മുംബൈയിലേത് അഷ്ടി സത്യഗ്രഹം
ഉപ്പിന് ബ്രിട്ടീഷ് സര്‍ക്കാര്‍ കനത്ത നികുതി ചുമത്തി അതിന്റെ ഉത്പാദനം ഇന്ത്യക്കാര്‍ക്ക് നിഷേധിച്ചു. ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് ഉപ്പുവാങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായതോടെയാണ് ഉപ്പുസത്യഗ്രഹത്തിന് ഗാന്ധി മുതിര്‍ന്നത്്.
1930ല്‍ മാര്‍ച്ചില്‍ തുടങ്ങി ഏപ്രിലിലേക്ക് നീണ്ടതാണ് ഉപ്പുസത്യഗ്രഹത്തിനായുള്ള ദണ്ഡിമാര്‍ച്ച്. മഹാത്മാ ഗാന്ധിയ്‌ക്കൊപ്പം അറുപതിനായിരത്തോളമാളുകളാണ് അഹമ്മദാബാദില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ അറേബ്യന്‍ കടല്‍ തീരത്തേക്ക് മാര്‍ച്ച് ചെയ്തത്.
ഇന്നത്തേതില്‍ നിന്നു വിഭിന്നമായി ഇന്ത്യക്കാരെ സ്വാതന്ത്ര്യമില്ലാതെ അടക്കി ഭരിച്ച വിദേശി സര്‍ക്കാരിനെതിരേയുള്ള സമരത്തിന്റെ വിജയമാണ് പിന്നീട് കണ്ടത്. ഇതില്‍ നിന്നേറെ വ്യത്യസ്തമായിരുന്നില്ല കിസാന്‍സഭയുടെ മുംബൈ മാര്‍ച്ച്. ജനധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരേ അക്രമം വെടിഞ്ഞ് ജനാധിപത്യമാര്‍ഗത്തിലൂടെ സമരം ചെയ്ത കര്‍ഷകര്‍ രാജ്യത്തിന് മാതൃകയായി. സമരം ചെയ്യുന്നതിലല്ല അത് വിജയത്തിലെത്തിക്കുന്നതിലാണ് കാര്യമെന്നും അവര്‍ പഠിപ്പിച്ചുതരുന്നു.
നിശ്ചയദാര്‍ഢ്യം
കരഞ്ഞുകലങ്ങിയ കണ്ണുകളും ഒട്ടിയ വയറും വേച്ചുവേച്ചുള്ള നടപ്പും. മുംബൈയിലേക്ക് കിലോമീറ്ററുകള്‍ ക്ഷീണം മറന്ന് നടന്നടുത്ത കര്‍ഷകരുടെ കൈമുതല്‍ നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു. ഇപ്പോഴല്ലെങ്കില്‍ പിന്നീടൊരിക്കലുമില്ലെന്ന തിരിച്ചറിവാണ് മുണ്ടുമുറുക്കിയുടുത്തുള്ള ആ നടപ്പിന് കാരണം സമരായുധം ഉള്ളിലെ പ്രതിഷേധാഗ്നിമാത്രം. ചിലരുടെയെങ്കിലും കൈയില്‍ തൊണ്ടനനയ്ക്കാന്‍ വെള്ളം. പൊരിവെയിലത്ത് ഊണും ഉറക്കവും ഉപേക്ഷിച്ച് സ്ത്രീകളും വയോധികരും ചെറുപ്പക്കാരും കുട്ടികളും മാര്‍ച്ചില്‍ പങ്കെടുത്തു. തെരുവോരങ്ങളിലും പുഴവക്കിലും തണുപ്പില്‍ തുറസായ സ്ഥലത്തും ഉറക്കം വെടിഞ്ഞും യാത്രയായിരുന്നു. നഗ്നപാദരായിരുന്നു കൂടുതല്‍പേരും. ആവേശത്തിന് മുദ്രാവാക്യമില്ല. പകരം കുഴല്‍വാദ്യങ്ങളും തോല്‍ചെണ്ടകളും നാടന്‍ പാട്ടുകളും ചെറുനൃത്തരൂപങ്ങളും. മെയ് ആറിന് നാസിക്കില്‍ നിന്നാരംഭിച്ച ലോംഗ് മാര്‍ച്ചില്‍ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും നിന്നുള്ള ആദിവാസി-ദലിത് വിഭാഗങ്ങള്‍ പങ്കെടുത്തു.
