അമേരിക്കയാണോ റഷ്യയാണോ ഇന്ത്യയ്ക്ക് പ്രിയപ്പെട്ടതെന്ന ചോദ്യത്തിന് റഷ്യയെന്നാണ് മറുപടി. അതു തുടര്‍ന്നുവന്നതും തുടരുന്നതും തുടരേണ്ടതും അങ്ങനെതന്നെയാണ്. വിശ്വസിക്കാന്‍ കൊള്ളാവുന്ന സുഹൃത്തെന്ന് വേണമെങ്കില്‍ റഷ്യയെ വിലയിരുത്താം. അമേരിക്കയെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് അവര്‍ തന്നെ നൂറുവട്ടം തെളിയിച്ചിട്ടുള്ളതാണ്. അമേരിക്ക തുടര്‍ന്നു വരുന്ന സംസ്‌കാരം അവര്‍ മാത്രം ലോകത്തെ ശക്തിയാകണം എന്നതാണ്. മറ്റെല്ലാവരും തങ്ങള്‍ക്ക് കീഴില്‍ മാത്രമെ ആകാന്‍ പാടുള്ളൂ. അതുകൊണ്ടുതന്നെ വികസ്വര രാജ്യങ്ങളെ കൈയയച്ചു സഹായിക്കുമെങ്കില്‍ വികസനപാതിയിലെത്തി എന്നായാല്‍ പാലം വലിക്കുന്ന പണി അമേരിക്ക ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല.
ഇന്ത്യ ദുര്‍ഘടമായ കാലഘങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം റഷ്യ എന്ന നല്ല സുഹൃത്തിന്റെ അനുകമ്പ ലഭിച്ചിരുന്നു. എല്ലാ കാലത്തും അതു തുടര്‍ന്നുവന്നു എന്നതാണ് പ്രത്യേകത. തന്ത്രപ്രധാനവും സൈനിക-സാമ്പത്തിക-നയതന്ത്ര ബന്ധങ്ങളിലും ഇരുരാജ്യങ്ങളും കാത്തുസൂക്ഷിക്കുന്നത് കാലങ്ങളായി ഭരണകര്‍ത്താക്കള്‍ തുടരുന്ന സൗഹൃദത്തിന്റെ തുടിപ്പാണ്. ആധുനിക കാലത്തേക്ക് കടക്കുമ്പോള്‍ സാമ്പത്തിക രംഗം ഏറെ പ്രാധാന്യം കൈവരിക്കുന്ന കാഴ്ചയാണല്ലോ കാണുന്നത്. അതുകൊണ്ടുതന്നെ അതിവേഗം ശക്തിപ്രാപിക്കുന്ന സാമ്പത്തിക ശക്തികളെന്ന നിലയില്‍ ഇരുരാജ്യങ്ങളും സഹകരണ മനോഭാവമാണ് പുലര്‍ത്തുന്നത്. അന്താരാഷ്ട്ര രംഗത്ത് ഇതിന് ഏറെ പ്രാധാന്യമാണുള്ളത്. അതുപോലെ രാഷ്ട്രീയ-പ്രതിരോധ-അണുവോര്‍ജ-തീവ്രവാദവിരുദ്ധ-ബഹിരാകാശ രംഗങ്ങളിലെന്നുവേണ്ട സാംസ്‌കാരിക രംഗത്തുപോലും റഷ്യയുടെ ബന്ധം ഇന്ത്യക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതായിരിക്കുന്നു.
