2018, മാർച്ച് 21, ബുധനാഴ്‌ച


കോണ്‍ഗ്രസ് പ്ലീനറിയും
പ്രതിപക്ഷ ഐക്യവും

കോണ്‍ഗ്രസിന്റെ 84ാമത്തെ സമ്പൂര്‍ണ സമ്മേളനമാണ് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്നത്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതിനുശേഷം നടന്ന ആദ്യ പ്ലീനറി സമ്മേളനമെന്ന പ്രത്യേകതയുമുണ്ടായിരുന്നു. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ 15000 ഇരിപ്പിടങ്ങള്‍ നിറയ്ക്കാനായത്് പാര്‍ട്ടിയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.
രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ ബി.ജെ.പി ചടുലമാറ്റങ്ങള്‍ വരുത്തി കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്ന വേളയിലാണ് പ്ലീനറി സമ്മളനം നടന്നത്.
2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ രാജ്യത്ത് 21 സംസ്ഥാനങ്ങളില്‍ ബി.ജെ.പി-സഖ്യ കക്ഷികള്‍ അധികാരത്തിലെത്തി. കിഴക്കും പടിഞ്ഞാറും വടക്കും സംസ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെട്ടത് കോണ്‍ഗ്രസ് ആയിരുന്നു. 13 സംസ്ഥാനങ്ങളില്‍ ഭരണം കൈയാളിയിരുന്ന കോണ്‍ഗ്രസ് നിലവില്‍ നാലു സംസ്ഥാനങ്ങളിലേക്കൊതുക്കപ്പെട്ടു. എങ്കിലും പഞ്ചാബിലെ തിളക്കമാര്‍ന്ന വിജയവും ഗുജറാത്തില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കാനായതും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നതിന്റെ തെളിവാണ്. ലോക്‌സഭാ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ പൊരുതിനേടിയ നേട്ടവും കോണ്‍ഗ്രസിന് പ്രതീക്ഷാ നിര്‍ഭരമാണ്.