നിശ്ചയദാര്‍ഢ്യത്തോടെ സാമാജികരുടെ മൂക്കിനുതാഴെ അവരെത്തിയപ്പോള്‍ ഭരണ വര്‍ഗം ഉണര്‍ന്നു. വിശക്കുന്നവന് ഭക്ഷണമല്ലാതെ എന്തു നല്‍കിയാലാണ് തൃപ്തിപ്പെടുക. ആവശ്യമെന്തെന്ന് സമരക്കാര്‍ക്കും ഭരണക്കാര്‍ക്കും ബോധ്യമായിരുന്നു. അതിന്റെ വിജയമാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ കണ്ടത്. 180 കിലോമീറ്റര്‍ ദൂരം താണ്ടുമ്പോഴേക്കും സമരക്കാരുടെ എണ്ണം അരലക്ഷത്തോളമായിരുന്നു. ഉപരിവര്‍ഗ മാധ്യമങ്ങള്‍ ലോംഗ് മാര്‍ച്ച് കണ്ടില്ലെന്നു നടച്ചു. അഥവാ സി.പി.എം നേതൃത്വത്തില്‍ ശിവസേനയുടെയും മറ്റും പിന്തുണയോടെ സര്‍ക്കാരിനെതിരേയുള്ള മാര്‍ച്ചായി വ്യാഖ്യാനിച്ചു. മൗനിയായി നടന്നു നീങ്ങിയ വയറൊട്ടിയ വയോധികര്‍ക്ക് അതിലൊന്നും പ്രതിഷേധമില്ലായിരുന്നു. അവര്‍ക്ക് പാര്‍ട്ടിയല്ല മുന്നിലുണ്ടായിരുന്നത്. കൈയില്‍ മുറുകെ ചുരുട്ടിപ്പിടിച്ച ജീവിതമായിരുന്നു. അത് നിലനിര്‍ത്താന്‍ അവന് ആരുടെയും പിന്തുണ വേണ്ടിയിരുന്നുമില്ല. വാര്‍ത്തകളില്‍ നിറമില്ലായിരുന്ന മാര്‍ച്ച് മുംബൈയിലെത്തിയപ്പോള്‍ ദേശീയ മാധ്യങ്ങള്‍ ഇരുകൈയും നീട്ടിസ്വീകരിക്കുന്ന കാഴ്ചയും പിന്നീട് നമ്മള്‍ കണ്ടു.
ആശനല്‍കി സമരം
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് കര്‍ഷക നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ത്തന്നെ ഒരുകാര്യം ഊന്നിപ്പറഞ്ഞിരുന്നു. രാഷ്ട്രീയ നേതൃത്വവുമായി ചര്‍ച്ചയ്ക്കില്ല. അതുശരിവച്ച കര്‍ഷകര്‍ അവരുടെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രാപ്തിയുള്ള നേതാക്കളെ ചര്‍ച്ചയ്ക്ക് അയച്ചു. പിന്നെ ഗത്യന്തരമില്ലായിരുന്നു ഭരണക്കാര്‍ക്ക്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുകയെന്ന വിധിമാത്രം ബാക്കി. 2014ല്‍ അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് കര്‍ഷകനാണ് ഇന്ത്യയുടെ സമ്പത്തിന്റെ നാഡിയെന്നായിരുന്നു. അവന് പണം കിട്ടിയില്ലെങ്കില്‍ ഇന്ത്യ മുന്നോട്ടു നീങ്ങില്ല. അന്ന് കൈയടിച്ച കര്‍ഷകന്‍ പണം പോയിട്ട് ഭക്ഷണമില്ലാതെ വിലപിക്കേണ്ടിവന്നത് അധികാരികള്‍ക്ക് കാണാതെപോകാനാവില്ലായിരുന്നു. അതുകൊണ്ടാണ് സമരം അംഗീകരിക്കപ്പെട്ടതും രാഷ്ട്രീയഭേദമന്യേ പിന്തുണ ലഭിച്ചതും.