സോവിയറ്റ് യൂണിയനും റഷ്യയും
ഇന്ത്യ ബ്രിട്ടീഷുകാരുടെയും റഷ്യ സാര്‍ ഭരണകൂടത്തിനും കീഴിലായിരിക്കേ 20ാം നൂറ്റാണ്ടിന്റെ ആരംഭദശയിലാണ് മഹാത്മാഗാന്ധി റഷ്യന്‍ ബന്ധം തുടങ്ങിവച്ചത്. 1905ലെ റഷ്യന്‍ വിപ്ലവത്തിന്റെ ചുവടുപിടിച്ചായിരുന്നു ഗാന്ധി നയിച്ച സ്വാതന്ത്ര്യ സമരം. സാഹിത്യകാരന്‍ ലിയോ ടോള്‍സ്‌റ്റോയിയുമായി ഗാന്ധിയുണ്ടാക്കിയ ബന്ധം ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയനുമായി കോണ്‍ഗ്രസ് തുടങ്ങിവച്ചു. 1927ല്‍ ബോള്‍ഷെവിക് വിപ്ലവ വാര്‍ഷികത്തില്‍ പങ്കെടുത്ത നെഹ്രു സ്വാതന്ത്ര്യത്തിനുമുന്‍പുതന്നെ സോവിയറ്റ് യൂണിയന്റെ മഹത്വം തിരിച്ചറിഞ്ഞതാണ് ഇന്നത്ത നിലയിലേക്ക് ഇരുരാജ്യങ്ങളെയും എത്തിച്ചത്. 1947 ഏപ്രില്‍ 13ന് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുന്‍പുതന്നെ ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രമേയം അംഗീകരിച്ചതും ഇതിന് അടിത്തറയേകി. നെഹ്രുവിന് ശേഷം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ റഷ്യന്‍ ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കി. സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായപ്പോള്‍ ഏറെ ഹൃദയമിടിച്ചത് ഇന്ത്യയുടേതുതന്നെയായിരുന്നു. സുഹൃത്ത് മരിക്കുന്നതിനു തുല്യമായിരുന്നു അത്. എന്നാല്‍ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ചിറക് വീശി പറന്നുയര്‍ന്ന റഷ്യ ഇന്ത്യയുടെ ആശയ്ക്കും ആശങ്കകള്‍ക്കും പരിഹാരമാവുകയായിരുന്നു.
ഉഭയകക്ഷി ബന്ധം
ഇന്ത്യയും റഷ്യയുമായി തന്ത്രപ്രധാന സഹകരണ ഉടമ്പടിയുണ്ടാക്കിയത് 2000 ഒക്ടോബറിലാണ്. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ആണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഉടമ്പടി ഒപ്പുവച്ചത്. ഇന്ന് റഷ്യയുമായി ശക്തമായ ബന്ധം തുടരാന്‍ സാധ്യമാക്കിയത് ഈ ഉടമ്പടിയാണ്.
ഈ ബന്ധം നില്‍ക്കുമ്പോള്‍ത്തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയോട് ഏറെ അടുപ്പം കാട്ടിയതെന്നോര്‍ക്കണം. 2014ല്‍ അധികാരത്തില്‍ വന്ന അന്നുമുതല്‍ അന്ധമായ അമേരിക്കന്‍ പ്രേമം മോദിക്കുണ്ടായി. അതിന്റെ ഫലം റഷ്യയില്‍ നിന്നാണുണ്ടായത്. 2015ല്‍ പാകിസ്താനുമായി റഷ്യയുണ്ടാക്കിയ കരാറില്‍ ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വാതക പൈപ്പ് ലൈന്‍ നിര്‍മിക്കുന്നതായിരുന്നു. ഇന്ത്യ ഞെട്ടി. എന്നിട്ടും അമേരിക്കന്‍ പ്രേതം വിട്ടുപോയില്ല.
തുടര്‍ന്നും പാകിസ്താനോട് അയഞ്ഞ നിലപാട് സ്വീകരിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കാന്‍ അതുകാരണവുമായി. 2016ല്‍ പാക് സൈനവുമായി ചേര്‍ന്ന് അഭ്യാസപ്രകടനം നടത്താന്‍ റഷ്യ തീരുമാനിച്ചത് ഇന്ത്യക്കുണ്ടാക്കിയ അങ്കലാപ്പ് ചില്ലറയല്ല. ചരിത്രത്തിലാദ്യമായി സംഭവിച്ച റഷ്യ-പാക് സൈനിക അഭ്യാസം ഇന്ത്യയുടെ നിലപാടില്‍ റഷ്യക്കുള്ള വേദനയായി വ്യാഖ്യാനിക്കാം.
