായി. 2016ല്‍ പാക് സൈനവുമായി ചേര്‍ന്ന് അഭ്യാസപ്രകടനം നടത്താന്‍ റഷ്യ തീരുമാനിച്ചത് ഇന്ത്യക്കുണ്ടാക്കിയ അങ്കലാപ്പ് ചില്ലറയല്ല. ചരിത്രത്തിലാദ്യമായി സംഭവിച്ച റഷ്യ-പാക് സൈനിക അഭ്യാസം ഇന്ത്യയുടെ നിലപാടില്‍ റഷ്യക്കുള്ള വേദനയായി വ്യാഖ്യാനിക്കാം.
ഇന്ത്യയുടെ എക്കാലത്തെയും ശത്രു രാജ്യമായി മാറിയ പാകിസ്താന്‍, റഷ്യയുടെ ഉറ്റ അനുയായി ചൈനയുമായി ഉറച്ച ബന്ധം പുലര്‍ത്തിവരുന്നു. അതുകൊണ്ടുതന്നെ പാകിസ്താനുമായി അടുപ്പം ഉണ്ടാകാന്‍ മറ്റ് പ്രത്യേക കാരണമൊന്നും റഷ്യക്കു വേണ്ടതായിട്ടുമില്ല. പാകിസ്താനുമായി അകലം പാലിച്ചത് ഇന്ത്യയെന്ന ഉത്തമ സുഹൃത്ത് ഉണ്ടായിരുന്നതുകൊണ്ടാണ്. ഇന്ത്യ അമേരിക്കയിലേക്ക് നോക്കുമ്പോള്‍ റഷ്യ സ്വീകരിച്ച നിലപാടില്‍ കുറ്റംപറയാനുമാവില്ല.

റഷ്യന്‍ സഹകരണം

ഇന്ത്യയില്‍ ആയുധ ഇറക്കുമതിയില്‍ റഷ്യന്‍ സാന്നിധ്യം 62 ശതമാനമാണ്. കാലങ്ങളായി സോവിയറ്റ് യൂണിയനും പിന്നെ റഷ്യയും ഇന്ത്യയെ ആധുനിക ആയുധമണിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചുപോന്നു. അതുകൊണ്ട് റഷ്യയെ അകറ്റുന്നത് ഇത്തരം ആയുധങ്ങള്‍ പൊടിതട്ടി എണ്ണയിട്ട് സൂക്ഷിക്കുന്നതില്‍ വിലങ്ങുതടിയാകുമെന്ന് മനസിലാകാന്‍ മോദിക്ക് കാലതാമസമെടുത്തു.
2014ലെ കരാറനുസരിച്ച് 2025 ആകുമ്പോഴേക്കും ഇരുരാജ്യങ്ങളും തമ്മില്‍ 30 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 2015ലേതിനേക്കാള്‍ ഒന്നരശതമാനം ഇടിവാണ് വ്യാപാരരംഗത്ത് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റഷ്യന്‍ ഫെഡറല്‍ കസ്റ്റംസ് സര്‍വീസ് കണക്കുകള്‍ പറയുന്നത്. ഇത് ആശാവഹമായ കാര്യമല്ല.
അതുപോലെ യുദ്ധേതര ആവശ്യങ്ങള്‍ക്ക് അണുശക്തി വികസനം ഇന്ത്യ നടത്തുന്നതിനോട് അനുഭാവ സമീപനമാണ് റഷ്യക്കുള്ളത്. തമിഴ്‌നാട്ടില്‍ കൂടംകുളത്ത് അണുവോര്‍ജ നിലയം നിര്‍മിച്ചു നല്‍കിയത് റഷ്യയാണ്. അമേരിക്ക ഇന്ത്യയോട് ഇന്നും നിസഹരണം പുലര്‍ത്തുന്ന ഈ രംഗത്ത് റഷ്യന്‍ സഹായം ഇന്ത്യക്ക് എന്നും ഉണ്ടാവേണ്ടതുണ്ട്.
ബഹിരാകാശ രംഗത്തും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിത് റഷ്യയാണ്. 43 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട ബഹിരാകാശത്തെത്തിച്ചത് സോവിയറ്റ് യൂണിയന്റെ സോയൂസ് എന്ന വിക്ഷേപിണിയിലൂടെയായിരുന്നു എന്നതും മറക്കാവുന്നതല്ല.
ഇങ്ങനെ തന്ത്രപ്രധാനമായ നിരവധി കാര്യങ്ങള്‍ റഷ്യയുമായി ബന്ധപ്പെട്ടുണ്ടെന്നതിനാല്‍ത്തന്നെയാണ് ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ മോദി റഷ്യയിലെത്തിയതെന്നു കരുതാം. അനൗദ്യോഗിക ഉച്ചകോടിയെന്ന ഓമനപ്പേരിട്ടാണ് മോദി-പുടിന്‍ കൂടിക്കാഴ്ചയെ വിശേഷിപ്പിക്കുന്നതെങ്കിലും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ക്ലാവു നീക്കാന്‍ അതുപകരിക്കുമെന്നുതന്നെകരുതാം.


2018 മേയ് 25, വെള്ളിയാഴ്‌ച

അഭിമാന നിമിഷം..

കേരള മീഡിയ അക്കാഡമിയുടെ 2018ലെ ഫെലോഷിപ്പ് ലഭിച്ചപ്പോള്‍. തിരുവനന്തപുരം ടാഗോര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ കവിയും വിവര്‍ത്തകനും നിരൂപകനുമായ സച്ചിദാനന്ദനാണ് എനിക്ക് ഫെലോഷിപ്പ് സമ്മാനിച്ചത്. കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു, ജയ്ഹിന്ദ് ടി.വി ഡയറക്ടര്‍ കെ.പി.മോഹനന്‍, കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍.പി.ചന്ദ്രശേഖരന്‍ തുടങ്ങിയവരാണ് വേദിയില്‍



കര്‍ണാടക ഫലവും വരുന്ന
തെരഞ്ഞെടുപ്പുകളും

കര്‍ണാടക ഫലം ശ്രദ്ധ ക്ഷണിക്കുന്നത് വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലേക്കാണ്. ബി.ജെ.പിയെ നേരിടാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് ബോധ്യമായി
ട്ടും മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആര്‍ജവം കോണ്‍ഗ്രസ് കാട്ടുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി തുടരുന്ന വൈമനസ്യം ചോദ്യം ചെയ്യപ്പെടുന്നു എന്നത് യാദൃശ്ചികമല്ല. ഇനി അഥവാ ദേശീയ നേതൃത്വം തീരുമാനിച്ചാല്‍പോലും സഖ്യസാധ്യത ചര്‍ച്ച ചെയ്യാന്‍ ആഢ്യത്വം ഇനിയും വിട്ടുമാറാത്ത കോണ്‍ഗ്രസ് പ്രഭൃതികളുണ്ടെന്നത് വസ്തുതയാണ്. അടുത്തുകണ്ട തെരഞ്ഞെടുപ്പുകളിലൊക്കെയും ബി.ജെ.പിയെ എതിര്‍ത്തത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലൊരു മുന്നണിയും പ്രാദേശിക പാര്‍ട്ടികളുടെ മറ്റൊരു മുന്നണിയുമായിരുന്നു. അപ്പോഴൊക്കെയും ബി.ജെ.പി വിജയം വരിച്ചു. കര്‍ണാടകത്തിലും സംഭവിച്ചത് മറിച്ചല്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം സഖ്യമാകാമെന്ന കോണ്‍ഗ്രസ് തീരുമാനം ബി.ജെ.പിയെ പുറത്തിരുത്തി. പാലം വലിക്കുന്നതില്‍ കേമനാണ് ജെ.ഡി.എസിന്റെ കുമാരസ്വാമിയെന്നറിയാമായിരുന്ന യെദ്യൂരപ്പ തെരഞ്ഞെടുപ്പിന്റെ തൊട്ടുപിന്നാലെ നയം വ്യക്തമാക്കുകയും ചെയ്തത് ഓര്‍ക്കുക. കോണ്‍ഗ്രസുമായോ ജെ.ഡി.എസുമായോ സഖ്യത്തില്‍ ഭരണത്തിലേക്കില്ലെന്നായിരുന്നു പ്രഖ്യാപനം. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയായിരുന്നു ഇതെന്നു കരുതാന്‍ വയ്യ. യെദ്യൂരപ്പയുടെ വഴിക്ക് ബി.ജെ.പി വരുന്ന കാഴ്ചയായിരുന്നു അത്. കാരണം, ഇത്തവണ കര്‍ണാടക ഭരണം പിടിക്കേണ്ടത് ബി.ജെ.പിയുടെ അത്യാവശ്യമായിരുന്നു. അതുമനസിലാക്കിയാണ്, കൂടുതല്‍ എം.എല്‍.എമാര്‍ തങ്ങള്‍ക്കായിട്ടും മുഖ്യമന്ത്രിയാകാന്‍ വാശിപിടിച്ച കുമാരസ്വാമിയെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് മനസില്ലാമനസോടെ തീരുമാനിച്ചത്. കുമാരസ്വാമിക്ക് വളം വയ്ക്കുന്നത് കോണ്‍ഗ്രസ് ചീയുന്നതിനു തുല്യമാണെന്ന് അറിയാഞ്ഞിട്ടല്ല ഇത്. സ്വന്തം പാളയത്തില്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ആകാന്‍ പ്രാപ്തിയുള്ള നേതാക്കളുണ്ടായിരിക്കേ കുമാരസ്വാമിയെ അംഗീകരിച്ചത് വരുംദിനങ്ങളില്‍ കോണ്‍ഗ്രസില്‍ ശണ്ഠയുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. മല്ലികാര്‍ജുന ഖാര്‍ഗെ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ കച്ചകെട്ടിയതും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപക്ഷേ ഈ തെരഞ്ഞെടുപ്പില്‍ പുറത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായിരുന്നെങ്കില്‍ ജെ.ഡി.എസില്‍ തകര്‍ച്ച തുടങ്ങിയേനെ. അതുതടഞ്ഞത് കോണ്‍ഗ്രസിന്റെ പ്രവൃത്തിയാണെങ്കിലും ബി.ജെ.പിയെ പുറത്തുനിര്‍ത്താനായത് അവരുടെ വിജയംതന്നെയാണ്.

