2018, ഏപ്രിൽ 13, വെള്ളിയാഴ്‌ച

നാവിക് ഇന്ത്യയുടെ പ്രതീക്ഷ



അമേരിക്കയുടെ ഗതിസൂചക-നിര്‍ണയ സംവിധാനമാണ് ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്). ഇന്ന് ഗതിസൂചക-നിയന്ത്രണ സംവിധാനത്തിന്റെ പര്യായമായി ജി.പി.എസ്് വളര്‍ന്നിരിക്കുന്നു. ലോകത്തെല്ലായിടത്തും വിവിധ പേരുകളില്‍ ഈ സംവിധാനം ഉപയോഗിച്ചുവരുന്നുണ്ട്. വാഹനങ്ങളില്‍ ഗതിസൂചകത്തിനായി ഗൂഗിള്‍ ആപ്പിലൂടെ ഇന്ത്യയിലും ഇത് സാര്‍വത്രികമായിരിക്കുന്നു.
അമേരിക്കയുടെ ജി.പി.എസിനെ ഒഴിവാക്കി സ്വയംപര്യാപ്തമാവാന്‍ ഇന്ത്യ വിക്ഷേപിച്ച ഏഴ് ഉപഗ്രഹങ്ങളടങ്ങിയ ശ്രേണിയുടെ പേര് നാവിക് (നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റല്ലേഷന്‍) എന്നാണ്. ഈ വര്‍ഷം ആദ്യം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് ഈ ശ്രേണിയില്‍ ഉള്‍പ്പെട്ട ഐ.ആര്‍.എന്‍.എസ്.എസ്-1 എ എന്ന ഉപഗ്രഹത്തിന്റെ റുബിഡിയം ക്ലോക്കുകള്‍ പ്രവര്‍ത്തന രഹിതമായി എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഈ അണുശക്തി ക്ലോക്കുകള്‍ കൃത്യമായ ഗതിനിര്‍ണയ ഡേറ്റകളുടെ വിശകലനത്തിന് ആവശ്യമായതിനാല്‍ അതിനുപകരം മറ്റൊരു ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്-1 എല്‍ പുതുതായി കഴിഞ്ഞ ദിവസം വിക്ഷേപിച്ചു.