ഐക്യനീക്കം നിര്‍ണായകം

കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നിര്‍ണായകമാകുന്നത് അതുയര്‍ത്തിയ ചില പ്രമേയങ്ങളിലൂടെയാണ്. അതില്‍ പ്രധാനം പ്രതിപക്ഷ ഐക്യമാണ്. ഒരു ദശാബ്ദത്തിനു പരീക്ഷിച്ചു വിജയം കണ്ട മഹാസഖ്യമെന്ന ആശയം കാലത്തിന്റെ ആവശ്യമാണെന്നു തിരിച്ചറിഞ്ഞായിരുന്നു പ്രമേയാവതരണം. എന്നാല്‍ ഇത്തവണ രാജ്യത്തെ ചെറുതും വലുതുമായ കക്ഷികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് ഭഗീരഥ പ്രയത്‌നം വേണ്ടിവരും. 2003ല്‍ സിംലാ സങ്കല്‍പ് പ്രമേയത്തിലൂടെ പ്രതിപക്ഷ ഐക്യനിരയുണ്ടാക്കി 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തില്‍ ഗോദയിലിറങ്ങിയ വാജ്‌പേയി സര്‍ക്കാരിനെ മലര്‍ത്തിയടിച്ചതിന്റെ ആവേശം ഇന്നും കോണ്‍ഗ്രസ് അണികള്‍ മനസില്‍ സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ 2013ല്‍ സിംലാ സങ്കല്‍പത്തിലെ മതേതരത്വം പരണത്ത് വച്ച് ജയ്പൂര്‍ പ്രമേയത്തിലൂടെ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് അതിന്റെ വിലയറിഞ്ഞതും ചരിത്രമാണ്. സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ സാധ്യമായത് രാഹുലിന്റെ കാലത്ത് നടക്കുമോ എന്ന സംവാദമാണ് ബാക്കി നില്‍ക്കുന്നത്. പ്രാദേശിക കക്ഷികളെ കൂടെക്കൂട്ടി അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭീഷണി ഉയര്‍ത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വെല്ലുവിളി. അതോടൊപ്പം ഒരു ദശാബ്ദമായി തങ്ങള്‍ പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണം നേടാന്‍ വോട്ടു ചോദിക്കുന്നതും പാര്‍ട്ടിക്ക് വെല്ലുവിളിയാണ്.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ നേതൃത്വത്തില്‍ പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് അടിവരയിടുന്നു. 1947ല്‍ എ.ഐ.സി.സി സമേമളനത്തില്‍ മഹാത്മാഗാന്ധിയുടെ പ്രസംഗത്തില്‍ പറഞ്ഞത് കോണ്‍ഗ്രസ് ഹിന്ദുക്കളുടെയും മുസ് ലിംകളുടെയും ക്രിസ്ത്യാനികളുടെയും സിഖിന്റെയും പാഴ്‌സിയുടെയും ഇന്ത്യയില്‍ ജീവിക്കുന്ന ഓരോരുത്തരുടേതുമാണെന്നാണ്. നെഹ്രുവിനെയും ബോസിനെയും പട്ടേലിനെയും ആസാദിനെയും ഇന്ദിരയെയും രാജീവിനെയും റാവുവിനെയും ചൂണ്ടിക്കാട്ടുന്ന പ്രമേയം ദിശാബോധമുള്ളതാണ്.
മോദിയെ പുറത്താക്കി രാഹുലിനെ അംഗീകരിക്കൂ എന്ന കോണ്‍ഗ്രസ് മുദ്രാവാക്യം ഫലം കാണണമെങ്കില്‍ പ്രതിപക്ഷത്തെ ചില പ്രമുഖ പാര്‍ട്ടികള്‍ കനിയേണ്ടിവരുമെന്നത് ചെറിയകാര്യമല്ല. പ്രത്യേകിച്ച് ത്രിപുര തെരഞ്ഞെടുപ്പില്‍ രാഹുലിനെ നേരില്‍ക്കണ്ട് ഐക്യത്തോടെ മത്സരിക്കാമെന്ന മമതാ ബാനര്‍ജിയുടെ അപേക്ഷ ചെവിക്കൊള്ളാതിരുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയര്ന്നിട്ടുണ്ട്. അന്ന് ഇറ്റലിയില്‍ മുത്തശിയെ കാണാന്‍ പോയ രാഹുല്‍ വിമര്‍ശനത്തിന് പാത്രമായപ്പോള്‍ മമത ഇനിയൊരു ഐക്യത്തിനില്ലെന്ന് പ്രഖ്യാപിച്ചതും കണ്ടതാണ്. കോണ്‍ഗ്രസില്‍ കുടുംബഭരണം ആരോപിച്ച് പുറത്തുപോയ ശരദ്പവാര്‍ മൂന്നാംമുന്നണിക്കായി പ്രതിപക്ഷ ഐക്യത്തിനു ശ്രമിക്കുന്നതും കാണാതിരുന്നുകൂടാ.

പ്രാദേശിക പാര്‍ട്ടികളുടെ ശക്തി

ഐക്യകാഹളമുയര്‍ത്തിയെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ ഉപതെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കുന്നതാണ്. പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലും ബിഹാറിലും. സ്വയം ശക്തരാണെന്നു തിരിച്ചറിഞ്ഞ പ്രാദേശിക പാര്‍ട്ടികള്‍ പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനത്ത് ഇന്ത്യ ഭരിക്കാമെന്ന കോണ്‍ഗ്രസ് സ്വപ്നത്തെ എത്രമാത്രം പിന്തുണയ്ക്കുമെന്നതും കണ്ടറിയണം. തങ്ങള്‍ സുസജ്ജമാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. അതിന് ചില സംസ്ഥാനങ്ങളെങ്കിലും ബി.ജെ.പി മുക്തമാക്കാനാകണം. കര്‍ണാടത്തില്‍ അടുത്തുനടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തുകയും വേണം. ഇല്ലെങ്കില്‍ പാര്‍ട്ടി കൂടുതല്‍ മെലിയും. രാജ്യത്ത് മൊത്തമായി സ്വാധീനമുള്ള പാര്‍ട്ടിയായതിനാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഐക്യം കെട്ടിപ്പടുക്കാന്‍ തങ്ങള്‍ക്കേ കഴിയൂ എന്ന് പ്രാദേശിക കക്ഷികളെ ബോധിപ്പിക്കാനാവണം.
ഉത്തര്‍പ്രദേശില്‍ ബി.എസ്.പി-എസ്.പി വിജയം ചെറിയ മാറ്റമാണെന്നാണ് പാര്‍ട്ടി കരുതുന്നത്. അതിനു പാര്‍ട്ടി വിശദീകരിക്കുന്നത് പ്രാദേശിക പാര്‍ട്ടികളെ ബി.ജെ.പിയുടെ വോട്ട് പിടിക്കാന്‍ വിടുകയും സ്വന്തം വോട്ട് ഉറപ്പിച്ചു നിര്‍ത്തുകയുമായിരുന്നു എന്നാണ്. സ്വന്തം സ്ഥാനാര്‍ഥികള്‍ കെട്ടിവച്ച കാശ് നഷ്ടപ്പെട്ടത് കോണ്‍ഗ്രസിനെ അലോസരപ്പെടുത്തുന്നില്ല.