സമരം തീരുമ്പോള്‍ സമരക്കാര്‍ സര്‍ക്കാരില്‍ നിന്ന് രേഖാമൂലം ഉറപ്പു വാങ്ങിയിരുന്നു. ഒരുതുണ്ടുഭൂമിയില്‍ കൃഷിചെയ്യാന്‍ വാങ്ങിയ വായ്പ കാലവര്‍ഷക്കെടുതിയില്‍ ഒലിച്ചുപോയപ്പോള്‍ അന്നം മുട്ടിയവരെ സഹായിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന ബാലപാഠമാണ് ഇവര്‍ തുറന്നുവച്ചത്. കൃഷിക്ക് ശേഷിയില്ലാത്ത കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടതും ഭരണാധികാരികളുടെ ഉത്തരവാദിത്തമാണെന്ന് അവര്‍ ബോധ്യപ്പെടുത്തി. ആദിവാസികളെ വനത്തില്‍നിന്ന് ആട്ടിയിറക്കുന്നതിനുപകരം അവരെ ആ ആവാസവ്യവസ്ഥയുടെ ഭാഗമായി അംഗീകരിച്ച് ജീവനോപാധി നല്‍കാന്‍ രാജ്യം ബാധ്യസ്ഥമാണെന്ന് ചൂണ്ടിക്കാണിച്ചു. വെള്ളവും വെളിച്ചവും മൗലികാവകാശമാണെന്ന് അടിവരയിട്ടുറപ്പിച്ചു. 12 വര്‍ഷം മുന്‍പ് സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടും കാലാകാലങ്ങളില്‍ ഭരണവര്‍ഗത്തിന്റെ കക്ഷത്തില്‍ വിശ്രമം കൊള്ളാന്‍ വിധിക്കപ്പെട്ട തിട്ടൂരം പുറത്തെടുക്കാമെന്ന് സമ്മതം മൂളാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കാനും സമരത്തിനായി.
പ്രതിപക്ഷ വിമര്‍ശം
അതിനിടെ, കിസാന്‍സഭയുടെ മാര്‍ച്ച് ഏകപക്ഷീയമായി അവസാനിപ്പിക്കുകയായിരുന്നെന്ന വിമര്‍ശനമുയര്‍ത്തി മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്തെത്തിയത് മാര്‍ച്ചിന് ക്ഷീണമുണ്ടാക്കുന്നുണ്ട്. അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂര്‍ കിസാന്‍സഭ നേതാക്കളുമായി ബി.ജെ.പി മുഖ്യമന്ത്രി സംസാരിച്ചതെന്താണെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിന്റെ രാധാകൃഷ്ണ വിഖേ പാട്ടീലും എന്‍.സി.പിയുടെ ധനഞ്ജയ് മുണ്ടെയും ആവശ്യപ്പെട്ടത് മാര്‍ച്ചിന്റെ ശോഭ കെടുത്തിയേക്കാം. ഈ കക്ഷികള്‍ മാര്‍ച്ചിനോട് ചേര്‍ന്ന ഘട്ടത്തിലാണ് കിസാന്‍സഭ നേതാക്കള്‍ മുഖ്യമന്ത്രി ഫട്‌നവിസുമായുള്ള ചര്‍ച്ച വിജയിച്ചതായി കാട്ടി സമരം പിന്‍വലിച്ചത്. കിസാന്‍സഭ ബി.ജെ.പി സര്‍ക്കാരിനെ വിശ്വസിക്കുന്നെങ്കിലും തങ്ങള്‍ വിശ്വസിക്കാന്‍ തയാറല്ലെന്ന നിലപാടിലാണവര്‍.