വിഴ്ചകള്‍ യാദൃഛികമോ

1420 കോടി രൂപ മുടക്കിയാണ് രാജ്യം ഈ സംവിധാനം ആര്‍ജിക്കാനുള്ള ദൗത്യവുമായി മുന്നേറുന്നത്. എന്നാല്‍ ഇതിന്റെ പല ഘട്ടങ്ങളിലും വിഴ്ചകളുണ്ടാകുന്നത് രാജ്യത്തെ സുരക്ഷാ ഏജന്‍സികളേയും ബഹിരാകാശ ശാസ്ത്രജ്ഞന്‍മാരെയും ചില്ലറയൊന്നുമല്ല കുഴക്കുന്നത്. അണുശക്തി ക്ലോക്കിന്റെ തകരാറാണെന്നാണ് ഐ.എസ്.ആര്‍.ഒ വിശദീകരിക്കുന്നതെങ്കിലും വിദേശങ്ങളിലെ സ്വകാര്യ കമ്പനികളുള്‍പ്പെടെ നാവിക് ദൗത്യത്തിലേക്ക് ഘടകങ്ങള്‍ നല്‍കിയിട്ടുണ്ടെന്നിരിക്കേ രഹസ്യാന്വേഷണ ഏജന്‍സികള്‍ മറ്റ് വീഴ്ചകളുണ്ടോ എന്ന അന്വേഷണത്തിലാണ്. കാരണം കോടികള്‍ മുടക്കിയുള്ള ഐ.എസ്.ആര്‍.ഒയുടെ പദ്ധതികള്‍ ജി.പി.എസ് സംവിധാനം ആര്‍ജിക്കാനുള്ള ശ്രമത്തിലെത്തിയപ്പോഴാണ് പ്രതിസന്ധികളുണ്ടാകുന്നതാ3യി കാണുന്നത്.
നാവിക് പ്രചാരത്തിലെത്തിയാല്‍ ചൈന ചെയ്തതുപോലെ അമേരിക്കന്‍ ജി.പി.എസ് സംവിധാനത്തെ എന്തിനും ഏതിനും ആശ്രയിക്കുന്നത് ഇന്ത്യക്കും ഒഴിവാക്കാനാവും. പാകിസ്താന് ചൈന ഈ മേഖലയില്‍ കൈയയച്ച് സഹായം ചെയ്യുന്നതിനാലാണ് ഇന്ത്യ അതിര്‍ത്തിയില്‍ പലപ്പോഴും കടുത്ത ആക്രമണം നേരിടുന്നത്. ചൈനയുടെ സഹായത്തോടെ ദിശാ നിര്‍ണയം പാകിസ്താന്‍ സാധ്യമാക്കുമ്പോള്‍ അമേരിക്ക ഇന്ത്യയോടടുത്തു നില്‍ക്കുമ്പോഴും അവരുടെ ജി.പി.എസ് സംവിധാനം മിലിട്ടറി ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്നത് ഇന്ത്യക്ക് ചില്ലറയൊന്നുമല്ല പ്രയാസമുണ്ടാക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തിലുള്‍പ്പെടെ ഇത് തെളിഞ്ഞതോടെയാണ് സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിലേക്ക് കടക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇത് അമേരിക്കയെ ചൊടിപ്പിക്കുമെന്ന് ഉറപ്പ്. അതുപോലെ അമേരിക്കന്‍ ജി.പി.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളും ഫോണുകളും മറ്റും നാവിക് സംവിധാനത്തിലേക്ക് മാറണമെന്ന് ഇന്ത്യ ആവശ്യപ്പെടുമെന്ന ഭീതിയും അമേരിക്കക്കുണ്ട്. ഇതൊക്കെ കൂട്ടിവായിക്കുമ്പോഴാണ് നാവിക് സംവിധാനം നീണ്ടുപോകുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതെന്ന് മനസിലാക്കാം.

പരാജയം ആദ്യമല്ല

നാവിക് സംവിധാനത്തിനുള്ള ഏഴ് ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇതിലാദ്യത്തേതായ ഐ.ആര്‍.എന്‍.എസ്.എസ്-1എ ഉപഗ്രഹത്തിന്റെ അണുശക്തി ക്ലോക്ക് പ്രവര്‍ത്തന രഹിതമാണെന്ന് മനസിലാകുന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഐ.ആര്‍.എന്‍.എസ്.എസ്-1 എച്ച് കോടികള്‍ മുടക്കി അയച്ചെങ്കിലും അത് പരാജയമായതും വിശദീകരണങ്ങള്‍ക്കപ്പുറമാണ്്. ഉപഗ്രഹത്തിനല്ല, പകരം റോക്കറ്റിന്റെ താപ കവചം അടര്‍ന്നു മാറി ഉപഗ്രഹം സ്വതന്ത്രമാകാതിരുന്നതാണ് പരാജയകാരണമെന്നായിരുന്നു വിശദീകരണം. തുടര്‍ന്നാണ് പുതിയ ഉപഗ്രഹം കഴിഞ്ഞ ദിവസം അയച്ചത്. ഉപഗ്രഹങ്ങളിലെല്ലാം മൂന്നു വീതം റുബീഡിയം ക്ലോക്കുകളാണ് ഉണ്ടാവുക. രണ്ടു പകരം ഉപഗ്രഹങ്ങളിലേതുള്‍പ്പെടെ ഒന്‍പത് ഉപഗ്രഹങ്ങളിലേക്ക് 27 ക്ലോക്കുകള്‍ ആണ് ഘടിപ്പിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് ജിസാറ്റ് -6എ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിക്കാനായെങ്കിലും അതുമായുള്ള ബന്ധം വിഛേദിക്കപ്പെട്ട സംഭവവും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്.