സോണിയയുടെ അത്താഴവിരുന്ന്

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി യു.പി.എ ചെയര്‍പഴ്‌സണായ സോണിയാഗാന്ധി വിളിച്ച അത്താഴ വിരുന്നില്‍ 20 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് പങ്കെടുത്തത്. മോദി വിരുദ്ധ ഭരണം കാംക്ഷിക്കുന്നവരാണ് പങ്കെടുത്തതെന്നു വ്യക്തം. എന്നാല്‍ തെലുങ്കുദേശത്തെ ചന്ദ്രശേഖരറാവുവും ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവും ബംഗാളിലെ മമതയെയും കൂട്ടി പോരിനിറങ്ങിയിരിക്കുന്നത് കോണ്‍ഗ്രസ് കാണാതിരുന്നുകൂടാ. പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞത് ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരേയുണ്ടായ വിജയം ജനങ്ങളുടെ ക്രോധത്തിന്റെ ഫലമാണെന്നാണ്. എന്നാല്‍ അത് കോണ്‍ഗ്രസിനനുകൂലമാണെന്ന് അദ്ദേഹത്തിന് പറയാന്‍ കഴിയുന്നില്ല. പകരം ബി.ജെ.പിക്കെതിരേ ജയിക്കാന്‍ കഴിയുന്ന ഏതുപാര്‍ട്ടിക്കും ജനങ്ങള്‍ വോട്ടു ചെയ്യുന്നു എന്നു മാത്രമാണ്. അതുതന്നെയാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രശ്‌നവും. ഒരു രാത്രികൊണ്ട് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ കരകയറ്റുക എളുപ്പമല്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞത് അവിടെ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനെ കൂട്ടേണ്ട ആവശ്യമില്ലെന്ന് അഖിലേഷും മായാവതിയും കരുതുന്നതുകൊണ്ടാണ്. പാര്‍ട്ടികള്‍ ഉറച്ചുനിന്നാല്‍ സഖ്യമുണ്ടാക്കിയാല്‍ പോലും ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ വിരലിലെണ്ണാവുന്ന സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് മത്സരിക്കാന്‍ ലഭിക്കുകയുള്ളൂ. സഖ്യസാധ്യതയ്ക്കപ്പുറത്ത് കോണ്‍ഗ്രസിനെ ഭയപ്പാടോടെയാണ് പ്രാദേശിക കക്ഷികള്‍ വീക്ഷിക്കുന്നതെന്നതിന്റെ തെളിവാണത്.

ഉത്തര്‍പ്രദേശ് ലിറ്റ്മസ് ടെസ്റ്റ്

യു.പി ലിറ്റ്മസ് ടെസ്റ്റായി എടുത്താല്‍ കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ ലഭിച്ചത് 103 സീറ്റുകളാണെന്നു കാണാം. 403ല്‍ സഖ്യകക്ഷിയായിരുന്ന എസ്.പി 298 സീറ്റില്‍ മത്സരിച്ചു. ഇനി ബി.എസ്.പിയും കൂടി ചേര്‍ന്നാല്‍ ഈ സീറ്റ് സമവാക്യം വീണ്ടും മാറും. ലോക്‌സഭയിലേതും സമാനസ്ഥിതിയാവും.  ഇത് ഫലത്തില്‍ കോണ്‍ഗ്രസിനാണ് വിനയാവുകയെന്നു സാരം. കര്‍ണാടകത്തിലും ബംഗാളിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും തെലുങ്കാനയിലുമൊക്കെ പ്രാദേശിക പാര്‍ട്ടികളുടെ മസില്‍പെരുക്കം കോണ്‍ഗ്രസ് നേരിടേണ്ടിവരും. പ്രാദേശിക പാര്‍ട്ടികളെ അനുനയിപ്പിക്കണമെങ്കില്‍ കര്‍ണാടകയിലെ വിജയത്തിനു പുറമേ വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങിലും ബി.ജെ.പിയെ നിഷ്പ്രഭമാക്കേണ്ടതുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