ഇതൊക്കെയാണെങ്കിലും ബി.ജെ.പി എം.പി പൂനം മഹാജന്റെ ആരോപണത്തില്‍ കര്‍ഷകര്‍ ഖിന്നരാണ്. നാഗരിക മാവോയിസ്റ്റുകളുടെ പിന്തുണയിലാണ് ആദിവാസി-ദലിത്-കര്‍ഷക സമൂഹം മുംബൈയിലേക്ക് മാര്‍ച്ച് നടത്തിയതെന്നായിരുന്നു അവരുടെ ആരോപണം. പളുങ്കുപാത്രത്തില്‍ ആഹാരം രുചിച്ച് കേളിയാടി ചില്ലുമേടയില്‍ വാഴുന്ന പൂനത്തിനറിയില്ലല്ലോ വയറൊട്ടിയവന്റെ വേദന.
കണക്കുകള്‍ പറയുന്നു
2002നുശേഷം 32 മിനിറ്റില്‍ ഒരു കര്‍ഷക ആത്മഹത്യ ഉണ്ടാകുന്നതായി ഐക്യരാഷ്ട്ര സഭയുടെ കണക്കുകളില്‍ പറയുന്നു. കടബാധ്യതയും വിളനാശവും രോഗവും കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. ഇന്ത്യയില്‍ ഒന്‍പതുകോടിയിലധികം കര്‍ഷക കുടുംബങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ നാലരക്കോടിയിലധികം പേരും കടക്കെണിയിലാണെന്നത് ഭീതിതമായ അവസ്ഥയാണ്. അടച്ചുതീരാത്ത വായ്പയും പേറി അധ്വാനം തുടരുന്നവര്‍. കുടുംബംപ്രതി അരലക്ഷത്തോളം രൂപ കടം. നൂറുരൂപയ്ക്ക് കഷ്ടപ്പെടുന്നവന് മുന്നില്‍ മഹാമേരുപോലെയാണീ തുകയെന്ന് പറയേണ്ടതില്ലല്ലോ.
ഉത്തര്‍പ്രദേശില്‍ 79 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ കടക്കെണി നേരിടുമ്പോള്‍ മഹാരാഷ്ട്രയില്‍ അത് 41 ലക്ഷവും രാജസ്ഥാനില്‍ 40 ലക്ഷവും ആന്ധ്രാപ്രദേശിലും ബംഗാളിലും 3 ലക്ഷം വീതവുമാണ്.
കഴിഞ്ഞ ജൂണില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോള്‍ 34,022 കോടിയുടെ വായ്പയാണ് ഫട്‌നവിസ് സര്‍ക്കാര്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത്. ചെറുകിടക്കാരായ 70 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ഒരുവര്‍ഷത്തിനിപ്പുറം വീണ്ടും ബജറ്റ് പ്രഖ്യാപനമുണ്ടായിയ 23,102 കോടി എഴുതിത്തള്ളും. തുടര്‍ന്ന് 13,782 കോടി ബാങ്കുകള്‍ എഴുതിത്തള്ളിയെങ്കിലും ബജറ്റ് പ്രഖ്യാപനത്തേക്കാള്‍ ഏറെ കുറവായിരുന്നു. ബഹുഭൂരിപക്ഷത്തിനും ഗുണകരമായില്ലെന്നു മാത്രമല്ല ഇത്തവണ വിളവെടുപ്പ് സാധ്യമല്ലാതാക്കി കാലാവസ്ഥ വ്യതിയാനവുമുണ്ടായി. കീടനാശിനികള്‍ വരുത്തിയ രോഗപീഡയുമെല്ലാമായി ജീവിക്കാന്‍ നിര്‍വാഹമില്ലാതെ വന്നതോടെയാണ് മുന്നില്‍ നില്‍ക്കുന്നവന്റെ പിന്നില്‍ അണിചേരാന്‍ കര്‍ഷകര്‍ തയാറായത്.