നാവികിന്റെ ലക്ഷ്യം

അമേരിക്കയുടെ ജി.പി.എസ് സംവിധാനത്തിനു പകരമാകുക എന്ന പ്രഖ്യാപിത ദൗത്യമാണ് നാവികിനുള്ളത്. മത്സ്യബന്ധനമേഖലയില്‍ മുതല്‍ക്കൂട്ടാകുന്ന നാവിക് രാജ്യത്തിന്റെ സ്വകാര്യത സംരക്ഷിക്കുമെന്നും കണക്കാക്കുന്നു. മീന്‍പിടുത്തക്കാര്‍ക്ക് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കാനും അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയെകുറിച്ച് അറിയിപ്പ് നല്‍കാനും വന്‍ തിരമാലകളെകുറിച്ചും മത്സ്യ സമ്പത്തുള്ള പ്രദേശത്തെക്കുറിച്ചും അറിവ് നല്‍കാനും നാവിക് സഹായിക്കും. ചരക്കുകപ്പലുകള്‍ക്ക് ദിശാ നിര്‍ണയത്തിനും അപകടങ്ങളില്‍ സഹായത്തിനും നിരത്തുകളില്‍ ഗതി നിര്‍ണയത്തിന് വാഹനങ്ങളിലും ഉപയോഗിക്കാനാവും. സൈന്യത്തനും സുരക്ഷാ ഏജന്‍സികള്‍ക്കുമാണ് നാവിക് ഏറ്റവും നേട്ടമുണ്ടാക്കുക. ഏഷ്യന്‍ മേഖലയും പ്രത്യേകിച്ച് 1500 കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം ലക്ഷ്യം വച്ചാണ് നാവിക് നിര്‍മിച്ചത്. 2013ലാണ് നാവിക് ശ്രേണിയിലേക്ക് ഇന്ത്യ ഉപഗ്രഹങ്ങള്‍ അയച്ചു തുടങ്ങിയത്. ഐ.ആര്‍.എന്‍.എസ്.എസ്-1 എ, 1 ബി, 1 സി, 1 ഡി, 1 ഇ, 1 എഫ്, 1 ജി എന്നിവയാണ് നാവിക് ശ്രേണി. 2013 ജൂലൈ 13ന് തുടങ്ങി, 2014 ഏപ്രില്‍, ഒക്ടോബര്‍, 2015 മാര്‍ച്ച്, 2016 ജനുവരി, മാര്‍ച്ച്, ഏപ്രില്‍ എന്നിങ്ങനെയാണ് ഇവ ബഹിരാകാശത്തെത്തിച്ചത്.  പത്തുവര്‍ഷമാണ് ഈ ഉപഗ്രഹങ്ങളുടെ കാലാവധിയെന്നിരിക്കേ ഈ ശ്രേണിയില്‍ ആദ്യമയച്ച ഉപഗ്രഹം അ്രതിന്റെ പകുതി ആയുസ് പിന്നിട്ടു കഴിഞ്ഞെന്ന വസ്തുത ഗൗരവതരമാണ്.

സി.എ.ജിയുടെ കുറ്റപത്രം

ഐ.എസ്.ആര്‍.ഒ.യുടെ ഭാഗത്തുനിന്ന് കുറ്റകരമായ അശ്രദ്ധയാണ് നാവിക് പ്രയോഗത്തില്‍ വരുന്നത് നീണ്ടുപോകാന്‍ കാരണമെന്നാണ് സി.എ.ജി റിപ്പോര്‍ട്ട്്. 2011 ഡിസംബറോടുകൂടി പ്രവര്‍ത്തനക്ഷമമാകുമെന്ന ഐ.എസ്.ആര്‍.ഒയുടെ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ 2006 മെയിലാണ് ഈ ബൃഹദ് പദ്ധതിക്ക് അന്നത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയത്. നല്‍കിയ തുകയുടെ 90 ശതമാനവും ഉപയോഗിച്ചിട്ടും പദ്ധതി പ്രഖ്യാപിത വര്‍ഷത്തിലോ ആറു വര്‍ഷത്തിനുശേഷമോ ഫലപ്രാപ്തിയിലെത്താത്തത് ബഹിരാകാശ ഏജന്‍സിയുടെ വീഴ്ചയായാണ് സി.എ.ജി വിലയിരുത്തിയത്. പദ്ധതി പ്രഖ്യാപിച്ച് രണ്ടു വര്‍ഷത്തിനും ഒന്‍പത് വര്‍ഷത്തിനുമിടയില്‍ നല്‍കിയ 45 കോണ്‍ട്രാക്ടുകളാണ് പദ്ധതി മന്ദഗതിയിലാകാന്‍ കാരണമെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു.

