2018, ജൂൺ 11, തിങ്കളാഴ്‌ച

മഹാരാഷ്ട്രയിലും മഹാസഖ്യമൊരുങ്ങുന്നു

ഉത്തര്‍പ്രദേശിന്റെയും കര്‍ണാടകയുടെയും ചുവടുപിടിച്ച് മഹാരാഷ്ട്രയിലും മഹാസഖ്യ രൂപീകരണത്തിന് കോണ്‍ഗ്രസ് ശ്രമമാരംഭിച്ചു. ബി.ജെ.പിയെ ഒറ്റയ്‌ക്കെതിര്‍ക്കാന്‍ ആവില്ലെന്നും വിഘടിച്ചു നില്‍ക്കുന്നതാണ് ആ പാര്‍ട്ടിക്ക് ഗുണകരമാകുന്നതെന്നുമുള്ള പാഠം വൈകി മനസിലാക്കിയാണ് പാര്‍ട്ടിയുടെ പടപ്പുറപ്പാട്. അതേസമയംതന്നെ ഈ സഖ്യം അടുത്ത അടുത്തു നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും ഉന്നം വച്ചുള്ളതാണെന്നും കോണ്‍ഗ്രസ് സൂചന നല്‍കുന്നു.

കോണ്‍ഗ്രസ് ലക്ഷ്യം

കര്‍ണാടകത്തിലെ വിജയ ഫോര്‍മുലയാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയിലും പയറ്റാനുദ്ദേശിക്കുന്നതെന്നു വ്യക്തം. നിയമസഭാ തെരഞ്ഞെടുപ്പുകളിലല്ലാതെ ഈ ഫോര്‍മുല പരീക്ഷിക്കാന്‍ കോണ്‍ഗ്രസിന് പലപ്പോഴും സാധിക്കാതെ വന്നിരുന്നു. അതിനുകാരണം സീറ്റു വിഭജനം തന്നെ. അതുമനസിലാക്കി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ ജില്ലാ-പ്രാദേശിക തലങ്ങളിലുള്ള നേതാക്കളുമായി ആശയവിനിമയം നടത്തി അഭിപ്രായം സ്വരൂപിച്ചാണ് മുന്നോട്ടു പോകുന്നത്. ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ നിലപാട് പിന്നീട് സീറ്റ് വിഭജനത്തിലും മറ്റും എതിരഭിപ്രായമുണ്ടാവാതിരിക്കാനാണെന്നു വ്യക്തം. ബി.ജെ.പിയോട് എതിര്‍പ്പുണ്ടായിട്ടും പാല്‍ഘറില്‍ ആ പാര്‍ട്ടി ജയിച്ചുകയറിയത് പ്രതിപക്ഷം വിഘടിച്ചു മത്സരിച്ചതുകൊണ്ടാണെന്ന് ചവാന്‍ ചൂണ്ടിക്കാട്ടുന്നത് വാസ്തവമാണ്. ഇതുതന്നെയായിരിക്കും 2019 ലോക്‌സഭാ ഫലത്തിലുമുണ്ടാകുന്നതെന്നു മനസിലാക്കിയാണ് ചവാന്‍ തന്ത്രം മെനയുന്നത്. സി.പി.എം, ബി.എസ്.പി, ആര്‍.പി.ഐ, സമാജ് വാദി പാര്‍ട്ടി തുടങ്ങിയവരെ എങ്ങനെ സഖ്യത്തിലുള്‍ക്കൊള്ളിക്കാനാവുമെന്ന ചര്‍ച്ചകളും പൂര്‍ത്തിയായിക്കഴിഞ്ഞെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പച്ചക്കൊടി കാട്ടിയെങ്കില്‍ മാത്രമേ ചവാന്റെ തന്ത്രത്തിന് എന്തെങ്കിലും സാധ്യതയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ബി.ജെ.പിയോടു സഹകരിക്കുന്ന ജന വികസന മുന്നണി (ബി.വി.എസ്)യുമായും ധാരണയ്ക്ക് ശ്രമമുണ്ട്. ബി.ജെ.പിയോട്് തെറ്റുന്നതിന്റെ വക്കിലുള്ള ശിവസേനയെപ്പോലും മുന്നണിയിലേക്കെത്തിക്കാനും കോണ്‍ഗ്രസ് ശ്രമിക്കും. കര്‍ണാടകയിലെ ജനതാദള്‍, മഹാരാഷ്ട്രയില്‍ ശിവസേന ആയിക്കൂടേ എന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