കര്‍ണാടകം വിരല്‍ ചൂണ്ടുന്നത്

ഈ വര്‍ഷം കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ 11 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. അതുപോലെ, മഹാരാഷ്ട്രയില്‍ രണ്ടും നാഗാലാന്‍ഡിലും ഉത്തര്‍പ്രദേശിലും ഓരോന്നുവീതവും ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളും നടക്കുന്നു. 28ന് നടക്കുന്ന ഈ തെരഞ്ഞെടുപ്പുകളുടെ ഫലം 31നുതന്നെ പുറത്തുവരും. ഈ വര്‍ഷം അവസാനത്തോടെ ബി.ജെ.പി ഭരിക്കുന്ന ഛത്തിസ്ഗഢിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും, കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറമിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയുമാണ്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ പാര്‍ട്ടിയുടെ പ്രതിഛായക്ക് കാര്യമായ ഇടിവുതട്ടിയിട്ടുണ്ടെന്നുള്ളത് കാണേണ്ടതുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ സത്‌നയില്‍ ദലിതനെ കെട്ടിയിട്ട് അടിച്ചുകൊന്ന സംഭവം നാടിന്റെ മനസാക്ഷിയെ ഉലയ്ക്കുന്നതായിരുന്നു. ഇതൊക്കെ ബി.ജെ.പിക്കെതിരേ വോട്ടായി മാറണമെങ്കില്‍ പ്രതിപക്ഷം കരുത്തുള്ളതാവണം്. ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിന് ആ ശേഷിയില്ല. എന്നാല്‍ വോട്ടുകള്‍ വിഘടിക്കാതെ സഖ്യസാധ്യത തേടിയാല്‍ കര്‍ണാടക ഈ സംസ്ഥാനങ്ങളിലും ആവര്‍ത്തിച്ചേക്കും. ബി.ജെ.പിയെ എതിര്‍ക്കുമ്പോള്‍ ഏറ്റുമുട്ടല്‍ നേരിട്ടാവണം. മൂന്നു മുന്നണികളുണ്ടായാല്‍ ആ പാര്‍ട്ടിക്ക് ജയസാധ്യതയൊരുങ്ങുമെന്ന് കണ്ടറിഞ്ഞതാണ്.

2019 ലോക്‌സഭ

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ചെറുക്കാന്‍ ചെറുപാര്‍ട്ടികളെ ചേര്‍ത്ത് ഏക മുന്നണി രൂപീകരിക്കുക എന്ന പോംവഴിയാണ് കോണ്‍ഗ്രസിനു മുന്നിലുള്ളത്. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ബി.ജെ.പി അടിയറവ് പറയും. അതല്ലെങ്കില്‍ പഞ്ചാബിലെപോലെ കോണ്‍ഗ്രസ് ശക്തമാകേണ്ടിവരും. സഖ്യത്തിന് കോപ്പുകൂട്ടാന്‍ കോണ്‍ഗ്രസിനുകഴിയുന്നില്ലെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ അതുസാധ്യമാക്കുകയും അവസാന പരാജയം കോണ്‍ഗ്രസ് ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്‌തേക്കാം.
സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ പിന്തുണയ്ക്കുകയും ദേശീയ തലത്തില്‍ ഈ പാര്‍ട്ടികളുടെ പിന്തുണ നേടുകയും ചെയ്യുക എന്നത് പരീക്ഷിക്കപ്പെടേണ്ടതാണ്. എന്നാല്‍ പ്രധാനമന്ത്രിപദം പോലും മോഹിക്കുന്ന പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ ഇതിനോട് യോജിക്കുമോ എന്നു കണ്ടറിയണം.
അതുപോലെ ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ തടയാന്‍ മമതയുടെ കോണ്‍ഗ്രസ് എന്തായാലും സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും അടുപ്പിയ്ക്കില്ലെന്നത് നൂറുതരം. അപ്പോള്‍ കേവലം ഒറ്റ അജണ്ടയില്‍ സഖ്യമുണ്ടാക്കുന്നത് പിന്നീട് വന്‍ തകര്‍ച്ച നേരിടുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നുമുണ്ടാകും. 2014ലെ പോലെ മധ്യപ്രദേശിലും ഛത്തിസ്ഗഢിലും രാജസ്ഥാനിലും ബി.ജെ.പിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. മിസോറമില്‍ കോണ്‍ഗ്രസിന്റെ കാര്യവും അങ്ങനെതന്നെ.

മഹാസഖ്യം

ഉത്തര്‍പ്രദേശിലെ ഫൂല്‍പൂരിലും ഗോരഖ്പൂരിലും എസ്.പി-ബി.എസ്.പി-കോണ്‍ഗ്രസ് മഹാസഖ്യമാണ് ബി.ജെ.പിയെ തോല്‍പിച്ചത്. ഡല്‍ഹിയില്‍ എ.എ.പി-കോണ്‍ഗ്രസ് സഖ്യമുണ്ടായാല്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്താം.
നിയസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തെത്തി നില്‍ക്കേ ബി.ജെ.പിയെ ഫലവത്തായി ചെറുക്കാന്‍ മഹാസഖ്യ രൂപീകരണത്തിന് പാര്‍ട്ടികള്‍ക്ക് താല്‍പര്യമുണ്ടോ എന്നാണ് കാണേണ്ടത്. തര്‍ക്കങ്ങളും ശുണ്ഠിയും മൂപ്പിളമയും അഹംഭാവങ്ങളും മാറ്റിവച്ച് സംസ്ഥാന തലങ്ങളില്‍ മഹാസഖ്യ രൂപീകരണത്തിന് കോണ്‍ഗ്രസ് ആണ് മുന്‍കൈ എടുക്കേണ്ടത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് അതു ചവിട്ടുപടിയാവുകയും വേണം. എങ്കില്‍ മാത്രമേ ബി.ജെ.പിയെ ഫലപ്രദമായി ചെറുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുകയുള്ളൂ.




2018 മേയ് 6, ഞായറാഴ്‌ച



പണം കട്ടുമുങ്ങിയ
പെരുച്ചാഴികളെ തേടി

ബാങ്കുകളെയും മറ്റു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കി പണം കട്ടു മുങ്ങുന്ന പെരുച്ചാഴികള്‍ രാജ്യത്തെമ്പാടുമുണ്ട്. ചെറുതും വലുതുമായ ഇത്തരക്കാരാണ് ഏതു രാജ്യത്തിന്റെയും സാമ്പത്തിക സ്ഥിതി തന്നെ അവതാളത്തിലാക്കുന്നത്. ഇന്നലെയ്ക്കു മുന്‍പ് അത് ആരൊക്കെയോ ആയിരുന്നു. മുഖങ്ങളില്ലാത്തവര്‍. ഇന്നലെ തെളിഞ്ഞ മുഖങ്ങളില്‍ മദ്യമുതലാളി വിജയ് മല്യയുണ്ടായിരുന്നെങ്കില്‍ ഇന്ന് തെളിഞ്ഞ മുഖങ്ങളില്‍ വജ്രവ്യാപാരി നീരവ് മോദിയാണുള്ളത്. നാളെ തെളിഞ്ഞേക്കാവുന്ന മുഖങ്ങളില്‍ ഇന്ന് ആര്‍ഭാടങ്ങളുടെ വെള്ളിവെളിച്ചത്തില്‍ വിരാജിക്കുന്ന ഏതെങ്കിലും കള്ള ബടുക്കൂസുകളുണ്ടായേക്കാം. രാജ്യം ഇന്ന് ഭയപ്പെടുന്നത് ഇത്തരക്കാരെയാണ്. ഇവര്‍ രാജ്യത്തിനകത്തുനിന്ന് സാധാരണക്കാരന്റെ കഞ്ഞിയില്‍ പാറ്റയിടാന്‍ ശ്രമിക്കുമ്പോള്‍ അതിര്‍ത്തിയില്‍ പാകിസ്താനും ചൈനയും ഉയര്‍ത്തുന്ന ഭീഷണി എത്രയോ നിസാരം.

അടിയേല്‍ക്കുന്നതോ
ധാരണക്കാര്‍ക്ക്

ബാങ്കുകളെ ശതകോടികള്‍ വെട്ടിച്ച് മുങ്ങുന്ന മോദിമാരും മല്യമാരും സാധാരണക്കാരന്‍ വിയര്‍പ്പൊഴുക്കി ജീവിതകാലം ഹോമിച്ചുണ്ടാക്കുന്ന പിച്ചക്കാശാണ് ശൂന്യമാക്കുന്നത്. വായില്‍ വെള്ളിക്കരണ്ടിയുമായി പിറക്കുന്ന ഇത്തരക്കാര്‍ക്ക് അരവയര്‍ പോലും നിറയാതെ മുണ്ടു മുറുക്കുന്ന കര്‍ഷകനെ ഗൗനിക്കേണ്ടതില്ല. ഇവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ ജനപ്രതിനിധികള്‍ക്കോ അവര്‍ രൂപീകരിക്കുന്ന സര്‍ക്കാരുകള്‍ക്കോ കഴിഞ്ഞ കാലങ്ങളിലൊന്നും സാധിക്കാതെ പോയത് അവരുമായുള്ള അവിഹിത ബന്ധങ്ങളായിരുന്നെന്നുള്ളത് ഇന്ന് രഹസ്യമല്ലാതായിരിക്കുന്നു. ജനാക്രോശമുയരുമ്പോള്‍ ഭരണാധികാരികള്‍ വീണു മണ്ണടിയും. അതിനുമുന്‍പ് പണം കട്ടവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതുണ്ടല്ലോ. അതാണ് കട്ടവരെ കണ്ടെത്തി നാട്ടിലെത്തിക്കാനും അവന്റെ സര്‍വതും കണ്ടുകെട്ടാനുമുള്ള പുതിയ നിയമം ലക്ഷ്യമിടുന്നത്.