ഇന്ത്യ അഞ്ചാമത്തെ രാഷ്ട്രം

ഗതിസൂചക സംവിധാനം സ്വന്തമായി വികസിപ്പിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമാകാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. അമേരിക്കയുടെ നാവസ്റ്റാര്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റമാണ് (ജി.പി.എസ്) ഈ മേഖലയില്‍ സാധാരണയായി അറിയപ്പെടുന്നത്. 1978 മുതല്‍ അമേരിക്ക ഇത് ഉപയോഗിച്ചുവരുന്നു എന്നറിയുമ്പോള്‍ ഇന്ത്യ എത്രമാത്രം പിന്നിലാണെന്ന് മനസിലാക്കാം. 32 ഉപഗ്രഹങ്ങളടങ്ങിയ ശ്രേണിയാണിത്. 1995ല്‍ ആരംഭിച്ച റഷ്യയുടെ ഗ്ലോനസ്സും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ജി.പി.എസ് സംവിധാനമാണ്.
യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങള്‍ അവര്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഗലീലിയോ എന്ന സംവിധാനത്തെ ആശ്രയിക്കുന്നു. 30 ഉപഗ്രഹങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 2014 മുതല്‍ അവര്‍ ഇത് ഉപയോഗിക്കുന്നുണ്ടെങ്കിലും 2020ഓടെ മാത്രമേ പൂര്‍ണ സജ്ജമാകൂ. ഇന്ത്യയുടെ വൈരികളായ ചൈനയ്ക്കും സ്വന്തമായി ഗതിസൂചക സംവിധാനമുണ്ട്. ബീദൂ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. 30 ഉപഗ്രഹങ്ങളടങ്ങിയ ഈ സംവിധാനം ഇപ്പോള്‍ പ്രാദേശികമായാണ് ഉപയോഗത്തിലുള്ളതെങ്കിലും 2020ഓടെ ആഗോളതലത്തില്‍ ഉപയോഗത്തില്‍ വരുത്താനുള്ള ശ്രമത്തിലാണവര്‍.
മേല്‍ പറഞ്ഞവയെല്ലാം ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തില്‍ (ജി.എന്‍.എസ്.എസ്) പെടുന്നവയാണ് അതേസമയം റീജിയണല്‍ സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം (ആര്‍.എസ്.എന്‍.എസ്) ചൈനയും ജപ്പാനും ഉപയോഗിക്കുന്നു, ഭാവിയില്‍ ഇന്ത്യയും ഈ മേഖലയിലേക്കാണ് കാലൂന്നുക.
ചൈനയുടെ ബീദു-1 ഏഷ്യാ-പസഫിക് മേഖലകളെയാണ് കവര്‍ ചെയ്യുന്നത്. 2012 ഡിസംബര്‍ മുതല്‍ ഇത് പ്രചാരത്തിലുണ്ട്. ജപ്പാന്റെ ക്വിസ്സ് (ക്യു.സെഡ്.എസ്.എസ്) മൂന്നു ഉപഗ്രഹങ്ങളുടെ കൂട്ടമാണ്. 2010ലാണ് ജപ്പാന്‍ ഇതിന്റെ ഉപയോഗം തുടങ്ങിയത്.










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