ഇന്ത്യയുടെ എക്കാലത്തെയും ശത്രു രാജ്യമായി മാറിയ പാകിസ്താന്‍, റഷ്യയുടെ ഉറ്റ അനുയായി ചൈനയുമായി ഉറച്ച ബന്ധം പുലര്‍ത്തിവരുന്നു. അതുകൊണ്ടുതന്നെ പാകിസ്താനുമായി അടുപ്പം ഉണ്ടാകാന്‍ മറ്റ് പ്രത്യേക കാരണമൊന്നും റഷ്യക്കു വേണ്ടതായിട്ടുമില്ല. പാകിസ്താനുമായി അകലം പാലിച്ചത് ഇന്ത്യയെന്ന ഉത്തമ സുഹൃത്ത് ഉണ്ടായിരുന്നതുകൊണ്ടാണ്. ഇന്ത്യ അമേരിക്കയിലേക്ക് നോക്കുമ്പോള്‍ റഷ്യ സ്വീകരിച്ച നിലപാടില്‍ കുറ്റംപറയാനുമാവില്ല.
റഷ്യന്‍ സഹകരണം
ഇന്ത്യയില്‍ ആയുധ ഇറക്കുമതിയില്‍ റഷ്യന്‍ സാന്നിധ്യം 62 ശതമാനമാണ്. കാലങ്ങളായി സോവിയറ്റ് യൂണിയനും പിന്നെ റഷ്യയും ഇന്ത്യയെ ആധുനിക ആയുധമണിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചുപോന്നു. അതുകൊണ്ട് റഷ്യയെ അകറ്റുന്നത് ഇത്തരം ആയുധങ്ങള്‍ പൊടിതട്ടി എണ്ണയിട്ട് സൂക്ഷിക്കുന്നതില്‍ വിലങ്ങുതടിയാകുമെന്ന് മനസിലാകാന്‍ മോദിക്ക് കാലതാമസമെടുത്തു.
2014ലെ കരാറനുസരിച്ച് 2025 ആകുമ്പോഴേക്കും ഇരുരാജ്യങ്ങളും തമ്മില്‍ 30 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 2015ലേതിനേക്കാള്‍ ഒന്നരശതമാനം ഇടിവാണ് വ്യാപാരരംഗത്ത് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റഷ്യന്‍ ഫെഡറല്‍ കസ്റ്റംസ് സര്‍വീസ് കണക്കുകള്‍ പറയുന്നത്. ഇത് ആശാവഹമായ കാര്യമല്ല.
അതുപോലെ യുദ്ധേതര ആവശ്യങ്ങള്‍ക്ക് അണുശക്തി വികസനം ഇന്ത്യ നടത്തുന്നതിനോട് അനുഭാവ സമീപനമാണ് റഷ്യക്കുള്ളത്. തമിഴ്‌നാട്ടില്‍ കൂടംകുളത്ത് അണുവോര്‍ജ നിലയം നിര്‍മിച്ചു നല്‍കിയത് റഷ്യയാണ്. അമേരിക്ക ഇന്ത്യയോട് ഇന്നും നിസഹരണം പുലര്‍ത്തുന്ന ഈ രംഗത്ത് റഷ്യന്‍ സഹായം ഇന്ത്യക്ക് എന്നും ഉണ്ടാവേണ്ടതുണ്ട്.
ബഹിരാകാശ രംഗത്തും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിത് റഷ്യയാണ്. 43 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട ബഹിരാകാശത്തെത്തിച്ചത് സോവിയറ്റ് യൂണിയന്റെ സോയൂസ് എന്ന വിക്ഷേപിണിയിലൂടെയായിരുന്നു എന്നതും മറക്കാവുന്നതല്ല.
ഇങ്ങനെ തന്ത്രപ്രധാനമായ നിരവധി കാര്യങ്ങള്‍ റഷ്യയുമായി ബന്ധപ്പെട്ടുണ്ടെന്നതിനാല്‍ത്തന്നെയാണ് ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ മോദി റഷ്യയിലെത്തിയതെന്നു കരുതാം. അനൗദ്യോഗിക ഉച്ചകോടിയെന്ന ഓമനപ്പേരിട്ടാണ് മോദി-പുടിന്‍ കൂടിക്കാഴ്ചയെ വിശേഷിപ്പിക്കുന്നതെങ്കിലും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ക്ലാവു നീക്കാന്‍ അതുപകരിക്കുമെന്നുതന്നെകരുതാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