പുതിയ സാമ്പത്തിക
കുറ്റകൃത്യ നിയമം

പിടികിട്ടാപ്പുള്ളകളായ സാമ്പത്തിക കുറ്റവാളികളെ ലക്ഷ്യമിട്ടാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യം നടത്തുകയും നിയമപ്രശ്‌നങ്ങളില്‍ നിന്നു രക്ഷപ്പെടാനും കോടതിയുടെ അറസ്റ്റ് വാറണ്ടില്‍ നിന്നു തടിതപ്പാനും രാജ്യം വിട്ടവരും വിടുന്നവരുമാണ് ഈ നിയമം വഴി കുടുങ്ങാന്‍ പോകുന്നത്. നിയമവിധേയരാവാന്‍ രാജ്യത്തേക്ക് മടങ്ങാന്‍ വൈമനസ്യമുള്ളവരെ തിരിച്ചെത്തിക്കാനും ഈ നിയമത്തിലൂടെ സാധിക്കും. ഇതിനൊക്കെയൊപ്പം പുതിയ ഓര്‍ഡിനന്‍സ് മറ്റൊന്നുകൂടി വ്യവസ്ഥ ചെയ്യുന്നുണ്ട്. കുറ്റവാളിയുടേതായി രാജ്യത്തിനകത്തും പുറത്തുമുള്ള സകല സ്ഥാവര ജംഗമ സ്വത്തുവകകളും കണ്ടുകെട്ടാനുള്ള വ്യവസ്ഥയാണത്. സ്വത്തുകണ്ടുകെട്ടുന്ന ഉത്തരവിടുന്നതിനുമുന്‍പ് കുറ്റവാളി ഇന്ത്യയിലെത്തി നിയമവിധേയനായാല്‍ അതില്‍ നിന്ന് താല്‍ക്കാലികമായി രക്ഷപ്പെടാം. എങ്കിലും വെട്ടിച്ചെടുത്ത പണത്തിന് സമാധാനം കണ്ടേതീരൂ. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ഓര്‍ഡിനന്‍സ് (എഫ്.ഇ.ഒ.ഒ) എന്നാണ് ഈ നിയമം അറിയപ്പെടുക. 100 കോടിയോ അതിലധികമോ രൂപ വെട്ടിക്കുന്നവരെയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള കേസുകള്‍ മാത്രം കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതിയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്ല്. 2002ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലെന്‍ഡറിങ് ആക്ടിനു (പി.എം.എല്‍.എ) കീഴിലായിരിക്കും് കോടതി. അന്വേഷണ ഏജന്‍സി, ഒരാള്‍ സാമ്പത്തിക കുറ്റകൃത്യം ചെയ്തിരിക്കുന്നു എന്നറിയിച്ചാല്‍ കോടതിക്ക് അയാള്‍ ഒളിവിലാണെങ്കില്‍ പണംതട്ടി മുങ്ങിയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കാനാവും.

കാലതാമസം
ആരെ രക്ഷിക്കാന്‍

ഓര്‍ഡിനന്‍സ് വന്നതൊക്കെ ശരി. എങ്കിലും ഇത്തരത്തില്‍ ഉള്ള നിയമനടപടികള്‍ എന്തേ ഇത്രയും വൈകിയെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. സാധാരണക്കാരന്റെ പണം ഉപരിവര്‍ഗത്തിലെ മുതലാളിമാര്‍ കട്ടുകൊണ്ടുപോകുന്നത് അറിയാതിരുന്നിട്ടാണോ. അതോ കാണാതിരുന്നതോ കണ്ണുമൂടിയതോ. വിരല്‍ എവിടേക്കൊക്കെ ചൂണ്ടേണ്ടിവരുമെന്ന് ഭയപ്പെടുന്നു. ഇപ്പോഴത്തെ ഈ ബില്ലുപോലും ഒരു മാസത്തിലേറെയായി മേശവലിപ്പുകളില്‍ ഉറങ്ങുകയായിരുന്നു. കഴിഞ്ഞ മാസം, അതായത് മാര്‍ച്ച് 12ന് സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലില്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ പാസാവുകയോ ഉണ്ടായില്ല. രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ഘോരഘോരം ഗീര്‍വാണം മുഴക്കിയ ഉന്നതകുലജാതരായ ജനപ്രതിനിധികളാരും ഈ ബില്ല് കണ്ടില്ല. ഇത് സാധാരണക്കാരന്റെ പണം നഷ്ടപ്പെട്ട കേസാണല്ലോ. അതിലാര്‍ക്കാണ് താല്‍പര്യം. പല രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഭരണപക്ഷ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ തുടര്‍ന്നു. ഈ തര്‍ക്കങ്ങളൊന്നും ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നില്ല. തര്‍ക്കങ്ങള്‍ സഭ പിരിയുന്നതിലേക്കും നിര്‍ത്തിവയ്ക്കുന്നതിലേക്കും അനുസ്യൂതം ഗമിച്ചപ്പോള്‍ കട്ടവന് മുങ്ങാന്‍ വഴിയൊരുങ്ങി, അഥവാ ഒരുക്കുകയായിരുന്നു എന്നു പറയേണ്ടിവരുന്നത് ഒരു രാജ്യത്തെ ജനങ്ങളുടെ ദയനീയാവസ്ഥയ്ക്ക് ദൃഷ്ടാന്തമാണ്. ഇപ്പോള്‍ ലോക്‌സഭയുടെ അനുമതിക്കു പകരം ഓര്‍ഡിനന്‍സ് ഇറങ്ങിയത് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമാകുന്നതിലേക്ക് നയിക്കും. അത് ഈ വിഷയത്തിലുണ്ടായേക്കാവുന്ന കാലതാമസം ഒഴിവാക്കാന്‍ പര്യാപ്തമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. താമസിച്ചാണെങ്കിലും നിയമം യാഥാര്‍ഥ്യമാകുന്നത് മല്യയും മോദിയും ഉള്‍പ്പെടെ രാജ്യത്തെ നീറ്റുന്ന ഒരുപിടി പണക്കള്ളന്‍മാരെ രാജ്യത്തെത്തിക്കാനും നിയമം നേരിടാനും വിധേയരാക്കുമെന്നതില്‍ തര്‍ക്കമില്ല.

കോടികളുടെ കടം,
മുങ്ങിയവര്‍ 31

രാജ്യത്തെ ബാങ്കുകള്‍ കോടികലുടെ കടക്കെണിയിലെത്തുന്നത് സാധാരണക്കാരനും കര്‍ഷകരും തുഛമായ പതിനായിരക്കണക്കിനു രൂപ കടമെടുത്ത് തിരിച്ചടയ്ക്കാഞ്ഞിട്ടല്ലെന്നോര്‍ക്കണം. ബാങ്കുകളെ വ്യക്തിപ്രഭകാട്ടി ശതകോടികള്‍ വെട്ടിച്ചു മുങ്ങിയവരാണ് പ്രതികള്‍. അവരെ സഹായിച്ച കുത്തക ബാങ്കുകളുടെ മുതലാളിമാരാണ് കൂട്ടുപ്രതികള്‍. സഹായികള്‍ മുങ്ങും. അത് നാടിന്റെ അവസ്ഥയാണ്. എന്നാല്‍ കുറ്റവാളികളായ തട്ടിപ്പുകാരുടെ സ്വത്തും വസ്തുവകകളും കണ്ടുകെട്ടി ബാങ്കുകള്‍ക്ക് കടത്തില്‍ നിന്ന് തലയൂരാനാവും.
രാജ്യത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയവര്‍ വിദേശങ്ങളില്‍ സസുഖം വാഴുകയാണ്. 31 പേരാണ് ഇത്തരത്തിലുള്ളതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടേയും പക്കലുള്ള കണക്കുകളിലുള്ളത്. ബിസിനസുകാര്‍ എന്ന ഓമനപ്പേരിലാണ് ഈ പെരുച്ചാഴികള്‍ അറിയപ്പെടുന്നത്. ഒരിക്കലും അടയ്ക്കാനാവില്ലെന്ന അറിഞ്ഞുകൊണ്ട് വന്‍ തുക വായ്പയെടുക്കുക. അടവു തെറ്റിക്കുക. നിഗൂഢതകള്‍ ബാക്കിയാക്കി വന്‍ കുംഭകോണം നടത്തി വിദേശത്തേക്ക് രക്ഷപ്പെടുക. തട്ടിപ്പിന്റെ വാല്‍ക്കഷണം പുറത്തുവരുമ്പോഴേക്കും കക്ഷികള്‍ വിദേശത്തെത്തിയിരിക്കും. നിയമം തള്ളി രക്ഷപ്പെട്ടാല്‍ നിയമവും ഒപ്പം വരുമെന്ന മുന്നറിയിപ്പാണ് പുതിയ ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നത്.