കിസാന്‍സഭ മാതൃക
ഈ സമരം ഒരു മാതൃകയായിരുന്നു. എങ്ങനെയാണ് സമരം നടത്തേണ്ടതെന്ന മാതൃക. വീര്‍പ്പുമുട്ടിയ മുംബൈ നഗരത്തിന് തങ്ങളുടെ ബാഹുല്യത്തെ താങ്ങാന്‍ കഴിയില്ലെന്ന് മനസിലാക്കിയ കര്‍ഷകര്‍ മഹാരാഷ്ട്ര വിധാന്‍സഭ വളയുന്നതിനു മുന്‍പ് ആസാദ് മൈതാനത്ത് തമ്പടിയ്ക്കണമെന്നു തീരൂമാനിച്ചിരുന്നു. പരീക്ഷകള്‍ നടക്കുന്ന സമയം. നഗരം നിശ്ചലമായാല്‍ ജോലികളും ജോലിക്കാരും കമ്പനികളും നിശ്ചലമാകും. ആരുടെയും അന്നംമുടക്കി സമരം വേണ്ടെന്ന തീരുമാനത്തില്‍ മുംബൈ നഗരം ഉറങ്ങിക്കിടക്കുമ്പോള്‍ മാര്‍ച്ച് നയിച്ച് ആസാദ് മൈതാനിയില്‍ അവരൊത്തുകൂടി. പിറ്റേന്ന് ഉണര്‍ന്ന പ്രബുധ നഗരം കണ്ടത് ആസാദ് മൈതാനത്ത് ഒത്തുകൂടിയ പട്ടിണിപാവങ്ങളെയായിരുന്നു. അവരുടെ അവകാശങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കാന്‍ ഏതു രാഷ്ട്രീയപ്പാര്‍ട്ടിക്കും അധികാരവര്‍ഗത്തിനുമാണ് കഴിയുക. വിജയം പിടിച്ചെടുക്കുകയായിരുന്നു കിസാന്‍ സഭ.
സി.പി.ഐ എമ്മിന്റെ കര്‍ഷകവിഭാഗമാണ് അഖിലേന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്). സമരത്തിന് ചിത്രങ്ങളില്‍ ചുവപ്പുനിറമായതുകൊണ്ട് സമരത്തെ തള്ളിക്കളയരുത്. സമരം ചെയ്തവന് പാര്‍ട്ടികളില്‍ വിശ്വാസമില്ല. മുന്നില്‍ വഴികാട്ടിയവന്റെ പിന്‍പറ്റി നടന്നത് ജീവന്‍ നിലനിര്‍ത്താനായിരുന്നു. സമരത്തിന്റെ അവസാന ദിവസം യെച്ചൂരിയും മറ്റും വന്നെങ്കിലും കര്‍ഷകന് അതൊന്നും ആവേശം പകര്‍ന്നില്ല. കാരണം അവന്റെ മുന്നില്‍ രാഷ്ട്രീയത്തിന് വിശപ്പിന്റെ ഗന്ധം മാത്രമേയുണ്ടായിരുന്നുള്ളൂ.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലൊരു മാര്‍ച്ച് കണ്ടിരുന്നു. പാമ്പും എലിയും മരിച്ച കര്‍ഷകരുടെ തലയോട്ടിയും മറ്റുമായി അര്‍ധ നഗ്നരായി തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത് ഡല്‍ഹിയിലേക്കായിരുന്നു. രാജ്യതലസ്ഥാനത്ത് സമരക്കാരുടെ കേന്ദ്രമായ ജന്തര്‍മന്തറിലായിരുന്നു സമരം. വാര്‍ത്തകളില്‍ നിറഞ്ഞ ഈ സമരത്തിന് പ്രത്യേകിച്ച് അനുകൂല വിധികളുണ്ടായില്ല.
ചൈനയിലേക്കും ത്രിപുരയിലേക്കും ബംഗാളിലേക്കും കൈചൂണ്ടിയിരുന്ന സി.പി.എം ഇനി മുംബൈയിലേക്കാവും വിരല്‍ചൂണ്ടുക. കേരളത്തിലെ കര്‍ഷകരും അവകാശപ്പോരാട്ടത്തിന് ഭരണവര്‍ഗങ്ങള്‍ക്കെതിരേ രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇവിടെ കൊടിയുടെ നിറംനോട്ടം കൂടുതലായതിനാല്‍ അവരെ അടക്കിഭരിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കാകുന്നത് ദയനീയമാണ്. അതുകൊണ്ട് ആദിവാസി മധുവിനെ പോലുളളവര്‍ സംസ്്ഥാനത്ത് ഇനിയും ഉണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