അമിത്ഷായുടെ തന്ത്രം

കോണ്‍ഗ്രസ് മഹാസഖ്യം മനസില്‍ക്കണ്ടത് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ മാനത്തുകണ്ടു. സമാനമനസ്‌കരുടെ പിന്തുണ തേടി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അമിത്ഷാ തുടങ്ങി വച്ച പുതിയ പരിപാടി മഹാരാഷ്ട്രയിലും എത്തിയിരുന്നു. പ്രമുഖരെയെല്ലാം കണ്ട് പിന്തുണ തേടുകയായിരുന്നു എന്നാണ് പ്രഖ്യാപനമെങ്കിലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഭയപ്പെടുന്നു എന്നു വളരെ വ്യക്തമാണ്. അടുത്തിടെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങളാണ് ബി.ജെ.പിക്ക് വിനയായത്. മോദിയെയും അമിത്ഷായെയും കണക്കിനു ശകാരിച്ചുകൊണ്ടിരിക്കുന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെപ്പോലും അങ്ങോട്ടു ചെന്നു കണ്ട അമിത്ഷാ നയം വ്യക്തമാക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ കരപറ്റണമെങ്കില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയുണ്ടാവണം. പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ ശക്തരായ ശിവസേനയെ പിണക്കി മുന്നോട്ടു പോകുന്നത് ഹിന്ദുവികാരമെന്ന കാര്‍ഡ് കളിക്കേണ്ടിവരുമ്പോള്‍ ഭിന്നിപ്പിനു കാരണമാകുമെന്നദ്ദേഹത്തിന് അറിയാം. ഒരുപക്ഷേ കോണ്‍ഗ്രസ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് എല്ലാ സംസ്ഥാനങ്ങളിലും മഹാസഖ്യം രൂപീകരിച്ചേക്കുമെന്ന് അമിത്ഷാ മനസിലാക്കിയിട്ടുണ്ട്. അതിന്റെ തുടക്കമാകാം മഹാരാഷ്ട്രയിലെന്ന് തന്ത്രശാലിയായ അമിത്ഷാ ഊഹിച്ചതില്‍ അത്ഭുതമില്ല. ഒരുമുഴം മുന്നേ എറിയാനുള്ള പുറപ്പാടാണ് അമിത്ഷായുടേത്. പ്രത്യേകിച്ച് അസ്വാരസ്യം പ്രകടിപ്പിക്കുന്ന ശിവസേന കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മഹാസഖ്യ മുദ്രാവാക്യത്തോട് എങ്ങനെ പ്രതികരിക്കുമെന്നും മനസിലാവില്ലല്ലോ.

ശിവസേന പിടിമുറുക്കും

ശിവസേനയ്ക്കിത് നിലനില്‍പിന്റെ പ്രശ്‌നമാണ്. ബാല്‍താക്കറെ ഇല്ലാതായതോടെ പാര്‍ട്ടിയുടെ നായക സ്ഥാനം ഏറ്റ ഉദ്ധവ് താക്കറെ അനുയായികളുടെ വികാരത്തിനനുസരിച്ച് ഉയരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ബി.ജെ.പി ഇത്തവണ അവിടെ അധികാരത്തിലെത്തിയത് ശിവസേനയുടെ കാര്‍ഡ് കടമെടുത്താണ്. അതോടെ ശിവസേന പുറംതള്ളപ്പെടുന്ന അവസ്ഥയിലായി. ഇത് അവര്‍ തിരിച്ചറിയുന്ന സമയം കൂടിയാണ്. പുര കത്തുമ്പോള്‍ത്തന്നെ വാഴവെട്ടണം എന്നു ആ പാര്‍ട്ടി കരുതിയെങ്കില്‍ തെറ്റുപറയാനാവില്ല. കാരണം ബി.ജെ.പി അവരോടു ചെയ്യുന്ന കൃത്യങ്ങള്‍ക്ക് മറുപടി അങ്ങനെതന്നെ ആവേണ്ടതുണ്ടല്ലോ. കോണ്‍ഗ്രസ് മഹാസഖ്യത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് സേനയ്ക്കറിയാം. അപ്പോള്‍ ബി.ജെ.പിയോടു സീറ്റിനു വാദിക്കാം. അവര്‍ വഴിക്കുവരുമെന്ന് സേന കരുതുന്നു. മഹാസഖ്യമെന്ന മഹാമേരു ഇപ്പുറത്തുണ്ടെന്നറിയാവുന്ന ബി.ജെ.പി തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുമെന്നാണ് സേന കരുതുന്നത്. സ്വന്തം മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കുന്ന സ്വപ്‌നമാണ് ഉദ്ധവ് കാണുന്നത്. അതിനാലാണ് അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് 152 സീറ്റും മുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടിരിക്കുന്നത്. ബി.ജെ.പിക്ക് 136 സീറ്റ് നല്‍കാമെന്നും ഉദ്ധവ് പറയുന്നു. കോണ്‍ഗ്രസിനൊപ്പം കൂടിയാല്‍ അവരുടെ പിന്തുണയോടെ മുഖ്യമന്ത്രിയാകാമെന്ന കര്‍ണാടക പാക്കേജും ഉദ്ധവിന്റെ മുന്നിലുണ്ട്. പാല്‍ഘറില്‍ ബി.ജെ.പിയെ എതിര്‍ത്ത് മത്സരിച്ചതും തന്റെ വഴി വ്യക്തമാണെന്നു തെളിയിക്കാനായിരുന്നു.
മാത്രമല്ല, 1989 മുതല്‍ ഇന്നുവരെ ബി.ജെ.പി-ശിവസേന സഖ്യം മത്സരിച്ചപ്പോഴൊക്കെ ഭൂരിഭാഗം സീറ്റുകളും വല്യേട്ടന്‍ എന്ന നിലയില്‍ ബി.ജെ.പി കൈക്കലാക്കിയിരുന്നു. എന്നാല്‍ ജയിച്ച സീറ്റുകളുടെ എണ്ണത്തില്‍ സേന അവരെ കടത്തിവെട്ടുന്നതാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ സേനയുടെ ഭാവി ശോഭനമാണെന്ന് ഉദ്ധവ് വിശ്വസിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