നാല്‍പതിനായിരം കോടി രൂപ തട്ടി
രാജ്യത്തെ കടക്കെണിയിലാക്കിയ
പെരുച്ചാഴികളില്‍ ചിലര്‍

1. വിജയ് മല്യ
2. ജതിന്‍ മേത്ത
3. ലളിത് മോദി
4. നീരവ് മോദി
5. മെഹുല്‍ ചോക്‌സി
6. റിതേഷ് ജെയിന്‍
7. സഞ്ജയ് ഭണ്ഡാരി
8. നിതിന്‍ ജയന്തിലാല്‍ സന്ദേശര
9. റെയ്മണ്ട് ആന്‍ഡ്രൂ വര്‍ളി
10. ജെ.കെ. അങ്കുരാല
11. രവി ശങ്കരന്‍
12. അജയ് പ്രസാദ് ഖെയ്താന്‍
13. അനന്ത് കുമാര്‍ ജെയിന്‍
14. റിഷികേശ് സുരേന്ദ്ര കര്‍ദിലെ
15. പാട്രിക് ചാള്‍സ് ബൊവറിങ്
16. കാര്‍ത്തിക് വേണുഗോപാല്‍
17. അമി നിരവ് മോദി
18. നീശാല്‍ മോദി






2018 ഏപ്രിൽ 13, വെള്ളിയാഴ്‌ച

നാവിക് ഇന്ത്യയുടെ പ്രതീക്ഷ



അമേരിക്കയുടെ ഗതിസൂചക-നിര്‍ണയ സംവിധാനമാണ് ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്). ഇന്ന് ഗതിസൂചക-നിയന്ത്രണ സംവിധാനത്തിന്റെ പര്യായമായി ജി.പി.എസ്് വളര്‍ന്നിരിക്കുന്നു. ലോകത്തെല്ലായിടത്തും വിവിധ പേരുകളില്‍ ഈ സംവിധാനം ഉപയോഗിച്ചുവരുന്നുണ്ട്. വാഹനങ്ങളില്‍ ഗതിസൂചകത്തിനായി ഗൂഗിള്‍ ആപ്പിലൂടെ ഇന്ത്യയിലും ഇത് സാര്‍വത്രികമായിരിക്കുന്നു.
അമേരിക്കയുടെ ജി.പി.എസിനെ ഒഴിവാക്കി സ്വയംപര്യാപ്തമാവാന്‍ ഇന്ത്യ വിക്ഷേപിച്ച ഏഴ് ഉപഗ്രഹങ്ങളടങ്ങിയ ശ്രേണിയുടെ പേര് നാവിക് (നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റല്ലേഷന്‍) എന്നാണ്. ഈ വര്‍ഷം ആദ്യം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് ഈ ശ്രേണിയില്‍ ഉള്‍പ്പെട്ട ഐ.ആര്‍.എന്‍.എസ്.എസ്-1 എ എന്ന ഉപഗ്രഹത്തിന്റെ റുബിഡിയം ക്ലോക്കുകള്‍ പ്രവര്‍ത്തന രഹിതമായി എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഈ അണുശക്തി ക്ലോക്കുകള്‍ കൃത്യമായ ഗതിനിര്‍ണയ ഡേറ്റകളുടെ വിശകലനത്തിന് ആവശ്യമായതിനാല്‍ അതിനുപകരം മറ്റൊരു ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്-1 എല്‍ പുതുതായി കഴിഞ്ഞ ദിവസം വിക്ഷേപിച്ചു.

വിഴ്ചകള്‍ യാദൃഛികമോ

1420 കോടി രൂപ മുടക്കിയാണ് രാജ്യം ഈ സംവിധാനം ആര്‍ജിക്കാനുള്ള ദൗത്യവുമായി മുന്നേറുന്നത്. എന്നാല്‍ ഇതിന്റെ പല ഘട്ടങ്ങളിലും വിഴ്ചകളുണ്ടാകുന്നത് രാജ്യത്തെ സുരക്ഷാ ഏജന്‍സികളേയും ബഹിരാകാശ ശാസ്ത്രജ്ഞന്‍മാരെയും ചില്ലറയൊന്നുമല്ല കുഴക്കുന്നത്. അണുശക്തി ക്ലോക്കിന്റെ തകരാറാണെന്നാണ് ഐ.എസ്.ആര്‍.ഒ വിശദീകരിക്കുന്നതെങ്കിലും വിദേശങ്ങളിലെ സ്വകാര്യ കമ്പനികളുള്‍പ്പെടെ നാവിക് ദൗത്യത്തിലേക്ക് ഘടകങ്ങള്‍ നല്‍കിയിട്ടുണ്ടെന്നിരിക്കേ രഹസ്യാന്വേഷണ ഏജന്‍സികള്‍ മറ്റ് വീഴ്ചകളുണ്ടോ എന്ന അന്വേഷണത്തിലാണ്. കാരണം കോടികള്‍ മുടക്കിയുള്ള ഐ.എസ്.ആര്‍.ഒയുടെ പദ്ധതികള്‍ ജി.പി.എസ് സംവിധാനം ആര്‍ജിക്കാനുള്ള ശ്രമത്തിലെത്തിയപ്പോഴാണ് പ്രതിസന്ധികളുണ്ടാകുന്നതാ3യി കാണുന്നത്.
നാവിക് പ്രചാരത്തിലെത്തിയാല്‍ ചൈന ചെയ്തതുപോലെ അമേരിക്കന്‍ ജി.പി.എസ് സംവിധാനത്തെ എന്തിനും ഏതിനും ആശ്രയിക്കുന്നത് ഇന്ത്യക്കും ഒഴിവാക്കാനാവും. പാകിസ്താന് ചൈന ഈ മേഖലയില്‍ കൈയയച്ച് സഹായം ചെയ്യുന്നതിനാലാണ് ഇന്ത്യ അതിര്‍ത്തിയില്‍ പലപ്പോഴും കടുത്ത ആക്രമണം നേരിടുന്നത്. ചൈനയുടെ സഹായത്തോടെ ദിശാ നിര്‍ണയം പാകിസ്താന്‍ സാധ്യമാക്കുമ്പോള്‍ അമേരിക്ക ഇന്ത്യയോടടുത്തു നില്‍ക്കുമ്പോഴും അവരുടെ ജി.പി.എസ് സംവിധാനം മിലിട്ടറി ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്നത് ഇന്ത്യക്ക് ചില്ലറയൊന്നുമല്ല പ്രയാസമുണ്ടാക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തിലുള്‍പ്പെടെ ഇത് തെളിഞ്ഞതോടെയാണ് സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിലേക്ക് കടക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇത് അമേരിക്കയെ ചൊടിപ്പിക്കുമെന്ന് ഉറപ്പ്. അതുപോലെ അമേരിക്കന്‍ ജി.പി.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളും ഫോണുകളും മറ്റും നാവിക് സംവിധാനത്തിലേക്ക് മാറണമെന്ന് ഇന്ത്യ ആവശ്യപ്പെടുമെന്ന ഭീതിയും അമേരിക്കക്കുണ്ട്. ഇതൊക്കെ കൂട്ടിവായിക്കുമ്പോഴാണ് നാവിക് സംവിധാനം നീണ്ടുപോകുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതെന്ന് മനസിലാക്കാം.

പരാജയം ആദ്യമല്ല

നാവിക് സംവിധാനത്തിനുള്ള ഏഴ് ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇതിലാദ്യത്തേതായ ഐ.ആര്‍.എന്‍.എസ്.എസ്-1എ ഉപഗ്രഹത്തിന്റെ അണുശക്തി ക്ലോക്ക് പ്രവര്‍ത്തന രഹിതമാണെന്ന് മനസിലാകുന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഐ.ആര്‍.എന്‍.എസ്.എസ്-1 എച്ച് കോടികള്‍ മുടക്കി അയച്ചെങ്കിലും അത് പരാജയമായതും വിശദീകരണങ്ങള്‍ക്കപ്പുറമാണ്്. ഉപഗ്രഹത്തിനല്ല, പകരം റോക്കറ്റിന്റെ താപ കവചം അടര്‍ന്നു മാറി ഉപഗ്രഹം സ്വതന്ത്രമാകാതിരുന്നതാണ് പരാജയകാരണമെന്നായിരുന്നു വിശദീകരണം. തുടര്‍ന്നാണ് പുതിയ ഉപഗ്രഹം കഴിഞ്ഞ ദിവസം അയച്ചത്. ഉപഗ്രഹങ്ങളിലെല്ലാം മൂന്നു വീതം റുബീഡിയം ക്ലോക്കുകളാണ് ഉണ്ടാവുക. രണ്ടു പകരം ഉപഗ്രഹങ്ങളിലേതുള്‍പ്പെടെ ഒന്‍പത് ഉപഗ്രഹങ്ങളിലേക്ക് 27 ക്ലോക്കുകള്‍ ആണ് ഘടിപ്പിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് ജിസാറ്റ് -6എ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിക്കാനായെങ്കിലും അതുമായുള്ള ബന്ധം വിഛേദിക്കപ്പെട്ട സംഭവവും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്.

നാവികിന്റെ ലക്ഷ്യം

അമേരിക്കയുടെ ജി.പി.എസ് സംവിധാനത്തിനു പകരമാകുക എന്ന പ്രഖ്യാപിത ദൗത്യമാണ് നാവികിനുള്ളത്. മത്സ്യബന്ധനമേഖലയില്‍ മുതല്‍ക്കൂട്ടാകുന്ന നാവിക് രാജ്യത്തിന്റെ സ്വകാര്യത സംരക്ഷിക്കുമെന്നും കണക്കാക്കുന്നു. മീന്‍പിടുത്തക്കാര്‍ക്ക് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കാനും അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയെകുറിച്ച് അറിയിപ്പ് നല്‍കാനും വന്‍ തിരമാലകളെകുറിച്ചും മത്സ്യ സമ്പത്തുള്ള പ്രദേശത്തെക്കുറിച്ചും അറിവ് നല്‍കാനും നാവിക് സഹായിക്കും. ചരക്കുകപ്പലുകള്‍ക്ക് ദിശാ നിര്‍ണയത്തിനും അപകടങ്ങളില്‍ സഹായത്തിനും നിരത്തുകളില്‍ ഗതി നിര്‍ണയത്തിന് വാഹനങ്ങളിലും ഉപയോഗിക്കാനാവും. സൈന്യത്തനും സുരക്ഷാ ഏജന്‍സികള്‍ക്കുമാണ് നാവിക് ഏറ്റവും നേട്ടമുണ്ടാക്കുക. ഏഷ്യന്‍ മേഖലയും പ്രത്യേകിച്ച് 1500 കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം ലക്ഷ്യം വച്ചാണ് നാവിക് നിര്‍മിച്ചത്. 2013ലാണ് നാവിക് ശ്രേണിയിലേക്ക് ഇന്ത്യ ഉപഗ്രഹങ്ങള്‍ അയച്ചു തുടങ്ങിയത്. ഐ.ആര്‍.എന്‍.എസ്.എസ്-1 എ, 1 ബി, 1 സി, 1 ഡി, 1 ഇ, 1 എഫ്, 1 ജി എന്നിവയാണ് നാവിക് ശ്രേണി. 2013 ജൂലൈ 13ന് തുടങ്ങി, 2014 ഏപ്രില്‍, ഒക്ടോബര്‍, 2015 മാര്‍ച്ച്, 2016 ജനുവരി, മാര്‍ച്ച്, ഏപ്രില്‍ എന്നിങ്ങനെയാണ് ഇവ ബഹിരാകാശത്തെത്തിച്ചത്.  പത്തുവര്‍ഷമാണ് ഈ ഉപഗ്രഹങ്ങളുടെ കാലാവധിയെന്നിരിക്കേ ഈ ശ്രേണിയില്‍ ആദ്യമയച്ച ഉപഗ്രഹം അ്രതിന്റെ പകുതി ആയുസ് പിന്നിട്ടു കഴിഞ്ഞെന്ന വസ്തുത ഗൗരവതരമാണ്.

സി.എ.ജിയുടെ കുറ്റപത്രം

ഐ.എസ്.ആര്‍.ഒ.യുടെ ഭാഗത്തുനിന്ന് കുറ്റകരമായ അശ്രദ്ധയാണ് നാവിക് പ്രയോഗത്തില്‍ വരുന്നത് നീണ്ടുപോകാന്‍ കാരണമെന്നാണ് സി.എ.ജി റിപ്പോര്‍ട്ട്്. 2011 ഡിസംബറോടുകൂടി പ്രവര്‍ത്തനക്ഷമമാകുമെന്ന ഐ.എസ്.ആര്‍.ഒയുടെ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ 2006 മെയിലാണ് ഈ ബൃഹദ് പദ്ധതിക്ക് അന്നത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയത്. നല്‍കിയ തുകയുടെ 90 ശതമാനവും ഉപയോഗിച്ചിട്ടും പദ്ധതി പ്രഖ്യാപിത വര്‍ഷത്തിലോ ആറു വര്‍ഷത്തിനുശേഷമോ ഫലപ്രാപ്തിയിലെത്താത്തത് ബഹിരാകാശ ഏജന്‍സിയുടെ വീഴ്ചയായാണ് സി.എ.ജി വിലയിരുത്തിയത്. പദ്ധതി പ്രഖ്യാപിച്ച് രണ്ടു വര്‍ഷത്തിനും ഒന്‍പത് വര്‍ഷത്തിനുമിടയില്‍ നല്‍കിയ 45 കോണ്‍ട്രാക്ടുകളാണ് പദ്ധതി മന്ദഗതിയിലാകാന്‍ കാരണമെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു.

ഇന്ത്യ അഞ്ചാമത്തെ രാഷ്ട്രം

ഗതിസൂചക സംവിധാനം സ്വന്തമായി വികസിപ്പിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമാകാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. അമേരിക്കയുടെ നാവസ്റ്റാര്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റമാണ് (ജി.പി.എസ്) ഈ മേഖലയില്‍ സാധാരണയായി അറിയപ്പെടുന്നത്. 1978 മുതല്‍ അമേരിക്ക ഇത് ഉപയോഗിച്ചുവരുന്നു എന്നറിയുമ്പോള്‍ ഇന്ത്യ എത്രമാത്രം പിന്നിലാണെന്ന് മനസിലാക്കാം. 32 ഉപഗ്രഹങ്ങളടങ്ങിയ ശ്രേണിയാണിത്. 1995ല്‍ ആരംഭിച്ച റഷ്യയുടെ ഗ്ലോനസ്സും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ജി.പി.എസ് സംവിധാനമാണ്.
യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങള്‍ അവര്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഗലീലിയോ എന്ന സംവിധാനത്തെ ആശ്രയിക്കുന്നു. 30 ഉപഗ്രഹങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 2014 മുതല്‍ അവര്‍ ഇത് ഉപയോഗിക്കുന്നുണ്ടെങ്കിലും 2020ഓടെ മാത്രമേ പൂര്‍ണ സജ്ജമാകൂ. ഇന്ത്യയുടെ വൈരികളായ ചൈനയ്ക്കും സ്വന്തമായി ഗതിസൂചക സംവിധാനമുണ്ട്. ബീദൂ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. 30 ഉപഗ്രഹങ്ങളടങ്ങിയ ഈ സംവിധാനം ഇപ്പോള്‍ പ്രാദേശികമായാണ് ഉപയോഗത്തിലുള്ളതെങ്കിലും 2020ഓടെ ആഗോളതലത്തില്‍ ഉപയോഗത്തില്‍ വരുത്താനുള്ള ശ്രമത്തിലാണവര്‍.
മേല്‍ പറഞ്ഞവയെല്ലാം ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തില്‍ (ജി.എന്‍.എസ്.എസ്) പെടുന്നവയാണ് അതേസമയം റീജിയണല്‍ സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം (ആര്‍.എസ്.എന്‍.എസ്) ചൈനയും ജപ്പാനും ഉപയോഗിക്കുന്നു, ഭാവിയില്‍ ഇന്ത്യയും ഈ മേഖലയിലേക്കാണ് കാലൂന്നുക.
ചൈനയുടെ ബീദു-1 ഏഷ്യാ-പസഫിക് മേഖലകളെയാണ് കവര്‍ ചെയ്യുന്നത്. 2012 ഡിസംബര്‍ മുതല്‍ ഇത് പ്രചാരത്തിലുണ്ട്. ജപ്പാന്റെ ക്വിസ്സ് (ക്യു.സെഡ്.എസ്.എസ്) മൂന്നു ഉപഗ്രഹങ്ങളുടെ കൂട്ടമാണ്. 2010ലാണ് ജപ്പാന്‍ ഇതിന്റെ ഉപയോഗം തുടങ്ങിയത്.










2018 മാർച്ച് 21, ബുധനാഴ്‌ച


കോണ്‍ഗ്രസ് പ്ലീനറിയും
പ്രതിപക്ഷ ഐക്യവും

കോണ്‍ഗ്രസിന്റെ 84ാമത്തെ സമ്പൂര്‍ണ സമ്മേളനമാണ് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്നത്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതിനുശേഷം നടന്ന ആദ്യ പ്ലീനറി സമ്മേളനമെന്ന പ്രത്യേകതയുമുണ്ടായിരുന്നു. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ 15000 ഇരിപ്പിടങ്ങള്‍ നിറയ്ക്കാനായത്് പാര്‍ട്ടിയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.
രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ ബി.ജെ.പി ചടുലമാറ്റങ്ങള്‍ വരുത്തി കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്ന വേളയിലാണ് പ്ലീനറി സമ്മളനം നടന്നത്.
2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ രാജ്യത്ത് 21 സംസ്ഥാനങ്ങളില്‍ ബി.ജെ.പി-സഖ്യ കക്ഷികള്‍ അധികാരത്തിലെത്തി. കിഴക്കും പടിഞ്ഞാറും വടക്കും സംസ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെട്ടത് കോണ്‍ഗ്രസ് ആയിരുന്നു. 13 സംസ്ഥാനങ്ങളില്‍ ഭരണം കൈയാളിയിരുന്ന കോണ്‍ഗ്രസ് നിലവില്‍ നാലു സംസ്ഥാനങ്ങളിലേക്കൊതുക്കപ്പെട്ടു. എങ്കിലും പഞ്ചാബിലെ തിളക്കമാര്‍ന്ന വിജയവും ഗുജറാത്തില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കാനായതും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നതിന്റെ തെളിവാണ്. ലോക്‌സഭാ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ പൊരുതിനേടിയ നേട്ടവും കോണ്‍ഗ്രസിന് പ്രതീക്ഷാ നിര്‍ഭരമാണ്.

ഐക്യനീക്കം നിര്‍ണായകം

കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നിര്‍ണായകമാകുന്നത് അതുയര്‍ത്തിയ ചില പ്രമേയങ്ങളിലൂടെയാണ്. അതില്‍ പ്രധാനം പ്രതിപക്ഷ ഐക്യമാണ്. ഒരു ദശാബ്ദത്തിനു പരീക്ഷിച്ചു വിജയം കണ്ട മഹാസഖ്യമെന്ന ആശയം കാലത്തിന്റെ ആവശ്യമാണെന്നു തിരിച്ചറിഞ്ഞായിരുന്നു പ്രമേയാവതരണം. എന്നാല്‍ ഇത്തവണ രാജ്യത്തെ ചെറുതും വലുതുമായ കക്ഷികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് ഭഗീരഥ പ്രയത്‌നം വേണ്ടിവരും. 2003ല്‍ സിംലാ സങ്കല്‍പ് പ്രമേയത്തിലൂടെ പ്രതിപക്ഷ ഐക്യനിരയുണ്ടാക്കി 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തില്‍ ഗോദയിലിറങ്ങിയ വാജ്‌പേയി സര്‍ക്കാരിനെ മലര്‍ത്തിയടിച്ചതിന്റെ ആവേശം ഇന്നും കോണ്‍ഗ്രസ് അണികള്‍ മനസില്‍ സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ 2013ല്‍ സിംലാ സങ്കല്‍പത്തിലെ മതേതരത്വം പരണത്ത് വച്ച് ജയ്പൂര്‍ പ്രമേയത്തിലൂടെ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് അതിന്റെ വിലയറിഞ്ഞതും ചരിത്രമാണ്. സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ സാധ്യമായത് രാഹുലിന്റെ കാലത്ത് നടക്കുമോ എന്ന സംവാദമാണ് ബാക്കി നില്‍ക്കുന്നത്. പ്രാദേശിക കക്ഷികളെ കൂടെക്കൂട്ടി അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭീഷണി ഉയര്‍ത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വെല്ലുവിളി. അതോടൊപ്പം ഒരു ദശാബ്ദമായി തങ്ങള്‍ പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണം നേടാന്‍ വോട്ടു ചോദിക്കുന്നതും പാര്‍ട്ടിക്ക് വെല്ലുവിളിയാണ്.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ നേതൃത്വത്തില്‍ പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് അടിവരയിടുന്നു. 1947ല്‍ എ.ഐ.സി.സി സമേമളനത്തില്‍ മഹാത്മാഗാന്ധിയുടെ പ്രസംഗത്തില്‍ പറഞ്ഞത് കോണ്‍ഗ്രസ് ഹിന്ദുക്കളുടെയും മുസ് ലിംകളുടെയും ക്രിസ്ത്യാനികളുടെയും സിഖിന്റെയും പാഴ്‌സിയുടെയും ഇന്ത്യയില്‍ ജീവിക്കുന്ന ഓരോരുത്തരുടേതുമാണെന്നാണ്. നെഹ്രുവിനെയും ബോസിനെയും പട്ടേലിനെയും ആസാദിനെയും ഇന്ദിരയെയും രാജീവിനെയും റാവുവിനെയും ചൂണ്ടിക്കാട്ടുന്ന പ്രമേയം ദിശാബോധമുള്ളതാണ്.
മോദിയെ പുറത്താക്കി രാഹുലിനെ അംഗീകരിക്കൂ എന്ന കോണ്‍ഗ്രസ് മുദ്രാവാക്യം ഫലം കാണണമെങ്കില്‍ പ്രതിപക്ഷത്തെ ചില പ്രമുഖ പാര്‍ട്ടികള്‍ കനിയേണ്ടിവരുമെന്നത് ചെറിയകാര്യമല്ല. പ്രത്യേകിച്ച് ത്രിപുര തെരഞ്ഞെടുപ്പില്‍ രാഹുലിനെ നേരില്‍ക്കണ്ട് ഐക്യത്തോടെ മത്സരിക്കാമെന്ന മമതാ ബാനര്‍ജിയുടെ അപേക്ഷ ചെവിക്കൊള്ളാതിരുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയര്ന്നിട്ടുണ്ട്. അന്ന് ഇറ്റലിയില്‍ മുത്തശിയെ കാണാന്‍ പോയ രാഹുല്‍ വിമര്‍ശനത്തിന് പാത്രമായപ്പോള്‍ മമത ഇനിയൊരു ഐക്യത്തിനില്ലെന്ന് പ്രഖ്യാപിച്ചതും കണ്ടതാണ്. കോണ്‍ഗ്രസില്‍ കുടുംബഭരണം ആരോപിച്ച് പുറത്തുപോയ ശരദ്പവാര്‍ മൂന്നാംമുന്നണിക്കായി പ്രതിപക്ഷ ഐക്യത്തിനു ശ്രമിക്കുന്നതും കാണാതിരുന്നുകൂടാ.

പ്രാദേശിക പാര്‍ട്ടികളുടെ ശക്തി

ഐക്യകാഹളമുയര്‍ത്തിയെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ ഉപതെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കുന്നതാണ്. പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലും ബിഹാറിലും. സ്വയം ശക്തരാണെന്നു തിരിച്ചറിഞ്ഞ പ്രാദേശിക പാര്‍ട്ടികള്‍ പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനത്ത് ഇന്ത്യ ഭരിക്കാമെന്ന കോണ്‍ഗ്രസ് സ്വപ്നത്തെ എത്രമാത്രം പിന്തുണയ്ക്കുമെന്നതും കണ്ടറിയണം. തങ്ങള്‍ സുസജ്ജമാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. അതിന് ചില സംസ്ഥാനങ്ങളെങ്കിലും ബി.ജെ.പി മുക്തമാക്കാനാകണം. കര്‍ണാടത്തില്‍ അടുത്തുനടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തുകയും വേണം. ഇല്ലെങ്കില്‍ പാര്‍ട്ടി കൂടുതല്‍ മെലിയും. രാജ്യത്ത് മൊത്തമായി സ്വാധീനമുള്ള പാര്‍ട്ടിയായതിനാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഐക്യം കെട്ടിപ്പടുക്കാന്‍ തങ്ങള്‍ക്കേ കഴിയൂ എന്ന് പ്രാദേശിക കക്ഷികളെ ബോധിപ്പിക്കാനാവണം.
ഉത്തര്‍പ്രദേശില്‍ ബി.എസ്.പി-എസ്.പി വിജയം ചെറിയ മാറ്റമാണെന്നാണ് പാര്‍ട്ടി കരുതുന്നത്. അതിനു പാര്‍ട്ടി വിശദീകരിക്കുന്നത് പ്രാദേശിക പാര്‍ട്ടികളെ ബി.ജെ.പിയുടെ വോട്ട് പിടിക്കാന്‍ വിടുകയും സ്വന്തം വോട്ട് ഉറപ്പിച്ചു നിര്‍ത്തുകയുമായിരുന്നു എന്നാണ്. സ്വന്തം സ്ഥാനാര്‍ഥികള്‍ കെട്ടിവച്ച കാശ് നഷ്ടപ്പെട്ടത് കോണ്‍ഗ്രസിനെ അലോസരപ്പെടുത്തുന്നില്ല.

സോണിയയുടെ അത്താഴവിരുന്ന്

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി യു.പി.എ ചെയര്‍പഴ്‌സണായ സോണിയാഗാന്ധി വിളിച്ച അത്താഴ വിരുന്നില്‍ 20 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് പങ്കെടുത്തത്. മോദി വിരുദ്ധ ഭരണം കാംക്ഷിക്കുന്നവരാണ് പങ്കെടുത്തതെന്നു വ്യക്തം. എന്നാല്‍ തെലുങ്കുദേശത്തെ ചന്ദ്രശേഖരറാവുവും ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവും ബംഗാളിലെ മമതയെയും കൂട്ടി പോരിനിറങ്ങിയിരിക്കുന്നത് കോണ്‍ഗ്രസ് കാണാതിരുന്നുകൂടാ. പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞത് ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരേയുണ്ടായ വിജയം ജനങ്ങളുടെ ക്രോധത്തിന്റെ ഫലമാണെന്നാണ്. എന്നാല്‍ അത് കോണ്‍ഗ്രസിനനുകൂലമാണെന്ന് അദ്ദേഹത്തിന് പറയാന്‍ കഴിയുന്നില്ല. പകരം ബി.ജെ.പിക്കെതിരേ ജയിക്കാന്‍ കഴിയുന്ന ഏതുപാര്‍ട്ടിക്കും ജനങ്ങള്‍ വോട്ടു ചെയ്യുന്നു എന്നു മാത്രമാണ്. അതുതന്നെയാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രശ്‌നവും. ഒരു രാത്രികൊണ്ട് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ കരകയറ്റുക എളുപ്പമല്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞത് അവിടെ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനെ കൂട്ടേണ്ട ആവശ്യമില്ലെന്ന് അഖിലേഷും മായാവതിയും കരുതുന്നതുകൊണ്ടാണ്. പാര്‍ട്ടികള്‍ ഉറച്ചുനിന്നാല്‍ സഖ്യമുണ്ടാക്കിയാല്‍ പോലും ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ വിരലിലെണ്ണാവുന്ന സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് മത്സരിക്കാന്‍ ലഭിക്കുകയുള്ളൂ. സഖ്യസാധ്യതയ്ക്കപ്പുറത്ത് കോണ്‍ഗ്രസിനെ ഭയപ്പാടോടെയാണ് പ്രാദേശിക കക്ഷികള്‍ വീക്ഷിക്കുന്നതെന്നതിന്റെ തെളിവാണത്.

ഉത്തര്‍പ്രദേശ് ലിറ്റ്മസ് ടെസ്റ്റ്

യു.പി ലിറ്റ്മസ് ടെസ്റ്റായി എടുത്താല്‍ കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ ലഭിച്ചത് 103 സീറ്റുകളാണെന്നു കാണാം. 403ല്‍ സഖ്യകക്ഷിയായിരുന്ന എസ്.പി 298 സീറ്റില്‍ മത്സരിച്ചു. ഇനി ബി.എസ്.പിയും കൂടി ചേര്‍ന്നാല്‍ ഈ സീറ്റ് സമവാക്യം വീണ്ടും മാറും. ലോക്‌സഭയിലേതും സമാനസ്ഥിതിയാവും.  ഇത് ഫലത്തില്‍ കോണ്‍ഗ്രസിനാണ് വിനയാവുകയെന്നു സാരം. കര്‍ണാടകത്തിലും ബംഗാളിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും തെലുങ്കാനയിലുമൊക്കെ പ്രാദേശിക പാര്‍ട്ടികളുടെ മസില്‍പെരുക്കം കോണ്‍ഗ്രസ് നേരിടേണ്ടിവരും. പ്രാദേശിക പാര്‍ട്ടികളെ അനുനയിപ്പിക്കണമെങ്കില്‍ കര്‍ണാടകയിലെ വിജയത്തിനു പുറമേ വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങിലും ബി.ജെ.പിയെ നിഷ്പ്രഭമാക്കേണ്ടതുണ്ട്.

2018 മാർച്ച് 16, വെള്ളിയാഴ്‌ച


മുംബൈയിലേത് അഷ്ടി സത്യഗ്രഹം

ഉപ്പിന് ബ്രിട്ടീഷ് സര്‍ക്കാര്‍ കനത്ത നികുതി ചുമത്തി അതിന്റെ ഉത്പാദനം ഇന്ത്യക്കാര്‍ക്ക് നിഷേധിച്ചു. ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് ഉപ്പുവാങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായതോടെയാണ് ഉപ്പുസത്യഗ്രഹത്തിന് ഗാന്ധി മുതിര്‍ന്നത്്.
1930ല്‍ മാര്‍ച്ചില്‍ തുടങ്ങി ഏപ്രിലിലേക്ക് നീണ്ടതാണ് ഉപ്പുസത്യഗ്രഹത്തിനായുള്ള ദണ്ഡിമാര്‍ച്ച്. മഹാത്മാ ഗാന്ധിയ്‌ക്കൊപ്പം അറുപതിനായിരത്തോളമാളുകളാണ് അഹമ്മദാബാദില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ അറേബ്യന്‍ കടല്‍ തീരത്തേക്ക് മാര്‍ച്ച് ചെയ്തത്.
ഇന്നത്തേതില്‍ നിന്നു വിഭിന്നമായി ഇന്ത്യക്കാരെ സ്വാതന്ത്ര്യമില്ലാതെ അടക്കി ഭരിച്ച വിദേശി സര്‍ക്കാരിനെതിരേയുള്ള സമരത്തിന്റെ വിജയമാണ് പിന്നീട് കണ്ടത്. ഇതില്‍ നിന്നേറെ വ്യത്യസ്തമായിരുന്നില്ല കിസാന്‍സഭയുടെ മുംബൈ മാര്‍ച്ച്.  ജനധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരേ അക്രമം വെടിഞ്ഞ് ജനാധിപത്യമാര്‍ഗത്തിലൂടെ സമരം ചെയ്ത കര്‍ഷകര്‍ രാജ്യത്തിന് മാതൃകയായി. സമരം ചെയ്യുന്നതിലല്ല അത് വിജയത്തിലെത്തിക്കുന്നതിലാണ് കാര്യമെന്നും അവര്‍ പഠിപ്പിച്ചുതരുന്നു.

നിശ്ചയദാര്‍ഢ്യം

കരഞ്ഞുകലങ്ങിയ കണ്ണുകളും ഒട്ടിയ വയറും വേച്ചുവേച്ചുള്ള നടപ്പും. മുംബൈയിലേക്ക് കിലോമീറ്ററുകള്‍ ക്ഷീണം മറന്ന് നടന്നടുത്ത കര്‍ഷകരുടെ കൈമുതല്‍ നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു. ഇപ്പോഴല്ലെങ്കില്‍ പിന്നീടൊരിക്കലുമില്ലെന്ന തിരിച്ചറിവാണ് മുണ്ടുമുറുക്കിയുടുത്തുള്ള ആ നടപ്പിന് കാരണം സമരായുധം ഉള്ളിലെ പ്രതിഷേധാഗ്നിമാത്രം. ചിലരുടെയെങ്കിലും കൈയില്‍ തൊണ്ടനനയ്ക്കാന്‍ വെള്ളം. പൊരിവെയിലത്ത് ഊണും ഉറക്കവും ഉപേക്ഷിച്ച് സ്ത്രീകളും വയോധികരും ചെറുപ്പക്കാരും കുട്ടികളും മാര്‍ച്ചില്‍ പങ്കെടുത്തു. തെരുവോരങ്ങളിലും പുഴവക്കിലും തണുപ്പില്‍ തുറസായ സ്ഥലത്തും ഉറക്കം വെടിഞ്ഞും യാത്രയായിരുന്നു. നഗ്നപാദരായിരുന്നു കൂടുതല്‍പേരും. ആവേശത്തിന് മുദ്രാവാക്യമില്ല. പകരം കുഴല്‍വാദ്യങ്ങളും തോല്‍ചെണ്ടകളും നാടന്‍ പാട്ടുകളും ചെറുനൃത്തരൂപങ്ങളും. മെയ് ആറിന് നാസിക്കില്‍ നിന്നാരംഭിച്ച ലോംഗ് മാര്‍ച്ചില്‍ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും നിന്നുള്ള ആദിവാസി-ദലിത് വിഭാഗങ്ങള്‍ പങ്കെടുത്തു.
നിശ്ചയദാര്‍ഢ്യത്തോടെ സാമാജികരുടെ മൂക്കിനുതാഴെ അവരെത്തിയപ്പോള്‍ ഭരണ വര്‍ഗം ഉണര്‍ന്നു. വിശക്കുന്നവന് ഭക്ഷണമല്ലാതെ എന്തു നല്‍കിയാലാണ് തൃപ്തിപ്പെടുക. ആവശ്യമെന്തെന്ന് സമരക്കാര്‍ക്കും ഭരണക്കാര്‍ക്കും ബോധ്യമായിരുന്നു. അതിന്റെ വിജയമാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ കണ്ടത്. 180 കിലോമീറ്റര്‍ ദൂരം താണ്ടുമ്പോഴേക്കും സമരക്കാരുടെ എണ്ണം അരലക്ഷത്തോളമായിരുന്നു. ഉപരിവര്‍ഗ മാധ്യമങ്ങള്‍ ലോംഗ് മാര്‍ച്ച് കണ്ടില്ലെന്നു നടച്ചു. അഥവാ സി.പി.എം നേതൃത്വത്തില്‍ ശിവസേനയുടെയും മറ്റും പിന്തുണയോടെ സര്‍ക്കാരിനെതിരേയുള്ള മാര്‍ച്ചായി വ്യാഖ്യാനിച്ചു. മൗനിയായി നടന്നു നീങ്ങിയ വയറൊട്ടിയ വയോധികര്‍ക്ക് അതിലൊന്നും പ്രതിഷേധമില്ലായിരുന്നു. അവര്‍ക്ക് പാര്‍ട്ടിയല്ല മുന്നിലുണ്ടായിരുന്നത്. കൈയില്‍ മുറുകെ ചുരുട്ടിപ്പിടിച്ച ജീവിതമായിരുന്നു. അത് നിലനിര്‍ത്താന്‍ അവന് ആരുടെയും പിന്തുണ വേണ്ടിയിരുന്നുമില്ല. വാര്‍ത്തകളില്‍ നിറമില്ലായിരുന്ന മാര്‍ച്ച് മുംബൈയിലെത്തിയപ്പോള്‍ ദേശീയ മാധ്യങ്ങള്‍ ഇരുകൈയും നീട്ടിസ്വീകരിക്കുന്ന കാഴ്ചയും പിന്നീട് നമ്മള്‍ കണ്ടു.

ആശനല്‍കി സമരം

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് കര്‍ഷക നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ത്തന്നെ ഒരുകാര്യം ഊന്നിപ്പറഞ്ഞിരുന്നു. രാഷ്ട്രീയ നേതൃത്വവുമായി ചര്‍ച്ചയ്ക്കില്ല. അതുശരിവച്ച കര്‍ഷകര്‍ അവരുടെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രാപ്തിയുള്ള നേതാക്കളെ ചര്‍ച്ചയ്ക്ക് അയച്ചു. പിന്നെ ഗത്യന്തരമില്ലായിരുന്നു ഭരണക്കാര്‍ക്ക്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുകയെന്ന വിധിമാത്രം ബാക്കി. 2014ല്‍ അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് കര്‍ഷകനാണ് ഇന്ത്യയുടെ സമ്പത്തിന്റെ നാഡിയെന്നായിരുന്നു. അവന് പണം കിട്ടിയില്ലെങ്കില്‍ ഇന്ത്യ മുന്നോട്ടു നീങ്ങില്ല. അന്ന് കൈയടിച്ച കര്‍ഷകന്‍ പണം പോയിട്ട് ഭക്ഷണമില്ലാതെ വിലപിക്കേണ്ടിവന്നത് അധികാരികള്‍ക്ക് കാണാതെപോകാനാവില്ലായിരുന്നു. അതുകൊണ്ടാണ് സമരം അംഗീകരിക്കപ്പെട്ടതും രാഷ്ട്രീയഭേദമന്യേ പിന്തുണ ലഭിച്ചതും.
സമരം തീരുമ്പോള്‍ സമരക്കാര്‍ സര്‍ക്കാരില്‍ നിന്ന് രേഖാമൂലം ഉറപ്പു വാങ്ങിയിരുന്നു. ഒരുതുണ്ടുഭൂമിയില്‍ കൃഷിചെയ്യാന്‍ വാങ്ങിയ വായ്പ കാലവര്‍ഷക്കെടുതിയില്‍ ഒലിച്ചുപോയപ്പോള്‍ അന്നം മുട്ടിയവരെ സഹായിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന ബാലപാഠമാണ് ഇവര്‍ തുറന്നുവച്ചത്. കൃഷിക്ക് ശേഷിയില്ലാത്ത കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടതും ഭരണാധികാരികളുടെ ഉത്തരവാദിത്തമാണെന്ന് അവര്‍ ബോധ്യപ്പെടുത്തി. ആദിവാസികളെ വനത്തില്‍നിന്ന് ആട്ടിയിറക്കുന്നതിനുപകരം അവരെ ആ ആവാസവ്യവസ്ഥയുടെ ഭാഗമായി അംഗീകരിച്ച് ജീവനോപാധി നല്‍കാന്‍ രാജ്യം ബാധ്യസ്ഥമാണെന്ന് ചൂണ്ടിക്കാണിച്ചു. വെള്ളവും വെളിച്ചവും മൗലികാവകാശമാണെന്ന് അടിവരയിട്ടുറപ്പിച്ചു. 12 വര്‍ഷം മുന്‍പ് സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടും കാലാകാലങ്ങളില്‍ ഭരണവര്‍ഗത്തിന്റെ കക്ഷത്തില്‍ വിശ്രമം കൊള്ളാന്‍ വിധിക്കപ്പെട്ട തിട്ടൂരം പുറത്തെടുക്കാമെന്ന് സമ്മതം മൂളാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കാനും സമരത്തിനായി.

പ്രതിപക്ഷ വിമര്‍ശം

അതിനിടെ, കിസാന്‍സഭയുടെ മാര്‍ച്ച് ഏകപക്ഷീയമായി അവസാനിപ്പിക്കുകയായിരുന്നെന്ന വിമര്‍ശനമുയര്‍ത്തി മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്തെത്തിയത് മാര്‍ച്ചിന് ക്ഷീണമുണ്ടാക്കുന്നുണ്ട്. അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂര്‍ കിസാന്‍സഭ നേതാക്കളുമായി ബി.ജെ.പി മുഖ്യമന്ത്രി സംസാരിച്ചതെന്താണെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിന്റെ രാധാകൃഷ്ണ വിഖേ പാട്ടീലും എന്‍.സി.പിയുടെ ധനഞ്ജയ് മുണ്ടെയും ആവശ്യപ്പെട്ടത് മാര്‍ച്ചിന്റെ ശോഭ കെടുത്തിയേക്കാം. ഈ കക്ഷികള്‍ മാര്‍ച്ചിനോട് ചേര്‍ന്ന ഘട്ടത്തിലാണ് കിസാന്‍സഭ നേതാക്കള്‍ മുഖ്യമന്ത്രി ഫട്‌നവിസുമായുള്ള ചര്‍ച്ച വിജയിച്ചതായി കാട്ടി സമരം പിന്‍വലിച്ചത്. കിസാന്‍സഭ ബി.ജെ.പി സര്‍ക്കാരിനെ വിശ്വസിക്കുന്നെങ്കിലും തങ്ങള്‍ വിശ്വസിക്കാന്‍ തയാറല്ലെന്ന നിലപാടിലാണവര്‍.
ഇതൊക്കെയാണെങ്കിലും ബി.ജെ.പി എം.പി പൂനം മഹാജന്റെ ആരോപണത്തില്‍ കര്‍ഷകര്‍ ഖിന്നരാണ്. നാഗരിക മാവോയിസ്റ്റുകളുടെ പിന്തുണയിലാണ് ആദിവാസി-ദലിത്-കര്‍ഷക സമൂഹം മുംബൈയിലേക്ക് മാര്‍ച്ച് നടത്തിയതെന്നായിരുന്നു അവരുടെ ആരോപണം. പളുങ്കുപാത്രത്തില്‍ ആഹാരം രുചിച്ച് കേളിയാടി ചില്ലുമേടയില്‍ വാഴുന്ന പൂനത്തിനറിയില്ലല്ലോ വയറൊട്ടിയവന്റെ വേദന.

കണക്കുകള്‍ പറയുന്നു

2002നുശേഷം 32 മിനിറ്റില്‍ ഒരു കര്‍ഷക ആത്മഹത്യ ഉണ്ടാകുന്നതായി ഐക്യരാഷ്ട്ര സഭയുടെ കണക്കുകളില്‍ പറയുന്നു. കടബാധ്യതയും വിളനാശവും രോഗവും കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. ഇന്ത്യയില്‍ ഒന്‍പതുകോടിയിലധികം കര്‍ഷക കുടുംബങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ നാലരക്കോടിയിലധികം പേരും കടക്കെണിയിലാണെന്നത് ഭീതിതമായ അവസ്ഥയാണ്. അടച്ചുതീരാത്ത വായ്പയും പേറി അധ്വാനം തുടരുന്നവര്‍. കുടുംബംപ്രതി അരലക്ഷത്തോളം രൂപ കടം. നൂറുരൂപയ്ക്ക് കഷ്ടപ്പെടുന്നവന് മുന്നില്‍ മഹാമേരുപോലെയാണീ തുകയെന്ന് പറയേണ്ടതില്ലല്ലോ.
ഉത്തര്‍പ്രദേശില്‍ 79 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ കടക്കെണി നേരിടുമ്പോള്‍ മഹാരാഷ്ട്രയില്‍ അത് 41 ലക്ഷവും രാജസ്ഥാനില്‍ 40 ലക്ഷവും ആന്ധ്രാപ്രദേശിലും ബംഗാളിലും 3 ലക്ഷം വീതവുമാണ്.
കഴിഞ്ഞ ജൂണില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോള്‍ 34,022 കോടിയുടെ വായ്പയാണ് ഫട്‌നവിസ് സര്‍ക്കാര്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത്. ചെറുകിടക്കാരായ 70 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ഒരുവര്‍ഷത്തിനിപ്പുറം വീണ്ടും ബജറ്റ് പ്രഖ്യാപനമുണ്ടായിയ 23,102 കോടി എഴുതിത്തള്ളും. തുടര്‍ന്ന് 13,782 കോടി ബാങ്കുകള്‍ എഴുതിത്തള്ളിയെങ്കിലും ബജറ്റ് പ്രഖ്യാപനത്തേക്കാള്‍ ഏറെ കുറവായിരുന്നു. ബഹുഭൂരിപക്ഷത്തിനും ഗുണകരമായില്ലെന്നു മാത്രമല്ല ഇത്തവണ വിളവെടുപ്പ് സാധ്യമല്ലാതാക്കി കാലാവസ്ഥ വ്യതിയാനവുമുണ്ടായി. കീടനാശിനികള്‍ വരുത്തിയ രോഗപീഡയുമെല്ലാമായി ജീവിക്കാന്‍ നിര്‍വാഹമില്ലാതെ വന്നതോടെയാണ് മുന്നില്‍ നില്‍ക്കുന്നവന്റെ പിന്നില്‍ അണിചേരാന്‍ കര്‍ഷകര്‍ തയാറായത്.

കിസാന്‍സഭ മാതൃക

ഈ സമരം ഒരു മാതൃകയായിരുന്നു. എങ്ങനെയാണ് സമരം നടത്തേണ്ടതെന്ന മാതൃക. വീര്‍പ്പുമുട്ടിയ മുംബൈ നഗരത്തിന് തങ്ങളുടെ ബാഹുല്യത്തെ താങ്ങാന്‍ കഴിയില്ലെന്ന് മനസിലാക്കിയ കര്‍ഷകര്‍ മഹാരാഷ്ട്ര വിധാന്‍സഭ വളയുന്നതിനു മുന്‍പ് ആസാദ് മൈതാനത്ത് തമ്പടിയ്ക്കണമെന്നു തീരൂമാനിച്ചിരുന്നു. പരീക്ഷകള്‍ നടക്കുന്ന സമയം. നഗരം നിശ്ചലമായാല്‍ ജോലികളും ജോലിക്കാരും കമ്പനികളും നിശ്ചലമാകും. ആരുടെയും അന്നംമുടക്കി സമരം വേണ്ടെന്ന തീരുമാനത്തില്‍ മുംബൈ നഗരം ഉറങ്ങിക്കിടക്കുമ്പോള്‍ മാര്‍ച്ച് നയിച്ച് ആസാദ് മൈതാനിയില്‍ അവരൊത്തുകൂടി. പിറ്റേന്ന് ഉണര്‍ന്ന പ്രബുധ നഗരം കണ്ടത് ആസാദ് മൈതാനത്ത് ഒത്തുകൂടിയ പട്ടിണിപാവങ്ങളെയായിരുന്നു. അവരുടെ അവകാശങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കാന്‍ ഏതു രാഷ്ട്രീയപ്പാര്‍ട്ടിക്കും അധികാരവര്‍ഗത്തിനുമാണ് കഴിയുക. വിജയം പിടിച്ചെടുക്കുകയായിരുന്നു കിസാന്‍ സഭ.
സി.പി.ഐ എമ്മിന്റെ കര്‍ഷകവിഭാഗമാണ് അഖിലേന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്). സമരത്തിന് ചിത്രങ്ങളില്‍ ചുവപ്പുനിറമായതുകൊണ്ട് സമരത്തെ തള്ളിക്കളയരുത്. സമരം ചെയ്തവന് പാര്‍ട്ടികളില്‍ വിശ്വാസമില്ല. മുന്നില്‍ വഴികാട്ടിയവന്റെ പിന്‍പറ്റി നടന്നത് ജീവന്‍ നിലനിര്‍ത്താനായിരുന്നു. സമരത്തിന്റെ അവസാന ദിവസം യെച്ചൂരിയും മറ്റും വന്നെങ്കിലും കര്‍ഷകന് അതൊന്നും ആവേശം പകര്‍ന്നില്ല. കാരണം അവന്റെ മുന്നില്‍ രാഷ്ട്രീയത്തിന് വിശപ്പിന്റെ ഗന്ധം മാത്രമേയുണ്ടായിരുന്നുള്ളൂ.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലൊരു മാര്‍ച്ച് കണ്ടിരുന്നു. പാമ്പും എലിയും മരിച്ച കര്‍ഷകരുടെ തലയോട്ടിയും മറ്റുമായി അര്‍ധ നഗ്നരായി തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത് ഡല്‍ഹിയിലേക്കായിരുന്നു. രാജ്യതലസ്ഥാനത്ത് സമരക്കാരുടെ കേന്ദ്രമായ ജന്തര്‍മന്തറിലായിരുന്നു സമരം. വാര്‍ത്തകളില്‍ നിറഞ്ഞ ഈ സമരത്തിന് പ്രത്യേകിച്ച് അനുകൂല വിധികളുണ്ടായില്ല.
ചൈനയിലേക്കും ത്രിപുരയിലേക്കും ബംഗാളിലേക്കും കൈചൂണ്ടിയിരുന്ന സി.പി.എം ഇനി മുംബൈയിലേക്കാവും വിരല്‍ചൂണ്ടുക.  കേരളത്തിലെ കര്‍ഷകരും അവകാശപ്പോരാട്ടത്തിന് ഭരണവര്‍ഗങ്ങള്‍ക്കെതിരേ രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇവിടെ കൊടിയുടെ നിറംനോട്ടം കൂടുതലായതിനാല്‍ അവരെ അടക്കിഭരിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കാകുന്നത് ദയനീയമാണ്. അതുകൊണ്ട് ആദിവാസി മധുവിനെ പോലുളളവര്‍ സംസ്്ഥാനത്ത് ഇനിയും ഉണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.